ബാലാമണി പോയതിൽപ്പിന്നെ ഒന്നിനും ഒരു രസവുമില്ല. നാലുവർഷം മുമ്പുവരെ ബാല കാണിക്കുന്ന ഉത്സാഹം കാണുമ്പോഴാണ്…..

വീണ്ടുമൊരവധിക്കാലം

എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി.

അവൾ വന്നാൽ എപ്പോഴും അങ്ങനെയാണ്. തന്റെ പ്രായം പത്ത് പതിനഞ്ച് വ൪ഷം കുറച്ചുകളയും.

അച്ഛാ, യു ലുക്ക് ഓൾഡ്..

അവൾ വന്ന ഉടനെ പറയും.

ഒരു സ്വതസിദ്ധമായ ചിരിയിൽ മറുപടി ഒതുക്കുമ്പോൾ കെ കെ കുറുപ്പ് എന്ന കെ കൃഷ്ണക്കുറുപ്പ് തന്റെ പഴയ ‌ചെറുപ്പം തിരിച്ചുപിടിക്കാൻ സമയമായി എന്ന് ഉള്ളിൽ തിരിച്ചറിയും. ഇനിയഥവാ വയ്യ എന്ന് വെച്ചാലും ശ്രീമോൾ വിടില്ല. തലയിൽ ഡൈ ചെയ്ത്, മീശയും താടിയും ക്ലീൻഷേവ് ചെയ്ത് അവൾ ഫിലാഡെൽഫിയയിൽ നിന്നും കൊണ്ടുവന്ന വസ്ത്രങ്ങളുമിടുവിച്ച് തന്നെയും കൂട്ടി പുറത്ത് കറങ്ങാൻ കൊണ്ടുപോകും. വിലകൂടിയ കൂളിങ് ഗ്ലാസും വെച്ച് പാന്റും ടീഷ൪ട്ടുമിട്ട് വാക്കിങ് സ്റ്റിക്കുമായി ഒരു അമേരിക്കൻ വൃദ്ധനായി താനങ്ങനെ അവളുടെ ഒപ്പം നടക്കും.

ബാലാമണി പോയതിൽപ്പിന്നെ ഒന്നിനും ഒരു രസവുമില്ല. നാലുവർഷം മുമ്പുവരെ ബാല കാണിക്കുന്ന ഉത്സാഹം കാണുമ്പോഴാണ് മകൾ വരുന്നവിവരം ഓ൪ത്തു തുടങ്ങുന്നതുതന്നെ. അവൾ വരുന്നതിനുമുന്നേതന്നെ ബാല ഭരണിയിൽ ഉപ്പുമാങ്ങ, മാങ്ങ അച്ചാ൪, നെല്ലിക്ക അച്ചാർ, ഒക്കെ ഒരുക്കും. അച്ചപ്പം, കുഴലപ്പം, നെയ്യപ്പം, മുറുക്ക്, പഴം നുറുക്ക് എന്നിങ്ങനെ വേറെയും.

എല്ലാം ടേസ്റ്റ് നോക്കാൻ തന്നെ വിളിച്ചുകൊണ്ടിരിക്കും. അവളുടെ മുട്ടുവേദനയും തള൪ച്ചയുമൊന്നും പിന്നെ കണികാണാൻ കിട്ടില്ല. ഇപ്പോൾ അതൊക്കെ ഓ൪ക്കാൻ തന്നെ രസം. തനിച്ചായിപ്പോയി എന്ന് തോന്നാറില്ല അവളുടെ ഓ൪മ്മകൾക്ക് മുന്നിൽ. എന്ത് ഓജസ്സായിരുന്നു .. വീടും തൊടിയും നിറഞ്ഞ് നടക്കും. ഇടയ്ക്കിടെ വിളിക്കും:

ദേ, ഇങ്ങോട്ടൊന്നുവന്നേ…

ദേ, ഇതൊന്ന് നോക്കിയേ…

ദേ.. ഇത് കൊള്ളാമോ..

അവളുടെ ശ്വാസനിശ്വാസങ്ങൾ മാറിൽവീഴാതെ ഉറങ്ങിയിട്ടില്ല നീണ്ട മുപ്പത്തഞ്ച് വ൪ഷങ്ങൾ…

അച്ഛാ, അമ്മാ, നിങ്ങൾ എന്ത് ലക്കിയാണെന്നറിയോ.. ഒരിക്കലും പിരിഞ്ഞിരിക്കാതെ എപ്പോഴും കൂടെയുണ്ടായിരിക്കാൻ എന്ത് പുണ്യം ചെയ്യണമെന്നറിയോ..

ബാലയുടെ കണ്ണിൽ തെളിയുന്ന തിളക്കമാണ് തന്റെ ആഹ്ലാദം. അവളുടെ മന്ദസ്മിതമായിരുന്നു തന്റെ ലഹരി. മകൾക്കും മകളുടെ കുട്ടികൾക്കും വസ്ത്രങ്ങൾ വാങ്ങിവെക്കുക, ശ്രീമോളുടെ ഭ൪ത്താവിന് ചേരുന്ന വസ്ത്രങ്ങൾ താൻ വാങ്ങിയാൽ ശരിയാവില്ലെന്ന് പരിതപിക്കുക, എന്നിട്ടും ചിലതെല്ലാം വാങ്ങിവെക്കുക,‌ അതൊക്കെ വിനയ് ധരിച്ചുവരുമ്പോൾ ശ്രീമോളോടൊപ്പം ആസ്വദിക്കുക, തന്നെ വിളിച്ച് കാണിക്കുക എന്നിങ്ങനെ അവളുടെ സന്തോഷങ്ങളൊക്കെ തന്നെയായിരുന്നു എന്നും തന്റേയും സന്തോഷങ്ങൾ.

ആകെ പരിഭവിച്ചിരുന്നത് വിനയനൊപ്പം വല്ലപ്പോഴും മ ദ്യപിക്കുമ്പോൾ മാത്രമാണ്. താൻ അത് പതിവില്ലാത്തതാണ് എന്നും ഒരു സ്മാൾ സിപ് ചെയ്ത് അവന് കമ്പനി കൊടുക്കാനാണ് ആ ഇരിപ്പെന്നും ബാലയ്ക്കറിയാം. പക്ഷേ അന്നൊരു കൊച്ചു പിണക്കം മുഖത്ത് ഒട്ടിച്ചുവെക്കും അവൾ. പണ്ട് അവളുടെ അച്ഛനൊപ്പം ചിയേ൪സ് പറഞ്ഞദിവസമാണ് അവളാദ്യമായി പിണങ്ങിയതും.

പക്ഷേ ഞൊടിയിടകൊണ്ട് അവളെ പൊട്ടിച്ചിരിപ്പിക്കാനുള്ള വിദ്യ അറിയാവുന്നതു കൊണ്ട് താനതൊക്കെ നിഷ്പ്രയാസം മറികടക്കും.

നീ വിചാരിക്കുന്നതുപോലെയൊന്നുമല്ല.. വിനയന് അവിടെ എന്തൊക്കെ സമ്മ൪ദ്ദങ്ങൾ കാണും.. അതൊക്കെ എന്നോട് ഷെയ൪ ചെയ്യാനാഗ്രഹിച്ചല്ലേ അവൻ കഴിക്കുന്നോ അച്ഛാ എന്ന് ചോദിക്കുന്നത്? അപ്പോഴൊരു കമ്പനി കൊടുത്താലല്ലേ മനസ്സിലെ വിഷമങ്ങളൊക്കെ അവനൊന്നിറക്കിവെച്ച് റിലാക്സാകാൻ പറ്റൂ..

അത് കേൾക്കുമ്പോൾ ബാലയുടെ പരിഭവമൊക്കെ ഓടിയൊളിക്കും.

ആണോ? എന്തുപറഞ്ഞു വിനയ്? അവനോട് പറയ് ആ ജോലിയൊക്കെ വിട്ട് നാട്ടിൽവന്ന് സെറ്റിൽ ചെയ്യാൻ.. നമുക്ക് കുഞ്ചുവിനെയും ഉണ്ണിയേയും എപ്പോഴും കണ്ടുകൊണ്ടിരിക്കാമല്ലോ.. നിങ്ങൾ പറഞ്ഞാൽ അവൻ കേൾക്കും..

അത് ശരിയല്ലല്ലോ… നമ്മുടെ സന്തോഷത്തിനുവേണ്ടി അവരുടെ ഭാവി നശിപ്പിക്കണോ.. അവർ നാട്ടിൽ വരാൻ തീരുമാനിക്കേണ്ടത് അവ൪ക്ക് തോന്നുമ്പോഴല്ലേ.. അല്ലാതെ ഒരിക്കലും നമ്മൾ പറഞ്ഞിട്ടായിരിക്കരുത്..

വിഷുദിനം എല്ലാവരും ഉത്സാഹത്തിലായിരിക്കും. തലേന്ന് മുതൽ ആഘോഷങ്ങൾ പൊടിപൊടിക്കും. രാവിലെ ഉണരുന്നതും കണികാണുന്നതും വിഷുക്കൈനീട്ടം കൊടുക്കുന്നതും വിഷുക്കോടി ധരിക്കുന്നതും സദ്യ കഴിക്കുന്നതും ഉച്ചകഴിഞ്ഞ് അവ൪ വിനയന്റെ വീട്ടിലേക്ക് പോകുന്നതും ഒക്കെ ഓ൪ത്തിരിക്കെ കൃഷ്ണക്കുറുപ്പിന്റെ കണ്ണിൽ നീ൪പൊടിഞ്ഞു.

നാല് വർഷമായി ശ്രീമോൾ വിനയന്റെ വീട്ടിലേക്കാണ് വരിക. വിഷു കഴിഞ്ഞ് ഉച്ചയ്ക്കേ ഇങ്ങോട്ട് വരാറുള്ളൂ. ഇവിടെയാരാ സദ്യയൊരുക്കാനും മറ്റും. താൻ തന്നെയാണ് അങ്ങനെ പറഞ്ഞ് നി൪ബ്ബന്ധിച്ചതും. പിന്നീട് കുറച്ചുദിവസം ഇവിടെ കാണുമല്ലോ..

ഹലോ കെ കെ.. ദിവാസ്വപ്നം കാണുകയാണോ?

ഇതെന്താ നേരെയിങ്ങ് പോന്നത്?

അത്.. അച്ഛാ.. ഒരാഴ്ച മുമ്പേ പുറപ്പെടാമെന്ന് വെച്ചു. ഈ പ്രാവശ്യം വിഷു ആകുമ്പോഴേക്കും തിരിച്ചുപോകണം. അവിടെ ചില പരിപാടികളുണ്ട്.

അത് കേട്ടതും നെഞ്ചുവിങ്ങി.

അതുശരി ഈ പ്രാവശ്യം വിഷൂന് നാട്ടിലില്ല അല്ലേ?

മുത്തച്ഛാ, ഞങ്ങളിവിടെ നിന്നോട്ടെ? അച്ഛനും അമ്മയും വേണമെങ്കിൽ പോയ്ക്കോട്ടെ… ഞങ്ങൾ കുറേദിവസം കഴിഞ്ഞേ പോണുള്ളൂ..

കുഞ്ചുവിനെ വാരിയെടുത്ത് മടിയിലിരുത്തി. ഉണ്ണി വന്ന് വാക്കിങ്സ്റ്റിക്കെടുത്ത് പതിവുപോലെ അതും കു ത്തി നടന്നുനോക്കി. രണ്ടുപേരും ഇത്തിരി വളർന്നിട്ടുണ്ട്.

നിങ്ങളുടെ കാര്യങ്ങൾ ചെയ്തുതരാനൊന്നും ഇവിടെ ആരുമില്ലല്ലോ.. പിന്നെ ങ്ങനെയാ..?

ഓ.. അതൊന്നും സാരമില്ലച്ഛാ.. അവരുടെ കാര്യങ്ങൾ നോക്കാൻ അവ൪ക്കറിയാം.

അത് കേട്ടപ്പോൾ സന്തോഷം തോന്നി.

അങ്ങനാണേൽ നിന്നോട്ടെ.. എനിക്കും ഒരു കൂട്ടായല്ലോ..

മനസ്സിൽ തികട്ടിവന്ന സന്തോഷം മറച്ചുവെക്കാതെ താൻ ചിരിച്ചപ്പോൾ ചുമരിലെ ഫോട്ടോയിലിരുന്ന് അവളും ചിരിച്ചുവോ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *