എന്റെ പോന്നു പോളെ നീ ഒന്ന് പതുക്കെ പറ.ആരെങ്കിലും കേട്ടാ വല്യ പ്രശ്നം ആവും…..

എഴുത്ത്:-വൈശാഖൻ

“അച്ചായാ ഒന്നിങ്ങു വന്നേ,പോയി കുറച്ചു പോത്തിറച്ചി വാങ്ങി കൊണ്ട് വാ..ഉച്ചക്ക് അപ്പച്ചനും അമ്മച്ചീം വരുന്നുണ്ടെന്നും പറഞ്ഞിപ്പോ വിളിച്ചിരുന്നു”..

അങ്ങനെ വരട്ടെ ..ചുമ്മാതാണോ ഈ സ്നേഹം..അല്ലെങ്കി “നിങ്ങൾ ,മനുഷ്യൻ ചിലപ്പോ ഡോ”..ഇതല്ലാതെ എന്റെ ഭാര്യ എന്നെ വേറൊന്നും വിളിക്കാറില്ല..ഇപ്പൊ കാര്യം നടക്കാൻ വേണ്ടി ഒരു “അച്ചായാ”..ഹും..

അന്നകുഞ്ഞേ ,നിന്റെ അപ്പന് ഇറച്ചി തന്നെ കൊടുക്കണം എന്ന് നിനക്ക് അത്രയ്ക്ക് നിർബന്ധം ആണോ.നമുക്ക് ഇവിടെ വിളഞ്ഞ വിഷം ഒന്നും ഇല്ലാത്ത നല്ല പച്ചക്കറി കൊടുത്താ പോരെ,ഈ കിഡ്നി കേടായി വീർത്ത പോത്തിനെ ഒക്കെ കൊടുത്തു നിന്റെ അപ്പന്റെ കിഡ്നി കളയണോ?

എന്റപ്പന്റെ കിഡ്നി പോയാ നിങ്ങൾക്ക് ചേതം ഒന്നും ഇല്ലല്ലോ..ഇനി പോയാ തന്നെ ഞാനതങ്ങു സഹിക്കും..കാര്യം നിങ്ങൾ വല്യ കൃഷി ഓഫീസർ ഒക്കെ ആയിരിക്കും ..പക്ഷെ അതങ്ങ് ഓഫീസിൽ…,ഇവിടെ ഞാൻ പറയുന്നതങ്ങ്‌ കേട്ടോണം ,കേട്ടോ മനുഷ്യാ.

വേണ്ട… പോത്തിന്റെ അടുത്ത് വേദം ഓതിയിട്ട് കാര്യം ഇല്ല..പോയ്‌ പോത്തിറച്ചി വാങ്ങിയേക്കാം ..ഇല്ലെങ്കി ചിലപ്പോ ഇവൾ എന്നെ വെട്ടി അവൾടെ അപ്പന് വെച്ച് കൊടുക്കും!!

കാര്യം ഞാനൊരു സത്യ ക്രിസ്ത്യാനി ആണെങ്കിലും ,ഒരു നല്ല കൃഷിക്കാരന്റെ മകൻ ആയതു കൊണ്ടും,ഇപ്പൊ കൃഷി വകുപ്പിൽ ജോലി ചെയ്യുന്നത് കൊണ്ടും ഈ ഇറച്ചിയോടു വല്യ താൽപര്യം ഇല്ല..മാത്രമല്ല ഈ മൃഗങ്ങളെ ഒക്കെ കൊ ന്ന്…..മരണം കാത്തു നിൽക്കുന്ന ഈ അ റവു മാടുകളെ കാണുമ്പോ തന്നെ മനസ്സിൽ ഒരു സങ്കടാ..കൊല്ലുന്നതിനു മുൻപ് പോലും ഒരു ദയ പോലും കാണിക്കാതെ മരുന്ന് കൊടുത്തു ശരീരം വീർപ്പിച്ചു ഭാരം കൂട്ടി..ശരിക്കും മനുഷ്യനെ വേണം മൃഗം എന്ന് വിളിക്കാൻ..ആ വക പരിപാടികൾ ആണല്ലോ ഇപ്പൊ കാണിച്ചു കൂട്ടുന്നത്..ഇറച്ചി കട നടത്തുന്നത് എന്റെ ഒരു പഴയ സുഹൃത്താണ്.പണ്ട് അത്യാവശ്യം കൂട്ടായിരുന്നു.ഈ വെട്ടു തുടങ്ങിയെ പിന്നെ ഞാനാ കൂട്ട് വിട്ടു..എന്തോ പിന്നങ്ങ് അടുക്കാൻ തോന്നിയില്ല..

“ഡാ പോളെ എന്താ ഈ വഴിക്ക് ,നീ ഇറച്ചിയൊക്കെ തിന്നു തുടങ്ങ്യോ?”

എത്തിയപോഴേക്കും അവന്റെ ഒരു പരിഹാസം കലർന്ന ചോദ്യം..ഞാൻ കാര്യം പറഞ്ഞു.

രണ്ടു കിലോ ബീഫ്..നല്ലത് നോക്കി..ഞാൻ കുറച്ചു മാറി നിൽക്കാം..ഈ ചോരയുടെ മണം എനിക്ക് പിടിക്കില്ല..നീ എടുത്തു വെച്ചിട്ട് വിളിച്ചാ മതി..

ഹ ഹ ..അവൻ പിന്നെയും ചിരിക്കുന്നു..ക്രൂരൻ..ഞാൻ അറവുമാടുകളെ കെട്ടിയിരിക്കുന്ന പറമ്പിലേക്ക് മാറി നിന്നു…

പോത്തുകൾ ,എരുമകൾ,കാളകൾ അങ്ങനങ്ങനെ നോക്കുമ്പോ ഒരു മൂലയിൽ നല്ല ചന്തം തോന്നിക്കുന്ന പശുവും കൂടെ ഒരു കിടാവും..ഒരു മൂരികുട്ടൻ.അമ്മയുടെ പാൽ കുടിച്ചു കൊണ്ട് അവിടെ നിൽക്കുവാണ്..ചേർത്ത് കെട്ടിയിരിക്കുന്നത് കൊണ്ട് അവനു പാൽ കുടിക്കാൻ എത്തുന്നില്ല.അമ്മ അതിനെ അകിട് പറ്റും പോലെ അവന്റെ അടുത്തേക്ക് ചേർത്ത് കൊടുക്കുന്നുണ്ട്..ഞാൻ പോയി ആ കെട്ടഴിച്ചു അവനു സൗകര്യപൂർവ്വം കുടിക്കാനുള്ള ഒരവസരം ഉണ്ടാക്കി കൊടുത്തു.ആ കുടി കണ്ടു ആനന്ദിച്ചു നിൽക്കുമ്പോഴാണ് എന്റെ ഉള്ളിൽ ആ ചിന്ത ഉടലെടുക്കുന്നത്.എന്തിനു ഇവർ ഇവിടെ??എന്റെ കർത്താവേ കൊ ല്ലാൻ എങ്ങാനും ആണോ?ഞാൻ ഓടി.

ആ പോളെ നീ വന്നോ ഞാൻ വിളിക്കാൻ തുടങ്ങുവാരുന്നു.

ഹേയ് അതല്ലെട .നീ ഇങ്ങു വന്നേ…ആ കെട്ടിയിട്ടിരിക്കുന്ന പശുവും കുഞ്ഞും..എന്തിനാ അത്?

എന്റെ പോന്നു പോളെ നീ ഒന്ന് പതുക്കെ പറ.ആരെങ്കിലും കേട്ടാ വല്യ പ്രശ്നം ആവും.ടൌണിലേക്ക് പോകുന്നോർക്കു ഇതിന്റെ ആവശ്യം ഉണ്ടോ.ഫുൾ പാക്കറ്റ് പാൽ അല്ലെ.മാത്രല്ല ഇതിനെ ഇവിടെ നോക്കിയിരുന്ന ഒരു അപ്പച്ചനും അമ്മച്ചിയും പോന്നു പോലെ നോക്കിയാ പശുവാ..അവരടെ മക്കൾ അവർക്കൊരു കൊച്ചുണ്ടായപ്പോ അതിനെ നോക്കാൻ അവരെ കൊണ്ടോയി.അറക്കാൻ കൊടുക്കുവാ എന്ന് അവരോടും പറഞ്ഞില്ല.ചുളു വിലക്ക് കിട്ടിയപ്പോ ഞാനങ്ങു വാങ്ങി.കിടാവിനെ ആടിന്റെ കൂടെ വെട്ടും.തള്ളയെ ഇവിടേം.ഇപ്പൊ ആടിന്റെ ഇറച്ചിയാന്നും പറഞ്ഞു കൊടുക്കുന്നത് ഈ കിടാങ്ങളെ അല്ലെ.നല്ല സ്വാദും.ആരും അറിയുകയും ഇല്ല.

എന്റെ ഉള്ളിൽ വല്ലാത്തൊരു നോവ്.ഇല്ല സമ്മതിക്കില്ല ഞാൻ.പക്ഷെ ഇവരോട് എതിർത്ത് എങ്ങനെ…..

ഡാ നീ പറ ഇതിനെത്ര വില വേണം.ഞാൻ തരാം.എനിക്ക് വളർത്താൻ വേണ്ടിയാ.

ചോദ്യം കേട്ടതും അവന്റെ മുഖം വിടരുന്നത് ഞാൻ ശ്രദ്ധിച്ചു.

കൊല്ലണം എന്ന് എനിക്കും ആഗ്രഹം ഇല്ല പോളെ.അപ്പൻ മരിച്ചപ്പോ നിവൃത്തികേട് കൊണ്ട് ഇറങ്ങിയതാ ഈ വെട്ടിനു.അപ്പന്റെ കൂട്ടാളികളെ മുഷിപ്പിക്കാൻ വയ്യതോണ്ടാ ഞാനും ഇതിനൊക്കെ കൂട്ട് നിൽക്കുന്നെ. നിനക്കറിയോ ഞാൻ ഇത് വരെ ഒരു മാടിനേം കൊ ന്നിട്ടില്ല.അവർ കൊന്ന് കഴിയുമ്പോ ഇറച്ചി വെട്ടൽ മാത്രം.

അവന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരിക്കുന്നു .പാവം എന്റെ സുഹൃത്തേ നിന്നെ ഞാൻ തെറ്റിദ്ധരിച്ചല്ലോ…

നീ കൊണ്ടൊയ്ക്കോ ഞാൻ ഇവരെ പറഞ്ഞു സമ്മതിപ്പിച്ചുകൊള്ളാം.പൈസ നീ പിന്നെ ഇവിടെ കൊണ്ട് വന്നു കൊടുത്താ മതി.

അങ്ങനെ ഇറച്ചി വാങ്ങാതെ ഞാൻ ആ മിണ്ടാപ്രാണികളെ വാങ്ങി വീട്ടിലെത്തി.

ബൈക്കിൽ പോയ ഞാൻ ഓട്ടോയിൽ പശുവിനെയും കൊണ്ട് വരുന്നത് കണ്ട അന്നയ്ക്ക് ശരിക്കും ഹാലിളകി..അവളുടെ അപ്പന്റെം അമ്മച്ചിയുടേം മുന്നിൽ വെച്ച് എന്നെ നല്ല ചീത്ത.

“കിഴങ്ങൻ ഭർത്താവ് ആയി പോയല്ലോ ദൈവമേ എനിക്ക്.എത്ര എത്ര നല്ല ആലോചനകൾ വന്നതാ..അന്നേരം അപ്പച്ചന് ഇങ്ങേരെ അല്ലെ ബോധിച്ചത്.എന്നിട്ടിപ്പോ അനുഭവിക്കുന്നതാരാ .ഈ ഞാൻ..

കണ്ടില്ലേ ഇറച്ചി വാങ്ങാൻ പോയിട്ട് പശുവിനേം കൊണ്ട് വന്നേക്കണേ.ഇവിടെ ഈ സാധനത്തെ വളർത്താൻ പറ്റില്ല..എനിക്ക് വയ്യ ചാണകം വാരാൻ.വന്ന വഴി കൊണ്ടോയ്ക്കോണം..എവിടെ കൊണ്ടോയ് കളയോ കൊല്ലോ എന്ത് വേണേലും കാണിക്കു..എന്നിട്ടിങ്ങോട്ടു കേറ്യാ മതി”..

ഒരടിയുടെ ശബ്ദം ആണ് പിന്നെ ഞാൻ കേട്ടത്.പിന്നെയും കേട്ടു ഒന്ന്.അപ്പച്ചനും അമ്മച്ചിയും അന്നമോളുടെ രണ്ടു ചെകിടിലും അവരുടെ “കൈ മുദ്ര” പതിപ്പിചിരിക്കുന്നു.

ഒന്നേ ഉള്ളു എന്ന് കരുതി ഞങ്ങൾ നിന്നെ കുറച്ചു അധികം ലാളിച്ചു.നിന്നെ ഇവന്റെ കയ്യിൽ ഏൽപ്പിക്കുമ്പോ ഒന്നേ ഞാൻ പറഞ്ഞുള്ളൂ.പിടിവാശി ഇച്ചിരി കൂടുതൽ ആണെങ്കിലും ഞങ്ങടെ അന്ന പാവമാ ,മോൻ പോന്നു പോലെ നോക്കണേ എന്ന്.നാളിതു വരെ അവൻ അത് ചെയ്തിട്ടുണ്ട്..ഇപ്പൊ നിന്നെക്കാളും വലിയത് ഞങ്ങൾക്ക് ഇവനാ..ഇത്രയും നന്മ ഉള്ള ഒരു ഭർത്താവിനെ കിട്ടാൻ നീ എന്ത് പുണ്യം ചെയ്തു..പിന്നെ നീ ഈ പറഞ്ഞ മിണ്ടാപ്രാണികൾ..നിന്നെ ഈ നിലയിൽ പഠിപ്പിക്കാനും വളർത്താനും എല്ലാം ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കി അത് ഇവരുടെ ചോരയും നീരും ഊറ്റി വിറ്റിട്ടാ.നിനക്ക് ഏഴു വയസ്സുള്ളപ്പോ നമ്മുടെ വീട്ടിൽ ഒരു മൂരി കിടാവുണ്ടായി..ഗതികേട് കൊണ്ട് അതിനെ വിറ്റപ്പോ..”എന്റെ മണിക്കുട്ടൻ” പോയെ എന്നും പറഞ്ഞു നീ ആ പകലും രാത്രിയും നിർത്താതെ കരഞ്ഞതും ,പനി പിടിച്ചതും ,ഒടുക്കം അപ്പച്ചൻ കഷ്ടപ്പെട്ട് പോയി അതിനെ തിരിച്ചു കൊണ്ട് വന്നതും എല്ലാം നീ മറന്നു പോയ്‌ അല്ലെ..എവിടെ പോയി മോളെ നിന്റെ ആ നന്മ..വളരുമ്പോ ഇതൊക്കെ എങ്ങനെ നിനക്ക് നഷ്ടപെടുന്നു….

മോനെ പോളെ..ഈ അപ്പച്ചനും അമ്മച്ചിം ഇവൾക്ക് വേണ്ടി മോനോട് ക്ഷമ ചോദിക്കുവാ.നീ വിഷമിക്കണ്ട .ഇതുങ്ങളെ ഞങ്ങൾ കൊണ്ട് പൊയ്ക്കോളാം.ഞങ്ങളുടെ മരണം വരെ സ്വന്തം മക്കളെ പോലെ ഞങ്ങൾ വളർത്തും…

അന്ന കരയുകയാണ്..ഇവൾ ഇങ്ങനെ കൊച്ചു കുട്ടികളെ പോലെ കരയുന്നത് ഇന്നാദ്യം ആയിട്ടാ ഞാൻ കാണുന്നത്..പൊട്ടിപെണ്ണ്.

അപ്പച്ചനും അമ്മച്ചീം എന്നോട് പൊറുക്കൂ..ഞാൻ ഇത്രക്കൊന്നും….പോവല്ലേ അപ്പച്ചാ…ഒന്ന് പറ അമ്മച്ചീ..

കാലിൽ വീണു കരച്ചിൽ ആണ്..എനിക്കും അത് കണ്ടപ്പോ സങ്കടം വന്നു.നമ്മുടെ മൂരികുട്ടനു പോലും വന്നു സങ്കടം.അവനും കരച്ചിൽ.അമ്മയും അച്ഛനും അല്ലെ..സ്വന്തം മകളോട് ക്ഷമിക്കാതിരിക്കാൻ ആവില്ലല്ലോ.അങ്ങനെ പിണക്കം ഒക്കെ മറന്നു നല്ലൊരു പച്ചക്കറി സദ്യ കൂട്ടി സന്തോഷമായി അവർ യാത്ര ആയി…

രാത്രി കിടക്കാൻ നേരം പതിവില്ലാതെ അന്ന ഇന്ന് അടുത്ത് വന്നു കിടന്നു..അല്ലെങ്കിൽ ചൂടാ ,ദേഹത്ത് മുട്ടികിടന്നാ ഉറങ്ങാൻ പറ്റില്ലാന്നു പറഞ്ഞു നീങ്ങി കിടക്കുന്ന ആളാ..ഇന്നിപ്പോ എന്റെ നെഞ്ചിൽ തല ചായ്ച്ചു… എന്റെ മനസ്സിൽ “വലിയൊരു പഴനി ലഡ്ഡു പൊട്ടി” ….

അച്ചായാ ..ഞാൻ മൂളി….

എന്റെ അപ്പച്ചൻ എന്ത് നല്ല മനുഷ്യനാ അല്ലെ.അതുകൊണ്ടല്ലേ എനിക്ക് എന്റെ പോളച്ചായനെ കണ്ടു പിടിച്ചു തന്നെ”..

ഓഹോ അപ്പൊ അവിടെയും ക്രെഡിറ്റ്‌ അപ്പച്ചന് തന്നെ..ഞാൻ വെറും …….സംഗതി അതൊന്നും അല്ല..ഇന്ന് രണ്ടെണ്ണം കിട്ടിയപ്പോ അവൾ നന്നായതാണെന്ന് എനിക്കല്ലേ അറിയൂ.

അച്ചായൻ എന്നോട് ക്ഷമിക്കണം കേട്ടോ..എന്താ എങ്ങനാ പറയാ എന്നൊന്നും എനിക്കറിയില്ല.അതുകൊണ്ടാ ഉച്ചക്ക്.എന്റെ നെഞ്ചിൽ പടരുന്ന കണ്ണീരിന്റെ ചൂട് ഞാൻ അറിഞ്ഞു.എന്റെ കണ്ണുകളും നിറയുന്നുവോ.വേണ്ട ഈ രാത്രി ഇങ്ങനെ കരഞ്ഞു തീർക്കാൻ ഉള്ളതല്ല.ഇനി സന്തോഷത്തിന്റെ നാളുകൾ ആണ്.പൊട്ടിയ ലഡ്ഡു നുണയാൻ ഉറുമ്പുകൾ വരുന്നതിനു മുന്നേ ഞങ്ങൾ തന്നെ അത് തീർക്കട്ടെ..നാളെ നേരത്തെ എണീറ്റ്‌ മണികുട്ടന്റെ പിറകെ ഓടാൻ ഉള്ളതല്ലേ……….

ശുഭം

Related Posts

Leave a Reply

Your email address will not be published. Required fields are marked *