എന്റെ ജീവിതം കൂടി നിങ്ങളെന്തിനു നശിപ്പിച്ചു ? നിങ്ങളെ വേണ്ടന്നു വെച്ചു പോയ കാമുകിക്കു വേണ്ടി എന്തിനു നിങ്ങൾ നിങ്ങളുടെ കൂടി ജീവിതം നശിപ്പിക്കുന്നു……..

Story written by Pratheesh

ചേട്ടാ, ഞാനെന്തു തെറ്റാണ് ചെയ്തത് ? നിങ്ങളെ വിവാഹം കഴിച്ചു എന്നതല്ലാതെ മറ്റൊരു തെറ്റും ഞാൻ ചെയ്തിട്ടില്ല, എന്നെയോ എന്നേ പോലെ മറ്റൊരു പെണ്ണിനേയോ സ്നേഹിക്കാൻ നിങ്ങൾക്കു സാധിക്കുമായിരുന്നില്ലെങ്കിൽ പിന്നെന്തിനു എന്നെ പോലെ ഒരാളെ വിവാഹം കഴിച്ചു ?

എന്റെ ജീവിതം കൂടി നിങ്ങളെന്തിനു നശിപ്പിച്ചു ? നിങ്ങളെ വേണ്ടന്നു വെച്ചു പോയ കാമുകിക്കു വേണ്ടി എന്തിനു നിങ്ങൾ നിങ്ങളുടെ കൂടി ജീവിതം നശിപ്പിക്കുന്നു ?

അവർ അവരുടെ ജീവിതം ശരിയായ രീതിയിൽ കൊണ്ടു പോകുമ്പോൾ നിങ്ങൾ അവൾക്കു വേണ്ടി അനാവശ്യമായ കാത്തിരിപ്പുകൾ നടത്തുന്നു,

ഒരിക്കലും തിരിച്ചു വരുകയില്ല എന്നറിയാമായിരുന്നിട്ടും ഇന്നും നിങ്ങളവൾക്കു വേണ്ടി മാത്രം ജീവിക്കുന്നു, ഇതിലൊരു ന്യായമുണ്ടോ ?

അവളെ പോലെ മറ്റൊരാൾക്ക് നിങ്ങളെ സ്നേഹിക്കാനാവില്ലെന്നു കരുതുന്നത് ബാലിശമല്ലെ ?

അവൾക്കതിനു കഴിയുന്നുണ്ടെങ്കിൽ നിങ്ങൾക്കും അതിനു സാധിക്കുമെന്ന് എന്തു കൊണ്ട് നിങ്ങൾ മനസിലാക്കുന്നില്ല ?

എന്നെങ്കിലും അവളെ മാത്രമേ നിങ്ങൾ സ്നേഹിച്ചിട്ടുള്ളൂ എന്ന് അവളറിയുമ്പോൾ അവൾക്ക് അതൊരു തീരാ നഷ്ടമായി തോന്നുകയും അവളുടെ മനസിൽ നിങ്ങൾക്ക് വളരെ വലിയ ഒരു സ്ഥാനം ലഭിക്കുകയും അങ്ങിനെ സംഭവിക്കുമ്പോൾ നിങ്ങളായിരുന്നു ശരിയെന്ന ചിന്ത അവളിൽ ഉടലെടുക്കുകയും ചെയ്യുമ്പോൾ അതോർത്ത് നിങ്ങളുടെ മനസിനു ലഭിച്ചേക്കാവുന്ന ആഹ്ലാദത്തിനു വേണ്ടി മാത്രമാണ് നിങ്ങളുടെ ഇത്രയും കാലമായിട്ടുള്ള ഈ കാത്തിരിപ്പെന്നും എനിക്കറിയാം !

സ്വന്തം ജീവിതമാണ് അതിനു വേണ്ടി നിങ്ങൾ ബലി കഴിക്കുന്നതെന്ന് നിങ്ങൾക്കറിയോ ?

എന്നോ സംഭിച്ചേക്കാവുന്ന ആ ഒരു നിമിഷത്തിനു വേണ്ടി ചുറ്റുമുള്ളവയേ എല്ലാം മറന്നു കാത്തിരിക്കേണ്ട തുണ്ടെന്ന് നിങ്ങൾക്കറിയാമോ ?

മറ്റൊരാളെ വേദനയുടെയും മനോവിഷമങ്ങളുടെയും തീരാക്കടലിലേക്ക് തള്ളിയിട്ടു കൊണ്ടാണ് നിങ്ങൾ നിങ്ങളുടെ ആ അസുലഭ നിമിഷത്തിനായി കാത്തിരിക്കുന്നത് എന്നത് എപ്പോഴെങ്കിലും നിങ്ങൾ ആലോചിച്ചിട്ടുണ്ടോ ?

സ്വപ്നങ്ങളെന്നത് നിങ്ങൾക്കു മാത്രമല്ല അതു മറ്റുള്ളവർക്കും ഉള്ള ഒന്നാണെന്ന് എപ്പോഴെങ്കിലും നിങ്ങൾ ഒാർക്കാറുണ്ടോ ?

കഴുത്തിലണിഞ്ഞ താലി ഒരിക്കലും അഴിഞ്ഞു പോകരുതെന്ന് ദിനവും മനമുരുകി പ്രാർത്ഥിക്കുന്ന ഒരു ഭാര്യയുടെ മനസ് നിങ്ങൾക്കു എപ്പോഴെങ്കിലും മനസിലാക്കാൻ സാധിക്കുമോ ?

നിങ്ങളെ നഷ്ട്ടപ്പെടുത്തി അവൾ പോയപ്പോൾ നിങ്ങൾക്കുണ്ടായ അതെ വേദന തന്നെയല്ലെ എന്നെ നിങ്ങൾ പരിഗണിക്കാതിരിക്കുമ്പോൾ എന്നിലും സംഭവിക്കുന്നത് ?

നഷ്ടപ്പെടൽ എന്ന വേദനയേക്കാൾ ഒറ്റപ്പെടൽ എന്ന വേദനയാണ് അതിഭീകരമായതെന്ന് എപ്പോഴെങ്കിലും നിങ്ങൾ ആലോചിച്ചിട്ടുണ്ടോ ?

ഭർത്താവുണ്ടായിട്ടും ഭർത്താവില്ലാത്ത വിധം ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ വേദന നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിക്കുമോ ?

ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ ഒരു പ്രതീക്ഷക്കും വകയില്ലാതായി മാറുന്ന ഒരു പെണ്ണിന്റെ ഹൃദയവേദനയുടെ ആഴം അളക്കാൻ നിങ്ങൾക്കാവുമോ ?

രാവും പകലും കണ്ണീരിൽ കുതിർന്നൊരു ജീവിതം നയിക്കുന്ന ഒരു ഭാര്യയുടെ കണ്ണീരിന്റെ വില നിങ്ങൾക്കു മനസിലാവുമോ ?

ബെഡ്റൂമെന്ന നാലു ചുമരിനുള്ളിൽ വിധിയേ പഴിച്ച് ദിനങ്ങൾ തള്ളി നീക്കുന്ന ഒരു പെൺമനസിന്റെ തീരാനൊമ്പരങ്ങളുടെ തിരമാലകളെ പുൽകാൻ നിങ്ങൾക്കാവുമോ ?

സ്വർഗ്ഗമൊന്നും ആയില്ലെങ്കിലും ഒരൽപ്പം സ്വസ്ഥതയെങ്കിലും നിറഞ്ഞു നിൽക്കേണ്ട കിടപ്പറ നരകമായി മാറുന്നതിലെ വ്യത്യാസം കുറച്ചെങ്കിലും നിങ്ങൾക്കു ചിന്തിക്കാനാവുമോ ?

ആശ്വാസം ലഭിക്കേണ്ട മനസിൽ നിന്നു അവഗണനകൾ ലഭിക്കുന്നതിന്റെ വേദന നിങ്ങൾക്കൊരിക്കലും മനസിലാകില്ല,

ജീവിതസഖിയായി മാറാത്ത കാമുകി വെറുമൊരു സ്വപ്നമായിരുന്നെന്നും ഭാര്യയായി മാറിയവൾ സ്വന്തമാണെന്നും എന്തേ നിങ്ങൾക്കു മനസിലാവാതെ പോയി ?

എന്നിട്ടും എനിക്ക് നിങ്ങളെ ഇഷ്ടമായിരുന്നു, അത് എന്നെങ്കിലും നിങ്ങൾക്കു മാറ്റം സംഭവിച്ചേക്കുമെന്ന് ആഗ്രഹിക്കുന്ന എന്റെ മനസിന്റെ ഇഷ്ടമായിരുന്നു,

ഞാൻ നിങ്ങളെ വിട്ടു പോകുന്നത് നിങ്ങളെ ഇഷ്ടമില്ലാത്തതു കൊണ്ടല്ല മറിച്ച് നിങ്ങളുടെ മനസിൽ ഞാനില്ല എന്ന തിരിച്ചറിവു കൊണ്ടാണ് !

ഭൂതക്കാലത്തെ മാത്രമാണ് നിങ്ങൾ സ്നേഹിക്കുന്നത് വർത്തമാന ക്കാലത്തേയോ ഭാവിയേയോ നിങ്ങൾ പരിഗണിക്കുന്നില്ല,

പുതിയോരു ജീവിതം മോഹിച്ചല്ല പോകുന്നത്, ഭയമാണ് ഇപ്പോൾ ജീവിതത്തോട് വീണ്ടും ഇതു തന്നെ ആവർത്തിച്ചേക്കുമോ എന്ന ഭയം !

എന്ന്മ നസു കൊണ്ടും, ശരീരം കൊണ്ടും, ആത്മാവു കൊണ്ടും, ജീവിതം കൊണ്ടും, ഒറ്റപ്പെട്ടവൾ !

ഡിവോഴ്സിനായി കാത്തിരിക്കുന്ന അവൻ ഒരു ദിവസം അലമാര തുറന്ന് ഷർട്ട് എടുക്കുന്നതിനിടയിലാണ് അതിനുള്ളിൽ നിന്ന് ഈ കത്ത് അവന്റെ മുന്നിലേക്കു വീണത് !

അതു വായിക്കാൻ തുടങ്ങിയതും അവന്റെ ഹൃദയവും, കൈയ്യും, ഉടലും ഒരേ പോലെ വിറക്കാൻ തുടങ്ങി,

കത്തു വായിച്ച അവൻ നിശ്ചലമായി കുറച്ചു നേരം ബെഡ്ഡിലിരുന്നു, അത്രക്കൊന്നും അവൻ പ്രതീക്ഷിച്ചിരുന്നില്ല,

ആ കത്തിലെ ഒരോ വരിയും വാക്കും ആ സമയം അവനിലേക്ക് ആഴത്തിലിറങ്ങി !

അവൻ ആലോചിച്ചു എന്തു ചെയ്യണമെന്ന് അവസാനം അവനു മനസിലായി അറിയാതെ ചെയ്യുന്ന തെറ്റുകളെക്കാൾ അറിഞ്ഞു കൊണ്ട് ചെയ്യുന്ന തെറ്റുകളാണ് വലുതെന്ന് !

അതു മനസിലായതും അവൻ വണ്ടിയെടുത്ത് നേരേ അവളുടെ വീട്ടിലേക്കു പോയി, അവളുടെ അമ്മ മാത്രമാണ് അവളെ കൂടാതെ അവിടെ ഉണ്ടായിരുന്നത്, അവളെ ഒന്നു കാണണം എന്നു പറഞ്ഞപ്പോൾ ആദ്യം അതു വേണമോ എന്നൊരു സംശയം അവർക്കുണ്ടായിരുന്നെങ്കിലും അവനിൽ എന്തോ മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് അവന്റെ മുഖത്തു നിന്നു മനസിലായതും അവർ അവളെ കാണാൻ സമ്മതിച്ചു,

അവളെ തിരഞ്ഞ് അവളുടെ മുറിയിലെത്തിയ അവനെ കണ്ട് അവളൊന്നമ്പരന്നു, അതത്ര കാര്യമാക്കാതെ തന്നെ അവൾക്കരികിലേക്ക് ചെന്നു കൊണ്ട് അവനവളോടു ചോദിച്ചു,

“എനിക്കൊരവസരം കൂടി തരാമോയെന്ന് “

അതു കേട്ടും അവൾക്കൊന്നും മനസിലായില്ലാ, അതോടെ അവൻ കൈയ്യിൽ കരുതിയ ആ കത്ത് അവൾക്കു നേര നീട്ടിയതും അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി, അതു കണ്ടതോടെ അവൾക്കു മുന്നിലേക്ക് കുറച്ചു കൂടി നീങ്ങി നിന്നു കൊണ്ട് വീണ്ടും അവൻ ചോദിച്ചു,

“ഞാനൊന്ന് കെട്ടി പിടിച്ചോട്ടെയെന്ന് ? ” അതിനവൾ തലയാട്ടി സമ്മതിച്ചതും അവനവളെ നെഞ്ചോടു ചേർത്തു കെട്ടി പിടിച്ചു,

തുടർന്നവളോടു പറഞ്ഞു,

എല്ലാം മറന്ന് എന്നോടു ക്ഷമിക്കാൻ നിനക്കാവുമെങ്കിൽ ഇനി ഈ കണ്ണു നിറയാതെ ഞാൻ നോക്കി കൊള്ളാമെന്ന് !

അതു കേട്ടതും ആ സമയം പിന്നെയും അവളുടെ കണ്ണുകൾ ധാരധാരയായി ഒഴുകി…..!!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *