വല്യപ്പച്ചൻ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യത്തിന്റെ ക്രെഡിറ്റ് മുഴുവനും വല്യമ്മച്ചി ഉറുമ്പുകൾക്ക് കൊണ്ടോയി കൊടുത്തേ പിന്നേ വല്യപ്പച്ചന് അവറ്റകളെ……

Story written by Adam John

ഓർമ്മ വെച്ച കാലം തൊട്ടേ വീട്ടിൽ ഉറുമ്പുകളുണ്ട്. അവറ്റകൾ എവിടുന്നാ വരുന്നതെന്നോ എങ്ങോട്ടേക്കാ പോവുന്നതെന്നോ ഒരു നിശ്ചയവുമില്ല.

ഹാളിലും അടുക്കളയിലും എന്ന് വേണ്ട അയ വരെ ഉറുമ്പുകളുടെ സഞ്ചാര വഴികളാണ്.

പഞ്ചസാര ഭരണിയുടെ അടപ്പ് തുറന്ന് വെച്ചാൽ പലഹാരങ്ങൾ അടച്ചു വെക്കാൻ മറന്ന് പോയാൽ ഒക്കെ ഉറുമ്പുകൾ കൂട്ടത്തോടെ കയ്യേറി അർമ്മാദിക്കാൻ തുടങ്ങും.

ഉറുമ്പ് വീട്ടിലുണ്ടാവുന്നത് മഹാ ഭാഗ്യവാണെന്നാ വല്യമ്മച്ചിയുടെ പക്ഷം. എന്നാ ഭാഗ്യവാന്ന് ആർക്കറിയാം.

വല്യപ്പച്ചൻ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യത്തിന്റെ ക്രെഡിറ്റ് മുഴുവനും വല്യമ്മച്ചി ഉറുമ്പുകൾക്ക് കൊണ്ടോയി കൊടുത്തേ പിന്നേ വല്യപ്പച്ചന് അവറ്റകളെ കണ്ണെടുത്താൽ കണ്ടൂടാ.

വല്യപ്പച്ചന്റെ ദേഷ്യത്തിന് വേറൊരു കാരണം കൂടിണ്ട്. വല്യപ്പച്ചന് ഷുഗറുണ്ടെന്ന് കണ്ട് പിടിച്ചതും ഉറുമ്പുകളാരുന്നു.

എങ്ങനാന്ന് വെച്ചാൽ വല്യപ്പച്ചൻ യൂറിൻ പാസ് ചെയ്യുന്നിടത്തൊക്കെ പാർട്ടി സമ്മേളനത്തിന് ചെന്ന പോലെ ഉറുമ്പുകൾ കൂട്ടമായി വന്ന് നില്ക്കാൻ തുടങ്ങിയതോടെ സംശയം തോന്നി ടെസ്റ്റ് ചെയ്തപ്പോഴേക്കും ഷുഗർ ലെവൽ പരിധി കടന്നാരുന്നു.

അതോടെ മധുരം നിഷേധിക്കപ്പെടുകയും ചെയ്തതോടെ വല്യപ്പച്ചന് ഉറുമ്പുകളോടുള്ള പക പൂർവാധികം വർദ്ധിച്ചേലും വല്യമ്മച്ചിയെ പേടിയുള്ളതോണ്ട് മാത്രം ഉറുമ്പുകളെ ഒന്നും ചെയ്യാൻ മെനക്കെട്ടില്ല.

വല്ലഭന് പുല്ലും ആയുധമെന്ന് പറഞ്ഞ പോലാരുന്നു അമ്മാവന്റെ കാര്യം. ചായ ഗ്ലാസിന് അരികെ വന്ന് നിൽക്കുന്ന ഉറുമ്പുകളെ ചായേലോട്ട് തള്ളിയിടുക.
ഉറുമ്പുകൾ കഷ്ടപ്പെട്ട് പെറുക്കി എടുത്തോണ്ട് പോവുന്ന ആഹാര സാധനങ്ങൾ തട്ടിയിട്ടോണ്ട് അവരെ ഓടിക്കുക.

വരി വരിയായി നടന്ന് പോവുന്ന ഉറുമ്പുകളെ ഇടക്ക് വെച്ച് വഴി തെറ്റിക്കുക തുടങ്ങി എന്തൊക്കെയോ ഹോബികളുണ്ടാരുന്നു അങ്ങേർക്ക്. അതിന്റെ ദേഷ്യവാണോ എന്തോ പെട്ടെന്നൊരു നാൾ ഉറുമ്പുകൾ വയലന്റായി തുടങ്ങിയെ.

മഴക്കാലവായാൽ ഉണങ്ങാത്ത തുണികളൊക്കെ മോളിലത്തെ നിലയിൽ അയ കെട്ടി ഉണക്കാനിടുവാരുന്നു പതിവ്. അതാവുമ്പൊ ഉണങ്ങിക്കഴിഞ്ഞു കാറ്റിനൊപ്പം താഴേക്ക് ചാടിയാലും ചേക്ക് വിട്ട് സോറി വീടിന് പുറത്തോട്ട് പോവത്തില്ലാലോ. സമയം പോലെ എടുക്കേം ചെയ്യാ.

പക്ഷെ ഉറുമ്പുകൾ അവിടേം പണി തുടങ്ങി. അയയിൽ ഇടുന്ന പല തുണികളിലും ഉറുമ്പുകൾ തങ്ങളുടെ കലാ വാസനകൾ പ്രദർശിപ്പിക്കാൻ തുടങ്ങി. ഒരിക്കൽ കുളിക്കാനായി അയയിൽ കിടന്ന തോർത്തെടുക്കാൻ ചെന്ന വല്യപ്പച്ചൻ കാണുന്നത് അത് മുഴുവനും ഉറുമ്പരിച്ചു മീൻവല പോലാക്കിയതാണ്‌.

പിന്നീടമ്മാവൻ വീടിനടുത്തുള്ള തോട്ടിൽ നിന്ന് മീൻ പിടിക്കാനായി ആ തോർത്താരുന്നു ഉപയോഗിക്കാറുണ്ടാരുന്നേ. ഉണക്കാനിട്ട കൊപ്ര കാക്ക കൊണ്ടോവാതിരിക്കാൻ വിരിക്കാൻ വേണ്ടിയാണെന്നൊക്കെ പറഞ്ഞോണ്ട് ഉറുമ്പരിച്ച ബെഡ്ഷീറ്റ് ചോദിച്ചോണ്ട് അയല്പക്കത്തുള്ളോരൊക്കെ ഞങ്ങടെ വീട്ടിലോട്ട് വരുന്നത് പതിവ് കാഴ്ചയാരുന്നു.

അവര് വാങ്ങിച്ചോണ്ട് പോണത് പോട്ടെന്ന് വെക്കാം ഞങ്ങടെ പഞ്ചായത്തിൽ ആർക്ക് കൊപ്ര ഉണക്കാൻ ഉണ്ടേലും ഞങ്ങടെ വീട്ടിലോട്ട് ആളുകളെ പറഞ്ഞയക്കേം കൂടി ചെയ്യൂന്നേ. അത്രക്ക് വല്യ മനസ്സുള്ളവരാണെന്ന് പ്രത്യേകം പറയേണ്ട കാര്യവില്ലാലോ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *