കല്യാണം കഴിക്കുന്നതാണോ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. പെൺ കുട്ടികൾ എപ്പോഴും സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കണം അതാണ്‌ ഏറ്റവും…….

അമ്മക്കായ്‌

Story written by Sindhu Manoj

ശരി, ഞാനവളോട് പറഞ്ഞു നോക്കാം പ്രഭേ. സമ്മതിക്കുന്ന കാര്യം ബുദ്ധിമുട്ടാ. എന്നാലും ശ്രമിക്കാം.

അഭിരാമി കയറി വരുമ്പോൾ മാലതി ഫോണിൽ സംസാരിച്ചുകൊണ്ട് സെറ്റിയിൽ ഇരിപ്പുണ്ട്.

ദാ, അവളെത്തി. ഫോൺ ഞാനവൾക്ക് കൊടുക്കാം. പ്രഭയൊന്നു സംസാരിക്കൂ.

അമ്മയുടെ സംസാരത്തിൽ നിന്നും അപ്പുറത്ത് ചെറിയച്ഛൻ പ്രഭാകരനാണെന്ന് അഭിരാമിക്ക് മനസ്സിലായി.

“അതെയോ, എന്നാ ഞാൻ തന്നെ പറഞ്ഞേക്കാം അവളോട്‌. പ്രഭ പോയിട്ട് വാ. ഞാനവൾക്ക് കഴിക്കാൻ എന്തെങ്കിലും എടുത്തു കൊടുക്കട്ടെ.

കാൾ കട്ട്‌ ചെയ്ത് മാലതി അടുക്കളയിലേക്ക് ചെല്ലുമ്പോൾ അഭിരാമി ചായക്കുള്ള വെള്ളം വെച്ചിരുന്നു.

“എന്താ ചെറിയച്ഛനുമായിട്ട് ഇത്ര സീരിയസ് ഡിസ്കഷൻ.?

അവൻ തറവാട്ടിലേക്കു പോവാത്രെ. അമ്മക്ക് നല്ല സുഖമില്ലെന്ന്. അതാ നിന്നോട് സംസാരിക്കാൻ നിൽക്കാഞ്ഞേ.

ഉം… അച്ഛമ്മയേ കാണാൻ നമുക്കും പോണം ഒരു ദിവസം..പാവം അച്ഛമ്മ. അച്ഛൻ പോയെപ്പിന്നെ ഒന്ന് ചിരിച്ചു കണ്ടിട്ടില്ല.

“ആമി, അച്ഛൻ പോയെങ്കിലും അച്ഛന്റെ സ്ഥാനത്തിപ്പോ പ്രഭയാ. അതാ അവനിപ്പോ നിന്റെ കാര്യത്തിൽ എന്നെപ്പോലെ തന്നെ ഇത്ര ടെൻഷൻ. അവൻ പറയുന്നത് അനുസരിക്കാനുള്ള ബാധ്യത നിനക്കുമുണ്ട് ട്ടോ.

“അമ്മ എന്തായീ പറഞ്ഞു വരുന്നേ.?

“ആമീ, അമ്മക്ക് നീയെ ഉള്ളു. നിനക്ക് ഞാനും. ഞാനിനി എത്ര കാലം നിന്റെ കൂടെയുണ്ടാകുമെന്ന് ആർക്കറിയാം.

“അമ്മേ.. ഇറ്റ്സ് റ്റൂ ഫോർമൽ.. കാര്യം എന്താന്ന് വെച്ചാ ഒന്ന് തുറന്നു പറ.. ഇങ്ങനെ ചുറ്റി വളഞ്ഞു മൂക്കിൽ പിടിക്കാതെ.

“നാളെ ഒരു കൂട്ടർ വരുന്നുണ്ട് ന്ന് നിന്നെ കാണാൻ. പ്രഭക്ക് നേരിട്ടറിയാവുന്ന വരാന്നാ പറഞ്ഞത്.

“ഉം… ആമി ചായയിൽ മധുരം ചേർക്കുന്നതിനിടെ ഒന്ന് മൂളി. പിന്നെ രണ്ടു ഗ്ലാസ്സിൽ ചായ പകർത്തി ഒന്ന് മാലതിക്കു നേരെ നീട്ടി. പിന്നെ അവളുടെ ഗ്ലാസുമെടുത്തു ഹാളിലേക്ക് നടന്നു.

നീയെന്താ ആമി ഒന്നും പറയാത്തേ. സെറ്റിയിൽ അവൾക്കരുകിലിരുന്നു മാലതി.

“ഞാനെന്ത് പറയാൻ. അവര് വരുമ്പോൾ ഒരുങ്ങിക്കെട്ടി നിന്നേക്കാം. പോരെ.

“നിന്റെ നന്മക്ക് വേണ്ടിയല്ലേ ഞാനിങ്ങനെ പറയുന്നത്. അതെന്താ നീയോർക്കാത്തെ.”

കല്യാണം കഴിക്കുന്നതാണോ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. പെൺ കുട്ടികൾ എപ്പോഴും സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കണം അതാണ്‌ ഏറ്റവും ആദ്യം വേണ്ടത് എന്നാണല്ലോ അച്ഛൻ പറഞ്ഞു തന്നിട്ടുള്ളത്. അതെന്തായാലും ഞാൻ നേടി. ആരെയും ഡിപ്പെന്റ് ചെയ്യാതെ ജീവിക്കാൻ നല്ലൊരു ജോലിയുണ്ട് പിന്നെന്താ വേണ്ടേ ഭാവി ഭാസുരമാക്കാൻ.

ജോലി മാത്രം പോരാ. ഒരു കുടുംബവും വേണം. എനിക്കു ഒരുപാട് ആശയുണ്ട് നിന്റെ മക്കളുടെ അമ്മൂമ്മയാകാൻ. അതിൽ കൂടുതൽ ആഗ്രഹങ്ങളൊന്നും എനിക്കിനിയില്ല. നമ്മുടെ കാര്യങ്ങളൊക്കെ ചെറിയച്ഛൻ അവരോടു പറഞ്ഞിട്ടുണ്ട്. കല്യാണം കഴിഞ്ഞാലും ഇവിടെ തന്നെ താമസിക്കാംന്ന് ആ കുട്ടി സമ്മതം പറഞ്ഞു ത്രേ.അതാ ഏറ്റവും വലിയ സമാധാനം.

“ഓ… പിന്നെ.. അമ്മൂമ്മയാകാനും മാത്രം പ്രായമയല്ലോല്ലേ അതിന്. എനിക്കു എന്റെ കല്യാണത്തിനും മുന്നേ അമ്മയെ ഒരു കല്യാണം കഴിപ്പിച്ചാലോ എന്നാ തോന്നുന്നത്.

“ആമി, നിന്റെ നാക്ക്‌ അടക്കി വെച്ചോ അതാ നല്ലത്. പോത്തുപോലെയാതൊന്നും നോക്കില്ല. ചുട്ടയടിവെച്ചു തരും ഞാൻ.

എന്റെ മാലതിക്കുട്ടിയമ്മേ, ഈ നാല്പത്തേഴു വയസ്സൊന്നും ഒരു വയസേയല്ല. ഇപ്പോഴും എന്റെ ഫ്രണ്ട്സ് എന്നോട് ചോദിക്കും ഈ മാലതിക്കുട്ടി നിന്റെ ചേച്ചിയാണോന്നു.

ഇടക്ക് നമ്മളോരോ ന്യൂസ്‌ കാണാറില്ലേ ഒറ്റക്കായിപ്പോയ അച്ഛനെയോ അമ്മയെയോ മക്കൾ കല്യാണം കഴിപ്പിച്ചു എന്നൊക്കെ. അതുപോലെ എനിക്കും എന്റെമ്മയെ ഒരു കല്യാണം കഴിപ്പിക്കാനൊരു പൂതി.

“നിന്റച്ചൻ കൂടെയില്ലെങ്കിലും, എവിടെയോ ഇരുന്ന് ഇതൊക്കെ കാണേം കേൾക്കേം ചെയ്യണുണ്ടാവും ട്ടോ. അതിന്റെ മനസ്സ് കലക്കാൻ നോക്കണ്ട നീ.

“അങ്ങനെയൊരു ലോകത്തിരുന്ന് അച്ഛനിതു കാണുന്നുണ്ടെങ്കിൽ ആ മനസ്സ് സന്തോഷിക്കുകയേ ഉള്ളു. അച്ഛനെ എനിക്കറിയാവുന്ന പോലെയൊന്നും അമ്മക്കറിയൂല.

“എന്തായാലും ഞാനീ കാര്യത്തിന് സമ്മതിക്കില്ല. കൂടെയില്ലങ്കിലും നിന്റച്ഛനെ മനസിന്ന് ഇറക്കി വിടാനൊന്നും എനിക്ക് കഴിയില്ല. ഇരുപത്തിയഞ്ചു കൊല്ലം ആ കൂടെ ജീവിച്ചത് അത്രയേറെ സന്തോഷത്തോടെയാ. എനിക്കിനി അതിൽ കൂടുതൽ സുഖവും സന്തോഷവുമൊന്നും കിട്ടാനുമില്ല ആരുടെ കൂടെയും.വെറും മൂന്നുമാസത്തെ പരിചയം കൊണ്ട് വിധൂനെ മറക്കാനാകാത്ത വിധം നീ സ്നേഹിച്ചു പോയെങ്കിൽ ഇരുപത്തഞ്ചു വർഷക്കാലം കൂടെയുണ്ടായിരുന്ന ഒരാളെ മറക്കാനൊന്നും എനിക്ക് കഴിയില്ല.

രാത്രി അടുക്കളയൊതുക്കി മാലതി റൂമിലേക്ക്‌ വരുമ്പോൾ ആമി കണ്ണടച്ചു കിടക്കുവായിരുന്നു.

“ഇന്നെന്താ നേരത്തെ ഉറക്കം പിടിച്ചോ. അല്ലെങ്കിൽ പുലരുംവരെ ലാപ്ടോപും തുറന്നു വെച്ചിരിക്കുന്ന ആളാണല്ലോ.?

ആമി അത് കേട്ടെങ്കിലും ഒന്നും മിണ്ടാൻ പോയില്ല.

മാലതി അവൾക്കരികിലേക്ക് ചേർന്നു കിടന്ന് വലതു കൈകൊണ്ട് അവളെ ചുറ്റിപ്പിടിച്ചു.

“നാളെ അവര് വരുമെന്ന് പറഞ്ഞത് നിനക്കിഷ്ടായില്ലേ ആമി ?

അതോ വിധൂന്റെ കാര്യം പറഞ്ഞു വേദനിപ്പിച്ചോ അമ്മ.

അമ്മയൊന്നു ഉറങ്ങാൻ നോക്ക്. എനിക്കൊന്നുമില്ല.

“അങ്ങനെ ഒഴിയണ്ട നീ. എനിക്കറിയാലോ നിന്നെ എന്താ നിനക്കിത്ര ടെൻഷൻ. എന്തായാലും അമ്മയോട് പറ. നിനക്ക് ഇഷ്ടമില്ലാത്തഅതിനൊന്നും അമ്മ നിർബന്ധിക്കില്ല.”

“അതൊക്കെയുണ്ട്. എന്തായാലും നാളെ അവര് വന്നോട്ടെ. എന്നിട്ട് പറയാം. ഇപ്പോ ഉറങ്ങാം.. ഓക്കേ ഗുഡ്നൈറ്റ് അമ്മാ.

ഉം… ഗുഡ്നൈറ്റ്‌.

കണ്ണുകളടച്ചു ചരിഞ്ഞു കിടക്കുന്ന മാലതിയേ നോക്കി കിടക്കുമ്പോൾ അവളുടെ നെഞ്ചിലൊരു വിങ്ങൽ മുളപൊട്ടി.

അച്ഛനോർമ്മകൾ മിഴിനീരായി പെയ്യാൻ വിതുമ്പി.

എത്ര പെട്ടന്നാണ് ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും അണഞ്ഞു പോയത്. നിറഞ്ഞു കത്തുമ്പോൾ പ്രതീക്ഷിക്കാതെ കടന്നുവന്നൊരു കാറ്റ് അണച്ചു കളഞ്ഞൊരു ദീപം പോലെ.

അച്ഛാ, ഞാനും കൂടി പോയാൽ അമ്മയീ മുറിയിൽ തനിച്ചാവില്ലേ. അമ്മയുടെ മനസ്സത് താങ്ങുമോ.

അവൾ മൗനമായി കരഞ്ഞു കൊണ്ട് ശൂന്യതയിലേക്ക് നോക്കി എണ്ണിപ്പെറുക്കി.

അച്ഛനുള്ളപ്പോഴും പല രാത്രികളും പാതിയുറക്കം കഴിഞ്ഞു ഇടിച്ചു കയറി വന്ന് രണ്ട്പേരുടെയും നടുവിൽ കിടക്കുമായിരുന്നു.

“വയസ്സ് ഇരുപത്തി മൂന്നായി എന്നിട്ടും ഈ പെണ്ണിന് ഒരു നാണോമില്ലല്ലോ ഇങ്ങനെ ഇടയിൽ കയറി കിടക്കാൻ.

അമ്മയത് പറയുമ്പോൾ അച്ഛൻ അമ്മയെ ശാസിക്കും

ഇവള് കല്യാണം കഴിഞ്ഞു പോയാൽ പിന്നെ ഇതൊക്കെ നടക്കോ മാലതി. അവളിവിടെ കിടന്നോട്ടെ.

അമ്മക്ക് കുശുമ്പാ അച്ഛൻ എന്നെയിങ്ങനെ സ്നേഹിക്കുന്ന കണ്ടിട്ട്. മൊത്തം മാലതിക്കുട്ടിക്ക് കിട്ടണം. അതാ.

“ഹഹഹ….. അച്ഛനത് കേൾക്കുമ്പോ ഉറക്കെ ചിരിക്കും. അമ്മ അപ്പോഴേക്കും മുഖം വീർപ്പിച്ചു തിരിഞ്ഞു കിടക്കും കട്ടിലിന്റെ അറ്റത്തേക്ക്.

എന്നാലും ഉറക്കമുണരുമ്പോൾ രണ്ടുപേരും തന്നെ കെട്ടിപിടിച്ചു കിടക്കുന്നുണ്ടാകും.

**************

വിവേക് മുറിയിലേക്ക് കയറിച്ചെല്ലുമ്പോൾ അഭിരാമി മേശപ്പുറത്തു ചില്ലിട്ടു വെച്ചിരുന്ന അച്ചന്റെ ഫോട്ടോയിലേക്ക് നോക്കി മൗനമായി എന്തൊക്കയോ സംസാരിച്ചു നിൽക്കുവായിരുന്നു.

“എന്താ, അച്ഛനോട് എന്റെ കുറ്റം പറഞ്ഞു കൊടുക്കുവാണോ.

അതിന് വിവേകിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല ല്ലോ.

തിരിഞ്ഞു നിന്ന് അവൾ അവനെ നോക്കി ചിരിച്ചു.

എന്താ അറിയേണ്ടേ ആമിക്ക്.

ങേ.. ഇതാര് പറഞ്ഞു ആമി എന്ന പേര്.

അമ്മയോട് ഞാൻ സംസാരിച്ചിരുന്നു ഒന്ന് രണ്ടു പ്രാവശ്യം. നിന്റെ ചെറിയച്ഛൻ പറഞ്ഞിട്ട്. അപ്പോഴൊക്കെ അമ്മ ആമി, ആമി എന്ന് പറയുന്നത് ഞാൻ നോട് ചെയ്തു വെച്ചിരുന്നു.

ഉം…അമ്മ അതെന്നോട് പറഞ്ഞില്ല ട്ടോ. കള്ളി.. ഇന്ന് ഞാൻ ശരിയാക്കി കൊടുക്കാം.

“ഹഹഹ… ഇനി ഇതും പറഞ്ഞ് ആ പാവത്തിന്റെ നെഞ്ചത്തോട്ട് കേറണ്ട. അതും ഞാൻ കാരണം.

അപ്പൊ ഇതങ്ങു ഉറപ്പിക്കാൻ പറയാം ല്ലേ..

അല്ല… എനിക്കു കുറച്ചു സംസാരിക്കാനുണ്ട്. അതു കഴിഞ്ഞു വിവേക് തീരുമാനിച്ചോളൂ എല്ലാം.

എന്താ ആമി ?

പറയാം. ഇപ്പോഴല്ല. വേറൊരു ദിവസം

ഉം.. ഓക്കേ. നമുക്ക് പുറത്തെവിടെയെങ്കിലും വെച്ചു കാണാം. അതാകുമ്പോ തുറന്നു സംസാരിക്കാൻ കഴിയും.

ഓക്കേ.. സീ യു വിവേക്.

സീ യു.. ആമി

******************

എനിക്കൊരു പ്രണയമുണ്ടായിരുന്നു.

ദിവസങ്ങൾക്ക് ശേഷം ഒരു വൈകുന്നേരം വിവേകിനൊപ്പം കടൽക്കരയി ലിരിക്കുമ്പോൾ ആമി പറഞ്ഞു തുടങ്ങി.

“ചെറിയച്ഛനും അമ്മയും പറഞ്ഞത് അങ്ങനെയല്ലല്ലോ.

വിവേക് ആമിയേ നോക്കി.

അവർക്കത് സാധാരണപോലെ ഒരു വിവാഹലോചന മാത്രമായിരുന്നു. അതുകൊണ്ടാകും.

വെറും മൂന്നുമാസത്തെ പരിചയമേ ഉണ്ടായിരുന്നുള്ളൂ ഞാനും വിധുവും. അത്രയും കുറഞ്ഞ സമയം കൊണ്ട് ഹൃദയത്തിൽ ചേർന്നു പോയൊരു പ്രണയം ഉടലെടുത്തിരുന്നു രണ്ടു പേരിലും.

എന്റെ ഫ്രണ്ട് മഞ്ജുവിന്റെ വിവാഹത്തിന്റെയന്നാണ് ഞാൻ വിധുവിനെ കാണുന്നത്. അവളുടെ ഏട്ടന്റെ ഫ്രണ്ടായിരുന്നു വിധു. പരിചയപ്പെട്ടു, കുറെയേറെ സംസാരിച്ചു. തികച്ചും ഫോർമലായി. പിന്നീട് ഒരു ദിവസം മഞ്ജുവിന്റെ ഏട്ടനൊപ്പം വീട്ടിൽ വന്നു. ഇവളെയെനിക്ക് കല്യാണം കഴിച്ചു തരുമോ എന്ന് ചോദിക്കാൻ.

അന്നൊക്കെ അച്ഛൻ എപ്പോഴും പറയുമായിരുന്നു, ആദ്യം പഠിച്ച് നല്ലൊരു ജോലി സമ്പാദിക്ക്. എന്നിട്ട് മതി കല്യാണമൊക്കെ. ഇന്നത്തെ പെൺകുട്ടികൾക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിയണമെന്ന്. പക്ഷേ വിധു വന്നു സംസാരിച്ചു പോയതിൽ പിന്നെ അച്ഛന്റെ മനസ്സുമാറി.

“ആമി, എനിക്കവനെ വല്ലാതെ ഇഷ്ടപ്പെട്ടു. അച്ഛന്റെ ആമി മോളെ അവൻ പൊന്നു പോലെ നോക്കും എന്നൊരു തോന്നൽ. പഠിത്തം മുടക്കേണ്ട. അതിനവൻ സമ്മതിക്കും. അല്ലേൽ അച്ഛൻ സമ്മതിപ്പിക്കാം. നമുക്കിതങ്ങു ഉറപ്പിച്ചാലോ.?

“കല്യാണം കഴിഞ്ഞു എന്നെ ഇവിടെ തന്നെ നിറുത്തുമോ എന്നും കൂടി ചോദിക്ക്. അങ്ങനെയാണെൽ ഞാൻ ഓക്കേ.

“ഉം… കൊള്ളാം. അവൻ സമ്മതിച്ചാലും ഞാൻ സമ്മതിക്കില്ല. എനിക്കിനി എന്റെ പെണ്ണുംപിള്ളയുടെ കൂടെ ലൈഫങ്ങ് ആസ്വദിക്കണം. ഒന്നിച്ചു കുറെ യാത്ര പോണം. അതിന് മുൻപ് നിന്നെ ഇവിടുന്നു ഓടിച്ചു വിടണം. ഹഹഹ…”

” അയ്യടാ മനമേ… എന്നെക്കൂട്ടാതെ കറങ്ങാനുള്ള പൂതി കൊള്ളാം…. അച്ഛനാനൊന്നും നോക്കില്ല ട്ടാ. എടുത്തു കിണറ്റിലിടും ഞാൻ.

ഒരു നിമിഷം അവൾ ആ ഓർമ്മകളിലാണ്ട് അറിയാതെ ചിരിച്ചു പോയി.

എന്നിട്ട്..?

വിവേക് അവളുടെ കയ്യിൽ മെല്ലെ തൊട്ട് കൊണ്ട് ചോദിച്ചു.

സോറി വിവേക്. ഞാൻ അതൊക്കെ പിന്നെയും മനസ്സിൽ കാണുവായിരുന്നു.

ഇറ്റ്സ് ഓക്കേ…

അങ്ങനെ ആ വിവാഹം ഉറപ്പിക്കാൻ തീരുമാനമായി. വിവാഹം കഴിഞ്ഞു മഞ്ജുവും കോളേജിൽ വന്നു തുടങ്ങി. അപ്പോഴൊക്കെ അവൾ വിധുവിനെപ്പറ്റി വാതോരാതെ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും. അവൾക്കും ഏട്ടനേക്കാൾ അടുപ്പം വിധുവിനോടായിരുന്നു. അങ്ങനെ എന്റെ മനസ്സിലും പ്രണയം മൊട്ടിട്ടു തുടങ്ങി.

എക്സാം അടുത്ത സമയമായിരുന്നു. അത് കഴിഞ്ഞു മതി കല്യാണം എന്ന് തീരുമാനിച്ചു.

കോളേജിൽ പോകുമ്പോഴും, മഞ്ജുവിന്റെ വീട്ടിൽ വെച്ചുമൊക്കെ ഞങ്ങൾ ഇടയ്ക്കിടെ കാണുമായിരുന്നു. പിന്നെ ഫോൺ വിളികൾ. അങ്ങനെ എല്ലാരുടെയും സമ്മതം കിട്ടിക്കൊണ്ടുള്ള ഒരു പ്രണയം. എന്റെ ജീവനെപ്പോലെ ഞാൻ അവനെ സ്നേഹിച്ചു. അവനും എന്നെ പ്രാണനായിരുന്നു.

പക്ഷേ വിധി ആ സ്നേഹമനസ്സുകളെ കൂട്ടി യോജിപ്പിക്കാൻ കൂടെ നിന്നില്ല.

ലാസ്റ്റ് എക്സാം കഴിഞ്ഞയന്ന് കോളേജിൽ നിന്നിറങ്ങുമ്പോൾ വിധു കാത്തു നിൽപ്പുണ്ടായിരുന്നു. ഒരാഴ്ച അവൻ ഒഫീഷ്യൽ ടൂറിലായിരുന്നു. ആ യാത്രയിൽ അവനൊരു മന്ത്രകോടി എനിക്കായി വാങ്ങിച്ചു.

വിവാഹം തീരുമാനിച്ചിട്ടു കൂടിയില്ല. പിന്നെ എന്തിനാ ഇപ്പൊ അത് വാങ്ങിയേ എന്ന് ചോദിച്ചപ്പോൾ, കൂടെയുള്ള ആരോ ഡ്രസ്സ്‌ എടുക്കാൻ പോയപ്പോൾ ഈ സാരി അവിടെ വെച്ചു കാണുകയും അവനത് വല്ലാതെ ഇഷ്ടപെടുകയും ചെയ്തു. അപ്പൊ തന്നെ വാങ്ങിച്ചു. ഇനി ഒരുപക്ഷേ അതുപോലൊന്ന് കിട്ടിയില്ലെങ്കിലോ എന്ന് കരുതിയാന്ന് പറഞ്ഞു.

അന്ന് ഒരുപാട് സംസാരിച്ചു. കുറെ നേരം ബീച്ചിൽ കറങ്ങി നടന്നു.. സന്ധ്യയാകുന്ന കണ്ട് ഞാൻ വീട്ടിൽ പോകാൻ ധൃതി കൂട്ടുമ്പോൾ അവൻ പിന്നെയും പിന്നെയും സംസാരിച്ചു കൊണ്ടേയിരുന്നു. പറഞ്ഞു മതിയാകാത്ത പോലെ.

എന്നെ വീട്ടിൽ കൊണ്ട് വിട്ടതും അവനായിരുന്നു. ഗേറ്റിൽ നിന്ന് കൈ വീശി യാത്രയാക്കുമ്പോ വീണ്ടും വീണ്ടും ഞാനവനെ ഓർമ്മിപ്പിച്ചതാ സൂക്ഷിച്ചു പോണേ…ഒരുപാട് സ്പീഡിൽ പോകല്ലേടാ എന്നൊക്കെ. എന്നിട്ടും… അവൻ…

പറഞ്ഞു പൂർത്തിയാക്കാൻ കഴിയാതെ ആമി മുഖം പൊത്തി കരഞ്ഞു.

റിലാക്സ് ആമി റിലാക്സ്.. വിവേക് അവളുടെ തോളിൽ മെല്ലെ തട്ടി.

കരഞ്ഞു തീർന്നിട്ടും കുറെ നേരം അവൾ കടലിലേക്ക് നോക്കിയിരുന്നു. വിധുവിന്റെ ഓർമ്മകളിൽ അവളുടെ മനസ്സ് ആർത്തിരമ്പുന്നതറിഞ്ഞ് വിവേക് മെല്ലെ എണീറ്റു.

“ആമി ഞാൻ പോയി രണ്ടു ചായ വാങ്ങികൊണ്ടു വരാം.

ഉം.. അവൾക്കും കുറച്ചു നേരം തനിയെ ഇരിക്കണമെന്ന് തോന്നിയിട്ട് അവനെ നോക്കിയൊന്നു മൂളി.

ഓടിയെത്തുന്ന തിരകൾക്ക് വിധുവിന്റെ മുഖമാണെന്ന് തോന്നി, അതേ ചിരിയും.

അവൾക്ക് പിന്നെയും കരച്ചിൽ വന്നു പൊട്ടി. കാൽമുട്ടിൽ മുഖമമർത്തി അവളിരുന്നു കരഞ്ഞു.

“ആമി ഇതാ ചായ..

വിവേക് നീട്ടിയ ചായക്കപ്പ് കൈ നീട്ടി വാങ്ങുമ്പോൾ അവൾ അവനെ നോക്കിയൊന്നു ചിരിച്ചു.

ഇപ്പോഴത്തെ എന്റെ വിഷമം അതൊന്നുമല്ലാട്ടോ. വിധു പോയെന്നറിഞ്ഞു കുഴഞ്ഞു വീണതാ അച്ഛൻ. എന്നെയും അമ്മയെയും ഒരുപാട് സ്നേഹിച്ച രണ്ടു പേർ ഒരു നിമിഷം കൊണ്ട് ഇല്ലാതായി. എനിക്കിനിയും ഒരു പക്ഷേ ഒരു കൂട്ട് കിട്ടിയേക്കാം. പക്ഷേ അമ്മക്കോ. ഞാനും കൂടി ഇല്ലാതായാൽ അമ്മ ഒരുപാട് ഒറ്റപ്പെട്ടു പോകും. അച്ഛന്റെ ഓർമ്മകൾ അമ്മയെ വല്ലാതെ തളർത്തും. അതുണ്ടാവരുത്.

അമ്മയെ ആ നാലു ചുവരിൽ തളച്ചിടാതെ പുറം ലോകത്തേക്ക് കൈ പിടിച്ചിറക്കണം.അതിന് വിവേക് എന്റെ കൂടെ നിൽക്കോ.

“ഞാൻ എന്ത് ചെയ്യണംമെന്നാ ആമി പറഞ്ഞു വരുന്നേ ??

“അമ്മ ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു അച്ഛനുമായുള്ള വിവാഹം. അമ്മക്ക് എൽ. എൽ. ബി എടുത്തു വക്കീലാകാനായിരുന്നു മോഹം. അച്ഛൻ അതിന് ഫുൾ സപ്പോർട്ട് കൊടുക്കേം ചെയ്തു. പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെ അമ്മയെന്നെ പ്രഗ്നന്റായി.അബോർട്ട് ചെയ്യാമെന്ന് അച്ഛൻ പറഞ്ഞെങ്കിലും അമ്മയത് സമ്മതിച്ചില്ല. അങ്ങനെ പഠനം എങ്ങും എത്താതെ നിന്നു പോയി.

പ്രസവശേഷം ബ്ലീഡിങ് നിൽക്കാതെ വന്നപ്പോൾ യൂട്രസ് റിമൂവ് ചെയ്യേണ്ടി വന്നു. അതില്പിന്നെ അമ്മ എന്റെ കാര്യങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുത്തുള്ളൂ. പിന്നെ എത്ര പറഞ്ഞിട്ടും പഠനം തുടരാൻ സമ്മതിച്ചില്ല.

ഇപ്പോ എനിക്കു തോന്നുന്നു വീണ്ടും അമ്മയെ എൽ എൽ ബി എടുക്കാൻ സഹായിച്ചാലോ ന്ന്. നമ്മൾ നമ്മുടെ തിരക്കുകളിലേക്ക് പോകുമ്പോൾ അമ്മക്കൊരുപക്ഷേ അതൊരു ആശ്വാസമാകും.

ഞാൻ പറഞ്ഞാൽ അമ്മ സമ്മതിക്കില്ല. വിവേക് എന്റൊപ്പം നിന്നാൽ ഒരുപക്ഷേ സമ്മതിച്ചേക്കും. ഒന്ന് സംസാരിക്കോ അമ്മയോട്.

ഷുവർ.. നമുക്ക് മാക്സിമം ട്രൈ ചെയ്യാം. അമ്മ സമ്മതിക്കും. നോക്കിക്കോ.

താങ്ക്സ് വിവേക്. ഇയാളിതു സമ്മതിച്ചില്ലെങ്കിൽ ഈ വിവാഹലോചന ഇവിടെ സ്റ്റോപ് ചെയ്യണമെന്ന് പറയാൻ വേണ്ടിയാ തനിയെ കാണണം എന്ന് പറഞ്ഞത് തന്നെ.

സ്വന്തം അമ്മയെ സ്നേഹിക്കുന്ന പോലെ എന്റെ അമ്മയേം സ്നേഹിക്കണം എന്നൊരു റിക്വസ്റ്റ് ഉണ്ട്. അക്‌സെപ്റ്റ് ചെയ്യണം. വിവേക് ചിരിയോടെ പറഞ്ഞു.

തീർച്ചയായും. അവൾ ചിരിയോടെ തന്നെ മറുപടി കൊടുത്തു.

പിന്നെ ഒന്ന്കൂടി പറയാനുണ്ട്.എനിക്ക് വിധുന്റെ അമ്മയെയൊന്നു കാണണം നമ്മുടെ വിവാഹം നടക്കുകയാണെങ്കിൽ. അവിടെയും അമ്മ ഒറ്റക്കാ. പറ്റിയാൽ നമുക്ക് ആ അമ്മയേം പുറത്തു കൊണ്ടു വരണം. ഒറ്റ മോനായിരുന്നു വിധു.

************

ഒരു ഞായറാഴ്ച ആമി വിവേകിനൊപ്പം കയറിച്ചെല്ലുമ്പോൾ കൗസല്യ മുറ്റത്തെ ചെടികൾ നനക്കുകയായിരുന്നു.

അമ്മേ എന്ന വിളിയിൽ അവർ ആദ്യമൊന്നു പകച്ചു. അവളെ തിരിച്ചറിഞ്ഞതും ആ മിഴികൾ നിറഞ്ഞൊഴുകി.

അവരുടെ കൈകൾ സ്വന്തം കൈക്കുള്ളിലാക്കി ആമിയും മൗനമായി കരഞ്ഞു.

വെള്ളത്തതുള്ളികളിറ്റിച്ചു നിൽക്കുന്ന , കേട്ട് മാത്രം പരിചയമുള്ള മണിക്കുട്ടിയും, റോസമ്മയും, ആന്മേരി യും നിറയെ പൂക്കളുമായി അവളെ നോക്കി ചിരിച്ചു.

പഴയ കാമുകിമാരുടെ പേരായിരിക്കും ചെടികൾക്കിട്ട് കൊടുത്തേക്കുന്നെയെന്ന് പരിഭവം പറയുമ്പോൾ വിധു ഉറക്കെ പൊട്ടിച്ചിരിക്കും.

അതു കേൾക്കുമ്പോൾ ദേഷ്യം ഇരട്ടിക്കും.

ഞാനങ്ങു വരട്ടെ. എല്ലാം വെട്ടി തീയിടും നോക്കിക്കോ.

തന്റെ ദേഷ്യം കാണുമ്പോൾ വിധു നിർത്താതെ ചിരിക്കുമപ്പോൾ.

മരണമില്ലാത്തത് ഓർമ്മകൾക്ക് മാത്രമാണല്ലോ എന്നവൾ വേവലാതിപ്പെട്ടു

കയറി വാ മോളേ.അമ്മ ചായയെടുക്കാം.

അവർക്ക് പിന്നാലെ അകത്തേക്ക് കയറുമ്പോൾ, പെട്ടന്നൊരു തണുപ്പ് തന്നെ വന്നു പൊതിയുന്നതായി ആമിക്ക് തോന്നി.

ചായകുടിച്ചിറങ്ങാൻ തുടങ്ങുമ്പോൾ അമ്മയവളെ അകത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. അലമാര തുറന്ന് അവരെന്തോ പരതുമ്പോൾ അവളുടെ കണ്ണുകൾ ആ മുറിയിലാകെ അലഞ്ഞു നടക്കുകയായിരുന്നു. വിധുവിന്റെ മുറി.ഒരു സൈഡിൽ സെറ്റ് ചെയ്തു വെച്ചിരിക്കുന്ന മ്യൂസിക് പ്ലേയറിൽ നിന്നും “സുഖമോ ദേവി “എന്ന് പതിഞ്ഞ സ്വരത്തിൽ ആരോ പാടുന്നുണ്ടെന്നു തോന്നി.

ഇത് മോൾക്ക് വേണ്ടി വാങ്ങിയതാ അവൻ. ഇതിവിടെ ഇരിക്കുമ്പോ അമ്മക്കൊരു സമാധാനമില്ല മോളേ. ഇത് മോള് കൊണ്ടുപൊയ്ക്കോ.

വിധു അവൾക്കായി വാങ്ങിയ മന്ത്രകോടി അവരുടെ കയ്യിലിരുന്നു വിറച്ചു.

വേണ്ടമ്മേ, എനിക്കിനിയും ഇത് സ്വീകരിക്കാനാകില്ല.എന്റെ മനസ്സ്അ. നുവദിക്കില്ല.. അവൾ അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു. അമ്മയും.

വിവേകിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് തിരികെ പോകുമ്പോൾ ആമിയുടെ മനസ്സ് നിറയെ, അകാല വാർദ്ധക്യം പേറി, മകന്റെ ഓർമ്മകളിൽ ചുട്ടു നീറുന്ന ഒരമ്മയായിരുന്നു. അവർക്കായും പുതിയൊരു ലോകം കണ്ടെത്താൻ തനിക്ക് കഴിയണേ എന്നവൾ മനമുരുകി പ്രാർത്ഥിച്ചു.

*************

ഒരുപാട് വർഷങ്ങൾക്ക് ശേഷം വീണ്ടും കലാലയ മുറ്റത്തേക്ക് കയറിച്ചെല്ലുമ്പോൾ മനസ്സ് കൊച്ച്കുട്ടികളെ പോലെ വല്ലാതെ പരിഭ്രമിക്കുന്നത് മാലതിയറിഞ്ഞു. അവൾ വിഹ്വലമായ മിഴികളോട് ആമിയെ നോക്കി.

“മാലതിക്കുട്ടിയമ്മയുടെ ഭാവം കണ്ടാൽ ഒന്നാം ക്ലാസ്സിൽ ചേർക്കാൻ കൊണ്ടു വന്ന അഞ്ചുവയസ്സുകാരിയുടെപോലെതന്നെയുണ്ട്. ഞങ്ങൾ പോയാൽ ഇവിടെ കിടന്നു കരയും എന്നാ തോന്നുന്നത്.

അവൾ വിവേകിനെ നോക്കി പറഞ്ഞു. വിവേകും അവൾക്കൊപ്പം ചിരിച്ചു.

ആമി അമ്മയെ കെട്ടിപ്പിടിച്ചു.

മര്യാദക്ക് ക്ലാസ്സിൽ കയറിക്കോ. നല്ലോണം പഠിച്ചില്ലെങ്കിൽ ചൂരൽ കഷായം കിട്ടുമെന്നോർത്തോ. അല്ലെ വിവേക്.

“അതേ. നന്നായി പഠിച്ചു ക്ലാസ്സിൽ ഫസ്റ്റ് ആയിക്കോണം. അതിനാ ഈ രണ്ടാം വരവ്.

മാലതി രണ്ടുപേരെയും മാറി മാറി നോക്കി കണ്ണുകൾ തുടച്ചു കൊണ്ട് വരാന്തയിലേക്ക് കയറി നടന്നു പോയി.

ആമിയും കരയുകയായിരുന്നു മനസ്സ് നിറഞ്ഞ്.

വിവേക്, ഇപ്പോഴാ എനിക്ക് സന്തോഷമായേ. സമാധാനവും.

ഉം… അവനൊന്നു മൂളി.

പിന്നെ, നമുക്ക് വിധൂന്റെ അമ്മയെക്കൂടി ഒന്ന് കണ്ടിട്ട് പോകാം. പുതിയ ജോലിയൊക്കെ എങ്ങനെയുണ്ടെന്ന് അറിയാലോ. അമ്മയ്ക്കും ഇനി നമ്മളെ ഉള്ളു.

ഈയിടെ ആയിരുന്നു കൗസല്യമ്മ പുതിയൊരു വനിതാ ഹോസ്റ്റലിൽ വാർഡനായി ജോലിക്ക് കയറിയത്. ആമിയുടെയും വിവേകിന്റെയും പരിശ്രമം കൊണ്ട്.

കാറിലിരിക്കുമ്പോൾ ആമി വിവേകിന്റെ കൈകൾക്കിടയിലൂടെ കൈകൾ കോർത്തു പിടിച്ച് തോളിലേക്ക് തല ചായ്ച്ചു. ഒരുപാട് ഇഷ്ടത്തോടെ. കാലം തെറ്റി പെയ്തു തുടങ്ങിയ മഴത്തുള്ളികൾ റോഡിൽ വീണു ചിതറി തുടങ്ങിയിരുന്നു അപ്പോൾ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *