അങ്ങനെ വീട്ടുകാരുടെ അനുഗ്രഹത്തോടേം ആശിർവാദത്തോടേം അമ്മാവൻ ജോലിക്ക് പോയിത്തുടങ്ങി…..

Story written by Adam John

പണിയൊന്നുമില്ലാതെ വീട്ടിലിരുന്ന് മടുക്കേണ്ടെന്ന് കരുതിയാവും വല്യപ്പച്ചൻ പരിചയത്തിലുള്ള ഒരു വർക്ക് ഷോപ്പിൽ അമ്മാവന് ജോലി ശരിയാക്കി കൊടുത്തേ. അതൊരു നല്ല കാര്യവാണെന്ന് അമ്മാവനും തോന്നിയാരുന്നു.

വേറൊന്നും കൊണ്ടല്ല.വീട്ടിലിരുന്നാൽ പശുവിനെ മേയ്ക്കാൻ കൊണ്ടൊവുന്നത് തൊട്ട് തേങ്ങാ ചിരവുന്നത് വരെയുള്ള സകല ജോലികളും ചെയ്യണവാരുന്നു. അതീന്നൊരു രക്ഷപ്പെടൽ കൂടിയാരുന്നു ഈ ജോലി.

അങ്ങനെ വീട്ടുകാരുടെ അനുഗ്രഹത്തോടേം ആശിർവാദത്തോടേം അമ്മാവൻ ജോലിക്ക് പോയിത്തുടങ്ങി.

സ്വഭാവികമായും അമ്മാവൻ ചെയ്തോണ്ടിരുന്ന പണികളൊക്കെ വല്യപ്പച്ചന്റെ തലേലുമായി.

പെർഫെക്ഷൻ ആരുന്നല്ലോ അമ്മാവന്റെ മെയിൻ.

ജോലിക്ക് പോയി ഒരാഴ്ച കഴിഞ്ഞ പാടെ അമ്മാവന്റെ സംസാര രീതികളും മാറിത്തുടങ്ങി.

വല്യപ്പച്ചൻ മാരുതി 800 ഉം വല്യമ്മച്ചി പ്രീമിയർ പത്മിനിയുമാരുന്നു അമ്മാവന്റെ കണ്ണിൽ.

വല്യപ്പച്ചന് കഫത്തിന്റെ പ്രശ്നങ്ങളുണ്ട്.അതോണ്ടിടക്കിടെ ചുമക്കുവാരുന്നു. അത് കണ്ടപ്പോ അമ്മാവൻ പറയാ കാർബൺ അടിഞ്ഞു കൂടിട്ടാവും ഒന്ന് ക്ളീൻ ചെയ്‌താൽ ശരിയായിക്കോളുമെന്ന്.

പശുവിനെ സാധാരണ കറക്കാറുള്ളത് വല്യമ്മച്ചിയാരുന്നല്ലോ. ഒരിക്കൽ വല്യമ്മച്ചിക്ക് വയ്യാതെ വന്നപ്പോ അമ്മാവനും വല്യപ്പച്ചനും കൂടി കറക്കാൻ ചെന്ന കഥ മുന്നേ പറഞ്ഞാരുന്നല്ലോ.

കറക്കാനായി ചെന്നപ്പോ ആരാട്രാ കണ്സന്റ് ചോദിക്കാതെ അകിടേൽ പിടിച്ചെന്നുള്ള ഭാവത്തോടെ അന്ന് പശു തൊഴിച്ച തൊഴിയിൽ വല്യപ്പച്ചന്റെ നടുവിന് ചെറിയ തോതിൽ പരിക്ക് പറ്റിയാരുന്നു.

കാലത്തെ പോയാലും ഉച്ചയാവുമ്പോ ഊണ് കഴിക്കാനായി വീട്ടിലേക്കൊരു വരവുണ്ട് അമ്മാവന്. കമ്പനി യൂണിഫോമിൽ തന്നെയാവും വരാ.

മിക്കപ്പോഴും പോക്കറ്റിൽ ഇതേലുമൊക്കെ വർക്കിങ് ടൂൾസും കാണും. അത് കാണുമ്പോ വല്യമ്മച്ചിക്ക് എന്നാ സന്തോഷവാണെന്നോ. മോൻ വല്യ നിലേൽ എത്തിയെന്ന് കാണുമ്പോ ഏതമ്മക്കും സന്തോഷാവില്ലായോ.

ഒരു ദിവസം അമ്മാവൻ ഊണ് കഴിക്കാനായി വരുമ്പോ വല്യപ്പച്ചൻ നടുവേദന കൊണ്ട് കിടക്കുവാരുന്നു.

ഊണൊക്കെ കഴിഞ്ഞോണ്ട് അമ്മാവൻ വല്യപ്പച്ചന്റെ അടുത്തേക്ക് ചെന്നൊണ്ട് ആകെ മൊത്തം നോക്കിക്കൊണ്ട് പറയുവാ.

കൊറേ ഓടിയതല്ലേ ഇനി പഴയ പെർഫോമൻസൊന്നും പ്രതീക്ഷിക്കണ്ടെന്ന്. വയ്യാത്തോണ്ട് വല്യപ്പച്ചൻ മറുത്തൊന്നും പറഞ്ഞില്ലെന്ന് മാത്രം. അല്ലെങ്കി അമ്മാവനെ കണ്ടം വഴി ഓടിച്ചേനെ.

അതൊന്നും പോരാഞ് അമ്മാവൻ ഡോക്ടറുടെ കൂട്ട് പോക്കെറ്റീന്ന് ചെറിയ സ്പാനർ എടുത്തോണ്ട് വല്യപ്പച്ചന്റെ കാൽ മുട്ടേൽ ഒക്കെ തട്ടി നോക്കിക്കൊണ്ട് പറയുവാ ഗ്രിപ്പിന് തേയ്മാനം വന്നിട്ടുണ്ടെന്ന്.

ഷർട്ടിടാതെ കിടക്കുന്ന വല്യപ്പച്ചന്റെ നെഞ്ചിൻ കൂട് നോക്കിക്കൊണ്ട് ചെയ്സൊക്കെ ബെന്റ് ആയിട്ടുണ്ടെന്നും ഇതിനി നേരെയാക്കാൻ പറ്റുവൊന്ന് തോന്നുന്നില്ലെന്നുമൊക്കെ ആധികാരികമായി പറയുന്നത് കണ്ടപ്പോ വല്യമ്മച്ചിക്ക് മോനെ ഓർത്ത് എന്തെന്നില്ലാത്ത അഭിമാനവാരുന്നു.

ചുരുക്കിപ്പറഞ്ഞാൽ റിപ്പയർ ചെയ്താലും അധികമൊന്നും ഓടാനുള്ള ചാൻസില്ലെന്നൂടെ കേട്ടപ്പോ വയ്യാഞ്ഞിട്ടും വല്യപ്പച്ചൻ ചാടിയെഴുന്നേറ്റ് അമ്മാവനെ തല്ലാൻ നോക്കുമ്പോ വല്യമ്മച്ചി പറയുവാ

അല്ലേലും മക്കള് നേരെ ചൊവ്വേ നല്ലൊരു കാര്യം പറഞ്ഞാലും നിങ്ങക്ക് പിടിക്കത്തില്ലെന്ന്. അപ്പോഴേക്കും അമ്മാവൻ സ്പോട്ടിൽ നിന്ന് മാറിയതോണ്ട് വല്യൊരു ആക്സിഡന്റ് ഒഴിവായീന്ന് പറയാ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *