കാലം കാത്തുവച്ചത് ~ ഭാഗം 19, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

എത്ര നേരം അങ്ങനെ നിന്നു എന്ന് അറിയില്ല.. കൈകൾ അയച്ചു ഹരിയേട്ടൻ എന്റെ മുഖത്തേക്ക് ഉറ്റുനോക്കി..

ഒരു അച്ഛൻ ആകുവാൻ പോകുന്നതിന്റെ എല്ലാ സന്തോഷവും ആ മുഖത്ത് തെളിഞ്ഞു കാണാം…

നെറുകയിൽ അമർന്ന ചുണ്ടുകൾക്കൊപ്പം നെറ്റിയിൽ കണ്ണുനീരിന്റെ നനവും പടർന്നു..

അത് എത്ര മാത്രം ഹരിയേട്ടനും ഒരു കുഞ്ഞിനെ ആഗ്രഹിച്ചിരുന്നു എന്നത് എന്നെ അറിയിച്ചു..

പിന്നീടങ്ങോട്ട് ഹരിയേട്ടനും മാമിയും തമ്മിൽ മത്സരം ആയിരുന്നു… എനിക്ക് ഇഷ്ടം ഉള്ളതെല്ലാം മുന്നിലേക്ക് ആദ്യം കൊണ്ട് വരുന്നതിനു..

മാമിയുടെയും ഹരിയേട്ടന്റെയും സ്നേഹവും വാത്സല്യവും നല്ല വണ്ണം അനു ഭവിച്ചിട്ടും എന്തോ അമ്മയെ കാണാൻ തോന്നി… ആ മടിയിൽ തല ചായ്ച്ചു ഒന്ന് കിടക്കാൻ തോന്നി..

അതങ്ങനെയല്ലേ… സ്വന്തം അമ്മയുടെ മടിത്തട്ടിനെക്കാൾ സ്വർഗമായി മറ്റെന്തുണ്ട്… മറ്റെല്ലാം ഉണ്ടെങ്കിലും അമ്മയുടെ സ്നേഹവും കരുതലും കൊതിക്കുന്ന ചില നിമിഷങ്ങൾ ഉണ്ട്… അവയുടെ അർത്ഥം തനിച്ചാക്കപ്പെട്ടു വെന്നോ സ്നേഹം ലഭിക്കുന്നില്ല എന്ന് ഒന്നുമല്ല… എല്ലാം ഉണ്ടെങ്കിലും ഒന്നും ഇല്ലെങ്കിലും ആ ചൂട് പറ്റാൻ ഉള്ളിൽ ഒരു കുഞ്ഞു ഇപ്പോഴും ഉണ്ടെന്നാണ്… അതെത്ര നമ്മൾ വളർന്നാലും….

ആഗ്രഹം ഹരിയേട്ടനോട് തുറന്നു പറയുകയും ചെയ്തു… പോയാൽ ഉടൻ മടങ്ങണം എന്ന നിബന്ധനയിൽ കൊണ്ട് പോകുവാൻ സമ്മതിച്ചു.. പോകും വഴി ടൗണിലെ തുണിക്കടയിൽ കയറി അമ്മക്കും അച്ഛനും ഗൗതമനും അച്ഛമ്മക്കു മെല്ലാം തുണികൾ എടുത്തു… വീടെത്തും തോറും മനസ്സിൽ സന്തോഷം കുമിഞ്ഞു കൂടി… ഒരു മാറ്റവുമില്ലാതെ പടിപ്പുര എന്നെയും കാത്ത് കിടപ്പുണ്ടായിരുന്നു..

ഉമ്മറത്തു ചാരു കസേരയിൽ കിടന്നിരുന്ന അച്ഛൻ കാർ വന്നു നിന്നത് കണ്ടു എഴുന്നേറ്റു

ഞാനും ഹരിയേട്ടനും ഇറങ്ങുന്നത് കണ്ടു അകത്തേക്ക് നോക്കി അമ്മയെ വിളിച്ചു..

നേര്യതിന്റെ തുമ്പിൽ കൈ തുടച്ചു ഉമ്മറത്തേക്ക് വന്ന അമ്മ എന്നെ കണ്ടതും കണ്ണ് നിറച്ചു.. ഞാൻ ഓടി പോയി അമ്മയെ ചുറ്റി പിടിച്ചു…

എന്നെയും കൂട്ടി അകത്തേക്ക് അമ്മ നടക്കുമ്പോൾ ഉമ്മറത്തേക്ക് കയറിയ ഹരിയേട്ടൻ അച്ഛനോട് വിശേഷം പറയുന്നുണ്ടായിരുന്നു..

അവനു നിന്നോട് സ്നേഹമുണ്ടോ കുഞ്ഞീ… പരിഭ്രമത്തിൽ കുതിർന്ന ചോദ്യം കേട്ടു ഞാൻ പുഞ്ചിരിച്ചു … എന്റെ പുഞ്ചിരിയിൽ അമ്മക്കുള്ള മറുപടി ഉണ്ടായിരുന്നു.. അതിൽ അമ്മയുടെ മനസ്സ് നിറഞ്ഞു…

പിന്നെ അമ്മേ… എനിക്ക് പറയാൻ ലജ്ജ തോന്നി….

എന്താ കുഞ്ഞീ…. കുനിഞ്ഞിരിക്കുന്ന എന്റെ മുഖം പിടിച്ചു ഉയർത്തി അമ്മ പരിഭ്രമത്തോടെ ചോദിച്ചു…

വാക്കുകളാൽ മറുപടി നല്കാനാവാതെ ഞാൻ വലഞ്ഞു..

പറയ് കുഞ്ഞീ…..

അമ്മ വീണ്ടും നിര്ബന്ധിക്കവെ അമ്മയുടെ കൈകൾ എടുത്തു ഞാൻ വയറിലേക്ക് ചേർത്തു…

ഞെട്ടലോടെ അമ്മ എന്റെ മുഖത്തേക്ക് നോക്കി.. ആണോ…. അമ്മയുടെ ശബ്ദത്തിൽ ഇടർച്ച ഉണ്ടായിരുന്നു…

ഉം… ഞാൻ അമ്മയുടെ മുഖത്ത് നോക്കാതെ മൂളി..

അമ്മ എന്നെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഉമ്മ വച്ചു…

ചെല്ല് അച്ഛമ്മ അകത്തുണ്ട്… അറിഞ്ഞിട്ടില്ല നീയും ഹരിയും വന്നത്. ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെ…

അമ്മ അടുക്കളയിലേക്ക് പിടഞ്ഞു നടന്നപ്പോൾ ഞാൻ അച്ഛമ്മയുടെ മുറിയിലേക്ക് പോയി… കട്ടിലിനു അരികിൽ ഇരിപ്പുള്ള വെറ്റില ചെല്ലം എടുത്ത് കിടക്കയിലേക്ക് വേച്ചു നല്ല തളിർ വെറ്റിലയിൽ ചുണ്ണാമ്പ് കുറ്റിയുടെ അടപ്പിലുള്ള കോലു കൊണ്ട് ചുണ്ണാമ്പ് തേക്കുകയാണ് അച്ഛമ്മ..

അച്ഛമ്മേ…. വിളിച്ചു കൊണ്ട് അരികിലേക്കു ചെന്നപ്പോൾ വെറ്റിലയും ചെല്ലവും മേശയിലേക്ക് വച്ചു അച്ഛമ്മ എന്നെ കൈകൾ കൊണ്ട് മാടി വിളിച്ചു..

കുഞ്ഞീ…… എന്റെ മോളെ കാണാതെ അച്ഛമ്മക്ക് എന്ത് മനപ്രയാസം ആയിരുന്നെന്നോ…

കല്യാണം കഴിഞ്ഞപ്പോ അച്ഛമ്മയെ ഒക്കെ മറന്നു അല്ലെ…. പരിഭവിച്ച അച്ഛമ്മയുടെ കവിളിൽ പിടിച്ചു വലിച്ചു.. ആ മാറിലേക്ക് ചാഞ്ഞു കട്ടിലിൽ കിടന്നു..

അച്ഛമ്മ ചിരിയോടെ എന്റെ മുടിയിലേക്ക് കൈ കടത്തി ഉടക്കുകൾ വിടർത്താൻ തുടങ്ങി..

അച്ഛമ്മേ മുൻവശത്തെ ആ പല്ലും പോയോ…

പല്ലില്ലാത്ത മോണ കാണിച്ചു ചിരിച്ച അച്ഛമ്മയെ നോക്കി ഞാൻ ചോദിച്ചു…

ആ അതങ്ങു പറച്ചു കളഞ്ഞു…

അശ്ശോ… ഇനി പേരക്കുട്ടി വരുമ്പോ അച്ഛമ്മയെ പല്ലില്ലാത്ത മുത്തശ്ശി എന്ന് വിളിക്കുമല്ലോ… ഞാൻ കുസൃതി നിറഞ്ഞ ചിരിയോടെ അച്ഛമ്മയോട് പറഞ്ഞു…

ഏ….ഉള്ളതാണോ കുഞ്ഞീ…

അച്ഛമ്മയുടെ കൈകൾ നിശ്ചലമായി…

ഞാൻ അച്ഛമ്മയുടെ മാറിൽ മുഖം ചേർത്ത് തലയിളക്കി..

തൊലിപുറം ചുളുങ്ങിയ കൈകളാൽ എന്റെ മുഖം ഉയർത്തി അച്ഛമ്മ ചോദ്യത്തോടെ നോക്കി…

ഞാൻ പിടഞ്ഞെഴുന്നേറ്റ് പറഞ്ഞു… അതേ അച്ഛമ്മക്ക് ഒരു പേരക്കുട്ടി വരുന്നു മുത്തശ്ശി എന്ന് വിളിക്കുവാൻ…

അച്ഛമ്മയുടെ മുന്നിൽ നിൽക്കുവാൻ ആവാതെ ഞാൻ അടുക്കളയിലേക്ക് ഓടി…

ഓടി അണച്ചു ചെന്നപ്പോൾ അമ്മ വഴക്ക് പറഞ്ഞു… എന്റെ കുഞ്ഞീ കുറച്ചു നാൾ ഇങ്ങനെ ദേഹം അനക്കി ഓടുകയൊന്നും ചെയ്യരുത്…

ഹ്മ്മ്… മൂളി കൊണ്ട് ഞാൻ അമ്മ എടുത്തു വച്ച കൊഴുക്കട്ട കയ്യിൽ എടുത്തു….

ഊഫ്‌…. ചൂട് കൂടിയതിനാൽ കൈകളിലേക്ക് മാറി മാറി പിടിച്ചു അതിലേക്ക് ഊതി….

ഈ പെണ്ണിന്റെ ഒരു കാര്യം.. പതുക്കെ കഴിക്ക് കുഞ്ഞീ… ചൂടൊന്ന് ആറട്ടെ…. അധികം ചൂടുള്ളതും തണുത്തതും ഒന്നും കഴിക്കരുത് കേട്ടോ…

അമ്മയുടെ ഉപദേശങ്ങൾക്ക് ചെവി കൊടുക്കാതെ ഞാൻ കൊഴുക്കട്ട കൈ കൊണ്ട് അടർത്തി ഉള്ളിൽ നിന്നും vശർക്കരയും നാളികേരവും ഏലക്കയും ചേർത്ത് കുഴച്ചു വച്ചത് എടുത്തു വായിലിട്ടു..

വെന്ത അരിപ്പൊടിയും ഏലക്കായും ശർക്കരയും നാളികേരവും ഓക്കെ കൂടി ചേർന്ന ഗന്ധം വായുവിൽ നിറഞ്ഞു.. കൈ വിരലിൽ പറ്റി നിന്ന മധുരം നാവിൻ തുമ്പിൽ പുരട്ടി…

ഉമ്മറത്തേക്ക് ചായയും ആയി പോയ അമ്മ തിരികെ വന്നപ്പോൾ എന്റെ തലയിൽ തലോടി ഒന്നും മിണ്ടാതെ മുഖത്തേക്ക് നോക്കി ഇരുന്നു..

അമ്മേ പുറകിലെ പേരയിൽ പേരക്ക ഉണ്ടോ… ചോദിച്ചു കൊണ്ട് അടുക്കള വരാന്തയിലേക്ക് നടന്നു.. പുറം പണിക്കരോട് പേരക്ക പറിച്ചെടുക്കാൻ പറഞ്ഞു അമ്മ അരതിണ്ണയില് ഇരുന്നു.. ഞാൻ താഴെ ചവിട്ടു പടിയിൽ ഇരുന്നു അമ്മയുടെ മടിയിലേക്ക് തല ചായ്ച്ചു… മുടി അഴിച്ചു അമ്മ തലയിൽ വിരലോടിച്ചു…സുഖകരമായ വിരലുകളുടെ തലയോട്ടിയിലെ സ്പര്ശനത്തിൽ മുഴുകി ഞാൻ കണ്ണുകൾ അടച്ചു…

വല്ലാത്തൊരു മാന്ത്രികത ആണ് തലയോട്ടിയിൽ തടവുന്ന അമ്മയുടെ വിരലുകൾക്ക്… പണിക്കാർ കൊണ്ട് വന്ന പേരക്ക കഴുകാൻ പോലും നില്കാതെ കടിച്ചെടുക്കുമ്പോൾ അമ്മക്ക് അതിശയം ആയിരുന്നു.. എത്രയായി കുഞ്ഞീ…

ഒന്നര മാസം…

ശര്ദില് ഒന്നും ഇല്ലല്ലോ…. അമ്മയുടെ ചോദ്യത്തിൽ ആശങ്ക കലർന്നിരുന്നു..

ഇല്ല അമ്മേ…. ഇടയ്ക്കു നല്ല ക്ഷീണം തോന്നും… പിന്നെ മാമിയും ഹരിയേട്ടനും എല്ലായ്‌പോഴും ഇഷ്ടം ഉള്ളതെല്ലാം ചെയ്തു തരും… ഒന്ന് അനങ്ങാൻ പോലും സമ്മതിക്കില്ല… നിർത്താതെയുള്ള എന്റെ സംസാരത്തിൽ എനിക്ക് മാമിയോടും ഹരിയേട്ടനോടും ഉള്ള സ്നേഹം അമ്മ കണ്ടറിഞ്ഞു.. അമ്മയുടെ ചുണ്ടിലും ചിരി വിരിഞ്ഞു… ഇപ്പൊ നല്ല വിശപ്പാണ്…

എന്ത്‌ കിട്ടിയാലും കഴിക്കും..

അതെന്തായാലും നന്നായി… ചിലർക്കൊക്കെ ശര്ദില് കാരണം ഒന്നും കഴിക്കാൻ പറ്റില്ല…

ഇപ്പോ ഇല്ലന്ന് വച്ചാലും കുറച്ചു കഴിഞ്ഞു ശര്ദില് വരാം… ശ്രദ്ധിച്ചോളൂ കുഞ്ഞീ…
കരുതലോടെ അമ്മ പറഞ്ഞു…

ഏറെ നേരം അമ്മയുടെ അടുത്തിരുന്നു… അടുക്കളയിലേക്കു വന്ന ഹരിയേട്ടൻ പോവാം എന്ന് പറഞ്ഞപ്പോഴാണ് അവിടെ നിന്നും എഴുന്നേറ്റത്…

കുറച്ചു നേരം കൂടി നിൽക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും ഹരിയേട്ടന്റെ പിണക്കം കാണാതിരിക്കാൻ പോവാമെന്ന് പറഞ്ഞു..

അച്ഛമ്മയോടും അമ്മയോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ അച്ഛൻ അരികിൽ വന്നു… ശ്രദ്ധിക്കണം കേട്ടോ എന്ന് കരുതലോടെ പറഞ്ഞു…

ഉം…. ഞാൻ ഒന്ന് മൂളി… പടിയിറങ്ങുമ്പോൾ ഹരിയേട്ടൻ എന്നെ ചേർത്ത് പിടിച്ചിരുന്നു… തിരികെ ഉള്ള യാത്രയിൽ മനസ്സ് ഒരു ഓട്ട പ്രദക്ഷിണം നടത്തി കഴിഞ്ഞ കാലത്തിലൂടെ…

എനിക്ക് നൽകിയ ദുഃഖങ്ങൾക്ക് പകരമായി ഇപ്പോൾ നിറയെ സന്തോഷം കൊണ്ട് മൂടുകയാണ് ജീവിതം…. എത്രത്തോളം സന്തോഷിക്കുന്നുണ്ടെന്ന് പറഞ്ഞു അറിയിക്കാൻ കഴിയില്ല… അത്രത്തോളം സന്തോഷം ഉണ്ട് മനസ്സിൽ…

തിരികെ വീട്ടിൽ എത്തിയപ്പോൾ മാമി എന്തൊക്കെയോ പലഹാരങ്ങൾ തയ്യാറാക്കി വച്ചിരുന്നു.. ആരെയും നോക്കാതെ എല്ലാം എടുത്ത് ആസ്വദിച്ചു കഴിക്കുമ്പോൾ ഹരിയേട്ടൻ അത്ഭുതത്തോടെ നോക്കി നിന്നു.. പതുക്കെ കഴിക്ക്…. മുഴുവനും നിനക്കുള്ളത് തന്നെയാണ് കളിയായി ഹരിയേട്ടൻ പറഞ്ഞപ്പോൾ

ഞാൻ പരിഭവത്തോടെ മാമിയെ നോക്കി… ഈ സമയത്ത് ഇങ്ങനെ ഒക്കെ ആണ്… എന്റെ മോള് കഴിച്ചോ.. അവനെ നോക്കണ്ട.. മാമി എന്റെ അരികിലേക്ക് കസേര വലിച്ചിട്ടു ഇരുന്നു.. ഒരൽപ്പം അസൂയയോടെ ഹരിയേട്ടൻ ഞങ്ങളെ നോക്കി നിന്നു….

നാളെ നിനക്ക് പോവണ്ടേ ഹരീ..

മാമിയുടെ ചോദ്യം ആണ് എന്റെ ശ്രദ്ധ തിരിച്ചത്

ആ പോവണം…. ഞാൻ ഇനി ആഴ്ചയിൽ ഉള്ള വരവ് നിർത്തിയാലോ എന്നാ ആലോചന…

ഞാൻ ഞെട്ടി ഹരിയേട്ടനെ നോക്കി.. ഒരു നിമിഷം പോലും ഇപ്പോൾ പിരിഞ്ഞു ഇരിക്കുവാൻ കഴിയുന്നില്ല… എന്നിട്ടാണോ ഇങ്ങനെ പറഞ്ഞത്…

എന്നും പോയി വന്നാലോ എന്നാ…. രാവിലെ കുറച്ചു നേരത്തെ ഇറങ്ങി രാത്രി വൈകി എത്താം… കുറച്ചു ബുദ്ധിമുട്ട് ആണെങ്കിലും പിരിഞ്ഞു നിൽക്കണ്ടല്ലോ… ഗായത്രിയുടെ ഈ അവസ്ഥയിൽ ഞാൻ ഇവിടെ ഇല്ലെങ്കിൽ ശരിയാവില്ല അമ്മേ..

ഹരിയേട്ടൻ പറഞ്ഞത് മാമി ശരി വച്ചപ്പോൾ എന്റെ മനസ്സ് ഹരിയേട്ടന്റെ മനസ്സിനെ മനസ്സിലാക്കിയിരുന്നു…

ഇനി ഒരു ദിവസം പോലും നിന്നെ പിരിഞ്ഞിരിക്കാൻ വയ്യ പെണ്ണെ എന്ന് എന്റെ കയ്യിൽ അമർന്ന ഹരിയേട്ടന്റെ കൈകൾ എന്നോട് പറഞ്ഞുകൊണ്ടിരുന്നു

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *