എല്ലാവരെയും കാണാൻ എന്ത് ഭംഗിയാ…അവളുടെ ഹൃദയം നൊന്തു മിന്നുന്ന ഒന്നും അവൾക്കില്ല നിറം മങ്ങിയതല്ലാതെ…

തമിഴത്തി

Story written by NAYANA SURESH

നനഞ്ഞ മുടി മുറുക്കി മെടഞ്ഞ് ഇന്നലെ ഉടുത്ത അതേ സാരിത്തന്നെ വലിച്ചു വാരിയുടുത്ത് ,കയ്യിൽ നിറം മങ്ങിയ ചരടുമായി

ദേ അവൾ ആ ബസ്റ്റോപ്പിൽ നിൽക്കുന്നുണ്ട്

പൊട്ടാറായ അവളുടെ ബാഗിന്റെ വള്ളിയിൽ പണ്ടെപ്പെഴോ താങ്ങി നിർത്തിയ നൂലിന്റെ നേർത്ത അസ്ഥികൾ അവശേഷിക്കുന്നുണ്ടായിരുന്നു

കനി തമിഴന്റെ ഭാര്യയാണ് .പണ്ട് അപ്പന്റെയും അമ്മയുടെയും കൂടെ കേരളത്തിൽ വന്നതാണ് കുപ്പിപ്പാട്ട പെറുക്കി വിറ്റും അല്ലറ ജോലികൾ ചെയ്തു മാണ് അന്ന് ജീവിച്ചത് .. തമിഴന്മാര് കേരളത്തിലേക്ക് ഒരു പാട് വന്നിരുന്ന കാലമായിരുന്നു അത് ,പണ്ട് രാവിലെ തൊട്ട് മഴയാണെങ്കിൽ മഴ, വെയിലാണെങ്കിൽ വെയിൽ മുഴുവൻ കൊണ്ടിട്ടാണ് വട്ടചിലവിനുപോലും തികയാത്ത കാശൊപ്പിച്ചിരുന്നത് … തമിഴ്നാട്ടിലും സ്വന്തമെന്നു പറയാനൊന്നും ഒന്നുമുണ്ടായിരുന്നില്ല ..

എന്തിന് ഉടുത്ത് മാറാൻ പോലും ,

ഉള്ള ഒ രടിവസ്ത്രത്തിൽ ചോര കറപറ്റിയ കാലം തൊട്ട് ഉടുത്തുമാറാനില്ലാതെ നടന്ന അവൾ ആദ്യമായി ഒരു വീട്ടിന്റെ അയയിൽ വിരിച്ചിട്ട ഒരു തുണിയുമെടുത്ത് ഓടി .. ഒരു പെണ്ണിന്റെ ശരീരത്തിനോട് എല്ലാ മാസവും ദൈവം ചെയ്തിരുന്ന ആ ചതി

മറച്ചു വെച്ചിരുന്ന പലതും പുറത്തേക്കുന്തി വന്നിരുന്ന കാലത്ത് മേൽക്കപ്പായം കൊള്ളാതെ വന്നതും അരികിലൂടെ പോകുന്ന പലരും കണ്ണാൽ ഉഴിഞ്ഞതും .. പീടിക തിണ്ണയിൽ കിടക്കാൻ പേടി തോന്നിയും ആ നാളുകൾ കഴിച്ചുകൂട്ടിയ ആ പെണ്ണിന് ഇന്ന് മുപ്പത്തിയെട്ടി നോടടുത്ത് പ്രായം കാണും

ബസ്സ് വന്നു ,,,,

എങ്ങോട്ടാ

ഒരു സെൻറാന്സ് ഇംഗ്ലീഷ് മീഡിയം

ആ വലിയ ഗേറ്റ്നുള്ളിലൂടെ അകത്ത് കടക്കാൻ അവൾക്ക് പേടിയാണ് .. ഒരിക്കൽ പോലും അവൾ സ്ക്കുളിൽ പോയിട്ടില്ല .. കുറച്ച് നാൾ ഒരു മുതലാളിയുടെ വീട്ടിൽ പണിക്ക് പോയപ്പോ അവരുടെ മക്കള് ഇംഗ്ലീഷ് പറയണകേട്ട് കൊതി തോന്നിയിട്ട് തന്റെ മകളെ ഒരു കരക്കെത്തിക്കാൻ പാട് പെടാണ് ആ അമ്മ …

യെസ് പറയു

ഫീസടക്കാൻ പറഞ്ഞത് വിളിച്ചാരുന്നു

ഓക്കെ അടച്ചോളൂ

ഫീസ് ഞാൻ കൊണ്ടന്നില്ല

അതെന്താ

ഞാനൊരു അച്ചാറ് കമ്പനി ലാ പണി ചെയ്തെ .. അവിടുത്തെ സേട്ടൻ പെട്ടെന്ന് ദീനം വന്ന് സത്തു പോയി … ഇപ്പോ പണിയില്ല

അത് പറഞ്ഞ പറ്റില്ല മുൻപത്തെ തന്നെ പെൻഡിങ്ങാണല്ലോ ഫീസ്

സാറെ കഷ്ടപ്പാടാ … കൊച്ചിന്റെ അപ്പൻ നാല് കൊല്ലം മുൻപ് സത്തു … ചോർന്നൊലിക്കുന്ന കൂരയിലാണ് പാർക്കണത്

അങ്ങനെയൊക്കെയാണെങ്കിൽ സാധാരണ സ്ക്കൂളിൽ ചേർത്തു.. എന്തിനാ ഇവിടെ ചേർത്തിയത്

വലിയ പണിയൊക്കെ കിട്ടണങ്കിൽ ഇവിടെ പഠിക്കണ്ടെ … കോളനിയിലെ എല്ലാരും എനിക്ക് അഹങ്കാരാന്നാ പറയണെത് വലിയ സ്ക്കുള്ളിൽ പഠിപ്പിക്കണോണ്ട് … അതൊന്നും അല്ല എനിക്ക് എഴുത്തൊന്നും അറിയില്ല അവൾക്ക് വലിയ പണി കിട്ടി കാണാനാ

നിങ്ങളെന്താ പറയന്നെ … ഈ ഓരോ കൊല്ലത്തിലെയും ഫീസടക്കാനൊന്നും നിങ്ങൾക്ക് പറ്റില്ല റ്റി.സി തരാം .. മാറ്റി ചേർക്കു

ഒന്ന് പറയട്ടെ സാറെ

നോക്ക് നിങ്ങൾക്ക് പുറകിൽ എത്രയാളന്ന് അവരൊക്കെ ഫീസടക്കാനാ

അവൾ തിരിഞ്ഞ് നോക്കി .. എല്ലാവരെയും കാണാൻ എന്ത് ഭംഗിയാ … അവളുടെ ഹൃദയം നൊന്തു മിന്നുന്ന ഒന്നും അവൾക്കില്ല നിറം മങ്ങിയതല്ലാതെ

ഹലോ

സേച്ചി ചിന്നു എവിടെ

ഇവിടെ കളിക്ക്ണ്

ഒന്ന് കൊടുത്

മോളെ

എന്തായി അമ്മാ

അവര് സമ്മതിച്ചില്ല മോളെ .. അവിടെ ഒരു സേച്ചി റ്റി.സി തന്നു വിട്ടു

എന്റമ്മെ ഞാൻ പറഞ്ഞില്ലെ നമുക്ക് അത് പറ്റില്ലാന്ന്

വലിയ പണി കിട്ടാനല്ലെ നിനക്ക്

അവടെ പഠിച്ചാലെ വലിയ പണി കിട്ടുന്ന് ആരാ പറഞ്ഞെ .. അമ്മക്ക് എന്നെ വിശ്വാസമല്ലെ ഞാൻ പഠിച്ച് മിടുക്കി ആവും

സത്യാണോ ടി… എന്റെ നെഞ്ച് നീറാണ്

അതെ ,,, അമ്മ വരുബോൾ ഏതെങ്കിലും പുസ്തകം വിക്കണ കടേല് കേറണം

എന്തിനാ

അവിടെ വലിയ വലിയ നിലയിലെത്തിയ , നാടിനു വേണ്ടി പ്രവർത്തിച്ച സ്ത്രീകളുടെ വിജയകഥകൾ ഉണ്ടാവും അമ്മത് വാങ്ങിക്ക്

അത് വാങ്ങിച്ചാ നല്ല മാർക്ക് കിട്ടോ

അതിനല്ലമ്മെ ,,, എന്റെ അമ്മക്ക് സമാധാനം കിട്ടാനാ …അവരൊക്കെ നമ്മളെ പോലെ കഷ്ടപ്പെട്ടവരായിരുന്നു .. എന്നിട്ടാ അങ്ങനെ ആയത് … ചിലപ്പോ നാളെ അങ്ങനെ ഒരു പുസ്തകത്തിൽ എന്റെ പേര് വന്നാലോ.. അമ്മ വിഷമിക്കണ്ടാ .. നമുക്ക് വേറെ സ്ക്കളിൽ ചേരാം

അവൾ പുസ്തകക്കട ലക്ഷ്യമാക്കി നടന്നു നാളെ അതിലൊരാളായി ചിന്നു കുട്ടി ഉണ്ടായാലോ ????

Related Posts

Leave a Reply

Your email address will not be published. Required fields are marked *