കാലം കാത്തുവച്ചത് ~ ഭാഗം 22, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

ഗായത്രിയെ പറഞ്ഞയക്കുവാൻ ഒട്ടും മനസ്സില്ലായിരുന്നു.. പക്ഷെ അമ്മാവൻ അത്രത്തോളം നിര്ബന്ധിക്കുമ്പോൾ, ഒപ്പം അമ്മ പിന്തുണക്കുകയും ചെയ്തപ്പോൾ പറഞ്ഞയക്കുവാൻ തീരുമാനിക്കേണ്ടി വന്നു..

ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാനാവാത്ത വിധം അവളോട് അടുത്ത് പോയി… പടിയിറങ്ങി പോകുമ്പോൾ എന്റെ ഹൃദയം തന്നെ പറിഞ്ഞു പോകുന്ന പോലെ ആയിരുന്നു..

വീട്ടിലേ വിളക്ക് അണഞ്ഞത് പോലെ തോന്നി…. അവൾ വീട്ടിൽ എത്തുന്ന സമയം കണക്കു കൂട്ടി ഫോൺ ചെയ്തു….. നാളെ വരാം എന്ന് പറയുമ്പോൾ ഇന്ന്… ഇപ്പോൾ.. തന്നെ പോകണം എന്നുണ്ട്.. നിശബ്ദതയുടെ സൗന്ദര്യത്തെ സാക്ഷി നിർത്തി പരസ്പരം നിശ്വാസങ്ങളിലൂടെ സംസാരിക്കുമ്പോൾ ഫോൺ കട്ട്‌ ആയി…

പിന്നെ ഒന്നും കഴിക്കാൻ തോന്നിയില്ല… അവളുടെ മണമുള്ള തലയിണയിൽ മുഖം പൂഴ്ത്തി കിടന്നു… കാച്ചെണ്ണയുടെ ഗന്ധം…. അവൾ അരികിൽ ഉള്ളത് പോലെ എന്നെ ഭ്രമത്തിൽ ആഴ്ത്തി… സന്ധ്യ ആയപ്പോൾ ആണ് എഴുന്നേറ്റത്…പുറത്തേക്ക് വന്നപ്പോൾ അവൾ സന്ധ്യക്ക്‌ വിളക്ക് കൊളുത്തി ചാരുപാടിയിൽ ഇരുന്നു നാമം ജപിക്കുന്നത് മനസ്സിലേക്ക് വന്നു… എല്ലാം ഗായത്രീമയം….

എങ്ങോട്ട് നോക്കിയാലും അവളുടെ ഓർമ്മകൾ.. ഇത്രനാളും എങ്ങനെ എനിക്ക് ഒരാഴ്ച അവളെ കാണാതിരിക്കാൻ സാധിച്ചു… എനിക്ക് അറിയില്ല…. എന്റെ ജീവൻ അവളുടെ ഉദരത്തിൽ ജന്മം കൊണ്ടപ്പോഴാണോ എനിക്ക് ഈ മാറ്റം സംഭവിച്ചത്… അതെ അങ്ങനെ ആയിരിക്കണം… പ്രണയിക്കുന്നവളെ പിരിഞ്ഞു നിൽക്കാനാവും… മനസ്സുകൊണ്ട് മാത്രം പ്രണയിച്ചു പരിഭവങ്ങൾ പങ്കു വെച്ച് പിരിഞ്ഞു നിൽക്കാം.. അരികിൽ നിന്നെങ്കിൽ മാത്രമേ പ്രണയത്തിനു ഭംഗിയേറൂ എന്നെനിക്ക് തോന്നുന്നില്ല… അകലങ്ങളിൽ നിന്നും അവളെ പ്രണയിക്കാം..

എന്നാൽ തന്റെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നവളെ പിരിഞ്ഞു നിൽക്കുക എന്നത് അത്രമേൽ വേദനാജനകമാണ്.. അതുകൊണ്ടാണ് ഉറങ്ങുന്ന നേരം എങ്കിലും അവൾക്ക് അരികിൽ ഉണ്ടാവാൻ കൊതിച്ചു വീട്ടിലേക്ക് ഓടി വന്നിരുന്നത്….. ഉറങ്ങുന്ന അവളുടെ നിഷ്കളങ്കമായ മുഖത്ത് നോക്കി എത്രനേരം ഇരിക്കാറുണ്ടെന്ന് ഓർമ ഇല്ല… അവധി ദിവസങ്ങളിൽ അവളുടെ ഇഷ്ടങ്ങൾ സാധിപ്പിച്ചു കൊടുക്കാനുള്ള തത്രപ്പാടിലായിരുന്നു… അമ്മയും ഞാനും മത്സരിക്കുകയായിരുന്നു…

അവൾക്ക് ശര്ദില് തുടങ്ങിയപ്പോൾ പുറം തടവി കൊടുത്ത് അവളുടെ വേദനകളിലും ബുദ്ധിമുട്ടുകളിലും എനിക്കും പങ്കു ചേരാൻ ആഗ്രഹം ഉണ്ടായിരുന്നു…

പക്ഷെ പലപ്പോഴും എന്റെ ഗന്ധത്തിൽ അനുരക്തയായിരുന്ന അവൾക്ക് കുറച്ചു സമയം കൊണ്ട് എന്റെ ഗന്ധം അസഹനീയമായി… എനിക്കത് സഹിക്കാനാവുന്നില്ലായിരുന്നു…

എങ്കിലും ഉറക്കത്തിൽ അവൾ എന്നെ മാടി വിളിക്കുന്നുണ്ടായിരുന്നു… എന്നെ മനസ്സിലാക്കാൻ അവളെക്കാൾ മറ്റാർക്കു കഴിയും… അസുര സ്വഭാവം ആയിരുന്ന എന്നിൽ ഇപ്പോൾ ഉള്ള എല്ലാ ഗുണങ്ങളും അവളുടെ ദയ മാത്രമാണ്.. അവൾ എന്റെ ജീവിതത്തിലേക്ക് വന്ന വെളിച്ചം ആണ്. അവൾ ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ച് എന്തിനു ഇപ്പോൾ ഒരു ദിവസത്തെ കുറിച്ച് പോലും എനിക്ക് ചിന്തിക്കാൻ കഴിയുന്നില്ല…

അമ്മയുടെ നിർബന്ധത്തിനു വഴങ്ങി കുറച്ചു ഭക്ഷണം കഴിച്ചു കിടക്കുമ്പോൾ മനസ്സ് നിറയെ അവളും കുഞ്ഞും ആയിരുന്നു…

രാവിലെ തന്നെ അമ്മാവന്റെ വീട്ടിലേക്ക് പോകുവാൻ ഇറങ്ങി.. അപ്പോഴാണ് അമ്മാവൻ വിളിച്ചത്… അവിടെ എന്തോ പ്രശ്നം ഉണ്ടെന്ന്.. അവിടെയുള്ള സുഹൃത്തുക്കളെ വിളിച്ചു അന്വേഷിച്ചപ്പോൾ ആഘോഷ പ്രകടനം നടക്കുന്നുണ്ടെന്ന് ആണ് അറിഞ്ഞത്… അത് കാര്യമാക്കിയില്ല…

അല്ലെങ്കിൽ തന്നെ ഗായത്രിയേ കാണണം എന്നൊരു ചിന്ത മറ്റെന്തിനേക്കാളും മുകളിൽ ആയതിനാൽ പോവാതിരിക്കില്ലായിരുന്നു. അവൾക്കിഷ്ടമുള്ള പലഹാരങ്ങൾ വാങ്ങി കാറിൽ വച്ചു.. പോകും വഴി കനത്ത മഴ ആയിരുന്നു.. ഗ്ലാസ് അടിക്കടി തുടച്ചു കൊണ്ടിരുന്നു.. മുന്നിൽ കുറച്ചു ദൂരം മാത്രം വഴി കണ്ടു..

അമ്മാവന്റെ വീടിനടുത്തുള്ള സെന്ററിലേക്കുള്ള വഴിയിൽ വലിയൊരു മരച്ചില്ല വീണു കിടക്കുന്നുണ്ടായിരുന്നു… അതെടുത്തു മാറ്റാതെ കാറിനു മുന്നിലേക്ക് പോകുവാൻ ആവിയില്ലായിരുന്നു.. ഗ്ലാസ് തുടച്ചിരുന്ന ടർക്കി എടുത്തു തലയിൽ ഇട്ടു പുറത്തേക്ക് ഇറങ്ങി.. മരച്ചില്ല എടുത്തു മാറ്റുന്നതിന് കൈ നീട്ടിയ നിമിഷം പുറകിൽ നിന്നാരോ തോളിൽ കാൽ മടക്കിൽ ചവിട്ടി… അപ്രതീക്ഷിതമായ ആക്രമണം ആയതിനാൽ ഞാൻ മുന്നിലേക്ക് വേച്ചു…

ഒന്നു രണ്ട് പേര് കൂടി മരച്ചില്ലക്ക് അപ്പുറത് നിന്നും വന്നത് കണ്ടപ്പോൾ കാര്യം മനസ്സിലായി…. കയ്യിൽ സ്വയരക്ഷക്ക് പണ്ട് കരുതിയിരുന്ന ആയുധങ്ങൾ ഒന്നും തന്നെയില്ല… എങ്ങനേയും രക്ഷപെടണം എന്ന് മാത്രമേ ചിന്തിച്ചുള്ളൂ.. മുന്നിൽ ഉള്ളവരെ തള്ളി മാറ്റി ഓടിയപ്പോൾ ഞാൻ വിവരം അറിയുന്നതിന് ഫോൺ ചെയ്ത സുഹൃത്തിനെ കണ്ടു…

അവന്റെ അടുത്തേക്ക് ഓടി എത്തിയപ്പോൾ കയ്യിൽ മറച്ചു പിടിച്ച കത്തി അവൻ എനിക്ക് നേരെ ആഞ്ഞു വീശി..

ഞാൻ ഞെട്ടിപോയി..

പാർട്ടിയിൽ ഇതുപോലെ സംഭവിച്ചിട്ടുണ്ട്. പാർട്ടി മാറുമ്പോഴും, സജീവ പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കുമ്പോഴും എല്ലാം നേതാക്കളുടെ കണ്ണിൽ കരട് ആയവരെ അവസരം കിട്ടുമ്പോൾ അക്രമിക്കാറുണ്ട്… പക്ഷെ എനിക്കെതിരെ ഉണ്ടാകുമെന്ന് ഞാൻ ചിന്തിച്ചു പോലും ഇല്ല… അവന്റെ കൈ തട്ടി മാറ്റി അവനെ മറി കടന്നു പോകുവാൻ ശ്രമിച്ചപ്പോൾ പുറകിൽ നിന്ന് വന്നവർ എന്റെ കയ്യിൽ പിടിച്ചു…

എന്റെ നേർക്ക് കത്തിയുമായി എന്റെ കൂട്ടുകാരൻ അടുത്തപ്പോൾ അമ്മാവന്റെ കാർ അങ്ങോട്ട് വന്നു.. പെട്ടെന്നുള്ള പരിഭ്രമത്തിൽ അവർ തിരിഞ്ഞപ്പോൾ ഞാൻ കുതറി മാറി എന്റെ കൈ പിടിച്ചവരെ നോക്കി കത്തിയുമായി നിന്നവന്റെ നെഞ്ചിനു തൊഴിച്ചു… മഴയിൽ ഒലിച്ചു വന്ന വെള്ളത്തിലേക്ക് അവൻ അലർച്ചയോടെ വീണു… അമ്മാവനെ വിളിച്ചു വേഗം കാർ എടുക്കുവാൻ പറഞ്ഞു തിരിഞ്ഞപ്പോൾ കണ്ടത്… എന്റെ ചവിട്ടു കൊണ്ട് താഴെ വീണവൻ കത്തിയുമായി എഴുന്നേറ്റ് ഓടി വരുന്നത് ആണ്…

മാത്രമല്ല.. കൂടുതൽ ആളുകൾ ചുറ്റും നിന്ന് ഒരു വൃത്തമായി ഞങ്ങൾക്ക് അരികിലേക്ക് വന്നു…

പുറകിൽ നിന്നയാൾ മരകമ്പു കൊണ്ട് എന്റെ തോളിലേക്ക് അടിച്ചു.. അടിയുടെ ശക്തിയിൽ മുന്നോട്ടേക്കാഞ്ഞ എന്റെ നെഞ്ചിനു നേരെ വരുന്ന ക ത്തി കണ്ടു ഞാൻ ഒഴിഞ്ഞു മാറിയപ്പോഴേക്കും കത്തി എന്റെ വശത്തായി നിന്നിരുന്ന അമ്മാവന്റെ ദേഹത്തേക്ക് കയറിയിരുന്നു..

ദേഹത്തു കൂടി ഒലിച്ചു ഇറങ്ങുന്ന വെള്ളത്തിനൊപ്പം അമ്മാവന്റെ ദേഹത്തു നിന്നും രക്തം കൂടി ഒഴുകുന്നത് കണ്ടപ്പോൾ എന്നിൽ പൂട്ടിയിട്ടിരുന്ന അസുരൻ പുറത്തു വന്നു…

അച്ഛൻ ഇല്ലാത്ത കുറവ് വരാതിരിക്കാൻ അമ്മക്കൊപ്പം എന്നെ സ്നേഹിച്ച, കൂടെ കൂട്ടിയ അമ്മാവൻ ജീവന് വേണ്ടി കിടന്നു പിടയുന്നത് കണ്ടപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല… എല്ലാ മുഖങ്ങളും മനസ്സിൽ നിന്നും മാഞ്ഞു പോയി..

അവന്റെ കയ്യിൽ നിന്നും കത്തി പിടിച്ചു വാങ്ങി അവനു നേരെ വീശി ആദ്യം അവൻ ഒഴിഞ്ഞു മാറിയപ്പോൾ എന്നിൽ വാശി കയറി… കൂടെ നടന്നവൻ കാലു വാരിയപ്പോൾ എനിക്ക് വന്ന നഷ്ടങ്ങൾ ഓർത്തു അവന്റെ നെഞ്ചിലേക്ക് ക ത്തി കു ത്തി ഇ റക്കി.. പ്രജ്ഞ നഷ്ടമായവനെ പോലെ അവൻ മയങ്ങുന്ന കണ്ണുകളോടെ എന്നെ നോക്കിയപ്പോൾ എനിക്കൊരു ലഹരി ആയിരുന്നു… കത്തി അവന്റെ നെഞ്ചിൽ നിന്നും വലിച്ചൂരിയപ്പോൾ അവൻ കുഴഞ്ഞു താഴേക്ക് വീണു..

രക്തം കാണുന്നുന്നത് വരെ മാത്രമേ ഭയവും പരിഭ്രമവും ഉള്ളൂ… കയ്യിൽ അന്യനായ ഒരാളുടെ ര ക്തം പുരണ്ടാൽ പിന്നെ ഒരു ലഹരി ആണ്… ഭയത്തിന്റെ എല്ലാ ബന്ധനങ്ങളും അത് പൊട്ടിച്ചെറിയും…

അത്തരം അവസ്ഥയിലേക്ക് ഒരിക്കൽ കൂടി ഞാൻ എത്തപ്പെട്ടു..

പക്ഷെ ലഹരിയെല്ലാം ആവിയാക്കുന്ന കാഴ്ചയാണ് മുന്നിൽ കണ്ടത്… നിറവയറോടെ നനഞ്ഞു കുളിച്ചു റോഡിൽ വീണു കിടക്കുന്ന അമ്മാവന്റെ അരികിൽ ഗായത്രി…ആ മുഖത്ത് രക്തമില്ലാത്ത വണ്ണം വിളർച്ച കാണുന്നുണ്ട്.

ഒരുവേള അവൾക്ക് ജീവനില്ല എന്ന് പോലും തോന്നിപോയി…

അപ്പോഴാണ് ഞാൻ ചെയ്ത കാര്യം എന്തെന്ന് എനിക്ക് ബോധം വന്നത്…

ഞാൻ വീണ്ടും….

ഭാര്യ ഗർഭിണി ആയിരിക്കെ ഒന്നിനെയും ഉപദ്രവിക്കരുത് എന്ന് അമ്മ പറഞ്ഞത് ഓർമ വന്നു… അതിനു ശേഷം ഒരു ഉറുമ്പിനെ പോലും ഉപദ്രവിച്ചിട്ടില്ല…എന്റെ പ്രവൃത്തികൊണ്ട് എന്റെ കുഞ്ഞിനും ഗായത്രിക്കും ഒന്നും ഉണ്ടാവരുത് എന്ന് നിരീശ്വരവാദിയായ, അന്ധവിശ്വസിയല്ലാത്ത ഞാൻ കരുതിയിരുന്നു… എത്ര യൊക്കെ വിശ്വാസങ്ങളെ എതിർത്താലും സ്വന്തം കാര്യം വരുമ്പോൾ അവക്ക് അടിമപെടുക തന്നെ ചെയ്യും എന്നല്ലേ.. ഞാനും അങ്ങനെ ആയിരുന്നു…

ആ ഞാൻ ഇന്ന്… ഒരു ജീവൻ എന്റെ കയ്യാൽ എടുത്തു.. അശേഷം കുറ്റബോധമില്ലാതെ…

എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി…

ഒരിക്കൽ എന്നെ ഭയത്തോടെ മാത്രം നോക്കിയിരുന്ന കണ്ണുകളിൽ എനിക്ക് വേണ്ടി പ്രണയം പൂത്തത് ഞാൻ മനുഷ്യൻ ആയി മാറിയപ്പോഴാണ്.. എന്നാൽ ഞാൻ ആ കണ്ണുകളുടെ ഉടമയെ വീണ്ടും ഭയത്തിൽ ആഴ്ത്തിയിരിക്കുകയാണ്..

ജീവനറ്റ പോലെയുള്ള ഗായത്രിയുടെ കണ്ണുകൾ കണ്ടപ്പോൾ നഷ്ടമായത് എന്റെ ജീവനാണ്…

എന്നെ ഇത്തരം അവസ്ഥയിൽ കണ്ടതിന്റെയും നിശ്ചലമായ അമ്മാവന്റെ അവസാന തുടിപ്പ് തൊട്ടറിഞ്ഞതിന്റെയും ആവണം ഗായത്രി കുത്തി ഒലിക്കുന്ന വെള്ളത്തിലേക്ക് കുഴഞ്ഞു വീണു… ബോധരഹിതയായി.. ഒരടി പോലും എനിക്ക് അനങ്ങുവാൻ ആയില്ല…. അത്രമേൽ കുറ്റബോധം എന്നിൽ വേരാഴ്ത്തിയിരുന്നു..

ആരൊക്കെയോ ഓടി കൂടുകയും അമ്മാവനെയും ഗായത്രിയെയും എടുത്തു കൊണ്ട് പോവുന്നതും നിറഞ്ഞ കണ്ണുകളാൽ നോക്കി മഴയിൽ ഞാൻ നിന്നു… ഒടുവിൽ കയ്യിലെ കത്തി മഴ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു അടുത്തുള്ള കട തിണ്ണയിലേക്ക് ഇരുന്നു… കുനിഞ്ഞ ശിരസ്സുമായി..

എല്ലാം നഷ്ടപെട്ടവനെ പോലെ…. തീർത്തും പരാജിതനായി…

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *