എന്റച്ഛൻ ഏറ്റവും നല്ല മനുഷ്യനാണ് എന്നു പറയുന്ന മക്കൾ ആരെങ്കിലും അമ്മയുടെ ഭർത്താവ് നല്ലവനാണോ എന്നു അന്വേഷിക്കാറുണ്ടോ…..

Story written by Pratheesh

എന്റച്ഛൻ ഏറ്റവും നല്ല മനുഷ്യനാണ് എന്നു പറയുന്ന മക്കൾ ആരെങ്കിലും അമ്മയുടെ ഭർത്താവ് നല്ലവനാണോ എന്നു അന്വേഷിക്കാറുണ്ടോ ?

ജ്ഞാനയേ വളരെയധികം സ്വാധീനിച്ച ഒരു ചോദ്യമായിരുന്നു അത് ! ശരിയാണ് അച്ഛൻ മക്കൾക്ക് നല്ലതായിരിക്കാം എന്നാൽ അമ്മക്ക് തന്റെ ഭർത്താവ് അങ്ങിനെയാവണമെന്നില്ലാല്ലോ ?

ചില ബന്ധങ്ങളിൽ മക്കൾക്ക് ചില കാര്യങ്ങൾ അടുത്തറിയാനാവും എന്നാൽ കൂടുതൽ ബന്ധങ്ങളിലും അതറിയുക അവർ തമ്മിൽ പിരിയാൻ തീരുമാനിക്കുമ്പോൾ മാത്രമായിരിക്കും !

പലരും തങ്ങൾക്കുള്ളിലെ സ്വരച്ചേർച്ചയില്ലായ്മ പുറത്തറിയിക്കാറില്ല, പലപ്പോഴും പുറമേന്നു കാണുന്നവർക്കും സ്വന്തം മക്കൾക്കും അവർ ഏറ്റവും മാതൃകാപരമായ ഭാര്യഭർത്താക്കന്മാരായിരിക്കും എന്നാൽ സത്യം നേരെ മറിച്ചും.

പല ബന്ധങ്ങളിലും പിരിയണമെന്ന് ആഗ്രഹമുണ്ടായിട്ടും മക്കളുടെ ഭാവിയേ കുറിച്ചോർത്തും സ്വന്തം വീട്ടുകാർക്ക് ഉണ്ടായേക്കാവുന്ന മാനസീക വിഷമങ്ങളെ ഒാർത്തും മാത്രം ഒരു മുറിയിൽ രണ്ടപരിചിതരേ പോലെ താമസിക്കുന്നവർ ഇന്നും അനവധിയുണ്ട്,

അതിനോടൊപ്പം അവരിലേക്കുള്ള വഴി അവർ തന്നെ തുറന്നു തരാതെ അതു കണ്ടു പിടിക്കുക എന്നതൊരു പ്രയാസമുള്ള കാര്യം തന്നെയാണ്,

എന്നാൽ ആ അവസ്ഥയുടെ ഭീകരതയേ കുറിച്ചാണ് ജ്ഞാന ആലോചിച്ചത്, ഇന്ന് തൊട്ടതിനും പിടിച്ചതിനുമൊക്കെ ഡിവോഴ്സ് നടക്കുമ്പോൾ അതിനൊന്നും സാധ്യമാവാതെ ജീവിക്കുന്ന ഒരാളുടെ ജീവിതം എത്ര ദു:സഹമായിരിക്കും എന്നതവൾക്ക് ആലോചിക്കാൻ കൂടി സാധിക്കുന്നുണ്ടായിരുന്നില്ല,

യാതൊരു തരത്തിലുമുള്ള സ്നേഹപ്രകടനങ്ങളോ, പരസ്പരമുള്ള പുഞ്ചിരിയോ, ഇഷ്ടത്തോടെയുള്ള ഒരു നോട്ടമോ, ചേർത്തു നിർത്തലോ, ഒരാലിം ഗനമോ, ചുംമ്പനമോ ശാരീരിക ബ ന്ധമോ, തമാശകളോ, ഏതെങ്കിലും തരത്തിലുള്ള പങ്കുവെക്കലുകളോ, ജീവിതത്തേ കുറിച്ചുള്ള സ്വപ്നങ്ങളോ, ആഗ്രഹങ്ങളോ, ഇഷ്ടങ്ങളോ, ഒന്നുമില്ലാതെ ഒന്നോ രണ്ടോ വാക്കിലോ അല്ലെങ്കിൽ മേശപ്പുറത്ത് ഒരാൾ മറ്റൊരാൾ അറിയുന്നതിനു വേണ്ടി എഴുതിവയ്ക്കുന്ന ദിനം തോറുമുള്ള കണക്കുകൾ മാത്രം പരസ്പരം കൈമാറി ഒരു മുറിയിൽ ഒന്നിച്ച് ആർക്കോ വേണ്ടി ജീവിക്കുന്നതിലും വലിയ വിഷമം മറ്റൊന്നില്ലെന്നവൾക്കു തോന്നി,

ആ വഴിയിലൂടെ ചിന്തിച്ചപ്പോൾ ജ്ഞാനക്കൊന്നു മനസിലായി, അത്തരത്തിൽ ജീവിക്കുന്ന ഒരോർത്തരും അവരുടെ മോഹഭംഗങ്ങളും, വിഷമങ്ങളും, പരാതികളും, താൽപ്പര്യങ്ങളുമെല്ലാം അവരുടെ രാവിലെയുള്ള കുളിയോടൊപ്പം കഴുകി കളഞ്ഞ ശേഷമാണ് പല ബെഡ്റൂമിന്റെയും വാതിലുകൾ മറ്റുള്ളവർക്കു മുന്നിലേക്ക് പുഞ്ചിരിച്ച മുഖത്തോടെ തുറക്കപ്പെടുന്നതെന്ന് !

എന്നാൽ അതെല്ലാം മനസിലാക്കിയപ്പോൾ മുതൽ തന്റെ അച്ഛനും അമ്മയും അത്തരത്തിൽ പെട്ടവരാണോ എന്നറിയാൻ അവൾക്കും ഒരാകാംക്ഷ ജനിച്ചു,

എന്നാലത് ചോദിക്കാനുള്ള ധൈര്യം അവൾക്കുണ്ടായില്ല അതിന്റെ കാരണം അവർ അങ്ങിനെ ആവരുത് എന്നാഗ്രഹിക്കുന്നതോടൊപ്പം അങ്ങിനെയാണ് എന്നറിഞ്ഞാൽ ഉണ്ടാകുന്ന വിഷമവും അവൾക്കു താങ്ങാനാവില്ലെന്ന് ജ്ഞാനയുടെ ഉൾഹൃദയം അവളെ ഒാർമ്മിപ്പിച്ചു,

എന്നാലത് ആ കാര്യങ്ങളെ കുറിച്ച് അറിഞ്ഞിട്ടും അതന്വേഷിക്കാതിരിക്കുക എന്നത് അതിലും വലിയ വിഷമമാണ് അവൾക്കുണ്ടാക്കിയത് !

ജ്ഞാന ഈയൊരു ചോദ്യം ആദ്യമായി കേൾക്കുന്നത് ഒരു കോടതി മുറിയിൽ വെച്ചാണ്,

കൂട്ടുകാരി ഭ്രമ്യയുടെ ഡിവോഴ്സ് കേസ്സുമായി ബന്ധപ്പെട്ട് കോടതിയിൽ വന്നതായിരുന്നു അവൾ,

കോടതിയിൽ വെച്ച് ഭ്രമ്യ തന്റെ ഭർത്താവിന്റെ മോശം വശങ്ങളെ മാത്രം ചൂണ്ടി കാണിച്ച് ഡിവോഴ്സ് ആവശ്യപ്പെട്ടപ്പോൾ ഭ്രമ്യയുടെ പത്തു വയസ്സുകാരി മകൾ ധൈഷ്ണികയോട് ജഡ്ജി മോൾക്ക് ആരുടെ കൂടെ പോകാനാണ് ഇഷ്ടമെന്നു ചോദിച്ചപ്പോൾ ആ കുട്ടി ” അച്ഛനോടൊപ്പം ” എന്നു മറുപടി നൽകി !

അതു കേട്ടും ഭ്രമ്യ മകളെ തന്നോടൊപ്പം വിടണമെന്നു പറഞ്ഞപ്പോൾ അതിൽ നിന്നാണ് ജഡ്ജി ഇതേ പ്രശ്നങ്ങൾ നിങ്ങളുടെ അച്ഛന്റെയും അമ്മയുടെയും കുടുംബജീവിതത്തിൽ വന്നാൽ നിങ്ങൾ ആരുടെ കൂടെ നിൽക്കും എന്നു ചോദിച്ചത് അതിന് പക്ഷേ ഭ്രമ്യക്കുത്തരം ഉണ്ടായില്ല,

ജഡ്ജി ഭ്രമ്യയോട് ജീവിതം മുന്നോട്ടു കൊണ്ടു പോയി കൂടെ എന്നുള്ള തരത്തിൽ ചോദിച്ച ചോദ്യം മാത്രമായിരുന്നു അത്, എന്നാൽ തന്റെ നിലപാടിൽ തന്നെ ഉറച്ചു നിന്ന ഭ്രമ്യക്ക് ജഡ്ജി ഡിവോഴ്സ് അനുവദിക്കുകയും ചെയ്തു,

എന്നാൽ ആ സന്ദർഭത്തിലാണ് ജ്ഞാന ഇതേ ചോദ്യം സ്വയം ചോദിച്ചത് അത് അവൾ ആരുടെ കൂടെ നിൽക്കും എന്നതല്ല മറിച്ച് ജ്ഞാനയുടെ മാതാപിതാക്കൾ ക്കിടയിലും അങ്ങിനെയൊരു പ്രശ്നം മറച്ചു വെക്കപ്പെട്ടിട്ടുണ്ടോയെന്നത് !

വളരെ ദിവസത്തെ ആലോചനക്കു ശേഷം അവൾ അച്ഛനോടു തന്നെ അതു ചോദിച്ചു അതിനയാൾ പറഞ്ഞ മറുപടി

നിന്നെയും എന്റെ വീട്ടുകാരേയും വിഷമിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെട്ടി രുന്നില്ലായെന്നാണ് !

അതെ ചോദ്യം അമ്മയോടാവർത്തിച്ചപ്പോൾ അമ്മ പറഞ്ഞു, ” നീ ഉണ്ടായിരുന്നില്ലെങ്കിൽ ഒരു പക്ഷേ ” എന്നായിരുന്നു അവർ ഇരുവരുടെയും വാക്കവൾക്ക് വല്ലാത്ത ഷോക്കാണു നൽകിയത് !

താൻ ഉണ്ടായിരുന്നില്ലെങ്കിൽ എന്നമ്മ പറഞ്ഞത് അവളിൽ ഒരുപാട് അസന്തുഷ്ടിയുണ്ടാക്കി, തന്റെ ജന്മം അമ്മയുടെ ആഗ്രഹങ്ങളെ തച്ചുടച്ചു എന്നത് അവളെ ആ സമയം വല്ലാതെ നോവിച്ചു, അമ്മ അത് ഇത്രയൊന്നും ആലോചിച്ചു പറഞ്ഞതല്ലെന്നും മനസിൽ തോന്നിയ ഒരു മറുപടിയിലൂടെ അമ്മ സ്വയം രക്ഷപ്പെടാൻ ശ്രമിച്ചതാണ് എന്നറിയാമായിരുന്നിട്ടും അമ്മ പറഞ്ഞതിലെ സത്യം അവളെ അന്നേരം വല്ലാതെ വേട്ടയാടി,

ജ്ഞാന അതേ തുടർന്ന് അവളുടെ ആന്റിയോട് ഇതേ ചോദ്യം മറ്റൊരു വിധത്തിൽ ചോദിച്ചു,

” ആന്റി ഇപ്പോഴത്തെ ജീവിതത്തിൽ ഹാപ്പിയാണോയെന്ന് “

അതിന് ആന്റി പറഞ്ഞു മക്കളുടെ സന്തോഷമാണ് എന്നെ സംബന്ധിച്ച് ഹാപ്പിയെന്ന് !

അവിടെയും മക്കൾ എന്നത് അവരുടെ ഹാപ്പിയെ ഇല്ലായ്മ ചെയ്യുകയല്ലെ ചെയ്തത് എന്ന ചിന്ത അവളിലുണർത്തി,

അവിടെയും ചോദ്യം മാറിയെങ്കിലും ഉത്തരം ഒന്നായിരുന്നു !

അവൾ ആലോചിച്ചു അവർ സ്വന്തം ജീവിതം വഴി വീണ്ടും അവരുടെ തെറ്റുകൾ മറ്റൊരാളിവേക്ക് വഴി തിരിച്ചു വിടുകയല്ലെ ചെയ്യുന്നത് ? സഹനമാണ് സ്നേഹം എന്നാണവർ കരുതുന്നത് എന്നാൽ പുതിയ തലമുറ തീരുമാനങ്ങൾ പെട്ടന്നെടുക്കുകയും അവരുടെ ജീവിതം ജീവിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട് ! പഴയ തലമുറ പക്ഷേ അവരുടെ തീരുമാനങ്ങളെ നീട്ടി കൊണ്ടു പോകുകയും സാഹചര്യങ്ങളെ അവരുടെ ജീവിതമാക്കി മാറ്റുകയുമാണ് ചെയ്തിരുന്നത് ചിലപ്പോൾ അവർ കണ്ടു വളർന്ന ജീവിതം അതായതു കൊണ്ടായിരിക്കാം !

തുടർന്നും ജ്ഞാന ആലോചിച്ചു,.മണിയറ ബെഡ്റൂമായി മാറുന്നതോടെ തടവറയായി മാറുന്നതിലെ പ്രശ്നങ്ങൾ എന്തായിരിക്കാം ?

വിവാഹമെന്നത് ഒഴിവാക്കാനാവില്ല, അപ്പോൾ എവിടെയാണ് പി ഴക്കുന്നത് വിവാഹമെന്നത് നമ്മൾ ആ ഒറ്റ ദിവസത്തെ ആഘോഷം മാത്രമായി മാറുകയാണോ ?

വീണ്ടും വീണ്ടും ആലോചിച്ചപ്പോൾ അവൾക്കു മനസിലായ ചില കാര്യങ്ങൾ ഇതൊക്കെയാണ് !

പല വിവാഹങ്ങളും നടക്കുന്നത് അവരുടെ ഇഷ്ടങ്ങൾക്കോ അഭിരുചിക്കോ അനുസരിച്ചല്ല,

പല വിവാഹങ്ങളിലും പങ്കു കൊള്ളുന്നത് മനസല്ല ശരീരം മാത്രമാണ് !

എന്തു വന്നാലും അവിടെ തന്നെ പിടിച്ചു നിൽക്കാനാണ് എല്ലാവരും ആവശ്യപ്പെടുന്നത്, അത് നിവൃത്തിക്കേടിന്റെ ഒരു മഹാ സമുദ്രം തന്നെ അവർക്കു മുന്നിൽ തീർക്കുന്നു,

പൊരുത്തക്കേടുകൾ സർവ്വ സാധാരണമാണ് എന്നാൽ എന്നാലത് പരിഹരിച്ചു മുന്നോട്ടു പോകുന്നവരും പരിഹരിക്കാതെ ഉള്ളിലിട്ടു പൊരുത്തപ്പെടാനാവാതെ സ്വയം ഒതുങ്ങി തീരുന്നവരും ഉണ്ട്,

തിരിച്ചു ചെല്ലുക എന്നത് നാട്ടുനടപ്പിന്റെ ഭാഗമല്ലാത്തതു കൊണ്ട് എല്ലാം സഹിക്കേണ്ട അവസ്ഥയും കൈവരുന്നു,

മക്കൾ ജനിച്ചാൽ അവർക്കു വേണ്ടി എല്ലാം മറക്കാനും പിന്നെയും മുന്നോട്ടു പോകാനും ഇരുവശങ്ങളിലും ശ്രദ്ധ കൈവരുക മാത്രമാണ് സംഭവിക്കുന്നത്,

എന്നാൽ സ്വന്തം മക്കൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ അവിടെക്ക് ഒാടിയെത്തുന്നവർ പോലും സ്വന്തം ജീവിതത്തിലെ ഇതേ പ്രശ്നങ്ങളെ പരിഹരിക്കാൻ ശ്രമിക്കുന്നുമില്ല,

ചുരുക്കി പറഞ്ഞാൽ ആർക്കും സ്വന്തം ജീവിതം എന്നത് അത്ര വിലയുള്ള ഒന്നല്ല എന്നതാണ് ജ്ഞാനക്കു മനസിലായ വലിയൊരു കാര്യം,

ഇവിടെ ആഗ്രഹിച്ച ജീവിതം ലഭിക്കാത്തവരാണ് കൂടുതൽ, ആഗ്രഹിച്ച ജീവിതം ലഭിച്ച പലർക്കും അത് വേണ്ടപോലെ ആസ്വദിക്കാനും സാധിക്കാറില്ല എന്നതു മറ്റൊരു വസ്തുത, എന്നാൽ അപൂർവ്വം ചിലർ അത് ഭംഗിയായി ആസ്വദിക്കുന്നുണ്ട് ആഗ്രഹിച്ചതായാലും അല്ലാത്തതായാലും,

എല്ലാ പ്രശ്നങ്ങളേയും ഒാർത്തു ജീവിക്കാൻ ശ്രമിക്കുന്ന നമ്മൾ മറന്നു പോകുന്ന ഒന്നുണ്ട് നമ്മുടെ ആഗ്രഹങ്ങളും, ഇഷ്ടങ്ങളും, മോഹങ്ങളും, താൽപ്പര്യങ്ങളു മെല്ലാം ചെയ്തു തീർക്കാൻ ഈ ജന്മം മാത്രമേ നമ്മളിൽ അവശേഷിക്കുന്നുള്ളൂ എന്ന പരമാർത്ഥം !

അതെ തുടർന്നും ജ്ഞാന ചോദ്യം ആവർത്തിച്ച പലരും വളരെ നിസാരമായി പറഞ്ഞത് ഇതൊക്കെ ഇങ്ങനെ കിടക്കും അതിനെ പറ്റി അത്രക്കൊന്നും ആലോചിച്ചിട്ടു കാര്യമില്ല എന്നതായിരുന്നു !

എന്നാൽ അവർ നിസാരവൽക്കരിച്ചു പറഞ്ഞവസാനിപ്പിച്ച ഇടത്തു നിന്നാണ് ജ്ഞാന ചിന്തിച്ചു തുടങ്ങിയത്,

അവരെല്ലാം അവളുടെ ചോദ്യം നിസാരമായി തള്ളിക്കളഞ്ഞെങ്കിലും അവൾ അതു വിടാൻ ഭാവമില്ലായിരുന്നു,

അതെ പറ്റി കൂടുതൽ ആലോചിച്ചപ്പോൾ ജ്ഞാനക്ക് മറ്റൊരു കാര്യം കൂടി മനസിലായി, അത് അമ്മ അവളോട് പറഞ്ഞ ” നീ ഉണ്ടായിരുന്നില്ലെങ്കിൽ ഒരു പക്ഷേ ” എന്ന ആ വാക്കിൽ നിന്നാണ്,

ജ്ഞാന ഉണ്ടായത് പക്ഷേ അവളുടെ തെറ്റല്ല ! എന്നാൽ അവൾ ജനിക്കും മുന്നേ അവർ ഇരുവരും ആലോജിക്കാതെ പോയ ഒന്നുണ്ട് അവർ ശ്രമിക്കേണ്ടി യിരുന്നത് ആവശ്യമായ സമയമെടുത്ത് അവരുടെ ജീവിതം ഒന്നിച്ചു സുരക്ഷിതമായി മുന്നോട്ടു കൊണ്ടു പോകാൻ അവർക്കു സാധിക്കുമോ എന്നറിയുകയായിരുന്നു,

അതുണ്ടായില്ല ചിലപ്പോൾ അങ്ങിനെ ഒരാശയത്തെ കുറിച്ച് അവർ ചിന്തിച്ചിട്ടു പോലുമുണ്ടാവില്ല,

എന്നാൽ അവർക്കു മനസിലാക്കാൻ കഴിയുന്ന ഒന്നുണ്ട് പരസ്പരം വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകാൻ ഒരു വഴി കണ്ടെത്തിയിരുന്നെങ്കിൽ കുറച്ചു വൈകിയാലും അവരുടെ ബീജങ്ങൾ ഒന്നിച്ചാൽ ജ്ഞാന ജനിക്കുക തന്നെ ചെയ്യുമെന്ന്,

അവർ ഊന്നൽ നൽകേണ്ടിയിരുന്നത് കല്യാണം കഴിഞ്ഞ അടുത്ത വർഷം തന്നെ പ്രസവിക്കാനല്ല, അതിനു പകരം പരസ്പരം മനസിലാക്കാനും അതുവഴി അവർ പങ്കിടുന്ന ജീവിതത്തിന് മുന്നോട്ടുള്ള വഴി സുഗമമായി കൊണ്ടു പോകാനാവുമോ എന്നു അറിയുന്നതിനുമായിരുന്നു,

കല്യാണം കഴിഞ്ഞാൽ പലർക്കും നേരിടേണ്ടി വരുന്ന അടുത്ത പ്രശ്നം കുഞ്ഞുങ്ങളായില്ലെ എന്ന ചോദ്യമായിരിക്കാം അതിനു തടയിടാനായി ആയിരിക്കാം മിക്കവരുടെയും ആദ്യശ്രമവും അവിടെയും മിക്കവരും കല്യാണത്തിനു നിന്നു കൊടുത്തതു പോലെ ഈ കാര്യങ്ങൾക്കും നിന്നു കൊടുക്കുന്നു,

എന്നാൽ ആ പറഞ്ഞവരും ചോദിച്ചവരും ആരും തന്നെ ഒറ്റപ്പെട്ടും പൊരുത്തപ്പെടാതെയും ആയി പോകുന്നവരുടെ കണ്ണീരൊപ്പാനോ വേദനയിൽ പങ്കു കൊള്ളാനോ ഉണ്ടാവില്ലെന്ന സത്യം ആരും ഒാർക്കാറുമില്ല,

ഒരു കുഞ്ഞുണ്ടായാൽ എല്ലാം ശരിയാവും എന്നു പറയുന്നവരും കുറവല്ല ഇന്നും പൊതുവേ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി നിർദേശിക്കപ്പെടുന്നത് വിവാഹവും കുഞ്ഞുണ്ടാവലും തന്നെയാണ് !

ചിലരിൽ ചിലപ്പോൾ അതു വിചാരിക്കാത്ത ഗുണം ചെയ്യാറുണ്ടെങ്കിലും ഭൂരിപക്ഷം കേസുകളിലും നേർ വിവരീതമാണ് ഫലം !.കുഞ്ഞുങ്ങൾ ഉണ്ടാവുന്നുണ്ടെങ്കിലും പ്രശ്നങ്ങൾ അവിടെ അവസാനിക്കുന്നില്ലാ എന്നതുമാണ് യാദാർത്ഥ്യം,

കുഞ്ഞുങ്ങൾ വേണ്ടാ എന്നല്ല ഈ പറഞ്ഞതിന്റെ അർത്ഥം മറിച്ച് ഒരു മുറിയിൽ രണ്ടപരിചിതരേ പോലെ എല്ലാ സ്വപ്നങ്ങളെയും അടിയറവു വെച്ച് സ്വയം ഉരുകി തീരാതിരിക്കാൻ ആദ്യ പരിഗണന നൽകേണ്ടത് സ്വന്തം ജീവിതത്തിന്റെ ഗതി എന്താണെന്നറിയുന്നതിനു തന്നെയല്ലെ ?

കാരണം നിങ്ങൾ നിങ്ങളുടെ അച്ഛനമ്മമാർ വേർപ്പെടുന്നത് കാണാൻ ഇഷ്ടപ്പെടുമോ എന്നു ചോദിച്ചാൽ ഉണ്ടെന്നു പറയുന്ന ഒരാളും ഉണ്ടാവില്ല, അതുപോലെ നിങ്ങളുടെ മക്കളും നിങ്ങൾ പിരിയുന്നതു കാണാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല,

അവരുടെ ദൈവങ്ങളാണ് നിങ്ങൾ ! ആ നിങ്ങൾ പിരിയുമ്പോൾ ഏറ്റവും വേദനിക്കുന്നത് അവരാണ് !

നമ്മൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനു വേണ്ടിയെങ്കിലും നമ്മൾ പരസ്പരം അറിയാനും മനസിലാക്കാനും വേണ്ടി ശ്രമിക്കണമായിരുന്നു, കുഞ്ഞൊരാവശ്യം തന്നെയാണ് അത്ര തന്നെ പ്രാധ്യാനമുണ്ട് സ്വന്തം ജീവിതത്തിനും നമ്മൾക്കും എന്നു കൂടി നമ്മൾ മനസിലാക്കണം ! എല്ലാറ്റിനും ശേഷം ഇനി എന്തു ചെയ്യും എന്നു വിചാരിക്കുന്നതിലും നല്ലതല്ലെ അത് ?

ഇവിടെ ജ്ഞാനക്കു മനസിലായ സത്യം ഒന്നേയുള്ളൂ,

നമ്മൾ പ്രേരിപ്പിക്കുന്ന വഴിയിലൂടെയായിരിക്കും മിക്ക മക്കളും നടക്കുക അവർ കണ്ടു പഠിക്കുന്നത് മിക്കപ്പോഴും നമ്മളെയായിരിക്കും, കുറച്ചു പ്രശ്നങ്ങളെ നേരിടേണ്ടി വരും എന്നാലും ഏറ്റവും അത്യാവശ്യമായ ഘട്ടങ്ങളിൽ നമ്മുക്ക് വേണ്ടാ എന്നുള്ളത് വേണ്ടായെന്നു പറയാനും വേണമെന്നുള്ളത് വേണമെന്ന് തീർത്തു പറയാനും നമ്മൾക്ക് കഴിയുന്നിടത്ത് നമ്മുടെ പ്രവർത്തി മറ്റുള്ളവർക്കും അവരുടെ ആവശ്യങ്ങളെ ഉന്നയിക്കുന്നതിലേക്ക് അതു വഴി തെളിയിക്കും ഒപ്പം നമ്മൾ ആഗ്രഹിക്കുന്ന വിധത്തിൽ നമ്മുടെ ജീവിതവും മാറും എന്നതും !

ജീവിതം എന്നത് ഒരിക്കലും ഒരു സ്വപ്നമല്ല അത് പകൽ വെളിച്ചം പോലെയുള്ള ഒരു യാദാർത്ഥ്യമാണ് !

നമ്മൾ മഹത്വമെന്നു കരുതി സ്വീകരിക്കുന്ന പലതിനും അത്രതന്നെ മഹത്വമുണ്ടാവണമെന്നില്ല,

അതു കൊണ്ടു തന്നെ വിവാഹം കഴിഞ്ഞ സമയത്ത് നമ്മൾ ചേർത്തു പിടിച്ച കൈകൾ ഇന്നും ഇപ്പോഴും എപ്പോഴും അത്തരത്തിൽ നമ്മളോട് ചേർന്നു നിൽക്കുന്നുണ്ടോ എന്നന്വേഷിക്കേണ്ടതും അവയേ ചേർത്തു നിർത്തേണ്ടതും പരസ്പരം നമ്മൾ ഒാരോർത്തരുടെയും കടമയാണ്, ആ കൈകളുടെ ചേർച്ചയിലാണ് നമ്മുടെ ജീവിതത്തിന്റെ തിളക്കം നിലനിൽക്കുന്നത്. അതോടൊപ്പം നമ്മളോടു ചേരാൻ നമ്മളുടെ കുഞ്ഞുങ്ങളുടെ കൈകളുമുണ്ടാകും….!!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *