കാലം കാത്തുവച്ചത് ~ ഭാഗം 10, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

ഇരു വശത്തും പൂ താലമേന്തിയ പെൺകുട്ടികൾ വരി വരിയായ് നിന്നു..

മാമി എന്റെ കയ്യിലേക്ക് താലം ഏല്പിച്ചു എന്റെ കൈമുട്ടിനു മുകളിൽ പിടിച്ചു പന്തലിലേക്ക് ആനയിച്ചു.. പ്രവേശന മാർഗത്തിൽ ഇരു വശങ്ങളിലായി കുലച്ച വാഴകളും ചെന്തെങ്ങിൻ തേങ്ങകുലകളും ഭംഗിയായി കെട്ടി വച്ചിട്ടുണ്ട്. പന്തലിൽ പൂക്കൾ കൊണ്ടും കസവു തുണി കൊണ്ടും അതിമനോഹരമായി അലങ്കരിച്ചു അഞ്ചു നിലവിളക്കുകൾ ഏഴു തിരിയിട്ട് കത്തിച്ചു വച്ച മണ്ഡപത്തിൽ അയാൾ കസവു വേഷ്ടിയും ഷർട്ടും ധരിച്ചു ഇരിപ്പുണ്ട്.. മുഖത്ത് ഒരു ചിരിയുണ്ട്..

സന്തോഷിക്കട്ടെ..

സ്റ്റേജിലേക്ക് അച്ഛൻ കൈപിടിച്ച് കയറ്റി..കയ്യിലെ താലം വാങ്ങി മാമി മണ്ഡപത്തിൽ നെല്ലു നിറച്ചു പൂക്കുല ഇറക്കി വച്ചിരിക്കുന്ന നിറപറയ്ക്ക് അരികിലേക്ക് വച്ചു.. അയാൾക്ക് അരികിൽ ഇരുത്തി.. നാദസ്വരം മുഴങ്ങി… ഒപ്പം മന്ത്രോച്ചാരണവും..

പിന്നീട് പൂജാരി പറഞ്ഞതനുസരിച്ചു അയാൾ എന്റെ കൈ പിടിച്ചു മൂന്നു പ്രദക്ഷിണം നടത്തി.. മാമി നൽകിയ മഞ്ഞ ചരടിൽ കോർത്ത താലി അയാൾ എന്റെ കഴുത്തിൽ കെട്ടി.. നിർവികാരമായ കണ്ണുകൾ പന്തലിനു വെളിയിലേക്ക് നീണ്ടപ്പോൾ…. നിറഞ്ഞ കണ്ണുകളുമായി അവൻ നിൽക്കുന്നത് കണ്ടു…

ആര്യൻ… അവന്റെ നിറഞ്ഞ കണ്ണുകൾ എന്റെ ഉള്ളിൽ വേദനയുടെ തിരി കൊളുത്തി… കണ്ണുകൾ ഇടഞ്ഞപ്പോൾ അവൻ തിരിഞ്ഞു നടന്നു അപ്പോഴേക്കും എന്റെ കണ്ണുകൾ കണ്ണ് നീരാൽ മൂടപ്പെട്ടു കാഴ്ച അവ്യക്ത മാക്കിയിരുന്നു…അയാൾ എന്റെ നെറുകിൽ സിന്ദൂരം ചാർത്തുന്നതൊന്നും ഞാൻ അറിഞ്ഞില്ല..പുട മുറിക്കായി കസവു സാരി താലത്തിൽ വച്ചു അയാൾ എന്റെ നേർക്ക് നീട്ടിയതും ഞാൻ അറിഞ്ഞില്ല…

മാമി എന്റെ കയ്യിൽ പിടിച്ചു വിളിച്ചപ്പോൾ… അപ്പോൾ ഞാൻ അയാളുടെ നേരെ നോക്കി… അയാളുടെ മുഖം നിറയെ സന്തോഷം… ആഗ്രഹങ്ങൾ നിറവേറ്റിയത് കൊണ്ടായിരിക്കണം.. പൂജാരി എടുത്തു നൽകിയ ഹാരങ്ങൾ പരസ്പരം അണിയിച്ചു.. അച്ഛൻ എന്റെ വലതു കയ്യെടുത്തു അയാളുടെ കയ്യിലേക്ക് ചേർത്ത് വച്ചു.. അയാൾ എന്റെ കയ്യിൽ മുറുക്കി പിടിച്ചു.. എനിക്ക് നല്ല വേദന തോന്നുന്നുണ്ടായിരുന്നു. പക്ഷെ, മനസ്സിനേറ്റ മുറിവിനേക്കാൾ വലുതായിരുന്നില്ല അത്..

ചടങ്ങുകൾ കഴിഞ്ഞു പൂജാരി ദക്ഷിണ വാങ്ങി പോയി… അടുത്ത ബന്ധുക്കൾ ഒഴികെ എല്ലാവരും പന്തിയിലേക്ക് നടന്നു.. 25 തരം വിഭവങ്ങളുമായി തറവാടിന്റെ ആഢ്യത്വം വിളിച്ചോതുന്ന സദ്യ ആയിരുന്നു.. അതിഥികൾ വയറും മനസ്സും നിറഞ്ഞു എന്നെയും അയാളെയും അനുഗ്രഹിച്ചു പോയി… കൊതിപ്പിക്കുന്ന ഗന്ധം മൂക്കിലേക്ക് തുളച്ചു കയറിയിട്ടും വിശപ്പെന്ന വികാരം എന്നിലേക്കെത്തിയില്ല… ഒരു വറ്റുപോലും തൊണ്ടയിൽ നിന്നും ഇറങ്ങിയുമില്ല..

കുടിവയ്പ്പിനു പോകേണ്ട സമയം ആയപ്പോൾ അച്ഛമ്മയും അമ്മയും കണ്ണീരൊഴുക്കി എന്നെ ചേർത്ത് പിടിച്ചു.. എന്തോ എന്റെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണീർ പോലും ഉതിർന്നില്ല… കാറിൽ കയറുന്ന സമയം അച്ഛൻ ഡോറിനടുത്തു വന്നു നിന്നു… ഞാൻ മുഖം ഉയർത്തി നോക്കിയതേയില്ല..

കാർ മുന്നോട്ടെടുത്തു.. ജനിച്ചു വളർന്ന വീട്, കളിച്ചു നടന്ന സ്ഥലം ഒരുപാട് ഓർമ്മകൾ….. എല്ലാം പുറകോട്ട് പാഞ്ഞുപോയി…

ഇടയ്ക്കിടെ എന്റെ നേർക്ക് നീണ്ടു വരുന്ന മിഴികളെ മനഃപൂർവം അവഗണിച്ചു.. മനസ്സിൽ ധൈര്യം സ്വരൂപിച്ചു..

അയാളുടെ വീടിനു മുമ്പിൽ കാർ നിന്നു. അയാൾ കാറിൽ നിന്നും ഇറങ്ങി എന്റെ നേർക്ക് കൈ നീട്ടി.. അയാളെ അവഗണിച്ചു കൊണ്ട് ഞാൻ കാറിൽ നിന്നും ഇറങ്ങി.. അയാൾ ബലമായി എന്റെ കയ്യിൽ മുറുക്കി പിടിച്ചു വീട്ടിലേക്ക് നടന്നു.. കൈകൾ വേദനിക്കും വിധമായിരുന്നു അയാൾ എന്റെ കയ്യിൽ പിടിച്ചത്…ഇതൊരു തുടക്കം ആണെന്നു തോന്നിപ്പിക്കും വിധം.. മാമി തന്ന നിലവിളക്ക് കയ്യിലേന്തി വലതുകാൽ എടുത്തു വച്ചു വീട്ടിലേക്ക് കയറി.

നിലവിളക്ക് പൂജാമുറിയിൽ വച്ചു അകത്തു സോഫയിൽ ഇരുന്നു.. മധുരം വയ്പ്പ് ചടങ്ങിന് ഒരു ഗ്ലാസിൽ മധുരമിട്ട പാലും ഒരു പത്രത്തിൽ നാളികേരവും പഞ്ചസാരയും ഏലക്കായും ഇട്ടതും കൊണ്ട് വന്നു… അയാൾ ഗ്ലാസ് കയ്യിൽ വാങ്ങി കുടിച്ചതിനു ശേഷം എന്റെ നേർക്ക് നീട്ടി.. ഞാൻ വാങ്ങാൻ തയ്യാറായില്ല.. വാങ്ങു ഗായത്രീ… ഇതെല്ലാം ചടങ്ങുകൾ ആണ്…

ശാസനയോടെ ഉള്ള മാമിയുടെ വാക്കുകൾ കേട്ട് അയാളിൽ നിന്ന് ഗ്ലാസ് വാങ്ങി കുടിക്കും പോലെ കാണിച്ചു പാൽ ചുണ്ടിൽ പറ്റുന്നതിനു മുൻപ് താഴെ വച്ചു.. എന്നാൽ അയാൾ അത് എടുത്ത് മുഴുവനും കുടിച്ചു.. എനിക്ക് അയാളുടെ പ്രവൃത്തി കണ്ടു അറപ്പ് തോന്നി.. ചടങ്ങുകൾ എല്ലാം കഴിഞ്ഞു ബന്ധുക്കൾ എല്ലാം മടങ്ങി പോയി.. മാമി പറഞ്ഞത് പോലെ അയാളുടെ മുറിയിലേക്ക് പോയി. അലമാരയിൽ വച്ചിരുന്നതിൽ നിന്നും ഒരു ദാവണി എടുത്ത് കുളിക്കാൻ കയറി..

വീട്ടിലേത് പോലെ അല്ല… ഇവിടെ കുറച്ചു കൂടുതൽ സൗകര്യങ്ങൾ ഉള്ള ആധുനിക രീതിയിൽ ഉള്ള വീട് ആണ്.. ബാത്‌റൂമിൽ വച്ചിരുന്ന വലിയ കണ്ണാടിയിൽ തലയിലൂടെ ഒഴുകുന്ന വെള്ളത്തിനൊപ്പം അയാൾ ചാർത്തിയ സിന്ദൂരവും ഒലിച്ചു പോകുന്നത് നോക്കി കണ്ടു.. കുളിച്ചു കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോൾ അയാൾ മുറിയിൽ ഉണ്ടായിരുന്നു…

ഉള്ളിൽ സ്വരൂപിച്ചു വച്ചിരുന്ന ധൈര്യം എല്ലാം ചോർന്നു പോകുന്നത് പോലെ.. എന്നെ കണ്ടു അയാൾ ഒന്ന് ചിരിച്ചു..ഞാൻ അയാളെ ശ്രദ്ധിക്കാതെ കടന്നു പോവാൻ നോക്കി.. പക്ഷെ അയാൾ എന്റെ കയ്യിൽ പിടിച്ചു വലിച്ചു…

എന്താണ് ശ്രീഹരിയുടെ ഭാര്യ ഗായത്രീ ദേവിക്ക് ഭർത്താവിനെ ഒരു ശ്രദ്ധ ഇല്ലാത്തത്.. അയാളുടെ സ്വരത്തിൽ പരിഹാസം ഉണ്ടായിരുന്നോ..

ഞാൻ ഒന്നും മിണ്ടാതെ അയാളുടെ കൈക്കുള്ളിൽ ഇരുന്ന എന്റെ കൈ വലിച്ചെടുക്കാൻ നോക്കി…

എന്നോട് ജയിക്കാൻ ആവുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ഗായത്രീ….

എന്റെ നിസ്സഹായാവസ്ഥയിൽ കണ്ണുകൾ നിറഞ്ഞു..

അത് കണ്ടിട്ടോ എന്തോ അയാൾ കയ്യിൽ നിന്നും പിടിവിട്ടു.. ഞാൻ വേഗം പുറത്തേക്ക് നടന്നു..

അടുക്കളയിൽ മാമി ഉണ്ടായിരുന്നു.. രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുന്ന തിരക്കിൽ ആയിരുന്നു മാമി…

നിനക്ക് അടുക്കള പണി വല്ലതും അറിയാമോ ഗായത്രീ…. ഗൗരവത്തോടെ മാമി ചോദിച്ചു..

ഹ്മ്മ്…. അറിയാം… ഞാൻ മെല്ലെ പറഞ്ഞു…

ഹ്മ്മ്….ഹരിക്ക് മറ്റാരും ഭക്ഷണം തയ്യാറാക്കുന്നത് ഇഷ്ടം അല്ല… എനിക്കും.. ഇവിടെ ഇപ്പോൾ ഞാൻ ആണ് അതെല്ലാം ചെയുന്നത്… ഇനി മുതൽ നീ വേണം എല്ലാം നോക്കിയും കണ്ടും ചെയ്യാൻ… കേട്ടല്ലോ…. അവനു ഒരു കുറവും ഉണ്ടാവാൻ ഞാൻ സമ്മതിക്കില്ല..

മാമി ഗൗരവത്തോടെ പറഞ്ഞു നിർത്തി..

ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു…

ഇന്ന് എന്തായാലും നീ ഒന്നും ചെയ്യാൻ നിൽക്കണ്ട… ഭക്ഷണം എല്ലാം തയ്യാറായിട്ടുണ്ട്.. പോയി ഹരിയെ വിളിച്ചിട്ട് വരൂ…

ഞാൻ മെല്ലെ തിരിഞ്ഞു നടന്നു.. ജീവനില്ലാത്ത വണ്ണം… മുറിയിൽ എത്തിയപ്പോൾ അയാളെ കണ്ടില്ല.. കുറച്ചു നേരം മുറിയിൽ തനിച്ചു നിന്നു.. അയാളുടെ ശബ്ദം ബാൽക്കണിയിൽ നിന്നും കേട്ടപ്പോൾ അങ്ങോട്ടേക്ക് നടന്നു..

സിഗെരെറ്റിന്റെ രൂക്ഷ ഗന്ധം… ഞാൻ അറിയാതെ ചുമച്ചു പോയി… പുറത്തേക്ക് നോക്കി പുകവലിച്ചു കൊണ്ടിരുന്ന അയാൾ സിഗെരെറ്റ് താഴെ ഇട്ട് എന്നെ നോക്കി…. മാമി ഭക്ഷണം കഴിക്കാൻ വിളിക്കുന്നു..അയാളുടെ മുഖത്ത് നോക്കാതെ ഞാൻ പറഞ്ഞു.. അയാൾ ഒന്നും മിണ്ടാതെ താഴേക്ക് നടന്നു…. ആശ്വാസത്തിൽ ഞാനും.. ബന്ധുക്കൾ എല്ലാം പോയിരുന്നു.. ഞാനും അയാളും മാമിയും മാത്രം..

ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ മാമി എന്നെ മുറിയിലേക്ക് വിളിപ്പിച്ചു…

ഇത്രനാളും എങ്ങനെ ആയിരുന്നു എന്നത് പോലെ അല്ല… ഇന്ന് മുതൽ നീ ഒരു ഭാര്യ ആണ്… ഒരു വീടിന്റെ മുഴുവൻ ഉത്തരവാദിത്വങ്ങളും നിനക്കുണ്ട്… ഹരിയുടെ മുൻശുണ്ഠിയും കോപവും നിനക്ക് അറിയാമല്ലോ.. അവൻ ചെറുപ്പം മുതൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട് അതാണ്‌ അവന്റെ സ്വഭാവം ഇങ്ങനെ… ചെറുപ്പത്തിൽ അച്ഛനെ നഷ്ടപ്പെട്ടു എല്ലാവരാലും ഒറ്റപ്പെട്ടൊരു കാലമുണ്ട് അവനു… ഇന്നത്തെ ശ്രീഹരി ഇങ്ങനെ ആവാൻ അതെല്ലാം ഒരു കാരണം ആണ്.. അവന്റെ ആഗ്രഹങ്ങളും സ്വഭാവവും മനസ്സിലാക്കി നല്ലൊരു ഭാര്യ ആവണം നീ.. മാമി പറയുന്നത് നിനക്ക് മനസിലാവുന്നുണ്ടോ…

ഞാൻ എല്ലാം കേട്ടു തലയാട്ടി.. അപ്പോഴും മനസ്സ്, എന്റെ ഇഷ്ടത്തിന് ഒരു വിലയും ഇല്ലെന്നാണോ, പെണ്ണായി ജനിച്ചാൽ ഇങ്ങനെ ആണോ, സ്വന്തമായി ഒരു ആഗ്രഹവും പാടില്ലെന്നാണോ, ഭർത്താവിന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും അനുസരിച്ചു ജീവിക്കേണ്ടവളാണോ പെണ്ണ്… അത് മാത്രമാണോ പെണ്ണ്… അവളുടെ മനസ്സ് എന്താണ് മറ്റൊരു പെണ്ണിന് പോലും മനസ്സിലാക്കാനാവാത്തത് എന്നൊക്കെ തർക്കിച്ചു കൊണ്ടിരുന്നു..

ചടങ്ങുകൾ മുടക്കേണ്ട…. ഞാൻ ഒരുക്കി തരാം എന്നും പറഞ്ഞു മാമി ഈർക്കിൽ കരയുള്ള മുണ്ടും നേര്യതും എടുത്തു തന്നു… അത് ധരിച്ചു വന്ന എന്റെ മുടിയിൽ വാഴനാരിൽ കോർത്തെടുത്ത മുല്ലമൊട്ടു മാല ചൂടി തന്നു… എന്നിട്ട് അടുക്കളയിൽ ചെന്ന് ഒരു ഗ്ലാസ്സിൽ ചെറു ചൂടുള്ള പാൽ കൊണ്ട് വന്നു എന്റെ കയ്യിൽ തന്നു..

ചെല്ല്… നിനക്ക് നല്ലൊരു ഭാര്യ ആവാൻ കഴിയട്ടെ….. എന്നും പറഞ്ഞു മാമി എന്നെ മുറിയുടെ മുമ്പിൽ കൊണ്ടുവിട്ടു.

അത്ര നേരം മനസ്സിൽ തോന്നിയിരുന്ന ധൈര്യം എല്ലാം നഷ്ടമായി, തികഞ്ഞ ഭയത്താൽ ഞാൻ മുറിയിലേക്ക് കാലെടുത്തു വച്ചു….

തുടരും…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *