എൻ്റെ രമേശാ,,, നിനക്ക് തന്നെ ചിലവിന് തരുന്നത് ഞാൻ കണ്ടയിടത്തൊക്കെ എച്ചിൽ പാത്രം കഴുകിയും വിഴുപ്പലക്കിയുമൊക്കെയാണ്അ തിൻ്റെ കൂടെ…….

Story written by Saji Thaiparambu

അമ്മേ ,, ദേ ഇത് കണ്ടോ ?

രാവിലെ പത്രവുമായി വിളിച്ച് കൂവി അടുക്കളയിലേയ്ക്ക് ഓടിവരുന്ന മകനെ കണ്ട് മാലതി അമ്പരന്നു.

എന്താടാ,,, ചരമ കോളത്തിൽ നമ്മുടെ ബന്ധുക്കളുടെ ആരുടെയെങ്കിലും മരണവാർത്തയുണ്ടോ?

ചരമ കോളത്തിലല്ലമ്മേ , ദേ നോക്ക്, മാട്രിമണി പേജിലാണ് ,ജോലിയൊന്നു മില്ലാത്ത ചെക്കനെ അന്വേഷിക്കുന്ന സുന്ദരിയായ യുവതി, 27 വയസ്സ് വെളുത്ത നിറം ,അഞ്ചടി 2 ഇഞ്ച് ഉയരം,ശുദ്ധ ജാതകം, ആരോഗ്യമുള്ള ചെറുപ്പക്കാരിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു,, കണ്ടോ അമ്മേ ,, ഇപ്പോൾ എങ്ങനെയിരിക്കുന്നു ?ജോലിക്ക് പോകാത്ത നിനക്കാര് പെണ്ണ് തരാനാന്ന് ഇന്നലെയും കൂടി അമ്മ എന്നോട് ചോദിച്ചില്ലേ?ഏതൊരു പട്ടിക്കും ഒരു ദിവസമുണ്ടെന്ന് ഇപ്പോൾ മനസ്സിലായില്ലേ?

ഇതേതോ വട്ട് കേസ്സാണ് ചെറുക്കാ,,, നീ പോയി നിൻ്റെ ജോലി നോക്ക് ചെല്ല് ,,, ഉമ്മറത്ത് ഉണക്കാനിട്ടിരിക്കുന്ന മുളകും മല്ലിയും കാക്ക കൊത്തിക്കൊണ്ട് പോകും

അത് ശരി ,അപ്പോൾ അമ്മയ്ക്ക് അതാണ് വലുതല്ലേ? ഇവിടിങ്ങനെ ഒരുത്തൻ മുപ്പത്തിരണ്ട് കഴിഞ്ഞ് പുരനിറഞ്ഞ് നില്ക്കുന്നതിന് യാതൊരു ദണ്ണവുമില്ല അല്ലേ?

എൻ്റെ രമേശാ,,, നിനക്ക് തന്നെ ചിലവിന് തരുന്നത് ഞാൻ കണ്ടയിടത്തൊക്കെ എച്ചിൽ പാത്രം കഴുകിയും വിഴുപ്പലക്കിയുമൊക്കെയാണ്അ തിൻ്റെ കൂടെ നീ കെട്ടിക്കൊണ്ട് വരാൻ പോകുന്ന പെണ്ണിൻ്റെ കാര്യം കൂടി നോക്കാൻ എന്നെക്കൊണ്ടാവില്ല

എൻ്റമ്മേ ഇനി മുതൽ എനിക്ക് ചിലവിന് തരാൻ അമ്മ ജോലിക്കൊന്നും പോകേണ്ട ചിലവിൻ്റെ കാര്യമൊക്കെ ഈ പറഞ്ഞവള് നോക്കിക്കൊള്ളുംഅവള് ജോലി ഉള്ളവളാണമ്മേ നാലക്ക ശബ്ബളവുമുണ്ട് ,ഒക്കെ ഞാൻ പരസ്യ ബ്യൂറോയിൽ വിളിച്ചന്വേഷിച്ചിട്ടുണ്ട് ,അമ്മ എൻ്റെ കൂടെയൊന്ന് പെണ്ണ് കാണാൻ വന്നാൽ മതി

ഓഹ്,,, അത് ശരി ,,,അപ്പോൾ അവിടം വരെയൊക്കെയായി കാര്യങ്ങൾ,, എന്നാലും ഇങ്ങനെയും പെണ്ണുങ്ങളുണ്ടോ ?ജോലി ഉള്ളതിൻ്റെ അഹങ്കാരം അല്ലാതെന്താ? ഉം നീ അഡ്രസ്സ് എഴുതിയെടുത്തോ ,അടുത്ത ഞായറാഴ്ച നമുക്ക് അങ്ങാട്ട് പോകാം

ശരിയമ്മേ ,,, എൻ്റെ പൊന്നാണമ്മ ,,, ഉം,,,,, മ്മാ,,,

സന്തോഷം കൊണ്ട് രമേശൻ തുള്ളിച്ചാടി.

പിന്നെയെല്ലാം എടുപിടീന്നായിരുന്നു.

അമ്മയുടെ ശകാരം സഹിക്കവയ്യാതെ വല്ലപ്പോഴും പെയിൻ്റിങ്ങ് പണിക്ക് പോകുന്ന രമേശന് ജോലിക്കാരിയായൊരു പെണ്ണിനെ കിട്ടിയെന്നറിഞ്ഞ സ്ഥിരം ജോലിക്ക് പോയി കുടുംബം നോക്കുന്ന ബാച്ച്ലേഴ്സിന് അസൂയ അടക്കാനായില്ല

അവൻ്റെ തലവര നല്ലതായിരുന്നു അല്ലാതെന്താ?

പലരും വിധിയെ പഴിച്ചു ,ചിലർ കല്യാണസദ്യയെ പരമാവധി കുറ്റം പറഞ്ഞു

എന്തായാലും രമേശൻ്റെ വിവാഹം മംഗളമായി കഴിഞ്ഞു,

ഒരാഴ്ച ഹണിമൂണിൻ്റെ ല ഹരിയും വിരുന്ന് സൽകാരവുമൊക്കെയായി പെട്ടെന്ന് ദിവസങ്ങൾ കൊഴിഞ്ഞു പോയി.

തൻ്റെ ലീവ് തീരുന്നതിൻ്റെ തലേ ദിവസം, രമേശൻ്റെ ഭാര്യ രാധിക അയാളോട് ചില കാര്യങ്ങൾ ഓർമ്മിപ്പിച്ചു

രമേശേട്ടാ… നാളെ മുതൽ എനിക്ക് ഓഫീസിൽ പോകണം ,, എന്നെ ഒരു ഏഴര മണി ആകുമ്പോൾ ഒന്ന് വിളിച്ചേക്കണേ ,,, പിന്നെ നമ്മള് വിരുന്നിന് പോയപ്പോൾ അണിഞ്ഞിരുന്ന ആ ഇളം നീല ചുരിദാറില്ലെ?അതൊന്ന് രാവിലെ മറക്കാതെ ഇസ്തിരിയിട്ട് വച്ചേക്കണേ,, ഉച്ചയ്ക്കത്തേയ്ക്കുള്ള ഭക്ഷണത്തിൻ്റെ കൂടെ മോര്കറിയും തോരനും ഒരു കഷ്ണം മീൻ പൊരിച്ചതും എനിക്ക് നിർബന്ധമാണ് ,പിന്നെ ഒരാഴ്ചത്തെ ഡ്രസ്സ് മുഴുവൻ വാഷ് ചെയ്യാനുമുണ്ട് ,വൈകിട്ട് ഞാൻ ബസ്സ്റ്റോപ്പിലിറങ്ങുമ്പോൾ വിളിക്കാം അപ്പോൾ സ്കൂട്ടറുമായിട്ട് വന്നാൽ മതികെട്ടോ?

അത് കേട്ട് രമേശൻ പകച്ച് പോയി

അല്ല രാധികേ … ഇതൊക്കെ പാവം വയ്യാത്തഅമ്മ തനിച്ചെങ്ങനെയാണ് ചെയ്യുന്നത്? നീ കുറച്ച് നേരത്തെ ഉറക്കമെഴുന്നേറ്റാൽ, നിനക്കമ്മയെ സഹായിക്കാമല്ലോ? അങ്ങനെയല്ലേ നാട്ട് നടപ്പ് ,,,,

അയ്യോ ,,,അതിന് അമ്മ ചെയ്യണമെന്നാരാ പറഞ്ഞത് ?ഇതൊക്കെ രമേശേട്ടൻ ചെയ്യേണ്ട ജോലികളാണ് അതിനല്ലേ ഞാൻ ജോലിയില്ലാത്ത നല്ല ആരോഗ്യമുള്ള ചെറുക്കനെ തന്നെ കല്യാണമാലോചിച്ചത്?

അത് ശരി, അപ്പോൾ അതായിരുന്നു കാര്യം ?എൻ്റമ്മ പറഞ്ഞത് ശരിയാണല്ലേ? നിനക്ക് ജോലി ഉളളതിൻ്റെ അഹങ്കാരമാണല്ലേ?

അതെന്താ,,, ആണുങ്ങൾക്ക് മാത്രമേ അഹങ്കാരം പാടുള്ളോ ?പണ്ട് ജോലിയുള്ള എൻ്റെ അച്ഛൻ അമ്മയോട് എപ്പോഴും പറയുന്നൊരു കാര്യമുണ്ട് ,ജോലിയില്ലാത്ത നിന്നെ തന്നെ കല്യാണം കഴിച്ചത് ,വീട്ടിലെ ജോലി ചെയ്യാനും മക്കളെ നോക്കി വളർത്താനാണെന്നും ,അത് കേട്ട് നിസ്സഹായതയോടെ നില്ക്കുന്ന അമ്മയുടെ മുഖം എനിക്ക് എന്നുമൊരു വേദനയായിരുന്നു ,അന്നേ ഞാൻ തീരുമാനിച്ചതാണ് വലുതാകുമ്പോൾ നല്ലൊരു ജോലി സമ്പാദിച്ചിട്ട് ജോലിയില്ലാത്തൊരാളെ ഭർത്താവാക്കണമെന്ന് ,എന്നിട്ട് എൻ്റെ അച്ഛൻ അമ്മയോട് പറഞ്ഞത് പോലെ എനിക്കും പറയണമെന്ന് ,വീട്ട് ജോലി പെണ്ണുങ്ങൾക്ക് മാത്രമുള്ളതല്ല ,അത് ജോലിയുള്ള ഭാര്യയുള്ള ആണുങ്ങൾക്കുമാവാം,, ഇനി മുതൽ ഹൗസ് വൈഫ് മാത്രമല്ല ഹൗസ് ഹസ്ബൻറും വീടുകളിലുണ്ടാവട്ടെ,,

അത് കേട്ട് രമേശൻ്റെ കിളി പോയി,,

NB :- ജോലിയില്ലാത്ത ഭാര്യമാര് മതിയെന്ന് നിർബന്ധം പിടിക്കുന്ന ഞാനുൾപ്പെടെയുള്ള ആണുങ്ങൾക്ക് ഇതൊരു തിരിച്ചറിവാകട്ടെ😜

Related Posts

Leave a Reply

Your email address will not be published. Required fields are marked *