കാലം കാത്തുവച്ചത് ~ ഭാഗം 24, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

ബഹളം കേട്ട് പുറത്തേക്ക് വന്ന ഗൗതമൻ കണ്ടത് കുഴഞ്ഞു വീഴുന്ന എന്നെയാണ്… അമ്മേ എന്ന് അകത്തേക്ക് നോക്കി ഉച്ചത്തിൽ വിളിച്ചു കൊണ്ട് അവൻ എന്റെ അരികിലേക്കു ഓടി വന്നു.. ഇടയ്ക്കു അഴിഞ്ഞു കിടന്ന മുണ്ടിന്റെ തലയിൽ ചവിട്ടി വീഴാൻ പോയെങ്കിലും ഒരു കൈ കുത്തി പൊന്തി അവൻ എന്റെ അരികിലേക്ക് വരുന്നത് മങ്ങിയ കാഴ്ച്ചയിൽ ഞാൻ കണ്ടു..

നഷ്ടപ്പെട്ട ബോധത്തിൽ എവിടെയോ ഹരിയേട്ടനെ ഞാൻ കണ്ടുമുട്ടി…

എന്തിനായിരുന്നു എല്ലാം… എത്ര സ്വപ്‌നങ്ങൾ കണ്ടു കൂട്ടിയതാണ്… നമ്മളും കുഞ്ഞും… എവിടെ… എല്ലാം എവിടെ?? ഞാൻ ഹരിയേട്ടന്റെ ഷർട്ടിൽ പിടിച്ചു ഉലച്ചു ചോദിച്ചു…

മറുപടി ഇല്ലാതെ താഴെ നോക്കി നിന്ന ഹരിയേട്ടനോട് ഭർതൃ വിരഹത്തിൽ കഴിയുന്ന പൂർണ ഗർഭിണിയായ ഒരുവളുടെ ശാപത്തിൽ നിന്നും എന്റെ കുഞ്ഞിനെ രക്ഷിക്കുവാൻ ഏത് കൃഷ്ണന് സാധിക്കും… കഴിയുമോ ഹരിയേട്ടാ നിങ്ങൾക്ക് അതിനു.. ആ ശാപത്തിൽ വെന്തെരിയുകയാണ് എന്റെ മനസ്സ്…

ഒന്നും മിണ്ടാതെ ഹരിയേട്ടൻ എന്റെ കൈകൾ വിടുവിച്ചു തിരിഞ്ഞു നടന്നു…

ഞാൻ ഉച്ചത്തിൽ കരഞ്ഞു കൊണ്ട് താഴേക്ക് മുട്ടുകുത്തി ഇരുന്നു…

********************

കണ്ണ് തുറക്കുമ്പോൾ മുറിയിൽ അമ്മയും മാമിയും ഉണ്ട്… ദുഃഖം ഘനീഭവിച്ച മുഖം…

സന്തോഷം എല്ലാവരിൽ നിന്നും അകന്ന് പോയിട്ട് കുറച്ചു ദിവസങ്ങൾ ആയല്ലോ…

എഴുന്നേറ്റ് ഇരുന്നപ്പോഴാണ് വീടല്ല എന്ന് മനസിലായത്.. അപ്പോഴേക്കും മനസ്സിലേക്ക് ഓർമ്മകൾ കടന്നു വന്നു… താഴേക്ക് വീണതും ഗൗതമൻ ഓടി വരുന്നതും ഓർമ വന്നു..

ഭയത്തോടെ ഞാൻ വയറിലേക്ക് കൈ വച്ചു… കുറച്ചു ഉടവ് തട്ടിയോ… ധരിച്ചിരുന്ന മുൻവശം തുറക്കാവുന്ന മാക്സിക്ക് ഇടയിലൂടെ കൈകൾ വയറിലേക്ക് നീണ്ടു…

ഇല്ല കുഞ്ഞിന്റെ അനക്കം ഇല്ല… വയറിനു താഴെയുള്ള ബാൻഡേജ് കയ്യിൽ തടഞ്ഞപ്പോൾ ഞാൻ വിറയലോടെ അമ്മയോട് ചോദിച്ചു…

അമ്മേ…. എന്റെ കുഞ്ഞെവിടെ…..

ഒന്നും മിണ്ടാൻ ആവാതെ അമ്മ ചുവരിലേക്ക് നോക്കിയിരുന്നു.. ആ കണ്ണുകൾ പെയ്തു കൊണ്ടിരുന്നു….

മാമി…… പറയ് എന്റെ കുഞ്ഞെവിടെ….

ആരും ഒന്നും സംസാരിക്കാതായപ്പോൾ ഞാൻ താഴേക്ക് ഇറങ്ങി… കാലുകൾ നിലത്തു കുത്തിയപ്പോൾ വയറിലെ സ്റ്റിച് വലിഞ്ഞു കണ്ണിലൂടെ വെള്ളം വന്നു …മാമി വേഗം എഴുന്നേറ്റു എന്നെ പിടിച്ചു.

ശ്രദ്ധിച്ചു കുഞ്ഞീ…. സ്റ്റിച് പൊട്ടും…

എന്റെ കുഞ്ഞെവിടെ മാമീ… എനിക്കെന്റെ കുഞ്ഞിനെ താ… ഞാൻ കട്ടിലിലേക്ക് ചാരി മാമിയോട് അപേക്ഷിച്ചു…

നമുക്ക് ആ കുഞ്ഞിനെ വിധിച്ചിട്ടില്ല മോളെ…. എന്റെ ശിരസ്സ് മാമി മാറോടു ചേർത്തു പിടിച്ചു വിതുമ്പി…

കേട്ട വാക്കുകൾ വിശ്വസിക്കാനാവാതെ ഞാൻ തല ഉയർത്തി…

മാമി എന്റെ തല ബലമായി താഴ്ത്തികൊണ്ട് പറഞ്ഞു…. ആ കുഞ്ഞു ജീവനില്ലാതെയാണ് ഭൂമിയിലേക്ക് പിറന്നു വീണത്…. അത് നീ സഹിച്ചേ മതിയാവൂ കുഞ്ഞീ…

കാതിൽ തിളച്ച എന്തോ വന്നു അടഞ്ഞത് പോലെ എനിക്ക് തോന്നി…

എന്നെ തനിച്ചാക്കി പോയെന്നോ

എങ്ങനെ പോകുവാനാവും…. എന്റെ വേദനകളും പരിഭവങ്ങളും പങ്കു വെക്കുവാൻ എനിക്ക് ആകെയുള്ളത് എന്റെ കുഞ്ഞു ആയിരുന്നില്ലേ…

എന്നിട്ടിപ്പോൾ… എന്നെ തനിച്ചാക്കി പോയെന്നോ.. എന്തെ എന്നെകൂടി കൊണ്ട് പോയില്ല… തലയ്ക്കു മുകളിൽ നിൽക്കുന്ന ശാപങ്ങളും മനസ്സ് നിറയെ വേദനകളും നൽകി എന്നെയീ നരകയാതന അനുഭവിക്കാൻ എന്തിനു വിട്ടു…

മനസ്സിൽ നിറയെ ചോദ്യങ്ങൾ നിറഞ്ഞു നിന്നു… ആർക്കും ഉത്തരം നല്കാനാവാത്ത ചോദ്യങ്ങൾ….

ഒരു വാക്കു പോലും പുറത്തേക്ക് വരാതെ നെഞ്ചിൽ കെട്ടി നിന്നു…

കണ്ണുനീർ ഗ്രന്ധികൾ നിറഞ്ഞു ഒഴുകാനാവാതെ സമ്മർദ്ദത്തിലാഴ്ന്നു…

മാസം തികയാതെ ജീവനില്ലാതെ ഭൂമിയിലേക്ക് പിറന്നു വീണ എന്റെ കുഞ്ഞിനെ ഗൗതമൻ ഏറ്റു വാങ്ങി, അച്ഛന്റെ ചിത ഒരുക്കിയ സ്ഥലത്തു ഒരു കുഞ്ഞു കുഴിയിൽ അടക്കി എന്ന് മാമി വിതുമ്പിക്കൊണ്ട് പറഞ്ഞു…

ഒന്നെന്നെ കാണിക്കാമായിരുന്നില്ലേ… ആദ്യമായും അവസാനമായും… എന്റെ കുഞ്ഞിനെ… ഇത്ര നാൾ ഞാൻ കാത്തിരുന്ന, ഒരുപാട് സ്വപ്‌നങ്ങൾ കണ്ട എന്റെ കുഞ്ഞിന്റെ മുഖം കാണുവാൻ എനിക്ക് അർഹതയില്ലേ… ഒന്ന് വാത്സല്യത്തോടെ തൊട്ടു നോക്കുവാൻ.. ഒരിക്കലും വിശപ്പോടെ കരയാത്ത അവന്റെ കുഞ്ഞു ചുണ്ടുകളിൽ ആദ്യാവസാനമായി ഒരിറ്റു പാൽ നനക്കുന്നതിനു…. അതിന് പോലും കഴിഞ്ഞില്ലല്ലോ…

വിഷമങ്ങൾ എല്ലാം നെഞ്ചിൽ ഭദ്രമായിരുന്നു… അതിനെ ഒരു തുള്ളി കണ്ണുനീരായി പോലും അവ പുറത്തെക്ക് ഒഴുക്കി വിടാതെ ശരീരം തന്നോട് ചേർത്തുവച്ചു…

വീട്ടിലേക്ക് തിരിച്ചുവന്നു… ഞാൻ മുകളിലെ മുറിയിലേക്ക് മാറി… എല്ലാ ദുഖങ്ങളും മനസ്സിൽ ഒതുക്കി മാമി എനിക്ക് കൊണ്ട് വന്ന പ്രസവ രക്ഷകൾ എല്ലാം ഒരു ഭ്രാന്തിയെ പോലെ ഞാൻ തട്ടി എറിഞ്ഞു… ഒരു വാക്കിന്റെ പോലും പിൻബലമില്ലാതെ…

നെഞ്ചിൽ അടിക്കടി കനത്തു വരുന്ന ഭാരം എന്നിലെ വേദനയെ അധികരിപ്പിച്ചു…

നെഞ്ചിൽ പാൽ കെട്ടി നിന്നു വിങ്ങുമ്പോൾ നല്ല ചൂടുള്ള വെള്ളം ദേഹത്തേകൊഴിച്ചു പൊള്ളിച്ചും, മുറിയിൽ കാണുന്നതെല്ലാം എടുത്തു സ്വയം മുറിവേല്പിച്ചും ഞാൻ സന്തോഷം കണ്ടെത്താൻ തുടങ്ങി…. അല്ലാ….. വേദനകളെ മറക്കുവാനുള്ള ശ്രമം തുടങ്ങി… പക്ഷെ എനിക്ക് അതിനു കഴിയുമായിരുന്നോ…ഏതാനും ദിവസം കൊണ്ട് മറന്നു കളയുവാനാകുമോ കണ്ടു കൂട്ടിയ കിനാവുകൾ….

ഒരിക്കലും കഴിയില്ല… ഒരു ജന്മം പോലും മതിയാവില്ല… ചില ഓർമകൾ, ചില സ്വപ്‌നങ്ങൾ, ചിലർ…… അതെല്ലാം അങ്ങനെ ആണ്….. തുരുമ്പു കൊണ്ട് മുറിവേറ്റ പോലെ…. ഉണങ്ങാതെ എപ്പോഴും നനവുള്ള മുറിവായി നില നിൽക്കുന്നവ…

പക്ഷെ എനിക്ക് അത് താങ്ങുവാനുള്ള മനക്കരുത്തു ഇല്ലായിരുന്നു…സ്വയം ഭ്രാന്തിയായി മാറിയ എന്നെ വീട്ടിൽ നിന്നും കുറച്ചു മാറിയുള്ള മാനസികാരോഗ്യ കേന്ദ്രത്തിൽ കൊണ്ട് പോയി…. കൂടെയാരും നിൽക്കുവാൻ അവിടെ അനുവാദം ഇല്ലായിരുന്നു… പുറമെ ശാന്തമായി കിടക്കുന്ന പുതിയ താമസ സ്ഥലത്ത് പക്ഷെ അകത്തു നടന്നിരുന്നത് ക്രൂരമായ ഉപദ്രവങ്ങൾ ആയിരുന്നു….

മനസ്സിന്റെ നില തെറ്റിയ പലരും സെല്ലുകളിൽ ഉച്ചത്തിൽ കരഞ്ഞിരുന്നത് ഭ്രാന്ത് കൊണ്ട് മാത്രം ആയിരുന്നില്ല.. കടുത്ത മർദ്ദനങ്ങൾ കൊണ്ട് കൂടി ആയിരുന്നു.. നില തെറ്റി ഉന്മാദം കൊണ്ട് ഉച്ചത്തിൽ ചിരിക്കുന്നവർ, സ്വയം വേദനിപ്പിച്ചു കൊണ്ടും മറ്റുള്ളവരുടെ വേദനകൾ കണ്ടു സന്തോഷിച്ചിരുന്നവരും ആ അവസ്ഥയിൽ നിന്നും ഒന്നുമല്ലാത്ത വിധം ഒതുങ്ങിയിരുന്നത് അത്തരം ക്രൂര മർദ്ദങ്ങൾക്ക് വിധേയരായപ്പോഴാണ്…

ഏറെ നാളുകൾ… അവിടെ കഴിഞ്ഞപ്പോഴേക്കും എന്റെ മനസ്സ് ശൂന്യമായിരുന്നു… ഒന്നും ഇല്ലാത്ത വിധം… വർണ്ണങ്ങൾ ഇല്ലാതെ, വാക്കുകൾ ഇല്ലാതെ എനിക്കായി മാത്രം ഒരുക്കിയ ഒരു ലോകം… അവിടേക്ക് ഞാൻ ചുരുങ്ങി പോയിരുന്നു..

ഇടയ്ക്കു കാണാൻ വന്ന അമ്മയും ഗൗതമനും എന്നെ കൂട്ടികൊണ്ടു പോന്നു വീട്ടിലേക്ക്… പക്ഷെ യാതൊന്നും മിണ്ടാതെ, ഒന്ന് ചിരിക്കാതെ, കരയാതെ എന്നെ കണ്ടു അവർക്ക് ഭയമായി…

ക്ഷേത്രത്തിലെ പൂജാരി പറഞ്ഞ ഒരിടത്തേക്കാണ് പിന്നീട് പോയത്… അവിടം അകവും പുറവും ശാന്തം ആയിരുന്നു… എന്നെ അവിടെ നിർത്തി എല്ലാവരും തിരികെ പോയി.. അവിടെ ചികിത്സാരീതികൾ വ്യത്യസ്തമായിരുന്നു… ദിനവും സൂര്യൻ ഉദിക്കുന്നതിനു മുൻപ് ഉണരുകയും ദിനചര്യകൾ കഴിഞ്ഞു, മനസ്സ് ഏകാക്രമാക്കി മൂന്നു മണിക്കൂർ ശ്വാസനിശ്വാസങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു പത്മാസനത്തിൽ…. പിന്നെ ലഘുവായ ഭക്ഷണം…കുറച്ചു സമയം ഉറക്കം…വീണ്ടും മണിക്കൂറുകൾ നീളുന്ന തപസ്സ്….

ആഴ്ചകൾക്കു ശേഷം വീട്ടിലേക്ക് തനിയെ മടങ്ങുമ്പോൾ മനസ്സ് ശാന്തം ആയിരുന്നു..

ആരോടും പ്രത്യേക അടുപ്പമോ അകൽച്ചയോ ഇല്ലാതെ, വിഷമങ്ങളോ അത്യാഹ്ലാദങ്ങളോ ഇല്ലാത്ത ഒരുവൾ ആയി…

വീട്ടിൽ എത്തിയതിനു ശേഷം ഒരു ജോലിക്ക് ശ്രമം ആരംഭിച്ചു.. ആർക്കും ബാധ്യത ആവരുതെന്ന് നിർബന്ധം ഉണ്ടായിരുന്നു..

അപ്പോഴൊന്നും തന്നെ ഹരിയേട്ടനെ കാണുവാനോ, ഹരിയേട്ടനെ കുറിച്ച് അന്വേഷിക്കുവാനോ തോന്നിയില്ല…

കഠിന പരിശ്രമത്തിലൂടെ പി എസ് സി എഴുതി ക്ലറിക്കൽ പോസ്റ്റിൽ ജോലിക്ക് കയറി… പിന്നീട് നാട്ടിലേക്ക് പോകുവാൻ തന്നെ തോന്നിയില്ല… ഹോസ്റ്റലുകളിൽ താമസിച്ചു സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുവാൻ ആരംഭിച്ചു.. വല്ലപ്പോഴും അമ്മ വിളിക്കും… ഗൗതമനു നീരസമാണ്…. ഞാൻ മാറി നിൽക്കുന്നതിൽ… അമ്മ വിളിക്കുമ്പോഴെല്ലാം പരിഭവങ്ങൾ പറയും… എന്തോ എനിക്ക് പക്ഷെ നാട്ടിലേക്ക് പോകുവാൻ തന്നെ തോന്നുന്നില്ല… അച്ഛമ്മക്ക് സുഖമില്ലെന്ന് പറഞ്ഞാണ് ഒടുവിൽ വിളിച്ചത്… കാണുവാൻ പോകണം എന്നുണ്ട്…

പോവാം….

അപ്പോഴാണ് മറ്റൊരിടത്തേക്ക് ട്രാൻസ്ഫർ കിട്ടിയത്… ഓരോ തവണയും ട്രാൻസ്ഫർ ആവുമ്പോൾ ഇവിടെ ഈ കന്യാകുമാരിയിൽ വരാറുണ്ട്… ഒന്നിനു മല്ലാതെ വെറുതെ അലയടിക്കുന്ന കടലിലേക്കു നോക്കി നിൽക്കും…. അസ്തമയ സൂര്യനെ ഒരു നോക്ക് കണ്ടു മടങ്ങി പോവും… ഇത്തവണ ട്രാൻസ്ഫർ തൃശ്ശൂർക്കാണ്… അവിടെ ചെന്ന് താമസം എല്ലാം ശരിയാക്കിയതിനു ശേഷം വീട്ടിലേക്ക് ഒന്ന് പോവാം…

ഹോട്ടലിൽ എത്തി ലഘുവായ ഭക്ഷണം കഴിച്ചു ഉറക്കത്തിലേക്ക് ആഴ്ന്നു…

രാവിലെ നേരത്തെ ഉള്ള ട്രെയിനിൽ സ്ലീപ്പർ ബുക്ക്‌ ചെയ്തിരുന്നു… സമയത്തിന് മുന്നേ സ്റ്റേഷനിൽ ചെന്നു.. കുറച്ചു കഴിഞ്ഞു വന്ന ട്രെയിനിൽ ഉറപ്പിച്ച സീറ്റിൽ ബാഗ് വച്ചു ഇരുന്നു.. നേരം വെളുത്തു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.. ബാഗ് വിൻഡോ സൈഡിലേക്ക് നീക്കി വച്ചു അതിലേക്ക് ചാരി കാലുകൾ സീറ്റിലേക്ക് കയറ്റിവച്ചു സാരി ഒരു കയ്യാൽ ഒതുക്കി കിടന്നു…

എതിർവശത്തു എന്റെ നേർക്കായി കിടക്കുന്ന ആൾ ഉറക്കത്തിൽ കൈകൾ നീട്ടി… പെട്ടെന്ന് പരിഭ്രമത്തിൽ ഞാൻ എഴുന്നേറ്റു അയാളെ നോക്കി അയാളുടെ മുഖം ഒരു തൂവാലയിട്ട് മറച്ചിരുന്നു.. മനപ്പൂർവം അല്ല എന്ന തോന്നലിൽ ഞാൻ വീണ്ടും കുനിഞ്ഞു താഴത്തെ ബർത്തിലേക്ക് കിടന്നു.. പക്ഷെ കണ്ണുകൾ അടക്കുവാൻ ആയില്ല…

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *