“ഏട്ടൻ എന്നോട് മിണ്ടുന്നില്ല അമ്മാ..” ശീതൾ പറയുന്നത് കേട്ട് മുറ്റമടിക്കുന്നത് നിർത്തി പവിത്ര ശീതളിനെ നോക്കി…..

പ്രിയമുള്ളതിനോളം..

Story written by Unni K Parthan

“ഏട്ടൻ എന്നോട് മിണ്ടുന്നില്ല അമ്മാ..” ശീതൾ പറയുന്നത് കേട്ട് മുറ്റമടിക്കുന്നത് നിർത്തി പവിത്ര ശീതളിനെ നോക്കി.

“എങ്ങനെ മിണ്ടാൻ.. എനിക്ക് പോലും തോന്നുന്നില്ല നിന്നോട് മിണ്ടാൻ.. പിന്നെ അവന്റെ കാര്യം പറയണോ..” ചൂലിന്റെ കടയ്ക്ക് ഇടതു കൈ പത്തി കൊണ്ട് തട്ടി വീണ്ടും മുറ്റമടി തുടർന്നു കൊണ്ട് പവിത്ര പറഞ്ഞു..

“അല്ലേലും ഈ വീട്ടിൽ ഞാൻ ഒരു..” പാതിയിൽ നിർത്തി ചവിട്ടി തുള്ളി ശീതൾ അകത്തേക്ക് കയറി പോയി..

സോഫയിൽ ചാരി കിടന്നു ടിവി കാണുകയായിരുന്ന ശിവയെ നോക്കി എളിക്ക് കൈ കുത്തി കുറച്ചു നേരം നിന്നു..

“ഡാ… ഏട്ടാ..” ശീതൾ മെല്ലെ വിളിച്ചു.. ശിവ ടിവിയുടെ വോളിയം അൽപ്പം കൂട്ടി..

“സോറി.. അറിയാതെ പറ്റി പോയതാ.. എന്നോട് മിണ്ടാതെ ഇരിക്കല്ലേ.. പ്ലീസ്.. എനിക്ക് സഹിക്കണില്ലാ ട്ടാ..” ശീതൾ ശിവയുടെ കാൽ കീഴിൽ വന്നിരുന്നു കാൽ വിരലിൽ മെല്ലെ തോണ്ടി കൊണ്ട് പറഞ്ഞു..

ശിവ ടിവിയുടെ ചാനൽ മാറ്റാൻ തുടങ്ങി..

“മ്മ്…ഞാൻ അല്ലേ എല്ലാർക്കും ശല്യം.. ഞാൻ തീർത്തു തരാം സ്വയം.. അപ്പൊ പിന്നെ ആർക്കും എന്നോട് മിണ്ടേണ്ട ലോ..” ശബ്ദം ഇടറിയിരുന്നു ശീതളിന്റെ

“ഒരു ബീ ഡിയുണ്ടോ പെങ്ങളേ ഒരു തീപ്പട്ടിയെടുക്കാൻ..സോറി ബീ ഡിയല്ല സി ഗരറ്റ്..” ശിവ പറഞ്ഞത് കേട്ട് ശീതൾ വിതുമ്പി..

“ഏട്ടാ… സോറി.. അത് പിന്നെ ഫ്രണ്ട്സ് എല്ലാരും കൂടെ ചേർന്നപ്പോൾ.. ടൂറിന്റെ ഇടയിൽ ഒരു വട്ടം വലിച്ചു നോക്കിയതാ…അത് ഇങ്ങനെ പബ്ലിക് പോസ്റ്റായി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല..”

“അപ്പൊ എല്ലാരും കണ്ടതാണ് കുഴപ്പം…ഇല്ലേ കുഴപ്പമില്ലായിരുന്നു ല്ലേ..” അകത്തേക്ക് കയറി വന്ന പവിത്ര മുടി പിന്നിലേക്ക് എടുത്തു കുത്തികൊണ്ട് ചോദിച്ചു..

“അമ്മേ.. ഞാൻ ആദ്യമായി ആണ്… എന്നെ വിശ്വസിക്ക്..” വിതുമ്പി കൊണ്ട് ശീതൾ പറഞ്ഞു.

“ഡാ ഏട്ടാ.. സത്യായിട്ടും ഞാൻ ആദ്യമായിട്ടാ.. ഇനി ഉണ്ടാവില്ല സത്യം…എന്റെ പൊന്ന് ഏട്ടനാണേ സത്യം..” ശിവയുടെ തലയിലേക്ക് കൈ നീട്ടി ശീതൾ പറയും മുൻപേ ശിവ ചാടി എഴുന്നേറ്റു..

“അയ്യടി മോളേ.. ആ വേല അങ്ങ് മനസിൽ വെച്ചാൽ മതി.. ഈ തല എനിക്ക് വേണം..” അതും പറഞ്ഞു ശിവ അകത്തേക്ക് കേറി പോയി..

“അമ്മാ..” ശീതൾ പവിത്രയെ നോക്കി.. ഒന്നും മിണ്ടാതെ പവിത്ര അടുക്കളയിലേക്ക് പോയി..

******************

രാത്രി

“അവനു ദേഷ്യമൊന്നുമില്ല മോളോട്.. പക്ഷെ നല്ല സങ്കടം ഉണ്ട്.. അറിയാലോ.. അനിയത്തി ആയിട്ടല്ല കൂട്ടുകാരി ആയിട്ടല്ലേ ഏട്ടൻ മോളേ കണ്ടിട്ടുള്ളൂ. അപ്പൊ ഇങ്ങനെ ഓക്കേ അറിയുമ്പോ സങ്കടം ഉണ്ടാവില്ലേ..” തന്റെ മടിയിൽ കിടക്കുന്ന ശീതളിന്റെ നെറ്റിയിൽ തലോടി കൊണ്ട് ദേവൻ മെല്ലെ പറഞ്ഞു..

“അച്ഛാ..” ശീതൾ വിതുമ്പി…

“എല്ലാം ഒരു നേരമ്പോക്ക് മാത്രമായെ തോന്നൂ.. പക്ഷെ… ആ നേരമ്പോക്ക് തകർത്തു കളയുന്നത് ചിലപ്പോൾ ഒരുപാട് പേരുടെ സന്തോഷമാവാം..
പ്രതീക്ഷികൾ ആവാം..” ദേവന്റെ കൈ വിരലുകൾ വിറ കൊള്ളുന്നത് ശീതൾ അറിയുകയായിരുന്നു..

“അച്ഛാ..”

“ഇഷ്ടങ്ങളെ തകർത്തെറിയാൻ എളുപ്പമാണ്.. കരുതലോടെ കാത്തു വെച്ച മോഹങ്ങൾക്ക്.. നിറം നൽകുന്ന സ്വപ്നങ്ങൾ ഉണ്ട് ഞങ്ങൾക്ക് ജീവിതത്തിൽ.. ഞങ്ങൾക്ക് എന്ന് അല്ല.. എല്ലാർക്കും..” നേർത്ത ശബ്ദം നിലാവിനെ പോലും നിശ്ചലമാക്കുന്നത് പോലേ തോന്നി ശീതളിന്..
കുറച്ചു നേരത്തെ മൗനം..

“ഇന്ന് ആൺ കുട്ടികളെക്കാൾ എളുപ്പത്തിൽ വഴി തെറ്റി പോകുന്നത് പെൺകുട്ടികൾ ആണ് മോളേ..

നാല് ചുവരുകൾക്കിടയിൽ ജീവിതം വരച്ചു ചേർക്കുന്ന ഒരുപാട് കുരുന്നുകൾ..
അക്ഷരങ്ങളെ അറിയാതെ.. സ്നേഹമെന്താണ് എന്ന് ഗൂഗിളിൽ സേർച്ച്‌ ചെയ്തു നോക്കുന്ന ഒരു തലമുറ..Nവാക്കുകൾക്ക് അൽപ്പം കട്ടി കൂടിയാൽ.. ആ വാശിക്ക് ല ഹരിയിലേക്ക് വഴി മാറുന്ന തലമുറ.. കഴുകൻ കണ്ണുകളുമായി അവരേ കാത്തിരിക്കുന്ന ഒരു കൂട്ടം കാട്ടാളന്മാർ..

പിന്നെ.. മോളുടെ വീഡിയോസ് ഒന്നും ലീക്ക് ആയിട്ടില്ല.. അറിയാലോ.. ഏട്ടന് ഒരുപാട് സൗഹൃദമുണ്ട്.. അത് മോളുടെ കോളേജിലും ഉണ്ട്.. അങ്ങനെ ഉള്ള ഒരാൾ ഏട്ടന് അയച്ചു കൊടുത്തതാണ് ആ വീഡിയോ.. മോളോട് ലീക്ക് ആയി എന്ന് ഏട്ടൻ നുണ പറഞ്ഞതാണ്.. ചെല്ല് അവനോട് ഒരു സോറി പറഞ്ഞിട്ട് വാ..” ദേവൻ പറഞ്ഞത് കേട്ട് ശീതൾ എഴുന്നേറ്റു അകത്തേക്കു നടന്നു..

“ഏട്ടാ..”

“ഡിലീറ്റ് ചെയ്തിട്ടുണ്ട് ഞാൻ.. പോയി കിടന്നു ഉറങ്ങിക്കോ..” ശിവ ശീതളിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.. ആ നോട്ടം നേരിടാനാവാതെ ശീതൾ ശിവയുടെ അടുത്ത് വന്നിരുന്നു..

“ദേഷ്യമില്ല ഡീ.. പക്ഷെ.. ഒരു വിങ്ങല്.. പേരറിയാത്ത ഒരു പിടച്ചിൽ.. ഹൃദയം പൊടിഞ്ഞു നുറുങ്ങുന്ന പോലേ ഒരു നോവ്..

ചിലപ്പോൾ.. ഇഷ്ടങ്ങളുടെ ആഴം അറിയുന്നത് ഇങ്ങനെയാവുമല്ലേ.. ഇത്ര അടുത്ത് ഉണ്ടായിട്ടും അറിയാതെ പോയ പിടച്ചിൽ.. നീ തമാശയിലൂടെ ആണേലും കാണിച്ചു തരുമ്പോൾ ആണ് അറിഞ്ഞു പോകുന്നത്.. നിന്നെ കുറിച്ചുള്ള സ്വപ്നങ്ങളെ ഞങ്ങൾ എത്രമാത്രം ആഴത്തിൽ ചേർത്തു പിടിച്ചിരുന്നുവെന്ന്..

അകലങ്ങളിലേക്ക് നോക്കുമ്പോൾ പേടിയാണ് മോളേ.. ഇഷ്ടങ്ങളുടെ കയത്തിൽ മോള് ശ്വാസം കിട്ടാതെ പിടയുന്നത് കാണാൻ ഉള്ള പേടി കൊണ്ടാണ്.. സ്വപ്നങ്ങളേക്കാൾ വലുതല്ലേ മോളേ ജീവിതം.. വേദനിപ്പിക്കാൻ ഒരുപാട് വഴികൾ ഉണ്ട്.. പക്ഷെ.. സന്തോഷിപ്പിക്കാൻ ഒരു വഴിയേ ഒള്ളൂ.. സ്നേഹത്തിന്റെ വഴി.. കാലം കരുതിവെയ്ക്കുന്ന കൂടപിറപ്പുകളുടെ കരുതലിന്റെ വഴി.. അറിയാൻ വൈകല്ലേ പൊന്നൂ.. നീ..

ലഹരിയെന്നും നെഞ്ചിൽ പിടച്ചിലായി കൊണ്ട് നടന്നു നോക്കൂ.. ആ ല ഹരിയെ പുണരാൻ ഒരു സുഖമാണ്…. അറിയാൻ വൈകിയാലും.. അറിയുമ്പോൾ ചേർത്ത് പിടിക്കണം.. സ്നേഹമെന്ന ല ഹരിയെ..”

“ഏട്ടാ… മാപ്പ്..” ശിവയുടെ കാൽ കീഴിൽ വീണു കിടന്നു പൊട്ടി കരയുമ്പോൾ.. അത് വരെ തടഞ്ഞു നിർത്തിയ നെരിപ്പോട് ശിവ നേർത്ത വിങ്ങലോടെ അറിയുന്നുണ്ടായിരുന്നു.

പുറത്ത് നിലാവ് ഒന്നുടെ തെളിഞ്ഞു തുടങ്ങി.. നക്ഷത്രങ്ങൾ കണ്ണു ചിമ്മി കളിക്കാൻ തുടങ്ങി..

ശുഭം

Related Posts

Leave a Reply

Your email address will not be published. Required fields are marked *