കടകൾ പലതും കഴിഞ്ഞു പോയിട്ടും അവൻ വണ്ടി നിർത്തിയില്ല…. കുറച്ച് കഴിഞ്ഞപ്പോൾ ഒരു കാറിന്റെ ഷോറൂമിന്റെ മുൻപിൽ വണ്ടി നിർത്തി…..

നിനക്ക്ജ്യൂസ്വേണോ

എഴുത്ത്:- സ്നേഹപൂർവ്വം കാളിദാസൻ

ഡാ…. നീയിന്നുമുതൽ കുറച്ചു ദിവസത്തേക്ക് രാഹുലിന്റെകൂടെ പോകണം …. അവൻ ജോയിൻ ചെയ്തിട്ട് ആറുമാസമായി… ഇതുവരെ അവന്റെ പേരിൽ ഒരു വണ്ടിപോലും ബില്ല് ചെയ്തിട്ടില്ല… കസ്റ്റമറിനെ കണ്ടവൻ സംസാരിക്കുന്നത് എങ്ങനെയാണെന്ന് നോക്ക്‌…. അവന് സംസാരിക്കാൻ അറിയില്ലെങ്കിൽ നീ പഠിപ്പിച്ചുകൊടുക്ക്….. ഇന്നുമുതൽ നിന്റെയൊരു കണ്ണ് അവന്റെ മേൽ ഉണ്ടാവണം……

മാനേജർ എന്നോട് പറഞ്ഞു….

അവന്റെ അമ്മ ആദ്യമായി എന്നോട് ആവശ്യപ്പെട്ടതാണ് അവനൊരു ജോലി വാങ്ങി കൊടുക്കാൻ…രാഹുൽ സകല ഊഡായിപ്പും പഠിച്ചവനായതുകൊണ്ട് ഞാനാദ്യം മടിച്ചെങ്കിലും അവന്റെ അമ്മയുടെ വാക്ക് തള്ളികളയാൻ തോന്നിയില്ല…..മനസ്സില്ലാ മനസോടെ അവന് ഞാൻ ജോലിചെയ്യുന്ന സ്ഥാപനത്തിൽ തന്നെ ജോലി വാങ്ങി കൊടുത്തു….അതിപ്പോൾ അബദ്ധമായെന്ന് തോന്നുന്നു…. ഞാൻ മനസ്സിൽ ചിന്തിച്ചു……

ഞാനെന്റെ ടീമിലുള്ള അഞ്ചുപേരെയും വിളിച്ചു…. കൂടെ രാഹുലിനെയും…. ടീം മീറ്റിങ്ങിൽ ഇന്നത്തെ പ്ലാനുകളെല്ലാം ചോദിച്ചിട്ട് രാഹുലിനെ ഒഴിച്ച് ബാക്കി യുള്ളവരെയെല്ലാം വിട്ടു….

ഡാ രാഹുലെ… ഇനി കുറച്ച് ദിവസത്തേക്ക് നീ എന്റെ ടീമിൽ ആയിരിക്കും….

അത് കേട്ടതും അവനിൽ ആദ്യമൊരു സന്തോഷം വന്നെങ്കിലും പെട്ടെന്ന് മുഖം വാടി…..

എന്തിനാടാ…. നിനക്ക് സാറ് കളിക്കാനാണോ എന്നോട്…..

ഒന്ന് പോടാ പോത്തേ…. ഞാൻ നിന്നോട് അങ്ങനെവല്ലതും പെരുമാറിയിട്ടുണ്ടോ ഇതുവരെ….

അതില്ല….. നിന്റെ ടീമിലൊക്കെ ഞാൻ നിൽക്കാം…. എന്നേ എന്റെ സ്റ്റൈലിൽ ജോലി ചെയ്യാൻ വിടണം…. നിന്റെ ഭരണമൊന്നും എന്നോടെടുക്കരുത്…..

ഇല്ലെടാ ഉവ്വേ… നീ നിനക്കിഷ്ടമുള്ളപോലെ ജോലി ചെയ്തോളു…..നിന്റെ ഇതുവരെയുള്ള റിപ്പോർട്ട്‌ എനിക്കൊന്ന് തരണം…. ജസ്റ്റ്‌ ഒന്ന് നോക്കാനാണ്…

ബാഗിൽ നിന്നും റിപ്പോർട്ട്‌ ഫയൽ എടുത്ത് എന്റെമുൻപിൽ വച്ചിട്ടവൻ എഴുനേറ്റു… എങ്കിൽ ശരി…… വേറൊന്നുമില്ലല്ലോ പറയാൻ…..ഞാൻ ഫീൽഡിൽ പോകുന്നു …. അവനെന്റെ ക്യാബിനിൽ നിന്നും ബാഗും തൂക്കി ഇറങ്ങി നടന്നു…..

കൂട്ടുകാർക്കും, ബന്ധക്കാർക്കും നമ്മൾ ജോലിചെയ്യുന്ന സ്ഥാപനത്തിൽ ജോലി വാങ്ങിക്കൊടുത്താൽ നമ്മുക്കൊരു വിലയുമുണ്ടാകില്ലെന്ന് അന്നെനിക്ക് മനസിലായി…..

പിറ്റേദിവസം രാവിലെ അവൻ ഫീൽഡിൽ പോകാനിറങ്ങിയപ്പോൾ ഞാനും കൂടെ വരുന്നെന്നു പറഞ്ഞു…. ആദ്യം എതിർത്തെകിലും ഞാനല്പം സോപ്പിട്ടു നിന്നതു കൊണ്ട് രാഹുൽ കൂടെ ചെല്ലാൻ സമ്മതിച്ചു…. എന്താണവൻ ഫീൽഡിൽ ചെയ്യുന്നതെന്ന് അറിയണമല്ലോ….. വണ്ടിയിൽ കയറിയപ്പോൾ മുതൽ വീട്ടു കാര്യങ്ങളും നാട്ടുകാര്യങ്ങളും പറഞ്ഞ് അവന്റെ മൈൻഡ് മാറ്റി…. അവനെ ചെക് ചെയ്യാൻ ചെന്നതാണെന്ന് അവന് തോന്നരുതല്ലോ…..

ഓഫീസിൽ നിന്നുമിറങ്ങി ഒരു ടൌൺ എത്തിയപ്പോൾ അവൻ വണ്ടി നിർത്തി…. എന്നിട്ട് ചുറ്റുമുള്ള കടയിലെ ബോർഡിൽ എഴുതിവച്ചിരിക്കുന്ന മൊബൈൽ നമ്പർ ഒരു പേപ്പറിൽ കുറിച്ചിടുത്തു…. ഞാൻ നോക്കിയപ്പോൾ 10 – 15 നമ്പറുണ്ട്….. വീണ്ടും വണ്ടിയിൽ കയറി ഞങ്ങൾ യാത്ര തുടങ്ങി…..

സമയം 11 മണി കഴിഞ്ഞു…. അതുവരെ ഒരു കസ്റ്റമറിനേപ്പോലും അവൻ കണ്ടില്ല…..ഞാനൊന്നും ചോദിക്കാനും പോയില്ല….. അവനാണെകിൽ നാട്ടിൽ അവൻ കാണിച്ച ഓരോ ഊഡായിപ്പ് കഥകൾ പറഞ്ഞുകൊണ്ടിരിക്കുന്നു…. എനിക്കാണെങ്കിൽ നല്ല ദാഹം തോന്നി….. ഇവൻ വണ്ടിയും നിർത്തുന്നില്ല….. സഹികെട്ട് ഞാൻ പറഞ്ഞു….

ഡാ…. വണ്ടി ഏതേലും കടയിൽ നിർത്തു…. നമ്മുക്ക് വെള്ളമെന്തേലും കുടിക്കാം…..

ഞാൻ പറഞ്ഞത് കേട്ടതും അവൻ ചോദിച്ചു ….

നിനക്ക് ചായവേണോ, അതോ ജൂസ് മതിയോ…..??

ഞാനവനെ അത്ഭുതത്തോടെ നോക്കി…. കാരണം എല്ലാവരും അറുപിശുക്കാ നായാണ് രാഹുലിനെ കാണുന്നത്…. ആർക്കും അഞ്ചിന്റെ പൈസ കൊടുക്കില്ല…. ഇവനെന്താ വട്ടായോന്ന് ഞാൻ ആലോചിച്ചു….

ഡാ… ചോദിച്ചത് കേട്ടില്ലേ… ചായ വേണോ ജൂസ് വേണോന്ന്….

എന്തേലും മതി… നീ എവിടേലുംവണ്ടി നിർത്ത്……

കടകൾ പലതും കഴിഞ്ഞു പോയിട്ടും അവൻ വണ്ടി നിർത്തിയില്ല…. കുറച്ച് കഴിഞ്ഞപ്പോൾ ഒരു കാറിന്റെ ഷോറൂമിന്റെ മുൻപിൽ വണ്ടി നിർത്തി….. ഞാനും അവനും വണ്ടിയിൽനിന്നുമിറങ്ങി….. മുടിയൊക്കെ ചീകി അവനൊന്നു ഫ്രഷായി….. ഞാൻ ചുറ്റിനും നോക്കിയപ്പോൾ വെള്ളം കുടിക്കാനുള്ള ഒറ്റ കടയില്ല അടുത്തെങ്ങും…..അവൻ ബാഗ് വണ്ടിയിൽ വച്ചിട്ട് നേരെ കാറിന്റെ ഷോറൂമിലേക്ക് നടന്നു….. ഒന്നും മനസിലാകാതെ ഞാൻ നിന്നു….

ഡാ… നീ വരുന്നുണ്ടോ….. അവനെന്നോട് വിളിച്ചു ചോദിച്ചു…. ഞാൻ വേഗം അവന്റെക്കൂടെ ചെന്നു….

ഷോറൂമിൽ ഒരു പെൺകുട്ടി ഞങ്ങളെ വെൽകം ചെയ്തിട്ട് സീറ്റിൽ കൊണ്ടിരുത്തി….. അപ്പോഴേക്കും അവിടേക്ക് ഒരു എക്സിക്യൂട്ടീവ് എത്തി…. രാഹുൽ അവനോട് ഒരു കാറിന്റെ ഡീറ്റെയിൽസ് ചോദിച്ചു….. ആ എക്സിക്യൂട്ടീവ് ഞങ്ങളെ ആ കാറിന്റെ അടുത്തു കൊണ്ടുപോയി കാര്യങ്ങളെല്ലാം പറഞ്ഞു തന്നു…..

അപ്പോഴാണ് രാഹുലിന്റെ ചോദ്യം…. ആദ്യം എത്രരൂപ അടക്കണമെന്ന്….

രണ്ടു ലക്ഷം രൂപ അടക്കണമെന്ന് എക്സിക്യൂട്ടീവും…..

രാഹുൽ ഉടനെ എന്നെനോക്കി ചോദിച്ചു….

ഡാ…. ഇന്ന് വൈകിട്ട് പൈസ കിട്ടില്ലേ…. അപ്പോൾ ഇന്നുതന്നെ അടക്കാമല്ലോ അല്ലെ…..

ഞാൻ പൊട്ടൻ ആട്ടം കാണുന്നപോലെ അവനെ നോക്കി….. എന്റെ നോട്ടം കണ്ടപ്പോൾ രാഹുൽ തന്നെ ആ എക്സിക്യൂട്ടീവിനോട് മറുപടി പറഞ്ഞു….

ഞങ്ങളൊരു അഞ്ചുമണിയാകുമ്പോൾ ഡൗൺപേമെന്റ് കൊണ്ട് വരാം… ഷോറൂം അടക്കില്ലല്ലോ അല്ലെ….

അതുകേട്ടതും ആ എക്സിക്യൂട്ടീവിന്റെ കണ്ണിൽ ആയിരം ബൾബ് കത്തുന്നതു കണ്ടു…. പെട്ടെന്ന് തന്നെ ആ എക്സിക്യൂട്ടീവ് വെൽകം ചെയ്ത പെണ്ണിന്റെ അടുക്കലേക്ക് പോയി…. കുറച്ച് കഴിഞ്ഞപ്പോൾ ആ പെണ്ണ് വന്ന് ഞങ്ങളോട് ചോദിച്ചു….

സർ…. ജ്യൂസ് വേണോ, അതോ ചായയാണോ വേണ്ടതെന്ന്…..

പകച്ചുപോയി ന്റെ ബാല്യം….

എനിക്കൊരു ജ്യൂസ്….. നിനക്കെന്താടാ വേണ്ടത്… അല്പം ഗമയോടെ രാഹുൽ എന്നോട് ചോദിച്ചു…. ഞാൻ ഒന്നും മിണ്ടാതിരുന്നു…..

എങ്കിൽ രണ്ട് ജ്യൂസ് എടുത്തോളൂ… രാഹുൽ ആ പെൺകുട്ടിയോട് പറഞ്ഞു…..ആ കുട്ടിപോയപ്പോൾ എന്നേ കണ്ണടച്ച് കാണിച്ചിട്ട് രാഹുൽ പറഞ്ഞു…

ഇപ്പൊ ജ്യൂസ് വരും……

ജൂസും കുടിച്ച്,വൈകിട്ട് പൈസയുമായി വരാമെന്നു പറഞ്ഞിട്ട് ഞങ്ങൾ ആ ഷോറൂമിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ ഞങ്ങളെ നോക്കി നിൽക്കുന്ന ആ പെണ്ണും പിന്നെ ആ പാവം എക്സിക്യൂട്ടീവും…..

വണ്ടിയിൽ കയറും മുൻപ് ഞാൻ ചോദിച്ചു….

ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ……

ഡാ പൊട്ടാ…. നമ്മൾ എക്സിക്യൂട്ടീവ് ലൂക്കിലല്ലേ…. അപ്പൊ ആർക്കും ഒരു സംശയവും ഉണ്ടാവില്ല…. മനസിലായോ……

ന്നാലും ആ പാവങ്ങളെ കളിപ്പിക്കേണ്ടായിരുന്നു….

അത് കേട്ടപ്പോൾ അവനല്പം ദേഷ്യത്തിൽ പറഞ്ഞു…

നിനക്ക് ജ്യൂസ് കിട്ടിയില്ലേ…..??

ആ കിട്ടി…..

ന്നാൽ മിണ്ടാണ്ട് വണ്ടിയിൽ കയറിക്കോ…..

ഒന്നും മിണ്ടാതെ ഞാൻ വണ്ടിയിൽ കയറി…… പിന്നീട് അവന് ദാഹിക്കുമ്പോൾ ദാഹിക്കുമ്പോൾ വണ്ടി ഓരോ ഷോറൂമിന്റെ മുൻപിൽ നിന്നുകൊണ്ടിരുന്നു…… നിസ്സഹായനായ ഞാൻ ജൂസും ചായയും കുടിച്ച് മടുത്തു……

വൈകിട്ട് തിരിച് ഓഫീസിൽ ചെന്നപ്പോൾ ഞാൻ ഒരുകാര്യം അവനോടു ചോദിച്ചു…

നീ നിന്റെ കോൺടാക്ട് നമ്പർ അവർക്ക് കൊടുത്താൽ അവർ വിളിച്ച്‌ ചോദിക്കില്ലേ നിന്നോട്… അപ്പോൾ നീ എന്തുപറയും….??

അതിന് എന്റെ നമ്പർ ആര് കൊടുക്കുന്നു…. അതിനല്ലേ രാവിലെ വണ്ടിനിർത്തി കുറെ കടകളുടെ കോൺടാക്ട് നമ്പർ എഴുതിയെടുത്തത്…… ആ നമ്പർ കൊടുക്കും….. എന്നെപ്പോലുള്ള എക്സിക്യൂട്ടീവ് കടകളിൽ കയറി നോട്ടീസ് കൊടുക്കാൻ ചെല്ലുമ്പോൾ കടക്കാരുടെ ജാഡയോന്ന് കാണണം…. അവനോ ടൊക്കെ കടം വാങ്ങാൻ ചെല്ലുന്നപോലാണ് അവന്റെയൊക്കെ മട്ടും ഭാവവും…. കൂടാതെ ഒരു ഡയലോഗും “കച്ചവടം ഇല്ലന്നും,വെറുതെ ഇരിക്കുകയാണെന്നും”… എങ്കിൽ പിന്നെ വെറുതെ ഇരിക്കുന്നവർക്കൊരു പണിയാകട്ടെ….. അവരായി അവരുടെ പാടായി….. അവനൊരു കൊലച്ചിരി ചിരിച്ചുകൊണ്ട് ഓഫീസിലേക്ക് കയറി……

അത് കേട്ടതും അന്തംവിട്ട് ഞാൻ ഒറ്റനിപ്പ് നിന്നു…. എന്റെ നിൽപ്പ് കണ്ട് മാനേജർ ഇറങ്ങിവന്ന് ചോദിച്ചു….

ന്തായി കാളി…… രാഹുലിനെ കസ്റ്റമറോട് സംസാരിക്കാൻ പഠിപ്പിച്ചോ……??

അത് കേട്ടതും തൊഴുകയ്യോടെ ഞാൻ പറഞ്ഞു….

ന്റെ പൊന്ന് സാറേ……. അവനെ കച്ചോടം പഠിപ്പിക്കാൻ പോയ ഞാനിപ്പോൾ അതിലും വലുത് പഠിച്ചിട്ടിരിക്കുകയാണ്…… അവനെയൊന്നും പഠിപ്പിക്കാൻ ഞാൻ ആളല്ല…. ഞാനീ ദൗത്യത്തിൽ നിന്നും പിന്മാറുന്നു……

പോയ കിളി തിരിച് വരുമെന്ന വിശ്വാസത്തിൽ ഞാനെന്റെ ക്യാബിനിൽ ചെന്നിരുന്നു….

സാറേ….. ഇന്ന് നല്ല ക്ഷീണത്തിലാണല്ലോ….സാറിനൊരു ചായയെടുക്കട്ടെ …..??

ഞാൻ നോക്കുമ്പോൾ ഓഫീസിൽ ചായയിടുന്ന ചേച്ചി ചിരിച്ചുകൊണ്ട് എന്റെ മുൻപിൽ…..

ന്റെ പൊന്നുചേച്ച്യേ…… എനിക്കിനിമുതൽ ചായയും വേണ്ട കാപ്പിയും വേണ്ട…… ജീവിതംതന്നെ മടുത്തു…. ഒരു കൂപ്പുകയ്യോടെ ഞാൻ ദയനീയമായി പറഞ്ഞു…..

ചേച്ചി പോയിക്കഴിഞ്ഞു ഞാൻ ചിന്തിച്ചു….. ഷോറൂമുകളിൽ ഊണൂടെ ഉണ്ടായിരുന്നെങ്കിൽ രാഹുലിനെ പിടിച്ചാൽ കിട്ടില്ലായിരുന്നു……

ഒരാഴ്ച കഴിഞ്ഞപ്പോൾ മാനേജർ രാഹുലിനെ ക്യാബിനിൽ വിളിപ്പിച്ച്‌ നന്നായി വഴക്ക് പറഞ്ഞു….. അന്നവൻ ദേഷ്യത്തിലായിരുന്നു മാനേജറുടെ ക്യാബിനിൽ നിന്നും ഇറങ്ങി വന്നത്.. കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ അവൻ റിസൈൻ ലെറ്റർ കൊടുത്തു…..അവന്റെ അവസാനത്തെ ആ ആഴ്ച ഫീൽഡിൽ പോയപ്പോൾ ജ്യൂസ് കുടിക്കാൻ കേറിയ ഷോറൂമിലെല്ലാം കൊടുത്തത് മാനേജറുടെ നമ്പറായിരുന്നു ……

എനിക്ക് വണ്ടിയും കിണ്ടിയുമൊന്നും വേണ്ട…….

ഫോൺ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞ് മാനേജർ പ്രാന്തുപിടിച്ചപോലെ അലറി….

എനിക്കൊരു സംശയം തോന്നി അവന് ഞാനൊരു വാട്സ്ആപ് മെസ്സജ് അയച്ചു

നീ മാനേജരുടെ നമ്പർ ഏതേലും ഷോറൂമിൽ കൊടുത്തോ……

ഉവ്വ്….. നമ്മുടെ ഷോറൂം ഒഴിച്ച് ബാക്കി എല്ലായിടത്തും ഞാൻ കൊടുത്തിട്ടുണ്ട്….

എന്തിനാടാ മഹാപാപി അത് ചെയ്യ്തത്…. ഒന്നുമില്ലേലും ആറേഴ് മാസം വെറുതെ നിനക്ക് ശമ്പളം തന്ന ആളല്ലേ…..

അതൊന്നും എന്നേ ബാധിക്കുന്ന കാര്യമല്ല….

” പക…….. അത് വീട്ടാനുള്ളതാണ് “

ശുഭം…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *