എനിക്കത് ഊരാനും കെട്ടാനുമൊന്നും അറിഞ്ഞൂടാ.. താഴെക്കാരുടെ വീട്ടിൽ വെട്ടം കാണും തോറും ചങ്ക് പൊട്ടുവാ.. ഞാൻ ഫോണെടുത്ത് എലെക്ട്രിസിറ്റി ഓഫീസിൽ വിളിച്ച്…..

എഴുത്ത് :- അബ്രാമിൻ്റെ പെണ്ണ്

സീൻ 1…

അമ്പലത്തിൽ ഉത്സവത്തിന് പോയിട്ട് (കഥകളിയാരുന്നു കേട്ടോ,, അതും ഒരു ദിവസം പതിനായിരം തവണ വീതം ഓർമ്മിപ്പിച്ച് കെട്ടിയോനെക്കൊണ്ട് സമ്മതിപ്പിച്ചിട്ട് ) രാത്രി ഒരു മണിയോടെ വീട്ടിലെത്തുന്ന കെട്ട്യോനും അങ്ങേര്ടെ പാവപ്പെട്ട ഭാര്യയും രണ്ട് പിള്ളേരും…മഴക്കോളുണ്ട്,, അതുകൊണ്ടായിരിക്കും ചൂടിന്റെ അതി പ്രസരം കാരണം ലങ്ങേർക്ക് അപ്പൊ മേല് കഴുകണം പോലും.. നമ്മടെയല്ലല്ലോ, അങ്ങേര്ടെയല്ലേ,, പോയി കഴുകട്ടെന്ന് കെട്ടിയോളും കരുതി.

ബാത്‌റൂമിൽ കേറി പൈപ്പ് ഓൺ ചെയ്ത് ലേശം സമയം കഴിഞ്ഞപ്പോ പിന്നെ വെള്ളം വരുന്നില്ല..ടാങ്കിൽ വെള്ളം തീർന്ന്..

“പകല് മൊത്തം വീട്ടിലിരുന്നാലും ടാങ്കിൽ വെള്ളമടിച്ചിടത്തില്ല.. അതെങ്ങനാ ഫോണിൽ തോണ്ടാൻ തുടങ്ങിയാൽ പിന്നെ വേറെന്തെങ്കിലും ഓർക്കുവോ…

തല ബാത്റൂമിന്റെ വെളിയിലേക്കിട്ട് അങ്ങേര് അലറി.. കഥകളി കണ്ടതിന്റെ ഹാങ്ങോവർ മാറിയില്ലെന്ന് തോന്നുന്നു.. പകല് വീട്ടിലിരിക്കുന്നത് കൊണ്ട് ടാങ്കിൽ വെള്ളമടിച്ചിടണമെന്ന് നിർബന്ധമുണ്ടോ… എന്ത് ചെയ്താലും കുറ്റം ഫോണിന്റെ മണ്ടയ്ക്കോട്ട്…

അങ്ങേരെക്കൊണ്ട് കൂടുതൽ സംസാരിപ്പിക്കാതെ കെട്ടിയോൾ പോയി വെള്ളമടിക്കാൻ വേണ്ടി മറ്റേ സുച്ച് ഓണാക്കി… ഒരഞ്ചു മിനിറ്റ്… വലിയൊരു കാറ്റും കൂടെ എന്തോ താഴെ വീഴുന്ന ശബ്ദവും കേട്ട്..കറന്റ്‌ പോയി…

എന്തായാലും അങ്ങേർക്ക് കുളിക്കാനൊള്ള വെള്ളം കിട്ടി.. മരമേതാണ്ട് ഒടിഞ്ഞു വീണയാ.. ഇനി കറന്റ്‌ രാവിലെ നോക്കിയാ മതി..കുളിച്ചിട്ട് വന്ന് പിറുപിറുക്കുന്ന ലങ്ങേരെ നോക്കി പൊതപ്പു തലവഴി മൂടി കെട്ട്യോൾ കെടക്കുമ്പം സമയം കൃത്യം 2:10…

ഉറങ്ങുന്നതിനു മുൻപ് മഴ തുടങ്ങിയിരുന്നു.. കൂടെ കാറ്റും… പിറ്റേന്ന് രാവിലെ അഞ്ചരയോടെ കെട്ടിയോൾ എഴുന്നേൽക്കുമ്പോളും മഴ തോർന്നിട്ടില്ല.. മുറ്റത്തൂടെയൊക്കെ കടല് പോലെ വെള്ളം പാഞ്ഞു പോകുന്ന ശബ്ദം . ഈ കണ്ട പ്രായത്തിനിടെ ഇങ്ങനൊരു മഴ കണ്ടിട്ടില്ലെന്ന് ആ പാവം ആത്മഗതം ചെയ്തു.. ശേഷം അടുത്ത് കിടക്കുന്ന ലങ്ങേരുടെ കാലിൽ തൊട്ട് തൊഴുതിട്ട് എണീറ്റ് അടുക്കളയിൽ ചെന്ന് ജനല് തൊറന്നു വെളിയിലേയ്ക്ക് നോക്കുമ്പോ ഒണ്ടെടാ പെരുമഴ… ഒന്നൂടെ സൂക്ഷിച്ചു നോക്കിയപ്പോ അയലോക്ക ക്കാർക്കൊന്നും മഴ പെയ്യുന്നില്ല.. ഞങ്ങടെ വീടിന്റെ മോളിൽ മാത്രേ പെയ്യുന്നൊള്ളടേ..

“നല്ല മനുഷ്യരൊള്ളടത്തേ മഴ പെയ്യൂ “,, എന്ന സാമാന്യ ബോധമുണ്ടാരുന്നെങ്കിലും നമ്മക്ക് മാത്രം പെയ്യുന്ന മഴയെ കാണാൻ കെട്ടിയോനെയും കൊച്ചുങ്ങളെയും ഒറക്കത്തിൽ നിന്ന് വിളിച്ചുണർത്തി.. അങ്ങേരോട് വീട്ടിൽ സംഭവിച്ച അത്ഭുതം പറഞ്ഞപ്പോ വിശ്വസിയ്ക്കുന്നില്ല.. ചാടിയെണീറ്റ് കൈലിയുമെടുത്ത് അതിയാൻ അടുക്കളയിലേയ്ക്ക് പാഞ്ഞു പോയി.. “മഴ പെയ്യുന്നത് മുറ്റത്തല്ലേ,, നിങ്ങള് അടുക്കളയിൽ എന്തോ കാണാൻ ഓടുവാ “എന്ന് ചോദിച്ചോണ്ട് പൊറകെ ഞാനും ഓടി..

അങ്ങേര് വെള്ളമടിച്ചിടുന്ന സുച്ചിലേയ്ക്ക് ഓടിച്ചെന്ന് നോക്കുന്നു..

“നാശം പിടിച്ചവള്,, രാത്രി കറന്റ് പോയപ്പോ സുച്ച് ഓഫാക്കാതെ പോയി കെടന്നിട്ട് വെള്ളം മൊത്തം ഒഴുക്കിക്കളഞ്ഞല്ലോ ദൈവമേ.. കറന്റ് എപ്പോളാ വന്ന തെന്ന് ആര് കണ്ട്.. കെണറ്റിൽ ഇനി വെള്ളമൊണ്ടോന്ന് ആർക്കറിയാം.. കറന്റ്‌ ചാർജ്ജ്‌ എത്രയായിക്കാണും…

അതിയാൻ എന്നെ നോക്കി അലറി വിളിക്കുന്ന്.. ശരിയാ,, രാത്രി സുച്ച് ഓഫാക്കാൻ മറന്ന് പോയതാ…ടാങ്ക് നെറഞ്ഞു വെള്ളം മുറ്റത്തൂടെ പാഞ്ഞു പോയ ശബ്ദമാര്ന്നു ഞാൻ കേട്ടത്..

കെണറ് വൃത്തിയാക്കാൻ വെച്ചിരുന്ന കാശും അങ്ങേര്ടെ ഒരൂസത്തെ ശമ്പളവും കൂടെടുത്ത് ആ മാസത്തെ കറന്റ് ബില്ലടച്ചു…

സീൻ 2…

കെട്ടിയോന്റെ ബന്ധത്തിലൊരു ചെറുക്കന്റെ കല്യാണം.. അന്നും വില്ലൻ ഇടിയും മിന്നലുമാരുന്നു.. മഴയില്ല.

കല്യാണ വീട്ടിൽ പോയിട്ട് ഞാനും കൊച്ചുങ്ങളും രാത്രിയിൽ തിരിച്ചു വന്ന്… അങ്ങേര് അവിടെ നിക്കുവാ.. കൊച്ചുങ്ങള് ടിവി വെച്ചു സീരിയൽ കണ്ടോണ്ടിരിക്കുമ്പം ഇടി പൊട്ടി.. മീറ്റർ ബോർഡിൽ കൂടെ തീയും പൊകയും..

“നിർത്തെടാ ടിവി..”

എന്ന് ഞാൻ പറഞ്ഞു.. കൊച്ചെർക്കൻ ചാടിയെ ണീറ്റ് ടിവി നിർത്തി.. എന്തൊരു മിന്നലും ഇടിയും.. ഞാൻ വീട്ടിലെ സകല സുച്ചും ഓഫാക്കി… മെയിൻ സുച്ച് ഉൾപ്പെടെ….

കൊറേ നേരം കഴിഞ്ഞു ഇടിയും മിന്നലുമൊക്കെ മാറി താഴെക്കാര് ലൈറ്റ് ഇട്ട് കഴിഞ്ഞപ്പോ ഞാൻ മെയിൻ സുച്ച് ഓണാക്കി.. കറന്റ് വരുന്നില്ല…

മീറ്ററിൽ കറന്റുണ്ട്.. ഫ്യൂസ് പോയതാരിക്കും.. എനിക്കത് ഊരാനും കെട്ടാനുമൊന്നും അറിഞ്ഞൂടാ.. താഴെക്കാരുടെ വീട്ടിൽ വെട്ടം കാണും തോറും ചങ്ക് പൊട്ടുവാ.. ഞാൻ ഫോണെടുത്ത് എലെക്ട്രിസിറ്റി ഓഫീസിൽ വിളിച്ച്..

ഞങ്ങൾക്ക് മാത്രം കറണ്ടില്ലാത്തതും താഴെക്കാർക്ക് കറന്റുള്ളതും പ്രത്യേകം പ്രത്യേകം ഓർമ്മിപ്പിച്ചു.. അവര് പിറ്റേന്ന് വന്ന് നോക്കാമെന്ന് സമാധാനിപ്പിച്ചു.

ഒൻപത് മണിയോടെ കെട്ടിയോൻ വീട്ടിലെത്തി.. മൊബൈലിലെ വെട്ടത്തിൽ ചോറ് കഴിക്കുന്ന ഞങ്ങളെ കണ്ട് അന്തം വിട്ടു… വീട്ടിലുണ്ടായ സംഭവങ്ങൾ ഞാനങ്ങേരോട് പറഞ്ഞപ്പോ അങ്ങേര് ചെന്ന് മീറ്റർ ബോർഡിൽ നോക്കി.. ഫ്യൂസ് ഊരി നോക്കിയപ്പോ അതിൽ കുഴപ്പമൊന്നുമില്ല.. അങ്ങേര് ടോർച്ചുമടിച്ചോണ്ട് വന്ന് അകത്തു കേറി സിറ്റൗട്ടിലെ സുച്ച് ബോർഡിലോട്ട് വെട്ടമടിച്ചു.. എന്നിട്ടെന്നെയൊരു നോട്ടം.. ഞാനും അങ്ങേരെ നോക്കി.. അങ്ങേര് പിന്നേം നോക്കുവാ.. കല്യാണത്തിന്റന്നു പോലും ഇങ്ങേരെന്നെ ഇങ്ങനെ നോക്കീട്ടില്ല.. ഇനി മുഖത്ത് വല്ലോം പറ്റിയിരിപ്പോണ്ടായിരിക്കുവോ.. എനിക്ക് സംശയം.. ഞാൻ തോർത്ത്‌ വെച്ച് മുഖം തൊടച്ചു.. എന്നിട്ടും നോക്കുവാ..

“നിങ്ങളെന്തിനാ ഇങ്ങനെ നോക്കുന്നെ,, മനുഷ്യനേ കണ്ടിട്ടില്ലേ..

ഒടുക്കം ഞാൻ സഹികെട്ടു ചോദിച്ചു..

“ഈ സുച്ച് ഓഫ് ചെയ്തിട്ടാൽ ലൈറ്റ് എങ്ങനെ കത്തുമെടീ..

ന്നും പറഞ്ഞ് അങ്ങേര് സുച്ച് ഓൺ ചെയ്ത്.. ബൾബ് കത്തിയെടെ…

നേരത്തെ സുച്ച് ഓഫാക്കാൻ മറന്നതാരുന്നെങ്കി ഇപ്പം ഓണാക്കാൻ മറന്നതാർന്നു..

ഇത് ഒരു രോഗമാണോ ഗുയ്സ്‌… സുച്ച് കാരണം ഞാൻ അനുഭവിയ്ക്കുന്ന ഈ മന:പ്രയാസം മാറാൻ എന്തെങ്കിലും വഴിയുണ്ടോ..

ഉണ്ടെങ്കിൽ പറഞ്ഞു തരണം…

Related Posts

Leave a Reply

Your email address will not be published. Required fields are marked *