കാലം കാത്തുവച്ചത് ~ ഭാഗം 09, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

പടി കടന്നു പോയ വസന്തത്തെ ഒരു കാഴ്ചക്കപ്പുറം നോക്കി നിന്നു ഞാൻ….

ഒരിക്കൽ കടന്നു പോയാൽ തിരികെ മടങ്ങി വരാനാവാത്ത വണ്ണം അന്യമാകുന്ന വസന്തത്തെ ഒരു പിൻവിളിയാൽ സ്വന്തമാക്കാൻ മനസ്സിന്റെ ഒരു പാതി കൊതിച്ചപ്പോൾ, നിസ്സഹായാവസ്ഥയുടെ കൂച്ചുവിലങ്ങു വീണ മറുപാതി പിന്തിരിഞ്ഞു…

അകന്നു പോകും തോറും ആര്യനിൽ നിന്നൊരു തിരഞ്ഞു നടത്തമാഗ്രഹിച്ചു ഞാനും മുറിയിലേക്ക് തിരികെ നടന്നു.. ബന്ധുക്കളുടെ ഇടയിൽ കൂടെ കടന്നു പോകുമ്പോൾ കടമായി പോലും ഒട്ടിച്ചു വെക്കാൻ ഒരു പുഞ്ചിരി കിട്ടിയില്ല…..
മുറിയിലേക്ക് കയറിയപ്പോൾ അവിടെയും ബന്ധുക്കൾ ഇരിക്കുന്നുണ്ട്…

എന്താ കല്യാണ പെണ്ണിന്റെ മുഖത്ത് ഒരു തെളിച്ചം ഇല്ലല്ലോ…. ഇവിടെ നിന്ന് പോകുന്നത് ഓർത്താണോ……. വേറെങ്ങോട്ടും അല്ലല്ലോ..സ്വന്തം മാമീടെ അടുത്തേക്കല്ലേ….

എന്നാലും ആ ഹരിയെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ ഈ കുഞ്ഞിനെ കെട്ടിക്കാൻ… എത്രയൊക്കെ അടുത്ത ബന്ധുവായാലും കൊലപാതകിയെന്ന പേര് പോവുമോ..

ഓരോരുത്തർ ഓരോ കാര്യങ്ങളായി പറഞ്ഞു ചർച്ചകൾ തുടങ്ങി…

അതെ കൊലപാതകി ആണ്… അയാളെക്കൊണ്ട് എന്നെ വിവാഹം ചെയ്യിപ്പിക്കാൻ അച്ഛന് ഒരു വിഷമവും ഇല്ലേ.. ഇനി ഞാൻ അച്ഛന്റെ മകൾ അല്ലെന്നുണ്ടോ.. മനസ്സ് നിറയെ വേദനകൾ മാത്രം…

പെട്ടെന്ന് മാമി അകത്തേക്ക് കയറി വന്നു… ഗായത്രീ വന്നേ… ചടങ്ങുകൾ തുടങ്ങാനായി… എല്ലാവരും ഒന്ന് പുറത്തേക്കിറങ്ങി നിൽക്കൂ ഗായത്രി വസ്ത്രം മാറി ഈ സാരി ധരിക്കൂ..

മുറിയിൽ നിന്നും മറ്റെല്ലാവരും പുറത്തേക്ക് പോയി… മാമി പോയി വാതിൽ ചേർത്തടച്ചു.. ഞാൻ ദേഹത്തു ചുറ്റിയിരുന്ന ദാവണി എടുത്തു മാറ്റി മാമി തന്ന സാരി ചുറ്റി… മനസ്സ് ഒപ്പം ഇല്ലാത്തതിനാൽ ഉടുത്തതൊന്നും ശരിയായില്ല…

എന്താ ഗായത്രി ഇത്…. ഇങ്ങനെ ആണോ സാരി ഉടുക്കണെ…. സാരി എന്റെ കയ്യിൽ നിന്നും വാങ്ങി അഴിച്ചു മാമി എന്നെ ഉടുപ്പിച്ചു… സാരി ഉടുത്തു കഴിഞ്ഞ് മുടി ഒതുക്കി കെട്ടിവച്ചു കഴിഞ്ഞപ്പോൾ വാതിലിൽ മുട്ട് കേട്ടു…

എന്റെ കയ്യിൽ മുല്ലപ്പൂ നൽകി മാമി പോയി വാതിൽ തുറന്നു.. അച്ഛൻ ആയിരുന്നു… കയ്യിൽ ഒരു ആഭരണപെട്ടി ഉണ്ടായിരുന്നു.. അത് മാമിയെ ഏല്പിച്ചു അച്ഛൻ തിരികെ നടന്നു….. ആഭരണപെട്ടിയിൽ നിന്നും ഒരു മുല്ലമൊട്ടുമാലയും രണ്ടു കാപ്പ് വളകളും ജിംകയും എടുത്ത് മാമി എന്നെ അണിയിപ്പിച്ചു. മുഖത്ത് കുങ്കുമം കൊണ്ടൊരു പൊട്ട് തൊടുവിച്ചു എന്റെ കയ്യിൽ നിന്നും പൂ വാങ്ങി മുടിയിൽ ചൂടി തന്നു.. ഒരുക്കം പൂർത്തിയായി എന്റെ കൈ പിടിച്ചു അകത്തളത്തിലേക്ക് കൊണ്ട് വന്നു…കിഴക്കോട്ട് അഭിമുഖമായി കിടക്കുന്ന കസേരയിൽ ഇരുത്തി.. മാമി കൊണ്ട് വന്നിരുന്ന മൈലാഞ്ചി ഈർക്കിൽ കൊണ്ടെടുത്തു എന്റെ ഇടതു കൈ വെള്ളയിൽ വട്ടത്തിൽ വരച്ചു… എന്നിട്ട് അടുത്തിരുന്ന മഞ്ഞളും ചന്ദനവും കൂടി അരച്ച മിശ്രിതം വിരലിൽ തോണ്ടിയെടുത്തു എന്റെ കവിളിൽ പുരട്ടി..

പിന്നെ ഓരോരുത്തരായി വന്നു കയ്യിൽ മൈലാഞ്ചിയും മുഖത്ത് മഞ്ഞളും പുരട്ടി. എല്ലാവരും വന്നു കഴിഞ്ഞപ്പോൾ എന്നോട് എഴുന്നേറ്റ് പോയി വസ്ത്രം മാറി ഭക്ഷണം കഴിക്കാൻ നിർദ്ദേശിച്ചു മാമി വീട്ടിലേക്ക് പോകാൻ ഇറങ്ങി.. അയാൾ വന്നിരുന്നു മാമിയെ കൊണ്ടുപോകുവാൻ.. ഞാൻ അവിടെ നിന്നും രക്ഷപെടാനായി ഗോവണി കയറി മുകളിലേക്ക് പോയി…. അത്രനേരം പിടിച്ചു നിർത്തിയ കണ്ണുനീർ മഴപോലെ പെയ്യാൻ തുടങ്ങി..

തലയിൽ നിന്ന് പൂ വലിച്ചെടുക്കുമ്പോൾ മുടിയിഴകൾ കൂടി പറിഞ്ഞു വന്നു… തലയോടിൽ വേദന തോന്നിയപ്പോൾ ഒരു ലഹരി ആയാണ് തോന്നിയത്… ഒരു തീരുമാനം എടുക്കാൻ കഴിവില്ലാത്ത, സ്വയം എരിഞ്ഞടങ്ങാൻ തീരുമാനിച്ച എന്നോട് തന്നെയുള്ള ദേഷ്യം അങ്ങനെ തീർത്തു…. കയ്യിൽ എടുത്ത പൂ ജനലിലൂടെ താഴെ കാണുന്ന ഓടിൻ പുറത്തേക്ക് വലിച്ചെറിയാൻ ഒരുങ്ങിയപ്പോൾ കയ്യിൽ ഒരു പിടുത്തം വന്നു.. ഒരു സ്പര്ശനത്താൽ ആളെ തിരിച്ചറിഞ്ഞു.. മനസ്സിൽ വീണ്ടും ഭയം കൂടുകൂട്ടി..

എന്താണ് ഗായത്രീ ദേവിക്ക് ഒരു ദേഷ്യം… ഈ പൂവും പൊട്ടും മഞ്ഞളും സാരിയുമെല്ലാം അണിഞ്ഞു സുന്ദരി ആയെന്ന് അമ്മ പറഞ്ഞു. എവിടെ… ഞാനൊന്ന് കാണട്ടെ… അയാൾ എന്റെ വലതു തോളിൽ പിടിച്ചു തിരിച്ചു അയാൾക്ക് നേരെ നിർത്തി… ഭയം കൊണ്ടും വെറുപ്പുകൊണ്ടും അയാളുടെ മുഖത്തേക്ക് നോക്കാതെ ഞാൻ തല കുനിച്ചു നിന്നു..

നീ ഇത്രയും ഒരുങ്ങിയിട്ട് എന്നെ കാണിച്ചില്ലെങ്കിൽ പിന്നെന്താ… എനിക്ക് കാണാൻ അല്ലെ നീ ഒരുങ്ങേണ്ടത്.. അയാൾ വഷളൻ ചിരിയോടെ പറഞ്ഞു…എനിക്ക് ദേഹം മുഴുവൻ വിറഞ്ഞു കയറി.. ഞാൻ ദേഹം വെട്ടിച്ചു അയാളുടെ കൈ തട്ടി മാറ്റി…

ഓഹ് ദേഷ്യം ആണോ…. എന്നോട് ദേഷ്യം കാണിച്ചു നിനക്ക് ജയിക്കാൻ ആവുമോ ഗായത്രി…

നേരെ നോക്ക്….. ഗായത്രീ….

എന്റെ മുഖത്ത് നോക്കാൻ…

അയാൾ അലറി… ഞാൻ ഞെട്ടി അയാളുടെ മുഖത്തേക്ക് നോക്കി.. ദാ ഇതു പോലെ…. ഇതുപോലെ ഞാൻ പറഞ്ഞാൽ അനുസരിച്ചോണം…. എന്നും പറഞ്ഞു കണ്ണുകൾ കൊണ്ട് എന്നെ ഉഴിഞ്ഞു…

പൂവും പൊട്ടും ആഭരണങ്ങളും എല്ലാം ഉണ്ട്… എന്നാലും എന്തോ ഒരു കുറവ് ഉണ്ടല്ലോ…

ഹ്മ്മ്…. സന്തോഷം… അതാണ്‌ നിന്റെ മുഖത്ത് ഇല്ലാത്തത്….

എനിക്കെന്താണ് കുറവ്… എന്നെ കാണാൻ സൗന്ദര്യം ഇല്ലേ, വിദ്യാഭ്യാസം ഇല്ലേ, പറയ്… നിനക്കെന്നെ ഇഷ്ടപെടാതെ ഇരിക്കാനും മാത്രം എന്താണ് എനിക്കുള്ള കുറവ്… അതോ നിനക്ക് മറ്റാരെയെങ്കിലും ഇഷ്ടം ആണോ…. അങ്ങനെ ആണെങ്കിൽ കൊന്നു കളയും ഞാൻ… നിന്റെ ജീവിതത്തിൽ ഞാൻ മാത്രമേ ഉണ്ടാവൂ… അത് നിന്റെ സമ്മതത്തോടെ ആണെങ്കിലും സമ്മതം ഇല്ലെങ്കിലും… എന്നെ ദേഷ്യം പിടിപ്പിച്ചു എന്നെ കൊണ്ട് കടും കൈകൾ ചെയ്യിക്കാൻ നീ നോക്കരുത് ഗായത്രീ.. എന്തൊക്കെ സംഭവിച്ചാലും നീ എനിക്കുള്ളതാണ്… ഈ രാത്രി നീ നന്നായി ആലോചിക്ക് എന്നെ സ്നേഹിച്ചും അനുസരിച്ചും ജീവിക്കണോ അതോ എന്നെ അനുസരിക്കാതെ എന്റെ ദേഷ്യത്തിന് ഇരയാവണോ എന്ന്…

അത്രയും പറഞ്ഞു അയാൾ മുണ്ട് മടക്കി കുത്തി പുറത്തേക്ക് ഇറങ്ങിപോയി.. ഞാൻ അയാളുടെ വാക്കുകളിൽ പെട്ട് കുറച്ചു നേരം ഒന്നും ചെയ്യാനാവാതെ നിന്നു.. വരണ്ട കണ്ണുകൾ അമർത്തി തുടച്ചു സാരി കട്ടിലിൽ അഴിച്ചിട്ടു ബാത്റൂമിലേക്ക് കയറി.. തലയിലൂടെ വെള്ളം കോരി ഒഴിക്കുമ്പോൾ മനസ്സിലെ കനൽ കൂടുതൽ ആളുകയല്ലാതെ ആറി തണുക്കുക ഉണ്ടായില്ല…

ഏറെ നേരം ആ നനവിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ മുറിയിൽ അമ്മ ഉണ്ടായിരുന്നു.. ഒന്നും മിണ്ടാതെ അമ്മ എന്നെ ചേർത്ത് പിടിച്ചു.. എനിക്ക് ഇന്ന് ഭക്ഷണം ഇറങ്ങില്ലെന്ന് ഉറപ്പുള്ളതിനാൽ അമ്മ കിണ്ണത്തിൽ കൊണ്ട് വന്ന ഭക്ഷണം വാരി ഉരുളകൾ ആയ എനിക്ക് നേരെ നീട്ടി… കണ്ണീരൊഴുക്കി കൊണ്ട് ഞാൻ അവ വാങ്ങി കഴിച്ചു.. ഒടുവിൽ ഒന്നും മിണ്ടാതെ അമ്മ താഴേക്ക് ഇറങ്ങി പോയി… പിന്നെ ഒരു ശൂന്യത ആയിരുന്നു.. ഉറക്കം കണിയാതായപ്പോൾ പതിയെ മുറി വിട്ട് പുറത്തേക്ക് ഇറങ്ങി… അച്ഛമ്മയുടെ മുറിയിലേക്ക് നടന്നു.. ചാരിയിട്ട വാതിൽ തുറന്നു അകത്തു കയറി.. അച്ഛമ്മയോട് ചേർന്ന് കിടന്നു.. ഞാൻ വന്നത് അറിഞ്ഞു അച്ഛമ്മ ചുളിഞ്ഞ കൈകളാൽ എന്നെ ചേർത്ത് പിടിച്ചു…

കുഞ്ഞി എന്തിനാ വിഷമിക്കണെ… ന്റെ ഹരികുട്ടൻ പാവമാണ്.. മൂക്കത്തു ശുണ്ഠി ഉണ്ടെന്നേ ഉള്ളൂ…. കുഞ്ഞി വിചാരിച്ചാൽ അവനെ നേരെയാക്കാൻ പറ്റും… ഇപ്പൊ ഒന്നും ചിന്തിക്കാതെ ഉറങ്ങൂ.. നാളെ വിവാഹം അല്ലെ…. അച്ഛമ്മയുടെ വിരലുകൾ എന്റെ തലമുടിയിൽ തലോടികൊണ്ടിരുന്നു.

********************

രാവിലെ അമ്മ വന്നു വിളിച്ചപ്പോൾ ആണ് എഴുന്നേറ്റത്.. കുളത്തിൽ അമ്മക്കൊപ്പം പോയി മുങ്ങി കുളിച്ചു.. ഇപ്പോൾ മനസ്സിൽ വേദനയും വിഷമവും ഒന്നും ഇല്ല.. നിർ വികാരമായിരിക്കുന്നു മനസ്സ്.. എന്തും നേരിടാൻ സജ്ജമാവുകയാണ്..

മുറിയിൽ ചെന്നപ്പോൾ ചുവന്ന കസവു സാരിയും മുല്ലപ്പൂവും ആഭരണങ്ങളും ഇരിപ്പുണ്ടായിരുന്നു. അമ്മ സാരി ഉടുപ്പിച്ചു ആഭരണങ്ങൾ അണിയിച്ചു തലമുടി കോതി കെട്ടി.. മുടിയിൽ പൂ ചൂടി.. അപ്പോഴേക്കും താഴെ അച്ഛൻ വിളിക്കുന്നത് കേട്ടു… അമ്മ എന്നെ താഴേക്ക് കൊണ്ടുപോയി… അച്ഛൻ അമ്മയുടെ കയ്യിൽ ഏല്പിച്ച പണവും വെറ്റിലയും പഴുക്കടക്കയും മൂത്തവർക്ക് എല്ലാവർക്കും നൽകി കാൽക്കൽ കുമ്പിട്ടു അനുഗ്രഹം വാങ്ങി.. അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. അമ്മയുടെ കാൽ തൊട്ട് വന്ദിച്ചപ്പോൾ എന്റെ ഇരുകൈകളും കൂട്ടിപ്പിടിച്ചു അമ്മ നന്നായി വരട്ടെ എന്ന് അനുഗ്രഹിച്ചു..

വരനും കൂട്ടരും എത്തി എന്ന് ആരോ മുറ്റത്തു നിന്നും വിളിച്ചു പറഞ്ഞു.. അതു കേട്ടു അച്ഛനും ഗൗതമനും പുറത്തേക്ക് ധൃതിയിൽ ഇറങ്ങി പോയി…മുറ്റത്തു വിശാലമായി കെട്ടി ഒരുക്കിയ പന്തലിനു വെളിയിൽ നിന്നിരുന്ന അയാളുടെ കാലിൽ ഗൗതമൻ വെള്ളം ഒഴിച്ചു കഴുകി കോടി മുണ്ട് തുടച്ചു.. അച്ഛമ്മ അരിയും പൂവും തലയിലിട്ടു… ഗൗതമൻ അയാളുടെ കൈ പിടിച്ചു മുറ്റത്ത് ഒരുക്കിയ പന്തലിലേക്ക് നടന്നു…

വധുവിനെ വിളിക്യാ…. പന്തലിൽ നിന്നും പൂജാരി ഉറക്കെ പറഞ്ഞു…

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *