കാലത്തെഴുന്നേൽക്കുന്നത് തൊട്ട് കിടക്കുന്നതിനിടയിൽ വല്യപ്പച്ചൻ ചിന്തിക്കുന്നതും പറയുന്നതുമൊക്കെ റേഡിയോയുമായി ബന്ധപ്പെട്ടിരിക്കും. രാവിലേ റേഡിയോ സ്റ്റേഷൻ തുറക്കുന്നേനും മുന്നേ……

Story written by Adam John

വല്യപ്പച്ചനൊരു റേഡിയോ ഉണ്ടാരുന്നു. റേഡിയോ ഉപയോഗിക്കാൻ ലൈസൻസ് വേണ്ടുന്ന കാലമാണ്. വല്യപ്പച്ചന് മാത്രേ അന്ന് ലൈസൻസ് സ്വന്തമായുണ്ടാരുന്നുള്ളൂ. ഇടയ്ക്കിടെ റേഡിയോ തുടച്ചു വൃത്തിയാക്കുന്ന തായിരുന്നു വല്യപ്പച്ചന്റെ മെയിൻ ഹോബി. ഉപയോഗിക്കാ തിരിക്കുമ്പോൾ ബാറ്ററി ഊരി വെക്കും. അല്ലെങ്കിൽ ചാർജ് തീർന്ന് പോവുമെന്നാ പറയാ.

റേഡിയോക്ക് ആദ്യമായി ഉടുപ്പ് തയ്ച്ചു കൊടുത്ത വ്യക്തിയും വല്യപ്പച്ചനാവും. അമ്മാവന്മാരിൽ ആരേലും ഉടുപ്പിൽ തൊടുകയോ പിടിച്ച് വലിക്കോ ചെയ്താൽ വല്യപ്പച്ചൻ ഭീകരനാവും. ഇതിയാൻ റേഡിയോക്ക് ഉണ്ടായതാണെന്നാ വല്യപ്പച്ചൻ കേൾക്കാതെ വല്യമ്മച്ചി പറയാറ്. അല്ലേൽ ഇത്രേം സ്നേഹം കാണിക്കുവൊ.

കാലത്തെഴുന്നേൽക്കുന്നത് തൊട്ട് കിടക്കുന്നതിനിടയിൽ വല്യപ്പച്ചൻ ചിന്തിക്കുന്നതും പറയുന്നതുമൊക്കെ റേഡിയോയുമായി ബന്ധപ്പെട്ടിരിക്കും. രാവിലേ റേഡിയോ സ്റ്റേഷൻ തുറക്കുന്നേനും മുന്നേ തന്നെ വല്യപ്പച്ചൻ റേഡിയോ ഓൺ ചെയ്തു വെക്കും. ഗതിമാറി വരുന്ന കാറ്റിനൊപ്പം ഏതേലും സ്റ്റേഷൻ കിട്ടുവൊന്ന് നോക്കാനായി അതിന്റെ ചെവിയേൽ പിടിച്ചു തിരിച്ചോണ്ടിരിക്കും. വല്യപ്പച്ചന്റെ ശല്യം സഹിക്ക വയ്യാതെയാണോ എന്തോ റേഡിയോ ഇടക്കിടെ മൂളിയും ഞരങ്ങിയുമൊക്കെ പ്രതിഷേധം പ്രകടിപ്പിക്കാറുണ്ടായിരുന്നു. ഒട്ടു മിക്ക ദിവസങ്ങളിലും ഉറക്കമുണരുന്നത് പ്രദേശിക വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ എന്ന് കേട്ടോണ്ടായിരുന്നു. ഹിയം ആകാശവാണി എന്ന തുടക്കത്തോടെ ബല ദേവാനന്ദ സാഗര വരുന്നതോടെ റേഡിയോക്ക് താൽക്കാലിക വിശ്രമായിരിക്കും.

അന്ന് വീട്ടിലൊരു പത്തായമുണ്ട്. വീട്ടിലെ ഒട്ടുമിക്ക വിശേഷപ്പെട്ട സാധനങ്ങളും നെല്ലുമൊക്കെ അതിലായിരുന്നു സൂക്ഷിക്കാറുള്ളത്. കൈതോല കൊണ്ട് മെടഞ്ഞ പായ വിരിച്ചു പോത്തിന്റെ പുറത്തൊട്ട് കാലൻ ഇരിക്കുന്ന പോലെ വല്യപ്പച്ചൻ അതിന്റെ മോളേൽ ഇരുന്നാരുന്നു റേഡിയോയുമായുള്ള പ്രണയ സല്ലാപങ്ങൾ. ഇടക്ക് കയ്യിലെടുത്ത് തലോടിയും കാതോട് ചേർത്ത് ഉ മ്മവെച്ചു മൊക്കെ റേഡിയോയുമായി നടത്തുന്ന ഇടപാടുകൾ വല്യമ്മച്ചിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു എന്ന് തോന്നാറുണ്ട്.

അതോണ്ടാവും ആവശ്യമില്ലെങ്കിലും വല്യമ്മച്ചി പത്തായത്തിൽ നിന്ന് എന്തേലും എടുക്കാനെന്ന ഭാവേന ഇടക്കിടെ വന്നോണ്ടിരിക്കും. ഒരു കണക്കിന് ഏതേലും സ്റ്റേഷനുമായി ലൈനാവുമ്പോഴായിരിക്കും വല്യമ്മച്ചിയുടെ വരവ്. ആ സമയത്തെങ്ങാനും റേഡിയോ സിഗ്നൽ പോയാൽ അതിന്റെ കുറ്റം വല്യമ്മച്ചി ക്കാവും. ചുരുക്കിപ്പറഞ്ഞാൽ ഞങ്ങടെ വീട്ടിലെ ഒട്ടുമിക്ക വഴക്കുകൾക്കും അമ്മാവനെ മാറ്റി നിർത്തിയാൽ പിന്നെ റേഡിയോ ആയിരുന്നു പ്രധാന കാരണക്കാരൻ എന്ന് പറയാം.

ഒരിക്കൽ പതിവ് പോലെ പത്തായം തുറന്ന വല്യമ്മച്ചി അത് തിരികെ അടക്കാൻ മറന്ന് പോയി. കുറച്ചു കഴിഞ്ഞപ്പോ റേഡിയോയുടെ ശബ്ദമൊന്നും കേൾക്കാത്തൊണ്ട് വല്യമ്മച്ചി ചെന്ന് നോക്കുമ്പോഴുണ്ട് വല്യപ്പച്ചൻ പഴക്കുല പഴുപ്പിക്കാൻ വെച്ചപോലെ പത്തായത്തിലെ നെല്ലിനുള്ളിൽ പൂഴ്ന്ന് കിടക്കുന്നു. ഇതേതാ സ്ഥലം എന്നുള്ള മട്ടിൽ അന്തം വിട്ടോണ്ട് റേഡിയോയും തൊട്ടടുത്ത് തന്നെ ഇരിപ്പുണ്ടാരുന്നു. ഒരു കണക്കിന് വലിച്ചെടുത്തോണ്ട് പുറത്തേക്കിടാൻ ശ്രമിച്ച വല്യമ്മയോട് വല്യപ്പച്ചൻ പറയുവാ രണ്ട് ദിവസം കഴിഞ്ഞു വന്നാരുന്നേൽ പഴുത്ത് കിട്ടുവായിരുന്നല്ലോന്ന്.

ഗ്രാമിനും കിലോക്കുമപ്പുറം ഒന്നുമറിയാത്ത ബാല്യങ്ങളെ ക്വിന്റൽ എന്താണെന്നൊക്കെ പഠിപ്പിച്ചത് കമ്പോള നിലവാരമായിരിക്കും. കമ്പോള നിലവാരം പറയുമ്പോൾ റേഡിയോയുടെ ശബ്ദം കൂട്ടി വെക്കും. അത് വെളിച്ചെണ്ണയുടെ വില വല്യമ്മച്ചിയെ കേൾപ്പിക്കാനാണെന്നുള്ളത് പരസ്യമായ രഹസ്യവാരുന്നു. വല്യമ്മച്ചിയേക്കാൾ വല്യപ്പച്ചന് വിശ്വാസം റേഡിയോ ആയോണ്ടാരിക്കും ഒരിക്കൽ കാലാവസ്ഥ പ്രവചനവും കേട്ടോണ്ട് കുട എടുക്കാതെ ഇറങ്ങിയ വല്യപ്പച്ചനെ മഴ ചതിച്ചു. നനഞ്ഞ കോഴിയെപ്പോലെ വന്ന വല്യപ്പച്ചനെ ഉണക്കിയെടുക്കാൻ വല്യമ്മച്ചിക്ക് രണ്ട് ദിവസെടുത്തു. മഴക്കാലല്ലായിരുന്നോ..പിന്നീടൊന്ന് രണ്ട് ദിവസം സിഗ്നൽ കിട്ടാത്ത റേഡിയോ പോലായി വല്യപ്പച്ചനും. തുമ്മലും ചീറ്റലും. ഇടക്ക് വല്യമ്മച്ചിയെ വഴക്ക് പറയാൻ നോക്കുമ്പോ മാത്രം സിഗ്നൽ വരും.

അങ്ങിങ്ങായി മഴ പെയ്യാൻ സാധ്യത ഉണ്ടെന്ന് കേൾക്കുമ്പോൾ വല്യപ്പച്ചൻ ഉണക്കാനിട്ട റബ്ബറും കുരുമുളകും ഓർത്ത് ആധി പിടിക്കുമ്പോൾ അയയിൽ ഇട്ട തുണികൾ എങ്ങനേലും ഉണങ്ങിക്കിട്ടണെ എന്നാവും വല്യമ്മച്ചിയുടെ പ്രാർത്ഥന എന്നെനിക്ക് തോന്നീട്ടുണ്ട്..അലക്കുക വെച്ചുണ്ടാക്കുക എന്നതിനപ്പുറം വേറൊരു ലോകമോ സ്വപ്നങ്ങളോ അവർക്കുണ്ടാരുന്നില്ലല്ലോ. കാണാൻ ആരും സമ്മതിക്കാറുമില്ല.

കൃഷിപാഠത്തിലെ നിർദ്ദേശങ്ങൾക്കനുസരിച്ചായിരുന്നു വല്യപ്പച്ചന്റെ കുരുമുളക് തളിർക്കുകയും പൂക്കുകയും ചെയ്തിരുന്നേ. ചലച്ചിത്ര ഗാനങ്ങളിലെ പിന്നണി ഗായകനും ഗായികയും പാടുമ്പോൾ എന്താണാ പിന്നണിയെന്ന ചിന്ത കൊറേക്കാലം ഉറക്കം കെടുത്തിയിട്ടുണ്ട്. പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്കാകാശമുണ്ട് എന്ന ഗാനം ഒത്തിരി തവണ കേട്ടതോണ്ടാവും പിൽക്കാലത്ത് വല്യപ്പച്ചന് കേറിയിരിക്കാൻ പത്തായവുമുണ്ട് എന്നമ്മാവൻ ചേർത്ത് പാടിയെ.

റേഡിയോയോടുള്ള ഇഷ്ടം കൊണ്ടാവണം വല്യപ്പച്ചൻ അമ്മാവനെ ഒരു റേഡിയോ മെക്കാനിക്കിന്റെ അടുത്തേക്ക് പഠിക്കാൻ അയച്ചതും. അന്നൊക്കെ റേഡിയോ മെക്കാനിക്കെന്ന് പറഞ്ഞാൽ ഇന്നത്തെ ശാസ്ത്രജ്ഞരുടെ പവറാണ്.

ആയിടക്കാണ് ഒരു ദിവസം വല്യപ്പച്ചന്റെ റേഡിയോക്ക് തളർവാതം വന്ന് കിടപ്പിലായെ. തട്ടീട്ടും മുട്ടീട്ടുമൊന്നും റേഡിയോ അനങ്ങുന്നില്ല. ഒരു വകക്കും കൊള്ളാത്തവനെന്നുള്ള വല്യപ്പച്ചന്റെ സ്റ്റേറ്റ്മെന്റ് തിരുത്താൻ ഉള്ള അവസരമായി കണ്ട് അമ്മാവൻ റേഡിയോക്കിട്ട് പണിയാൻ ആരംഭിച്ചു.

തിരിഞ്ഞും മറിഞ്ഞും കിടന്നോണ്ടും ഇരുന്നോണ്ടും ഇപ്പ ശരിയാക്കി തരാന്നുള്ള മട്ടിൽ റേഡിയോയുടെ ഉള്ള് പരിശോധിച്ചോണ്ടിരുന്ന അമ്മാവനെ കണ്ടപ്പോൾ വല്യമ്മച്ചിക്ക് എന്തെന്നില്ലാത്ത അഭിമാനമായിരുന്നു. മോൻ വല്യ നിലേൽ എത്തിയല്ലോ. ഒടുക്കം എന്തൊക്കെയോ ചെയ്തോണ്ട് റെഡിയാക്കി റേഡിയോ തിരികെ വെച്ചപ്പോഴാണ് തറയിൽ അഞ്ചാറു സ്‌ക്രൂ ബാക്കി കാണുന്നെ. പറ്റിയ അമളി മറ്റാരും കാണാതിരിക്കാൻ വേണ്ടിയാവും അമ്മാവൻ അതെടുത്തു വിഴുങ്ങിക്കളഞ്ഞു. അതിലൊരെണ്ണം പണി കൊടുത്തതാണോ എന്തോ വയറ്റിന്ന് പോവാഞ്ഞിട്ട് രണ്ടാം ദിവസം മെക്കാനിക്കിനെ കൊണ്ടന്ന് വിഴുങ്ങിയ സ്‌ക്രൂ ഇളക്കി മാറ്റിയപ്പഴാണ് കാര്യങ്ങള് നേരെ ചൊവ്വേ നടന്നത്.

റേഡിയോ പിന്നീട് വല്യപ്പച്ചൻ അറിയാവുന്ന ആരെക്കൊണ്ടോ ശരിയാക്കി കൊണ്ട് വരികയും ചെയ്തതോടെ വകക്ക് കൊള്ളാത്തവൻ എന്ന പേര് അമ്മാവനിൽ തന്നെ നിലനിൽക്കുകയും ചെയ്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *