കാർ ഇടവഴിയിലേക്ക് കയറിയതും, എൻ്റെ നെഞ്ചിലൂടൊരു കൊളളിയാൻ പാഞ്ഞു പോയി. ടീച്ചറുടെ വീടിന് മുന്നിലൊരു ആൾക്കൂട്ടം. ഒരുപാട് വാഹനങ്ങൾ കിടക്കുന്നു……

ലിച്ചി ബജാർ

Story written by Jayachandran N T

അറുപതാം വയസ്സിനു ശേഷം കല്ല്യാണി ടീച്ചർ ഗർഭിണിയായി. അമ്മയായിരിക്കുന്നു.

“അറിഞ്ഞോ നിൻ്റെ കല്ല്യാണി ടീച്ചർ അമ്മയായി.”

രാവിലെ ഉണർന്നു. വേണിയുടെ മെസേജ് കണ്ടു. ഞാൻ ടെൻഡിനു പുറത്തേക്കിറങ്ങി. പരമിന്തറിൻ്റെ പീടിക ഇരുന്ന സ്ഥലത്തെത്തി. പീടികയ്ക്ക് പുറകിലെ ലിച്ചി മരത്തിൽ നിന്നു പഴങ്ങൾ പൊഴിഞ്ഞു വീണിരിക്കുന്നു. കൽക്കണ്ടിൽ ചുവപ്പു പൊതിഞ്ഞതു പോലെ ലിച്ചി പഴങ്ങൾ. പക്ഷികൾ ഒച്ചയുണ്ടാക്കുന്നുണ്ട്. പീടിക പൊളിഞ്ഞു നാശമായിപ്പോയി.അതിർത്തി പ്രദേശങ്ങളിലെ ആറു മാസത്തെ ഡ്യൂട്ടിക്കാലം കഴിഞ്ഞാൽ, ഞങ്ങൾ പട്ടാളക്കാർക്ക് ഇങ്ങനെ ഒരു പ്രദേശത്തേക്കു പോസ്റ്റിംങ്ങ് ലഭിക്കുന്നതു പതിവായിരുന്നു.

ഞാൻ മൂന്നാമത്തെ പ്രാവശ്യമാണ് ഇപ്പോൾ ലിച്ചി ബസാറിലെത്തുന്നത്. സാധാരണക്കാരായ പാവപ്പെട്ട ആൾക്കാർ താമസിക്കുന്ന ഗ്രാമപ്രദേശമാണ് ലിച്ചി ബസാർ. ഇവിടുള്ളവർ തന്നെ ലിച്ചി ബജാർ എന്നാണതു പറഞ്ഞു കേൾക്കാറുള്ളത്. ജാർഖണ്ഡിൻ്റെ തലസ്ഥാനമായ റാഞ്ചിയിലെ നാംകും എന്ന പ്രദേശത്തെ ലിച്ചി ബസാർ, ലിച്ചി മരങ്ങൾ നിറഞ്ഞ ചെറിയ ഗ്രാമം.

ലിച്ചി ബജാറിലെ പട്ടാള ക്യാമ്പിനരികിലെ മൈനിൽ നിന്നുണ്ടായ അപകടത്തിലായിരുന്നു. പരമിന്തറിന് രണ്ടു കാലുകളും നഷ്ടമായത്. അന്നയാൾക്ക് മുപ്പത് വയസ്സായിരുന്നു. പട്ടാളക്കാർ തന്നെ അയാൾക്കൊരു ചെറിയ പീടിക അവിടെ തുറക്കാൻ സഹായിച്ചു.

രണ്ടു കാലുകളും മുട്ടിനു താഴെ വച്ചു നഷ്ടമായ പരമിന്തർ, പീടികപ്പലകയിൽ മുറിഞ്ഞ കാൽമുട്ടുകൾ നീട്ടിവച്ചിരിക്കും, അറുപതു വയസ്സു കഴിഞ്ഞ അയാളുടെ താടിരോമങ്ങളിൽ ഒരൊറ്റ കറുത്ത മുടി ഇല്ലായിരുന്നു. ലിച്ചിപ്പഴങ്ങളുടെ മണമാണ് ചുറ്റിനുമുള്ള പ്രദേശം. ഒരു ദിവസം പരമിന്തർ എന്നോടു ചോദിച്ചു. “ബേട്ടാ തും ക്യോ മിലിട്ടറി മെ ആയാ?” പരമിന്തർ ഹിന്ദി അല്ലാതെ ഒരു വാക്കു പോലും അതുവരെ എന്നോടു സംസാരിച്ചിരുന്നില്ല. എങ്കിലും എന്നിൽ ഉണ്ടായിരുന്ന സംശയം തീർക്കാൻ ഞാൻ അയാളോടു ആ കഥ പറഞ്ഞു.

കല്ല്യാണി ടീച്ചറായിരുന്നു.എന്നെ ആദ്യാക്ഷരങ്ങൾ എഴുതി പഠിപ്പിച്ചത്. അമ്മയിലെ ‘മ’ ആയിരുന്നു. കല്ല്യാണി ടീച്ചർ ആദ്യമായി പഠിപ്പിച്ച അക്ഷരം. ‘അ’ പെട്ടെന്നു വഴങ്ങാത്തതിനാലാകാം ടീച്ചർ,’മ’ പഠിപ്പിക്കാൻ ശ്രമിച്ചത്. ഓല മേഞ്ഞ പഴയൊരു കൊച്ചു വീടായിരുന്നു. ടീച്ചറുടേത്. അധികം വെയിലേൽക്കാതെ മരച്ചില്ലകൾ കുട പിടിച്ച ടീച്ചറുടെ വീട്ടിലെ കിണറ്റിലെ വെള്ളത്തിന് മധുരമായിരുന്നു. “കിണറ്റിനുള്ളിലൊരു നെല്ലിപ്പലകയുണ്ട് ശിവൻകുട്ടാ.”.വെള്ളം കുടിച്ച് നല്ല മധുരമെന്നു പറയുമ്പോൾ ടീച്ചർ പറയും. തണലും, തണുപ്പും നിറഞ്ഞ മുറ്റത്തെ മരച്ചുവട്ടിൽ ഇരുന്നായിരുന്നു ടീച്ചർ പഠിപ്പിച്ചിരുന്നത്..കറുത്ത നിറമുള്ള സ്ലേറ്റിൽ വെളുത്ത ചോക്ക് കൊണ്ട് ഒരു റ വരച്ചു, താഴെ നീളത്തിൽ ഒരു വരയിട്ട് റ യുടെ രണ്ടറ്റവും മുട്ടിച്ചിട്ട്, അതിനുള്ളിൽ ചരിച്ചൊരു ചന്ദ്രക്കല വരച്ചു ആദ്യത്തെ ‘മ’ എഴുതി. പിന്നെ ഒരിടത്തു നിന്നു തുടങ്ങി കൈയെടുക്കാതെ വരച്ചു വന്നു രണ്ടാമത്തെ ‘മ’എഴുതി. അത്ര വൃത്തിയില്ല. നീളത്തിലുള്ളൊരു ‘മ ‘ “ശിവൻകുട്ടന് ഇതിൽ ഏതു ‘മ’ വേണം.?” ഞാൻ രണ്ടാമത്തെ ‘മ’ യിൽ ആയിരുന്നു വിരൽ തൊട്ടത്. എൻ്റെ കൈ പിടിച്ചു ‘അ’ എഴുതി രണ്ടു ‘മ’ യും ചേർത്തു ടീച്ചർ പറഞ്ഞു.

“അമ്മ.” കറുത്ത സ്ലേറ്റിനുളളിലെ വെളുത്ത അക്ഷരങ്ങളിൽ രണ്ടു തുള്ളികൾ വീണു പടർന്നു. ടീച്ചർ എൻ്റെ താടി പിടിച്ചുയർത്തി. “നിനക്ക് ഞാനില്ലേ മോനെ.ഞാനാണ് നിൻ്റെ അമ്മ.” അന്നു എനിക്കു വലിയ സന്തോഷമായിരുന്നു..വീട്ടിലെത്തി അമ്മൂമ്മയെ അമ്മ എന്നു സ്ലേറ്റിലെഴുതി കാണിച്ചു. വരാന്തയിൽ കാലുനീട്ടിയിരുന്ന അമ്മൂമ്മ ആദ്യം ചിരിച്ചു. പിന്നെ ആ കുഴിഞ്ഞ കണ്ണുകൾ നിറഞ്ഞു.

“ആ കാ ലമാടൻ കൊ ന്നതാ എൻ്റെ മോളെ, എൻ്റെ കുഞ്ഞിന് അമ്മയില്ലാണ്ടാക്കി. എന്നിട്ടവൻ വേറെ പെണ്ണും കെട്ടി. പാവം എൻ്റെ ഉമക്കുട്ടി. ” ആദ്യം അമ്മൂമ്മ പതം പറഞ്ഞു കരയും. പിന്നെ തെ റി പറയും.

കല്ല്യാണി ടീച്ചർക്കൊരു പ്രണയം ഉണ്ടായിരുന്നു. ടീച്ചറെ കാണാൻ തുടങ്ങിയ നാൾ മുതൽ ഞാനതു കേട്ടിരുന്നു. ടീച്ചറെ ഇഷ്ട്ടമുള്ള ആൾ ദൂരെ എവിടെയോ ആണ്. ടീച്ചറുടെ പ്രണയം നാട്ടിൽ സമുദായ ലഹളയായപ്പോൾ അയാൾ കുറച്ചു നാൾ ദൂരേക്ക് മാറി നിൽക്കാനായി പോയി.വർഷങ്ങൾ കഴിഞ്ഞു. പിന്നെ തിരികെ വന്നിട്ടില്ല. മുഷിഞ്ഞൊരു കടലാസ്സും, അവിടവിടെ നിറം മങ്ങിയൊരു ബ്ലാക്ക് വൈറ്റ് ഫോട്ടോയും ടീച്ചർ ഇടയ്ക്കെടുത്ത് നോക്കാറുണ്ട്. ആ മുഷിഞ്ഞ കടലാസ്സൊരു കത്തായിരുന്നു. വായിച്ചു പഠിച്ചപ്പോൾ ഒരിക്കൽ ടീച്ചർ അതു എനിക്കു വായിക്കാൻ തന്നു.

“കല്ല്യാണി, മോളെ നിനക്ക് സുഖമാണോ? വിഷമിക്കരുത്.ഞാൻ വരും. ഞാൻ അകലെ ഒരിടത്തുണ്ട്. ഇവിടെ നിറയെ ലിച്ചി മരങ്ങളാണ്. നല്ല മധുരമാണ് അതിൻ്റെ പഴങ്ങൾ, ഞാൻ വരുമ്പോൾ നിനക്കതു കൊണ്ടു വരുന്നുണ്ട്. ” ബാക്കി അക്ഷരങ്ങളെല്ലാം നിറം മങ്ങി വായിക്കാൻ കഴിയാതെ ആയിരുന്നു. കത്ത് എഴുതിയ ഡേറ്റും, മാസവും മങ്ങിപ്പോയിരുന്നെങ്കിലും, വർഷം മാഞ്ഞിട്ടുണ്ടായിരുന്നില്ല. 1995, ഇരുപത്താറു വർഷങ്ങൾ കഴിഞ്ഞു. കല്ല്യാണി ടീച്ചർ ഇന്നും കാത്തിരിക്കുന്നു.” ഞാൻ കഥ പറഞ്ഞു നിർത്തിയപ്പോൾ അയാളുടെ നിറഞ്ഞ കണ്ണുകൾ എനിക്കു ഉത്തരം നൽകി. മുറിഞ്ഞുപോയ കാലുകൾ ഒരു കാരണമായി അയാൾ പറയുമെന്നും എനിക്കറിയാമായിരുന്നു.

”ബേട്ടാ” ഒരു വിതുമ്പലോടെ അയാൾ വിളിച്ചു.

“മുഖം മൂടി മാഞ്ഞു പോയി ചാച്ച. ഇനി മറ്റൊരു ഭാഷയ്ക്കുള്ളിലൊന്നും ഒളിച്ചിരിക്കാൻ കഴിയില്ല. ആദ്യത്തെ കാഴ്ച്ചയിൽ തന്നെ എനിക്കു സംശയം ഉണ്ടായിരുന്നു. അതു കഴിഞ്ഞുള്ള അവധിയിൽ ഞാനും, വേണിയും അതുറപ്പിച്ചു. ഇപ്പോൾ ഞാൻ വന്നത് നിങ്ങളെ കൊണ്ടുപോകാനാണ്. വരാതിരിക്കാനായി എന്തിൻ്റെ പേരിലായാലും നിരത്തുന്ന ന്യായീകരണം പൊറുക്കാവുന്നതല്ല.
പ്രതീക്ഷ നൽകിയതു പിന്നെന്തിനായിരുന്നു. ഒരാത്മാവ് കാത്തിരുന്ന് അവസാനിച്ചോട്ടെ എന്നാണോ? ആ പാപഭാരം നിങ്ങൾ എങ്ങനെ നികത്തും.?” എൻ്റെ ചോദ്യങ്ങൾക്കൊന്നിനും അയാൾക്കു അന്നു ഉത്തരങ്ങളില്ലായിരുന്നു.

വേണിയുടെ രണ്ടാമത്തെ മെസേജ് വന്നു. ഒരു ചിത്രമാണ്. ചുറ്റി കറങ്ങിയതു വ്യക്തമായി വന്നു. വേണിയുടെ ചിത്രമായിരുന്നു. അവളുടെ മടിയിൽ ഒരു കുഞ്ഞ് ഉണ്ടായിരുന്നു. കുഞ്ഞിനെ നോക്കി അവൾ ചിരിക്കുന്നു. പല്ലില്ലാത്ത മോണ കാട്ടി കുഞ്ഞും ചിരിക്കുന്നുണ്ട്

”കണ്ടോ മോളാണ്. കുട്ടിക്കല്യാണി. നിനക്കിനി എന്നാണു നേരം വെളുക്കുന്നത്? എനിക്കും ഷഷ്ഠിയാകുമ്പോഴാണോ?” വേണിയുടെ മൂന്നാമത്തെ മെസേജ് കണ്ടു എനിക്കു ചിരിയുണർന്നു.

“മനസ്സൊരു അദ്ഭുതം തന്നെയാണു അല്ലേ? ഈ പ്രണയംന്നു പറയുന്ന കൊസ്രാക്കൊള്ളി ഹൃദയത്തിലെവിടെയാണാവോ ദൈവം ഒളിപ്പിച്ചു വച്ചിരിക്കുന്നത്. ഹാർട്ട് സർജൻമാരാരെങ്കിലും കണ്ടിട്ടുണ്ടാകുമോ അത്? അന്നു കല്ല്യാണി ടീച്ചറുടെ വീട്ടിൽ നിന്നുള്ള മടക്കയാത്രയിൽ വേണി ചോദിച്ചു. കുറച്ചു മുൻപ് പരിഭ്രമം നൽകിയ ചില ചിത്രങ്ങളിൽ നിന്നും എൻ്റെ മനസ്സ് പൂർണ്ണമായും മുക്തമായിരുന്നില്ല. ചില ദിവസങ്ങളിൽ ഒരു ദുർസ്വപ്നമായി വന്നു അതെന്നെ ഇപ്പോഴും ഭയപ്പെടുത്താറുണ്ട്.

ഉച്ചകഴിഞ്ഞു വെയിൽ മങ്ങിയ നേരമായിരുന്നു. ഞങ്ങൾ പരമിന്തറുമായി കല്ല്യാണി ടീച്ചറുടെ വീട്ടിലെക്കു യാത്ര തിരിച്ചത്. ആ കാഴ്ച്ച കാണാനായി വേണിയും എന്നോടൊപ്പം കൂടിയിരുന്നു. ഇരുപത്താറു വർഷത്തിലേറെയുള്ള വിരഹത്തിൻ്റെ അവസാനം, രണ്ടു പ്രണയിതാക്കളുടെ കണ്ടുമുട്ടൽ. കല്ല്യാണി ടീച്ചർ ഇദ്ദേഹത്തെ തിരിച്ചറിയുമോ? അറിയാതിരിക്കില്ല. ആ കണ്ണുകളിൽ വിടരുന്ന ഭാവം എന്തായിരിക്കും. കാലുകൾ നഷ്ടമായ പരമിന്തർ എന്ന ബാലചന്ദ്രനെ കല്ല്യാണി ടീച്ചർ സ്വീകരിക്കില്ലേ?

കാർ ഇടവഴിയിലേക്ക് കയറിയതും, എൻ്റെ നെഞ്ചിലൂടൊരു കൊളളിയാൻ പാഞ്ഞു പോയി. ടീച്ചറുടെ വീടിന് മുന്നിലൊരു ആൾക്കൂട്ടം. ഒരുപാട് വാഹനങ്ങൾ കിടക്കുന്നു. വീടിനോട് അടുക്കും തോറും മുന്നിൽ കിടക്കുന്നതൊരു ആംബുലൻസ് ആണെന്നു ഞങ്ങൾ തിരിച്ചറിഞ്ഞു. നിശബ്ദത നിറഞ്ഞ അന്തരീക്ഷം. ഉച്ചവെയിൽ മങ്ങിയിടത്ത് കാറ്റിൽ ഉലയുന്ന തെങ്ങുകളും, കാക്കകൾ കരയുന്ന ഒച്ചയും ഉള്ളിൽ അസ്വസ്ഥത നിറച്ചു. ഞാനും, വേണിയും മുഖത്തോടു മുഖം നോക്കി. കാർ ഇവിടെ നിർത്താതെ മുന്നിലേക്ക് ഓടിച്ചു പോയാലോ? വർഷങ്ങൾക്കു ശേഷം ബാലചന്ദ്രൻ എത്തിയത് ഇങ്ങനെ ഒരു കാഴ്ച്ചയിലേക്കാണോ? മനസ്സിൻ്റെ ചോദ്യത്തിനു ഉത്തരത്തിലേക്കെത്താൻ കഴിഞ്ഞില്ല. പരമിന്തറിൻ്റെ തളർന്ന കൈ വിരലുകൾ എൻ്റെ തോളിൽ അമർന്നു. ഗേറ്റിനു മുന്നിൽ കാർ നിർത്തിയതു യാന്ത്രികമായിട്ടായിരുന്നു. ഭയത്തോടെ ഞങ്ങൾ ഇറങ്ങി.

ടീച്ചറുടെ വീടിനുള്ളിൽ നിറയെ പരിചയമുള്ള മുഖങ്ങൾ.ടീച്ചറുടെ അറുപതാം വയസ്സിലെ ആഘോഷമാണ്. മന്ത്രിയടക്കം ടീച്ചർ പഠിപ്പിച്ച വിദ്യാർത്ഥികൾ സംഘടിപ്പിച്ച ആഘോഷമാണ്. മന്ത്രിയുടെ എസ്കോർട്ട് വാഹന നിരയിലെ ആംബുലൻസ് നൽകിയ നെഞ്ചിടിപ്പ് കുറഞ്ഞു. ഞാൻ ടീച്ചറെ അന്വേഷിച്ചു. നെല്ലിപ്പലകയിട്ട കിണറ്റിൻകരയിൽ കുറെ പെൺകുട്ടികളുടെ ഇടയിൽ ടീച്ചർ ഉണ്ടായിരുന്നു. ഓരോരുത്തരും വർണ്ണക്കടലാസ്സുകളിൽ പൊതിഞ്ഞ സമ്മാനങ്ങൾ നൽകുന്നു.

തിരക്കിനിടയിൽ ടീച്ചർ എൻ്റെ മുഖം കണ്ടു. “ശിവൻകുട്ടനും വന്നോ വാ മോനെ ” ഞാൻ ടീച്ചറുടെ അരികിലെത്തി. ചുറ്റിനും പല പല വർണ്ണക്കടലാസ്സുകളിലെ സമ്മാനപ്പൊതികൾ. “ശിവൻകുട്ടൻ ടീച്ചർക്കെന്താ കൊണ്ടു വന്നത്? എവിടെ കാണട്ടെ?” ടീച്ചർ എനിക്കു നേരെ കൈ നീട്ടി. അതുവരെ ഭദ്രമായി ഞാൻ മുറുകെ പിടിച്ചിരുന്ന ലിച്ചി പഴങ്ങൾ ടീച്ചറുടെ കൈയ്യിൽ വച്ചു. തോട് പൊളിഞ്ഞു കൽക്കണ്ട് നിറം പുറത്തു കാണുന്ന ലിച്ചി പഴങ്ങൾ ടീച്ചറുടെ കൈയ്യിൽ “എവിടെ എവിടെ” ടീച്ചറുടെ ചുണ്ടുകൾ വിതുമ്പി. വേണി ചൂണ്ടി കാണിച്ച വിരലിൻ്റെ ദിശയിലേക്ക് കല്ല്യാണി ടീച്ചർ ഇടറുന്ന കാലുകളോടെ നടന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *