എന്നിട്ടും ചങ്ങായിമാർ വിട്ടില്ല നാല് അലാറം രാത്രി പതിനൊന്ന് മണി ഒപ്പിച്ചു അലമാരയിൽ വെച്ച് പൂട്ടി താക്കോലുമായി അവർ മുങി……

എഴുത്ത്:-സൽമാൻ സാലി

” ഇക്കാ ഞമ്മക്ക് ഇറങ്ങിയാലോ …?

” നിക്കെടി ഞാനൊന്ന് ബാത്‌റൂമിൽ പോയിട്ട് വരാം ..!!!

കല്യാണം കഴിഞ്ഞു ആദ്യമായിട്ട് ഓളെ വീട്ടിൽ വിരുന്ന് പോവാണ് .. എല്ലാ കല്യാണവും പോലെ പുതിയാപ്പിള ചെക്കൻ കോട്ടും സൂട്ടും ഇട്ട് പെണ്ണിന്റെ വീട്ടിൽ പോയി പെണ്ണിനേം വിളിച്ചു കൊണ്ടുവരുമ്പോലെ ആയിരുന്നില്ല ന്റെ കല്യാണം ..

ഞാൻ പെണ്ണിന്റെ വീട്ടിലേക്ക് ആദ്യമായിട്ട് പോകുന്നത് വിരുന്നിനാണ് …

നിക്കാഹ് കഴിഞ്ഞു വൈകുന്നേരം പെങ്ങൻമാരും കുറച്ചു പേരും പോയി പെണ്ണിനെ കൂട്ടി വീട്ടിലേക്ക് വന്നതോടെ ന്റെ കല്യാണം കഴിഞ്ഞു ..

കോട്ടും സൂട്ടും ഇട്ട് പോകാൻ പൂതി ഇല്ലാഞ്ഞിട്ടല്ല മുൻപ് കൂട്ടുകാരോടൊപ്പം അവരുടെ കല്യാണത്തിന് കൊടുത്ത പണികൾ എല്ലാം തിരിച്ചു കിട്ടും എന്നറിഞ്ഞോണ്ട് അവളുടെ ബാപ്പയുമായി ഉണ്ടാക്കിയ അന്തർധാരയായിരുന്നു കല്യാണം ഈ രീതിയിൽ ആക്കിയത് ..

എന്നിട്ടും ചങ്ങായിമാർ വിട്ടില്ല നാല് അലാറം രാത്രി പതിനൊന്ന് മണി ഒപ്പിച്ചു അലമാരയിൽ വെച്ച് പൂട്ടി താക്കോലുമായി അവർ മുങി .. പതിനൊന്ന് മണി ആയപ്പോൾ അലമാരയിൽ അലാറമടിക്കാൻ തുടങ്ങിയിട്ട് അവസാനം അലമാര വാതിൽ പൊളിക്കേണ്ടി വന്നു അതൊന്ന് നിർത്താൻ …

അങ്ങിനെ പിറ്റേ ദിവസം ഞാനും ഓളും കൂടെ ഓൾടെ വീട്ടിലേക്ക് പുറപ്പെട്ടു ..

” ഇക്കാ അതേയ് .. ന്റെ കസിൻസ് ആയതോണ്ട് പറയുവല്ല ചിലപ്പോൾ നിങ്ങക്ക് അവര് പാവക്ക ജൂസോ പച്ചമുളക് ജ്യൂസോ തരും .. ഒറ്റവലിക്ക് അത് കുടിച്ചു ഇങ്ങള് ന്റെ മാനം കാക്കണം ..

പോകുന്ന വഴിക്ക് നിഷ്ക്കളങ്കമായ ഓൾടെ സംസാരം കേട്ടപ്പോൾ ഓൾടെ വക പണി വരുന്നുണ്ടെന്ന് മനസിലായി ..

പക്ഷെ കെട്ടിയ പെണ്ണിന്റെ മുന്നിൽ ആണത്തം കാണിക്കാൻ കിട്ടിയ അവസര മല്ലെ പാവക്ക ജ്യൂസെങ്കിൽ പാവക്ക ജ്യൂസ് എന്നും കരുതി ഞാനും വണ്ടി വിട്ടു ….

ഓൾടെ വീട്ടില് കേറി ചെല്ലുമ്പോൾ ഉമ്മറത്ത് തന്നെ ഒരു സമ്മേളനത്തിനുള്ള ആളുണ്ട് ഞാൻ വണ്ടിയിൽ നിഞ്ഞിറങ്ങളും ” കാടൻ വരുന്നെ വേടൻ വരുന്നെ വേടനും കൂട്ടരുണ്ടെ എന്ന പാട്ടാണ് കേൾക്കുന്നത് .. പാട്ട് കേട്ട സൈഡിലേക്ക് നോക്കിയപ്പോ ഓളെ ഏതോ കുരിപ്പ് കസിന്റെ മൊബൈൽ റിങ് ചെയ്തതാ .. ഒരു നിമിഷം ഞാൻ കരുതി എന്നെ സ്വീകരിക്കാനുള്ള പാട്ട് ആണെന്ന് …

ഒരു എൺപത് തൊണ്ണൂറു ഡിഗ്രിയിൽ മുഖത്തു ചിരി ഫിറ്റാക്കി വീട്ടിലേക്ക് കേറി ചെന്നു …

ഷാഹിയുടെ വീട്ടുകാരോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോളാണ് ഒരു ബലാല് ചെക്കൻ ചിരിച്ചോണ്ട് വരുന്നത് .. അവൻ വന്നു എന്നെ ഒന്ന് അടിമുടി നോക്കി ..

” ഇങ്ങള് കറുത്തത് ഇത്താത്ത വെളുത്തത് എന്നും പറഞ്ഞു അവൻന്റ് തുടയിലും കയ്യിലുമൊക്കെ നുള്ളാൻ തുടങ്ങി .. എനിക്കാണേൽ ആരെങ്കിലും തല്ലിയാൽ ഞാൻ ക്ഷമിക്കും പക്ഷെ നുള്ളിയാൽ ഞാൻ ക്ഷമിക്കൂല .. അതിനൊപ്പം അവൻ എല്ലാരുടേം മുന്നിലിട്ട് എന്നെ കറുപ്പനാക്കിയത് എനിക്ക് തീരെ സഹിചില്ല ആരും കാണാതെ അവന്റെ വിരൽ പിടിച്ചു ഒന്ന് ഞെക്കി വിട്ടപ്പോൾ ചെക്കൻ കരഞ്ഞോണ്ട് അകത്തേക്ക് കേറിപോയി ..

അപ്പോഴാണ് അവളുടെ കസിന്സിൽ ഒരുത്തൻ പായസവുമായി വരുന്നത് .. ഓൾടെ വാക്ക് മനസ്സിൽ ഉള്ളതോണ്ട് തന്നെ എന്തെങ്കിലും പണിയാകും എന്ന് കരുതി ഞാൻ പായസം ഒറ്റവലിക്ക് മുഴുവൻ വായിലേക്ക് എടുത്തു …

അടുപ്പിൽ നിന്നിറക്കി ആവിപോകുന്ന ചൂടുള്ള പായസം എന്റെ തൊണ്ടക്കുഴി താണ്ടി വൻകുടലും ചെറുകുടലും കരിച്ചുകൊണ്ട്കടന്നു പോകുന്നത് ഞാൻ ശരിക്കും അറിയുന്നുണ്ടായിരുന്നു ..

വാ പൊള്ളി കണ്ണ് നിറഞ്ഞുപോയി നിക്കുമ്പോൾ ഓൾടെ വാപ്പാടെ ഒരു ഡയലോഗ് പുതിയാപ്പിളക്ക് പായസം നല്ലോണം ഇഷ്ടായിന്ന് തോന്നുന്നു ഒരു ഗ്ലാസ് കൂടെ കൊടുക്ക് ന്ന് …

അങ്ങിനെ എല്ലാരുടേം മുന്നിൽ പായസക്കൊതിയനായി നാണം കെട്ട് ഇരിക്കു മ്പോളാണ് ഓൾടെ വാപ്പ ഭക്ഷണം കഴിക്കാൻ വിളിക്കുന്നത് …

ടേബിൾ നിറയെ മന്തി ബീഫ് ചിക്കൻ എന്ന് വേണ്ട പലതരം ഭക്ഷണം നിരത്തി യിട്ടുണ്ട് ..

ആദ്യം തന്നെ നല്ല കുരുമുളകിട്ട് വരട്ടിയ ബീഫും പൊറോട്ടയും പ്ളേറ്റിൽ ഇട്ട് തന്നു അളിയൻ ഉൽഘടനം ചെയ്തു .. പക്ഷെ പൊള്ളി കരിഞ്ഞ കുടലിനുള്ളിലേക്ക് നല്ല എരിവുള്ള ബീഫ് കടന്നുപോകുമ്പോൾ എന്റെ കണ്ണ് നിറഞ്ഞത് ആരും കണ്ടില്ല .. ഒരു വിധം ഭക്ഷണം കഴിച്ചെന്ന് വരുത്തി വീണ്ടും ഉമ്മറത്തിരുന്ന്സം സാരിക്കുമ്പോൾ അടുത്ത പണി വരുന്നത് ..

നല്ല തണുത്ത എന്തേലും കുടിക്കാൻ ആഗ്രഹിചിരിക്കുന്ന എന്റെ മുന്നിലേക്ക് തണുത്ത ജ്യൂസ്ജമായി അവളുടെ കസിൻ വരുന്നത് ..

ഭക്ഷണം കഴിച്ചതിന്റെ എരിവ് പോകാൻ തണുത്ത ജ്യൂസ് ഒറ്റവലിക്ക് ഞാൻ അകത്താക്കി …

” ന്റള്ളോഹ് … വീണ്ടും വൻകുടലിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് കാന്താരി ജ്യൂസ് വയറ്റിലേക്ക് കടന്നു പോയി …

അങ്ങിനെ അവളുടെ വീട്ടിലെ ആദ്യ വിരുന്ന് മറക്കാനാവാത്ത അനുഭവമായി ഇന്നും എന്റെ ഉള്ളിൽ പുകഞ്ഞു കൊണ്ടിരിക്കുന്നു …

Related Posts

Leave a Reply

Your email address will not be published. Required fields are marked *