എവിടെയോ കണ്ട മുഖം. അയാൾ ഞങ്ങളെ തന്നെ നോക്കുന്നു അതും റൊമാന്റിക്കായി. ആദ്യം ഒരു കൗതുകം. ഇത്രയും പെൺപിള്ളേരെ……

Story written by Sumayya Beegum T A

മതി മൗനം വീണേ പാടു മധുരം നിൻ ഗാനാലാപം….

രണ്ടു പേര് ഇരിക്കേണ്ട ക്വീൻ ബസിലെ സീറ്റിൽ മൂന്നുപേരായി തിങ്ങിയിരുന്നു വീട്ടിലേക്ക് പോവുമ്പോൾ സന നിസയുടെ കാതിൽ പാടികൊടുത്തു.

സത്യത്തിൽ അന്നും ഇന്നും എനിക്ക് പാടാനറിയില്ല പക്ഷേ അവൾക്കു മാത്രം എന്റെ പാട്ട് ഇഷ്ടാണ് അതിൽ ഇതാണ് അവളുടെ പ്രിയപ്പെട്ടത്.

ഞാൻ സന വർഷങ്ങൾ ഒരുപാട് പോയിമറഞ്ഞു. ഇന്ന് ഓർമയുടെ ആൽബം മറിച്ചുനോക്കിയപ്പോൾ ആദ്യം വന്ന ചിത്രം പ്ലസ് ടുവിന് സ്ഥിരമായി പോയിരുന്ന ക്വീൻ ബസും അതിൽ എന്റെ പാട്ടിനു കാതോർത്തിരുന്ന നിസയുമാണ്.

ഒരുപാടു മോഹങ്ങൾ പൂക്കളെ പോലെ പല നിറത്തിൽ തരത്തിൽ വിരിയുന്ന കൗമാരം . വെള്ളരി പ്രാവ് പോലെ പാറി രണ്ടു കൂട്ടുകാരികൾ ആ മധു ആവോളം നുകർന്ന പ്ലസ് ടു കാലം.

അവിടെ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. തിരക്കുപിടിച്ച ആ സ്റ്റാൻഡിൽ കൂട്ടുകാരികളുമായി കളിപറഞ്ഞു ചിരിച്ചു നിൽകുമ്പോൾ ആണ് ആ ചന്ദന കുറി ആദ്യമായി ഹൃദയത്തിൽ പതിഞ്ഞത്.

എവിടെയോ കണ്ട മുഖം. അയാൾ ഞങ്ങളെ തന്നെ നോക്കുന്നു അതും റൊമാന്റിക്കായി. ആദ്യം ഒരു കൗതുകം. ഇത്രയും പെൺപിള്ളേരെ ഒറ്റ അടിക്കു ട്യൂൺ ചെയ്യുന്ന വേന്ദ്രനെ അതിശയത്തോടെ നോക്കി.

എന്റെ നോട്ടം കണ്ടാവും പിന്നെ അയാൾ എന്നെത്തന്നെ നോക്കിയത്.

ഡി നിസ ഇയാൾക്ക് ആരുടെയോ ഷേപ്പ് ഇല്ലേ?

എനിക്ക് അറിയില്ല.

ഡി ഇത് ജയസൂര്യ അല്ലേ?

അതേപോലെ തന്നെ.

അത് ശരിയാടി അയാൾക്കു ആ പൊട്ടന്റെ ഛായ ഇല്ലാതില്ല അന്ന് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ ഇറങ്ങിയ സമയമാണ്.

ബസ് കണ്ണിൽ നിന്നും മറയുവോളം അയാൾ എന്നെ തന്നെ നോക്കി നിന്നു. ഇട്ട യൂണിഫോമിൽ നിന്നും അയാളൊരു കണ്ടക്ടർ ആണെന്ന് ഉറപ്പായി. ബസിന്റെ പേര് അരുൺ.

ഇപ്പോളും ആ ഓർമ്മകൾ ചുണ്ടിൽ ഒരു ചിരി വരുത്തുന്നു തീർത്തും വ്യർത്ഥമായ ചിരി.

അന്ന് തൊട്ടൊരു പ്രണയം അതിന്റെ വേരുകൾ ആഴത്തിൽ പതിപ്പിച്ചു എന്നെ ഞാനല്ലാതാക്കി ഇന്നും അതിന്റെ ഉണങ്ങാത്ത ചില്ലയിൽ തളിർക്കാൻ വെമ്പുന്ന ഇലകളെ കണ്ടില്ലെന്നു നടിച്ചു ഒരു പാഴ്മരം എന്ന് നിനച്ചു വെട്ടിക്കളയുന്നു അഹം.

തിരക്കുപിടിച്ച അരുൺ ബസിൽ ആൾക്കൂട്ടത്തിനിടയ്ക്കു രണ്ടു കണ്ണുകൾ പിന്നെ പലപ്പോഴും എന്റെ കണ്ണുകളുമായി കൊരുത്തു. ആ എത്തിനോട്ടം കുസൃതി ചിരി അതിലൊരു പെണ്ണിന്റെ കൗമാര സ്വപ്നങ്ങൾ ഒക്കെയും അയാൾ തീറെഴുതിയെടുത്തു.

അപകർഷതാ ബോധത്തിന്റെ മുറിപ്പാടുകളിൽ എരിയുന്ന എനിക്ക് അയാളൊരു സ്വാന്തനമായി എന്നെ നോക്കുന്ന ആ കണ്ണുകളെ ജീവനേക്കാൾ ഞാൻ പ്രണയിച്ചു.

എന്നിട്ടും അയാൾക്കു മുമ്പിൽ ഇല്ലാത്ത ജാട കാട്ടി മാറി നടന്നു.

ഇപ്പോളും ഓർക്കുന്നുണ്ട് എന്റെ പിറകെ അയാൾ ക്ലാസ്സ്‌റൂം വരെ വന്നത്. എന്തോ പറയാനായി വന്നു എന്റെ നോട്ടത്തിൽ പേടിച്ചു ഒന്നും മിണ്ടാതെ തിരിച്ചുപോയത്.

ഒരുപക്ഷെ അന്ന് അയാളോട് നന്നായി പെരുമാറിയിരുന്നെങ്കിൽ ഇന്ന് ഇത്ര വേദന ആത്മാവിൻ അവശേഷിക്കില്ലായിരുന്നു. അയാൾക്കു ഞാൻ ആരായിരുന്നു എന്നെങ്കിലും അറിയാൻ സാധിക്കുമായിരുന്നു.

ആഘോഷത്തോടെ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ കഴിഞ്ഞുപോയ പ്ലസ് ടു. ഇനി ഒരിക്കലും കാണാനാവില്ല എന്നുറപ്പോടെ ദൂരെ പഠിക്കാൻ പോയപ്പോഴും കളി കാര്യമായി തുടങ്ങി. ഒന്നിനുമല്ലാതെ തുടങ്ങിയ ഇഷ്ടം പറിച്ചെറിഞ്ഞിട്ടും പോകുന്നില്ല.

അതുകൊണ്ടാവും വീണ്ടും നാട്ടിൽ തിരിച്ചെത്തി പിന്നെയും അഞ്ചാറ് വർഷങ്ങൾ അയാൾ മുമ്പിൽ ഉണ്ടായിരുന്നു. പക്ഷേ അപ്പോഴേക്കും അയാളിലെ പ്രണയം മഞ്ഞുപോലെ ഉരുകി തീർന്നിരുന്നു.

ഒരുപാട് പെണ്പിള്ളേരുടെ ഒരു കള്ള കൃഷ്ണനായി അയാൾ മാറിയത് വേദനയോടെ നോക്കിനിൽക്കാൻ മാത്രേ കഴിഞ്ഞുള്ളു. അവകാശം പറഞ്ഞു ചെല്ലാനുള്ള ഒരു അടുപ്പവും ഞങ്ങൾക്കിടയിൽ ഇല്ല എന്ന വസ്തുത ഭ്രാന്ത്‌ പിടിപ്പിച്ചു.

പിന്നെ വാശിയായി, പൊരുതാൻ തുടങ്ങി ആ ഇഷ്ടം സ്വന്തമാക്കാൻ. എല്ലാർക്കു മുമ്പിലും കോമാളിയാവുമ്പോഴും എന്റെ പ്രണയത്തിന്റെ ആഴം അതെന്നെ നായികയാക്കി.

അല്ലെങ്കിൽ തന്നെ ഒരാൾ പ്രണയത്തിലാവുന്നതു ആത്യന്തികമായി പറഞ്ഞാൽ അയാളുടെ മാത്രം സന്തോഷത്തിനു വേണ്ടിയാണു. അയാളുടെ സങ്കടങ്ങളെ മറക്കാൻ അയാൾക്കു നിറമുള്ള സ്വപ്നങ്ങൾ കാണാൻ. അതൊരു ഉന്മാദ ല ഹരിയാണ്. നിവിൻ പോളി പറഞ്ഞ പോലെ പിന്നെ ചുറ്റിലുള്ളതൊന്നും നമുക്ക് കാണാൻ പറ്റില്ല.

രാവിലെ ഉണരുമ്പോഴും രാത്രി കിടക്കുമ്പോഴും ഉള്ളിൽ ഒരു സൂര്യൻ മാത്രം. ആ സൂര്യനെ കൊതിച്ചു പാതയോരത്തു വിരിഞ്ഞൊരു മുക്കൂറ്റി ഞാൻ.

നിനക്ക് വട്ടാണ് സന ആ വായിനോക്കി പക്കാ ഫ്രോഡ് ആണ് അല്ലെങ്കിൽ തന്നെ നിന്റെ ഉപ്പ അവനു നിന്നെ കൊടുക്കുമോ എന്നൊക്കെ കൂട്ടുകാർ ചോദിക്കുമ്പോൾ ആകാശത്തെ സൂര്യൻ താമരയുടെ സ്വന്തമാണെന്നു അറിഞ്ഞുകൊണ്ട് തന്നെ അവനെ കാത്തിരിക്കുന്നൊരു മുക്കൂറ്റി ആയി ഞാൻ കണ്ണീരോടെ കാത്തിരുന്നു.

ഇല്ലാത്ത താരപരിവേഷം ചാർത്തി അയാളെ ഗന്ധർവനാക്കി. അയാളുടെ സ്വഭാവദൂഷ്യങ്ങളെ ഒക്കെ കള്ള കണ്ണന്റെ ലീലാവിലാസങ്ങൾ എന്ന് കണ്ടു കണ്ടില്ലെന്നു നടിച്ചു.

ഇന്ന് ഈ ഡയറി എഴുതുമ്പോൾ പോലും എനിക്ക് അറിയില്ല ഒരു പെണ്ണ് ഒരു ആണിനെ ഇതുപോലെ പ്രണയിക്കുമോ?

എന്റെ പ്രണയം സത്യമായിരുന്നു അതാണല്ലോ ഇപ്പോളും ആ ഓർമയിൽ പോലും എന്റെ ശരീരം വിറയ്ക്കുന്നത് അറിയാത്തൊരു പരിഭ്രമം എഴുത്തിനെ പോലും ബാധിക്കുന്നതു.

അയാൾ അടുത്തുള്ളപ്പോൾ ആ മുഖത്തേക്ക് മുഖമുയർത്തി ഞാൻ നോക്കിയിട്ടില്ല നാണത്താൽ മിഴികൾ നിലത്തു കളമെഴുതി അതെ പ്രണയം അതെന്നും പൈങ്കിളി ആണ്.

ഇടയ്ക്കെപ്പോഴോ ഒരു തപസ്വിനിയിൽ ദേവൻ പ്രീതിപ്പെടുന്ന പോലെ കുറച്ചു നാൾ അയാൾ എന്റെ പ്രണയത്തെ കണ്ടെന്നു വരുത്തി സ്വപ്നങ്ങളുടെ കൊടുമുടിയിലേക്കു കൊണ്ടുപോയി കൈവിട്ട് കളഞ്ഞു.

അപ്പോളും കവിളിലെ നീർച്ചാലുകൾ പഴിച്ചത് എന്നെ മാത്രമാണ്. ആ നെറ്റിയിലൊരു ചന്ദന കുറിതൊടാനോ ആ കൈവിരലിൽ വിരൽ കോർക്കാനോ ഒരിക്കലും ആശിച്ചില്ല മറിച്ചു ഏറ്റവും ദിവ്യമായ എന്റെ ഹൃത്തിനെ ആ പാദങ്ങളിൽ അർപ്പിക്കാനാണ് ഉള്ളം തുടിച്ചതു.

എല്ലാം വെറുതെയായി എനിക്ക് പേടിയാണ് വീട്ടിൽ വന്നു പെണ്ണ് ചോദിക്കാൻ എന്നൊരു മറുപടിയിൽ അയാൾ കള്ള ചിരിയോടെ നടന്നുമറഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞില്ല.

പ്രതികാരം മാത്രമായിരുന്നു അതുവരെ വിവാഹത്തിന് സമ്മതിക്കാതിരുന്ന ഞാൻ പെട്ടന്ന് സമ്മതിച്ചപ്പോൾ മറ്റുള്ളവരെക്കാൾ എനിക്ക് അന്യമായി എന്റെ മനസ്സ്.

കാഴ്ചയിലും പെരുമാറ്റത്തിലും അയാളേക്കാൾ നൂറിരട്ടി നന്മയുള്ളൊരാൾ താലിചാർത്തിയപ്പോൾ ആ അധ്യായം അന്നേ മടക്കി. ഏതു ബന്ധത്തിലും വിശ്വസ്തത അനിവാര്യമാണ് എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന കൊണ്ടുതന്നെ എന്നെന്നേക്കുമായി വൃന്ദാവനം ഉപേക്ഷിച്ചു യാഥാർഥ്യത്തെ തികഞ്ഞ ആത്മാർത്ഥതയോടെ ഉൾക്കൊണ്ടു.

പക്ഷേ ആ ഓർമ്മകൾ ഇടയ്ക്കൊക്കെ അലോസരപ്പെടുത്തി എന്നിരുന്നാലും പിന്നെ ഒരിക്കലും അത് സ്വപ്നങ്ങൾ ആയില്ല. അടഞ്ഞുപോയൊരു അധ്യായത്തിന്റെ ചില അവശേഷിപ്പുകൾ അത്രമാത്രം.

വർഷങ്ങൾ ഒരുപാട് കഴിഞ്ഞു ഈ കൊറോണ എന്ന മഹാവ്യാധി ലോകം എമ്പാടും മരണഭീതി നിറയ്ക്കുന്നതിനു തൊട്ടുമുമ്പൊരു നാൾ എന്തോ അയാളെ ഒന്നൂടെ കാണണം എന്നുതോന്നി.

അയാൾക്കു മുമ്പിൽ ചെന്നുനിന്നു ഒരു വിജയിയെപോലെ ചിരിക്കണം എനിക്ക് ഒന്നും നഷ്ടപ്പെട്ടില്ല എന്നുറക്കെ പറയണമെന്നൊക്കെ തോന്നി അപ്പോളും കണ്ണുകൾ നിറയുന്നത് എന്തിനെന്നു മാത്രം മനസിലാവുന്നില്ല.

അതോണ്ട് അങ്ങനെ ഒരു ശ്രമവും ഉപേക്ഷിച്ചു. ഒരുപാട് ആലോചിച്ചപ്പോൾ ഒരു മഹാമല പോലെ ഞാൻ ചുമന്നുനടന്ന പ്രണയം ഒരു കടലാസ് തോണി പോലെ നിസാരമെന്നു എനിക്ക് തന്നെ തോന്നി ഇനി അയാളെ ഓർക്കുക പോലുമില്ല എന്ന് വീണ്ടും ഉറപ്പിച്ചു. അയാളോടായി പറയാൻ എനിക്ക് ഒന്നുമില്ല എന്നും.

മനസ്സ് കടിഞ്ഞാണില്ലാത്ത കുതിര എന്നൊക്കെ ആരോ നേരത്തെ പറഞ്ഞിട്ടുണ്ട് ചുറ്റും മരണം മണക്കുന്ന കൊറോണ ദിനങ്ങളിൽ വീണ്ടും എന്റെ പുലര്കാലങ്ങൾ വിചിത്രമാവുന്നു.

ഞാൻ ബോധപൂർവം മറക്കാൻ ശ്രമിക്കുന്ന ആൾ മിക്കപ്പോഴും എന്റെ പുലർകാല സ്വപ്നങ്ങളിലുണ്ട്. കണ്ണ് വലിച്ചു തുറക്കുമ്പോഴും കണ്ണിൽ നിന്നും മായാതെ.

ഇനി ഒരിക്കൽ കൂടി എനിക്ക് അയാളെ കാണണം. മാസ്ക് ഇട്ട മുഖത്തേക്ക് ധൈര്യത്തോടെ നോക്കണം. ചുണ്ടുകൾ വിറയ്ക്കാതെ പരിഭ്രമം ഇല്ലാതെ നേരിട്ട് പറയണം എനിക്ക് ഒരിക്കൽ കൂടി നിങ്ങളെ കാണണം എന്നുതോന്നി ഞാനോ നിങ്ങളോ മരിക്കുന്നതിന് മുമ്പ് ഒരിക്കൽ കൂടി….

അത്രയും മാത്രം പറഞ്ഞു തിരിഞ്ഞു നടക്കണം എന്റെ കിളികൂട്ടിലേക്കു അവിടെ എനിക്ക് കരുതലൊരുക്കി കാത്തിരിക്കുന്ന ആൺ കിളിയിലേക്കു, ആ നെഞ്ചിൽ കിടന്നു കരഞ്ഞു തീർക്കണം എന്തെന്നറിയാത്ത വേദനയുടെ കൊടും ഭാരം.

ഇപ്പോൾ നിങ്ങൾക്കു തോന്നുന്നുണ്ടോ സന പിഴച്ചവളെന്നു വിവാഹിത ആയവൾ പ്രണയത്തിന്റെ നെരിപ്പോടിൽ നീറിയതു വഞ്ചനയെന്ന്?

എങ്കിൽ ഒന്ന് പറയട്ടെ ഒരിക്കൽ ഒരാളെ ആത്മാർഥമായി പ്രണയിച്ചാൽ എന്തെല്ലാം അകലങ്ങൾ ഉണ്ടായാലും നമുക്ക് അയാളെ മാത്രേ മറക്കാൻ പറ്റു വെറുക്കാനും. ആ പ്രണയം അതൊരിക്കലും വഴിയരികിൽ ഉപേക്ഷിക്കാനാവില്ല അതിന്റെ വേദന അനുഭവിക്കാതിരിക്കാനും.

ഇനി എന്ന് കാണും എന്നറിയില്ല എങ്കിലും ഒരു തവണ ഒരൊറ്റ തവണ കണ്ടേ പറ്റു ഈ ഭൂമിയിൽ നിന്ന് മറയുന്നതിനു മുമ്പ് ഒരുവട്ടം അന്നെങ്കിലും അയാൾ മാസ്കിട്ട മുഖത്തെ കണ്ണുകളിൽ എന്റെ പ്രണയത്തിന്റെ വിരഹാഗ്നി തിരിച്ചറിഞ്ഞുവെങ്കിൽ എന്നെ മനസിലാക്കിയില്ലെങ്കിലും. ആ നിമിഷത്തിൽ എനിക്ക് കൈകളിൽ താലിച്ചരട് മുറുക്കി എന്നെന്നേയ്ക്കുമായി ആ പ്രണയ കോട്ടയിൽ നിന്നും സമാധാനത്തോടെ പടിയിറങ്ങാം.

എഴുതാനെടുത്ത ഡയറി താളുകളിൽ അടർന്നു വീണ കണ്ണീർതുള്ളികൾ മാത്രം സനയെ മനസ്സിലാക്കി എന്നത്തെയുംപോലെ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *