ഓരോ രാത്രിയും കൂടുതൽ കൂടുതൽ ആവേശത്തോടെ എന്നിലേക്ക് പെയ്തിറങ്ങി… ആ പ്രണയം മുഴുവൻ എനിക്ക് മാത്രം നൽകി കൊണ്ടു……..

എന്റെ കിച്ചൻ

Story written by Athira Sivadas

കയ്യിൽ ഒരു പാൽ ഗ്ലാസുമായി മുഖത്ത് കുറച്ച് നാണം ഒക്കെ വാരി വിതറി കേട്ട് കേൾവി മാത്രമുള്ള ഫസ്റ്റ് നൈറ്റിലേക്ക് കാലെടുത്തു വച്ചതും ഇന്ന് കാലത്ത് എന്റെ കഴുത്തിൽ താലി കെട്ടിയ നവ വരൻ ദേ നിൽക്കുന്നു ഒരു ഷോർട്സും ടി ഷർട്ടും ഒക്കെ ഇട്ട്.

“താനെന്താ വല്ല ഫാൻസി ഡ്രസ്സ്‌ കോമ്പറ്റിഷനും പോന്നുണ്ടാ??” ഇത് എന്ത് തേങ്ങയാണെന്നുള്ള മട്ടിൽ എന്നെ അടിമുടി ഒന്ന് നോക്കിക്കൊണ്ട് അയാൾ ചോദിച്ചു.

സാരി ഉടുത്തതിന് വല്ല പ്രശ്നവും ഉണ്ടോയെന്നു ഞാനും എന്നെ അടിമുടി ഒന്ന് നോക്കി.

“അല്ല. അത് പിന്നെ… ഈ ഫസ്റ്റ് നൈറ്റ്‌ ഇങ്ങനെ അല്ലേ. അത്കൊണ്ട് ഇവിടുത്തെ അമ്മ എന്നോട് ഇത് ഉടുത്തോളാൻ പറഞ്ഞു “

“ഓ അങ്ങനെയൊക്കെ ഉണ്ടോ” എന്നെ നോക്കി ഒന്ന് ചിരിച്ചു കൊണ്ടായാൾ കാട്ടിലിലേക്ക് ഇരുന്നു.

“കയ്യിലെന്താ”

“പാല്”

“ശീലമുണ്ടോ”

“എന്ത്”

“അല്ല തനിക്കീ പാല് കുടിക്കുന്ന ശീലം ഉണ്ടോന്ന്”

“മ്മ് വീട്ടിൽ വച്ചു ഉണ്ടായിരുന്നു”

“വീട്ടിൽ വച്ചുള്ള ശീലങ്ങൾ ഒന്നും മാറ്റണ്ടാട്ടാ. താൻ കുടിച്ചോ… എനിക്കീ പാലൊന്നും ഇഷ്ടല്ല… പിന്നെ രാത്രി ഈ സെറ്റ് സാരി ഒക്കെ ഉടുത്തു കിടക്കാൻ ബുദ്ധിമുട്ടില്ലേ… ഇല്ലെങ്കിൽ ഇതന്നെ ഇട്ടോ… ഉണ്ടെങ്കിൽ മാറിക്കോട്ടോ… എനിക്ക് ഈ ടിപ്പിക്കൽ ആദ്യരാത്രിയോടൊന്നും തീരെ താല്പര്യം ഇല്ല. ലുക്ക്‌ സിദ്ധി…ഇവിടിപ്പോൾ നമ്മൾ മാത്രം അല്ലേയുള്ളൂ. പിന്നെന്തിനാ ഇതൊക്കെ”

കേൾക്കണ്ട താമസം താലിമാല ഒഴികെ ബാക്കി ഓർണമെന്റസ് എല്ലാം അഴിച്ചു മാറ്റി ഞാനൊരു ടി ഷർട്ടും പ്ലാസോയും എടുത്ത് ബാത്‌റൂമിലേക്കോടി. തിരികെ വന്നപ്പോൾ ഉചിയിൽ മുടിയൊക്കെ കെട്ടി നിൽക്കുന്ന എന്നെ അയാളൊന്ന് നോക്കി.

“നല്ല ക്ഷീണം ഉണ്ടാവും അല്ലേ. രാവിലെ തുടങ്ങിയത് അല്ലേ കിടന്നോളു” അതും പറഞ്ഞയാൾ ഫോണിലേക്ക് തന്നെ നോക്കിയിരുന്നു.

ഞാൻ കട്ടിലിന്റെ ഒരു സൈഡിൽ ചെന്നിരുന്നു. ഇയാളെന്താ ഇഷ്ട മില്ലാതെയാണോ എന്നെ വിവാഹം കഴിച്ചത്.

ഇനി ഇയാൾ കാമുകി ആയിട്ട് എന്നെ കെട്ട്കെട്ടിക്കാനുള്ള പ്ലാൻ വല്ലോം ചെയ്യുവാണോ.

നാല് വർഷത്തെ അസ്ഥിക്ക് പിടിച്ച പ്രേമം പൊട്ടിയ ശേഷം ഇനിയും ജീവിതത്തിൽ ഒരു തെണ്ടിയും വേണ്ടഎന്ന് തീരുമാനിച്ച എന്നെ ഒരാഴ്ച മുൻപ് ആയിരുന്നു കിരണേട്ടൻ പെണ്ണ് കാണാനായി വന്നത്. തീരെ താല്പര്യം ഉണ്ടായിട്ടല്ല അമ്മയുടെ സമ്മർദ്ദത്തിനു വഴങ്ങി മാത്രമാണ് ഒക്കെത്തിനും നിന്ന് കൊടുത്തത്. ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു എനിക്ക്.

എന്റെ കഷ്ടകാലം അല്ലാതെ എന്ത് പറയാൻ എവിടെയോ ഇരുന്നു കവടി നിരത്തിയ ഏതോ ജ്യോൽസ്യൻ പറഞ്ഞു അത്രേ ഇരുപത്തി ഒന്നാമത്തെ വയസ്സിൽ കല്യാണം നടന്നില്ലെങ്കിൽ പിന്നെ നാല്പത് കഴിഞ്ഞേ ഉള്ളുവെന്ന്.അമ്മ ഒരു ടിപ്പിക്കൽ അമ്പലവാസി വീട്ടമ്മ ആയത് കൊണ്ടു കേട്ടപാടെ തുടങ്ങി കല്യാണലോചന.

എന്തൊക്കെയാരുന്നു… സ്വന്തമായി ഒരു ജോലി… പിന്നെ ഫ്രണ്ട്‌സിന്റെ ഒപ്പം ട്രിപ്പിംഗ് എല്ലാം ഹുദാ ഹവാ… ശനിയും ഗുളികനും എല്ലാം ഒത്തു വന്നത് കിരണേട്ടന്റെ ആലോചന വന്നപ്പോഴാണ്. പിന്നെ ആരും ഒന്നും നോക്കിയില്ല.

പെണ്ണു കാണലിനും വിവാഹ നിശ്ചയത്തിനും മാത്രം കണ്ട് പരിചയമുള്ള കിരൺ ദേവദാസ് എന്റെ കഴുത്തിൽ താലി കെട്ടി.

എന്റെ കഷ്ടകാലത്തിനു വിവാഹ നിശ്ചയം കഴി ഞ്ഞപ്പോൾ ഫോണിന് പണി കിട്ടി. അത്കൊണ്ടെന്താ ഫോണിൽ കൂടെ പോലും സംസാരിച്ചിട്ടില്ല ഈ പഹയനോട്.

എന്നാൽ വിവാഹം നിശ്ചയിച്ചതല്ലേ ഭാവി ഭർത്താവിനോട് ഒന്ന് സൊള്ളിക്കോട്ടെ എന്ന് ഈ ജമ്പോവന്റെ മുത്തച്ഛന്റെ കാലത്ത് ജീവിക്കുന്ന എന്റെ പഴഞ്ചൻ വീട്ടുകാർക്കും തോന്നിയില്ല.

ഒരുപാട് പറഞ്ഞു നോക്കി ഒരു പരിചയവും ഇല്ലാത്ത ആൾടെ കൂടെ ജീവിക്കാൻ എനിക്ക് കഴിയില്ലെന്ന്… എവിടെ കേൾക്കാൻ… ആര് കേൾക്കാൻ….. നൽപ്പതാമത്തെ വയസ്സിൽ അച്ഛൻ മരിച്ചത് തന്റെ ജാതകദോഷം കൊണ്ടാണെന്നു വിശ്വസിക്കുന്ന അമ്മയോട് അതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം.

എന്നാലും ഇങ്ങേരു ഇതെന്തൊരു മനുഷ്യനാ… യാതൊരു മുൻപരിചയവും ഇല്ലാത്ത പെണ്ണിനെ വിവാഹം ചെയ്യാൻ മാത്രം ഒരാളെ ആണല്ലോ എനിക്ക് കിട്ടിയത്.

ഞാൻ എന്താണെന്ന് അയാൾക്കും അയാൾ എങ്ങനെ ആണെന്ന് എനിക്കും ഒരു പിടിയും ഇല്ല… ജീവിതം ഇനി എന്താകുമെന്ന് അറിയാതെ ആദ്യരാത്രിയിൽ പകച്ചിരിക്കുന്ന എന്നെ അയാൾ ആണെങ്കിൽ ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ല.

മെല്ലെ ഞാൻ കട്ടിലിന്റെ ഒരു സൈഡിൽ ചുരുണ്ടു കിടന്നു. ഇടയ്ക്കു രണ്ട് മൂന്ന് വട്ടം നോക്കുമ്പോഴും അയാൾ ഫോണിൽ തന്നെ.

“എന്താ കിരണേട്ടാ നിങ്ങൾ താല്പര്യം ഇല്ലാതെയാണോ എന്നെ വിവാഹം കഴിച്ചത്” എണീറ്റ് ചമ്രം പടിഞ്ഞിരുന്നു കൊണ്ടു ഞാൻ ചോദിച്ചു.പ്രതീക്ഷിക്കാത്തതെന്തോ കേട്ടത് പോലെ അയാൾ ഞെട്ടിതിരിഞ്ഞു എന്നെ നോക്കി.

“അതെന്താ സിദ്ധി…താൻ അങ്ങനെ ചോദിച്ചത്”

“ചോദിച്ചതിന് മറുപടി പറയു. നിങ്ങൾ എന്നെ ശ്രദ്ധിക്കാതെ ഫോണിൽ എന്തൊക്കെയോ കലാപരിപാടി ആണല്ലോ. സ്വന്തം വീട്ടിൽ നിന്നും മറ്റൊരു വീട്ടിൽ ആദ്യാമായി ഒരു പുരുഷന്റെയൊപ്പം ഒരു മുറിയിൽ. എന്നെ ഒന്ന് കംഫർട് ആക്കണം എന്ന് പോലും ഇല്ലേ നിങ്ങൾക്ക് ” അത് കേട്ടതും ആയാളൊന്നു ചിരിച്ചു.

“ഞാൻ കരുതി ഇയാൾക്കു നല്ല ക്ഷീണം ആയിരിക്കും ഉറങ്ങിക്കോട്ടെ എന്ന്. ഞാൻ സാധാരണ ഉറങ്ങുന്നത് കോഴി കൂവറാകുമ്പോഴാ. അത് വരെ വല്ല ഗെയിം കളിച്ചോ സിനിമ കണ്ടോ ഇരിക്കാരാണ് പതിവ്. ഇപ്പൊ പിന്നെ കുറെയേറെ പേര് മെസ്സേജ് അയച്ചിരിക്കുന്നു. എല്ലാത്തിനും റിപ്ലൈ ചെയ്യുവാരുന്നു. അല്ലാതെ താല്പര്യകുറവ് ഒന്നും ഇല്ലെടോ. ഞാൻ പൂർണ്ണ സമ്മതത്തോടെയാണ് തന്നെ വിവാഹം ചെയ്തത്”

“പക്ഷേ ഞാനങ്ങനെ അല്ല”

അയ്യാള് വീണ്ടും ഞെട്ടി അന്തം വിട്ട് കുന്തം വിഴുങ്ങിയിരുന്നു. അതുകണ്ടപ്പോൾ എനിക്ക് ചിരി വന്നു.

“എന്ന് വച്ചു കിരണേട്ടനെ ഇഷ്ടമല്ലെന്ന് അല്ല പറഞ്ഞത്. ഏതോ ഒരു ജ്യോൽസ്യൻ പറഞ്ഞിട്ടാണ് എന്നെ ഈ ഇരുപത്തി ഒന്നാമത്തെ വയസ്സിൽ വിവാഹം കഴിപ്പിച്ചത്.

ഒരു ജോലി ഒക്കെ ആയി സ്വന്തമായി അധ്വാനിച്ചു നേടുന്ന പണം അധികാരത്തോടെ ചിലവഴിച്ചു സിംഗിൾ ലൈഫ് ഒക്കെ എൻജോയ് ചെയ്തതിനു ശേഷം മതിയായിരുന്നു മാര്യേജ് എന്നായിരുന്നു എനിക്ക്.

പക്ഷേ അമ്മയുടെ വാശിക്ക് മുൻപിൽ തോറ്റു കൊടുക്കേണ്ടി വന്നു.എനിക്ക് കിരൺട്ടനെ പറ്റി ഒന്നും അറിയില്ല… നിങ്ങൾക്ക് എന്നെ പറ്റിയും” ഒക്കെ കേട്ടതിനു ശേഷവും അയാളുടെ മുഖത്തെ ചിരി അത് പോലെ തന്നെ ഉണ്ടായിരുന്നു.

“അപ്പൊ താനും നമ്മടെ ആള് തന്നെ. തനിക്കു അവിടെ അമ്മ മാത്രമേ ഉള്ളായിരുന്നു എങ്കിൽ ഇവിടെ അച്ഛനും അമ്മയും കൂടിയാ എന്നെ പിടിച്ചു കെട്ടിച്ചത്. ഇവിടെയും കുടുംബ ജ്യോത്സ്യൻ വല്ല പ്രവചനവും നടത്തി കഴിഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.

കുറച്ചു കൂടി കഴിഞ്ഞ് ലൈഫ് ഒക്കെ ഒന്ന് എൻജോയ് ചെയ്തു ഒരു പെണ്ണിനെ പ്രേമിച്ചു കെട്ടാൻ ഇരുന്നതാ പക്ഷേ എന്ത് ചെയ്യാൻ പവനായി ശവമായി.. ജോലി ഒക്കെ കിട്ടി സെറ്റ് ആയപ്പോഴേക്കും പിടിച്ചു കെട്ടിച്ചു.

പക്ഷേ ഒരു കാര്യത്തിൽ ഇപ്പോൾ സന്തോഷം. പെണ്ണ് കാണാൻ വന്നപ്പോൾ വിചാരിച്ചത് താൻ ഒരു നാണം കുണുങ്ങി ആണെന്നാ… കുറച്ചു മുൻപ് സെറ്റ് സാരി ഒക്കെ ഉടുത്ത് കിടക്കാൻ വന്നപ്പോൾ സംശയം ഉറപ്പിച്ചു.

പക്ഷേ ഇപ്പോൾ മനസ്സിലായി സ്വന്തമായൊരു വ്യക്തിത്വം ഒക്കെ ഉള്ള കൂട്ടത്തിൽ ആണെന്ന്”

“അപ്പോൾ കിരണേട്ടൻ ഞാൻ ഉദ്ദേശിച്ചത് പോലെ ഒന്നും അല്ല ഇല്ലേ” നിരങ്ങി നിരങ്ങി കിരണേട്ടന്റെ അടുത്തെത്തി പുള്ളിക്കാരന്റെ കയ്യിൽ പിടിച്ചു കൊണ്ടു ചോദിക്കുമ്പോൾ ഓറഞ്ഞൂറു വാൾട്ടിന്റെ ബൾബ് കത്തി നിൽക്കുവാരുന്നു എന്റെ മുഖത്ത്.

“അഹ്… താൻ എന്താ എന്നെ പറ്റി വിചാരിച്ചത്” പുള്ളിക്കാരനും ഫോൺ ഒക്കെ മാറ്റി വച്ചു എന്നെ കേൾക്കാൻ റെഡി ആയി ഇരുന്നു.

“ഞാൻ കരുതി നിങ്ങളും ഒരു പഴഞ്ചൻ ആണെന്ന്… അല്ലെങ്കിൽ ഈ ഇരുപത്തി ആറാമത്തെ വയസ്സിൽ പരിചയമില്ലാത്ത ഒരു പെണ്ണിനെ വിവാഹം ചെയ്യോ”

“ഞാൻ തന്റെ നമ്പർ ഒക്കെ ചോദിച്ചിരുന്നു അപ്പോഴാണ് തന്റെ ഫോൺ പൊട്ടിയെന്നു അറിഞ്ഞത്. എനിക്കും നല്ല ടെൻഷൻ ഉണ്ടായിരുന്നു താൻ എങ്ങനെ ആണെന്നോർത്ത്. ഞാൻ കുറച്ച് എക്സ്പ്ലോർ മൈൻഡ് ഒക്കെ ആയിട്ട് ലൈഫ് എൻജോയ് ചെയ്ത് ജീവിക്കുന്ന ഒരാളാണ്.

അപ്പോൾ എന്റെ വേവ് ലെങ്ത്തിൽ ഉള്ള ഒരു കുട്ടി വേണം എന്നുണ്ടായിരുന്നു. ജാതകവും പൊരുത്തവും ഒക്കെ ഒത്തു വന്നത് കൊണ്ടു നോ പറയാനും വയ്യ. ഇപ്പോൾ ആശ്വാസമായി താനും നമ്മുടെ ആള് തന്നെ”

സത്യം പറഞ്ഞാൽ അപ്പോഴാണ് എനിക്ക് സമാധാനം ആയത്.. ഇങ്ങേരു നമുക്ക് പറ്റിയ ആള് തന്നെ. എന്നാലും പിന്നെയും ചോദ്യങ്ങൾ ബാക്കി ആയിരുന്നു മനസ്സിൽ.

“താൻ എന്താടോ ആലോചിക്കുന്നേ… എന്നെ ഇഷ്ടായില്ലേ”മുഖം ഒന്ന് താഴ്ത്തി എന്റെ മുഖത്തോട് അടുപ്പിച്ചു കൊണ്ടു കിരണേട്ടൻ ചോദിച്ചു.

“അതല്ല കിരണേട്ടാ… സത്യം പറഞ്ഞാൽ ഇപ്പോഴാ നിങ്ങളോട് എനിക്കൊരിഷ്ടം തോന്നിയത്. എന്നെ പോലെ ചിന്തിക്കുന്ന ആള്… എന്നെ പോലെ കോഴി കൂവുന്ന വരെ ഗെയിം ഒക്കെ കളിച്ചിരിക്കുന്ന പാർട്ടി.പക്ഷേ എന്റെ രീതികൾ ഒക്കെ ഡിഫറെൻറ് ആണ്. എനിക്ക് എന്റേതായൊരു വ്യക്തിത്വം ഉണ്ട്.

എനിക്ക് ശെരി എന്ന് തോന്നുന്നത് മാത്രേ ഞാൻ ചെയ്യു.. പറയാൻ ഉള്ളത് ആരുടെ മുഖത്ത് നോക്കിയും പറയും… ആർക്ക് വേണ്ടിയും ഞാൻ മാറില്ല എന്റെ ക്യാരെക്ടർ മറ്റുള്ളവർക്ക് ഇഷ്ടപ്പെടുമോ എന്നുള്ളത് എന്നെ ബോദർ ചെയ്യുന്ന കാര്യമേ അല്ല. എനിക്ക് അത്യാവശ്യം സ്റ്റൈലിഷ് ആയി നടക്കാനാണിഷ്ടം.

കുലസ്ത്രീ സമ്പ്രദായം ആയിട്ട് എന്റെ അടുത്തൊന്നും വന്നേക്കരുത്… കലിപ്പന്റെ കാന്താരി ആവനൊന്നും എനിക്ക് പറ്റില്ല.എനിക്കിഷ്ടമുള്ള ഡ്രസ്സ്‌ ഞാനിടും… ഷോൾ ഇടീക്കാനും പർദ്ദ ഇടീക്കാനും ഒന്നും വന്നേക്കല്ല്.അത്യാവശ്യം മേക്കപ്പ് ഹോളിക് ആണ് ഞാൻ.. വേറൊന്നിനും അല്ല…. അതെനിക്കൊരു കോൺഫിഡൻസ് നൽകാറുണ്ട് പലപ്പോഴും. നല്ലൊന്നാന്തരം പിശുക്കത്തി ആയ ഞാൻ ഇത്തിരി പൈസ ചിലവാക്കുന്നത് ഇതിനൊക്കെയാണ്.

പിന്നെ ഇനിയും പഠിക്കണം.. ജോലി ചെയ്യണം… അതിന്റെ ഇടയിൽ കുട്ടി ചട്ടി എന്നൊന്നും പറഞ്ഞു വരരുത്… വേണെങ്കിൽ നമുക്ക് ഒന്നിനെ എടൊപ്റ്റ് ചെയ്യാം ആഫ്റ്റർ ഓൾ ഞാനൊരു നിരീശ്വരവാദിയാണ്.

വിളക്ക് കത്തിക്കാനും നാമം ജപിക്കാനും ഒന്നും എന്നോട് പറയരുത്. എന്റെ വീട്ടിൽ ഞാനും അമ്മയും ആയി ഒരു യുദ്ധം നടക്കുന്നത് ഇതിന്റെ പേരിലാണ്.

സോ ഇവിടെ കിരണേട്ടന്റെ പേരെന്റ്സും വിശ്വാസികൾ ആയത് കൊണ്ടു പറഞ്ഞതാ” ഒറ്റ ശ്വാസത്തിൽ ഒക്കെ പറഞ്ഞു നിർത്തി അങ്ങേരെ നോക്കിയതും ക്ലോസ് അപ്പിന്റെ പരസ്യം പോലെ പല്ല് മൊത്തം കാണിച്ചു ഇരിപ്പുണ്ട്.

എന്തൊക്കെ പറഞ്ഞാലും ചിരി കൊള്ളാട്ടോ… ഇപ്പോഴാ ഇങ്ങേർടെ ചിരി ശ്രദ്ധിക്കുന്നെ. ചിരിയാണ് സാറെ ഓന്റെ മെയിൻ.

“ഇത്രേ ഒള്ളാരുന്നോ… പറഞ്ഞു വരുന്നത് കേട്ടപ്പോൾ ഞാനങ്ങു പേടിച്ചു പോയി. താൻ എങ്ങനെയാണോ അങ്ങനെ തന്നെ മുന്നോട്ട് പോകാം… ഒരിക്കലും താൻ എന്നിലേക്ക് മാത്രം ചുരുങ്ങണം എന്ന് ഞാൻ പറയില്ല. തനിക്കു സ്വാതന്ത്ര്യമായി സഞ്ചരിക്കാം.

ആ മാന്യത തിരിച്ചും കാണിക്കണം. സാധാരണ സ്ത്രീകൾ ഒക്കെ ഭർത്താവ് തന്റേത് മാത്രമാണെന്ന് കരുതുന്ന കൂട്ടത്തിലാ.. ബട്ട്‌ തന്റേത് കൂടി ആണെന്ന് ചിന്തിച്ചാൽ നന്ന്… ഞാൻ ഒരു മകനാണ്, സഹോദരനാണ് സുഹൃത്താണ്.

ഇന്ന് മുതൽ ഒരു ഭർത്താവ് കൂടിയാണ്. തന്റെയാടുത്ത് ഞാൻ ലോയൽ ആയിരിക്കും. അത്കൊണ്ട് ഓവർ പൊസ്സസ്സീവ് ആയി ചളം ആക്കല്ല്”

“അഹ് ഇത് ഞാൻ അങ്ങട്ട് പറയാൻ ഇരിക്കുവാരുന്നു”പെട്ടന്ന് ഞാൻ ഇടയിൽ കേറി പറഞ്ഞു. അത് ആശാന് അത്ര പിടിച്ചില്ലെന്ന് തോന്നി. പിന്നെ ഞാൻ ഒന്നും മിണ്ടാതെ പുള്ളിക്കാരനെ പറയാൻ അനുവദിച്ചു.ഒന്നും ഇല്ലെങ്കിലും ഞാൻ പറഞ്ഞത് മുഴുവൻ കേട്ട് ഇരുന്നതല്ലേ.

“എന്നെ കണ്ടിട്ട് തനിക്കു തോന്നിയോ കുലസ്ത്രീ സമ്പ്രദായം താങ്ങി പിടിച്ചു നടക്കുന്ന ഒരു പേങ്ങൻ ആണെന്ന്. തന്റെ വ്യക്തിത്വത്തെ ഞാനെന്നല്ല ഇവിടെ ആരും ചോദ്യം ചെയ്യില്ല.താൻ കരുതുന്നത് പോലെ അല്ല അച്ഛനും അമ്മയ്ക്കും പെണ്മക്കൾ എന്ന് പറഞ്ഞാൽ ജീവനാണ്.

ഏട്ടത്തിയെ നോക്കുന്നത് കണ്ടില്ലേ മരുമകളായല്ല മകളായി ആണ് കാണുന്നത്. ഇവരെല്ലാം കിടിലങ്ങൾ ആണ് മോളെ നിനക്കത് വഴിയേ പിടി കിട്ടും.സോ താൻ എങ്ങനെയാണോ അത്പോലെ തന്നെ കണ്ടിന്യു ചെയ്യാം. അതാണ് വേണ്ടതും.

പിന്നെ രണ്ട് രീതികളിൽ നിന്ന് വന്നവരാണ് നമ്മൾ.. അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. താൻ മാത്രം അല്ല ഞാനും. പിന്നെ തനിക്കു തുടർന്നു പഠിക്കാം ജോലി ചെയ്യാം അതൊക്കെ തന്റെ ഇഷ്ടം”

ഒക്കെ കേട്ട് കഴ്ഞ്ഞപ്പോൾ അടി വയറ്റിൽ മഞ്ഞു വീണൊരു സുഖം ആയിരുന്നു എനിക്ക്. അങ്ങേരെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്താൽ എന്താണെന്ന് തോന്നി.

ഒറ്റ രാത്രികൊണ്ടു ഞങ്ങൾ നല്ല കമ്പനി ആയി. ഹസ്ബൻഡ് എന്നതിലുപരി കിരണേട്ടൻ ഒരു സുഹൃത്തിനെ പോലെയാണ് എന്നോട് സംസാരിച്ചത്. പതിവ് പോലെ കോഴി കൂവറായപ്പോൾ സംസാരം ഒക്കെ നിർത്തി ഞങ്ങൾ കിടന്നു.

ഒരു അപരിചിതന്റെ കൂടെയാണെന്നുള്ള യാതൊരു ഭയവും കൂടാതെ ഞാൻ അവിടെ കിടക്കുമ്പോഴാണ് വീണ്ടും റൂമിലെ ലൈറ്റ് ഓൺ ആയത്. നോക്കുമ്പോൾ ദേ എന്റെ കെട്ട്യോൻ. “എന്താ” ഞാൻ എണീറ്റിരുന്നു

“അതെ.. ദൈവത്തിൽ ഒന്നും വിശ്വസിക്കേണ്ട.അന്ധവിശ്വാസം ഇല്ലെങ്കിലും ഞാൻ ദൈവ വിശ്വാസി ആണ്. അമ്പലത്തിലും പോകും… തൊഴണ്ട… എന്നാലും ഞാൻ പോകുമ്പോൾ ഒക്കെ ഒരു കൂട്ടിനു എന്റെ കൂടെ വരണേ.” ഇത്തവണ എനിക്കാണ് ചിരി വന്നത്.

“അത്രേ ഒള്ളാരുന്നോ… അഹ് വരാം.” അതും പറഞ്ഞു ഞാൻ തിരിഞ്ഞു കിടന്നു.

“അപ്പോൾ നാളെ രാവിലെ പോണം..” “അഹ് ശെരി”

‘വന്നില്ലേൽ തൂക്കി എടുത്തോണ്ട് പോകും… പറഞ്ഞേക്കാം… “

“ആഹാ നീ കൊണ്ടു പോവോട… എന്നാൽ ഒന്ന് കാണണവല്ലോ” പുതപ്പൊക്കെ മാറ്റി ഞാനൊരു അങ്കത്തിന് തയാറെടുത്തു.

“ഏഹ് ടാ ന്നൊ” എന്റെ ഭാവം ഒക്കെ കണ്ട് അങ്ങേരു ദേ ഇഞ്ചി കടിച്ച കൊരങ്ങിനെ പോലെ വായും പൊളിച്ചു നിക്കുന്നു.

“വന്നു കിടന്നു ഓറങ് മനുഷ്യാ… എനിക്ക് ഒറക്കം വരുന്നു” അതും പറഞ്ഞു ഞാൻ വീണ്ടും കിടന്നു. ഇതെന്ത് മൊതല് എന്ന ഭാവത്തിൽ എന്നെ നോക്കിട്ട് അങ്ങേരും വന്നു കിടന്നു.

റൂം മാറി കിടന്നത് കൊണ്ടാവും പിറ്റേന്ന് കാലത്തെ എണീറ്റു.

രാവിലെ കുളിക്കുന്ന ശീലം ഉള്ളത് കൊണ്ടു അപ്പോൾ തന്നെ എണീറ്റ് കുളി ഒക്കെ കഴിഞ്ഞ് വന്നു സുന്ദരി ആയി കണ്ണാടിക്ക് മുൻപിൽ നിൽക്കുമ്പോൾ എന്നിൽ എന്തോ ഒരു മാറ്റം എനിക്കും ഫീൽ ചെയ്തു.

സീമന്ത രേഖയിലെ സിന്ദൂരവും കഴുത്തിലെ താലി മാലയും ആയിരുന്നു അതിനു കാരണം. എന്തോ ഒരു ഐശ്വര്യം വന്നത് ഒക്കെ എനിക്കും തോന്നി.

എന്നാൽ പിന്നെ നല്ല മരുമകൾ ആയേക്കാമെന്ന് കരുതി താഴെ ചെന്നു. കിരണേട്ടൻ പറഞ്ഞത് പോലെ തന്നെ. അച്ഛനും അമ്മയും ഏട്ടനും ഏടത്തിയും ഒക്കെ നല്ല പൊളി സാനങ്ങൾ ആണ്. പെട്ടന്നാണ് ഞാൻ എല്ലാവരോടും കമ്പനി ആയത്. വീട്ടിൽ പോകുമ്പോൾ എന്തായാലും അമ്മയെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കണം… ഇത്ര നല്ലൊരു ഭർത്താവിനെയും കുടുംബത്തെയും എനിക്ക് കിട്ടിയല്ലോ.

കാലത്ത് തന്നെ കിരണേട്ടനെയും കൂട്ടി അമ്പലത്തിൽ പോയി. അങ്ങേര് തൊഴുതു… തിരിച്ചു മടങ്ങും വഴി എന്നെയും കൂട്ടി മൊബൈൽ ഷോപ്പിൽ പോയി എനിക്ക് നല്ലൊന്നാതരം ഒരു മൊബൈൽ ഫോൺ വാങ്ങി തന്നു. സത്യം പറഞ്ഞാൽ ചോദിക്കാൻ എനിക്കൊരു മടി ഉണ്ടായിരുന്നു.

കാര്യം ആളെന്നെ പോലൊരു തല്ലിപ്പൊളി ആണെങ്കിലും കാര്യങ്ങൾ ഒക്കെ അറിഞ്ഞും കണ്ടും ചെയ്യുന്നുണ്ടായിരുന്നു. എന്റെ വീട്ടിൽ ഇളയത് ആയത് കൊണ്ടു കുറച്ച് ലാളിച്ചു ഒക്കെ വളർത്തിയതാണെന്നെ… ഇവിടെയും അത്പോലെ തന്നെ.

അവിടുത്തെ ഇളയ സന്തതി ആയാണ് എന്നെ എല്ലാവരും കണ്ടത്. അങ്ങോട്ടും ഇങ്ങോട്ടും കൌണ്ടർ അടിച്ചു കളിയാക്കുന്നുണ്ടെങ്കിലും കിരണേട്ടന്റെ ചില കള്ളനോട്ടങ്ങൾ എനിക്ക് നേരെ വരുന്നുണ്ടായിരുന്നു.

അങ്ങനെ പതിയെ പതിയെ ഞങ്ങളിലെ റൊമാൻസ് തലപൊക്കി തുടങ്ങി.

രാത്രി അങ്ങേരെന്നെ ഭിത്തിയിൽ ചേർത്ത് നിർത്തി കി സ്സ് അ ടിച്ചപ്പോൾ എന്തോ എനിക്കൊരു നാണം ഒക്കെ വന്നു.

“അയ്യേ നിനക്ക് നാണവോ. ഒന്ന് പോയെടി” എന്നിൽ നിന്നടർന്നു മാറിയതും അങ്ങേരെന്നെ കളിയാക്കി.

“നീ പോടാ…ഹും..”അതും പറഞ്ഞു ഞാൻ കട്ടിലിൽ കയറി കിടന്നു. കയ്യിന്ന് പോയെന്ന് തോന്നിയത് കൊണ്ടാവും അങ്ങേര് എന്റെ അടുത്ത് വന്നിരുന്നു ചളി ഒക്കെ അടിച്ചു നോക്കി.എന്നിട്ടും ഞാൻ മൈൻഡ് ഒന്നും ചെയ്തില്ല. അവസാനം ഇക്കിളി ഇട്ടപ്പോഴാണ് എന്റെ കയ്യിന്ന് പോയത്.

“വരുന്നേൽ വാ.. നമുക്കൊരു നയ്റ്റ് റൈഡ് ഒക്കെ കഴിഞ്ഞു വരാം” കേട്ട പാതി സമയം രാത്രി പന്ത്രണ്ടു കഴിഞ്ഞതൊന്നും നോക്കാതെ എന്തിനു ഇട്ട ഡ്രസ്സ്‌ പോലും മാറാതെ ഞാനും അങ്ങേർക്കൊപ്പം ചാടി.

ടൗണിൽ കൂടെയും വലിയ തിരക്കില്ലാത്ത ഊട് വഴികളിലൂടെയുമൊക്കെ ഞങ്ങളുടെ ബൈക്ക് സഞ്ചരിച്ചു… ആ തണുപ്പത്ത് അങ്ങേരെ ചുറ്റി പിടിച്ചു ബുള്ളറ്റിനു പിന്നിൽ ഇരിക്കാൻ വല്ലാത്തൊരു സുഖമാണ്…

പണ്ട് മുതലേ രാത്രിയും നിലാവും ഒക്കെ എനിക്കൊരു അഡിക്ക്ഷൻ ആയിരുന്നു. പക്ഷേ ഇത്ര അടുത്തറിഞ്ഞു ഇവയെ ഒക്കെ ആസ്വദിക്കുന്നത് ഇതാദ്യമായിരുന്നു.

കാര്യം എക്സ്പ്ലോർ മൈൻഡ് മണ്ണാങ്കട്ട എന്നൊക്ക പറയും എങ്കിലും മിക്ക പെൺപിള്ളേരെയും പോലെ അടുത്തുള്ള പഞ്ചായത്ത്‌ പോലും കാണാത്ത ആളാണ് ഞാൻ. മതിവരുവോളം ഞങ്ങൾ ആ രാത്രിയെ ആസ്വദിച്ചു മടങ്ങി.

ആരെയും ഉണർത്താതെ പതുങ്ങി പതുങ്ങി റൂമിൽ എത്തിയതും ഞാനങ്ങേരെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തു. മോങ്ങാനിരുന്ന പട്ടീടെ തലേൽ തേങ്ങ വീണെന്ന് പറയുന്ന പോലെ അങ്ങേരിലെ റൊമാന്റിക് ഹീറോ സട കുടഞ്ഞെണീറ്റു.ആദ്യം ചുംബനത്തിൽ തുടങ്ങി റൂട്ട് മാറാൻ തുടങ്ങിയപ്പോൾ കിരൺട്ടനെ തെള്ളി മാറ്റി ഞാനിരുന്നു കരയാൻ തുടങ്ങി.

“ശ്ശെടാ… ഇതെന്തോന്ന്… ഞാനതിനൊന്നും ചെയ്തില്ലല്ലോ… വാ അടക്ക് പെണ്ണെ” എന്റെ വായ പോത്താൻ ശ്രമിച്ചു കൊണ്ടു കിരണേട്ടൻ പറഞ്ഞതും ഞാനാ കരച്ചിലിന്റെ വോളിയം ഒന്ന് കൂടെ കൂട്ടി.

“ശ്ശെടാ… ഇതിപ്പോ കാറി കൂവി എല്ലാരേം ഓണർത്തുവല്ലോ… ഇവളെന്നെ ഒരു സ്ലീവാചൻ ആക്കും… എന്തുവാടി പുല്ലേ കാര്യം പറ” കരച്ചില് നിർത്തി ഞാനങ്ങേരെ ഒന്ന് നോക്കി.

“എനിക്ക് പേടിയാ…” വായ പൊത്തി പിടിച്ചു കൊണ്ടു ഞാൻ പറഞ്ഞു.

“ആരെ എന്നെയോ” അല്ല എന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി.

“പിന്നെ”

“എനിക്ക് പേടിയാണ് കിരണേട്ടാ ഇങ്ങനെയൊക്കെ ചെയ്യാനും പ്രസവിക്കാനും ഒക്കെ… വേദനിക്കും” അൽപ്പം പേടിയോടെ ഞാനത് പറഞ്ഞു നിർത്തുമ്പോൾ എന്റെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങിയിരുന്നു.

ഭർത്താവിനോടു ഭാര്യ ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യമാണ് ഞാൻ പറഞ്ഞത്. പക്ഷേ കിരണേട്ടൻ എന്റെ ശരീരത്തെ കൂടി സ്വന്തമാക്കാൻ പോകുന്നു എന്ന് തോന്നിയപ്പോൾ മനസ്സിലേക്ക് ഓടി വന്നത് ശാരീരിക ബന്ധം അത്രയും വേദനിപ്പിക്കുന്ന ഒന്നാണെന്നും പ്രസവം അതിനേക്കാൾ വേദന ആണെന്നും മുൻപ് എപ്പോഴോ ഒരു സുഹൃത്ത് പറഞ്ഞ വാചകമാണ്.

പിന്നീട് അങ്ങോട്ടും ഫ്രണ്ട്സിൽ നിന്നുമൊക്കെ കേട്ടത് ശാരീരിക ബന്ധത്തിന്റെ വേദനയെ പറ്റിയാണ്.ഏതൊരു പുരുഷനും ഭാര്യയിൽ നിന്നും ഒരുപാട് ആഗ്രഹിക്കുന്ന കാര്യമാണ് അതെങ്കിലും ഉള്ളിലെ ഭയം എന്നെ പിന്നോട്ട് വലിച്ചു. ഒന്നും മിണ്ടാതെ കിരണേട്ടൻ തിരിഞ്ഞ് കിടന്നു.

പിന്നെ ഞാനും ഒന്നും മിണ്ടിയില്ല… രാവിലെയും അത് തന്നെ അവസ്ഥ. എന്നോട് മിണ്ടാതെ നടക്കുന്നത് കണ്ടപ്പോൾ എനിക്കെന്തോ സങ്കടം വന്നു. പെട്ടന്ന് തന്നെ ഈ മനുഷ്യൻ എന്റെ നെഞ്ചിലോട്ട് അങ്ങ് കേറിയത് കൊണ്ടാവും മിണ്ടാ തിരുന്നപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.

“എന്നെ എന്ത് വീണെങ്കിലും ചെയ്‌തോ കിരണേട്ടാ… എനിക്കൊരു കൊഴപ്പോം ഇല്ല… പക്ഷേ എന്നോട് മിണ്ടാതിരിക്കല്ലേ” അതും പറഞ്ഞു ഞാൻ കിരണേട്ടന് മുന്നിൽ നിന്ന് കരഞ്ഞു.

“നീ വേഗം റെഡി ആകു… നമുക്ക് ഒരിടം വരെ പോകാം” എന്നെ വീട്ടിൽ കൊണ്ടു വിടാനാകും തീർച്ച… അല്ലെങ്കിലും ബെഡ്‌റൂമിൽ തൃപ്തിപ്പെടുത്താത്ത പെണ്ണിനെ ഏതെങ്കിലും പുരുഷൻ സഹിക്കോ. പക്ഷേ എന്നെയും കൊണ്ടു കിരണേട്ടൻ നേരെ പോയത് ഒരു ഡോക്ടർടെ അടുത്തേക്ക് ആണ്.

കൗൺസിലിങ്ന് വേണ്ടി. സത്യം പറഞ്ഞാൽ ഒരു മഴ പെയ്തൊഴിഞ്ഞ സന്തോഷം ആരുന്നു. ഇതിനാണോ ഇങ്ങേരു ഇത്രേം ജാഡ ഇട്ടത്… വെറുതെ മനുഷ്യനെ ടെൻഷൻ ആക്കാൻ…മൂന്നാലു കൗൺസിലിങ് ഒക്കെ കഴിഞ്ഞപ്പോൾ എന്റെ പേടി ഒക്കെ പമ്പ കടന്നു.

“നിന്നെ ഞാൻ വിട്ട് കളേവോടി മാക്രി എന്ന് കാതോരം ചേർന്നു പറഞ്ഞപ്പോൾ ആ കവിളിൽ ഞാൻ ഒന്നാമർത്തി ചുംബിച്ചു. പിന്നെ അങ്ങോട്ട് നൈറ്റ്‌ റൈഡ് ഒക്കെയായി ഞങ്ങൾ അങ്ങട്ട് ആർമാദിക്കാൻ തുടങ്ങി.

എനിക്ക് മാത്രം ആയിരുന്നു കിരണെട്ടൻ വീട്ടിൽ എല്ലാവർക്കും കിച്ചൻ ആണ്… അല്ലെങ്കിലും ബെഡ്റൂമിനു വെളിയിൽ മാത്രമാണ് എനിക്കും ഏട്ടൻ..

അല്ലാത്തപ്പോൾ തനി കൂറയാണ്. അങ്ങനെ എന്റെ കിച്ചൻ എന്റെ പൂർണ്ണസമ്മതത്തോടെ തന്നെ എല്ലാ അർത്ഥത്തിലും എന്നെ സ്വന്തമാക്കി… ഓരോ രാത്രിയും കൂടുതൽ കൂടുതൽ ആവേശത്തോടെ എന്നിലേക്ക് പെയ്തിറങ്ങി… ആ പ്രണയം മുഴുവൻ എനിക്ക് മാത്രം നൽകി കൊണ്ടു….

ഗുളികനും കേതുവും ഒക്കെ കാരണം ജീവിതത്തെ പറ്റി സ്വപ്നം കണ്ട് തുടങ്ങുമ്പോഴേ വിവാഹം കഴിക്കേണ്ടി വരുന്ന ഒരുപാട് പെൺകുട്ടികളുണ്ട് നമുക്ക് ചുറ്റും.പലരുടെയും ആഗ്രഹങ്ങൾക്ക് മുൻപിൽ അതോടെ ഷട്ടർ വീഴുംകയും ചെയ്യും. ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് അവളെ അവളായി തന്നെ ജീവിക്കാൻ അനുവദിക്കുന്ന ഒരു പുരുഷനെ ആയിരിക്കും.

ഒട്ടും ആഗ്രഹിക്കാതെ എന്റെ ജീവിതത്തിലേക്ക് വന്നതാണെങ്കിലും എന്റെ സ്വപ്നങ്ങളെ കൂടി എന്നോടൊപ്പം ചേർത്ത് പിടിക്കുന്ന കിരണേട്ടനെ പോലെ ഒരാളെ എന്റെ ഭാഗ്യത്തിന് എനിക്ക് കിട്ടി.

അങ്ങനെ ഞങ്ങൾ നൈറ്റ്‌ റൈഡ് ഒന്ന് മാറ്റി പിടിക്കാൻ പോവാണ്… ഇതൊരു ലോങ്ങ്‌ ട്രിപ്പ്‌ ആണ്…. എന്റെ സ്വപ്‌നമായ മാൽഡീവ്സിലേക്ക് . അത് കഴിഞ്ഞ് വന്നു ഞങ്ങളുടെ ബുള്ളറ്റിൽ കശ്മീർ പോകാം എന്നാണ് എന്റെ കെട്ട്യോൻ പറഞ്ഞേക്കുന്നത്.. പിന്നെ ശ്രീനഗർ,രാജസ്ഥാൻ അങ്ങനെ കുറേ ഓഫർ വേറെ… ഇനി അവിടെയൊന്നും കൊണ്ടുപോയില്ലെങ്കിൽ ആണ് അങ്ങേരെ ഞാൻ ശെരി ആക്കുന്നത്… മ്മ് വരട്ടെ നോക്കാം അപ്പോൾ പിന്നെ ശെരിന്നാ…ഞങ്ങൾ ഹണി മൂണിന് പോവട്ടാ.. 😁👋👋

Related Posts

Leave a Reply

Your email address will not be published. Required fields are marked *