കാലം കാത്തുവച്ചത് ~ ഭാഗം 18, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

നിറുകയിൽ ഹരിയേട്ടൻ ചാർത്തിയ കടും ചുവപ്പ് നിറമുള്ള കുങ്കുമത്തിലേക്ക് കൊതിയോടെ നോക്കി സൂര്യൻ കടലിലേക്കാഴ്ന്നിറങ്ങി..

മാനത്തു ചുവപ്പ് രാശികൾ മാഞ്ഞു ഇരുൾ പടരുവാൻ ആരംഭിച്ചെങ്കിലും വഴി വാ ണിഭക്കാരുടെ വെളിച്ചങ്ങളാൽ രാത്രിയുടെ ആലസ്യം തോന്നിയതെ ഇല്ല..

കൈകൾ കോർത്തു മണലിലൂടെ നടന്നു… എങ്ങോട്ടേക്കെന്നനു ഞാൻ ചോദിച്ചില്ല… അറിയാൻ ആഗ്രഹം തോന്നിയില്ല… എവിടേക്കാണെങ്കിലും കൂടെ ഉണ്ടായാൽ മതി…

കാലിൽ കിടന്ന ചപ്പൽ അഴിച്ചു ഒരു കയ്യിൽ പിടിച്ചു മറു കയ്യാൽ ഹരിയേട്ടന്റെ കൈത്തണ്ടയിൽ ചേർത്ത് പിടിച്ചു പരന്നു കിടക്കുന്ന മണൽ തരികളിൽ അമർത്തി ചവിട്ടി മുന്നോട്ട് നടന്നു…

പൂഴി മണ്ണിൽ ആഴ്ന്നു പോവുന്ന കാലുകൾ വലിച്ചു വച്ചു നടക്കുമ്പോൾ നടത്തത്തിന്റെ വേഗത നന്നേ കുറഞ്ഞിരുന്നു.. മുഴുവൻ ബലവും ഹരിയേട്ടന്റെ കയ്യിൽ കൊടുത്തു നടന്നു തുടങ്ങിയപ്പോൾ ഹരിയേട്ടൻ എന്നെ നോക്കി കണ്ണുരുട്ടി…

ഒരു ചിരിയോടെ ഞാൻ പല ഇടങ്ങളിൽ ആയി വിൽപ്പനക്ക് വെച്ചിരിക്കുന്ന മാങ്ങയിലേക്കും കൈതചക്കയിലേക്കും കൊതിയോടെ കണ്ണുകൾ ചൂണ്ടി… ഭംഗിയിൽ അടുക്കുകളായി മുറിച്ചു ഉപ്പും മുളകും തൂവിയ ഒരു മാങ്ങ വാങ്ങി എന്റെ കയ്യിൽ പിടിച്ചു.. ഓരോ കഷ്ണങ്ങൾ അടർത്തി എടുത്ത് വായിലേക്ക് വച്ചു തന്നു ഹരിയേട്ടൻ. വഴിയിലൂടെ നടന്നു മുഴുവൻ കഴിച്ചു കഴിഞ്ഞപ്പോഴേക്കും റൂം എത്തിയിരുന്നു..

കുളിച്ചു വസ്ത്രം മാറ്റി താഴെ പോയി ഭക്ഷണം കഴിച്ചു… നിശ്വാസങ്ങളാൽ മാത്രം സംസാരിച്ചു ഇരുവരും മയക്കത്തിലേക്ക് വീണു..

പുലർച്ചെ അലാറം ശബ്ദം കേട്ട് ഉണർന്നപ്പോൾ ഹരിയേട്ടൻ ഉറക്കച്ചടവില്ലാത്ത കണ്ണുകളിൽ പ്രണയം നിറച്ചു എന്നെ നോക്കി… അറിയാത്തൊരു നാണം മുഖത്തും മനസ്സിലും കൂടുകൂട്ടി… ഇന്നിനി സൂര്യോദയം കാണുവാൻ പോവണോ ഗായത്രീ… പതിഞ്ഞ ശബ്ദത്തിൽ ഹരിയേട്ടൻ ചോദിച്ചപ്പോൾ എനിക്ക് മറുപടി പറയാൻ വാക്കുകൾ ഒന്നും കിട്ടിയില്ല..

എന്റെ പരിഭ്രമം ആസ്വദിച്ചു കൊണ്ട് എന്നിലേക്ക് ചേർന്നു ഹരിയേട്ടൻ… ആലസ്യം പൂണ്ട കണ്ണുകൾ വലിച്ചു തുറന്നു നോക്കിയപ്പോൾ മുറിയിൽ വെളിച്ചം നിറഞ്ഞിരുന്നു… വശത്തേക്ക് നോക്കിയപ്പോൾ ഒരു കൈകൊണ്ട് എന്നെ ചേർത്ത് പിടിച്ചു കണ്ണുകൾ അടച്ചു ശാന്തനായി ഉറങ്ങുന്ന ഹരിയേട്ടനെ കണ്ടു… മനസ്സിൽ വീണ്ടും പ്രണയം മാത്രം…

ഒരു പുഞ്ചിരിയോടെ ബെഡിൽ നിന്നും എഴുന്നേറ്റ് ബാത്‌റൂമിലേക്ക് നടന്നു…ഇന്നലെ ഹരിയേട്ടൻ തൊടുവിച്ച കുങ്കുമ ചുവപ്പ് ഇപ്പോഴും സീമന്ത രേഖയിൽ തെളിഞ്ഞു കാണാം… അത് നോക്കി നിൽക്കെ കവിളുകളും ചുവന്നു…. കുളിച്ചു പുറത്തേക്ക് വരുമ്പോഴും ഹരിയേട്ടൻ എഴുന്നേറ്റിരുന്നില്ല…

നനഞ്ഞ കൈ വിരലുകളാൽ ഇക്കിളി കൂട്ടിയപ്പോൾ ഒരു ചിരിയോടെ കണ്ണ് തുറന്നു എന്നെ നോക്കി..

ആഹാ… നല്ല കണി… എന്നും പറഞ്ഞു എഴുന്നേറ്റിരുന്നു..

ഹരിയേട്ടാ വിശക്കുന്നു… വേഗം കുളിച്ചിട്ടു വാ…

ഞാൻ കയ്യിൽ പിടിച്ചു വലിച്ചു പറഞ്ഞു… ഒട്ടും ഇഷ്ടക്കേട് കാണിക്കാതെ ഹരിയേട്ടൻ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് നടന്നു…

ഭക്ഷണം കഴിച്ചു റൂം വെക്കേറ്റ് ചെയ്തു ഇറങ്ങി.. തിരികെ വീട്ടിലേക്ക്.. രണ്ടു മൂന്ന് ദിവസങ്ങൾ ആയെ ഉള്ളൂ എങ്കിലും ഒരുപാട് ദിവസങ്ങൾ കഴിഞ്ഞ പ്രതീതി ആയിരുന്നു…

വീട്ടിലേക്ക് കയറി ചെന്ന എന്റെയും ഹരിയേട്ടന്റെയും മുഖത്ത് കണ്ട സന്തോഷം മാമിയുടെ മുഖത്തേക്കും പടർന്നു… ഓടിച്ചെന്നു മാമിയെ ചുറ്റിപിടിച്ചു കറക്കി കവിളിൽ മുത്തി ഞാൻ മുറിയിലേക്ക് ഓടി…

ഈ കുട്ടീടെ കാര്യം…. മാമി ചിരിച്ചു കൊണ്ട് പറഞ്ഞു… കന്യാകുമാരിയിൽ നിന്നും വാങ്ങിയ പ്രസാദം മമ്മിയെ ഏല്പിച്ചു ഹരിയേട്ടൻ ബാഗുമായി മുറിയിലേക്ക് വന്നു…

ഞങ്ങൾക്കിടയിലേക്ക് പ്രണയമല്ലാതെ മറ്റൊന്നും കടന്നു വന്നില്ല… അല്ലെങ്കിലും ഹരിയേട്ടൻ ഉള്ളപ്പോൾ മറ്റൊന്നിനും കടന്നു വരുന്നതിനു ധൈര്യം ഉണ്ടാവുകയില്ലല്ലോ

അടുത്ത ദിവസം ഹരിയേട്ടൻ തിരികെ പോകുമ്പോൾ ചേർത്ത് നിർത്തി ശിരസ്സിൽ ചുണ്ട് ചേർത്തു…

കാത്തിരിക്കണം… സന്തോഷത്തോടെ… നിറുകയിൽ തഴുകി പറഞ്ഞു ഹരിയേട്ടൻ എന്റെ മുഖത്തേക്ക് നോക്കി…

ഞാൻ പുഞ്ചിരിയോടെ തലയിളക്കി.

വീണ്ടും കാത്തിരിപ്പിലേക്ക് കൂപ്പു കുത്തിയപ്പോൾ മാമി ഒരു നേരം എന്നെ തനിച്ചിരുത്തിയില്ല… അടിക്കടി ഉള്ള ക്ഷേത്ര സന്ദർശനങ്ങളും പാചക പരീക്ഷണങ്ങളുമായി ദിവസങ്ങൾ മുന്നോട്ട് പോയി…

ഹരിയേട്ടൻ വരുന്ന ദിവസങ്ങളിൽ പുറത്തേക്കൊന്നും പോവാതെ മുറിയിൽ സ്വർഗം തീർത്തു കനവുകൾ കണ്ടു കൂട്ടി… അവ പെറ്റു പെരുകി ഞങ്ങൾക്കിടയിൽ കുസൃതികൾ കാണിച്ചു…

അങ്ങനിരിക്കെ നേരം നന്നായി പുലർന്നിട്ടും എഴുന്നേൽക്കാൻ വയ്യാത്ത വിധം ക്ഷീണം തോന്നി… താഴെ നിന്നും മാമിയുടെ ശബ്ദം കേട്ടപ്പോൾ ഒരുവിധം എഴുന്നേറ്റു താഴേക്ക് പോയി.. അടുക്കളയിൽ എത്തിയപ്പോഴേക്കും കാലുകൾ ചതിച്ചു… കുഴഞ്ഞ കാലുകളിൽ ശരീരം ഉറച്ചു നിൽക്കാതെ തറയിലേക്ക് വെട്ടിയിട്ട പോലെ ശബ്ദത്തോടെ മറിഞ്ഞു വീണു..

ഭയന്നു പോയ മാമി ഓടി അരികിൽ വന്നു മുഖം എടുത്തു മടിയിൽ വച്ചു പതിയെ തട്ടി വിളിച്ചു.. കണ്ണ് തുറക്കാതായപ്പോൾ കുറച്ചു വെള്ളം എടുത്തു മുഖത്ത് കുടഞ്ഞു… കണ്ണുകൾ ചിമ്മി തുറന്നപ്പോൾ മാമിയുടെ മുഖത്തെ പരിഭ്രമം നന്നേ കുറഞ്ഞു…

കുഞ്ഞീ നീ പേടിപ്പിച്ചു കളഞ്ഞല്ലോ…. കവിളിൽ പതിയെ തട്ടി മാമി പറഞ്ഞു.. ഞാൻ കൈകൾ തറയിൽ കുത്തി പതിയെ എഴുന്നേറ്റു.. മാമി തോളിൽ പിടിച്ചു എന്നെ സഹായിച്ചു..

എന്താ പറ്റിയെ കുഞ്ഞീ…

എന്തോ നല്ല ക്ഷീണം തോന്നുന്നു മാമീ… ചടവോടെ പറഞ്ഞു ഞാൻ അടുക്കളയിലെ സ്ലാബിൽ ചാരി നിന്നു…

ഡോക്ടറേ കാണാൻ പോവാം കുഞ്ഞീ… നീ പോയി കുളിച്ചു വാ… അല്ലെങ്കിൽ വേണ്ടാ… താഴെ കുളിച്ചാൽ മതി.. ഞാൻ പോയി മാറിയുടുക്കാനുള്ള തുണി എടുത്തു വരാം.. അപ്പോഴേക്കും ഈ കാപ്പി കുടിക്ക് ക്ഷീണം കുറയട്ടെ… അതും പറഞ്ഞു മാമി ഒരു ഗ്ലാസ്‌ കാപ്പി എന്റെ അടുക്കലേക്ക് നീക്കി വച്ചു മുകളിലേക്ക് പോയി..

പരിചയത്തിലുള്ള ഒരു ടാക്സി വിളിച്ചു അടുത്തുള്ള ഹോസ്പിറ്റലിലേക്കാണ് പോയത്…. ഡോക്ടറേ കണ്ടു പരിശോധിക്കുമ്പോഴെല്ലാം മാമി എന്റെ കൂടെ നിന്നു..

ഒടുവിൽ അക്കാര്യം ഡോക്ടർ എന്നോടും മാമിയോടും ഒരു പുഞ്ചിരിയോടെ പറയുമ്പോൾ അത് പ്രതീക്ഷിച്ചിരുന്നു എന്ന വണ്ണം മാമി എന്നെ ചേർത്തു പിടിച്ചു.. എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… സന്തോഷം കൊണ്ട്…. മടക്കത്തിൽ അറിയാതെ എന്റെ കൈകൾ വയറിനു കുറുകെ ചേർത്ത് വച്ചു.. വാഹനത്തിന്റെ വേഗതയിൽ മാറ്റം വരുമ്പോൾ ഉള്ളിലുള്ള എന്റെയും ഹരിയേട്ടന്റെയും ജീവനെ പൊതിഞ്ഞു പിടിച്ചു സംരക്ഷിക്കാൻ കൈകൾ ഞാൻ പോലും അറിയാതെ മുന്നോട്ട് നീണ്ടുകൊണ്ടിരുന്നു… എന്നിലെ അമ്മ ജനിച്ചു…

ഒരു ജീവൻ ഉള്ളിൽ നാമ്പിട്ടു എന്ന അറിവിൽ പോലും സ്ത്രീയിലെ അമ്മ ജന്മം കൊള്ളും… കുഞ്ഞിന്റെ വളർച്ചക്കൊപ്പം അമ്മയുടെ കുഞ്ഞു കാലടികളും പിച്ച വച്ചു നടക്കും…

രൂപം പോലും മനസ്സിൽ സങ്കല്പിക്കാതെ ഞാൻ ആ തപസ്സിന് മനസ്സിനെ സജ്ജമാക്കി..

വീട്ടിൽ എത്തിയപ്പോൾ മാമിയെ പറഞ്ഞു ചട്ടം കെട്ടി.. ഹരിയേട്ടനെ അറിയിക്കരുത് എന്ന്… എന്റെ മനസ്സിലെ ആഗ്രഹം മനസ്സിലാക്കി എന്നോണം മാമി ചിരിയോടെ തലയിളക്കി… പിന്നീടങ്ങോട്ട് മാമിയുടെ ആജ്ഞകൾ അനുസരിക്കുക മാത്രം ആയിരുന്നു എന്റെ ജോലി…

ഹരിയേട്ടൻ ഇല്ലാത്തപ്പോൾ മാമിയുടെ മുറിയിൽ കിടന്നാൽ മതിയെന്നും ഭാരമുള്ള ഒന്നും ചെയ്യരുതെന്നും പറയുമ്പോൾ പഴയ കർക്കശക്കാരി എത്തി നോക്കിയിരുന്നോ…

മേശ നിറയെ വിവിധങ്ങളായ പലഹാരങ്ങൾ കൊണ്ട് നിറച്ചു എന്നെ കഴിപ്പിക്കുകയും പുരാണ കഥകൾ പറഞ്ഞു തരികയും ചെയ്തിരുന്നു മാമി….

ഹരിയേട്ടൻ ഫോൺ ചെയ്തപ്പോൾ പഴയത് പോലെ എന്റെ നിശ്വാസങ്ങളിൽ പരിഭവത്തേക്കാൾ മറ്റൊരു ഭാവം നിറഞ്ഞത് ഹരിയേട്ടൻ അറിഞ്ഞിരുന്നോ…

കാത്തിരിപ്പിന് ഇപ്പോൾ വലിയ മധുരമാണ്… ഒരാഴ്ചത്തെ വേർപിരിയലിന് ശേഷം എന്നിലേക്ക് ഓടി അണയുന്ന ഹരിയേട്ടന് നൽകാൻ ഇതിലും വലിയ സമ്മാനം എന്താണുള്ളത്…

പതിവ് പോലെ ഹരിയേട്ടനെ കാത്തിരിക്കുമ്പോൾ മാമി വന്നു ശാസിച്ചു… ഇനി ഇങ്ങനെ സന്ധ്യ മയങ്ങിയാൽ പുറത്തു വന്നിരിക്കരുത് കുഞ്ഞീ.. കണ്ണുപെടും….

ഞാൻ മാമിയെ നോക്കി കണ്ണിറുക്കി ചിരിച്ചു.. എന്റെ ആ ഒരു ചിരിയിൽ മയങ്ങി മാമി ചാരുപടിയിൽ എനിക്കരികിലായി ഇരുന്ന് എന്നെ ആ ദേഹത്തേക്ക് ചേർത്തു…

സന്ധ്യക്ക്‌ കാച്ചെണ്ണ തേച്ചു കുളിച്ചു ഉണങ്ങാതിരുന്ന മുടിയിലെ ഉടക്കുകൾ കൈ വിരലുകൾ തീർത്തു കൊണ്ടിരുന്നു മാമി..

മുറ്റത്തു വന്നു നിന്ന കാറിൽ നിന്നും ഹരിയേട്ടൻ ഇറങ്ങിയപ്പോൾ എന്നത്തേയും പോലെ ഞാൻ അരികിലേക്ക് പാഞ്ഞു ചെല്ലാതിരുന്നതിൽ പരിഭവത്തോടെ എന്നെ നോക്കി… ഞാൻ കുസൃതി നിറഞ്ഞ ചിരിയോടെ ചാരുപടിയിൽ നിന്നും പതിയെ എഴുന്നേറ്റു..

ഹരിയേട്ടൻ എന്റെ നേർക്ക് നീട്ടിയ കനമുള്ള കവറുകൾ എനിക്ക് മുന്നേ വാങ്ങി മാമി അകത്തേക്ക് നടന്നു.. പതിവുകൾ തെറ്റിയതിൽ മുഖം വീർപ്പിച്ചു ഹരിയേട്ടനും നടന്നു അകത്തേക്കു… ഒരു ചിരിയോടെ പുറകിലായി ഞാനും പോയി.. മുകളിലേക്ക് കയറിപ്പോയ ഹരിയേട്ടനെ നോക്കി ഹരിയേട്ടൻ കൊണ്ട് വന്ന കവറുകളിലെ മധുര പലഹാരങ്ങൾ എടുത്തു പുറത്ത് നിരത്തി വച്ചു… നല്ല നെയ്യിന്റെ മണമൂറുന്ന മൈസൂർ പാക്ക് പകുതിയോളം കടിച്ചെടുത്തു ആസ്വദിച്ചു നുണഞ്ഞു മുകളിലേക്ക് നടന്നു.. മുറിയിൽ മുഖം വീർപ്പിച്ചു നിൽക്കുന്ന ഹരിയേട്ടനെ കണ്ടു വന്ന ചിരി പിടിച്ചു നിർത്താനായില്ല… ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു…

എന്താടീ ആളെ കളിയാക്കുവാണോ… കുറച്ചു ദേഷ്യത്തിൽ ആണ് ചോദ്യം.. ഞാൻ വീണ്ടും ചിരിച്ചു…

അടുത്തേക്ക് വന്നു മുഖത്തേക്ക് ഉറ്റു നോക്കി.. കയ്യിലുള്ള പാതി മൈസൂർ പാക് ഹരിയേട്ടന് നേരെ നീട്ടി ഞാൻ ചോദിച്ചു..

കണ്ണുകളിൽ സംശയം നിറച്ചു എന്നെ നോക്കി നിൽക്കെ ആ കൈകൾ എടുത്തു ഞാൻ എന്റെ വയറിനോട് ചേർത്ത്… കുഞ്ഞന് മധുരം ഇഷ്ടം ആണെന്നു തോന്നുന്നു…

എന്റെ വാക്കുകൾ മനസ്സിലാവാതെ ഒരു നിമിഷം നിന്ന ഹരിയേട്ടൻ മറു നിമിഷം കണ്ണുകൾ നിറച്ചു എന്നെ വാരിപ്പുണർന്നു….

തുടരും……

Related Posts

Leave a Reply

Your email address will not be published. Required fields are marked *