എന്നിട്ടും അവളുടെ ചോദ്യത്തിന് എന്തു മറുപടിയായിരിക്കാം അവൻ നൽകുക എന്നറിയാൻ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്ന അവളെ നോക്കി………

Story written by Pratheesh

ന്റെ രോഹി….., നിയെന്തിനാ ഇത്രയധികം മീനെല്ലാം ഒന്നിച്ചു വാങ്ങുന്നത് ?

മിനിഞ്ഞാന് നീ കൊണ്ടു വന്ന മീനിൽ പകുതിയും അപ്പുറത്തെ ശാരദക്കും മീനാക്ഷിക്കും കൂടി കൊടുത്താ തീർത്തത്. ദേ പിന്നേം ഇന്നു അത്രക്കത്ര മീനും വാങ്ങി കൊണ്ടു വന്നിരിക്കുന്നു, നിനക്കിതെന്തിന്റെ സൂക്കേടാഡാ…?

അമ്മയുടെ ആ ചോദ്യങ്ങൾക്കൊന്നും പക്ഷേ രോഹിൺ മറുപടി പറഞ്ഞില്ല,

മീൻ കവർ അമ്മയേ ഏൽപ്പിച്ചവൻ തിരിഞ്ഞതു ഭാര്യ പ്രണവ്യയുടെ മുഖത്തേക്കായിരുന്നു,

അമ്മ ചോദിച്ച അതെ ചോദ്യങ്ങൾ തന്നെയാണ് രോഹിണിന് പ്രണവ്യയുടെ മുഖത്തും കാണാൻ കഴിഞ്ഞത്,

രോഹിണിനെ കണ്ടതും അവൾ പറഞ്ഞു, പൈസ അധികമുണ്ടെങ്കിൽ എന്റെ കൈയ്യിൽ തന്നേക്ക് ഞാൻ സൂക്ഷിച്ചോള്ളാം,

അവളുടെ ആ വാക്കുകളിൽ കുറ്റപ്പെടുത്തലും ഉപദേശവും ഒന്നിച്ചുണ്ടായിരുന്നു,

എന്നിട്ടും അവളുടെ ചോദ്യത്തിന് എന്തു മറുപടിയായിരിക്കാം അവൻ നൽകുക എന്നറിയാൻ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്ന അവളെ നോക്കി അവൻ പറഞ്ഞു,

നിനക്കു തരാൻ സ്നേഹം മാത്രമേ എന്റെ കൈയ്യിലുള്ളൂയെന്ന് !

അതു കേട്ടതും അവളുടെ മുഖത്തു ഉരുണ്ടു കൂടി വന്ന ഭാവങ്ങളിൽ നിന്ന് അവൾക്കവനെ തല്ലി കൊ ല്ലാനുള്ള ദേഷ്യമാണ് ഉള്ളിൽ നുരഞ്ഞു പൊന്തി കൊണ്ടിരിക്കുന്നതെന്ന് അവനു മനസിലായി,

എന്നിട്ടും അപ്പോൾ അവളൊന്നും പറഞ്ഞില്ല,

“ഒന്നു മാറി നിന്നേ !” എന്നു പറഞ്ഞു അവനെ തള്ളി മാറ്റിയവൾ അടുക്കളയിലേക്ക് കടന്നു പോയി,

അപ്പോഴും അവനു കേൾക്കാം അടുക്കളയിൽ എത്തിയ അവളോട്” നിനക്കെങ്കിലും അവനോടൊന്ന് പറഞ്ഞൂടെ ?” എന്നമ്മ പറയുന്നത്

ആ സമയം, “മീൻ വാങ്ങുമ്പോൾ മാത്രേ ഈ ധാരാളിത്വമുള്ളൂ വേറെ എന്തിനെങ്കിലും പൈസ ചോദിച്ചാൽ ആ മുഖവും അപ്പോന്നു കാണണം കൂടെ എല്ലാറ്റിന്റെയും കാരണവും അപ്പോൾ തന്നെ അറിയുകയും വേണം.” എന്ന അവളുടെ മറുപടിയും അവനെയൊന്നു ചിരിപ്പിക്കുന്നു,

സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും സത്യത്തിൽ മീൻ വാങ്ങി കൊണ്ടു വന്നതൊന്നുമല്ല അവളുടെ പ്രശ്നം,

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രണവ്യ അവളുടെ ഉള്ളിൽ ഒരു ചോദ്യം കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് പക്ഷേ ആ ചോദ്യം അവനോടു ചോദിക്കുന്നതിൽ നിന്ന് അവളുടെ മനസ്സു തന്നെയാണ് അവളെ വിലക്കുന്നതും,

ചോദിക്കണമെന്ന് ആഗ്രഹമുണ്ടായിട്ടും അവളാ ചോദ്യം ചോദിക്കാത്തത് അവളെ പോലെ അതിനുത്തരം തരാൻ അവനും കഴിയുമോ ഇല്ലയോ എന്ന സംശയമാണ് !

എന്നാലതിന്റെ മറ്റൊരു വശം എന്താണെന്നു വെച്ചാൽ അവളിലെ ആ സംശയം അവൻ എന്നോ അവളുടെ കണ്ണുകളിൽ നിന്നു തന്നെ വായിച്ചെടുത്തിരുന്നു എന്നതാണ് !

ഏതൊരു സാധാരണ ഭാര്യക്കും ഭർത്താവിനും തമ്മിൽ ഉണ്ടാവാൻ ഇടയുള്ള സ്നേഹവും താൽപ്പര്യവും അവർക്കിടയിലും ഉണ്ടാവുന്നുണ്ടെങ്കിലും,

അതിലൊക്കെ അപ്പുറം അതിൽ കവിഞ്ഞ് കുറച്ചധികം ഇഷ്ടവും, സ്നേഹവും, പരിഗണനയും അവന് അവളോടുണ്ടോ ? രോഹിണിന്റെ ഉള്ളിൽ പ്രണവ്യയോടുള്ള ഇഷ്ടം അത് ഉള്ളിൽ തട്ടിയ സ്നേഹം തന്നെയാണോ ? അളവിലും അധികമായ് താൻ ഭർത്താവിനാൽ സ്നേഹിക്കപ്പെടുന്നുണ്ടോ ?

എന്നീ കാര്യങ്ങളെല്ലാം അടങ്ങിയ അവളുടെ ആ ചോദ്യത്തിനും സംശയത്തിനും പക്ഷേ അവളെ വിശ്വസിപ്പിക്കാൻ കഴിയും വിധം ഉചിതമായൊരു ഉത്തരം നൽകാൻ അവനും അറിയില്ലായിരുന്നു എന്നതു കൊണ്ട് അതിനെ കുറിച്ച് അവനും ഒന്നും അറിഞ്ഞതായി ഭാവിച്ചില്ല എന്നു മാത്രം,

അതിനിടയിലൊരു ദിവസം അവനും അവളും കൂടി അവളുടെ കൂട്ടുകാരിയുടെ കല്യാണത്തിനു പോകാൻ വേണ്ടി ഒരു സാരി എടുക്കാൻ പോയി,

ഒരോ കടയിൽ കയറി നോക്കുമ്പോഴും ഇതിനേക്കാൾ നല്ല സെലക്ഷൻ അടുത്ത കടയിലുണ്ടാവുമെന്നു പറഞ്ഞു പറഞ്ഞു അവനെയും കൊണ്ട് അവൾ ആ ടൗണിലുള്ള മിക്ക കടകളിലും കയറി ഇറങ്ങിയ ശേഷം മിക്കവരിലും സംഭവിക്കാറുള്ള പോലെ പിന്നെയും അവർ ആദ്യ പോയ അതെ കടയിൽ തന്നെ തിരിച്ചെത്തി,

അവിടെയും മറ്റൊരു പ്രശ്നമുണ്ടായിരുന്നു രണ്ടായിരം രൂപയായിരുന്നു അവളുടെ ബഡ്ജറ്റ് അതു പ്രകാരം രണ്ടു സാരി അവൾ സെലക്ക്റ്റ് ചെയ്തു അതിലൊന്നിന് ആയിരത്തി എണ്ണൂറു രൂപയും മറ്റൊന്നിന് രണ്ടായിരത്തി നാനൂറു രൂപയു മായിരുന്നു വില അവൾക്കതിൽ രണ്ടായിരത്തി നാനൂറു രൂപയുടെ സാരിയായിരുന്നു കൂടുതൽ ഇഷ്ടമായത് പക്ഷെ ആഗ്രഹിച്ച ബഡ്ജറ്റിൽ ഒതുങ്ങില്ലെന്നു കണ്ട് അവൾ ആയിരത്തി എണ്ണൂറു രൂപയുടെ സാരി തന്നെ മതിയെന്നു തീരുമാനിച്ചു,

എന്നാലവളുടെ കണ്ണും മനസ്സും വില കൂടിയ ആ സാരിയിൽ തന്നെയായിരുന്നു, അതു മനസിലാക്കിയ രോഹിൺ ആ വില കൂടിയ സാരി തന്നെ അവൾക്കായി എടുത്തു കൊടുത്തു കൊണ്ടു അവളോടു പറഞ്ഞു,

മനസിൽ ഇഷ്ടമുണ്ടായിരുന്നിട്ടും ചെറിയ കുറവുകൾ കൊണ്ട്ന ഷ്ടപ്പെടുത്തുന്നത് എന്തു തന്നെ ആയാലും അതൊരു കരടായി തന്നെ മനസിൽ അവശേഷിക്കും ! ” ചില ഇഷ്ടങ്ങൾക്ക് നാനൂറു രൂപ അധികമൊന്നുമല്ലാ”

അതു കേട്ടതോടെ അവൾക്കും വളരെ സന്തോഷമായി !

അങ്ങിനെ ആഗ്രഹിച്ച സാരി ലഭിച്ച സന്തോഷത്തിൽ അവനോടൊപ്പം മടങ്ങി വരവേ രോഹിൺ സാധാരണ മീൻ വാങ്ങാറുള്ള ആളുടെ അടുത്തെത്തിയതും വണ്ടി നിർത്തി അയാളുടെ അടുത്തേക്ക് ചെന്നു അതു കണ്ടപ്പോൾ അവൾക്കു മനസിലായി അന്നും മീൻ വാങ്ങാനുള്ള പരിപാടിയാണെന്ന് എന്നാലയാളുടെ മീൻ തട്ടിലേക്കു നോക്കിയതും തട്ടിൽ ആകെ ഒന്നോ ഒന്നരയോ കിലോയേ മീനുള്ളു എന്നത് അവൾക്കു കുറച്ചാശ്വാസം നൽകി,

അയാൾക്കരികിലേക്ക് ചെന്ന അവൻ ആ തട്ടിലെ മൊത്തം മീനും ഒന്നായി തൂക്കാൻ ആവശ്യപ്പെട്ട് അതിന്റെ പണം കൊടുത്ത് അതൊരു കവറിലാക്കി വെക്കാൻ പറഞ്ഞു കൊണ്ട് അവളുടെ അടുത്തേക്ക് വന്ന് റോഡിന്റെ എതിർവശം ചൂണ്ടി കാട്ടി നമുക്കവിടുന്നൊരു ചായ കുടിക്കാം എന്നു പറഞ്ഞു കൊണ്ട് അവളെയും കൊണ്ട് അങ്ങോട്ടു നടന്നു,

ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴും അവളുടെ നോട്ടം ആ മീൻക്കാരനിലേക്കു തന്നെയായിരുന്നു, അവശേഷിച്ച മീൻ മുഴുവനായി രോഹിൺ വാങ്ങിയതോടെ തട്ടു വൃത്തിയാക്കുന്ന തിരക്കിലായി അയാൾ,

അവളുടെ നോട്ടം ശ്രദ്ധയിൽപ്പെട്ട അവൻ അവളോടു പറഞ്ഞു,

കോളേജിൽ എന്റെ കൂടെ ഒരു സക്കീർ പഠിച്ചിട്ടുണ്ടായിരുന്നു ആ കാലത്ത് കൈയ്യിൽ ഉള്ളതിനും ഇല്ലായ്മകൾക്കും ഒക്കെ എന്നും അവനായിരുന്നു കൂട്ട് ! ഒരു കോളേജ് വെക്കേഷൻ സമയത്ത് ഒരു ലോറിയിൽ കിളിയായി പണിക്കു പോയ അവൻ വയനാട്ടിൽ എവിടയോ വെച്ച് ആ ലോറി മറിഞ്ഞ് മരിച്ചു !

ആ സക്കീറിന്റെ ഉപ്പയാണത് !!

അവർക്കു വേണ്ടി എനിക്കിപ്പോൾ ചെയ്യാൻ കഴിയുന്നൊരു സഹായം ഇതു മാത്രമാണ് !

അതു കേട്ടതും അതുവരെയും എന്തോക്കയോ ചോദിക്കണമെന്നു കരുതിയിരുന്നു അവളുടെ നാവ് ഉള്ളിലേക്കു തന്നെ ഇറങ്ങി പോയി,

ശേഷം മീൻ കവറുമായി വീട്ടിലെത്തിയതും അതു കണ്ട് അമ്മ അവളോടു ചോദിച്ചു, അവന്റെ കൂടെ പോയി അവന്റെ മീൻഭ്രാന്ത് നിനക്കും കിട്ടിയോന്ന് ? എന്നാലവളതിനു മറുപടി പറയാതെ കവർ അമ്മയെ ഏൽപ്പിച്ച് വേഗമവൾ മുറിയിൽ അവന്റെ അടുത്തെത്തി,

തുടർന്നവനെ ചേർത്തു കെട്ടി പിടിച്ചു കൊണ്ട് അവൾ അവന്റെ ചെവിയിൽ പറഞ്ഞു,

കഴിഞ്ഞ കുറച്ചു കാലമായി എന്റെ ഉള്ളിൽ ഒരു ചോദ്യമുണ്ടായിരുന്നു നിങ്ങളോട് ഒന്നും പറയാതെയും ചോദിക്കാതെയും തന്നെ ഇന്ന് ആ ചോദ്യത്തിനുള്ള ഉത്തരം എനിക്കു കിട്ടി !

അതു കേട്ട് അവനും ഒന്നു പുഞ്ചിരിച്ചു !!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *