എല്ലാവരും ഉസ്കൂൾ പൂട്ടിന് മാമന്റോടെക്ക് പോവും… ഞാമ്മാത്രം എങ്കടും പോണില്ല്യ, എന്നും ഈ വീട്ടീത്തന്നെ……

അമ്മാത്തേക്ക്…

എഴുത്ത്:- ശ്രീജിത്ത് പന്തല്ലൂർ

ഉമ്മറത്തിരുന്ന് തീപ്പെട്ടിപ്പടം കളിക്കുന്നതിനിടയിൽ കൂട്ടുകാരൻ കുട്ടിയോടായി പറഞ്ഞു.

” ടാ… ഞങ്ങടെ ഉസ്കൂള് പൂട്ടി. നാളെ ഞാൻ മാമൻ്റോടെക്ക് പോവ്വാ. ഇഞ്ഞി ഉസ്കൂള് തൊറക്കുമ്പഴേ വര്വൊള്ളൂ…”.

കുട്ടിയുടെ മുഖം മങ്ങി.

അന്നു രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കുട്ടി അമ്മയോടായി ചോദിച്ചു.

” എന്താ അമ്മേ എനിക്കു മാത്രം മാമൻ്റോടെയില്ലാത്തേ…?”.

കുട്ടിയുടെ മുടിയിഴകൾക്കിടയിൽ തലോടിക്കൊണ്ട് അമ്മ ചോദിച്ചു.

” എന്ത്യേ…?”.

” എല്ലാവരും ഉസ്കൂൾ പൂട്ടിന് മാമന്റോടെക്ക് പോവും… ഞാമ്മാത്രം എങ്കടും പോണില്ല്യ, എന്നും ഈ വീട്ടീത്തന്നെ…”. കുട്ടിയുടെ തൊണ്ടയൊന്ന് ഇടറി…

” അയ്യേ… അയിനെന്തിനാ കരയണേ… അടുത്ത കൊല്ലം രണ്ടാങ്ക്ളാസ്സില് പഠിക്കേണ്ട ചെക്കനാ…”.

” വേണ്ട… അമ്മ്യൊന്നും പറയണ്ട… ഇൻക്ക്യാരൂല്ല്യ…”.

അമ്മ കുട്ടിയെ ഒന്നുകൂടി ചേർത്തു പിടിച്ചു..

” ആരാ പറഞ്ഞേ, ആരൂല്ല്യാന്ന്… മോനിപ്പോ ആര്ടെ വീട്ടിലാ നിക്കണേന്നറിയോ…?”.

” നമ്മടെ വീട്ടില്…”.

അമ്മ പുഞ്ചിരിച്ചു.

” മോൻ്റമ്മ, അതായത് ഞാൻ ജനിച്ചു വളർന്ന വീടാണിത്. മോനും ജനിച്ചത് ഇവിടെത്തന്നെയാ… അങ്ങനെ നോക്കുമ്പോ മോൻ എന്നും അമ്മവീട്ടിലല്ലേ താമസിക്കുന്നേ…?”.

” ഇവിടെ മാമനില്ലേ അമ്മേ…?”.

” മാമനുണ്ടായിരുന്നു. മോൻ ജനിക്കണേനും കൊറേക്കൊല്ലം മുൻപ് മാമൻ ദൂരെയെങ്ങോട്ടോ ജോലി കിട്ടിപ്പോയതാ…”. തൊണ്ടയിടറിയത് പുറത്തു കാണിക്കാതെ അമ്മ പറഞ്ഞു.

” മാമനെന്താ വരാത്തേ…?”

” മാമൻ്റെ ജോലിസ്ഥലം കൊറേ ദൂരെയാ… മോന് കൊറേ കൊറേ കളിപ്പാട്ടങ്ങൾ വാങ്ങാനാണ് മാമനിത്രേം നാളും വൈകണത്…”.

” എനിക്ക് കുട്ടിസൈക്കിൾ വേണം…”.

ഒരു സുന്ദരസ്വപ്നം കാണാനായി കുട്ടി കണ്ണുകൾ ഇറുകെയടച്ചു.

സ്വപ്നത്തിൽ മാമൻ കൊണ്ടുവന്ന കുട്ടിസൈക്കിളിൽ തൊടുന്നതിനു മുൻപേ കുട്ടി ഉറക്കമുണർന്നു. മുറ്റത്തെ മൂവാണ്ടൻമാവിൽ കാക്കകളുടെ ബഹളം… അമ്മ അടുക്കളയിൽത്തന്നെയായിരിക്കും, കുട്ടി അങ്ങോട്ടു നടന്നു. അടുക്കളയിലെ വിറകടുപ്പിലെ പാതിയുണങ്ങിയ ചകിരിയോടു മല്ലിട്ടു നിൽക്കുന്ന അമ്മയുടെ വെള്ളസാരിത്തുമ്പിൽ പിടിച്ചു വലിച്ച്‌ കുട്ടി ചിണുങ്ങി…

” അമ്മേ… മാമൻ നാളെ വരുമോ…?”.

അടുപ്പിൽ ഊതാനെടുത്ത കുഴലെടുത്തോങ്ങി അമ്മ ശാസിച്ചു.

” പൊയ്ക്കോ അവിടുന്ന്… നിനക്ക് മാമനുമില്ല, ഒരു മണ്ണാങ്കട്ടേമില്ല… പോയ് വല്ല മൂലയ്ക്കുമിരുന്ന് കളിക്കാൻ നോക്ക്…”.

കുട്ടിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. ചുളുക്കിപ്പിടിച്ച ചുണ്ടുമായി അവൻ അടുക്കളമുറ്റത്തേക്കിറങ്ങി. പാളയംകോടൻ വാഴത്തൈയുടെ ചുവട്ടിലെത്തി ഏങ്ങി…

” അമ്മായീടെ കുട്ടി ഇന്ന് നേരത്തേ എണീറ്റോ…?”.

അവൻ തലയുയർത്തി നോക്കി. അപ്പുറത്തെ വീട്ടിലെ വല്യമ്മായിയാണ്. അമ്മായിയെക്കണ്ടതും അവൻ പൊട്ടിക്കരഞ്ഞു.

” എന്തിനാ കരയണേ… ആരാ എൻ്റെ കുട്ടീനെ ചീ ത്ത പറഞ്ഞേ…”. വേലിപ്പഴുതിലൂടെ നൂഴ്ന്നു വന്ന് അവനെ എടുത്തു കൊണ്ട് അമ്മായി ചോദിച്ചു.

കരച്ചിൽ കേട്ട് മുറ്റത്തേക്കിറങ്ങി വന്ന അമ്മയ്ക്കു നേരെ കൈയോങ്ങിക്കൊണ്ട് അമ്മായി ചോദിച്ചു.

” നീയാണോടീ എൻ്റെ കുട്ടീനെ കരയിച്ചേ…?”.

” എൻ്റെ പൊന്നു നാത്തൂനേ, ഇന്നലെ മുതൽ ചെക്കൻ ചെവി തല കേൾപ്പിച്ചിട്ടില്ല. ഉസ്കൂൾ പൂട്ടിന് ഇവൻ്റെ കൂട്ടുകാരെല്ലാം മാമൻ്റോടെക്ക് പൂവാണെന്ന്… ഇവന് പൂവാൻ ഒരിടവുമില്ലെന്ന്…”. അമ്മ പറഞ്ഞു.

” അത്രേയുള്ളു കാര്യം… നിൻ്റെ വല്യമാമൻ്റെ വീടല്ലേ ഇത്. നീയിങ്ങോട്ടു പോന്നോ…”. അമ്മായി വേലിക്കപ്പുറത്തുള്ള വീട്ടിലേക്കു ചൂണ്ടി പറഞ്ഞു.

കുട്ടിയുടെ മുഖം തെളിഞ്ഞു.

” ആണോ അമ്മേ… അതാണോ എൻ്റെ മാമൻ്റെ വീട്…?”.

അമ്മ പുഞ്ചിരിച്ചു.

” അപ്പോ വേഗം പല്ലേച്ചിട്ട് ഈ വേലിപ്പഴുതീക്കൂടെത്തന്നെ വന്നോ… കാപ്പീം പലഹാരോം ഇവിടന്നു കഴിക്കാം… വൈന്നേരത്തിന് തിരിച്ച് പൊയ്ക്കോ… ഇത്രേം അടുത്ത് മാമൻ്റെ വീട് ആർക്കാണുണ്ടാവുക…”. അമ്മായി പറഞ്ഞു.

” അതു പറ്റില്ല, ഞാനിനി ഉസ്കൂള് തൊറന്നിട്ടേ ഇങ്ങട് വരൂ…”. കുട്ടി പറഞ്ഞു.

അമ്മയും അമ്മായിയും അതു കേട്ട് പൊട്ടിച്ചിരിച്ചു.

വേലിപ്പഴുതിലൂടെ തിരിച്ചു പോകാൻ നേരം അമ്മയോടായി അമ്മായി ചോദിച്ചു.

” കുട്ടൻ്റെ വല്ല വിവരോമുണ്ടോ…?”.

” എവിടെ…? ഇപ്പോ കൊല്ലം അഞ്ചെട്ടായില്ലേ, ജീവിച്ചിരുപ്പുണ്ടോന്നു തന്നെ നിശ്ചയല്ല്യ… എൻ്റെ മുന്നീ വരാൻ മടിണ്ടാവും, സ്വബോധത്തിലല്ലെങ്കിലും അവൻ കാരണാണല്ലോ എനിക്കീ വെള്ള സാരിയുടുക്കേണ്ടി വന്നത്… ”. അമ്മ നെടുവീർപ്പോടെ പറഞ്ഞു.

” ശരി ശരി… ഇനി അതോർത്തിരുന്ന് കൊച്ചിനേം കൂടി വിഷമിപ്പിക്കേണ്ട…” അമ്മായി പറഞ്ഞു.

” ഓർക്കണംന്ന് ആഗ്രഹിച്ചതല്ല നാത്തൂനേ, എന്നാലും ആ ഒറ്റ രാത്രിയിലാ എനിക്കെൻ്റെ കൂടപ്പിറപ്പിനേം കെട്ട്യോനേം ഇല്ലാണ്ടായത്…”. അമ്മ സാരിത്തലപ്പുകൊണ്ട് കണ്ണീരൊപ്പി.

” സാരല്യ… ഞങ്ങളൊക്കെയില്ലേ, നിൻ്റെ സ്വന്തം ആങ്ങളയും നാത്തൂനു മാണെന്നങ്കട് കരുതിയാ മതി…. ഞാൻ പോയി കുളീം കഴിഞ്ഞ് വരാം… അപ്പോഴേക്കും കൊച്ചിനെ യാത്രയാക്കി നിർത്ത്, വിരുന്ന് പാർക്കാൻ പോവേണ്ടതല്ലേ…”. അമ്മായി പറഞ്ഞു.

അമ്മ വേഗം കുട്ടിയെ കുളിപ്പിച്ച് പുത്തൻ ഷർട്ടും നിക്കറുമിടീച്ച് പൗഡറിട്ട് പുരികമെഴുതി മുടി ചീകി സുന്ദരക്കുട്ടപ്പനാക്കിയപ്പോഴേക്കും വേലിപ്പഴുതിലൂടെ കടന്ന് അമ്മായിയും എത്തി…

” പോകാം…”. കുട്ടി ഉത്സാഹത്തോടെ പറഞ്ഞു.

” ദേ… വൈന്നേരത്തിന് വന്നോളോ… അമ്മയ്ക്ക് ഒറ്റയ്ക്ക് കെടക്കാൻ പേടിയാണെന്നറിഞ്ഞൂടെ…”. ഒരു ജോഡി ഷർട്ടും നിക്കറും കടലാസിൽ പൊതിഞ്ഞ് കൈയിൽ കൊടുക്കുന്നതിനിടയിൽ അമ്മ പറഞ്ഞു.

” ഇല്ല്യ, ഞാനിനി ഉസ്കൂള് തൊറന്നിട്ടേ വരൂ… അമ്മ അമ്മാമ്മേടെ കൂടെ കെടന്നോ…”. കുട്ടി മുറ്റത്തേക്കിറങ്ങി.

കുട്ടിയുടെ കൈയിൽ പിടിച്ച് വേലിപ്പഴുതിനു നേരെ നടന്ന അമ്മായിയോട് അവൻ ചോദിച്ചു.

” അയ്യേ… വിരുന്നിന് പോണത് ഇതീക്കോടെയാ… ശരിക്കൊള്ള വഴീക്കോടെ പോവാം…”.

” അയ്യോ, ഞാനതു മറന്നു… ശരി…”.

അമ്മയും അമ്മായിയും പൊട്ടിച്ചിരിച്ചു.

വീടിൻ്റെ പടി കടന്ന് വഴിയിലേക്കിറങ്ങി തൊട്ടപ്പുറത്തു തന്നെയാണ് വല്യമാമൻ്റെ വീടിൻ്റെ പടി… മാമൻ്റെ വീടിൻ്റെ മുറ്റത്തെത്തിയതോടെ കുട്ടിയുടെ തലയൊന്നു നിവർന്നു…

അങ്ങനെ ഞാനും മാമന്റോടെ എത്തിയിരിക്കുന്നു…

വീട്ടിലെത്തിയയുടനെ അമ്മായീടെ വക പുട്ടും പഞ്ചാരയും… അമ്മയുണ്ടാ ക്കാറുള്ള ദോശയും ചട്ട്ണിയും കുട്ടി വെറുത്തു പോയിരുന്നു…

ആർത്തിയോടെ കിണ്ണം കാലിയാക്കിയെണീറ്റപ്പോൾ അമ്മായീടെ വക പൊന്നുമ്മ സമ്മാനം…

പിന്നെ അമ്മായിയോടൊപ്പം പാട്ടു പാടി… വല്യമ്മായി നന്നായി പാടുമെന്ന് അന്നാണ് കുട്ടി അറിഞ്ഞത്…

ഉച്ചയ്ക്ക് വല്യമ്മായിയുടെ മത്തങ്ങയും പയറും കൂട്ടാൻ കൂട്ടി ചോറുണ്ടപ്പോഴാണ് അമ്മയുടെ സാമ്പാറിനെ ശരിക്കും വെറുത്തത്… വൈകീട്ട് അമ്മായിയുണ്ടാക്കിയ പഴംപൊരിയും കൂട്ടി ചായ കുടിച്ചു കഴിഞ്ഞതിനു ശേഷമാണ് തിണ്ണപ്പുറത്തു കയറി നിന്ന് സ്വന്തം വീട്ടിലേക്കൊന്ന് എത്തി നോക്കിയത്…

അമ്മ നല്ല പണിത്തിരക്കിലാണ്… മുറ്റമടിക്കുന്നു. തുണിയലക്കി ഉണക്കാനിടുന്നു… പറമ്പിലെ തെങ്ങിനും വാഴയ്ക്കും വെള്ളം തിരിക്കുന്നു… അങ്ങനെയങ്ങനെ…

കൂട്ടിനുള്ളിൽ മുട്ടയിടാതെ പറമ്പു തോറും നടന്ന് കാര്യം സാധിക്കാറുള്ള പുള്ളിപ്പിടക്കോഴിയെ പിടിച്ച് വല്യമ്മായി പറഞ്ഞു.

” ഇന്ന് രാത്രി നമുക്കിവളെ കൊ ന്ന് കറി വയ്ക്കാം…”.

കോഴിയെ കൊ ല്ലുമെന്നു കേട്ടപ്പോൾ കുട്ടിക്ക് സങ്കടം തോന്നിയെങ്കിലും ഇറച്ചിക്കറിയുടെ സ്വാദോർത്തപ്പോൾ ആ സങ്കടമങ്ങ് മാഞ്ഞു പോയി…

വൈകുന്നേരം വല്യമാമൻ പണി കഴിഞ്ഞ് വന്നപ്പോൾ കൊണ്ടു വന്ന ബോണ്ടയുടെ മൊരിഞ്ഞ ഭാഗം കളഞ്ഞ് ഉള്ളിലെ പതുപതുത്ത ഭാഗം തിന്നുന്നതിനിടയിൽ തിണ്ണപ്പുറത്തു കയറി നിന്ന് ഒന്നുകൂടെ വീട്ടിലേക്ക് എത്തിനോക്കി.

ഉമ്മറത്തെ നിലവിളക്കിനരികെ കാലു നീട്ടിയിരുന്ന് അമ്മൂമ്മ നാമം ജപിക്കുന്നുണ്ട്. അവിടെ താനുണ്ടായിരുന്നെങ്കിൽ അമ്മൂമ്മയുടെ മടിയിലിരുന്ന് നാമം ജപിച്ചേനെ… അമ്മയെ ഉമ്മറത്തു കാണാനില്ല, അകത്ത് എന്തെങ്കിലും പണിയിലായിരിക്കും… അമ്മ വെറുതെയിരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല…

രാത്രി ടിവിയിൽ ചിത്രഗീതം കണ്ടതിനു ശേഷമാണ് വല്യമാമനൊപ്പം അത്താഴമുണ്ണാൻ ഇരുന്നത്. ഊണുമേശയ്ക്കരികിൽ കസേരയിലിരിക്കുന്ന വല്യമാമനോടൊപ്പം മേശയ്ക്കു മുകളിൽ ചമ്രം പടിഞ്ഞിരുന്ന് കുട്ടിയും അത്താഴമുണ്ടു… ഇറച്ചിക്കറിയിലെ എല്ലില്ലാത്ത ഭാഗം കഴുകി എരിവു കളഞ്ഞ് അമ്മായി ഉരുളയ്ക്കൊപ്പം വല്യമ്മായി ഊട്ടിത്തന്നു…

” നീ വരണുണ്ടോ, ഞാൻ കെടക്കാൻ പോവാണ്…”.

കുട്ടി തലയുയർത്തി നോക്കി, അമ്മയുടെ മുഖം വാതിൽക്കൽ…

” അമ്മായീ, എന്നെ കൊണ്ടോവല്ലേന്ന് പറയ്…”. കുട്ടി വല്യമ്മായിയുടെ ഒക്കത്തേക്ക് കയറിക്കൊണ്ട് ചിണുങ്ങി.

” നീ പൊയ്ക്കോ, ഞാനിന്നിവനെ പറഞ്ഞയയ്ക്കുന്നില്ല…”. വല്യമ്മായി പറഞ്ഞു.

അന്നു രാത്രി വല്യമ്മായിയെ കെട്ടിപ്പിടിച്ച് താരാട്ടു കേട്ടുറങ്ങുമ്പോ കുട്ടിയൊരു സ്വപ്നം കണ്ടു…

ദൂരെ ജോലിക്കു പോയ മാമൻ കൊണ്ടുവന്ന കുട്ടിസൈക്കിളിൽ കയറി ആകാശത്തു കൂടെ പറക്കുകയാണു താൻ. വെളുത്ത മേഘങ്ങൾക്കിടയിലൂടെ… ആഹ്ലാദത്തോടെ കണ്ണു തുറന്ന കുട്ടി അമ്പരന്നു പോയി. നേരം വെളുത്തിരിക്കുന്നു. താൻ തൻ്റെ വീട്ടിലെ സ്വന്തം മുറിയിലാണ്. അപ്പോൾ ഇതുവരെ കണ്ടതെല്ലാം സ്വപ്നമായിരുന്നോ…

കുട്ടി എഴുന്നേറ്റ് അടുക്കളയിലേക്കു നടന്നു. പാതിയുണങ്ങിയ ചകിരിയുമായി അമ്മ മൽപ്പിടുത്തം നടത്തുന്നുണ്ട്… അമ്മയുടെ വെള്ളസാരിത്തുമ്പിൽ പിടിച്ചു വലിച്ചുകൊണ്ട് കുട്ടി പറഞ്ഞു.

” അമ്മേ, ഞാൻ വെല്ലിമാമൻ്റോടെക്ക് വിരുന്നു പോയതായി സ്വപ്നം കണ്ടു…”.

അടുപ്പിലെ പുക കൊണ്ടു കലങ്ങിയ കണ്ണു തിരുമ്മി തുടച്ചു കൊണ്ട് പുഞ്ചിരിയോടെ അമ്മ കുട്ടിയെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു.

” നമ്മൾ കാണുന്ന ചില സ്വപ്നങ്ങളൊക്കെ സത്യമാണു മോനേ…”.

കുട്ടി ഒന്നും മനസ്സിലാവാതെ മിഴിച്ചു നിന്നു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *