നിങ്ങളെന്നെ ചതിക്കായിരുന്നു അല്ലേ…? പിന്നെന്തിനാ എന്നെ കെട്ടിയെ. അവളെത്തന്നെ കെട്ടിയാൽ പോരായിരുന്നോ…

ആദ്യരാത്രിയിലെ രഹസ്യം

Story written by Shaan Kabeer

“എനിക്കറിയണം ഇക്കാ, അവൾ ഇപ്പോഴും നിങ്ങളുടെ മനസ്സിൽ ഉണ്ടോ എന്ന്”

ഷാഹിന ഷാൻ കബീറിന്റെ കയ്യിൽ പിടിച്ച് അവന്റെ കണ്ണിലേക്ക് നോക്കി

“നിങ്ങളെന്നെ ചതിക്കായിരുന്നു അല്ലേ…? പിന്നെന്തിനാ എന്നെ കെട്ടിയെ. അവളെത്തന്നെ കെട്ടിയാൽ പോരായിരുന്നോ…? ചതിയനാ നിങ്ങൾ, ചതിയൻ”

ഷാൻ നന്നായി ചുമക്കുന്നുണ്ടായിരുന്നു. അവൻ ഷാഹിനയെ ദയനീയമായൊന്ന് നോക്കി

“ഇല്ല നിന്നെ ഞാൻ ഒരിക്കലും ചതിച്ചിട്ടില്ല. ഒരു തമാശക്ക് നിന്നോട് എല്ലാം തുറന്ന് പറഞ്ഞതാണോ ഞാൻ ചെയ്ത തെറ്റ്”

ഒന്ന് നിറുത്തിയിട്ട് ഷാൻ തുടർന്നു

“ഇനിയെങ്കിലും എന്നെയൊന്ന് വിശ്വസിച്ചൂടെ”

ഷാഹിനയുടെ കണ്ണുകൾ ചുവന്നു, ഹൃദയമിടിപ്പ് കൂടി, ഞരമ്പുകൾ വലിഞ്ഞു

“എന്റെ മുന്നിൽ കണ്ടുപോകരുത്. പൊക്കോ ചതിയാ”

ഷാഹിനയുടെ ശബ്ദം ഉയർന്നപ്പോൾ ഡോക്ടർ ഐസിയൂവിലേക്ക് കയറി ഷാനിനെ രൂക്ഷമായൊന്ന് നോക്കി

“നിങ്ങളോട് ഞാൻ പറഞ്ഞിട്ടില്ലേ പേഷ്യന്റിന് കൂടുതൽ ടെൻഷൻ കൊടുക്കരുത് എന്ന്. ഒന്ന് പുറത്തേക്ക് പോയേ”

ഷാൻ ബെഡിൽ പിടിച്ച് മെല്ലെ എഴുന്നേറ്റു, എന്നിട്ട് ബെഡിൽ ചാരി വെച്ചിരിക്കുന്ന വടിയും കുത്തി മെല്ലെ നടന്നു. ഈ നവംബർ എട്ടിന് എൺപത്തിരണ്ട് വയസ്സ് തികയും ഷാൻ കബീറിന്. ഷാഹിനാക്ക് കഴിഞ്ഞ ജനുവരിയിൽ എഴുപത്തി ഏഴ് തികഞ്ഞു.

പത്തറുപത് വർഷം മുന്നേ ആദ്യ രാത്രിയിൽ പുതുമണവാട്ടിയായ ഷാഹിനയുടെ മുന്നിൽ ഒന്ന് മാസ്സാവാൻ വേണ്ടി ഇല്ലാത്ത ഒരു പ്രണയകഥ പറഞ്ഞതാണ് പാവം ഷാൻ.

അവരുടെ ആദ്യരാത്രി ചെറിയൊരു ഫ്ലാഷ്ബാക്ക്👇

ആദ്യരാത്രി കയ്യിൽ പാലുമായി വന്ന ഷാഹിനയെ തന്റെ അടുത്ത് പിടിച്ചിരുത്തി ഷാൻ കബീർ വീട്ടിലെ കാര്യങ്ങളും നാട്ടിലെ കാര്യങ്ങളുമെല്ലാം സംസാരിച്ചു. ഇതിനിടയില്‍ ഷാൻ ഒന്നു രണ്ട് തമാശയും പറഞ്ഞു അതുകേട്ട ഷാഹിന പൊട്ടിച്ചിരിച്ചു. ഷാനിന് ആവേശമായി. അവന്‍ വീണ്ടും വീണ്ടും തമാശകൾ പറഞ്ഞുകൊണ്ടിരുന്നു. ഷാനിന്റെ തമാശകൾ കേട്ട് അവള്‍ ചിരി നിര്‍ത്താന്‍ പാടുപ്പെട്ടു. പിന്നെ അവന്‍ തന്റെ കോളേജിലെ വീര സാഹസിക കഥകള്‍ പറഞ്ഞ് അവളുടെ മുന്നില്‍ ഹീറോയായി. എല്ലാം ആവേശത്തോടെ ഷാഹിന കേട്ടു.

“ഷാനിക്ക ഒരു സംഭവാല്ലേ..? എന്റെ ഭാഗ്യം”

ഷാൻ കബീർ ഷാഹിനയെ നോക്കി ഇതൊക്കെ എന്ത് എന്ന ഭാവത്തില്‍ പുഞ്ചിരിച്ചു

“കേളേജിലെ ഇത്രേം വലിയ ഹീറോ ആയതുകൊണ്ട് തന്നെ ഒരുപാട് പെണ്‍കുട്ടികള്‍ പിറകെ നടന്നു കാണും ല്ലേ..?”

“നടന്നിട്ടുണ്ടോ എന്നോ, എനിക്ക് കിട്ടിയ പ്രണയ ലേഖനങ്ങള്‍ തൂക്കി വിറ്റായിരുന്നു ഞാന്‍ ഹോസ്റ്റലിലെ ഫീസ് അടച്ചിരുന്നത്”

അത്ഭുതത്തോടെ അവള്‍ ഷാനിനെ നോക്കി. സത്യം എന്ന അര്‍ത്ഥത്തില്‍ ഷാൻ തലയാട്ടി

“ഇത്രേം പെണ്‍കുട്ടികള്‍ പിറകെ നടന്നിട്ടും ഇക്ക ആരേയും പ്രേമിച്ചില്ലേ”

അവന്‍ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് നാണത്തോടെ അവളെ നോക്കി

” അത് പറയണോ..?”

“പറ ഇക്കാ, അതിനെന്താ കുഴപ്പം. എന്റെ ഷാനിക്കയുടെ പ്രണയകഥ കേൾക്കുന്നത് എനിക്കൊരു സന്തോഷല്ലേ. നമ്മൾ ഭാര്യഭർത്താക്കന്മാർ മാത്രല്ല കട്ട ഫ്രണ്ട്സും കൂടെ ആണ്. എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്ന് പറയണം എന്നാലേ ദാമ്പത്യബന്ധം നിലനിക്കൂ”

ഷാഹിന ഒന്ന് നിറുത്തിയിട്ട് പറഞ്ഞു

“ഷാനിക്കയുടെ പ്രണയ കഥ കേൾക്കുന്നത് എനിക്ക് സന്തോഷം മാത്രല്ല, അഭിമാനവുമാണ്”

ഇത് കേട്ടതും ഭാര്യയുടെ മുന്നില്‍ ആളാവാൻ വേണ്ടി ഇല്ലാത്ത ഒരു പ്രണയകഥ ഭംഗിയായി ഷാൻ അവളുടെ മുന്നില്‍ അവതരിപ്പിച്ചു. പണ്ടെങ്ങാണ്ടോ കണ്ട അതിതീവ്ര പ്രണയത്തെ കുറിച്ച് പറഞ്ഞ ഒരു ഹിന്ദി സിനിമയുടെ കഥ യായിരുന്നു ഷാൻ അവളോട്‌ പറഞ്ഞത്. ആ കഥകേട്ടാൽ ആരും കരഞ്ഞുപോകും. അത്ര തീവ്രമായിരുന്നു ആ പ്രണയം.

കഥ പറഞ്ഞു കഴിഞ്ഞതും പെട്ടെന്ന് ഷാഹിന കിടക്കാന്‍ തുടങ്ങി. ഷാൻ കാര്യം തിരക്കിയപ്പോൾ തലവേദനയാകുന്നു എന്ന് പറഞ്ഞ് അവള്‍ കിടന്നു.

അന്ന് തുടങ്ങിയ കഷ്ടകാലമാണ് ഷാൻ കബീർ ഈ വയസ്സാംകാലത്തും അനുഭവിക്കുന്നത്. ഇതിനിടയിൽ അവർക്ക് കുട്ടികളായി പേരകുട്ടി കളായി പക്ഷേ, ആദ്യരാത്രിയിൽ ഷാൻ പറഞ്ഞത് മാത്രം ഷാഹിന മറന്നില്ല.

ഐസിയൂവിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങാൻ നേരം ഷാൻ ഷാഹിനയെ ദയനീയമായി ഒന്ന് നോക്കി. ഷാഹിന ഉണ്ടക്കണ്ണുരുട്ടി അവനെ നോക്കി

“ന്നാലും എന്നോട് ഈ ചതി ചെയ്തല്ലോ മനുഷ്യാ”

ആദ്യരാത്രി ആളാവാൻ വേണ്ടി ഭാര്യയുടെ മുന്നിൽ ഇല്ലാക്കഥ പറഞ്ഞ് ഇപ്പോഴും തെറി കേൾക്കുന്നവർ മടിച്ചിരിക്കാതെ ഇവിടെ കമോൺ.

ഇനി കല്യാണം കഴിക്കാൻ പോകുന്ന വർക്ക് ചെറിയൊരു ഉപദേശം: പെണ്ണാണ് മോനേ, നമ്മുടെ ഉള്ളിലുള്ളത് കിട്ടാൻ വേണ്ടി ഏതറ്റം വരേയും പോകും. പക്ഷേ മിണ്ടിപോവരുത്, മിണ്ടിയാൽ ഈ ജന്മം പാഴാ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *