എല്ലാം സെറ്റായി വന്നപ്പോളാണ് അളിയന്റെ ഭാര്യ വീട്ടുകാരെ സൽക്കാരം അന്ന് ഉണ്ടെന്ന് ഞാനറിയുന്നത് .. അതിന്റെ കലിപ്പാണ്‌ ഓൾക്ക്…….

എഴുത്ത് :- സൽമാൻ സാലി

” എടീ നീ ഇതുവരെ ഇറങ്ങിയില്ലേ .. നിന്നെ അവിടെ കൊണ്ടാക്കിയിട്ട് വേണം എനിക്ക് തിരിച്ചു പോരാൻ …?

അല്ലേലും നമ്മടെ ചങ്കിന്റെയോ വേണ്ടപെട്ടവരുടെയോ എന്തേലും പരിപാടി ഉണ്ടേൽ അന്ന് കെട്യോളുടെ വീട്ടിൽ എന്തേലും പരിപാടി കാണും ..

രണ്ടാഴ്ച ആയിട്ട് കാത്തിരിക്കുന്നതാ ചങ്കിന്റെ പെങ്ങടെ മോൾടെ കാത് കുത്ത് .. സംഗതി ഞങ്ങൾ ഫ്രണ്ട്‌സ് ഒക്കെ ഒന്ന് കൂടാൻ തീരുമാനിച്ചപ്പോ അവൻ പറഞ്ഞതാണ് അവന്റെ വീട്ടിൽ ഫങ്ക്ഷൻ ഉണ്ട് അന്ന് കൂടാം എന്ന് .. പിന്നെ ചങ്ക് ഒരു ഷെഫ് ആയതുകൊണ്ട് നല്ല കിടിലൻ ഫുഡും അടിക്കാം ..

എല്ലാം സെറ്റായി വന്നപ്പോളാണ് അളിയന്റെ ഭാര്യ വീട്ടുകാരെ സൽക്കാരം അന്ന് ഉണ്ടെന്ന് ഞാനറിയുന്നത് .. അതിന്റെ കലിപ്പാണ്‌ ഓൾക്ക് ..

” ഹാ അല്ലേലും ന്റെ വീട്ടില് എന്തേലും പരിപാടി ഉണ്ടേൽ അന്ന് ഇങ്ങക്ക് പതിനായിരം കൂട്ടം പണി ണ്ടാവുമല്ലോ ..

” ഇങ്ങളും ഇവിടുത്തെ കോഴിയും ഒരേ കൂട്ടാ .. എന്നും എന്തേലും കൊത്തിപ്പെറുക്കി അലഞ്ഞു തിരിഞ്ഞു നടക്കും ഒരാവശ്യത്തിന് നോക്കിയാൽ അന്ന് എവിടേം കാണൂല ..

ഒരുവിധം ഓളെ പറഞ്ഞു സമാധാനിപ്പിച്ചു അവളേം വീട്ടിലാക്കി ചങ്കിന്റെ വീട്ടിൽ എത്തുമ്പോഴേക്കും ഉച്ച ആയിരുന്നു .. കുറച്ചു നേരം കത്തിയടിച്ചു നിക്കുമ്പോൾ എല്ലാരേയും ഫുഡ് കഴിക്കാൻ വിളിച്ചു ..

എന്നും വാട്സാപ്പ് ഗ്രൂപ്പിൽ അവന്റെ വെറൈറ്റി കുക്കിങ് ഫോട്ടോ കണ്ടു എന്തേലുമൊക്കെ സ്‌പെഷ്യൽ ഉണ്ടാവുമെന്ന് ഉറപ്പായിരുന്നു ..

എല്ലാരും ഇരുന്നപ്പൊ ആദ്യം വന്നത്‌ വാഴ ഇലയായിരുന്നു അപ്പൊ തന്നെ മനസ്സിൽ ബിജിഎം എത്തി ” സൂര്യ കിരീടം വീണുടഞ്ഞു ..

ഇലയിൽ ആയിരിക്കും ബിരിയാണിയും അവന്റെ ഷെസ്വാൻ നൂഡിൽസോക്കെ വിളമ്പുന്നത് എന്ന് മനസ്സിൽ കരുതി ..

ധാ വരുന്നു ഉപ്പ് . അച്ചാർ , ഉപ്പേരി , പച്ചടി , കിച്ചടി , കാളൻ , തോരൻ , ഇളവൻ , എന്നിങ്ങനെ വേണ്ട ഓട്ടോ സ്റ്റാൻഡിൽ ഓട്ടോറിക്ഷ നിർത്തിയ പോലെ വാഴയില നിറഞ്ഞു ..

പെട്ടെന്നാണ് ഫോണിൽ കെട്യോളുടെ മെസ്സേജ് വന്നത് .. പത്തിരുപത് ഫോട്ടോസും ..

ചിക്കൻ ചില്ലി കുഴിമന്തി എന്ന് വേണ്ട തൈരിലെ കുക്കുമ്പർ ഒഴികെ ബാക്കി എല്ലാം നോൺ വെജ് ..

തിരികെ ഞാൻ വരുമെന്നു വാർത്താ കേൾക്കാനായി കെട്യോള് കൊതിക്കാറുണ്ടെന്നും . തിരികെ മടങ്ങുവാൻ ബിരിയാണി തിന്നുവാൻ ഞാനും കൊതിക്കാറുണ്ടെന്നും ..അപ്പൊ മനസ്സിന്റെ ഉള്ളിൽ ഒരു മൂളിപ്പാട്ട് വെറുതെ പുറത്തോട്ട് വരുന്നുണ്ടായിരുന്നു ..

കോഴിക്കാല് പൊരിച്ചതിനെ മനസ്സിൽ ധ്യാനിച്ച് മുരിങ്ങാക്കോൽ കടിച്ചു പറിച്ചു ഞാൻ ആ സങ്കടം അങ്ങട് തീർത്ത് അല്ല പിന്നെ ..

അപ്പോഴാണ് ചങ്കിന്റെ ചോദ്യം എടാ കുറച് രസം ഒഴിക്കട്ടെ എന്ന് ..

അതേടാ ഇപ്പോഴല്ല രസം ഈ പരിപാടി ഒന്ന് കഴിയട്ടെ അപ്പൊ കാണിച്ചു തരാം രസം .. ഇന്നവന്റെ മജ്ജത്ത് ഞാനെടുക്കും ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *