കാലം കാത്തുവച്ചത് ~ ഭാഗം 23, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

കനത്ത മഴയില്‍ കുതിര്‍ന്നു ദേഹത്തും കയ്യിലും പുരണ്ട രക്തം ഒരിറ്റുപോലും അവശേഷിപ്പിക്കാതെ ഒഴുകി പോയി…പക്ഷേ മനസ്സില്‍ പുരണ്ട രക്തക്കറയും, ഗായത്രിയുടെ ജീവനറ്റ കണ്ണുകള്‍ കൊണ്ടു മനസ്സില്‍ ഉണ്ടായ മുറിവും കൂടുതല്‍ തെളിമയോടെ നിന്നു..

തല കുനിച്ചു ആ കടത്തിണ്ണയിൽ ഇരിക്കുമ്പോൾ ഗായത്രിയുടെ കണ്ണിൽ കണ്ട മരവിപ്പിൽ മരിച്ചു വീണാൽ മതിയായിരുന്നു എന്നാണ് മനസ്സിൽ തോന്നിയത്…

മഴയിൽ ബോധമില്ലാതെ രണ്ടു ജീവൻ അറ്റ ശരീരങ്ങൾക്കിടയിൽ കിടക്കുന്ന എന്റെ ജീവനെ കയ്യെത്തി തൊടാനോ വാരിയെടുക്കാനോ കഴിയാത്ത വിധം ഞാനും മൃത പ്രായൻ ആയിരുന്നു..

മഴ നേർത്തു തുടങ്ങിയപ്പോൾ വന്നു നിന്ന ആംബുലൻസിലേക്ക് ഗായത്രിയെയും അമ്മാവനെയും ഞാൻ കൊലപ്പെടുത്തിയ ആളെയും ആരൊക്കെയോ ചേർന്ന് എടുത്തു കയറ്റി… മുഴക്കമുള്ള ശബ്ദം പുറപ്പെടുവിച്ചു ആംബുലൻസ് എന്റെ മുന്നിലൂടെ അതി വേഗം പാഞ്ഞു…

എന്റെ കണ്ണിൽ നിന്നും മഴയിലേക്ക് കണ്ണുനീര് തുള്ളികൾ ഇറ്റു വീണു…

എന്റെ തെറ്റ്…. എന്റെ വലിയ തെറ്റ്…

പോലീസ് ജീപ്പ് വന്ന് നിൽക്കുന്നതും എന്റെ കയ്യിൽ വിലങ്ങണിയിച്ചതും ഞാൻ അറിഞ്ഞില്ല.. ജീപ്പിനു പുറകിലെ സീറ്റിൽ തല കുനിച്ചു ഇരികുമ്പോഴും മനസ്സ് നിറയെ ഗായത്രി ആയിരുന്നു…. അവളുടെ ഉദരത്തിലെ ഞങ്ങളുടെ കുഞ്ഞായിരുന്നു.. എന്നെ വിരൽ പിടിച്ചു നടത്തിയ അമ്മാവന്റെ കണ്ണുകളിലെ പിടച്ചിൽ ആയിരുന്നു…

***************

ബോധം തെളിയുമ്പോൾ ആശുപത്രിയിൽ ആയിരുന്നു… ഒരു നൊടിക്കു ശേഷം യാഥാർഥ്യത്തിലേക്ക് വന്നപ്പോൾ മനസ്സിലേക്ക് ഓടി വന്നത് ജീവന് വേണ്ടി പിടയുന്ന രണ്ടു ശരീരങ്ങളും, ഒരു ഉന്മാദിയേ പോലെ കയ്യിൽ രക്തം പുരണ്ട കത്തിയുമായി നിൽക്കുന്ന ഹരിയേട്ടനെയും ആണ്.. ഒരു പിടച്ചിലിനു ബെഡിനു താഴേക്കിറങ്ങി… റൂമിൽ ഉണ്ടായിരുന്ന നേഴ്സ് പുറത്തേക്ക് ഓടുന്നതിൽ നിന്നും എന്നെ പിടിച്ചു വച്ചു… അകന്ന ചില ബന്ധുക്കൾ വന്നിരുന്നു… അവരുടെ കൂടെ വീട്ടിലേക്ക് പുറപ്പെട്ടു…

കാർ പടിപ്പുരക്ക് മുന്നിൽ നിന്നു.. കൂടെയുള്ള സ്ത്രീകൾ ഇരു വശത്തു നിന്നു കയ്യിൽ പിടിച്ചു പടി കടത്തി… മുറ്റം നിറയെ ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു.. ഞാൻ പ്രജ്ഞയറ്റവളെ പോലെ യാന്ത്രികമായി ചലിച്ചു… മുന്നിൽ നിന്നവർ വഴി മാറി തന്നു..

പൂമുഖത്തു നിവർന്നു കിടക്കുന്ന അച്ഛന്റെ കാൽക്കൽ റീത്തുകൾ കൂമ്പാരം ആയിരിപ്പുണ്ട്.. തലക്കൽ കത്തിച്ചു വെച്ചിരിക്കുന്ന നിലവിളക്ക്…. കണ്ണിൽ നിന്നും ഒരിറ്റു കണ്ണീർ പോലും വന്നില്ല… തീർത്തും നിർവികാരയായി ഞാൻ ഏതാനും നിമിഷം നിന്നു… അകത്തു അമ്മ അഴിഞ്ഞുലഞ്ഞ മുടിയും കണ്ണീർ ചാലുകൾ തെളിഞ്ഞ കവിളുമായി അവശയായി ഇരിക്കുന്നുണ്ടായിരുന്നു.. അമ്മയുടെ അരികിലേക്ക് പതറുന്ന കാലടികളോടെ നടന്നു.. അരികിലേക്കു ഇരുന്നു ആ ചുമലിലേക്ക് തല ചായ്ച്ചു…. എന്നെ അറിഞ്ഞതും അമ്മ ഏങ്ങി കരഞ്ഞു..

വിതുമ്പലുകൾക്കൊപ്പം അമ്മയുടെ മനസ്സിലെ അച്ഛന്റെ സ്ഥാനം ഞാൻ തിരിച്ചറിഞ്ഞു..

ഒരിക്കലും അച്ഛൻ അമ്മയോട് സ്നേഹത്തോടെ സംസാരിക്കുന്നതോ ചേർത്തു പിടിക്കുന്നതോ ഞാൻ കണ്ടിട്ടില്ല… എപ്പോഴും അമ്മ അച്ഛനെ അനുസരിച്ചും ഭയന്നും ഒരു അടിമയെ പോലെ ആയിരുന്നു അമ്മ ജീവിച്ചത്…

പക്ഷെ ഇന്നിപ്പോൾ അച്ഛന്റെ വേർപാട് താങ്ങുവാൻ ആവാതെ തകർന്ന് അമ്മ ഇരിക്കുമ്പോൾ അമ്മ കഴുത്തിൽ അണിയുന്ന താലിക്ക് നൽകിയിരുന്ന മഹത്വമാണ് എനിക്ക് ബോധ്യമായത്….

അച്ഛൻ എന്നോട് ആദ്യമായി പ്രകടിപ്പിച്ച കരുതൽ എന്റെ മനസ്സിലേക്ക് ഓടി വന്നു… ഒരു നോട്ടത്തിൽ പോലും ഒരു തലോടലിൽ പോലും ഒരായുഷ്കാലത്തെ സ്നേഹം നല്കുവാനാവും എന്ന് ഓർമ വന്നപ്പോൾ അമ്മയും അച്ഛനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം എനിക്ക് മുന്നിൽ വെളിവായി…

ഭർത്താവിന് മുന്നിൽ ആത്മാർത്ഥമായി ഭാര്യ വിധേയപ്പെട്ടു നിൽക്കുന്നത് അദ്ദേഹത്തിൽ നിന്ന് ലഭിക്കുന്ന സ്നേഹം ഒന്ന് കൊണ്ട് മാത്രമായിരിക്കും…

അച്ഛന്റെ ചേതനയറ്റ ശരീരം ചിതയിലേക്ക് എടുക്കവേ വീട്ടിൽ കൂട്ടകരച്ചിൽ ഉയർന്നു.. ഞാൻ മാത്രം ഏതൊക്കെയോ ചിന്തകളിൽ ഉഴറി ചുവരിലേക്ക് ചാരി കാൽമുട്ടുകൾ മടക്കി കൈകൾ അതിലേക്ക് കോർത്തു ഇരുന്നു..

അച്ഛമ്മയുടെ ഉച്ചത്തിൽ ഉള്ള നിലവിളിയും അമ്മയുടെ അടക്കിയ വിതുമ്പലുകളും കാതുകളിൽ അലയടിച്ചപ്പോൾ, കണ്ണുകളിൽ ഒരാളുടെ ജീവനെടുക്കുന്ന ഹരിയേട്ടന്റെ മുഖം നിറഞ്ഞു നിന്നു….

ചടങ്ങുകൾ കഴിഞ്ഞു അടുത്ത ബന്ധുക്കൾ ഒഴികെ എല്ലാവരും പിരിഞ്ഞു പോയി..

എത്രയൊക്കെ നന്നാവാൻ ശ്രമിച്ചാലും ഒരിക്കൽ കയ്യിൽ ചോര പുരണ്ടവർക്ക് പിന്നെ ഒരാളെ കൊല്ലാൻ ഒരു മടിയും ഉണ്ടാവില്ല… അതല്ലേ ഒരു അറപ്പും കൂടാതെ കൂടെ നടന്നിരുന്ന ചെക്കനെ തന്നെ കുത്തി കൊന്നത്… നെഞ്ചിൽ നല്ല ആഴത്തിൽ ഉള്ള കുത്ത് ആയിരുന്നു എന്നാ പറഞ്ഞു കേട്ടത്.. ആ ചെക്കന്റെ വിവാഹം ഈ അടുത്ത് കഴിഞ്ഞേ ഉള്ളൂ അത്രേ…. ഭാര്യ ഗർഭിണി ആണെന്ന്…. ആ പെൺകുട്ടിക്ക് ഇനി ആരുണ്ട്…. കല്യാണം കഴിഞ്ഞെങ്കിലും നന്നാവും എന്ന് കരുതി ഈ കുഞ്ഞിനെ കൊണ്ട് കല്യാണം കഴിപ്പിച്ചിട്ട് എന്തായി… ഇപ്പോ രണ്ടു പെൺകുട്ടികൾ വഴിയാധാരം ആയില്ലേ…

ഇവൻ കുറച്ചു കഴിഞ്ഞു ഇറങ്ങും എന്നിട്ടോ, അവനു സുഖം ആയി ജീവിക്കാം… ആ കുടുംബത്തിന് ഉണ്ടായ നഷ്ടമോ…. അതെങ്ങനെ നികത്തും…. ആ ജനിക്കുന്ന കുഞ്ഞിന് അച്ഛനെ ഒരു നോക്ക് കാണാൻ പോലും കഴിയാതെ ആക്കിയില്ലേ..

ഈ ശാപം ഒക്കെ എവിടെ കൊണ്ട് കളയും…

അതെ…

അവൻ തെമ്മാടിത്തരം കാണിച്ചു നടന്നത് കൊണ്ടല്ലേ ഇന്നിപ്പോ ഈ വീടിന്റെ നാഥനും ഇല്ലാതായത്… കൂടെ കൊണ്ട് നടന്നു വളർത്തിയ ആളുടെ ജീവൻ പോയത്… എന്തൊരു ജന്മം ആണ്…. അച്ഛനെ അകറ്റി ഇപ്പൊ അച്ഛന്റെ സ്ഥാനം ഉള്ള അമ്മാവനെയും… വളർത്തു ദോഷം….വേറെന്താ… എല്ലാവരെയും വെറുപ്പിച്ചു തന്നിഷ്ടത്തിനു വളർത്തി കൊണ്ട് വന്ന മകൻ അല്ലെ… ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ ആണ്…

ബന്ധുക്കൾ അടക്കം പറയുന്നത് കാതിൽ വീണു..

എങ്ങനെ കഴിഞ്ഞു ഹരിയേട്ടാ.. ഒരു ജീവനെ ഇല്ലാതാക്കാൻ… എന്നെ പോലെ അയാൾക്കും ഒരു ഭാര്യ ഇല്ലേ, അവളുടെ ഉദരത്തിൽ എന്നെ പോലെ ഒരു കുഞ്ഞു ഇല്ലേ… അതേ ഭൂമിയിൽ ജനിച്ചു വീഴുന്നത് കാണാൻ അയാളും കൊതിച്ചിരിക്കില്ലേ…

എന്നെ പോലെ ഭർത്താവിന്റെ സ്നേഹവും സംരക്ഷണവും ആ പെൺകുട്ടിയും ആഗ്രഹിക്കില്ലേ…

ഒരു അച്ഛന്റെ സ്നേഹവാത്സല്യങ്ങൾ ജനിക്കുവാൻ പോകുന്ന ഒരു കുഞ്ഞിന് നിഷേധിചില്ലേ…

ഹരിയേട്ടന്റെ തെറ്റുകൾ എല്ലാം എനിക്ക് മീതെ ശാപങ്ങൾ ആയി വീഴുകയാണ്..

ആ പെൺകുട്ടിക്ക് ലഭിക്കാത്ത, ആ കുഞ്ഞിന് ലഭിക്കാത്ത ഒരു പരിഗണനയും സ്നേഹവും എനിക്കും നമ്മുടെ കുഞ്ഞിനും വേണ്ടാ…

എന്റെ അമ്മയുടെ നെറ്റിയിൽ നിന്ന് ഇന്ന് മായ്ക്കപെട്ട സിന്ദൂരം എന്റെ നെറ്റിയിൽ ചാർത്തുവാൻ എനിക്ക് യാതൊരു അർഹതയും ഇല്ല….

ഒരു ശിക്ഷാകാലം ഹരിയേട്ടൻ എല്ലാവരിൽ നിന്നും അകന്ന് അനുഭവിക്കുമ്പോൾ ഞാൻ ഇവിടെ എല്ലാവർക്കും നടുവിൽ നിന്ന് ആരംഭിക്കുകയാണ് എനിക്ക് ഞാൻ സ്വയം നൽകുന്ന ശിക്ഷ…

എനിക്ക് ഒപ്പം നമ്മളുടെ കുഞ്ഞും…. മറ്റൊരു പെൺകുട്ടിയുടെ ശാപം ഏറ്റുവാങ്ങി കൊണ്ട് എനിക്കിനി ഒരു ജീവിതം വയ്യ… ഇനിയുള്ള ജീവിതം…. അത് നമ്മളുടെ കുഞ്ഞിന് വേണ്ടി മാത്രം….

അങ്ങനെ എങ്കിലും നമ്മളുടെ കുഞ്ഞിന് ശാപത്തിൽ നിന്നും മോക്ഷം കിട്ടട്ടെ….

ഒരു തുള്ളി കണ്ണീർ പോലും കണ്ണിൽ നിന്നും പൊഴിഞ്ഞില്ല….

മനസ്സ് കല്ലായി മാറിയിരിക്കുന്നു…. അതിനുള്ളിൽ എല്ലാ ദുഃഖങ്ങളും ഒതുക്കുന്നതിനു ഞാൻ ശ്രമിച്ചു…

ദിവസങ്ങൾ കടന്നു പോയി.. അച്ഛന്റെ മരണത്തോടെ വീട് ആകെ മാറിപോയി…ഒരു മൂലയിൽ ഒതുങ്ങികൂടിയ അമ്മ… മനസ്സിനൊപ്പം ശരീരവും തളർന്നു അച്ഛമ്മ… മകന്റെ തെറ്റിന് സ്വയം ശിക്ഷ വിധിച്ചു മാമി… ഗൗതമൻ മാത്രം എല്ലാ കാര്യങ്ങളും കണ്ടു അറിഞ്ഞു ചെയ്യുവാൻ തുടങ്ങി…

അച്ഛനെ തിരക്കി എന്റെ ഉദരത്തിൽ കുഞ്ഞു ബഹളം ഉണ്ടാക്കി തുടങ്ങി..

എന്റെ ശരീരവും ആഗ്രഹിക്കുന്നുണ്ടായിരുന്നു ചേർത്ത് പിടിക്കാനുള്ള കൈകളെ…

എന്നാൽ മനസ്സ് മരവിപ്പിച്ചു ഞാൻ നടന്നു… സ്വയം ശിക്ഷിച്ചുകൊണ്ട്…

കുറ്റം സ്വയം ഏറ്റെടുത്തു എന്ന് പിന്നീട് ഗൗതമൻ പറഞ്ഞു അറിഞ്ഞു…. അതെ…. ഒഴിഞ്ഞുമാറിയിട്ട് എന്തിനാണ്.. ഇല്ലാതാക്കിയ ജീവൻ തിരിച്ചു നൽകുവാൻ കഴിയുമോ… കുറച്ചു മനസ്ഥാപം കുറയുന്നതിന് ഇത് നല്ലതാണ്..

അപ്പോഴാണ് അവൾ വന്നത്….. നിറഞ്ഞ വയറോടെ…. വിളറിയ മുഖവും.. ഒഴിഞ്ഞ കഴുത്തും നെറ്റിയുമായി… ഒരു കൈ വയറിനു താഴെ താങ്ങി അവൾക്ക് അരികിലേക്ക് നടന്നു… അവളുടെ കണ്ണുകൾക്ക് താഴെ കറുപ്പ് പടർന്നു…വെളുത്ത വസ്ത്രം… കൂടിയാൽ ഇരുപത് വയസ്സ് പ്രായം ഉണ്ടാകും…

എന്നെ പോലെ…

എന്റെ നിറവയറിലേക്ക് ഉറ്റു നോക്കി അവൾ പറഞ്ഞു… നിനക്ക് ജനിക്കുവാൻ പോകുന്ന കുഞ്ഞിന് കാണിച്ചു കൊടുക്കാൻ ഒരു അച്ഛൻ ഉണ്ട്…. അത് ഒരു കൊ ലപാതകി ആണെങ്കിലും…

എനിക്കോ…. എന്റെ കുഞ്ഞിനോട് ഞാൻ എന്ത് പറയണം… ഭ്രാന്തിയേ പോലെ അലറി അവൾ ചോദിച്ചു…

അവളെ ആശ്വാസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ എനിക്ക് ശ്വാസം മുട്ടി…

നന്നാവില്ല….

ഒരിക്കലും നന്നാവില്ല..

നിറഞ്ഞ വയറോടെ താലി അഴിഞ്ഞ എന്റെ ശാപം ആണ്…

നിന്റെ കുഞ്ഞിനും യോഗം ഉണ്ടാവില്ല…. എന്റെ കുഞ്ഞിനെ പോലെ അച്ഛന്റെ സ്നേഹം കിട്ടാൻ….

അങ്ങനെ സംഭവിച്ചില്ല എങ്കിൽ…. എങ്കിൽ ദൈവങ്ങൾ ഇല്ല… എന്റെ കണ്ണീരിനു അർത്ഥം ഉണ്ടെങ്കിൽ എന്റെ ശാപം ഫലിച്ചിരിക്കും……

ഭ്രാന്തിയെ പോലെ പരിസരം മറന്നു അലറിയ അവളെ ആരൊക്കെയോ ചേർന്ന് പിടിച്ചു കൊണ്ട് പോകെ…

ഞാൻ അവളുടെ ശാപത്തിൽ തറഞ്ഞു നിന്നു…

ശിരസ്സിൽ അവളുടെ വാക്കുകൾ പ്രകമ്പനം കൊണ്ടപ്പോൾ കണ്ണുകൾ മിഴിഞ്ഞു… വയറിൽ എന്തോ കൊളുത്തി പിടിച്ചു… മണ്ണിലേക്ക് കുഴഞ്ഞു വീഴുമ്പോൾ കാലുകൾക്ക് ഇടയിലൂടെ കൊഴുത്ത രക്തം ധരിച്ച വസ്ത്രങ്ങളെ നനച്ചു ഒഴുകി വരുന്നുണ്ടായിരുന്നു….

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *