ഒരു പുല്ലുവെട്ടിക്കാരന് ഇത്രേം അഹങ്കാരമോ… ഏതു തൊഴിലിനും തൊഴിലാളിക്കും മാന്യത അർഹിക്കുന്നുണ്ടെങ്കിലും അഹങ്കാരത്തിന് …..

പരിണാമം…

എഴുത്ത്:- ശ്രീജിത്ത് പന്തല്ലൂർ

” അമ്മേ, ഞാൻ പോയി പശൂനുള്ള പുല്ലരിഞ്ഞോണ്ട് വന്നാലോ…?”.

കുറേ നേരം വെറുതെയിരുന്ന് മടുത്തപ്പോൾ അടുക്കളയെ ലക്ഷ്യമാക്കി കുഞ്ഞുണ്ണി ചോദിച്ചു.

” ങാ… അതുങ്ങൾക്കെങ്കിലും ഒരു ഉപകാരായ്ക്കോട്ടെ…”. അമ്മയുടെ മറുപടിയിലെ കു ത്ത് മേത്ത് കൊള്ളാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് കുഞ്ഞുണ്ണി ഇറയിൽ നിന്നും അരിവാളെടുത്തു കൈയിൽ പിടിച്ച് മുറ്റത്തേക്കിറങ്ങി.

മുതലാളിയോടു വഴക്കിട്ട് ജോലി പോയി വീട്ടിലിരിക്കാൻ തുടങ്ങിയപ്പോൾ തുടങ്ങിയതാണ് അമ്മയ്ക്കീ കൊള്ളിച്ചുള്ള വർത്താനം. മുതലാളിവർഗ്ഗത്തിൻ്റെ പീ ഡനങ്ങൾക്കു വഴങ്ങിക്കൊടുക്കുന്ന വാഴപ്പിണ്ടി നട്ടെല്ലെനിക്കില്ലമ്മേ എന്ന് വിളിച്ചു പറയണമെന്ന് തോന്നിയെങ്കിലും അമ്മയുടെ ആ ട്ടു പേടിച്ച് അടക്കി നിർത്തി.

ഒരിക്കൽ ഇങ്ങനെയെന്തോ കാര്യത്തിന് തനിക്കിട്ട് കീച്ചിയ ആട്ടിൻ്റെ ശക്തിയിൽ അമ്മയുടെ നടുവൊന്ന് വെട്ടിയതാണ്. അതിനു ശേഷം ഒരാഴ്ചയാണ് വീട്ടുപണി മുഴുവൻ താൻ ഒറ്റയ്ക്കു ചെയ്യേണ്ടി വന്നത്…

അരിവാൾ മേലേക്കുയർത്തി ശബ്ദമില്ലാതൊരു മുദ്രാവാക്യം വിളിച്ചു കൊണ്ട് കുഞ്ഞുണ്ണി പുഴക്കരയിലേക്കു നടന്നു…

അമ്മയ്ക്കെന്തിൻ്റെ കേടാണ്, താനും കൂടി ജോലിക്കു പോയിട്ട് ഇവിടെന്തു സമ്പാദിച്ചു കൂട്ടാനാണ്… രണ്ടു വയറു കഴിയാൻ അമ്മയുടെ വിധവാ പെൻഷൻ തന്നെ ധാരാളം… പിന്നെ പശുവിൻ്റെ പാലും കോഴിയുടെ മുട്ടയുമൊക്കെയായി അധികവരുമാനം വേറെയും… പുഴയോരത്തെ മണൽക്കടവിലേക്കിറങ്ങുന്ന തിനിടയിൽ കുഞ്ഞുണ്ണി വെറുതേ ചിന്തിച്ചു കൂട്ടി…

മണൽവാരൽ നിർത്തിയെങ്കിലും കടവിൽ ഇപ്പോഴും വഞ്ചികളുണ്ട്. അതിലെ ഏറ്റവും ചെറിയൊരു വഞ്ചിയിലാണ് പുല്ലരിയാൻ പോകാറുള്ളത്. വഞ്ചിയും തുഴഞ്ഞ് പുഴമ്പള്ളത്തു നിന്നും പുല്ലരിയുക എന്നത് ചുമ്മാ നേരം കളയാൻ വേണ്ടി മാത്രമല്ല, ചിലപ്പോൾ ബോണസ്സായി തേങ്ങ, മാങ്ങ, ചക്ക, നല്ല വിറകിനു പറ്റിയ മരക്കൊമ്പുകൾ എന്നിവയും നദീദേവി കനിഞ്ഞനുഗ്രഹിക്കാറുണ്ട്…

അപ്പോഴാണ് അക്കരെപ്പള്ളത്ത് ആരോ മെഷീൻ ഉപയോഗിച്ച് പുല്ലു വെട്ടുന്നന്നത് കണ്ടത്. കുഞ്ഞുണ്ണി വേഗം വഞ്ചി അങ്ങോട്ടേക്കൂന്നി…

ചെരിഞ്ഞ പുഴമ്പള്ളത്തു നിന്ന് ഒരാൾ തകൃതിയായി പുല്ലുവെട്ടുന്നു. അക്കരെപ്പള്ളത്തെ വലിയ വീടും പറമ്പും ഏതോ വലിയ കാശുകാരൻ വാങ്ങിയെന്നു കേട്ടിട്ടുണ്ട്. ഡോക്ടറാണത്രേ… അല്ലേലും ഇത്രേം വലിയ വീടും സ്ഥലവും കോടികൾ മുടക്കി വാങ്ങാൻ നല്ല കാശുകാർക്കേ പറ്റൂ… ഈ പണിക്കാരനോടു ലോഹ്യം കൂടി ആ ഡോക്ടറെയൊന്നു പരിചയപ്പെടാൻ പറ്റിയാൽ വല്ല ജോലിയും തരപ്പെടുത്തിയെടുക്കാം. ഡ്രൈവർ ജോലിയായാലും മതി. അതാവുമ്പോൾ വീട് ടു ആശുപത്രി, ആശുപത്രി ടു വീട്… സുഖം സുഖകരം… ചില സൗകര്യങ്ങൾക്കു വേണ്ടി മുതലാളിത്തത്തിനു വഴങ്ങുന്നതും ഒരു അന്തസ്സു തന്നെയാണ്…

” ചേട്ടാ… ഈ മെഷീൻ വാടകയ്ക്കു കൊടുക്കുന്നുണ്ടോ…?”. കരയോട് അടുക്കാറായപ്പോൾ കുഞ്ഞുണ്ണി വിളിച്ചു ചോദിച്ചു.

പുല്ലു വെട്ടുന്നയാൾ കുഞ്ഞുണ്ണിയെ ഒന്നു നോക്കിയതിനു ശേഷം വീണ്ടും പണി തുടർന്നു…

ഒരു പുല്ലുവെട്ടിക്കാരന് ഇത്രേം അഹങ്കാരമോ… ഏതു തൊഴിലിനും തൊഴിലാളിക്കും മാന്യത അർഹിക്കുന്നുണ്ടെങ്കിലും അഹങ്കാരത്തിന് മുൻപിൽ താഴ്ന്നു കൊടുക്കാൻ കുഞ്ഞുണ്ണിക്ക് മനസ്സു വന്നില്ല…

” പൊന്നു ചേട്ടാ, ഇത്രേം ജാഡ വേണ്ട… ഞാൻ വിചാരിച്ചാ ഞങ്ങടെ കരേലെ പണീം കൂടി വാങ്ങിത്തരാനും കഴിയും ഇപ്പഴൊള്ള പണി കളയാനും കഴിയും… അതോണ്ട് ഇച്ചിരി നെലത്ത് നിൽക്കണത് നല്ലതാ…”. കുഞ്ഞുണ്ണി ഒരു മുന്നറിയിപ്പു കൊടുത്തു.

” പ്ഫാ… ചെ ളുക്കച്ചെക്കാ… നീയാരാടാ… നീയെനിക്കു പണി വാങ്ങിത്തരാംന്നോ… നിൻ്റെ വീടും പറമ്പും കൊടുക്കണുണ്ടോ..? പി ച്ച ക്കാശ് തന്ന് അതും ഞാൻ വാങ്ങാംടാ…”.

പുല്ലുവെട്ടിയുടെ അപ്രതീക്ഷിതമായ ആക്രമണത്തിൽ ആദ്യമൊന്നു പതറിയെങ്കിലും കുഞ്ഞുണ്ണിയും വിട്ടു കൊടുത്തില്ല… ” പ്ഭാ… താനാരാടോ… തൻ്റെ വീടും പറമ്പും കൊടുക്കണുണ്ടേൽ ഞാനും വാങ്ങാടോ പി ച്ച ക്കാശിന്…”.

മറുപടിക്ക് കാത്തു നിൽക്കാതെ കുഞ്ഞുണ്ണി വേഗം ഇക്കരെക്ക് വഞ്ചിയൂന്നി… ഇനിയെങ്ങാനും അയാൾ വീടു കൊടുക്കാമെന്നെങ്ങാനും പറഞ്ഞാലോ…

മണൽക്കടവിൽ വഞ്ചി കെട്ടിയിട്ട് വീട്ടിലേക്കു നടക്കുമ്പോഴേക്കും കുഞ്ഞുണ്ണി സമാധിയിൽ നിന്നും ഉയിർത്തെഴുന്നേറ്റു കഴിഞ്ഞിരുന്നു… അക്കരെ നിന്നും പുല്ലുവെട്ടുന്ന മെഷിൻ്റെ ശബ്ദം ഉയർന്നു കേൾക്കുന്നുണ്ട്. കുഞ്ഞുണ്ണി തിരിഞ്ഞു നോക്കാതെ നടന്നു…

തൊഴുത്തിനടുത്തെത്തിയപ്പോൾ പൂവാലിപ്പയ്യൊന്ന് തലയുയർത്തി നോക്കി. പുല്ലിനു പോയ പു ല്ലൻ ഒരു പുല്ലുമില്ലാതെ തിരിച്ചു വന്നത് കണ്ട് പഴയ പുല്ലു വിലയോടെ തല താഴ്ത്തി ആമാശയത്തിലേക്കു നേരത്തേ പറഞ്ഞയച്ച ഉണക്ക വൈക്കോലെടുത്ത് അയവിറക്കാൻ തുടങ്ങി… ഗോമാതാവ് വെറുതേ പുച്ഛിക്കത്തേയുള്ളൂ, സ്വന്തം മാതാവ് അങ്ങനെയല്ല… ഇനിയൊരു ആട്ടു കൂടി സഹിക്കാൻ ത്രാണിയില്ലാത്തതിനാൽ ശബ്ദമുണ്ടാക്കാതെ അരിവാളെടുത്ത് ഇറയിൽ തിരുകി കുഞ്ഞുണ്ണി പതിയെ തിരിഞ്ഞപ്പോൾ മുന്നിൽ സ്വന്തം മാതാവ് പ്രത്യക്ഷപ്പെട്ടു…

” എവിടെ… പശൂനുള്ള പുല്ലെവിടെ…?”.

തൊഴുത്തിലേക്കു നോക്കി അമ്മ ചോദിച്ചപ്പോൾ കുഞ്ഞുണ്ണിയൊന്നു വെളുക്കെ ചിരിച്ചു കാണിച്ചു…

” എൻ്റെ പൊന്നു പരദൈവങ്ങളേ ഇങ്ങനെ വീടിനും നാടിനും

വേണ്ടാത്തൊരുത്തനാണല്ലോ എൻ്റെ വയറ്റീപ്പെറന്നത്… ഇതിലും ഭേദം…”.

അമ്മയുടെ പ്രാ കൽ തുടങ്ങിയപ്പോഴേക്കും കുഞ്ഞുണ്ണിയുടെ സിദ്ധി വർക്ക് ചെയ്യാൻ തുടങ്ങി. അതിൻ്റെ ഹാങ്ങോവർ മാറുന്നതിനു മുൻപേ കുഞ്ഞുണ്ണി പുറത്തേക്കിറങ്ങി നടന്നു…

മാത്തേട്ടൻ്റെ ചായക്കടയ്ക്കു മുൻപിലെത്തിയപ്പോൾ കുഞ്ഞുണ്ണിയൊന്നു നിന്നു. ഇന്നലത്തേം മിനിഞ്ഞാന്നത്തേം വാർത്തകൾ പത്രത്തീന്നു വായിക്കാം. നാളത്തെ വാർത്തകൾ മാത്തേട്ടനീന്നു നേരിട്ടു കേൾക്കാം… സാധാരണ അങ്ങനെയാണ് ഇന്നു മാത്തേട്ടൻ ചായക്കടയിൽ പറയുന്ന കാര്യങ്ങളാണ് നാളത്തെ പത്രത്തിലുണ്ടാകുന്നത്… നേരം പോകാൻ ഇതിലും നല്ല കാര്യമില്ല… പക്ഷേ വരുന്നോരും പോകുന്നോരും ജോലിക്കാര്യത്തെക്കുറിച്ച് ചോദിക്കും ഒടുക്കം പുച്ഛിക്കും.. ആ പുച്ഛമാണ് സഹിക്കാൻ പറ്റാത്തത്.

” ടാ കുഞ്ഞുണ്ണീ നിൻ്റെ പണി പോയെന്നു കേട്ടല്ലോ…”.

തിരിഞ്ഞു നോക്കാതെത്തന്നെ ചോദ്യകർത്താവ് മാത്തേട്ടനാണെന്ന് കുഞ്ഞുണ്ണിക്ക് മനസ്സിലായി…

പിന്നിൽ നിന്നും അയാൾ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടെങ്കിലും ഒന്നും കുഞ്ഞുണ്ണി കേൾക്കുന്നുണ്ടായിരുന്നില്ല… അതൊരു പ്രത്യേക സിദ്ധിയാണ്. ചെറുപ്പത്തിലേ അമ്മയുടെ ആട്ടും ശകാരവും തുടങ്ങുമ്പോൾ തനിയെ മനസ്സ് ആ സമാധിയവസ്ഥയിലേക്കു വഴി മാറും. പിന്നെ കാതിൽ തേനീച്ചക്കൂട്ടിൽ തലയിട്ട പോലുള്ള അവസ്ഥയാണ്, മറ്റൊന്നും കേൾക്കാൻ കഴിയില്ല… സുഖം സമാധാനം…

‘അതിന് ഇയാൾക്കെന്താ’ണെന്ന് ചോദിക്കാൻ തുടങ്ങിയപ്പോഴേക്കും മാത്തേട്ടൻ്റെ അടുത്ത ഡയലോഗ് വന്നു…

” ഇതിപ്പോ എത്രാമത്തെ പ്രാവശ്യാ… നിനക്കൊരിടത്തു തന്നങ്ങട് ഒറച്ചു നിന്നൂടെടാ കൃതജ്ഞാ… നിൻ്റെയാ പേരിലുള്ള നന്ദിയെങ്കിലും സ്വന്തം തള്ളയോടു കാണിച്ചൂടെ…”. മാത്തേട്ടൻ്റെ കളിയാക്കലിന് അകമ്പടിയായി സ്ഥിരം അന്തേവാസികളെല്ലാം പൊട്ടിച്ചിരിച്ചു.

” അല്ല മാത്ത്വോ… ഈ ചെക്കൻ്റെ പേര് കുഞ്ഞുണ്ണീന്നോ മറ്റോ അല്ലേ…?”. മാതൃഭൂമി പത്രത്തിലെ ചരമക്കോളത്തിൽ നിന്നും തല പൊക്കി വേലുച്ചേട്ടൻ ചോദിച്ചു.

” അതു പിന്നെ ഇവൻ്റച്ഛൻ പണ്ട് വല്യ എഴുത്തുകാരനെങ്ങാണ്ടായിരുന്നു… പണ്ടൊക്കെ റേഡിയോല് കേട്ടിട്ടുണ്ട്… ആദ്യത്തെ കുഞ്ഞ്‌ ജനിച്ചപ്പോൾ ദൈവത്തോടുള്ള നന്ദി കാണിക്കാനായി കൃതജ്ഞനെന്ന് പേരിട്ട് അങ്ങേരയാൾടെ പാട്ടിന് ച ത്തും പോയി. നാലാം ക്ലാസ്സ് തോറ്റ ഇവൻ്റമ്മയ്ക്ക് നാവു വഴങ്ങാത്തോണ്ട് ഉസ്കൂളിൽ ചേർക്കാൻ നേരത്ത് കുഞ്ഞുണ്ണിയെന്ന് പേര് മാറ്റി…”. മാത്തേട്ടൻ പൊട്ടിച്ചിരിയോടെ പറഞ്ഞു.

കുഞ്ഞുണ്ണി തല താഴ്ത്തി നടക്കാനൊരുങ്ങി.

” നിൽക്കെടാ… നിൻ്റമ്മ നല്ല വാഴക്കന്നുണ്ടേൽ പറയണംന്ന്പ റഞ്ഞിട്ടുണ്ടായിരുന്നു. ഇപ്രാവശ്യം ഓണത്തിന് വാഴ നടണുണ്ടോ…?”. മാത്തേട്ടൻ ചോദിച്ചു.

” അറിയില്ല…”.

” ഉം… പണ്ടേ നട്ടാ മതിയായിരുന്നൂന്ന് ചിന്തിക്കണുണ്ടാവും ഇപ്പോ…”.

മാത്തേട്ടൻ്റെ കമൻ്റിന് അകമ്പടിക്കാർ ചിരിക്കുന്നതിനു മുൻപേ കുഞ്ഞുണ്ണി സമാധിയവസ്ഥയിലേക്കു കൂടുമാറിക്കഴിഞ്ഞിരുന്നു…

ആരുമില്ലാത്തിടത്തു പോയിരുന്നാൽ ആരുടേയും പുച്ഛം കാണേണ്ടല്ലോ എന്ന ലക്ഷ്യം വച്ചു നടന്നപ്പോൾ കാലുകൾ കൊണ്ടെത്തിച്ചത് വയലോരത്തെ പറമ്പിലാണ്. നല്ല കാറ്റും തണുപ്പുമുണ്ട്. വേലയും കൂലിയുമില്ലാത്തവർക്ക് ചുമ്മാ കിടന്നു മയങ്ങാൻ പറ്റിയ സ്ഥലം… അല്പനേരം കാറ്റു കൊണ്ടു കിടന്നപ്പോൾ വീണ്ടും ബോറടിച്ചു.

ഇന്നത്തെ ദിവസം ആരെയാണാവോ കണി കണ്ടത്… രാവിലെ മുതൽ കാണാൻ തുടങ്ങിയതാണ് പലരുടേയും പുച്ഛഭാവം… ചുമ്മാ താഴേക്കു നോക്കിയപ്പോൾ അടുത്തു തന്നെ ഒരു കീടനാശിനിയുടെ തകരക്കുപ്പി കിടക്കുന്നതു കണ്ടു. പാടത്ത് തളിച്ചിട്ട് ബാക്കി വന്നത് ആരോ ഉപേക്ഷിച്ചതാവണം…

ഇതെങ്ങാൻ കുടിച്ച് പോയി ച ത്തൂടെടാ കീടമേ…

പ്രകൃതി പോലും തന്നോട് പുച്ഛിച്ചു പറയുന്നതായി കുഞ്ഞുണ്ണിക്കു തോന്നി.

തന്നെ പുച്ഛിച്ചവരോടുള്ള ദേഷ്യം തീർക്കാൻ കൈയിൽ കിട്ടിയ കല്ലെടുത്ത് കുഞ്ഞുണ്ണി ആ തകരക്കുപ്പിയിൽ ആഞ്ഞടിച്ചു…

പെടുന്നനെ അതു പൊട്ടി അതിനകത്തെ കീടനാശിനി കുഞ്ഞുണ്ണിയുടെ മുഖത്തേക്കും ശരീരത്തിലേക്കും തെറിച്ചു…

മൂക്കിൽ തുളച്ചുകയറുന്ന രൂക്ഷഗന്ധം… മുഖത്തായിടത്ത് പൊള്ളുന്ന പോലെ… ഒരു ചവർപ്പുരസം നാവിൽ പടരുന്ന പോലെ…

” അയ്യോ വി ഷം… ഞാനിപ്പോ ചാകുവേ…”.

കുഞ്ഞുണ്ണിക്ക് കണ്ണിൽ ഇരുട്ടു കയറുന്നതു പോലെ തോന്നി… പാടത്തെ കാനയിലെ ചെളിവെള്ളമെടുത്ത് മുഖം കഴുകി… പണ്ടാരമടങ്ങാനായിട്ട്, ആ കാനയിലെ വെള്ളത്തിലും വിഷം കലർന്നിട്ടുണ്ടെന്നു തോന്നുന്നു…

” ഓടി വരണേ, ഞാനിപ്പോ ചാകുവേ…”. കുഞ്ഞുണ്ണി കാറി വിളിച്ചു.

പാടത്ത് പണി ചെയ്തു കൊണ്ടിരുന്ന ആരൊക്കെയോ ഓടി വന്നു. അപ്പോഴേക്കും കുഞ്ഞുണ്ണിയുടെ ബോധം മറയാൻ തുടങ്ങിയിരുന്നു…

” ഹല്ല… ഇത് നമ്മുടെ കുഞ്ഞുണ്ണിയല്ലേ… ചെക്കൻ പണി പറ്റിച്ചൂല്ലോ…”.

കുഞ്ഞുണ്ണിയുടെ ശരീരത്തിലെ രൂക്ഷഗന്ധവും താഴെക്കിടക്കുന്ന കീടനാശിനിയുടെ കുപ്പിയും കണ്ട് ഓടിക്കൂടിയവർ പറഞ്ഞു.

ഓട്ടോറിക്ഷയിൽ നിന്നുമിറക്കി ആശുപത്രിയിലെ സ്ട്രെച്ചറിൽ കിടത്തിയപ്പോഴാണ് കുഞ്ഞുണ്ണിക്ക് ബോധം തെളിഞ്ഞത്…

” വെഷടിച്ചതാ… എക്കാലക്സ്… ദേ കുപ്പീം കൊണ്ടന്നട്ട്ണ്ട്…”. ഓട്ടോഡ്രൈവർ ആശുപത്രി അറ്റൻ്ററോട് പറയുന്നത് കുഞ്ഞുണ്ണി കേട്ടു…

” അയ്യോ ഞാൻ വെഷടിച്ചിട്ടില്യ… എൻ്റെ മേത്തേക്ക് തെറിച്ചതാ…”. കുഞ്ഞുണ്ണിയുടെ ശബ്ദം പുറത്തേക്കു വന്നില്ല.

അത്യാഹിതവിഭാഗത്തിലേക്ക് എത്തിയപ്പോൾ ഏതോ ഡോക്ടർ പരിശോധിക്കാനായി കുഞ്ഞുണ്ണിയുടെ കണ്ണു പിടിച്ച് തുറന്നു നോക്കി. കണ്ണു തുറന്ന കുഞ്ഞുണ്ണി ഡോക്ടറെ കണ്ട് ഒന്നു ഞെട്ടി…

രാവിലെ താനുമായി വഴക്കുണ്ടാക്കിയ പുല്ലുവെട്ടിക്കാരൻ… അപ്പോൾ ഇയാളായിരുന്നു ഡോക്ടറല്ലേ… കാണാൻ ഒരു ലുക്കുമില്ലല്ലോ എന്ന് ചിന്തിക്കുമ്പോഴേക്കും ആരൊക്കെയോ വന്ന് മൂക്കിലൂടെ ഒരു ട്യൂബ് തിരുകിക്കയറ്റി…

” ഞാൻ വെഷം കുടിച്ചിട്ടില്ല സാറേ… എൻ്റെ മേത്തേക്ക് വെറുതെ തെറിച്ചേള്ളൂ…”.

കുഞ്ഞുണ്ണി പറയാൻ ശ്രമിച്ചെങ്കിലും അത് വേറെന്തോ ശബ്ദമോ ഭാഷയോ ആയാണ് ബഹിർഗമിച്ചത്… നഴ്സുമാർ ട്യൂബിലൂടെ കയറ്റിയ വെള്ളം വയറ്റിൽ കൂറ്റൻ തിരമാലകളുണ്ടാക്കി. സുനാമി പോലെ വായിലൂടെ പുറത്തു വന്നു…

പിന്നാലെ പിന്നാലെ ട്യൂബിലൂടെ വെള്ളം കയറ്റുന്നു ഛർദ്ദിപ്പിക്കുന്നു…

അവസാന ഛർദ്ദിയിലൂടെ കുഞ്ഞുണ്ണിയുടെ വയറ്റിലെ കുടികിടപ്പുകാരായ കൊക്കപ്പുഴുവും കുടുംബവും ഓടി രക്ഷപ്പെടുന്നതു കണ്ടിട്ടാവണം ഡോക്ടർ നിർത്തിക്കോളാൻ പറയുന്നതു കേട്ടു…

വാടിയ ചേമ്പിൻ തണ്ടു പോലെ തളർന്നു പോയ കുഞ്ഞുണ്ണി കൺപോളകൾ ബലം പിടിച്ച് തുറന്ന് ഡോക്ടറെ നോക്കി…

വൈരാഗ്യം തീർക്കാൻ കഴിഞ്ഞതിലുള്ള സന്തോഷമാണോ അതോ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥ്യമാണോ ഡോക്ടറുടെ മുഖത്തു കണ്ടതെന്ന് തിരിച്ചറിയാൻ കുഞ്ഞുണ്ണിക്ക് കഴിഞ്ഞില്ല…

” ഇവൻ്റെ ഉള്ളിലുള്ള വി ഷം ഞാനെടുത്തു പുറത്തു കളഞ്ഞിട്ടുണ്ട്… ഇനി നന്നായാൽ ഇയാൾക്കു കൊള്ളാം…”.

തന്നെ കൊണ്ടു വന്നവരിൽ ആരോടോ ഡോക്ടർ പറയുന്നതു കേട്ടു…

പിറ്റേ ദിവസമാണ് കുഞ്ഞുണ്ണിയെ ഡിസ്ചാർജ് ചെയ്തത്. അപ്പോഴേക്കും കുഞ്ഞുണ്ണി തളർന്ന് ഒരു പരുവമായിക്കഴിഞ്ഞിരുന്നു… വീട്ടിലെത്തിയതും ഒടുക്കത്തെ വിശപ്പ്. വയറ്റിലെ കൊക്കപ്പുഴുവെല്ലാം പോയതു കൊണ്ടാവണം സാധാരയിൽ കൂടുതൽ ചോറുണ്ണേണ്ടി വന്നു…

ഈ തീറ്റ തുടരാൻ അമ്മയുടെ പെൻഷനും പശുവിൻ്റെ പാലും കോഴിയുടെ മുട്ടയും പറമ്പിലെ വാഴയും മതിയാവില്ലെന്നു മനസ്സിലാക്കി പിറ്റേന്നു മുതൽ ജോലിക്കു പോവാൻ കുഞ്ഞുണ്ണി തീരുമാനിച്ചു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *