കാലം കാത്തുവച്ചത് ~ ഭാഗം 11, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

വിറയ്ക്കുന്ന കൈകാലുകളും അനിയന്ത്രതമായി മിടിക്കുന്ന ഹൃദയവുമായി ഞാൻ മുറിയിലേക്ക് കയറി..

അയാളെ മുറിയിൽ കണ്ടില്ല… കയ്യിലെ ഗ്ലാസ്‌ മേശമേൽ വച്ചു ഞാൻ ചുറ്റും നോക്കി… ചെറിയ നീല പൂക്കൾ ഉള്ള വെള്ള വിരിപ്പ് ഭംഗിയായി കട്ടിലിൽ വിരിച്ചിട്ടുണ്ട്.. ഡ്രസിങ് ടേബിളിനു മുമ്പിലെ ഫ്ലവർവേസിൽ ചുവന്ന റോസാപൂക്കൾ സ്ഥാനം പിടിച്ചിട്ടുണ്ട്.. നേരത്തെ മുറിയിൽ കയറിയപ്പോൾ ഇത് കണ്ടില്ലായിരുന്നു.. ഭയം എന്നെ വിട്ടൊഴിഞ്ഞില്ല..

അയാൾ ബാൽക്കണിയിൽ ഉണ്ടായിരിക്കണം.. മുറിയുടെ നടുവിലായി കിടക്കുന്ന കട്ടിലും കട്ടിലിന്റെ തലഭാഗത് ഇരു വശത്തും ചെറിയ മേശകളും ഉണ്ട്. ഒന്നിൽ ഭംഗിയുള്ള ഒരു ടേബിൾ ലാമ്പും മറ്റൊന്നിൽ മറ്റൊരു ഫ്ലവർ വേസും ഇരിക്കുന്നു…. അതിൽ എന്തൊക്കെയോ ആർട്ടിഫിഷ്യൽ പൂക്കൾ ആണ്.. പിന്നെ ഡ്രസിങ് ടേബിൾ കൂടാതെ മറ്റൊരു മേശയും ഒരു ചെയർ ഉം ഉണ്ട്… എല്ലാം വൃത്തിയിൽ കിടക്കുന്നു..

ഞാൻ എവിടെ കിടക്കും.. അയാളോട് ചോദിക്കാൻ പോയാൽ ഒരുപക്ഷെ അയാൾ എങ്ങനെ പെരുമാറുമെന്ന് അറിയില്ല..

മനസ്സ് നിറയെ ചോദ്യങ്ങളും ഭയവുമായി ഞാൻ നിൽക്കെ അയാൾ ബാൽക്കണിയിൽ നിന്നും മുറിയിലേക്ക് കടന്നു വന്നു.. ഡോർ ലോക്ക് ചെയ്തു.. ഞാൻ ഭയത്തോടെ വസ്ത്രത്തിൽ തെരുപിടിപ്പിച്ചു നിന്നു… ഒരു അനക്കവും കേൾക്കാതായപ്പോൾ ഞാൻ തിരിഞ്ഞു നോക്കി.. മേശമേൽ ചാരി കൈകൾ നെഞ്ചിൽ കെട്ടി അയാൾ എന്നെ തന്നെ നോക്കി നിൽക്കുന്നു.. ഉള്ളിൽ പരിഭ്രമം നിറഞ്ഞു. അയാൾ ഇമ അനക്കാതെ എന്നെ തന്നെ ഉറ്റു നോക്കുകയാണ്..

മനസ്സ് നിറയെ വെറുപ്പുമായി ഞാൻ താഴേക്ക് നോക്കി നിന്നു.. കുറച്ചു നേരം കഴിഞ്ഞു അയാൾ എന്റെ അരികിലേക്ക് വന്നു.. എന്താണ് ഗായത്രീ….. ഒന്നും പറയാനില്ലേ… ഇപ്പോൾ ശബ്ദം കേള്ക്കുന്നെ ഇല്ലല്ലോ.. മുമ്പ് എന്തായിരുന്നു ഒരു വീറും വാശിയും… ഞാൻ പറഞ്ഞില്ലേ…. ആഗ്രഹിച്ച എന്തും ഞാൻ നേടിയെടുക്കുമെന്ന്… എന്റെ കാതോരം വന്നു അയാൾ പറഞ്ഞു….

ഞാൻ പിന്നിലേക്ക് മാറി… പെട്ടെന്നുള്ള നീക്കം ആയതിനാൽ ഞാൻ കാൽ കട്ടിലിൽ തട്ടി കിടക്കയിലേക്ക് വീണു..

ദാ… ഇതുപോലെ….. ഇതുപോലെ വീഴ്ച മാത്രം ആയിരിക്കും എന്നോട് നീ മത്സരിച്ചാൽ ഉണ്ടാവുക… ആ ബോധ്യം വരുമ്പോഴല്ല.. മറിച്ചു എന്നോട് നിന്റെ മനസ്സിൽ ഇഷ്ടം തോന്നി, നീ എന്നെ നിന്റെ ഭർത്താവ് ആയി അംഗീകരിച്ചിട്ട് മാത്രമേ ഞാൻ നിന്നോട്‌ ഒരു ഭർത്താവ് എന്ന രീതിയിൽ പെരുമാറുകയുള്ളൂ.. മനസ്സിലായല്ലോ…. ചെന്ന് കിടക്കാൻ നോക്ക്… അത്രയും ഗൗരവത്തിൽ പറഞ്ഞു അയാൾ കിടക്കയുടെ ഒരു ഭാഗത്തു കിടന്നു..

അയാൾ പറഞ്ഞ വാക്കുകളുടെ അർത്ഥം പൂർണമായി മനസ്സിലാകും മുൻപ് അയാളുടെ ശബ്ദം വീണ്ടും മുഴങ്ങി..

വന്നു കിടക്കാൻ നോക്ക്….. നല്ല ക്ഷീണം ഉണ്ട്..

എന്നിട്ടും അയാളെ വിശ്വസിക്കണോ വേണ്ടയോ എന്ന് മനസ്സ് എന്നോട് ചോദിച്ചു കൊണ്ടിരുന്നു..

ഗായത്രീ വന്നു കിടക്കുന്നുണ്ടോ…. ഞാൻ നിന്നെ പിടിച്ചു തിന്നൊന്നും ഇല്ല…. എന്തായാലും എനിക്കുള്ളത് ആണ്… അതിപ്പോ ഇത്തിരി വൈകിയാലും… അതോണ്ട് വലിയ ആലോചന ഒന്നും വേണ്ട.. വന്നു കിടക്കാൻ നോക്ക്….

കണ്ണ് തുറക്കാതെ തന്നെ അയാൾ പറയുന്നത് കേട്ടു ഞാൻ പതിയെ കട്ടിലിന്റെ ഒരു അരികിൽ ചെന്ന് കിടന്നു.

എന്നത്തേയും പോലെ ഉറക്കം എന്നെ അനുഗ്രഹിചില്ല.. കടന്നു വന്ന വഴികൾ മനസ്സിലേക്ക് വന്നു.. നിറഞ്ഞ ആര്യന്റെ കണ്ണുകൾ…

എന്തിനെന്റെ പ്രണയമേ എന്നെ ഇത്രമേൽ വേദനിപ്പിച്ചു കാണാതിരിക്കാമായിരുന്നല്ലോ.. എന്നിൽ ആ തോന്നൽ ഇല്ലാതാക്കാ മായിരുന്നല്ലോ..മനസ്സിൽ ഒരാളെ പ്രതിഷ്ഠിച്ചു മറ്റൊരാളുടെ താലി നെഞ്ചിൽ ഏറ്റുവാങ്ങേണ്ടി വന്ന അവസ്ഥ ഒരിക്കൽ നീ അറിഞ്ഞിരുന്നെങ്കിൽ എന്നെ ഈ നിലയില്ലാകയത്തിലേക്ക് തള്ളി വിടില്ലായിരുന്നു.. ഇങ്ങനെ നീറി ജീവിക്കാൻ വയ്യ… താലി കെട്ടിയ ആളെയും അയാളെയും അംഗീകരിക്കാൻ ആവില്ലെങ്കിലും മനസ്സിൽ നിന്നും ആര്യനെ എടുത്തു മാറ്റിയെ മതിയാവൂ… ഇല്ലെങ്കിൽ എന്റെ മനസാക്ഷി എന്നെ ഇഞ്ചിഞ്ചായി കൊല്ലും… മനസ്സിന്റെ സംഘർഷം കണ്ണീരായി തലയിണയെ നനച്ചു… ഏങ്ങലുകൾ പുറത്തു വരാതിരിക്കാൻ നേര്യതിന്റെ തുമ്പു വായിൽ കടിച്ചു പിടിച്ചു..

ഏറെ നേരത്തിനു ശേഷം ഉറക്കത്തിലേക്ക് വഴുതി വീണപ്പോൾ കട്ടിലിന്റെ മറുവശത്തു കിടന്നിരുന്ന ശ്രീഹരി കണ്ണുകൾ തുറന്നു… അവൾ കിടക്കുന്നത് നോക്കി കുറച്ചു സമയം കിടന്നു… പിന്നെ പുതപ്പ് അവൾക്ക് മേലേക്ക് വലിച്ചിട്ടു തിരിഞ്ഞു കിടന്നു..

*************************

രാവിലെ എണീക്കുമ്പോൾ അയാൾ മുറിയിൽ ഇല്ലായിരുന്നു.. എഴുന്നേറ്റ് കുളിച്ചു വസ്ത്രം മാറി താഴേക്കു പോയി.. അടുക്കളയിൽ ചെന്നപ്പോൾ മാമി എത്തിയിട്ടില്ലായിരുന്നു.. അടുപ്പ് കത്തിച്ചു ചായ വച്ചു തിരഞ്ഞപ്പോൾ വാതിൽ പടിയിൽ എന്നെ നോക്കി മാമി നില്കുന്നു.

മുഖത്ത് ഒരു ചിരി വരുത്തി ഞാൻ മാമിക്ക് ചായ ഗ്ലാസിൽ പകർന്നു നൽകി.. ചായ ചുണ്ടോട് ചേർത്ത് മാമി എന്നെ നോക്കി പുഞ്ചിരിച്ചു.. നീ എല്ലാം പെട്ടെന്ന് പഠിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു.. ഇനി മുതൽ നീ വേണം എല്ലാ കാര്യങ്ങളും നോക്കി കണ്ടു ചെയ്യാൻ… കുറച്ചു കഴിഞ്ഞു പുറം പണിക്ക് ജോലിക്കാരി വരും… നീ ഹരിക്കുട്ടന് ചായ കൊണ്ട് കൊടുക്ക്…

ഞാൻ തലയിളക്കി ഒരു ഗ്ലാസ്സിൽ ചായ എടുത്ത് മുകളിലേക്കു പോയി.. ഞാൻ മുറിയിലേക്ക് കയറി ചെന്നതും അയാൾ ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നു..

ഒന്നും മിണ്ടാതെ ഞാൻ ചായ മേശമേൽ വച്ചു തിരിഞ്ഞു നടന്നു.. ഗായത്രീ…. അയാൾ പുറകിൽ നിന്ന് വിളിച്ചു..

ഞാൻ നിന്നു..

മറ്റെല്ലാവർക്കും മുന്നിൽ നമ്മൾ ഭാര്യ ഭർത്താക്കന്മാർ ആണ്… അത് നീ മറക്കണ്ട.. ഞാൻ അയാളെ തിരിഞ്ഞു നോക്കി..

അയാൾ എന്റെ നേരെ വന്നു കയ്യിൽ പിടിച്ചു അടുത്തേക്ക് വലിച്ചു.. ധാവണിക്ക് ഉള്ളിൽ കിടന്ന താലി ചൂണ്ടു വിരലാൽ കൊളുത്തി വലിച്ചു പുറത്തേക്ക് ഇട്ടു.. ഡ്രസിങ് ടേബിളിൽ വച്ചിരുന്ന സിന്ദൂരം എടുത്ത് സീമന്ത രേഖയെ ചുമപ്പിച്ചു…

ഹ്മ്മ്… ഇനി പൊക്കോ.. സിന്ദൂരം ഇടാൻ മറക്കരുത്…. ഇനി ഞാൻ ഇട്ടു തരണം എന്ന ആഗ്രഹം കൊണ്ടാണെങ്കിൽ അത് പറഞ്ഞാൽ മതി…. എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല… അയാളുടെ മുഖത്തെ ചിരി കണ്ടു എനിക്ക് പുച്ഛം ആണ് തോന്നിയത്…

ഒരു പെണ്ണിനെ മനസ്സിലാക്കാതെ ബലമായി സ്വന്തം ആക്കാൻ ശ്രമിക്കുന്നയാൾ….

ഞാൻ അയാളുടെ കൈ വിടുവിച്ചു താഴേക്ക് നടന്നു….

ദിവസങ്ങൾ കടന്നു പോയി… മാമിക്ക് മുന്നിൽ ഞാൻ നല്ല മരുമകൾ ആയി…. എന്നാൽ മുറിക്കുള്ളിൽ അയാളും ഞാനും രണ്ടു വ്യക്തികൾ ആയി തുടർന്നു..

ആ വീടും സ്ഥലവും എല്ലാം എനിക്ക് പരിചിതമായി… എന്നാൽ അയാളെ മാത്രം…. എനിക്ക് ഉൾക്കൊള്ളാൻ ആയതേയില്ല… ഉറക്കം വരാത്ത രാത്രികളിൽ ചിലപ്പോഴൊക്കെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ എന്റെ നേർക്ക് നീളുന്ന അയാളുടെ കണ്ണുകൾ ഞാൻ കാണാറുണ്ട്.. ഒരേ കിടക്കയിൽ ഒരു കൈപ്പടകലെ കിടക്കുമ്പോഴും ഒരു വിരൽപോലും അറിഞ്ഞു കൊണ്ട് എന്റെ ദേഹത്തു സ്പര്ശിച്ചില്ല എന്നത് എന്നെ അത്ഭുതപെടുത്തി…

പക്ഷെ… അയാൾ മുൻപ് എന്നോട് പെരുമാറിയത് ആലോചിക്കുമ്പോൾ ഏതാണ് സത്യം എന്ന് മനസ്സിലാവുന്നില്ല…

ആ ർത്തവസമയത്ത് വയറു വേദനയാൽ രാത്രി സമയത്ത് പുളയുമ്പോൾ അത് കണ്ടു അമ്പരന്നു നിന്നായാൾ വേഗം അടുക്കളയിൽ പോയി വെള്ളം ചൂടാക്കി കൊണ്ടുവന്നു ടവൽ മുക്കി പിഴിഞ്ഞ് ധാവണിക്ക് മുകളിലൂടെ വച്ചു തന്നപ്പോഴും, ഉറക്കം വരാതെ കിടക്കുമ്പോൾ എന്റെ കണ്ണുകൾ അടയും വരെ കാത്തിരിക്കുന്നതും എല്ലാം എനിക്ക് പുതുമ ഉള്ളതായിരുന്നു..

ഞാൻ അറിഞ്ഞതിനപ്പുറം അയാൾ മറ്റെന്തൊക്കെയോ ആണ്… അല്ലെങ്കിൽ ഞാൻ അറിഞ്ഞതല്ല അയാൾ.. എന്നിട്ടും മനസ്സിൽ അയാൾ മുൻപ് എന്നോട് അധികാരത്തോടെ സ്പർശിച്ചത് ഓർക്കുമ്പോൾ…. അപ്പോൾ എന്റെ മനസ് വീണ്ടും കുഴപ്പത്തിൽ ആവും…

ഒരിക്കലും അയാൾക്ക് എന്റെ മനസ്സിൽ സ്ഥാനം ഉണ്ടാവില്ല… ഉണ്ടാവില്ല.. എന്നിട്ടും പലപ്പോഴും അയാളുടെ എന്നോടുള്ള ഇപ്പോഴത്തെ സമീപനവും, കരുതലും കാണുമ്പോൾ…

എന്റെ മനസ് അയാളിലേക്ക് ചെയ്യുന്നുണ്ടോ…?

ചെ… ഞാൻ എന്തൊരു സ്ത്രീയാണ്… ഒരാളെ മനസ്സിൽ ജീവനെ പോലെ കരുതി സ്നേഹിച്ചു… അയാളെ നഷ്ടമായപ്പോൾ അതെ സ്ഥാനത്തേക്ക് മറ്റൊരാളെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുകയാണോ…. എനിക്ക് ആലോചിക്കും തോറും തല പെരുത്തു തുടങ്ങി…

ഇല്ല…..എനിക്ക് അയാളെ സ്നേഹിക്കാനാവില്ല… അയാളുടെ താലി നെഞ്ചിലേറ്റി എന്നാൽ അയാളെ സ്നേഹിക്കണം എന്നുണ്ടോ…

ഇതുപോലെ മുന്നോട്ട് പോകും….അയാൾക്ക് മടുക്കും വരെ….ആഗ്രഹിച്ചതെന്തും നേടി എടുക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നെ നേടിയപ്പോൾ എന്റെ മനസ്സ് സ്വന്തമാക്കാൻ ആവില്ലെന്ന് അയാൾ കരുതണമായിരുന്നു….

അങ്ങനെ ഇരിക്കവെയാണ് ഒരു ദിവസം ജോലി കഴിഞ്ഞ് മടങ്ങി വരേണ്ട സമയം കഴിഞ്ഞിട്ടും അയാളെ വന്നില്ല… മാമി അന്ന് എന്റെ വീട്ടിലേക്ക് പോയിരുന്നു രാത്രി ഒരുപാട് വൈകിയിട്ടും അയാളെ കാണാതായപ്പോൾ ഞാൻ ഭയന്നു…. അത്രയും നാൾ അയാൾ എന്നെ ഭയപ്പെടുത്തിയിരുന്നെങ്കിൽ ആദ്യമായി അയാൾക്ക്‌ വേണ്ടി എന്റെ മനസ്സ് പരിഭ്രമിച്ചു… വഴിക്കണ്ണുമായി വീടിന്റെ ഉമ്മറത്തെ ചാരു പാടിയിൽ ഇരിപ്പുറക്കാതെ ഇരിക്കുമ്പോൾ ഞാൻ ഒരു ഭാര്യയിലേക്ക് ചുവടു മാറുകയായിരുന്നു..

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *