കുട്ട്യേളല്ലേ ഇക്കാ, എന്തേലും വികൃതി കാണിച്ചിട്ടുണ്ടാകും. അതിന് ഇങ്ങനെ അടിക്കാണോ ചെയ്യേണ്ടേ…? ഇങ്ങളെ ഇക്കാക്കാന്റെയും അനിയത്തിയുടേയും…….

Story written by Shaan Kabeer

“ഇങ്ങളെ ഉപ്പ നമ്മുടെ മോനെ അടിച്ചു”

ഷോപ്പിൽ നിന്നും ഉച്ചക്ക് ചോറ് കഴിക്കാൻ വീട്ടിൽ വന്നപ്പോഴാണ് പൊട്ടിക്കരഞ്ഞുക്കൊണ്ട് ഷാഹിന ഷാനിനോട് അത് പറഞ്ഞത്

“എന്തിനാ അടിച്ചേ…?”

ഷാഹിന സങ്കടം കാരണം സംസാരിക്കാൻ പാടുപ്പെട്ടു

“കുട്ട്യേളല്ലേ ഇക്കാ, എന്തേലും വികൃതി കാണിച്ചിട്ടുണ്ടാകും. അതിന് ഇങ്ങനെ അടിക്കാണോ ചെയ്യേണ്ടേ…? ഇങ്ങളെ ഇക്കാക്കാന്റെയും അനിയത്തിയുടേയും കുട്ടികളും കൂടെ ഉണ്ടായിരുന്നല്ലോ, ഉപ്പയെന്താ അവരെ അടിക്കാഞ്ഞേ”

ഒന്ന് നിറുത്തിയിട്ട് ഷാഹിന ഷാനിനെ നോക്കി

“ഈ വീട്ടിൽ നമുക്ക് ഒരു വിലയും ഇല്ലക്കാ, നമ്മുടെ കുട്ടികളോടും പോലും തരം തിരിവ് കാണിക്കുന്നു. മോൻ വികൃതി കാണിച്ചെങ്കിൽ എന്നോട് പറഞ്ഞൂടെ ഞാൻ ശിക്ഷിക്കില്ലേ അവനെ, ഉപ്പ ആരാ ന്റെ മോനെ അടിക്കാൻ. ഇങ്ങള് ശരിയല്ലാഞ്ഞിട്ടാ ഇതൊക്കെ, ഇക്കാന്റെ മക്കളെയെങ്ങാനും ഉപ്പ അടിച്ച് നോക്കണം അപ്പൊ അറിയാം പുകില്”

ഷാഹിന പറഞ്ഞ് തീർന്നതും ഷാൻ കബീർ റൂമിന്റെ വാതിൽ വലിച്ച് തുറന്ന് ഉപ്പാന്റെ അടുത്തേക്ക് പോയി

“അല്ലപ്പാ, ഇങ്ങളെന്തിനാ ന്റെ മോനെ തല്ലിയേ…?”

ഉപ്പ പുഞ്ചിരിച്ച് കൊണ്ട് ഷാനിനെ നോക്കി

“ആ അത്… മോന് മണ്ണിൽ കളിച്ചപ്പോൾ വെറുതേ ഒരു ഈർക്കിൽ എടുത്ത് പേടിപ്പിച്ചതാ. പറഞ്ഞത് കേക്കാഞ്ഞപ്പോൾ മെല്ലെയൊന്ന് അടിച്ചു”

ഇത് കേട്ടപ്പോൾ ഷാനിന്റെ മുഖം ദേഷ്യംകൊണ്ട് ചുവന്ന് വിറച്ചു

“ഇങ്ങളാരാ ന്റെ മോനെ തല്ലാൻ. ഇക്കാന്റെ കുട്ടികളും ഉണ്ടായിരുന്നല്ലോ കൂടെ, ഇങ്ങളെന്താ അവരെ തല്ലാഞ്ഞേ…? ന്റെ കുട്ടികളോട് മാത്രം ഇങ്ങക്കെന്താ ഇത്ര ദേഷ്യം…?”

ഷാനിന്റെ ഒച്ചക്കേട്ട് അടുക്കളയിൽ നിന്നും ഉമ്മ ഓടിവന്നു

“നീ എന്തിനാടാ ഇങ്ങനെ ഒച്ചവെക്കുന്നെ…? നിന്റെ മോനെ തല്ലിയത് അന്റെ ഉപ്പയല്ലേ, അല്ലാതെ പുറത്ത് നിന്നുള്ള ആളൊന്നും അല്ലല്ലോ. അന്നെ ചെറുപ്പത്തിൽ വല്ലിപ്പ അടിച്ചിട്ടില്ലേ…? അന്ന് അന്റെ ഉപ്പ ഇതുപോലെ എന്റെ വാക്കും കേട്ട് വലിപ്പാനോട്‌ അലറിയിട്ടില്ലല്ലോ”

ഷാൻ കബീർ ഉമ്മയെ നോക്കി കണ്ണുരുട്ടി

“അത് ഉപ്പാക്ക് എന്നോട് സ്നേഹം ഇല്ലാഞ്ഞിട്ടാകും, ഒരുകാര്യം ഞാൻ പറയാം ആരായാലും ശരി എന്റെ മക്കളെ തല്ലുന്നത് എനിക്കിഷ്ടല്ല. ഇനി മേലാൽ ന്റെ മക്കളെ തൊട്ടാൽ ഇങ്ങള് വിവരം അറിയും”

ഇതും പറഞ്ഞ് ഷാൻ റൂമിലേക്ക് ചെന്നു. ഷാഹിനാന്റെ മുഖത്ത് വല്ലാത്ത സന്തോഷം

“ഇപ്പോഴാ ന്റെ ഇക്കയൊരു ആണായെ”

ഷാഹിന ഷാനിനെ കെട്ടിപ്പിടിച്ച് കവിളിൽ ഒരുമ്മ കൊടുത്തു. ഷാൻ ഒരു കള്ള ചിരി പാസാക്കി

“രാത്രി വന്നിട്ട് നോക്കാം”

അതും പറഞ്ഞ് ഷാൻ ബൈക്കിന്റെ ചാവിയെടുത്ത് പുറത്തിറങ്ങി. ബൈക്കിൽ കയറി സ്റ്റാർട്ടാക്കി അവൻ ഷാഹിനയെ നോക്കി

“അല്ല നമ്മുടെ മോനെവിടെ…?”

ഷാഹിനയുടെ മുഖത്ത് ദേഷ്യം നിഴലിച്ചു

“ഉപ്പ മോനെ അടിച്ചപ്പോൾ എനിക്ക് സഹിച്ചില്ല, ഞാൻ ആ ദേഷ്യം തീർക്കാൻ നമ്മുടെ മോനേ ഉമ്മയുടേയും ഉപ്പയുടേയും ഇക്കാന്റെയും അനിയത്തിയുടേയും മുന്നിലിട്ട് രണ്ട് കയ്യും കെട്ടിയിട്ട് കണ്ണിൽ മുളകെഴുതി നല്ലോണം തല്ലി”

ഒന്ന് നിറുത്തിയിട്ട് ഷാഹിന ഒന്ന് ശ്വാസം വിട്ട് ഷാനിനെ നോക്കി പുഞ്ചിരിച്ചു

“ഇപ്പൊ എനിക്ക് നല്ല ആശ്വാസണ്ട്. എന്റെ ദേഷ്യം മാറിയപ്പോൾ ഞാൻ മോനെ കെട്ടിപ്പിടിച്ച് കുറേ കരഞ്ഞ് അവന്റെ കവിളിൽ ഉമ്മവെച്ചു. എനിക്ക് എന്ത്‌ സ്നേഹാന്ന് അറിയോ മോനോട്. എന്റെ അടിയിൽ അവന്റെ തുടയൊക്കെ പൊട്ടിയിരുന്നു, ഞാൻ അവിടെയൊക്കെ ഓയിൽമെന്റ് പുരട്ടി അപ്പുറത്തെ റൂമിൽ ഉറക്കിയിരിക്കുകയാ അവനെ”

ഇതും പറഞ്ഞ് പെട്ടെന്ന് ഷാഹിനയുടെ മുഖം മാറി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. തന്റെ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണീർ തുള്ളികൾ ഷാളുകൊണ്ട് തുടച്ചുമാറ്റി അവൾ ഷാനിനെ നോക്കി

“ന്നാലും, ഇങ്ങളെ ഉപ്പ… നമ്മുടെ മോനെ ഈർക്കിൽ കൊണ്ട് അടിച്ചത് ഓർക്കുമ്പോൾ എനിക്ക് ചങ്ക് പൊട്ടാണ് ഇക്കാ…”

എന്താ പറയേണ്ടത് എന്നറിയാതെ ഇതുവരെ പേരിട്ടിട്ടില്ലാത്ത ഒരു വികാരത്തോടെ വളരെ ദയനീയമായി ഷാൻ ഷാഹിനയെ നോക്കി. അപ്പോഴാണ് ഷാൻ അത് ശ്രദ്ധിച്ചത്. ഉപ്പ വീട്ടിലുള്ള വാഴക്ക് വെള്ളം ഒഴിച്ച് അതിലൊന്ന് തലോടി എന്തോ ആലോചിച്ച് നിക്കുന്നു.

നട്ടെല്ലിന് പകരം വാഴപ്പിണ്ടിയുള്ള എല്ലാ ഷാൻ കബീർമാർക്കും ഈ കഥ സമർപ്പിക്കുന്നു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *