എന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു.അതിനു മുൻപേ ഈ സത്യം ഏട്ടനോട് പറയാതിരുന്നാൽ എന്റെ ആത്മാവിന് ഒരിക്കലും ശാന്തി ലഭിക്കില്ല……..

കള്ളി പൂങ്കുയിൽ

എഴുത്ത് :- രാജീവ്‌ രാധാകൃഷ്ണപണിക്കർ

‘എത്രയും സ്നേഹം നിറഞ്ഞ ഏട്ടൻ അറിയുന്നതിന്.

എന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു.അതിനു മുൻപേ ഈ സത്യം ഏട്ടനോട് പറയാതിരുന്നാൽ എന്റെ ആത്മാവിന് ഒരിക്കലും ശാന്തി ലഭിക്കില്ല.

നമ്മുടെ മകൻ , അവൻ ഏട്ടന്റെ മകനല്ല.

കോളേജു പഠന കാലത്ത് എനിക്ക് പറ്റിയ ഒരു തെറ്റിന്റെ ബാക്കി പത്രമാണവൻ.

ഞാനിത് അന്നേ തുറന്നു പറയണമായിരുന്നു.

പക്ഷേ പോകാൻ മറ്റൊരിടമില്ലാത്ത ഞാൻ ആ സത്യം ഏട്ടനോട് പറഞ്ഞാൽ ഏട്ടനെന്നെ ഉപേക്ഷിച്ചാലോ എന്ന ഭയമാണ് എന്നെ അതിൽ നിന്നും പിൻതിരിപ്പിച്ചത്.

പക്ഷേ ജീവിതത്തിന്റെ ഈ അവസാന നാളുകളിൽ അതു പറയാതിരുന്നാൽ ഞാൻ ഏട്ടനോട് ചെയ്യുന്ന ചതിയായിരിക്കും.

ഏട്ടന് അവനോടുള്ള സ്നേഹം കാണുമ്പോൾ പലപ്പോഴും മനസ്സ് പതറാറുണ്ട്. പക്ഷേ സത്യങ്ങൾ പലപ്പോഴും കയ്പ്പേറിയതാണല്ലോ.’

ഓഫിസിൽ നിന്നും നേരത്തെ വീട്ടിലെത്തിയ ഒരു ദിവസം ഉച്ചയുറക്കത്തിനായി കിടക്ക കൊട്ടി വിരിക്കുകയായിരുന്ന ജയപാലൻ കിടക്കയുടെ അടിയിൽ നിന്നും കിട്ടിയ ആ കടലാസ് മുഴുവനും വായിക്കാനാവാതെ നിന്നു വിയർത്തു.

എല്ലാ സ്വപ്നങ്ങളും തകർന്നു വീഴുകയാണ്. കഴിഞ്ഞ പത്തു വർഷമായി താൻ പൊന്നു പോലെ വളർത്തുന്ന തന്റെ മകൻ.

അവന്റെ പിതാവ് താനല്ലെന്ന് അറിയുമ്പോഴുണ്ടാകുന്ന മാനസീകാവസ്ഥ.

അതിനു പുറമെ എന്തിനും ഏതിനും തന്റെ താങ്ങായി നിൽക്കുന്ന നീലിമ.

അവളുടെ ദിനങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു എന്ന ന ഗ്നസത്യം.

ദൈവമേ എന്നോടെന്തിനീ ചതി ചെയ്തു.

നീലിമ അവൾക്കെന്താണസുഖം?

അസുഖത്തിന്റെ ഒരു സൂചനയും തനിക്കവൾ തന്നിട്ടില്ലല്ലോ.

ഭഗവാനെ എല്ലാ സൗഭാഗ്യങ്ങളും ഒരു നിമിഷം കൊണ്ട് തന്നിൽ നിന്ന് തട്ടിയെടുക്കുകയാണോ.

എന്നിട്ട് തന്റെ നീലു എവിടെ പോയി. മകനേയും കൊണ്ട് അവൾ വീടുപേക്ഷിച്ചു പോയോ.

അയാൾ ഭ്രാന്തനെപ്പോലെ നീലുവിനെ തിരഞ്ഞു കൊണ്ട് ബെഡ്‌റൂമിൽ നിന്ന് അടുക്കളയിലേക്കോടി.

“നീലു,നീലു നിനക്കെന്തു പറ്റി നീയെന്നോടെന്തിനീ സത്യം മറച്ചു വച്ചു?”

അടുക്കളയിൽ കട് ബോർഡിൽ വെച്ച് സവാള അരിഞ്ഞു കൊണ്ടിരിക്കുക യായിരുന്ന നീലിമ നീർ തുളുമ്പുന്ന മിഴികളോടെ ഭർത്താവിനെ നോക്കി.

“എനിക്കെന്തു പറ്റാൻ? ഞാൻ എന്തു സത്യം മറച്ചു വച്ചെന്നാ നിങ്ങളീ പറയുന്നത്?”

“നീലു എന്നോട് ഇനി നീ ഒന്നും മറച്ചു വയ്ക്കരുത്.നിനക്കെന്താണ് അസുഖം. നമ്മുടെ മകന്റെ അച്ഛൻ ഞാനല്ലെങ്കിൽ പിന്നെയാരാണ്. പിതൃത്വം ആരുടേതുമാവട്ടെ. പക്ഷേ അവൻ എന്റെ മകനാണ്. എനിക്കൊരിക്കലും അവനെ കൈവിടാൻ പറ്റില്ല.”

“നിങ്ങൾ എന്തൊക്കെയാ വിളിച്ചു കൂവുന്നത് ?”

നീലിമ അസഹ്യതയോടെ തിരക്കി.

ഞാൻ ഒന്നും അറിഞ്ഞില്ല എന്നാണോ നീ കരുതുന്നത്.നിന്റെ കത്തെനിക്ക് കിട്ടി.”

“കത്തോ?ഏത് കത്ത്?”

“നീ എഴുതി കിടക്കയുടെ അടിയിൽ വച്ചിരുന്ന കത്ത് “

“ഹെന്റെ ഭഗവാനെ നിങ്ങളതും തപ്പിപ്പിടിച്ചെടുത്തോ.അതു കത്തും പാർസലു മൊന്നുമല്ല. ഞങ്ങടെ ഗ്രൂപ്പില്ഇ ടാൻ വേണ്ടി ‘കള്ളിപ്പൂങ്കുയിൽ ‘എന്ന വിഷയത്തിൽ ഒരു കഥ എഴുതാൻ ശ്രമിച്ചതാ. ഒന്നു രണ്ടു പാരഗ്രാഫ് എഴുതിയൊപ്പിച്ചു കിടക്കേടെ അടിയിൽ വച്ചപ്പോഴേക്കും വേണ്ടാത്തതോക്കെ ചിന്തിച്ചോണ്ട് വന്നിരിക്കണു “

“ങേ നീ കഥയെഴുതി തുടങ്ങിയോ!”

അയാൾ അത്ഭുതത്തോടെ അവളെ നോക്കി.

അവൾ മൊബൈൽ തുറന്ന് താൻ എഴുതിയ കഥകൾ കാണിച്ചു കൊടുത്തു.

“എനിക്കെന്താ കഥയെഴുത്യാല്. നിങ്ങളും മോനും പോയിക്കഴിഞ്ഞാല് എനിക്കാകെയുള്ള ആശ്രയം മുഖപുസ്തകമാ .എന്നാലും എനിക്കതല്ല സങ്കടം ഒരു പേപ്പറിൽ നാലു വരി കണ്ടപ്പോഴേക്കും നിങ്ങളെന്നെ സംശയിച്ചല്ലോ”

അവൾ കൈ ചുരുട്ടി തന്റെ നെഞ്ചത്ത് രണ്ടിടിയിടിച്ചു.

“എന്നാലും ആ ചെർക്കൻ നിങ്ങടെ മോനല്ലെന്ന് വിചാരിച്ചല്ലോ.മതി നിങ്ങടെ കൂടെയുള്ള വാസം. ഞാൻ എന്റെ വീട്ടിൽ പോകാ.”

തുള്ളിമറിഞ്ഞു അകത്തേക്ക് കയറിപ്പോയ തന്റെ ഭാര്യയെ എങ്ങനെ സമാധാനിപ്പിക്കും എന്ന ചിന്തയോടെ ജയപാലൻ തലയിൽ കൈവച്ചു.

മംഗളം

Related Posts

Leave a Reply

Your email address will not be published. Required fields are marked *