കാപ്പിപ്പൂവിന്റെ മണമുള്ളവൾ ~ ഭാഗം 06, എഴുത്ത്: സാജുപി കോട്ടയം

ഭാഗം 05 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….

യാത്രകൾ എനിക്കിഷ്ടമല്ല ഞാൻ ഒരിക്കലും യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാൾ അല്ലായിരുന്നു അതിനു തക്കതായ സാമ്പത്തികമോ ആരോഗ്യമോ ആ സമയത്ത് എനിക്കില്ലായിരുന്നു എങ്കിലും സാഹചര്യം എന്നെ നിർബന്ധിച്ചു ഓരോ യാത്രയിലേക്ക് നയിക്കുകയായിരുന്നു.

അത് എന്താണെന്ന് അറിയണമെങ്കിൽ എന്നെക്കുറിച്ച് കൂടെ പരാമർശിക്കേണ്ടതുണ്ട് ദയവായി അതിനുള്ള അവസരം നിങ്ങൾ തരണം

ഒരു കോട്ടയം കാരൻ എല്ലാ ഗുണവും ദോഷവും സംയുക്തമായി കൊണ്ടുനടക്കുന്ന ഒരാളാണ് ഞാനും തന്റെടി, ആരുടെയും മുഖത്തുനോക്കി കാര്യംപറയുന്ന നിഷേധി.. അല്ലേലും അങ്ങനെ ആണല്ലോ ഇഷ്ടമില്ലാത്തത് തുറന്നുപറയുന്ന അവരെന്നും സമൂഹം നിഷേധി എന്ന വിളി പേരിട്ടു വിളിക്കും ആരെയും കൂസാക്കാത്തവൻ..

ജനിച്ചത് അധികം സാമ്പത്തികശേഷി ഒന്നുമില്ലാത്ത ഒരുപാട് അംഗങ്ങളുള്ള കുടുംബത്തിലാണ് വല്യപ്പൻ അതായത് അപ്പന്റെ അപ്പൻ മക്കളോട് ഭയങ്കര സ്നേഹമായിരുന്നു അതുകൊണ്ട് മക്കളെ ഒന്നും കൊത്തി പിരിച്ചില്ല മരിക്കുന്നതുവരെ എന്റെ ഒപ്പം എല്ലാം മക്കൾ ഉണ്ടാവണമെന്ന് വല്യപ്പനെ ഭയങ്കര ആഗ്രഹം ആയിരുന്നു. വല്യപ്പൻ മരിക്കുന്നതുവരെയും സന്തോഷത്തോടും സമാധാനത്തോടും കൂടി സഹോദരന്മാർ ഒരുമിച്ച് വസിച്ചു. പിന്നീടങ്ങോട്ട് സഹോദരന്മാർ അറിയാതെ ഭാര്യമാർ തമ്മിൽ ശീതസമരം തുടങ്ങി സമരം പിന്നെ യുദ്ധമായി യുദ്ധത്തിൽ അപ്പാപ്പൻമാരുടെ രണ്ടു സഖ്യകക്ഷികളായി എങ്ങനെയെങ്കിലും അപ്പനെയും അമ്മയെയും തറവാട്ടിൽ നിറക്കുവാൻ അവർ കരുക്കൾ നീക്കി

അപ്പനും അമ്മയ്ക്കും നല്ലതുപോലെ ജോലിയെടുക്കാൻ കഴിവുണ്ടായിരുന്നു പക്ഷേ കൂട്ടുകുടുംബത്തിലെ വിളചിലുകളും അടിയൊഴുക്കുകളും അത്രയ്ക്ക് വശമില്ലായിരുന്നു. അപ്പനില്ലാത്ത നേരത്ത് അനുജത്തി മാരുടെ വെല്ലുവിളികളും വികാരവിക്ഷോഭങ്ങൾക്കും ആ സ്ത്രീ മൂക കഥാപാത്രമായി കഴിയേണ്ടി വന്നിരുന്നു പലപ്പോഴും എങ്കിലും പരിഭവങ്ങൾ ഒന്നും കാട്ടിയിട്ടില്ല, എന്നാൽ ഒരു സുപ്രഭാതത്തിൽ ആരുടെയും പഴിയും പറച്ചിലും കേൾക്കാത്ത മറ്റൊരു ലോകത്തേക്ക് പുള്ളിക്കാരി അങ്ങ്പോയി,

പിന്നീട് നാഴിയും ചിരട്ടെയും പോലുള്ള പിള്ളേരെയും തൂക്കിപ്പിടിച്ച് അപ്പൻ ബന്ധുക്കൾ എന്നുപറയുന്ന പലരുടെ വീടുകളിൽ അഭയം തേടി ചെന്നു. ആദ്യമൊക്കെ ചിരിച്ചുകൊണ്ട് സ്വീകരിക്കും എങ്കിലും ദിവസങ്ങളും ആഴ്ചകളും കഴിയുമ്പോൾ ചിരിയുടെ സ്ഥാനത്ത് പരിഹാസവും കുത്തുവാക്കുകളും മാത്രം ഹൃദയത്തിൽ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടബാല്യങ്ങൾ.

നിങ്ങൾ പറയുന്നതുപോലെ ബാല്യകാലങ്ങളിലേക്ക് തേടി ചെല്ലുവാൻ അങ്ങനെ സന്തോഷങ്ങൾ ഒന്നുമില്ല നിങ്ങളെപ്പോലെ, ആ ഓർമ്മകൾക്ക് ഇന്നും കണ്ണീരിന്റെ ഉപ്പു രസങ്ങളാണ്

അപ്പനെ ഈ അവസ്ഥയിൽ കണ്ടു പള്ളിക്കാർ ഇടപെട്ടു നല്ലത് നോക്കി നായ്ക്കുട്ടികളെ എടുക്കുന്നതുപോലെ മുതിർന്ന കുട്ടികളെ ഏറ്റെടുത്തു മിച്ചം വന്നത് ഞാനും അപ്പനും മാത്രം

സ്വന്തമായൊരു വീട് ഇല്ലാത്തതിനാൽ വീണ്ടും ബന്ധുക്കളിൽ ചിലരുടെ വീടുകളിൽ അഭയം പ്രാപിച്ചു. അത്യാവശ്യം പശുവിനുള്ള പുല്ലുപറി ദോഷമില്ലാത്ത പാത്രം കഴുകൽ അവരുടെ മക്കൾക്ക് വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക അങ്ങനെയുള്ള ചെറിയ ചെറിയ പാർട്ട്‌ടൈം ജോലികൾ അന്നേ ഉണ്ടായിരുന്നു. ഇടയ്ക്കെപ്പോഴെങ്കിലും വിശപ്പോ കൊതിയോ മൂത്ത എങ്കിലും എടുത്താൽ ചട്ടുകത്തിന്റെ ചൂടും അറിഞ്ഞിട്ടുണ്ട്.

എല്ലാം അറിയുന്നുണ്ടെങ്കിലും അപ്പന്റെ മുഖത്ത് ദുഃഖഭാവം ഘനീഭവിച്ചു നിന്നിരുന്നു എപ്പോഴും. നെഞ്ചോട് ചേർന്ന് കിടക്കുമ്പോൾ സ്വന്തം കുഞ്ഞിന്റെ രാത്രികാലങ്ങളിലെ തേങ്ങലുകൾ സഹിക്കാൻപറ്റാത്തത്ണ്ടാവണം. പറമ്പിലെ ഒരു മൂലയിൽ നാലു കമ്പു നാട്ടി ടാർ ഷീറ്റ് കൊണ്ടുള്ള ഒരുകുഞ്ഞു ഷെഡ് ഉണ്ടാക്കി അതുകൊണ്ട് മാത്രം ആയില്ലല്ലോ. പാത്രങ്ങൾ വേണം പായ വേണം വിളക്ക് വേണം ആഹാരസാധനങ്ങൾ ഉണ്ടാക്കണം പിന്നെയും പല കടമ്പകൾ കടക്കാൻ ഉണ്ടായിരുന്നു ഏറ്റവും വലിയ പ്രശ്നം ഭക്ഷണമുണ്ടാക്കുന്നത് ആയിരുന്നു.

നേരം വെളുക്കും മുമ്പ് തന്നെ അപ്പൻ കാപ്പി അനത്തി (തിളപ്പിച്ച്‌ ) വിളിച്ച്എഴുന്നേല്പിക്കും അതും കുടിച്ച് മുമ്പുതന്നെ പണിക്കിറങ്ങിപോകും. (അന്നും ഇന്നും അപ്പനാണ് രാവിലെ കാപ്പി ഉണ്ടാക്കുന്നത്) പിന്നെ ചോറ് വയ്ക്കണം കറി വയ്ക്കണം വെള്ളം കോരണം സ്കൂളിൽ പോകണം ഇതൊക്കെ എന്റെ ചുമതലയാണ്. ചോറ് ഉണ്ടാക്കാൻ പ്രത്യേകം പഠിക്കേണ്ട കാര്യമില്ലതുകൊണ്ട് അതെങ്ങനെ അഡ്ജസ്റ്റ് ചെയ്യും പക്ഷേ കറിയുടെ കാര്യത്തി വെല്ലുവിളി തന്നെയായിരുന്നു … എന്തെങ്കിലും പച്ചക്കറി വെട്ടികണ്ടിച്ചു മുളകും മല്ലിയും മഞ്ഞളും ഇട്ടുതിളപ്പിക്കുക അതായിരുന്നു ആ കാലത്ത് കറി രുചിയോ മണമോ ശ്രദ്ധിക്കാറില്ലയിരുന്നു. കാരണം മറ്റുള്ളവരുടെ മുമ്പിൽ ആഹാരത്തിനായി ദയനീയമായി അപകർഷതയോടെ നിന്നിട്ടുണ്ട്. ടാർ ഷീറ്റിട്ട വീട്ടിലേക്ക് മാറുമ്പോൾ ഇനി ഒരിക്കൽ പോലും ആ അവസ്ഥ ഉണ്ടാവരുതെന്ന് ആ കുഞ്ഞു മനസ്സിൽ ആദ്യം എടുത്ത തീരുമാനമായിരുന്നു അത്.

മറ്റുള്ളവരുടെ സഹതാപത്തിൽ ജീവിക്കുവാൻ കാത്തുനിൽക്കാത്ത ഒരു അഹങ്കാരി അല്ലെങ്കിൽ തോൽക്കാൻ മനസ്സില്ലാത്തവൻ അങ്ങനെയാണ് ഞാനെന് സ്വയം പറഞ്ഞു പഠിപ്പിച്ചു

പ്രത്യക്ഷത്തിൽ ആരു നോക്കിയാലും പെട്ടെന്ന് അടുക്കുവാൻ കഴിയാത്ത ഒരു അദൃശ്യവേലി എനിക്ക് ചുറ്റും കെട്ടിയിരുന്നു പഠിക്കുമ്പോൾതന്നെ.എന്റെ ഇല്ലായ്മകളെ ചോദ്യം ആരുംചെയ്യരുത് അതിനു വേണ്ടിയുള്ള ഒരു മറയായിരുന്നത്.എങ്കിലും പഠിക്കുവാൻ സമർത്ഥൻ ആയിരുന്നു. ക്ലാസുകൾ നടക്കുമ്പോൾ ശ്രദ്ധിക്കുന്നത് അല്ലാതെ വീട്ടിൽ വന്നിരുന്നു പഠിക്കുന്ന സ്വഭാവം ഒന്നും ഇല്ലായിരുന്നു എങ്കിലും കുടുംബത്തിലുള്ള ഏതൊരു കുട്ടിയെകാളും സ്പോർട്സിലും പഠനത്തിലും മുന്നിൽ തന്നെയായിരുന്നു.നല്ല മാർക്ക് ഒക്കെ വാങ്ങിയാണ് പാസാകുന്നതെങ്കിലും കുടുംബത്തിന് തന്നെ സ്ത്രീകൾ അവരുടെ മക്കളെ പൊക്കി പറയും കൂട്ടത്തിൽ എന്റെ കാര്യം പറയുമ്പോൾ അവൻ കോപ്പി അടിച്ചാണ് ജയിക്കുന്നത് അവൻഭയങ്കര ഉഴപ്പനാണ് എന്നൊക്കെ നാട്ടിൽ കരക്കമ്പി ഇറക്കി വിടാറുണ്ട്. അത്‌കൊണ്ട് നാട്ടുകാരിലും ചിലരൊക്കെ അത് വിശ്വസിച്ചു എന്നാലും അവരുടെ മക്കൾ ഒറ്റ ഒരെണ്ണം പോലും എസ്എസ്എൽസി പാസ് ആയിട്ടില്ല.

ഒറ്റ എഴുത്തിൽ എസ്എസ്എൽസി പാസായ എന്നോട് അഞ്ചു തവണ എഴുതിയിട്ടും പിന്നെ ബുക്കും മാറിയിട്ടും പാസ് ആവാത്ത അപ്പാപ്പന്റെ മകൾ കല്യാണം കഴിഞ്ഞ് പോകുന്നതുവരെ മിണ്ടിയിട്ടില്ല

ഇവനെ ഇങ്ങനെ വളർത്തി വിട്ടാൽ ശരിയാവില്ല എന്ന തോന്നിയതുകൊണ്ടാകാം കുടുംബത്തിൽ അപ്പപ്പൻമാരുടെ ഭാര്യമാരുടെ നേതൃത്വത്തിൽ അടിയന്തരയോഗം വിളിച്ചുകൂട്ടി.

കോളേജിൽ പോയാൽ ഇവൻ ഉഴപ്പി പോകും. അതുകൊണ്ടു ഇവനെ ഈ കൊല്ലം തൊഴിലധിഷ്ഠിത കോഴ്സിനും വിടാം അതാവുമ്പോ പഠിച്ചിറങ്ങിയ ജോലി കിട്ടുമല്ലോ! ജോലി കിട്ടിയോ നിങ്ങൾക്ക് സുഖമായിട്ട് ജീവിക്കാമല്ലോ??? മൂത്താപ്പയുടെ ഭാര്യയാണ് അഭിപ്രായം പറയുന്നത് ( അതാണ് ഉത്തരവാദിത്വം)

അല്ലെങ്കിൽ തന്നെ ഇവനൊക്കെ പഠിച്ചിട്ടുണ്ട് നേടാനാണ്? ഇളയ അപ്പന്റെ ഭാര്യ വക അഭിപ്രായം.

അങ്ങനെ അവര് അപ്പനെ പറഞ്ഞു സമ്മതിപ്പിച്ചു. തുടർപഠനമെന്ന ആഗ്രഹത്തിന്റെ കടയ്ക്കൽ തന്നെയവർ വെട്ടി.

പിന്നീടുള്ള ഒരുവർഷം മുഴുവൻ കിട്ടുന്ന പണികളൊക്കെ ചെയ്തു ആദ്യം കുറച്ചു ഡ്രസ്സുകൾ വാങ്ങി അന്നുവരെ രണ്ടുജോഡി ഡ്രസ്സ് മാത്രമേഉണ്ടായിരുന്നുള്ളൂ. പിന്നെ കുറച്ച് നല്ല ഭക്ഷണം കഴിച്ചു. വീട്ടു ചെലവിലും മാറ്റി ശേഷം അത്യാവശ്യം കുറച്ചു സമ്പാദിക്കാൻ തുടങ്ങി കൃത്യം ഒരു വർഷത്തിനുശേഷം സ്വന്തമായി ഫീസടച്ച് പ്രീഡിഗ്രിക്ക് കോളേജിൽ ചേർന്നു.

അതോടുകൂടി ബന്ധുക്കൾ പിടിവിട്ടു പിന്നീട് ഭാഗത്തേക്ക് വന്നിട്ടില്ല.

മുൻപും അങ്ങനെ തന്നെയാണ് അവർ എന്ത് തീരുമാനമെടുത്താലും ഞാൻ മനസ്സിൽ ചിന്തിക്കുക. “നിങ്ങൾക്ക് വേണമെങ്കിൽ എന്നെ കൊല്ലാം കഴിയും പക്ഷേ തോൽപ്പിക്കാൻ കഴിയില്ല”

പക്ഷേ കാലം കാത്തുവെച്ചത് വിധിയുടെ രൂപത്തിൽ അല്ലെങ്കിൽ എന്റെ എടുത്തുചാടിയുള്ള സ്വഭാവത്തിന് കിട്ടിയ പണികളാണ് പിന്നീടുണ്ടായത് കോളേജിൽ പഠനത്തോടൊപ്പണ് രാഷ്ട്രീയം തലയ്ക്കു പിടിച്ചത് . മനസ്സിൽ ചെറുപ്പംമുതൽ അടക്കിപ്പിടിച്ച പ്രതിഷേധനത്തിന്റെ വിലങ്ങു തടികൾ എടുത്തുമാറ്റി എന്തിനോടും ഏത് നോടും പ്രതികരിക്കുക എന്നൊരു മനോഭാവം കൈക്കൊണ്ടു അത് ഗുണത്തേക്കാളേറെ ദോഷം ആണ് ഉണ്ടാക്കിയത്. അന്നുമുതൽ ഒരു കാര്യം മനസ്സിലായി സാമ്പത്തികം ഇല്ലാത്തവന്റെ വാക്കുകൾക്കും പ്രതിഷേധങ്ങൾക്കും അഭിപ്രായങ്ങൾക്കും വലിയ വിലയൊന്നുമില്ലെന്നും ക്രമേണ കുടുംബക്കാർ കൊണ്ടുമാത്രമല്ല രാഷ്ട്രീയപരമായി നാട്ടുകാർക്കിടയിൽ വെറുപ്പ് സമ്പാദിച്ചു.

രാഷ്ട്രീയ ചേരിപോരിൽ ഒരുമിച്ച് പഠിച്ചുവളർന്ന വന്ന സുഹൃത്തിന്റെ മരണം വലിയൊരു ആഘാതമാണ് സൃഷ്ടിച്ചത് തികച്ചും ഒറ്റപ്പെട്ട ഒരു അവസ്ഥ കൂടുതൽ സമയവും എന്നെ അന്തർമുഖനായി കാണപ്പെട്ടു . പതിയെപ്പതിയെ എല്ലാത്തിൽ നിന്നും വിട്ടകന്നു ഇനി ഒരിക്കലും രാഷ്ട്രീയത്തിലേക്കില്ല എന്ന് ഉറപ്പിച്ചു. ഈ കടുത്ത ഏകാന്തത നിന്ന് രക്ഷപ്പെടാൻ ഒരു ജോലി ചെയ്യുക എന്നുള്ളത് അത്യന്താപേക്ഷിതമായിരുന്നു..

അങ്ങനെ പഴയൊരു പരിചയക്കാരനെ കണ്ടുമുട്ടി ടൗണിൽ ഒരു ചെറിയ ജോലി സംഘടിപ്പിച്ചു. കൃത്യമായ സമയങ്ങളിൽ കവലയിൽ നിന്നും ബസ്സ് കയറുകയും രാത്രി ഒരുപാട് വൈകി വരുകയുമാണ് പതിവ് കാരണം മറ്റുള്ളവരുടെ ഫെയ്സ്ചെയ്യാനുള്ള മടിയാണ് … ചില രാത്രികളിൽ എന്തൊക്കെയോ ഓർത്ത് വെറുതെ കരയാറുണ്ട്. ഏകാന്തത അത്രമേൽ ഭ്രാന്തു പിടിപ്പിക്കാറുണ്ട്.

അങ്ങനെ കഴിഞ്ഞു പോകുന്ന ഏതോ ഒരു ദിവസത്തിനിടയിൽ ആയിരുന്നു അവളെ ഞാൻ കാണുന്നത്. ബസ് സ്റ്റോപ്പിൽ വച്ച് എന്റെ മുഖത്തേക്ക് നോക്കി എനിക്കൊരു ചിരി സമ്മാനിച്ചു. അതൊരു സാധാരണ ചിരിയോട് ഉപമിക്കാൻ കഴിയില്ല അത്രയും മനോഹരമായിരുന്നു ആ ചിരി . ഞങ്ങൾ ആദ്യമായിട്ടല്ല പരസ്പരം കാണുന്നത് മുൻപ് പലപ്പോഴും കണ്ടിട്ടുണ്ട് പക്ഷേ അന്നൊന്നും നോക്കുകയോ ചിരിക്കുകയോ ചെയ്തിട്ടില്ല പക്ഷേ അവളുടെ ചിരിയിൽ എന്തോ ആകർഷണം ഉള്ളതുപോലെ അത്രയും സ്നേഹത്തോടെ എന്റെ മുഖത്തേക്ക് നോക്കിആരും ചിരിച്ചിട്ടില്ല. പിന്നീടുള്ള തുടർ ദിവസങ്ങളിൽ കൃത്യമായി ഞാൻ വരുന്ന സമയത്ത് അവൾ വന്നിട്ടുണ്ടാവും അവളുടെ നോട്ടം ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന പോലെ തോന്നാറുണ്ട്..മുമ്പൊക്കെ യാദൃശ്ചികമായി കണ്ടുമുട്ടാറുണ്ട്വെങ്കിലും ഇപ്പോഴത്തെ കണ്ടുമുട്ടലുകൾ ഒക്കെയും അവൾ മനപ്പൂർവ്വം സൃഷ്ടിക്കുകയാണെന്ന് മനസ്സിലായി. അതെന്റെ മനസ്സിൽ കുറച്ചൊന്നുമല്ല സന്തോഷമുണ്ടാക്കിയത്.

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *