എൻ്റെ സങ്കല്പത്തിലുള്ള ഭർത്താവാകാനോ എൻ്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനോ നിങ്ങൾക്കിത് വരെ കഴിഞ്ഞിട്ടില്ല, ഇനിയൊട്ട് കഴിയുമെന്നും…….

Story written by Saji Thaiparambu

അമ്മയെവിടെ മക്കളെ ?

ജോലി കഴിഞ്ഞ് വന്ന രമേശൻ തൻ്റെ അഞ്ചും, ഏഴും വയസ്സ് പ്രായമുള്ള പെൺമക്കളോട് ചോദിച്ചു

അതിന് മറുപടി പറയാതെ കയ്യിലിരുന്ന ഒരു തുണ്ട് കടലാസ്സ് ,അവർ അച്ഛൻ്റെ നേർക്ക് നീട്ടി

അതൊരു ലെറ്ററായിരുന്നു

ആകാംക്ഷയോടെ അയാളത് വായിച്ചു

ഞാൻ എനിക്ക് ഇഷ്ടമുള്ള ഒരാളോടൊപ്പം പോകുകയാണ് ഇനിയെങ്കിലും എനിക്കൊന്ന് ജീവിക്കണം ,ഇത്രയും നാളും നിങ്ങളോടൊപ്പം ഞാൻ യാന്ത്രികമായിട്ടാണ് ജീവിച്ചത് എൻ്റെ സങ്കല്പത്തിലുള്ള ഭർത്താവാകാനോ എൻ്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനോ നിങ്ങൾക്കിത് വരെ കഴിഞ്ഞിട്ടില്ല, ഇനിയൊട്ട് കഴിയുമെന്നും തോന്നുന്നില്ല, ജീവിതം ഒന്നേയുള്ളു ,അതെനിക്ക് സുഖിച്ച് തന്നെ ജീവിക്കണം,അതിനാണ് ഞാൻ പോകുന്നത് ,നിങ്ങളുടെ ഒന്നും തന്നെ ഞാൻ കൊണ്ട് പോകുന്നില്ല, അത് കൊണ്ട് തന്നെയാണ് മക്കളെയും കൂടെ കൂട്ടാതിരുന്നത് ,അതും നിങ്ങളുടെ തന്നെയാണെന്ന് എനിക്കുറപ്പുണ്ട്, ഒരപേക്ഷയുണ്ട് ,എന്നെ തേടി എൻ്റെ പുറകെ വരരുത് ,പ്ളീസ് …

കത്ത് വായിച്ച് കഴിഞ്ഞ രമേശൻ്റെ മനസ്സ് ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്നിപർവതമായി മാറിക്കഴിഞ്ഞിരുന്നു

പോട്ടെ ,അവളെവിടെയെങ്കിലും പോട്ടെ, അവളെന്താ കരുതിയത്? അവള് പോയ വിഷമത്തിൽ ഞാൻ വിഷം കഴിച്ച് ചാകുമെന്നോ ?മ്ഹും അതിന് വേറെ ആളെ നോക്കണം ,അവള് പോയാൽ അവളെക്കാൾ സുന്ദരിയായൊരുത്തിയെ ഞാൻ കൊണ്ട് വരും ,മക്കള് വിഷമിക്കണ്ട ,നിങ്ങളെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുന്ന പുതിയൊരമ്മയെ അച്ഛൻ നിങ്ങൾക്ക് കൊണ്ട് തരും ,നിങ്ങള് നോക്കിക്കോ ?

ഉന്മാദം പിടിപെട്ടവനെ പോലെയുള്ള രമേശൻ്റെ അപ്പോഴത്തെ പ്രകടനം കണ്ട് കുട്ടികളും പകച്ച് പോയി

പക്ഷേ, ഒരു മാസം കഴിഞ്ഞപ്പോൾ പുറത്ത് പോയിരുന്ന രമേശൻ വീട്ടിലേക്ക് വന്നത് മറ്റൊരു യുവതിയോടൊപ്പമായിരുന്നു

ആരാ അച്ഛാ ഇത്?

ഇളയ മകൾ രേണു ചോദിച്ചു

ഇതാണ് മോളേ അച്ഛൻ അന്ന് പറഞ്ഞ നിങ്ങളുടെ പുതിയ അമ്മ

അത് കേട്ടപ്പോൾ അവർ രണ്ട് പേരുടെയും മുഖം മ്ളാനമായി ഒന്നും മിണ്ടാതെ ചേച്ചിയും അനുജത്തിയും അകത്തേയ്ക്ക് കയറിപ്പോയി, അന്ന് അച്ഛൻ അങ്ങനെ പറഞ്ഞെങ്കിലും അത് അപ്പോഴത്തെ വാശിക്ക് പറഞ്ഞതാണെന്ന് കരുതിയിരിക്കുകയായിരുന്നു അവർ, ഓരോ ദിവസവും പുലരുന്നത് മുതൽ വൈകുന്നത് വരെ തങ്ങളുടെ അമ്മ തിരിച്ച് വരുമെന്ന് തന്നെയായിരുന്നു അവരുടെ പ്രതീക്ഷ ,അത് കൊണ്ട് തന്നെ അച്ഛൻ കൊണ്ട് വന്ന പുതിയ അമ്മയെ ഉൾക്കൊള്ളാൻ അവർക്ക് കഴിയുമായിരുന്നില്ല

രമേശൻ്റെ കൂടെ വന്ന രജനിക്ക് അത് മനസ്സിലായിരുന്നു, ഇത്ര നാളും തങ്ങളെ നോക്കി വളർത്തിയ സ്വന്തം അമ്മയ്ക്ക് പകരം, മറ്റൊരു സ്ത്രീയെ അമ്മയായി കരുതാൻ തിരിച്ചറിവാകാത്ത ആ കുട്ടികൾക്ക് അത്ര പെട്ടെന്ന് കഴിയില്ലെന്ന് രജനിക്കും മനസ്സിലാകുമായിരുന്നു,

പക്ഷേ, വിട്ട് കൊടുക്കാൻ അവൾ ഒരുക്കമല്ലായിരുന്നു, വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്ക് ശേഷം, തനിക്ക് പ്രസവിക്കാൻ കഴിയില്ലെന്ന സത്യം മനസ്സിലാക്കിയ തൻ്റെ ഭർത്താവ്, ക്രൂ രമായി തന്നെ ഉപേക്ഷിച്ച് പോയപ്പോൾ, ജീവിതത്തിൽ യാതൊരു പ്രതീക്ഷയുമില്ലാതിരുന്ന സമയത്താണ്, രമേശൻ്റെ വിവാഹാലോചന വരുന്നത്

തൻ്റെ കുറവുകളെക്കുറിച്ച് വീട്ടുകാർ മുൻകൂട്ടി പറഞ്ഞപ്പോൾ ,രമേശൻ പറഞ്ഞത്, ഒരു ഭാര്യയെക്കാൾ തനിക്കാവശ്യം പ്രസവിക്കാത്ത ഒരമ്മയെ തന്നെയാണെന്നായിരുന്നു

എൻ്റെ മക്കളെ സ്വന്തം മക്കളായി കാണുന്ന, അവരെ മരണം വരെ സ്നേഹിക്കുന്ന ഒരമ്മയെയാണ് വേണ്ടത് ,അങ്ങനെയാവാൻ കഴിയുമെന്ന് രജനിക്കുറപ്പുണ്ടെങ്കിൽ, അച്ഛൻ്റെയും അമ്മയുടെയും അനുവാദത്തോടെ എൻ്റെ കൂടെ വരാം

തനിക്കത് നൂറ് വെട്ടം സമ്മതമായിരുന്നു കാരണം തനിക്കും ആവശ്യം ഒരു ഭർത്താവിനെ ആയിരുന്നില്ല സ്നേഹിക്കാനും ലാളിക്കാനുമുള്ള മക്കളെയായിരുന്നു

അത് കൊണ്ട് ഏത് വിധേനയും രേണുവിനെയും രസ്നയെയും തന്നിലേക്കടുപ്പിക്കാൻ തന്നെ അവൾ തീരുമാനിച്ചു

പിറ്റേന്ന് രാവിലെ രജനി, അവരുടെ മുറിയിലേക്ക് ചെന്നു

രണ്ട് പേർക്കും എന്നോട് ദേഷ്യമാണോ?

രജനിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവർ മുഖം തിരിച്ചിരുന്നു

നിങ്ങളെന്തിനാ എപ്പോഴും ഇങ്ങനെ വിഷമിച്ചിരിക്കുന്നത് ആ സ്ത്രീ നിങ്ങളെ ഉപേക്ഷിച്ച് പോയതിനാണോ?

രജനിയുടെ ചോദ്യം കേട്ട് കുട്ടികൾ അവളെ തറപ്പിച്ച് നോക്കി

അതൊരു സത്രീയല്ല, അവര് ഞങ്ങടെ അമ്മയായിരുന്നു

മൂത്തവൾ രസ്ന രോഷത്തോടെ പറഞ്ഞു

എന്ന് നിങ്ങൾക്കെങ്ങനെ അറിയാം ,നിങ്ങൾ കുഞ്ഞായിരുന്നപ്പോൾ മുതൽ അവരെ നിങ്ങൾ അമ്മയെന്നാണ് വിളിച്ച് ശീലിച്ചത്, എന്ന് വച്ച് അവര് നിങ്ങടെ അമ്മയാകണമെന്നുണ്ടോ ?അതിന് പത്ത് മാസം ഗർഭം ധരിച്ച് കഷ്ടപ്പാടുകൾ സഹിച്ച് നൊന്ത് പ്രസ വിക്കുക കൂടി വേണം, എന്നാലേ അമ്മയാകു, ആ സ്ത്രീ തന്നെയാണ് നിങ്ങളെ പ്രസവിച്ചതെന്നതിന് എന്തെങ്കിലും തെളിവുണ്ടോ ?അതവര് പണ്ടെപ്പോഴെങ്കിലും നിങ്ങളോട് പറഞ്ഞ് വിശ്വസിപ്പിച്ച പെരുംനുണയാണെങ്കിലോ?

രജനിയുടെ സംസാരം കേട്ട്, കുട്ടികൾ അവളെ ഉദ്വേഗത്തോടെ നോക്കി

അവര് ഞങ്ങടെ അമ്മയല്ലെന്ന് നിങ്ങൾക്കെന്താ ഉറപ്പ് ?

രേണു വൈരാഗ്യത്തോടെ അവളോട് ചോദിച്ചു

അവർ നിങ്ങളെ ,നൊന്ത് പ്രസവിച്ച സ്ത്രീ ആയിരുന്നെങ്കിൽ.. നിങ്ങളെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ അവർക്ക് കഴിയുമായിരുന്നില്ല ,ഇവിടെ അവർക്ക് എന്തൊക്കെ കുറവുകൾ ഉണ്ടെങ്കിലും, സ്വന്തം പൊക്കിൾ കൊടിയിൽ നിന്നും മുറി ച്ചെടുത്ത നിങ്ങളെയോർത്ത് അതെല്ലാം അവർ സഹിക്കുമായിരുന്നു സ്വന്തം അമ്മയായിരുന്നെങ്കിൽ മക്കൾക്ക് കിട്ടാത്ത സന്തോഷം തനിക്കും വേണ്ടെന്ന് കരുതി മരണം വരെ അവർ നിങ്ങളോടൊപ്പമുണ്ടാകുമായിരുന്നു, അത് കൊണ്ട് തന്നെയാണ്, ആ സ്ത്രീ നിങ്ങളുടെ അമ്മയല്ലെന്ന് ഞാൻ ഉറപ്പിച്ച് പറയുന്നത്

എങ്കിൽ ആരാണ് ഞങ്ങളുടെ യഥാർത്ഥ അമ്മയെന്ന് നിങ്ങൾക്കറിയാമോ?

അറിയാം

എങ്കിൽ പറ ,ആരാ ഞങ്ങടെ അമ്മ?

ഞാൻ തന്നെയാണ് നിങ്ങടെ യഥാർത്ഥ അമ്മ, നിങ്ങളെ രണ്ട് പേരെയും ഗർഭം ധരിച്ചതും, നൊന്ത് പ്രസവിച്ചതും ഞാൻ തന്നെയാണ് ,അതെങ്ങനെ തെളിയിക്കുമെന്ന് ചോദിച്ചാൽ, അതിന് നിങ്ങളെനിക്ക് കുറച്ച് സമയം തരണം ,അധികമൊന്നും വേണ്ട ഒരു മാസം മതി ,അതിനുള്ളിൽ ആത്മാർത്ഥമായി നിങ്ങളെന്നെ അമ്മയെന്ന് വിളിച്ചില്ലെങ്കിൽ ഞാൻ തോല് വി സമ്മതിച്ച് ഇവിടെ നിന്ന് തിരിച്ച് പോയിരിക്കും

കുട്ടികൾ ആ വെല്ല് വിളി ഏറ്റെടുത്തു ,രജനി പറഞ്ഞത് പോലെ ഒരു മാസമൊന്നും വേണ്ടി വന്നില്ല ,കുട്ടികൾക്ക് രജനിയാണ് തങ്ങളുടെ യഥാർത്ഥ അമ്മയെന്ന് തിരിച്ചറിയാൻ, അതിന് ഒരാഴ്ച തന്നെ ധാരാളമായിരുന്നു

അങ്ങനെ പ്രസവിക്കാതെ തന്നെ രജനി രണ്ട് പെൺകുട്ടികളുടെ അമ്മയായി, കുട്ടികൾക്ക് സ്വന്തം അമ്മയാരാണെന്ന് ,ആ കുറഞ്ഞ സമയം കൊണ്ട് മനസ്സിലാകുകയും ചെയ്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *