ഒരേ ഹോസ്പ്പിറ്റലിൽ ആണ് ഡ്യൂട്ടിയെങ്കിലും ഞങ്ങൾ അത്ര പരിചയപ്പെട്ടിട്ടില്ല. ഞാനന്നേരം കൊക്ക് വല്യ മീനിനെ

പപ്പടം

Story written by Shabna shamsu

അഞ്ചാറ് കൊല്ലം മുമ്പ് കൊടുവള്ളിയിലെ എൻ്റെ അമ്മോൻ്റെ വീട്ടിൽ ഞാൻ വിരുന്ന് പോയി..

അമ്മായിൻ്റെ അടുക്കളയിലെ ടേബിളിലിരുന്ന് നൈസ് പത്തിരിയും കൈപുണ്യം മുഴുവനും കോരി യൊഴിച്ചുണ്ടാക്കിയ അമ്മായിൻ്റെ ചെമ്മീൻ ഫ്രൈയും കഴിച്ചോണ്ടിരിക്കുകയായിരുന്നു…

ഗ്യാസടുപ്പിലപ്പോ നീളത്തിൽ മുറിച്ച അയക്കൂറ സ്വർണത്തിൻ്റെ നിറമുള്ള നോൺസ്റ്റിക്ക് ചട്ടീല് മസാലയില് കുളിച്ച് മൊരിഞ്ഞോണ്ടിരിക്കുന്നുണ്ട്….

അപ്പളാണ് ഞാനത് ശ്രദ്ധിച്ചത്.. ഗ്യാസടുപ്പിന് മേലെ ചുവന്ന ലൈറ്റ് കത്തുന്ന ഒരു യന്ത്രം…… അതെന്താന്ന് ചോയ്ച്ചപ്പം മീൻ പൊരിക്കുന്ന മണം വീട് മുഴുവനും പരന്ന് നിക്കും… ഈ സാനം ഓണാക്കിയാ ഒരു മണോം ണ്ടാവൂല… ഫ്രഷായ്ക്കുംന്ന് പറഞ്ഞു …..

ആ സമയത്ത് പുറത്താരോ വന്ന് ബെല്ലടിച്ചു.. അമ്മായി അന്നേരം ചുമരില് ഫിറ്റ് ചെയ്ത 24 ഇഞ്ചിൻ്റെ ടി വി ഓണാക്കി… സി.സി.ടി.വി ആണ്.. നോക്കുമ്പോ വീടിൻ്റെ നാല് വശവും സ്ക്രീനിൽ കാണാ… ഹോം ഡെലിവറിൻ്റെ ആളാണ് വന്നത്….. വാതില് തുറന്ന് സാധനങ്ങള് വാങ്ങി അകത്തോട്ട് വെച്ചു….

പത്തിരിൻ്റെ കഷണത്തില് പൊതിഞ്ഞ് വെച്ച ചെമ്മീൻ മസാലയും കയ്യിൽ പിടിച്ച് ഞാനെൻ്റെ അടുക്കളയെ കുറിച്ചോർത്തു…. ചിമ്മിനിക്കൂട് ചോർന്ന വെള്ളം പിടിക്കാൻ വെച്ച ചുറ്റിലും കരി പിടിച്ച എൻ്റെ ബിരിയാണി ചെമ്പിനെ കുറിച്ചോർത്തു…

പകുതി തൊലിയും കഷ്ണവും ഒട്ടിപ്പിടിച്ച ഉമ്മാനെ കെട്ടി കൊണ്ടോന്നപ്പം ഉള്ള മീൻ പൊരിക്കുന്ന അലുമിനിയ ചട്ടിയെ കുറിച്ചോർത്തു…

ആ ചട്ടിയിൽ കിടന്ന് ദയനീയമായി എന്നെ നോക്കുന്ന അയലയേയും മത്തിയേയും കുറിച്ചോർത്തു….

അടിക്കാൻ ബെല്ലില്ലാത്തത് കൊണ്ട് മുറ്റത്ത് നിന്ന് ചുമച്ചതാരെന്നറിയാൻ മഴയത്ത് ചീർത്ത വാതിൽ രണ്ട് കൈ കൊണ്ട് ബലം പിടിച്ച് നീക്കി തല പുറത്തോട്ടിട്ട് ആരാന്ന് ചോദിച്ചതോർത്തു….

പെട്ടെന്ന് എൻ്റെ കൈയിൽ കുടുങ്ങി കിടക്കുന്ന ചെമ്മീനെ കുറിച്ചോർത്തപ്പോ എല്ലാ ഓർമകൾക്ക് നേരെയും നീണ്ട ഒരു നെടുവീർപ്പിട്ട് അത് ഞാനെൻ്റെ വായിലേക്കിട്ടു…..

ഗ്ളം,,,…

പിന്നീട് ഒന്ന് രണ്ട് കൊല്ലം കഴിഞ്ഞപ്പോ ഞങ്ങൾടെ പുതിയ വീടിൻ്റെ പണി പൂർത്തിയായി….. അടുക്കളയിലേക്കുള്ള ഗ്യാസടുപ്പ് വാങ്ങിയപ്പോ ചിമ്മിനി ഹോബ് വേണംന്ന് ഞാൻ വാശി പിടിച്ചു… മീൻ പൊരിക്കുന്ന മണം കേക്കൂലാന്ന് പറഞ്ഞപ്പോ മീനല്ലേ… മണത്തോട്ടെ… രണ്ട് കയില് ചോറ് അധികം തിന്നാലോ.. അയ്നെന്തിനാ മിഷീൻ വെച്ച് ഇല്ലാണ്ടാക്കണേ ന്നൊക്കെ ചോയ്ച്ച് ഇക്ക തർക്കിച്ചു…

ഏതായാലും മൂപ്പര് പ്രസ്റ്റീജിൻ്റെ പരസ്യം കാണുന്നോണ്ടും ഭാര്യയെ സ്നേഹിക്കുന്നത് കൊണ്ടും എൻ്റെ അടുക്കളേലും ചിമ്മിനി ഹോബ് ഫിറ്റ് ചെയ്തു…

മീൻ പൊരിച്ചും മണത്തും മണക്കാതെയും പിന്നേം ദിവസങ്ങള് കഴിഞ്ഞു….

ഈയടുത്ത് ലോക്ക് ഡൗൺ തുടങ്ങി കഴിഞ്ഞപ്പോ ഡ്യൂട്ടിക്കുള്ള വരവും പോക്കും യാത്ര ഭയങ്കര ബുദ്ധിമുട്ടായ സമയം…

അഞ്ച് മണിയായി…. എല്ലാ ദിവസവും പോവാറുള്ള ആൾ അന്ന് ലീവായതോണ്ട് എനിക്ക് പോവാൻ ആരൂല്ല… ഫാർമസി പൂട്ടി പുറത്തിറങ്ങി ആരേലും ണ്ടാവണേന്ന് പ്രാർത്ഥിച്ചോണ്ട് നിക്കുമ്പളാണ് ഡയാലിസിസിലെ ശ്രുതി ഒരു കോട്ടും ഹെൽമറ്റും കയ്യുറയും ഒക്കെയിട്ട് ബാംഗ്ലൂർ ഡെയ്സിലെ ദുൽഖർ സൽമാൻ സ്റ്റൈലിൽ നടന്ന് വരുന്നത്…. അവളെന്നും സ്ക്കൂട്ടറിലാണ് പോവാ…

ഒരേ ഹോസ്പ്പിറ്റലിൽ ആണ് ഡ്യൂട്ടിയെങ്കിലും ഞങ്ങൾ അത്ര പരിചയപ്പെട്ടിട്ടില്ല…. ഞാനന്നേരം കൊക്ക് വല്യ മീനിനെ കണ്ട പോലെ എനിക്ക് കേറേം വേണം,,ചോയ്ക്കാൻ മടിയും വിജാരിച്ച് ഓളെ സ്ക്കൂട്ടറിന് ചുറ്റും നടക്കാൻ തുടങ്ങി….

താത്ത കൽപ്പറ്റ ക്കാണേൽ എൻ്റെ കൂടെ പോര് എന്ന് പറയും വരെ ഞാൻ അവിടെ ചുറ്റിപ്പറ്റി നിന്ന്… അങ്ങനെ എൻ്റെ ബാഗ് പുറത്ത് തൂക്കി രണ്ട് സൈഡിലേക്കും കാല് തൂക്കിയിട്ട് അള്ളിപ്പിടിച്ച് കയറിയിരുന്നു..

Honda dio ആണ് സ്ക്കൂട്ടർ.. ബാക്കിൽ പിടിക്കുന്ന സാധനം ഇല്ല.. ഫ്ലാറ്റ് ആണ്… ശ്രുതീനെ പിടിക്കാന്ന് വെച്ചാ ഓള് റൈഡിന് പോവുന്ന പോലെ ഫുൾ സെറ്റപ്പിലാണ്.. എവിടേം ഒന്ന് തൊടാൻ സ്ഥലല്ല… അങ്ങനെ ഞാനെൻ്റെ കൈ രണ്ടും എയറില് തൂക്കിയിട്ട്…

താത്താ… ഓക്കെയല്ലേ… പോവാന്ന് ചോയ്ച്ചപ്പോ പെർഫെക്റ്റ് ഓക്കെന്നും പറഞ്ഞു….

പെട്ടെന്ന് വല്ല റോക്കറ്റ് വിട്ട പോലെ വണ്ടി ഒരു കുതിപ്പ്…

യാ റഹ്മാനേന്നും പറഞ്ഞ് ഞാൻ പുറകിലോട്ടൊന്ന് മലക്കം മറിഞ്ഞു…. ഒരു വിധത്തിൽ കഴുത്തില് ബലം കൊടുത്ത് ശക്തിയായി മുന്നോട്ട് ആഞ്ഞ് ബലം പിടിച്ചു… ഭാഗ്യം…വീണില്ല.. പേടിച്ച് വയറിൻ്റെ ഉള്ളീന്നൊരു കാളൽ വന്നു ശ്വാസം ഉള്ളിലേക്ക് കയറിപ്പോയി… കൂടുതലൊന്നും ചിന്തിക്കാൻ പറ്റിയില്ല…

ഞാൻ പറക്കാണ്…. എഴുപതിനോടടുത്ത് സ്പീഡില് പോവുന്ന ശ്രുതിയുടെ പുറകില് സർവേ കല്ലിൽ കണ്ണും തുറിച്ച് നിക്കുന്ന പച്ചത്തവളേൻ്റെ പോലെ ശ്വാസം പിടിച്ച് വെച്ച് ഞാൻ പറക്കാണ്…

കണ്ണ് പൂട്ടി നോക്കി.. അപ്പോ ഞാൻ വിമാനത്തിലാണെന്ന് തോന്നി… ചെവിക്ക് ചുറ്റും കാറ്റിൻ്റെ മുരളൻ സീൽ ക്കാരങ്ങൾ… ഗ്രാവിറ്റി നഷ്ടപ്പെട്ടവളെ പോലെ ഭാരമില്ലാത്ത അവസ്ഥ… മുഖത്തോട്ട് പാറി വന്ന ശ്രുതിയുടെ മുടിക്ക് ഓളെ കെട്ടിയോൻ ദുബായിന് കൊണ്ടോ ന്ന വില കൂടിയ ഷാംപൂൻ്റെ മണം… അതെ.. ഞാൻ വിമാനത്തിലാണ്…

എൻ്റെ വീടിൻ്റെ മുമ്പിലത്തെ വയലിൻ്റെ അറ്റത്ത് ഒരു ചിറയുണ്ട്.. നാല് ഭാഗവും രണ്ടാൾ പൊക്കത്തിൽ കുന്നും നടുക്ക് നിറയെ വെള്ളവും ആമ്പലും.. ചെറുപ്പത്തില് വിമാനം വരുന്ന ശബ്ദം കേൾക്കുമ്പോ ഞങ്ങളാ കുന്നിൻ്റെ മുകളില് കയറി നിക്കും.. പൊട്ട് പോലെ പോവുന്ന വിമാനം നോക്കി ആവേശം കൊള്ളും… എന്നെങ്കിലും അതില് കേറാൻ പറ്റണേന്ന് പ്രാർത്ഥിക്കും… അന്നത്തെ ആഗ്രഹം ഈ മുപ്പത്താറാം വയസില് സാധിച്ച പോലെ തോന്നി..

പക്ഷേങ്കില് കണ്ണ് തുറക്കുമ്പോ, വളവ് തിരിയുമ്പോ, കുഴീല് ചാടുമ്പോ ,മുമ്പില് ടിപ്പറ് കാണുമ്പോ ,വീണ്ടും പേടിച്ച് വയറ് കൊളുത്തി പിടിക്കാൻ തുടങ്ങി…

എനിക്കറിയാവുന്ന സൂറത്തും ദിക്റും മുഴുവനും ചൊല്ലി കൊണ്ടിരുന്നു…

എതാനും നിമിഷങ്ങൾക്കകം അതീവ ബുദ്ധിയുള്ള എൻ്റെ തലച്ചോറ് റോഡില് ചിതറി വീഴുന്നതും ,ഞാൻ മരിച്ച് പോവുമെന്നും പിന്നീട് എൻ്റെ ഇക്കാക്ക വേറെ കല്യാണം കഴിക്കുമെന്നും എൻ്റെ അടുക്കളേലെ കറുത്ത ചില്ലിൻ്റെ ഗ്യാസ് അടുപ്പില് എൻ്റെ അമ്മോൻ ദുബായ്ന്ന് കൊണ്ടോന്ന നോൺ സ്റ്റിക്കിൻ്റെ ചെറിയ ചീഞ്ചട്ടില് ചിമ്മിനി ഹോബ് ഓണാക്കി ഓള് പപ്പടം പൊരിക്ക്ണതും ആലോജിച്ചപ്പോ ആ പപ്പടത്തെക്കാൾ പൊക്കത്തിൽ എൻ്റെ ഉള്ളം പൊള്ളാൻ തുടങ്ങി…

പെട്ടെന്ന് ഞാനൊലർച്ചയായിരുന്നു…

ശ്രുതിയേ…..

അക്ഷരങ്ങൾ കാറ്റിൽ ചിന്നി ചിതറി സുർർർർ….. എന്ന് മാത്രം പുറത്തോട്ട് വന്നു…

ശ്രുതി വണ്ടി നിർത്തി…

എന്തേ താത്ത…..

ഒന്നൂല്ല… നമ്മക്ക് സ്പീഡില് പോണ്ട.. മെല്ലെ പോകാ…

പേടിയാന്ന് ആദ്യേ പറഞ്ഞൂടായിരുന്നില്ലേ താത്താ…. എന്നും പറഞ്ഞ് മെല്ലെ പോവാൻ തുടങ്ങി…

വല്ലാത്തൊരാശ്വാസം… ഒരു ബലത്തിന് വയറില് മുറുകെ പിടിച്ച കൈകള് വിട്ട് കാറ്റിനെ പിടിക്കാനോങ്ങി… തേയില തോട്ടങ്ങളിലെ പച്ചപ്പ് നോക്കി കണ്ണിന് കുളിരേകി…

ഇക്കാക്ക് 18 വയസുള്ളപ്പോ വാങ്ങിയ Splender ആണ് ഞങ്ങളുടെ ബൈക്ക്.. 22 കൊല്ലായി… എത്രയൊക്കെ ആക്സിലേറ്റർ തിരിച്ചാലും നാൽപതിൽ കൂടുതൽ സ്പീഡിലത് പോവൂല… അതിൽ മാത്രം പോയി ശീലിച്ചതോണ്ട് ഈ യാത്രയെ വിമാനത്തിനോടുപമിച്ചതിൽ മാപ്പ് ശ്രുതീ…

അങ്ങനെ എനിക്ക് ഇറങ്ങേണ്ട സ്ഥലം എത്തി.. ശ്രുതിയോട് താങ്ക്സ് പറഞ്ഞു… സ്വന്തമായി സ്ക്കൂട്ടർ വാങ്ങിയിട്ടും പേടി കാരണം അത് പഠിക്കാൻ നോക്കാത്ത എന്നോട് എനിക്ക് തോന്നുന്ന പുച്ഛത്തേ കുറിച്ച് രണ്ട് വാക്ക് സംസാരിച്ചു… അവളുടെ ധൈര്യത്തില് മതിയാവോളം അഭിനന്ദിച്ചു,……

എന്നാലും പോവാൻ നേരം ഓളെ അടുക്കളേല് ഒരു ചിമ്മിനി ഹോബും പപ്പടം പൊരിക്കാൻ ഒരു നോൺ സ്റ്റിക്കിൻ്റെ ചെറിയ ചട്ടിയും നിർബന്ധമായും വാങ്ങണമെന്ന് ഉപദേശിക്കാൻ മറന്നില്ല….

Related Posts

Leave a Reply

Your email address will not be published. Required fields are marked *