ഒക്കത്തെ കുഞ്ഞിനേയും കൈയിലെ ബാഗിനെയും കൊണ്ട് വീട്ടിൽ വന്നു കയറിയപ്പോളേക്കും കണ്ണു നിറഞ്ഞു എന്റെ, വീട് നിറയെ ആളുകളും, നിശബ്ദതയും……

Story written by Sowmya Sahadevan

വെള്ളപൊക്കത്തിനു ശേഷം വന്നൊരു മഴക്കാലത്തായിരുന്നു അച്ഛന് തീരെ വയ്യെന്ന് പറഞ്ഞു വീട്ടിൽ നിന്നും ഫോൺ വന്നത്. ഞാൻ കരഞ്ഞിട്ട് വിളിച്ചു പറഞ്ഞിട്ടും അങ്ങേര് അത് മൈൻഡ് ചെയ്തില്ല. പണിയില്ലാതെ ഇരിക്കുമ്പോൾ ഇടയ്ക്കു ഇടയ്ക്കു വീട്ടിൽ പോവാനുള്ള നിന്റെ അടവല്ലേ ഇതു!! അയൽക്കൂട്ടത്തിലെ സെക്രട്ടറിയുടെ കയ്യും കാലും പിടിച്ചു കരഞ്ഞിട്ടും ഇരന്നിട്ടും കിട്ടിയ കാശും കൊണ്ടാണ് വീട്ടിൽ വന്നു കയറിയത്.  ബസിലെ തണുത്ത കാറ്റിൽ തട്ടിക്കൊണ്ടു ഒരു പകലിനെ സന്ധ്യ വന്നു മൂടികൊണ്ടിരുന്നു.

ഇരുട്ടി തുടങ്ങിയപ്പോളേക്കും വീട് എത്തി. ഉള്ളിലുരുണ്ട് കയറിയ കാർമേഘമെല്ലാം കൂടി അകത്തും പുറത്തുമായി പെയ്യാൻ കാത്തു നിന്നപ്പോൾ അങ്ങേര് പറഞ്ഞു, ഈ ബാഗ് കൂടെ എടുത്തോ, ഒക്കത്തെ കുഞ്ഞിനേയും കൈയിലെ ബാഗിനെയും കൊണ്ട് വീട്ടിൽ വന്നു കയറിയപ്പോളേക്കും കണ്ണു നിറഞ്ഞു എന്റെ, വീട് നിറയെ ആളുകളും, നിശബ്ദതയും

ഡോക്ടർ വന്നിരിക്കുകയായിരുന്നു, രണ്ടു മൂന്നു ദിവസം കൊണ്ട് അച്ഛൻ കണ്ണു തുറന്നു , ഒരാഴ്ച കടന്നു പോയി അച്ഛൻ എഴുനേറ്റിരുന്നു തുടങ്ങി,അപ്പോളാണ് വീട്ടിൽ 2 ദിവസമായി വന്നു കയറിയ പൂച്ച കുഞ്ഞിനെ കണ്ടത്.ഒരു പച്ചയൊക്കെ കലർന്നൊരു ഗ്രേ കളർ പൂച്ചകുഞ്ഞു, അവളിങ്ങനെ അച്ഛന്റെയും അമ്മയുടെയും അടുത്ത് ചേർന്നു നിന്നു. വേറെ ആരെങ്കിലും ആ മുറിയിൽ കയറിയാൽ അത് ഓടും. അതിനെ എടുക്കാനേ പറ്റില്ല, അമ്മയുടെ മടിയിലും അച്ഛന്റ്റെ അരികിലും അത് പറ്റി ചേർന്നിരുന്നു.

അച്ഛന്റെ ആയുസ്സ് തിരിച്ചുകൊണ്ടുവന്നത് അവളാണെന്നു അമ്മ വിശ്വസിച്ചു പോന്നു. അവർ അവളെ കുഞ്ഞി എന്നു വിളിച്ചു. വൈകിയുണ്ടായ കുഞ്ഞിനെ പോലെ അവളെ അവർ സ്നേഹിച്ചു. കുഞ്ഞിക്കു ശബ്ദമില്ലായിരുന്നു. അവൾ ഒരിക്കൽ പോലും കരയുന്നത് ആരും കേട്ടില്ല.

അച്ഛൻ ഉഷാറായപ്പോൾ തിരിച്ചു പൊയ്ക്കോട്ടേ!  എന്നു ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞു പൊയ്ക്കോളാൻ. അച്ഛന്റെ അടുത്തു അപ്പോൾ ആരാ ഉണ്ടാവുന്നത് കയ്യിൽ പിടിച്ചു കരഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു കുഞ്ഞി ഇണ്ടല്ലോ എന്നു, അവൾക്കു കുട്ടിയും കുടുംബവും ഒന്നുമില്ല നീ പൊക്കോളു എന്റെ കുട്ടി വെറുതെ കരഞ്ഞിട്ട് കാര്യമില്ല.

അച്ഛൻ വേറെ ആരെയും സ്നേഹിക്കുന്നത് എനിക്ക് ഇഷ്ടമില്ല. അച്ഛൻ അവൾക്ക് ഇറച്ചിയും മീനുമെല്ലാം മാംസം മാത്രം കൊടുത്തു വളർത്തി. ഓംലറ്റ് ലെ മുളക് പോലും പെറുക്കി കളഞ്ഞിട്ടാണ് കഴിക്കാൻ കൊടുക്കുന്നത്.അച്ഛൻ പണ്ട് എന്നെ കഴിപ്പിക്കുന്ന രീതി ഇവൾക്ക് വേണ്ടിയും തുടരുന്നത് പോലെ തോന്നും. കട്ടൻ കുടിച്ചുകൊണ്ട് അവളും അച്ഛനും കൂടെ അമ്മ  ജോലികഴിഞ്ഞു വരുന്നതും നോക്കി കാത്തിരിക്കും .       

അച്ഛൻ പറഞ്ഞതുപോലെ അവൾക്കു കുഞ്ഞും കുടുംബവും ഒന്നും ഉണ്ടായില്ല. പ്രസവിച്ച കുഞ്ഞുങ്ങളെല്ലാം അവൾക്കു നഷ്ടപ്പെട്ടു.ഒരു കൊറോണയിലാണ് അച്ഛനെ ഞങ്ങൾക്ക് നഷ്ടപെട്ടത്. കോറന്റൈനും ലോക്ഡൗണും, കണ്ടൈൻമെന്റ് സോണും, കയ്യിലെ കുഞ്ഞുമായി വീട്ടിലേക്കു വരാൻ എനിക്ക് കഴിഞ്ഞില്ല അച്ഛനെ കാണാനും. ദിവസങ്ങളോളം അവൾ മാത്രമായിരുന്നു അമ്മക്ക് കൂട്ട്. ഞാൻ വീട്ടിലെത്തിയപ്പോൾ അവളെന്റെ കാലിനരുകിൽ കിടന്നു മുഖത്തു നോക്കി കണ്ണീരോഴുക്കി. അവളിപ്പോഴും അമ്മയുടെ കൂടെ തന്നെയുണ്ട്. അടുക്കളയിലും ഉമ്മറത്തും അമ്മയുടെ നിഴൽ പോലെ, പണ്ടു ഞാൻ നടന്നിരുന്നത് പോലെ……

Related Posts

Leave a Reply

Your email address will not be published. Required fields are marked *