എന്റെ മുടിയിൽ തലോടിക്കൊണ്ട് ഉമ്മ പറയാൻ തുടങ്ങി, “എന്റെ മോന് ഞാൻ പറഞ്ഞത് വിഷമമായെങ്കിൽ ഉമ്മാനോട് പൊറുക്കേടാ,ഉമ്മ അങ്ങിനെയൊന്നും മോനോട് പറയരുതായിരുന്നു…….

ഉമ്മ മനസ്സ്

എഴുത്ത്:- സൽമാൻ സാലി

ഒന്നരവർഷത്തിന് ശേഷമാണ് ആദ്യമായി ലീവിന് നാട്ടിൽ വരുന്നത്. വന്നു അഞ്ചാം നാൾ കൂട്ടുകാരുമായി ടൂറടിച്ചു വന്നത് നാല് ദിവസം കഴിഞ്ഞിട്ടാണ്. എല്ലാദിവസവും രാവിലെ ചായകുടിച്ചിറങ്ങിയാൽ പിന്നെ വീടണയുന്നത് മിക്കവാറും രാത്രി ആയിട്ടായിരിക്കും.. വല്ലപ്പോഴും മാത്രമേ ഉച്ചക്ക് വീട്ടിലെത്താറുള്ളു…

ഉച്ചക്ക് വീട്ടിലെത്തിയ ഒരുദിവസം ചോറ് തിന്നുകൊണ്ടിരിക്കുമ്പോൾ ഉമ്മ അടുത്ത് വന്നു നിന്നു സംസാരിക്കാൻ തുടങ്ങി..

” നീ ഇങ്ങനെ ടൂറും കറക്കവുമായി നടന്നു പൈസ തീർത്തോ.എല്ലാ ദിവസവും ഇങ്ങനെ കറങ്ങിനടക്കാൻ മാത്രം എന്റെ മോന്റെ കയ്യിൽ പൈസ ആയോ.. !!

ഉമ്മയുടെ സംസാരം കുറച്ചു കടുത്തതായിരുന്നു.. ചോറടങ്ങിയ പ്ലേറ്റ് തട്ടിമാറ്റികൊണ്ട്.

‘നിങ്ങൾക് എപ്പോ നോക്കിയാലും ഇങ്ങനെ പൈസ തീരുന്നതു മാത്രമേ പറയാനുള്ളൂ.സ്കൂളിപഠിക്കുമ്പൊ ടൂറുപോട്ടെ എന്നുചോയിച്ചാൽ ഇപ്പൊ പോണ്ടാ വലുതായിട്ട് പോയാമത്തിന്ന് പറയും. രാത്രി പത്തുമണികഴിഞ്ഞാൽ വീട്ടിൽ വരുമ്പോൾ അതിനും ചീ ത്ത.ഞാൻ ഉണ്ടാക്കിയ പൈസ ഞാൻ എങ്ങനെ യെങ്കിലും തീർക്കും ഒറ്റയടിക്ക് ഇത്രയും പറഞ്ഞു ബൈക്കുമെടുത്ത് വീട്ടിൽ നിന്നിറങ്ങി….

രാത്രി വൈകിയാണ് വീട്ടിലെത്തിയത്. ഉമ്മറത്തെ ലൈറ്റ് അണച്ചിരിക്കുന്നു, അകത്തു ലൈറ്റ് ഉണ്ട് ബെല്ലടിച്ചപ്പോൾ ഉമ്മ വാതിൽ തുറന്നു തന്നു.അകത്തു കയറിയപ്പോൾ ടേബിളിൽ ഭക്ഷണം ഉണ്ട് സാധാരണ പുറത്തുനിന്നു ഭക്ഷണം കഴിച്ചു വന്നാൽ നേരെ റൂമിൽ കയറി കിടക്കാറാണ് പതിവ്.. പക്ഷെ ഇന്നെന്തോ നല്ല വിശപ്പ്..

കൈകഴുകി ടേബിളിൽ ഇരുന്നു പത്തിരിയും മുട്ടകറിയുമാണ്.. അതെടുത്തു കഴിക്കാൻ തുടങ്ങി.. എപ്പോഴും വാതിൽ തുറന്നുതന്ന് ഉറങ്ങാൻ പോകുന്ന ഉമ്മ ഇന്ന് അടുത്ത് വന്നിരുന്നു..

എന്റെ മുടിയിൽ തലോടിക്കൊണ്ട് ഉമ്മ പറയാൻ തുടങ്ങി, “എന്റെ മോന് ഞാൻ പറഞ്ഞത് വിഷമമായെങ്കിൽ ഉമ്മാനോട് പൊറുക്കേടാ,ഉമ്മ അങ്ങിനെയൊന്നും മോനോട് പറയരുതായിരുന്നു. മോന്റെ സന്തോഷത്തിന് എതിര് നിന്നതല്ല ഉമ്മ മോൻ കഷ്ട്ട പെട്ടു സമ്പാദിച്ച പൈസ ഇങ്ങനെ പെട്രോളടിച്ചും ഹോട്ടൽ ഭക്ഷണം കഴിച്ചും തീർക്കുന്നത് കണ്ടിട്ട് പറഞ്ഞു പോയതാ..

ഇത്രയും കേട്ടപ്പോൾ തന്നെ ചവച്ചിറക്കിയ പത്തിരി തൊണ്ടയിൽ കുരുങ്ങിയതു പോലെ.എന്റെ റബ്ബേ എന്റെ സംസാരം ഉമ്മയെ വിഷമിപ്പിച്ചിട്ടുണ്ട് മനസ്സിലെ സങ്കടം കണ്ണുനീരായി കണ്ണിൽ നിറഞ്ഞിരിക്കുന്നു..

“ഉമ്മാ ഞാൻ… പറഞ്ഞു തീർക്കാൻ സമ്മതിക്കാതെ ഉമ്മ തുടർന്നു. ഇനി ഉമ്മ മോന് വിഷമിപ്പുകൂല.. മോൻ ഇറങ്ങിപോയപ്പോൾ തൊട്ട് എന്തോ ഞാൻ മോനോട് പറഞ്ഞത് കുറച്ചു കൂടിപ്പോയോ എന്നൊരു സംശയം അതാ മോൻ വരുന്നതുവരെ ഉറങ്ങാതെ കാത്തുനിന്നത്.ഉമ്മയുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്…

ഉമ്മയെ കെട്ടിപിടിച്ചുകൊണ്ട് “ന്റെ ഉമ്മാ ഞാനാ ഒന്നും ആലോചിക്കാതെ അങ്ങിനെയൊക്കെ പറഞ്ഞത് ഉമ്മ എന്നോട് പൊറുക്കണം, ഇത്രയും പറഞ്ഞെങ്കിലും തൊണ്ടയടറിയതുകൊണ്ട് വാക്കുകൾ വ്യക്തമായിരുന്നില്ല, (അല്ലെങ്കിലും അമ്മമാർക്ക് മക്കളുടെ സംസാരം അറിയാൻ വാക്കുകൾ വേണ്ടല്ലോ )

സാരമില്ല മോനേന്നും പറഞ്ഞു റൂമിലേക്ക്‌ പോകാൻ നോക്കിയ ഉമ്മയുടെ കൈപിടിച്ച് കസേരയിലിരുത്തി പത്തിരി പ്ളേറ്റ് ഉമ്മയുടെ മുന്നിലേക്ക് നീക്കി..”ഇനി ഉമ്മ ഇത് വാരിത്തന്നിട്ട് പോയാൽ മതി..

പത്തിരി കഷ്ണം കറിയിൽ മുക്കി ആവോളം സ്നേഹവും ചേർത്തുരുട്ടി വായിൽവെച്ചുതരുന്ന ഉമ്മയെനോക്കി നിറകണ്ണുകളോടെ പുഞ്ചിരിക്കാനേ കഴിയുന്നുണ്ടായിരുന്നുള്ളു….. !!!

************************

ഇത് എഴുതി ആദ്യം അയച്ചുകൊടുത്തത് ഉമ്മാക് ആണ് .. ” ഇയ്യ്‌ അത് ഇപ്പളും ഓർക്കുന്നുണ്ടോ എന്നൊരു മറുപടിയിൽ ഒതുക്കിക്കളഞ്ഞു ഉമ്മ എല്ലാം ….

Related Posts

Leave a Reply

Your email address will not be published. Required fields are marked *