ഒരുകണക്കിന് വന്നാലും അമ്മാവന്റെ പണി തീരത്തില്ല. പറിച്ചിടുന്ന തേങ്ങകൾ പെറുക്കിക്കൂട്ടണം. എന്നിട്ട് കളപ്പുരയിൽ കൊണ്ടോയി കൂട്ടിയിടണം……..

Story written by Adam John

വീട്ടിലഞ്ചാറ് തെങ്ങുകളുണ്ട്. അവറ്റകളുടെ ഭാവം കണ്ടാൽ ലോക സുന്ദരി പട്ടത്തിന് മത്സരിക്കാൻ ചെന്ന മട്ടാണ്. ചെറിയൊരു കാറ്റടിക്കുമ്പോ തന്നെ മുടിയൊക്കെ വിടർത്തി ആടുന്ന ആട്ടം കാണുമ്പോ വല്യമ്മച്ചിക്ക് പേടിയാണ്.
ഇതെപ്പോഴാ പുരപ്പുറത്തോട്ട് വീഴുവാന്നറിയില്ലല്ലോ. അപ്പോഴൊക്കെ വല്യപ്പച്ചൻ പറയ തെങ്ങ് ചതിക്കത്തില്ലെന്നാ.

തെങ്ങ് ചതിക്കത്തില്ലെന്നൊക്കെ വെറുതെ പറയുവാ. വിളഞ്ഞു പാകമാറായ തേങ്ങകളൊക്കെ ഒരുങ്ങിക്കെട്ടി കണ്ണും കലാശവും കാണിച്ചോണ്ട് വല്യപ്പച്ചനെ പ്രലോഭിപ്പിക്കാൻ തുടങ്ങുന്നതോടെ അമ്മാവനുള്ള പണി ഒരുങ്ങുകയായി എന്ന് മനസ്സിലാക്കാൻ വല്യ ബുദ്ധിയൊന്നും വേണ്ടായിരുന്നു.

പാതിരാക്കോഴി കൂവുമ്പോ മെല്ലെ പുതപ്പിനടിയിൽ നിന്നെഴുന്നേറ്റ് വിസ്തരി ച്ചൊന്ന് മൂത്രോഴിച്ചോണ്ട് നേരത്തെ കണ്ട സ്വപ്നം പൂർത്തിയാക്കാനുള്ള ഉറക്കത്തിലേക്ക് വീഴുമ്പോഴാവും ബാലൻ കെ നായരുടെ കൂട്ട് വല്യപ്പച്ചന്റെ എൻട്രി.

അതോണ്ട് മാത്രം അപൂർണമായ സ്വപ്നങ്ങളുടെ ഒരു കൂടാരമാണ് അമ്മാവൻ എന്ന് തോന്നാറുണ്ട്. തേങ്ങാ പറിക്കാരനെ വിളിച്ചോണ്ട് വരാൻ വേണ്ടിയുള്ള എൻട്രിയാണ് അമ്മാവന്റെ സ്വപ്നങ്ങൾക്ക് വിലങ്ങു തടിയായി മാറാറുള്ളത്.

അന്ന് ഞങ്ങടെ നാട്ടിൽ ഏറ്റവും ബഹുമാനവും അത്യാവശ്യം നിലയും വിലയുമുള്ള ചിലരിൽ ഒരാളാണ് ടൈലർ വർക്കിച്ചനും തെങ്ങ് കേറ്റക്കാരൻ തോമാച്ചനും.
അന്നൊക്കെ നാട്ടിൽ നടക്കുന്ന ഒട്ടുമിക്ക കല്യാണ നിശ്ചയങ്ങളിലും വർക്കിച്ചന്റെ സാന്നിധ്യമുണ്ടാവും. അതിനൊരു കാരണവുമുണ്ട്. കല്യാണത്തിനെക്കുള്ള വസ്ത്രങ്ങളൊക്കെ തയ്ച്ചു കൊടുക്കേണ്ടത് വർക്കിച്ചനാരുന്നല്ലോ. അങ്ങേരുടെ കരസ്പർശമേൽക്കാത്ത ഒരു ബ്ലൗസും ഞങ്ങടെ നാട്ടിലെ സ്ത്രീകൾ ധരിച്ചിട്ടു ണ്ടാവില്ല എന്ന് തന്നെ പറയാം. അതിലൂടെ തന്നെ അറിയാലോ വർക്കിച്ചന് നാട്ടുകാരുടെ പ്രത്യേകിച്ച് സ്ത്രീജനങ്ങൾക്കിടയിലെ വിലയെന്തെന്ന്.

വർക്കിച്ചനെ പറ്റി കൂടുതൽ പറയാനിരുന്നാൽ തേങ്ങ വീണ് ഓടുകൾ പൊട്ടാൻ സാധ്യതയുള്ളതിനാൽ തൽക്കാലം നമുക്ക് തോമാച്ചനിലേക്ക് പോവാം.അതിരാവിലെ ചെന്നാലേ തോമാച്ചനെ കണ്ട് കിട്ടത്തുള്ളൂ. അങ്ങനെ കണ്ടാലും തോമാച്ചന് ചില രീതികളുണ്ട്. വില്ലേജ് ഓഫീസിൽ എന്തേലും കാര്യത്തിന് പോയത് പോലാണ്. ചുമ്മാ രണ്ട് മിനുട്ടോണ്ട് ചെയ്യാവുന്നതാണേലും അവര് രണ്ടു വട്ടം നടത്തിക്കില്ലേ. തോമാച്ചനും കഴിഞ്ഞ ജന്മത്തിൽ വില്ലേജ് ഓഫീസിൽ ആരുന്നോ എന്തോ ചെന്ന് കാര്യം പറഞ്ഞാലും രണ്ട് ദിവസം കഴിഞ്ഞു എത്തിക്കോളാം എന്നെ പറയത്തുള്ളൂ.

ഒരുകണക്കിന് വന്നാലും അമ്മാവന്റെ പണി തീരത്തില്ല. പറിച്ചിടുന്ന തേങ്ങകൾ പെറുക്കിക്കൂട്ടണം. എന്നിട്ട് കളപ്പുരയിൽ കൊണ്ടോയി കൂട്ടിയിടണം. അപ്പഴൊക്കെ അമ്മാവൻ ചിന്തിച്ചത് തേങ്ങ് കേറുവാണേൽ ഈ പണിയൊന്നും എടുക്കേണ്ടല്ലോ എന്നാരുന്നു. ചുമ്മാ വലിഞ്ഞു കേറുക തേങ്ങായിടുക ഇറങ്ങുക ഹാ എന്ത് രസാണ്. അങ്ങനെയാണ് അമ്മാവൻ തെങ്ങ് കയറ്റം പഠിക്കാൻ തീരുമാനിക്കുന്നെ. അതാവുമ്പോ കാലത്തെഴുന്നേറ്റ് തോമാച്ചന്റെ വീട്ടിലേക്കുള്ള നടത്തവും ഒഴിവാക്കാം.

ഏത് കാര്യത്തിനും പെർഫെക്ഷൻ ലെവൽ കീപ്പ് ചെയ്യുകയെന്നത് അമ്മാവന് നിർബന്ധമുള്ള കാര്യമാരുന്നു. അതോണ്ട് തന്നെ തെങ്ങ് കയറാനുള്ള കോസ്റ്റ്യൂം വരെ തോമാച്ചായന്റെ അതെ കൂട്ടാരുന്നു. ഒറ്റമുണ്ടും അതിനോട് ചേർത്ത് വെട്ടുകത്തി കുരുക്കി ഇടാനുള്ളൊരു ബെൽറ്റും കയറാനുള്ള തളയും. വല്യമ്മച്ചി പോലും അതിശയിച്ചു പോയി അമ്മാവന്റെ മേക്കോവർ കണ്ടപ്പോ.

അങ്ങനെ പരീക്ഷണപ്പറക്കൽ ക്ഷമിക്കണം പരീക്ഷണക്കയറ്റത്തിനുള്ള സമയമായി. ഉയരങ്ങളിലേക്ക് വെച്ചടി വെച്ചു കയറുന്ന മോനെ നോക്കി വല്യമ്മച്ചിയും വല്ലതും നടക്കുവോന്നുള്ള മട്ടിൽ വല്യപ്പച്ചനും സംഗതി സക്സസായാൽ വല്ലപ്പഴും വല്യപ്പച്ചൻ അറിയാതെ അമ്മാവനെ സോപ്പിട്ട് ഇളനീര് പറിച്ചു കുടിക്കാലോ എന്ന സന്തോഷത്തിൽ ഞങ്ങളും താഴെ നിലയുറപ്പിച്ചു.

ഏതാണ്ട് പാതി വരെ കേറിയപ്പഴേക്കും ഞങ്ങൾ കുട്ടികളെയും കൂട്ടി വല്യമ്മച്ചി അകത്തോട്ട് നടന്നു. പിറകെ വല്യപ്പച്ചനും. തേങ്ങാ വീഴുന്ന ശബ്ദം കേട്ടാൽ മാത്രം പുറത്തിറങ്ങിയാൽ മതിയെന്ന് വാണിങ്ങും തന്നു. അതിനൊക്കെ കാരണം അമ്മാവന്റെ ഒറ്റ മുണ്ടും അതിനടിയിലെ കവച കുണ്ഡലങ്ങളും ആണെന്നുള്ളത് പിന്നീടാണ് മനസ്സിലായത്.

കൊറച്ചു കഴിയുമ്പോഴുണ്ട് പൊത്തോന്ന് എന്തോ വീഴുന്ന ശബ്ദം കേൾക്കുന്നു. മിഷൻ സക്സസ്. അമ്മാവൻ പൊളിച്ചു. എന്നൊക്കെ ആർത്തു വിളിച്ചോണ്ട് സച്ചിൻ സെഞ്ച്വറി അടിച്ച ആവേശത്തോടെ ഞങ്ങളോടി ചെന്ന് നോക്കുമ്പോ ദേ കിടക്കുന്നു അമ്മാവൻ. വീണത് തേങ്ങയല്ലാരുന്നു.

അമ്മാവനാ.

കഷ്ടകാലം വരുമ്പോ ഒരുമിച്ചാണെന്നല്ലേ. അമ്മാവൻ ആദ്യം കേറിയ തെങ്ങേൽ തന്നെ ഒരു കടന്നൽ കൂടുണ്ടാരുന്നു. കൊന്നാലും തേങ്ങായിൽ തൊടാൻ സമ്മതിക്കത്തില്ലെടാ എന്നുള്ള മട്ടിൽ കടന്നലുകളും തൊട്ടാലെന്നാ ചെയ്യുമെന്നുള്ള മട്ടിൽ അമ്മാവനും കട്ടക്ക് നിപ്പാരുന്നു. അതിനിടയിൽ ഏതോ കുരുത്തം കെട്ടവന്മാർ അമ്മാവന്റെ മർമ്മ സ്ഥാനത്തൊട്ട് അതിക്രമിച്ചു കേറിയതോടെ അമ്മാവൻ സുല്ലിട്ടു. അതോടെ അവറ്റകൾ അമ്മാവനെ കേറിയങ്ങ് മേഞ്ഞു. സഹികെട്ടപ്പോ പിടുത്തം വിട്ടതോടെ അമ്മാവൻ ഗതിവേഗത്തിൽ താഴേക്ക് പതിക്കുകയാണുണ്ടായത്.

വീണ് കിടക്കുമ്പഴും അമ്മാവൻ പറയാ. ഒന്ന് വീണാലെന്താ കുറച്ചു നാളേക്കിനി പുലർച്ചെ എഴുന്നേറ്റ് തോമാച്ചായനെ കാണാൻ പോവേണ്ടല്ലോയെന്നാ.

സത്യം പറയാലോ അമ്മാവനോളം പോസിറ്റിവിറ്റി ഞാൻ മറ്റാരിലും കണ്ടിട്ടില്ല.

പക്ഷെ എന്നത്തേയും പോലെ സംശയലുവായ വല്യപ്പച്ചൻ ഇതമ്മാവൻ മനഃപൂർവം ഒപ്പിച്ച വേലയാണെന്നാ തറപ്പിച്ചു പറയുന്നേ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *