ഏഴു വർഷത്തോള്ളം നീണ്ടു നിന്ന പ്രണയം ഒറ്റ രാത്രി ഇരുട്ടി വെളുത്തതോടെ അവനെ ഇനി തന്റെ ജീവിതത്തിൽ വേണ്ടാന്നു വെക്കാനുള്ള ആ തീരുമാനം……..

Story written by Pratheesh

മോളെ അച്ഛനവനെ മനസിലാക്കിയില്ലെന്നതു ശരി തന്നെ, പക്ഷേ നിനക്കവനെ അറിയാമായിരുന്നില്ലൊ ? എന്നിട്ടും നിയെന്തിനാണവനെ കൈവിട്ടത് ?

അച്ഛൻ പറഞ്ഞ ആ വാക്കുകൾ ഒരു ഞെട്ടലോടെയാണ് സായ്ശ്രീ കേട്ടത്,

സത്യത്തിൽ വിവാഹത്തിൽ അവസാനിക്കേണ്ട ഒരു ഇഷ്ടമായിരുന്നു ഐനിഷുമായി അവൾക്കുണ്ടായിരുന്നത് എന്നിട്ടും അവളതിൽ നിന്നു പിന്മാറി നീരവിനെ വിവാഹം ചെയ്തു,

ഭർത്താവ് നീരവുമായി ഉണ്ടായിരുന്ന എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് കോടതിയിൽ നിന്നിറങ്ങുന്ന നിമിഷത്തിലായിരുന്നു ഐനിഷിനെ ഞാനെന്തിനൊഴിവാക്കി എന്ന അച്ഛന്റെ ആ ചോദ്യം !

എന്തിനാണ് ഐനിഷിനെ കൈവിട്ടത് എന്നതിനുള്ള ഉത്തരം സായ്ശ്രീക്ക് ഇന്നും അറിയില്ലായിരുന്നു,

ഏഴു വർഷത്തോള്ളം നീണ്ടു നിന്ന പ്രണയം ഒറ്റ രാത്രി ഇരുട്ടി വെളുത്തതോടെ അവനെ ഇനി തന്റെ ജീവിതത്തിൽ വേണ്ടാന്നു വെക്കാനുള്ള ആ തീരുമാനം കൈക്കൊണ്ടതിനെ പറ്റി ഒാർക്കുമ്പോൾ ഇന്നും അവൾക്ക് അതിശയമാണ് അതെങ്ങനെ സംഭവിച്ചു എന്നോർത്ത്,

അച്ഛൻ നീരവുമായി സായ്ശ്രീയുടെ കല്യാണം ഉറപ്പിച്ച അന്നു തൊട്ട് ഇന്നുവരെ അതിനുത്തരം കിട്ടിയിട്ടില്ല,

നീരവുമായുള്ള വിവാഹശേഷം കുറച്ചു കാലത്തോള്ളം ജീവിതം വളരെ സുന്ദരമായിരുന്നു, തന്റെ തീരുമാനങ്ങൾ ശരിയായിരുന്നു എന്നു തോന്നി തുടങ്ങിയ സമയം വളരെ പെട്ടന്നായിരുന്നു ജീവിതം മാറി മറിയാൻ തുടങ്ങിയത് !

പഴമക്കാരുടെ വാക്കുകളുടെ ശക്തിക്ക് അനുഭവത്തിന്റെ കരുത്തുണ്ടെന്ന് അവൾക്ക് മനസിലായത് അപ്പോഴാണ്, അ ണ്ടിയോട് അടുക്കുമ്പോഴെ മാങ്ങയുടെ പുളിയറിയൂ എന്നു പറഞ്ഞതു പോലെ അടുത്തറിയാൻ തുടങ്ങിയപ്പോഴാണ് നീരവിന്റെ സ്വഭാവങ്ങൾ ഒരോന്നായി പുറത്തുവരാൻ തുടങ്ങിയത്,

അതോടെ പ്രശ്നങ്ങൾ തുടങ്ങി എന്നിട്ടും ഇന്നു ശരിയാവും നാളെ ശരിയാവും എന്നു കരുതി നാലഞ്ചു വർഷം പിടിച്ചു നിന്നു ഒന്നും എവിടെയും ശരിയായില്ല എന്നു മാത്രമല്ല അതിനുള്ള ഒരു ലക്ഷണം പോലും തെളിഞ്ഞില്ലെന്നതാണു ശരി,

നീരവിന് ഭാര്യ എന്നത് ഒരു അലങ്കാരം മാത്രമായിരുന്നു,

ചോർന്നൊലിക്കുന്ന ഒരു ബസിലാണു തന്റെ യാത്രയെന്നും നനയാതിരിക്കണ മെങ്കിൽ ആ യാത്ര അവസാനിക്കും വരെ അതിനകത്ത് കുട പിടിച്ചിരിക്കേണ്ടി വരുമെന്നു മനസിലായതോടെ അടുത്ത സ്റ്റോപ്പിൽ തന്നെ ഇറങ്ങാമെന്നവൾ ഉറപ്പിച്ചു,

അങ്ങിനെ അവൾ നീരവുമായി പിരിയാനുള്ള തീരുമാനത്തിൽ എത്തുക യായിരുന്നു,

കോടതിയിൽ നിന്നുള്ള മടക്കയാത്രയിൽ ഐനിഷ് മാത്രമായിരുന്നു മനസിൽ,.ചില തീരുമാനങ്ങളുടെ വിലയും അതു വഴിയുള്ള നഷ്ടങ്ങളുടെ വലുപ്പവും അവന്റെ ഒാർമ്മകൾ അവളെ ആ സമയം ഒാർമ്മിപ്പിച്ചു,

കോളേജിൽ വെച്ച് എല്ലാവരും അവളെ ‘സായ് ‘ എന്നു വിളിക്കുമ്പോൾ ഒരു ദിവസം പെട്ടന്നൊരാൾ അവളെ ഏയ് സായാ…? എന്നു വിളിച്ചപ്പോൾ ആ വിളിയിൽ തോന്നിയ കൗതുകം അവനെ അവൾ അന്നു തൊട്ട് പ്രത്യേകം ശ്രദ്ധിക്കാൻ തുടങ്ങി, പരസ്പരമുള്ള ആ നോട്ടങ്ങളും, പുഞ്ചിരിയും, കാഴ്ച്ചകളും വളർന്നു വളർന്നു അതൊരു വല്ലാത്ത ഇഷ്ടമായി മാറി,

ഒരു ദിവസം ഐനിഷ് വന്നവളോടു പറഞ്ഞു നിനക്കെന്നേപ്പോലെ ഒരാളെ ഒരിക്കലും ഇഷ്ടമാവില്ലെന്നാണ് കരുതിയത് എന്നു പറഞ്ഞപ്പോൾ തൊട്ട് അവളനവനെ അവളുടെ ഹൃദയത്തിലേക്ക് ചേർത്തു വെച്ചു തുടങ്ങി, അന്നു തൊട്ട് അവളവനെ പ്രണയിച്ചു,

എന്നാൽ ഒരു തീരുമാനം കൈകൊള്ളേണ്ട സമയമായപ്പോൾ അതുവരെയും ഒരു നുള്ള് പോലും കുറയാതിരുന്ന ഇഷ്ടം എങ്ങു പോയേന്ന് അവൾക്കു തന്നെ അറിയില്ല,

ഒരോന്നോർത്ത് വീടെത്തിയത് അറിഞ്ഞില്ല, അന്നു രാത്രി ഒറ്റക്കിരിക്കുക യായിരുന്ന അവളുടെ അരുകിലേക്ക് അച്ഛൻ വന്നിരുന്നു, അച്ഛനറിയാം ആ ദിവസം അവളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണെന്ന് !

അടുത്ത വന്നിരുന്ന അച്ഛൻ അവളോടു പറഞ്ഞു, തെറ്റു പറ്റിയത് എനിക്കും കൂടിയാണ്, സാധാരണ അച്ഛനമ്മമാർ അവർക്കു പറ്റാറുള്ള തെറ്റുകൾ സമ്മതിക്കാറില്ല പകരം മക്കളോട് എല്ലാം വിധിയാണെന്ന് കരുതി സമാധാനിക്കാൻ പറയും, പക്ഷേ എന്റെ മനസാക്ഷി എന്നോടു പറയുന്നു നിന്റെ ജീവിതം ഇങ്ങനെ ആയതിൽ കുറച്ചധികം പങ്ക് എനിക്കും ഉണ്ടെന്ന് അതെനിക്ക് നിന്റെ വിവാഹം കഴിഞ്ഞ് പ്രശ്നങ്ങൾ തുടങ്ങിയപ്പോൾ തന്നെ മനസിലായിരുന്നു, എങ്കിലും ചിലപ്പോൾ എല്ലാം നേരേ ആയാലോ എന്നു കരുതി ഒന്നും പറയാതിരുന്നതാണ് !

അച്ഛന്റെ വാക്കുകൾ വളരെ കൗതുകത്തോടെയാണ് സായ്ശ്രീ കേട്ടിരുന്നത്,

അച്ഛനവളെ നോക്കി വീണ്ടും പറഞ്ഞു, പല അച്ഛനമ്മമാർക്കും തെറ്റായ ഒരു വിശ്വാസമുണ്ട് അവരെ പോലെ വലിയ ഇഷ്ടത്തോടെ തങ്ങളുടെ മക്കളെ മറ്റൊരാൾക്ക് സ്നേഹിക്കാൻ കഴിയില്ല എന്നത് അതു കൊണ്ടാണ് മക്കൾക്ക് നമ്മളേക്കാൾ ഇഷ്ടമുള്ള മറ്റൊരാൾ ഉണ്ടെന്നറിയുമ്പോൾ അവർക്കത് സഹിക്കാൻ കഴിയാത്തതും അംഗീകരിക്കാൻ കഴിയാത്തതും,

സത്യത്തിൽ നമ്മുടെ മക്കളെ നമ്മളേ പോലെ സ്നേഹിക്കാൻ മറ്റൊരാൾ തയ്യാറാവുമ്പോൾ നമ്മളതിൽ സന്തോഷിക്കുകയാണ് വേണ്ടത് എന്നാൽ നമ്മൾ പലപ്പോഴും അതിനെ എതിർത്തു തോൽപ്പിക്കാനാണു ശ്രമിക്കുന്നത് !

നിന്റെ കാര്യത്തിലും എനിക്കും അതാണ് സംഭവിച്ചത്, നിനക്ക് ഒരാളെ ഇഷ്ടമാണെന്ന് നീ വന്നു പറഞ്ഞപ്പോൾ എന്നെക്കാൾ പ്രിയങ്കരമായി മറ്റൊരാൾ എന്നത് എനിക്കും അംഗീകരിക്കാനായില്ല,

അവിടെ നിന്നെ എങ്ങിനെ അവനിൽ നിന്നു വീണ്ടെടുക്കാം എന്നതു മാത്രമായി ചിന്ത അതിനായി ഒരു ഉപായവും എനിക്ക് തോന്നി,

ഒരിഷ്ടത്തെ തകർക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗ്ഗം മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ അവർക്കു മുന്നിലേക്ക് വെച്ചു നീട്ടുക എന്നതാണ് !

നീയിപ്പോ വിചാരിക്കുന്നുണ്ടാവും അതു കൊണ്ട് മാത്രം ഒരു പെണ്ണിന്റെ ഉള്ളിലുള്ള സ്നേഹത്തെ മാറ്റിയെടുക്കാൻ സാധിക്കുമോയെന്ന് ?

ഒരിക്കലുമില്ല, എന്നാൽ അത് എളുപ്പമാവുന്നത് അവർക്കുള്ളിൽ സംശയങ്ങൾ ജനിപ്പിക്കാൻ കഴിയുമ്പോഴാണ്, അവർ അറിഞ്ഞു വെച്ചിരിക്കുന്ന കാര്യങ്ങൾ അവരുടെ ജീവിതത്തിലും സംഭവിച്ചേക്കുമോ എന്ന സംശയം ജനിപ്പിക്കാൻ കഴിയണം !

ഉദാഹരണത്തിന് എല്ലാ പ്രേമങ്ങളും പരാജയപ്പെട്ട ചരിത്രമേയുള്ളൂയെന്നും, തുടക്കത്തിലുള്ള ഇഷ്ടങ്ങളൊന്നും പിന്നീടും തുടർന്നുണ്ടാവണമെന്നില്ലാന്നും, ജീവിക്കാൻ സ്നേഹം മാത്രം പോരാ അതിന് പണം തന്നെ വേണമെന്നും,
അവിടെ പോയി എന്തെങ്കിലും പ്രശ്നങ്ങൾ വന്നു പെട്ടാൽ തിരിച്ച് ഇങ്ങോട്ട് വരാമെന്നു കരുതേണ്ട എന്നിങ്ങനെ യുള്ള സംസാരങ്ങൾ ആവർത്തി ക്കുന്നതോടെ അവരിൽ സംശയം ജനിച്ചു തുടങ്ങും, ഇതിൽ അവസാനം പറഞ്ഞ തിരിച്ചു വരവിന്റെ പ്രശ്നം തന്നെയാണ് അവരെ വല്ലാതെ അലട്ടുക,

സത്യത്തിൽ വീട്ടുകാർ നടത്തുന്ന വിവാഹത്തിലും ഇതേ പ്രശ്നങ്ങളെല്ലാം നിലനിൽക്കുന്നുണ്ട് എന്നാൽ വീട്ടിലെക്ക് തിരിച്ചു വരാം എന്നതാണ് വീട്ടുകാർ നടത്തുന്ന വിവാഹത്തിലെ മെച്ചമെന്നവർ കരുതുന്നിടത്ത് നമ്മൾ വിജയിക്കും,

ഒട്ടു മിക്ക വിവാഹേതര പ്രശ്നങ്ങളിലും പെൺക്കുട്ടികൾ എങ്ങിനെയെങ്കിലും പിടിച്ചു നിൽക്കും, തിരിച്ച് വന്നാൽ അതിനേക്കാൾ അനേകമനേകം ചോദ്യങ്ങളേ നേരിടേണ്ടി വരുമെന്നവർക്കറിയാം, അതുമല്ലെങ്കിൽ വീട്ടിലുള്ളവരെ കൂടി വിഷമിപ്പിക്കേണ്ടി വരില്ലെ എന്ന ചിന്തയിലൂടെ അവരൊരിക്കലും അതിനു മുതിരാറില്ല ഒട്ടും പറ്റാതെ വരുമ്പോഴേ അവർ തിരിച്ചു വരൂ,

അങ്ങിനെ നോക്കുമ്പോൾ തിരിച്ചു വരവിന്റെ പ്രശ്നം അപൂർവ്വമാണ്, അതു മനസിലാക്കിയാൽ ആ ചോദ്യത്തേയും അവക്കു മറികടക്കാം എന്നാൽ ആ ചിന്ത പലപ്പോഴും അവരിലേക്ക് കടന്നു വരാറില്ല,

ഇതിന്റെ മറ്റൊരു വശം എന്താണെന്നു വെച്ചാൽ ഒരാളോടുള്ള ഇഷ്ടം ഉള്ളിൽ ജനിക്കുമ്പോൾ തന്നെ മറ്റെയാൾ ഈ ചോദ്യങ്ങളൊക്കയും സ്വയം ചോദിക്കുന്നു ണ്ടെങ്കിലും ആ ആളിനോടുള്ള ഇഷ്ടം കൊണ്ട് അവക്കുള്ള ഉത്തരം കണ്ടെത്താൻ അപ്പോഴവർ ശ്രമിക്കാറില്ല എന്നതാണ്,

അവരതെല്ലാം ഉള്ളിൽ തന്നെ അടക്കി വെക്കുന്നു എന്നാൽ നിർബന്ധമായും ഒരു തീരുമാനം എടുത്തേ മതിയാവൂ എന്നു വരുന്നതോടെ ഉള്ളിൽ അടക്കി വെച്ചതൊക്കയും ശക്തി പ്രാപിച്ച് ഉയർത്തെഴുന്നേൽക്കുന്നു ഒപ്പം അതേ ചോദ്യങ്ങൾ തന്നെ വീട്ടുകാരും ആവർത്തിക്കുന്നതോടെ അവർ പലപ്പോഴും എളുപ്പ മാർഗ്ഗം സ്വീകരിക്കാൻ തയ്യാറാവുന്നു എന്നു മാത്രം !

എന്നാൽ എനിക്കിപ്പോൾ മനസിലാവുന്നുണ്ട്,

ഒരാളിൽ നിന്നു പറിച്ച് മറ്റൊരാളിൽ നട്ടു വളർത്തുന്നതല്ല ജീവിതം, ഒരേ മനസുള്ള രണ്ടു പേർ ഒന്നിച്ചു ജീവിക്കുന്നതാണ് ജീവിതമെന്ന് !

ചില നല്ല മനസുകളെ വേദനിപ്പിച്ചാൽ അതിന്റെ ഫലം നമ്മൾ അനുഭവിക്കാതെ പോകില്ല, അതിന്റെ കാരണം പലപ്പോഴും പലരും അവരുടെ ഇഷ്ടങ്ങളെ വേണ്ടന്നു വെക്കുന്നത് ഇഷ്ടമുണ്ടായിട്ടല്ല പകരം അവർക്കു ചുറ്റുമുള്ളവർക്ക് അതിഷ്ടമല്ല എന്ന ഒറ്റ കാരണം കൊണ്ടു കൂടിയാണ് !

മനുഷ്യരിൽ രണ്ടു വിഭാഗമാണുള്ളത് നല്ലവരും മോശമായവരും നല്ലവർ ചില സമയങ്ങളിൽ മോശപ്പെട്ടവരാകുന്നു മോശപ്പെട്ടവർ ചില സമയങ്ങളിൽ നല്ലവരും എന്നാൽ കൂടുതൽ സമയവും അവർ ആരാണോ അങ്ങിനെ തന്നെയായിരിക്കും !

അതു കൊണ്ടു തന്നെ ഏതൊരു മനുഷ്യനിലും അവന്റെ അടയാളം എപ്പോഴും നിലനിൽക്കും അത് തിരിച്ചറിയാൻ വൈകുന്നത് പക്ഷേ നമ്മളാണെന്നു മാത്രം !

ഞാനിതെല്ലാം ഇപ്പോൾ നിന്നോടു പറയുന്നത് നിന്റെ വിഷമതകളിൽ നീ മാത്രമല്ല കുറ്റകാരി അതിൽ വലിയൊരു പങ്ക് ഞങ്ങൾക്കുമുണ്ട്, ഒറ്റക്കിരുന്ന് കാടു കയറി ഒന്നും ചിന്തിക്കേണ്ട ഇനി എന്താണ് അടുത്ത വഴിയെന്ന് നമ്മുക്കൊന്നിച്ചു തീരുമാനിക്കാം എന്നു കൂടി പറയാൻ വേണ്ടിയാണ് ഞാൻ വന്നത് !

അതും പറഞ്ഞ് അച്ഛനവളെ വിട്ട് തിരിച്ചു പോയി, അതോടെ അവളെ അലട്ടിയിരുന്ന എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ അവളിൽ തെളിഞ്ഞു,

ആ സമയം അവനെ വീണ്ടും ഒന്നു കൂടി കാണണമെന്ന ആശ അവളിൽ ജനിച്ചു,

അവൾ അന്വേഷിച്ചറിഞ്ഞതിൽ നിന്ന് അവന്റെ വിവാഹം കഴിഞ്ഞെന്നും അവനൊരു പെൺകുഞ്ഞുണ്ടെന്നും അവളറിഞ്ഞു,

അവളവനെ പറ്റി അന്വേഷിച്ച അവളുടെ സുഹൃത്ത് ഒരു ദിവസം അവളെ വിളിച്ച് അവൻ ഫാമിലിയുമായി ബീച്ചിലുണ്ടെന്ന് വിളിച്ചു പറഞ്ഞ പ്രകാരം അവളവരെ ഒന്നു കാണുവാൻ വേഗം തന്നെ ബീച്ചിലെത്തി അവരറിയാതെ അവിടെ വെച്ചവൾ അവനെയും അവരേയും കണ്ടു,

മെച്ചപ്പെട്ട ജീവിത സൗകര്യം തേടി പൊയപ്പോൾ താൻ നഷ്ടപ്പെടുത്തിയത് മനസ്പൊന്നായവനെയാണെന്ന് അവൾക്കു മനസിലായി,

അവൻ സന്തോഷവാനാണെന്ന് തിരിച്ചറിഞ്ഞ അവൾക്കും അതേ സന്തോഷം തോന്നി തുടർന്നവൾ തിരിച്ചു പോരാൻ ശ്രമിക്കവേ പെട്ടന്നവന്റെ കുഞ്ഞ് അവൾ നിൽക്കുന്ന ഭാഗത്തേക്ക് പതിയേ ഒാടി വരുന്നതു കണ്ടതും ആ കുഞ്ഞിനെ ഒന്നടുത്തു കാണണം എന്നുണ്ടായിരുന്നിട്ടും ഐനിഷ് അവളെ കണ്ടാലോയെന്നു കരുതിയവൾ പെട്ടന്നു പുറം തിരിഞ്ഞു നിന്നു,

എന്നാൽ അതിനടുത്ത നിമിഷം അവന്റെ നീട്ടിയുള്ള വിളി അവളെ തേടി വന്നു,

സായാ………?

അവൾ അവന്റെ ആ വിളി കേട്ട് ഒരു നിമിഷം ഒന്നു ഞെട്ടി, എത്രയോ കാലമായിരിക്കുന്നു ആ വിളിക്കേട്ടിട്ട് ആ സമയം എന്തു ചെയ്യണമെന്നറിയാതെ ഒന്നു പരുങ്ങി എങ്കിലും ധൈര്യം സംഭരിച്ച് പതുക്കെയവൾ വിളിക്കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയതും

ഒാടി വന്ന അവന്റെ കുഞ്ഞ് ആ വിളിക്കേട്ട്പെ ട്ടന്നു നിന്ന് പിന്നെയും അവരുടെ അടുത്തേക്ക് തന്നെ തിരിഞ്ഞോടിച്ചെന്നു,

അതു കണ്ടതും അവൾക്കു മനസിലായി അവൻ വിളിച്ചത് അവളെയല്ല അവളുടെ പേരിട്ട അവന്റെ കുഞ്ഞിനെ തന്നെയാണെന്ന്,

അതു മനസിലായതും അവളുടെ മനസ് പിന്നേയും കിടന്നു പിടച്ചു, അവന്റെ ഉള്ളിൽ അവളോടുണ്ടായിരുന്ന ആ ഒരിഷ്ടം അതെത്ര മാത്രം വലുതായിരുന്നെന്ന് ആ സമയം അവൾ തിരിച്ചറിഞ്ഞു !

അതേ സമയം തന്നെ അച്ഛനവളോടു പറഞ്ഞ ഒരു വാചകം അവൾക്കുള്ളിലൂടെ കടന്നു പോയി,

‘ഏതൊരു മനുഷ്യനിലും അവന്റെ അടയാളം എപ്പോഴും നിലനിൽക്കും അത് തിരിച്ചറിയാൻ വൈകുന്നത് പക്ഷേ നമ്മളാണെന്നുള്ളത് ! “

ആ നിമിഷം അവിടെ മരിച്ചു വീണിരുന്നെങ്കിൽ എന്നു പോലും അവൾക്കു തോന്നി, അന്നേരം അവൾക്കുള്ളിൽ അത്രക്ക് സങ്കടം നിറഞ്ഞിരുന്നു,

അവളിൽ നിന്ന് അപ്പോൾ അടർന്നു വീണ കണ്ണീരിന്റെ വേദനക്ക് അപ്പോൾ അവളോള്ളം തന്നെ വലിപ്പമുണ്ടായിരുന്നു…!!!

അവിടെ അവൾക്ക് ഒരു കാര്യം വളരെ വ്യക്തമായി മനസിലായി,

മനസിന്റെ തൃപ്തിയിൽ നിന്നാണ് നെറുകയിലെ സിന്ദൂരത്തിനും. നെഞ്ചിലണിയുന്ന താലിക്കും മഹത്വമുണ്ടാവുന്നതെന്ന് !! “

Pratheesh

Related Posts

Leave a Reply

Your email address will not be published. Required fields are marked *