കാലം കാത്തുവച്ചത് ~ ഭാഗം 25, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

കണ്ണുകള്‍ തുറക്കുന്പോള്‍ വെളിച്ചം നിറഞ്ഞിരുന്നു. കയ്യിലിരുന്ന തൂവാലയില്‍ മുഖം അമര്‍ത്തി തുടച്ച് എഴുന്നേറ്റപ്പോള്‍ മുകളിലെ ബര്‍ത്തിലുള്ളവരെല്ലാം എഴുന്നേറ്റിരുന്നു. പതിയെ എഴുന്നേറ്റ് ബാത്റൂമിനടുത്തേക്ക് നടന്നു. മുഖം കഴുകി തിരികെ വന്നിരിക്കുന്പോഴേക്കും മുകളിലെ ബര്‍ത്തുകളില്‍ നിന്നും ആളുകള്‍ എഴുന്നേറ്റ് താഴേക്കിരുന്നിരുന്നു.

എതിര്‍വശത്ത് രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ്. അയാള്‍ ബര്‍ത്തിനറ്റത്തു സീറ്റുകള്‍ക്കിടിയില്‍ നടക്കുവാനുള്ള ഭാഗത്തേക്ക് കുനിഞ്ഞ് ഇരുകൈകളും സീറ്റിലേക്ക് കുത്തിയിരിക്കുകയാണ്. മുഖം കാണാനില്ല. എനിക്കെന്തോ ആകാംക്ഷ തോന്നി. ഏറെനാളായി എനിക്കുണ്ടാവാത്തത്. നീളം കൂടിയ മുടി മുഖത്തേക്ക് മറഞ്ഞുകിടക്കുന്നു. കറുത്ത നിറത്തിലുള്ള ഷര്‍ട്ടും, പാന്‍റ്സുമാണ് വേഷം. ഞാനെന്തിനാണ് അയാളെ ശ്രദ്ധിക്കുന്നത്. ഞാന്‍ എന്നോട് തന്നെ ചോദിച്ചു. മുഖം തിരിച്ച് വിന്‍ഡോയ്ക്ക് അപ്പുറമുള്ള കാഴ്ചകളിലേക്ക് കണ്ണുനട്ടു.

മാറ്റങ്ങള്‍.. ആദ്യം വരുന്പോഴുള്ള ആകാംക്ഷയൊന്നും തന്നെ എനിക്കില്ല. പോകുന്ന വഴികള്‍ക്കും, സ്ഥലങ്ങള്‍ക്കും, കാഴ്ചകള്‍ക്കും, പതിവു ശബ്ദങ്ങള്‍ക്കും ഒന്നും മാറ്റങ്ങളില്ല. മാറ്റങ്ങള്‍ ചിന്തകള്‍ക്കാണ്, ജീവിതങ്ങള്‍ക്കാണ്, വ്യക്തികള്‍ക്കാണ്…..

ആദ്യതവണ വന്നതിനേക്കാള്‍ എത്രയോ മാറ്റങ്ങളാണ് എനിക്ക് തന്നെ സംഭവിച്ചിട്ടുള്ളത്. തൃശ്ശൂര്‍ എത്തിയപ്പോള്‍ എഴുന്നേറ്റു. ട്രോളി ബാഗും, ഷോള്‍ഡര്‍ ബാഗുമെടുത്ത് പുറത്തേക്കിറങ്ങി. കന്പാര്‍ട്ടമെന്‍റില്‍ ഒപ്പമുണ്ടായിരുന്ന ചിലരും എനിക്ക് പുറകെ ഇറങ്ങി. ഏറെ കാലത്തിനുശേഷം വീണ്ടും തൃശ്ശൂര്‍ നഗരത്തില്‍…. ഒരുപാട് നോവോര്‍മ്മകള്‍ നല്‍കിയ സ്ഥലം..

ഏതാനും നേരം ട്രെയിന്‍ അവിടെ നിര്‍ത്തിയിടുന്നുണ്ട്. സാരി ഒതുക്കി പിടിച്ച് ബ്രിഡ്ജിലേക്കുള്ള പടികള്‍ കയറി. ബ്രിഡ്ജിലൂടെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് നടന്നു. നല്ല വിശപ്പ് തോന്നി. വെയ്റ്റിംഗ് റൂമില്‍ പോയി ഫ്രഷ് ആയി സ്റ്റേഷനകത്തു തന്നെയുളള കഫേയില്‍ കയറി ഭക്ഷണം കഴിച്ചു പുറത്തേക്ക് നടന്നു. ലഗേജുമെടുത്ത് സ്റ്റേഷനു പുറത്തേക്ക് വന്നപ്പോള്‍ നിരയായി ഓട്ടോറിക്ഷകള്‍ കിടന്നിരുന്നു. തൃശ്ശൂര്‍ ഡി.ആര്‍ ഓഫീസിന്‍റെ അഡ്രസ് പറഞ്ഞുകൊടുത്ത് ഓട്ടോയിലേക്ക് കയറി..

ഓട്ടോ റൗണ്ടിലേക്ക് കയറിയപ്പോള്‍ മനസ്സിനൊരു കുളിര്‍മ്മ…മറ്റെവിടെയും കണ്ടിട്ടില്ലാത്തൊരു ഭംഗിയാണ്. വടക്കുംനാഥന് ചുറ്റുമായി കിടക്കുന്ന മൈതാനവും, അതിനു ചുറ്റുമുള്ള റോഡും, കടകള്‍ക്കുമുന്നില്‍ പലതരം പച്ചക്കറികളുമായി വാണിഭക്കാര്‍ ഇരിക്കുന്നുണ്ടായിരുന്നു. വടക്കേ സ്റ്റാന്‍റിലേക്ക് തിരിയുന്നിടത്ത് ഇന്നും പ്രൗഢി കുറയാതെ നില്‍ക്കുന്ന ബിനി ടൂറിസ്റ്റ് ഹോമിലേക്ക് അറിയാതെ കണ്ണുകള്‍ നീണ്ടു..

ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മകള്‍ ജയകൃഷ്ണന് നല്‍കിയ ഇടം…ക്ലാരയേക്കാള്‍ ഒരുപടി കൂടുതല്‍ രാധ സ്നേഹിച്ചിട്ടും, ജയകൃഷ്ണനെന്തേ ക്ലാരയില്‍ കുരുങ്ങികിടന്നു. ചിന്തകള്‍ കാടുകയറിയപ്പോഴേക്കും ഓട്ടോ ഡി.ആര്‍ ഓഫീസിനു മുന്നില്‍ എത്തിയിരുന്നു. നടപടിക്രമങ്ങള്‍ കഴിഞ്ഞ് ഇറങ്ങി കുറച്ചുദൂരെയുള്ള ഒരു ഓഫീസിലാണ് ജോയിന്‍ ചെയ്യേണ്ടത്. സ്റ്റാഫിനോട് അന്വേഷിച്ച് അടുത്തുള്ള ഹോസ്റ്റലില്‍ താമസം ശരിയാക്കി. തൃശ്ശൂര്‍ നഗരത്തില്‍ നിന്നും ഏഴെട്ടു കിലോമീറ്റളോളം ഉള്ളിലേക്ക് കയറിയാണ് പുതിയ ഓഫീസ്.

ഹോസ്റ്റലില്‍ നിന്നും മിനിമം ചാര്‍ജ്ജ് ദൂരമുണ്ട്. പുതിയ ഓഫീസില്‍ ജോയിന്‍ ചെയ്തു. ദിവസങ്ങള്‍ കടന്നുപോയി. എന്‍റെ ദിനചര്യകള്‍ എല്ലാം ഒന്നുപോലെ കടന്നുപോയി.. ഇടക്ക് അമ്മ വിളിച്ചു. അച്ഛമ്മക്ക് കാണണമെന്ന് കലശലായ മോഹമുണ്ടെന്ന്.

ഇനി എത്രനാള്‍ ഉണ്ടാവും..ഒന്ന് വന്നൂടെ കുഞ്ഞീ നിനക്ക്..അത്രയും വെറുത്തു പോയോ..നേര്‍ത്തൊരു കരച്ചിലിന്‍റെ അകന്പലോടെ അമ്മ ചോദിച്ചപ്പോള്‍ ഉള്ളില്‍ ഒരു വിങ്ങലുയര്‍ന്നു.

ആരോടാണ് വാശി.. വളര്‍ത്തി വലുതാക്കിയവരോടോ, വിഷമങ്ങളില്‍ കൈവിടാതിരുന്നവരോടോ….വേണ്ട… പോവാം… ലക്ഷ്യം ഇല്ലാതെ എത്രയെന്നു കരുതി യാത്ര ചെയ്യും…

വരാം അമ്മ അച്ഛമ്മയോട് പറഞ്ഞോളൂ…

അത്രയും പറഞ്ഞ് ഫോണ്‍ വച്ചു. വെള്ളിയാഴ്ച വൈകീട്ട് പോവാം. ഞായറാഴ്ച തിരികെ മടങ്ങിവരാം..എല്ലാം തീരുമാനിച്ചു. വെള്ളിയാഴ്ച ജോലി കഴിഞ്ഞ് വേഗം ഹോസ്റ്റലിലെത്തി ഫ്രഷായി ഏതാനും വസ്ത്രങ്ങളും പഴ്സും, മൊബൈല്‍ ഫോണും ബാഗില്‍ വെച്ച് പുറത്തേക്കിറങ്ങി.. ശക്തന്‍സ്റ്റാന്‍റിലേക്ക് ഓട്ടോ പിടിച്ചു. എടുക്കാറായ ഒറ്റപ്പാലം ലിമിറ്റഡ് സ്റ്റോപ്പ് ബസ്സില്‍ കയറി വിന്‍ഡോ സീറ്റിലേക്ക് ചാരി കണ്ണുകളടച്ചു.

ബസ് എടുത്തപ്പോള്‍ തണുത്ത കാറ്റ് വിന്‍ഡോക്ക് ഉള്ളിലൂടെ മുഖത്തുവന്ന് തട്ടിതൂവി പോയി.. ഏതൊക്കെയോ പഴയ മലയാളം സിനിമാ ഗാനങ്ങള്‍ ബസില്‍ പാടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് ഒന്ന് മയങ്ങിയപ്പോഴാണ് കണ്ടക്ടര്‍ ബസ് ചാര്‍ജ്ജ് വാങ്ങുന്നതിന് വന്നത്. പിന്നെ കണ്ണുകള്‍ അടച്ചില്ല. പുറത്തെ കാഴ്ചകള്‍ നോക്കിയിരുന്നു. വിരസമായ കാഴ്ചകള്‍..ഒന്നിനും എന്നെ അത്ഭുതപ്പെടുത്താനായില്ല. വേണ്ടെന്നു കരുതിയിട്ടും കണ്ണുകള്‍ പുറമേ നിന്നും വരുന്ന തണുത്തകാറ്റിന്‍റെ പ്രലോഭനത്തിലകപ്പെട്ടു. ബസ് ഒരു ഉലച്ചിലോടെ നിന്നപ്പോള്‍ മാത്രമാണ് ഉറക്കത്തില്‍നിന്ന് ഞെട്ടി എഴുന്നേറ്റത്.

സ്റ്റാന്‍ഡ് എത്തിയിരുന്നു. ബാഗുമെടുത്ത് പുറത്തേക്കിറങ്ങിയപ്പോള്‍ നന്നേ ഇരുട്ടിയിരുന്നു. വരുമെന്ന് ഗൗതമനെ വിളിച്ചുപറഞ്ഞിരുന്നതിനാല്‍ ബസ് സ്റ്റാന്‍ഡിനു പുറമേ അവന്‍ നില്‍പ്പുണ്ടായിരുന്നു. താടിയും കട്ടി മീശയു മൊക്കെയായി അവന്‍ വലിയൊരൊളേപ്പോലെ തോന്നിച്ചു. അച്ഛന്‍റെ ഗൗരവം മുഖത്തില്ല. അവന് അമ്മയുടെ ഛായയാണ്. എന്നെ കണ്ടതും, അടുത്ത് വന്നു കയ്യിലെ ബാഗ് വാങ്ങി. ഒന്നും മിണ്ടാതെ ബൈക്കിനടുത്തേക്ക് നടന്നു. അവന്‍ ഒന്നും മിണ്ടാതിരുന്നത് എന്തോ എന്നെ വേദനിപ്പിച്ചു.

അപ്പോഴാണ് ഞാന്‍ അവനും അമ്മക്കുമെല്ലാം എത്രത്തോളം വേദനയാണ് നല്‍കിയതെന്ന് എനിക്ക് തിരിച്ചറിയുവാനായത്. ബൈക്കിനു പുറകിലിരുന്ന് ഇരുട്ടുമൂടിയ എന്‍റെ നാട് ഞാന്‍ വീണ്ടും കണ്ടു. മനസ്സില്‍ സന്തോഷമോ, വേദനയോ .. അങ്ങനെ എന്തൊക്കേയോ വികാരങ്ങള്‍ അലയടിച്ചു കൊണ്ടിരുന്നു. പടിപ്പുരക്ക് മുന്നില്‍ ബൈക്ക് നിര്‍ത്തി. എനിക്ക് ഒരു സ്ഥലം വരെ പോകാനുണ്ട്. അത്രയും മാത്രം പറഞ്ഞ് അവന്‍ എന്നെ ഇറക്കി വണ്ടിയെടുത്ത് നേരെ പോയി…ഞാന്‍ ഒരു നൊടി പടിപ്പുരക്ക് മുന്നില്‍ നിന്നു.

ഒന്ന് പുതുക്കിയിട്ടുണ്ടെന്നല്ലാതെ വേറെ മാറ്റങ്ങളൊന്നുമില്ല. ചാരിയിട്ട പടിപ്പുര വാതില്‍ തുറന്ന് അകത്തേക്ക് കയറുന്പോള്‍ സന്ധ്യക്ക് തുളസിത്തറയില്‍ ദീപം തെളിയിച്ചിരുന്നൊരു പെണ്‍കുട്ടിയെ ഓര്‍മ്മവന്നു. ഉമ്ത്തേറക്ക് കയറുന്പോള്‍ ഒഴിഞ്ഞുകിടക്കുന്ന ചാരുകസേരയിലേക്ക് നോട്ടം പാളി വീണു. ചുമരിലിട്ട മഞ്ഞബള്‍ബിന്‍റെ വെളിച്ചത്തില്‍ ചാരുകസേരയില്‍ മൂക്കിലുറപ്പിച്ച കണ്ണടയിലൂടെ ഗഹനമായ വായനയിലിരിക്കുന്നതുപോലെ തോന്നി. കസേരയുടെ കൈപ്പിടിയിലൂടെ കയ്യോടിച്ച് അകത്തേക്ക് കയറി. വീടിനകത്ത് പുതിയ ദിവാന്‍ കോട്ടും സോഫയും ടി.വി സ്റ്റാന്‍ഡുമെല്ലാം സ്ഥാനം പിടിച്ചിട്ടുണ്ട്. ആകെയൊരു മാറ്റം…

അച്ഛനുള്ളപ്പോള്‍ ചുമരില്‍ തൂക്കിയിരുന്ന കാരണവന്മാരുടെ ഛായ ചിത്രങ്ങളെല്ലാം സ്ഥാനമൊഴിഞ്ഞിരുന്നു. ചുമരിലെ ചില്ലിട്ട ഷെല്‍ഫില്‍ അച്ഛന്‍റെ ഒരു ചിത്രം മാത്രം… ചുറ്റും നോക്കി കാണുകയായിരുന്നു. ഞാനില്ലാത്ത വീടിന്‍റെ മാറ്റങ്ങള്‍.. ട്രൗസര്‍ മാത്രമിട്ട് ഒരു ആണ്‍കുട്ടി അകത്തെ മുറിയില്‍ നിന്ന് ഓടിവന്നു. എന്നെ കണ്ട് പകച്ച് അതേ വേഗതയില്‍ മുറിയിലേക്ക് തിരിച്ചോടി.. എനിക്ക് ചിരിവന്നു.

കുട്ടിക്കൊപ്പം ഒരു യുവതി കൂടി പുറത്തേക്ക് വന്നു. ചേച്ചീ……ഓടി വന്നവരെന്‍റെ കയ്യില്‍ പിടിച്ചു, ഇപ്പോഴെങ്കിലും വരാന്‍ തോന്നിയല്ലോ. ഇവിടെല്ലാരും എപ്പോഴും ചേച്ചിയെ കുറിച്ച് മാത്രമാണ് പറയാറുളളത്. വാതോരാതെ സംസാരിക്കുന്ന അവളെ നോക്കി ഞാന്‍ അതിശയത്തോടെ നിന്നു. ചേച്ചീ എന്നെ മനസ്സിലായില്ലേ….ഞാന്‍ ശില്‍പ്പ…ചേച്ചിയുടെ സ്വന്തം നാത്തൂന്‍…. അവളുടെ സംസാരത്തില്‍ എനിക്ക് ചിരിവന്നു. ശബ്ദംകേട്ട് അടുക്കളയില്‍ നിന്നും അമ്മ വന്നു. എന്നെ കണ്ടതും ഒരു നൊടി സ്തബ്ദയായി നിന്നു. ഞാന്‍ അമ്മക്കരികിലേക്ക് ചെന്നു ആ കൈകളില്‍ പിടിച്ചു. കണ്ണുനിറച്ചുള്ള എന്‍റെ നില്‍പ്പ് ആ പഴയ ഗായത്രിയെപ്പോലെ തോന്നിച്ചു..

കുഞ്ഞീ….മോളെ….കയ്യെടുത്ത് എന്‍റെ കവിളില്‍ തലോടി അമ്മ വിളിച്ചു. നിറഞ്ഞ കണ്ണുകള്‍ മാറ്റി ഞാന്‍ അമ്മയോട് പറഞ്ഞു. വിശക്കുന്നുണ്ടമ്മേ….. ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങി ഒന്നും കഴിച്ചില്ല.. അയ്യോ….മോള് മുറിയിലേക്ക് പോയ് സാരി മാറി വാ…അമ്മ നിനക്കിഷ്ടമുള്ള അട ചുട്ട് വച്ചിട്ടുണ്ട്.. അമ്മയുടെ കയ്യില്‍ നിന്നും പിടിവിട്ട് ഞാന്‍ മുകളിലേക്ക് നടന്നു. മുറി വൃത്തിയില്‍ കിടന്നിരുന്നു. ഫര്‍ണ്ണീച്ചറുകള്‍ പഴയതെല്ലാം മാറ്റി പുതിയവ സ്ഥാനം പിടിച്ചിരുന്നു. ബാഗ് മേശമേല്‍ വച്ച് ഞാന്‍ അലമാരയിലെ കണ്ണാടിയിലൂടെ എന്നെ നോക്കി. തലയില്‍ അവിടവിടെയായി വെള്ള വീണ മുടികള്‍, കണ്ണട വച്ചു മൂക്കിനിരുവശവും വന്ന കറുത്തപാട്. കുറച്ചുകൂടി മെലിഞ്ഞു. ഇതല്ലാതെ എന്തുമാറ്റമാണ് ഗായത്രിക്ക്…ഒരു മാറ്റവും ഇല്ലേ…പഴയ ഗായത്രിയേക്കാള്‍ തീരുമാനങ്ങളെടുക്കാനും അതില്‍ ഉറച്ചുനില്‍ക്കാനും ഇപ്പോഴത്തെ ഗായത്രിക്ക് കഴിയും…..

താഴെ നിന്ന് അമ്മ വിളിച്ചപ്പോള്‍ വേഗം വേഷം മാറി മുഖം കഴുകി മുറിയില്‍ നിന്നും ഇറങ്ങി. അച്ഛമ്മയുടെ മുറിയിലേക്ക് നടന്നു. നന്നായി ക്ഷിണിച്ച് ചുക്കിചുളിഞ്ഞ ദേഹവുമായി അച്ഛമ്മ കട്ടിലില്‍ കിടപ്പുണ്ടായിരുന്നു. കുഴന്പുകളുടേയും കഷായത്തിന്‍റേയും മണം നിറഞ്ഞു നിന്ന ആ മുറിക്ക് മാത്രം യാതൊരു മാറ്റവും എനിക്ക് തോന്നിയില്ല. അച്ഛമ്മയുടെ അരികിലേക്ക് കിടന്നു കയ്യെടുത്ത് അച്ഛമ്മയുടെ വയറിനുകുറുകെ ചുറ്റിപിടിച്ചു.

കുഞ്ഞീ……… മോള് വന്നോ…. കാണാന്‍ കഴിയുംന്ന് കരുതീല്യ… അപ്പോഴേക്കും കൊണ്ടുപോവുംന്നാ കരുത്യേ….. എന്‍റെ മോളെ കാണാനായല്ലോ എനിക്ക്….. ഒരു വിതുന്പലോടെ അച്ഛമ്മ പറഞ്ഞപ്പോള്‍ ഞാന്‍ ചെയ്ത തെറ്റിന്‍റെ ആഴം എനിക്ക് മനസ്സിലാവുകയായിരുന്നു. ആരുമില്ല, ആരും വേണ്ടെന്ന ധാരണയില്‍ അകന്നു കഴിയുന്പോള്‍ എന്‍റെ വേണ്ടപ്പെട്ടവരെല്ലാമിവിടെ എന്‍റെ ഓര്‍മ്മകളില്‍ വേദനിച്ചു കഴിയുകയായിരുന്നു എന്ന്……. ഉറവ വറ്റിപോയെന്നുകരുതിയ കണ്ണുകളില്‍ വീണ്ടും നീര്‍ചാലുകള്‍ മുളച്ചു. ഒന്നും മിണ്ടാതെ അച്ഛമ്മയോട് പറ്റിച്ചേര്‍ന്ന് കുറച്ചുനേരം കിടന്നു.

എന്നെ കാണാതിരുന്നപ്പോള്‍ അമ്മ വാതിലിനരികെ വന്ന് വിളിച്ചു. കുഞ്ഞീ…വിശക്കുന്നെന്ന് പറഞ്ഞിട്ട്…വാ വന്ന് എന്തെങ്കിലും കഴിക്ക്. അച്ഛമ്മക്കും ഭക്ഷണം നല്‍കണം… പതിയെ എഴുന്നേറ്റ് ഉടുത്തിരുന്ന സാരിതലപ്പില്‍ മുഖം തുടച്ച് അകത്തേക്ക് നടന്നു. അടുക്കളയോട് ചേര്‍ന്ന മുറി ഡൈനിംഗിനായി മാറ്റിയിരുന്നു. മേശയില്‍ ഒരു പ്ലേറ്റില്‍ അമ്മ കൊണ്ടുവച്ച അട ഇലയില്‍ നിന്നും അടര്‍ത്തി കുറേശ്ശെയായി വായില്‍ വച്ചു. അപ്പോഴേക്കും അമ്മ ഒരു ഗ്ലാസ്സില്‍ കാപ്പിയുമായി വന്നു. അപ്പോഴേക്കും ശില്‍പ്പയും കുഞ്ഞും അരികിലേക്ക് വന്നു.

വലിയ ചടങ്ങായൊന്നും കഴിച്ചില്ല കുഞ്ഞീ…അന്പലത്തില്‍ പോയി മാലയിട്ടു. കൂടെ കൂട്ടി. നീ ഇല്ലാതെ ഇവിടാര്‍ക്കും സന്തോഷമുണ്ടായിരുന്നില്ല….അവന്‍റെ കൂടെ പഠിച്ചിരുന്നതാണ് ശില്‍പ്പ. രണ്ടുകുഞ്ഞുങ്ങളുണ്ട്. ഇളയവന്‍ ഉറങ്ങുകയാണ്. ഇവന്‍ ദക്ഷിണ്‍ ദച്ചൂന്ന് വിളിക്കും..ഇളയത് ദര്‍ശന്‍ ഒരു വയസ്സായിട്ടില്ല….അമ്മ എന്നോട് പറയുന്നത് കേട്ട് ദച്ചു ശില്‍പ്പക്ക് പുറകില്‍ നിന്ന് എന്നെ ഒളിച്ചുനോക്കി. ഗൗതമിനെ പോലെ തന്നെയുണ്ട്. അവനേക്കാള്‍ കുറച്ചു കുസൃതി മുഖത്തുകാണാം.. ഗൗതമിന്‍റെ കുസൃതികള്‍

കാണാതിരുന്നതുകൊണ്ടാവണം എന്‍റെ കൗതുകം കൂടി…ഞാന്‍ ദച്ചുവിനു നേരെ കൈകള്‍ നീട്ടി… അവന്‍ മടിച്ചു ശില്‍പ്പയുടെ നേരെ നോക്കി… നിന്‍റെ മാമിയാണ്…..ചെല്ല് ദച്ചൂ…. നാണത്തോടെ അവന്‍ കൈകള്‍ ട്രൗസറില്‍ തെരുപ്പിടിപ്പിച്ച് അരികിലേക്ക് വന്നു. എന്നോട് ചേര്‍ത്ത് നിര്‍ത്തു നെറ്റിയില്‍ ഉമ്മവച്ചു… കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരിക്കല്‍ കയ്യെത്തുംദൂരത്തെത്തി നഷ്ടമായ വസന്തത്തെ ഓര്‍മ്മ വന്നു. നിറയാന്‍ തുടങ്ങിയ കണ്ണുകളെ തിരികെ വിളിച്ചു ഞാന്‍ പ്ലേറ്റില്‍ നിന്നും ഒരു കഷ്ണം അട ദച്ചുവിന്‍റെ വായില്‍ വച്ചു കൊടുത്തു. അഞ്ചുവയസ്സുണ്ടാവണം. എന്നെ നോക്കുന്പോഴെല്ലാം അവന്‍റെ കണ്ണില്‍ നാണം നിറഞ്ഞുനിന്നു.

എന്തോ ഏറെ നേരം താഴെ നില്‍ക്കാന്‍ തോന്നിയില്ല. ക്ഷീണമുണ്ട് അമ്മേ, ഞാനൊന്ന് കിടക്കട്ടെ വേറൊന്നും വേണ്ട കഴിക്കാന്‍ എന്നും പറഞ്ഞ് എഴുന്നേറ്റു. എന്നെ നോക്കിയിരുന്ന ശില്‍പ്പയോട് നാളെ സംസാരിക്കാട്ടോ..എന്നും പറഞ്ഞ് ദച്ചുവിന്‍റെ തലയില്‍ തലോടി മുകളിലേക്ക് നടന്നു. ഗൗതമന്‍റെ മുറിക്ക് മുന്നിലെത്തിയപ്പോള്‍ കാലുകളെന്തോ മുകളിലേക്ക് കയറാന്‍ അനുവദിക്കാതെ തടഞ്ഞു. ചാരിയിട്ട വാതില്‍ തുറന്ന് അകത്ത് കട്ടിലിനു നടുവില്‍ ഇരുവശത്തും തലയിണവച്ച് ഉറങ്ങുന്ന കുഞ്ഞുമുഖത്തേക്ക് നോക്കി കുറച്ചുനേരം. പിന്നെ ഒന്നും മിണ്ടാതെ മുറിയില്‍ നിന്നും പുറത്തിറങ്ങി മുകളിലേക്ക് നടന്നു. മുറിയില്‍ കയറി വാതില്‍ ചേര്‍ത്തടച്ചപ്പോള്‍ ഉള്ളില്‍ വേരിട്ട വിഷമങ്ങളെല്ലാം കണ്ണിലൂടെ പെയ്യാന്‍ വെന്പി….

വേണ്ട……മറന്നതൊന്നും വീണ്ടും ഓര്‍മ്മിപ്പിച്ച് എന്നെ വേദനിപ്പിക്കല്ലേ…ഞാന്‍ സ്വയം പറഞ്ഞുകൊണ്ടിരുന്നു. മുറിയുടെ വാതിലിന്മേല്‍ തട്ടുന്നത് കേട്ട് വാതില്‍ തുറന്നപ്പോള്‍ ഗൗതമന്‍ അകത്തേക്ക് കയറിവന്നു. ഒന്നും മിണ്ടാതെ കട്ടിലിന്മേല്‍ കൈകള്‍ ഇരുവശത്തും കുത്തി ഇരുന്നു. തല താഴേക്ക് കുനിച്ച് കാലുകളിലേക്ക് മിഴിയുറപ്പിച്ചിരിക്കുന്നു. ഞാനും ഒന്നും മിണ്ടാതെ നിന്നു. അറിയിക്കാ തിരുന്നതല്ല… ഞങ്ങളെ ഒഴിവാക്കി ഇറങ്ങിപോയതല്ലേ… അച്ഛനില്ലാത്ത വീട്ടില്‍ ഞങ്ങളെ തനിച്ചാക്കി പോകുവാന്‍ ചേച്ചിക്ക് തോന്നിയപ്പോള്‍ എനിക്കും വാശിയായിരുന്നു. പിന്നീടെപ്പോഴോ അത് ദുഃഖമായി മാറി..ശില്‍പ്പയുടെ വീട്ടില്‍ പോകുന്പോള്‍ അവളുടെ സഹോദരനും അവളും തമ്മിലുള്ള അടുപ്പം കാണുന്പോള്‍ ഞാനും ആഗ്രഹിച്ചുപോയിട്ടുണ്ട്…എനിക്ക് നഷ്ടമായ ആ സ്നേഹം…ഒരേ വീട്ടില്‍ കഴിഞ്ഞിട്ടും നമ്മളെന്താണ് ചേച്ചീ അകന്നുപോയത്…പരസ്പരം മനസ്സിലാക്കാനാവാത്ത വിധത്തിലായിപോയത്.

അവന്‍റെ വാക്കുകളില്‍ കണ്ണീര്‍ചുവ അറിഞ്ഞ് ഞാന്‍ അവന്‍റെ അരികില്‍ ചെന്നുനിന്ന് മുഖം പിടിച്ചുയര്‍ത്തി…അവന്‍റെ കണ്ണുകളിലെ അപേക്ഷ കണ്ട് എനിക്ക് വല്ലാതായി… ചേച്ചിയോട് നീ ക്ഷമിക്കെടാ…എന്നും പറഞ്ഞ് അവന്‍റെ മുഖം നെഞ്ചിലേക്ക് ചേര്‍ത്തു. അവന്‍ കൊച്ചുകുഞ്ഞെന്നവിധം എന്നെ ചുറ്റിപ്പിടിച്ചു കരഞ്ഞു. അവന്‍റെ വിഷമങ്ങള്‍ക്കൊപ്പം എന്‍റെ വേദനകളും ഞാന്‍ ഇറക്കിവെച്ചു.

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *