കലാലയ ജീവിതത്തിൻ്റെ പ്രസരിപ്പുകളിൽ….. ആ നിറങ്ങളിൽ ……. അക്ഷരങ്ങളിലൂടെ നീന്തിതുടിച്ച പ്രസരിപ്പുള്ള പെൺകുട്ടിയായി മാറുക യായിരുന്നു

ആട് ജീവിതം …

Story written by Suresh Menon

“സുമംഗോ പിനാഥിൻ്റെ വീടല്ലെ”

വരാന്തയിലിരുന്ന് പത്രം വായിച്ചു കൊണ്ടിരുന്ന ഗോപിനാഥ് അതേ എന്നർത്ഥത്തിൽ തലയാട്ടി. ഞായറാഴ്ചയായതിനാൽ ഗോപിനാഥ് വീട്ടിലുണ്ടായിരുന്നു.

“സർ സുമം മാമിനെ ഒന്ന് കാണണമായിരുന്നു ഞങ്ങൾ മീഡിയായിൽ നിന്നാണ് ‘

“മാമിൻ്റെ ഒരു ഇൻ്റർവ്യൂ എടുക്കണമായിരുന്നു “

ഗോപിനാഥിന് ഒന്നും മനസ്സിലായില്ല സുമത്തിൻ്റെ ഇൻ്റർവ്യുവൊ. അയാളുടെ നെറ്റി ചുളിഞ്ഞു.

“സുമത്തിൻ്റെയൊ…… മനസ്സിലായില്ല “

“സർ ബെന്യമിൻ എഴുതിയ ആട് ജീവിതം എന്ന പുസ്തകത്തിന് അത് സിനിമയായി റിലീസ് ചെയ്ത ഈ വേളയിൽ സുമം മാം ഫേസ്ബുക്കിൽ എഴുതിയ റിവ്യൂ വൈറൽ ആയിരിക്കുന്നു. സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ട്രെൻഡ് സെറ്റർ ആയി മാറിയിരിക്കയാണ് അത്.അത് വായിച്ചിട്ട് ബന്യമിൻ സർ സുമം മാമിനെ നേരിട്ട് കാണണമെന്ന്
പറഞ്ഞിരിക്കയാണ് “

ഗോപിനാഥിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. തൻ്റെ ഭാര്യ സുമത്തെക്കുറിച്ച് തന്നെയാണൊ ഇപ്പറയുന്നത്.

“സുമം “അകത്തേക്ക് നോക്കി അയാൾ വിളച്ചു’

അടുക്കളയിലെ കനത്ത ചൂടിൽ നിന്ന് സാരിയുടെ കോന്തല കൊണ്ട് മുഖത്തെ വിയർപ്പു തുടച്ച് സുമം വരാന്തയിലേക്ക് വന്നു. മീഡിയയെ കണ്ട സുമം ഒന്നമ്പരുന്നു. പിന്നെ ആരേയും നിരായുധരാക്കുന്നത് പോലെ പ്രസന്നമായ ഒരു ചിരി ആ ചുണ്ടിൽ വിടർന്നു. എങ്കിലും ആ അമ്പരപ്പ് വിട്ടു മാറിയില്ല.

“എന്താ ആരാ. “

” ദേ ഇവർ നിന്നെ കാണാൻ വന്നിരിക്കുന്നു” സുമത്തിന് അപ്പോഴും അമ്പരപ്പ് മാറിയിരുന്നില്ല.

“മാം ആടു ജീവിതം എന്ന നോവലിനെ ക്കുറിച്ച് മൂന്ന് ദിവസം മുൻപ് എഫ് ബിയിൽ എഴുതിയ റിവ്യൂവിന് വൻ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത് ‘ബന്യാമിൻ താങ്കളെ നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്….”

വല്ലാത്ത അമ്പരപ്പായിരുന്നു സുമത്തിൻ്റെ മുഖത്ത് ,

“മാമിൻ്റെ ഒരു ഇൻ്റർവ്യു വേണമായിരുന്നു….. “

സുമം ഗോപിനാഥിൻ്റെ മുഖത്തേക്ക് വല്ലാത്തൊരു നോട്ടം നോക്കി. ഗോപിനാഥ് തിരിച്ചും….. ഓരോ നിമിഷവും പതഞ്ഞുപൊങ്ങുന്ന ജലനിരപ്പുപോലെ ആ അവർക്കിടയിലെ നിശബ്ദത പരക്കാൻ തുടങ്ങി……

” അത്….. അത് ……. ” ‘ സുമം വിക്കി വിക്കി തുടർന്നു

“പ്പൊ പറ്റില്ല .ഒരു പാട് ജോലിയുണ്ട്. അമ്മയെ ചുടുവെള്ളത്തിൽ കുളിപ്പിക്കണം അച്ഛന് ഭക്ഷണം കൊടുക്കണം. പിന്നെ മക്കൾക്ക് ട്യുഷൻ ക്ലാസും വയലിൻ ക്ലാസും എല്ലാം ഉണ്ട് അവർക്ക് breakfast കൊടുക്കണം. പിന്നെ സെർവൻ്റ് പത്ത് ദിവസമായി ലീവാണ് അത് കൊണ്ട് തിരക്കോട് തിരക്കാണ് “

സുമം അത് പറഞ്ഞ് ഗോപിനാഥിൻ്റെ മുഖത്തേക്ക് നോക്കി.

“മാം ഒരു രണ്ട് മൂന്ന് ചോദ്യങ്ങൾ മാത്രം…..”

“സാരമില്ല നീ അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽക്’ അവർ അതിനായി വന്നവരല്ലെ”

സുമം അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തുടങ്ങി.

കലാലയ ജീവിതത്തിൻ്റെ പ്രസരിപ്പുകളിൽ….. ആ നിറങ്ങളിൽ ……. അക്ഷരങ്ങളിലൂടെ നീന്തിതുടിച്ച പ്രസരിപ്പുള്ള പെൺകുട്ടിയായി മാറുക യായിരുന്നു ആ നിമിഷങ്ങളിൽ സുമം. ഗോപിനാഥ് അത് കൗതുകത്തോടെയും വല്ലാത്തൊരത്ഭുതത്തോടെയും നോക്കി കാണുകയായിരുന്നു…….

എന്നാൽ ജീവിതത്തിൽ പിന്നീടെപ്പോഴൊ അടച്ചിട്ട വാതിലുകൾക്കും ജനവാതിലുകൾക്കും അപ്പുറം ഒന്ന് എത്തി നോക്കാൻ പോലും കഴിയാതെ അടച്ചിട്ട മുറികൾക്കുള്ളിൽ തൻ്റെ ചിന്തകൾക്ക് വിലങ്ങണിയിച്ച് അക്ഷരങ്ങളെ തേടിയലയുന്നവളായി സുമം മാറിയ കാലങ്ങൾ…… മീഡിയായുടെ ചോദ്യങ്ങൾക്കുള്ള അവളുടെ മറുപടികളിൽ നിന്ന്എന്തൊക്കെയൊ മനസ്സിലാക്കി എടുക്കുകയായിരുന്നു ഗോപിനാഥ് അപ്പോൾ ‘

*******************

ആട്ടോറിക്ഷയുടെ ശബ്ദം കേട്ട സുമം കർട്ടൻ മാറ്റി പുറത്തേക്ക് നോക്കി ആട്ടോറിക്ഷയിൽ നിന്ന് ഡ്രൈവർ മൂന്ന് നാല് ബാഗുമായി വീട്ടിലേക്ക് വരുന്നു. സുമം വാതിൽ തുറന്നു

“സാറിതിവിടെ തരാൻ പറഞ്ഞു ” അയാൾ ആ ബാഗുകൾ അവിടെ വെച്ചു.

“സാറെവിടെ ……. ” “വരുന്നുണ്ട് “

സുമം ആ ബാഗുകൾ എല്ലാം തുറന്നു നോക്കി നിറയെ പുസ്തകങ്ങൾ. വായിക്കാൻ കൊതിച്ച കഥകൾ കവിതകൾ ലേഖനങ്ങൾ . കൊച്ചുകുട്ടിക്ക് കളിപ്പാട്ടം കിട്ടിയ പോലെയായിരുന്നു സുമത്തിൻ്റെ മനസ്സപ്പോൾ …… ബൈക്കിൻ്റെ ശബ്ദം കേട്ടപ്പോൾ സുമം ജനലിൻ്റെ ചില്ലുപാളിക്കപ്പുറത്തേക്ക് നോക്കി. തൻ്റെ വെപ്രാളം കണ്ട് കണ്ണിറുക്കി കാണിക്കുന്ന പോക്കുവെയിൽ . കൂടെ ബൈക്കിൻ്റെ ചാവിയും കയ്യിൽ കറക്കി വരുന്ന ഗോപിയേട്ടൻ. സുമം ഗോപിനാഥൻ്റെ അടുത്തേക്ക് ചെന്നു

“ന്താ ഗോപിയേട്ടാ ഇതൊക്കെ “

ഗോപിനാഥ് ഓരോരോ പുസ്തകങ്ങളായി കയ്യിലെടുത്തു ചുണ്ടിൽ ഒരു പുഞ്ചിരിയുമായി ‘

” മനസ്സിലായില്ലെ പുസ്തകങ്ങൾ. നിനക്കായി മേടിച്ചതാ”

ആദ്യ സ്പർശം കൊതിച്ചു കിടക്കുന്ന കന്യകയെ പോലെ പുസ്തകങ്ങൾ തന്നെ മാടിവിളിക്കുന്നത് പോലെ സുമത്തിന് തോന്നി

“എനിക്ക് വിശ്വസിക്കാൻ പറ്റണില്ല്യ”

ഗോപിനാഥ് സുമത്തിനെ തന്നോട് ചേർത്ത് പിടിച്ചു.

” ഇത്രയും കാലം കൂടെ ജീവിച്ചിട്ടും ഞാനൊന്നുമറിഞ്ഞില്ല. ഞാനന്വേഷിച്ചുമില്ല. നീയെന്താണെന്ന് ഞാൻ വൈകി “

ഒന്ന് നിർത്തി സുമത്തിൻ്റെ കണ്ണുകളിലേക്ക് നോക്കി ഗോപിനാഥ് പതിയെ പറഞ്ഞു

“ഐ ആം സോറി……. “

സുമം ഒന്നും പറഞ്ഞില്ല കണ്ണുകൾ പതിയെ അടച്ചു. മറുപടിക്കുള്ള വാക്കുകൾ മുറിവേറ്റു വീഴുന്ന പോലെ . ഇരുവർക്കുമിടയിലെ മൗനത്തിന് വല്ലാത്തൊരു പിടപ്പായിരുന്നു……. ഫാനിൻ്റെ ശക്തിയായ കാറ്റിൽ പുസ്കത്താളുകൾ ഒരുമിച്ച് മറിയുന്ന ശബ്ദത്തിൽ അവർക്കിടയിലെ മൗനം നൊമ്പരപെട്ടു…….

” മോളെ മുട്ടിന് ന്താ വേദന . കുറച്ച് ചൂടുവെള്ളം ചൂടാക്കി കുഴമ്പ് പിടിച്ച് താ……. “

അമ്മയുടെ വിളികേട്ട സുമം മനസ്സിൻ്റെ സമനില വീണ്ടെടുത്ത് കുഴമ്പെടുക്കാനായി അകത്തേക്ക് നീങ്ങി. ഗോപിനാഥ് പതിയെ ആ കൈ പിടിച്ചു.

“വേണ്ട അത് ഞാൻ ചെയ്തോളാം …..നീ അങ്ങോട്ട് ചെല്ല് “

കുഴമ്പുമായി അമ്മയുടെ മുറിയിലേക്ക് നടക്കുമ്പോൾ ഗോപിനാഥ് ഒരു പുഞ്ചിരിയോടെ അത് നോക്കി കാണുകയായിരുന്നു.

വർണ്ണങ്ങൾ അലങ്കരിക്കുന്ന കൊച്ചു കൊച്ചു വളപൊട്ടുകളെ വിടർന്ന കണ്ണുകളാൽ ആസ്വദിക്കുന്ന പെൺകുട്ടിയെ പോലെ…….. പഴയ നോട്ട്ബുക്കുകളിൽ സൂക്ഷിച്ചു വെച്ചിരുന്ന മയിൽപീലി തുണ്ട് ആരുമറിയാതെ പരിശോധിക്കുന്ന സ്ക്കൂൾ കുട്ടിയെ പോലെ പുസ്തകങ്ങളിലൂടെ ഊളിയിട്ടിറങ്ങുന്ന സുമത്തിനെ വല്ലാത്തൊരു കൗതുകത്തോടെ ഗോപിനാഥ് നോക്കിക്കൊണ്ടിരുന്നു. ഇത്രയും കാലം കൊണ്ടു നടന്ന അവളുടെ മനസ്സിലെ കെട്ടടങ്ങാത്ത കനലുകൾക്ക് പുതുജീവൻ വെച്ച പോലെ……..

സുമത്തിൻ്റെ ഹോമിക്കപ്പെട്ടുവെന്ന് കരുതിയ ആ സ്വപ്നങ്ങൾക്ക് അവിടെ ചിറകുകൾ മുളക്കുകയായിരുന്നു ……ഒരു പുതിയ ജീവിതത്തിലേക്ക് ……..

( അവസാനിച്ചു)

Related Posts

Leave a Reply

Your email address will not be published. Required fields are marked *