മറക്കാനുള്ള പരിശ്രമങ്ങളെല്ലാം ഓർമ്മകളെ കൂടുതൽ ദൃഢമാക്കുകയാണു ചെയ്തത് മറക്കാൻ ശ്രമിച്ചിട്ടും അതിനു കഴിയാതെ മറവിയുടെ ആഴങ്ങളിൽ………

Story written by Pratheesh

സ്നേഹം എന്ന വാക്കു കേൾക്കുമ്പോൾ നിങ്ങളുടെ മനസിൽ ആദ്യം തെളിയുന്ന മുഖം ഏതാണോ ആ മുഖത്തേയാണ് നിങ്ങളുടെ ഹൃദയം സ്നേഹിക്കുന്നത് !

വർഷം ഒൻപതു കഴിഞ്ഞിരിക്കുന്നു എല്ലാം അവസാനിച്ചിട്ടും പുതിയ ജീവിതം തുടങ്ങിയിട്ടും, എന്നിട്ടും ഇന്നും സ്നേഹത്തിന്റെ മിഴി തുറക്കുന്നത് അവനിലേക്കു തന്നെയാണ് !

ഹൃദയത്തിന്റെ വാതിലുകൾ അവനു മുന്നിൽ താഴിട്ടു പൂട്ടാൻ എനിക്കോ അതു വരെയും കൊഴിഞ്ഞു വീണ മൂവായിരത്തി ഇരുന്നൂറ്റി എൺപ്പത്തി അഞ്ചോളം ദിവസങ്ങൾക്കോ സാധ്യമായിട്ടില്ല,

മറക്കാനുള്ള പരിശ്രമങ്ങളെല്ലാം ഒാർമ്മകളെ കൂടുതൽ ദൃഢമാക്കുകയാണു ചെയ്തത് !മറക്കാൻ ശ്രമിച്ചിട്ടും അതിനു കഴിയാതെ മറവിയുടെ ആഴങ്ങളിൽ എവിടെയെങ്കിലും അവനെ മാറ്റി വെക്കാനെങ്കിലും സാധിച്ചിരുന്നെങ്കിൽ എന്നു പോലും പലപ്പോഴും ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചിട്ടുണ്ട്,

എന്നാൽ അപ്പോഴൊക്കെയും ഇഷ്ടമുള്ളവരെ പുറത്തല്ല അകത്തേ സൂക്ഷിക്കാനാവൂ എന്നു ഹൃദയമെന്നേ ഒാർമ്മിപ്പിച്ചു കൊണ്ടേയിരുന്നു,

അതേ തുടർന്നു ജീവന്റെ അവസാന നിമിഷം വരെയും അവന്റെ ഒാർമ്മകൾ എന്നെ വിട്ടു പോവില്ലെന്നു പൂർണ്ണ ബോധ്യം വന്നപ്പോഴാണ് ശരിക്കും അവനെ നഷ്ടപ്പെട്ടതിനു പിന്നിലെ കാര്യങ്ങളെക്കുറിച്ച് ഞാനും ചിന്തിച്ചു തുടങ്ങിയത്,

അവനെ ഹൃദയം ഇത്രമാത്രം ഒാർമ്മിച്ചു വെക്കണമെങ്കിൽ എന്റെ ഉള്ളിൽ അവനോടുണ്ടായിരുന്ന ഇഷ്ടം അതു ഞാൻ മനസിലാക്കിയിരുന്നതിലും വളരെ വളരെ അധികമാണെന്നു എനിക്കു മനസിലായി,

എന്നിട്ടും എനിക്കെങ്ങനെ അവനെ ഒഴിവാക്കാൻ സാധിച്ചു എന്നു ചിന്തിച്ചു തുടങ്ങിയപ്പോൾ തൊട്ട് എനിക്കു മനസിലായ ഒരു വസ്തുതയുണ്ട്,

എന്നെപ്പോലെ തന്നെ ഇഷ്ടമുള്ളവരെ നഷ്ടപ്പെടുത്തേണ്ടി വന്ന മറ്റു പലർക്കും അവരുടെ ജീവിതത്തിലെ ഇത്തരം സാഹചര്യത്തിൽ സംഭവിച്ചതോ ഇനി സംഭവിച്ചേക്കാവുന്നതോ ആയിരുന്നു ഞാൻ മനസിലാക്കിയ ആ വസ്തുത !

അല്ലെങ്കിൽ എന്തിനാ ഇപ്പോൾ മറ്റുള്ളവരെ വെറുതെ ഈ കാര്യത്തിലേക്ക് വലിച്ചിഴച്ച് ഈ കാര്യം ജനറലൈസ് ചെയ്യുന്നത് ? എന്റെ ജീവിതത്തിൽ എനിക്കു സംഭവിച്ചതു പറയാം അതിൽ നിന്ന് ആവശ്യമുള്ളവർ മനസിലാക്കാൻ ശ്രമിക്കുന്നുവെങ്കിൽ അവരതു ചെയ്യട്ടെ അതാണു നല്ലത് !

അവനുമായുള്ള എന്റെ ഇഷ്ടം വീട്ടിൽ അറിഞ്ഞതോടെ വീട്ടുകാർ മൊത്തം എനിക്കെതിരായി അണിനിരന്നു, അവരുടെയെല്ലാം ഏക ആവശ്യം അവനെ ഒഴിവാക്കുക എന്നതു മാത്രമായിരുന്നു എന്നാൽ എനിക്കസാധ്യമായി തോന്നിയതും ആ കാര്യം തന്നെയായിരുന്നു,

പിന്നീടെപ്പോഴോ വീട്ടുകാരുടെ ആവശ്യങ്ങൾക്കു ഞാൻ വഴങ്ങി കൊടുത്തു. അവനെ വേണ്ടെന്നും വീട്ടുകാരുടെ ഇഷ്ടത്തിനുള്ള വിവാഹത്തിനു സമ്മതമാണെന്നും ഞാൻ പറഞ്ഞു,

അതുവരെയും പ്രാണന്റെ അടയാളമായിരുന്ന അവനെപ്പോലെ ഒരാൾ ഒരൊറ്റ രാത്രി ഇരുട്ടി വെളുക്കുന്ന നേരം കൊണ്ട് മനസിൽ നിന്നു പുറത്തായി പോയതിന്റെ ഉത്തരം എനിക്കന്നും അജ്ഞാതമായി തോന്നിയിരുന്നു,

അന്നുതൊട്ട് ഇന്നുവരെ എനിക്കു മനസിലാവാത്തതും എന്റെ ആ മാറ്റം എങ്ങിനെ സംഭവിച്ചു എന്നതു തന്നെയായിരുന്നു,

മജ്ജയിലും, മാംസത്തിലും, അസ്ഥിയിലും ചോരക്കു സമമായി ചേർന്നു പിടിച്ച അവനോടുള്ള ഇഷ്ടത്തെ പെട്ടന്നൊരു ദിവസം എങ്ങനെ നഷ്ടമായി എന്നത് ആ കാലയളവിൽ എന്റെ മനസിനെ വല്ലാതെ അലട്ടിയിരുന്ന ഒരു ചോദ്യമായിരുന്നു !

എനിക്കു മാത്രമല്ല ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോയിട്ടുള്ള മറ്റു ഒരുപാടു പേർ സ്വയം ചോദിക്കുകയും ഉത്തരം കിട്ടാത്തതുമായ ഒരു ചോദ്യം കൂടിയാണത് !

അങ്ങിനാണ് എന്നിൽ അന്നു സംഭവിച്ച ആ മാറ്റത്തെ കുറിച്ചറിയാനുള്ള ഒരു ത്വര ഉള്ളിൽ നിറഞ്ഞത് അതേ തുടർന്ന് ആ രാത്രി സംഭവിച്ച ഒരോ കാര്യങ്ങളെയും തലനാരിഴകീറി പരിശേധിച്ചപ്പോൾ പതിയേ, പതിയേ എവിടെയാണ് എന്നിൽ ആ പിഴവു കടന്നു കൂടിയതെന്ന് എനിക്കു മനസിലായി !

എല്ലാവരും ചേർന്നവനെ ഒഴിവാക്കണം എന്നു പറഞ്ഞു എന്നെ നിർബന്ധിച്ചപ്പോഴും ഞാനതത്ര കാര്യമായെടുത്തില്ല, ഇത്തരം ഒരു കാര്യം കേൾക്കുമ്പോൾ ഏതൊരു കുടുംബത്തിലും സംഭവിച്ചേക്കാവുന്ന ഒരു സാധാരണ കാര്യമായി മാത്രമേ ഞാനതിനെ പരിഗണിച്ചുള്ളൂ, അവരെന്തു വേണേലും പറഞ്ഞോട്ടെ എന്നൊരു മനോഭാവം മാത്രമായിരുന്നു എനിക്കപ്പോഴും അവരോട് ഉണ്ടായിരുന്നത്,

എന്നാൽ അന്നു രാത്രി അച്ഛൻ ഒറ്റക്ക് മുറിയിൽ വന്ന് എന്നോടു മാത്രമായി അവനെ മറക്കണമെന്ന ആശയത്തിലൂന്നി കുറെ കാര്യങ്ങൾ പറയുകയും അവസാനം നല്ലതു പോലെ ആലോചിച്ച് ഒരു തീരുമാനം എടുക്കാൻ പറയുകയും ചെയ്തു തിരിച്ചു പോയി !

ഞാൻ അതേ തുടർന്ന് ആ രാത്രി ആലോചനക്കൊടുവിൽ അവനെ വേണ്ടന്നു വെക്കുവാനുള്ള തീരുമാനം എടുക്കുകയായിരുന്നു അന്നു ഞാൻ !

അവിടെ എന്നിൽ സംഭവിച്ച ആ മാറ്റം എന്താണെന്നു നിങ്ങൾക്കു ഊഹിക്കാൻ കഴിയുന്നുണ്ടോ ?

ഇല്ലെങ്കിൽ പറയാം,

അച്ഛൻ എന്നോടു ആലോചിക്കാൻ പറഞ്ഞതു പ്രകാരം ഞാൻ ആലോചിക്കാൻ ശ്രമിച്ചിടത്താണ് എനിക്കു പിഴച്ചത് !

അവിടെ മറ്റൊന്നും ആലോചിക്കാൻ ഞാൻ ശ്രമിക്കരുതായിരുന്നു കാരണം എന്റെ ഇഷ്ടങ്ങളെ എനിക്കു ലഭിക്കുന്നതിനു വേണ്ടിയല്ല പകരം അവരുടെ ആവശ്യം നടപ്പിലാക്കുന്നതിനാണ് അവർ എന്നോട് ആലോചിക്കാൻ പറഞ്ഞത് എന്നു ഞാൻ ഒാർത്തില്ല !

നീ ഒന്നു ശരിക്ക് ആലോചിക്ക് എന്ന ഒറ്റവാക്കിലൂടെ അവർ അതുവരെ എന്നിൽ ഉണ്ടായിരുന്ന തീരുമാനങ്ങൾക്കു മേലെ ഒരു വിള്ളൽ സൃഷ്ടിക്കാൻ അവർക്കായതാണു എനിക്കാരാത്രി എല്ലാം കൈവിട്ടു പോയത് !

അച്ഛൻ ആലോചിക്ക് എന്നു പറഞ്ഞപ്പോൾ, അച്ഛൻ എന്നോട് എന്താണോ ആവശ്യപ്പെട്ടത് ആ കാര്യങ്ങളിലേക്ക് മാത്രമായി എന്റെ ശ്രദ്ധ പൂർണ്ണമായും തിരിഞ്ഞു പോയി,

അതു വരേയും എന്റെ മനസിൽ അവനെ “വേണം” എന്നു മാത്രം ഉണ്ടായിരുന്ന ഇടത്ത് വേണമോ ? എന്നൊരു സംശയം കൂടി എന്നിൽ ജനിപ്പിക്കാൻ ആ ആലോചനക്കു കഴിഞ്ഞതാണു എല്ലാം കൈമോശം വന്നത് ,

ഒരു കാരണവശാലും പുനരാലോചന പ്രണയത്തിനു ഗുണം ചെയ്യുകയില്ല അതിനു ശ്രമിച്ചാൽ ശ്രമിച്ചവർ ആരാണോ അവരോടതിനു നിർബന്ധിച്ചവരുടെ ആശയങ്ങൾക്കവർ അടിമപ്പെടും !

എന്നാൽ നിർബന്ധിക്കുന്നവരും അതൊന്നും അറിഞ്ഞു കൊണ്ടു പ്രവർത്തിക്കുന്ന ഒരു കാര്യവുമല്ലയിത് !

എന്തിനു നമ്മളവിടെ ഒരാലോചനക്കു ശ്രമിക്കണം ? നമ്മൾ എല്ലാം ആലോചിച്ചു ഉറപ്പിച്ച ശേഷമല്ലെ വീട്ടിൽ പറഞ്ഞത് ?

നമ്മൾ എടുത്തിരിക്കുന്ന നിലപാടിൽ നിന്നു അവർ ആവശ്യപ്പെട്ട പോലെ ആലോചിക്കാൻ തുടങ്ങുന്ന നിമിഷം അതു വരെയും ശക്തമായിരുന്ന നമ്മുടെ നിലപാടിന് നമ്മൾ പോലും അറിയാതെ ഇളക്കം തട്ടുന്നു എന്നതാണതിനർത്ഥം !

ഒരു തീരുമാനത്തിൽ മറ്റൊരു ആലോചിനക്കു ശ്രമം തുടങ്ങിയൽ നമ്മൾ ഒരിക്കൽ ആലോചിച്ചു രൂപപ്പെടുത്തിയ വസ്തുതയേ പാടെ മറന്നു കൊണ്ടല്ലാതെ പുതിയൊരു തീരുമാനത്തെ കണ്ടെത്തുകയില്ല !

എന്റെ ജീവിതത്തിലും അതു തന്നെ സംഭവിച്ചു…!!

അവർക്കെല്ലാം വേണ്ടി എന്റെ ജീവിതത്തിൽ നിന്നു അവനെ വേണ്ടെന്നു വെച്ചെങ്കിലും ഹൃദയം മാത്രം അവനെ മറന്നില്ല,

ഇപ്പോഴും ഒറ്റക്കു കണ്ണാടി നോക്കുമ്പോൾ മനസെന്നോടു ചോദിക്കും,

” നീ തന്നെ അവനെ ഒഴിവാക്കി നീ തന്നെ എന്തിനു വേദനിക്കുന്നു എന്ന് ” അതിനെനിക്കും ഉത്തരമില്ല..!

ഇന്നു ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾക്കൊരാളെ ഇഷ്ടമാണെങ്കിൽ അയാളോടൊത്തു ജീവിക്കാൻ നിങ്ങൾ അതിയായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരിക്കലും എടുത്തിരിക്കുന്ന നിലപാടിൽ മാറ്റം വരുത്തുന്ന ഒരു ചിന്തക്കും നിങ്ങൾ അവസരം നൽകരുത് !

അവിടെ അതിനു തയ്യാറായാൽ ആ സമയത്തെ ആലോചനകൾക്കു ” നിങ്ങളിലെ സ്വപ്നങ്ങളെ മറന്നു തുടങ്ങുക “എന്നൊരർത്ഥം കൂടി ഉണ്ടെന്നു നിങ്ങൾ മനസിലാക്കുക !

നിങ്ങളൊരു പുതിയ ആലോചനക്കു മുതിരുന്നു എങ്കിൽ ആ നിമിഷം തൊട്ട് നിങ്ങളുടെ മനസ് രണ്ടു തട്ടിലായെന്ന് കൂടി ഒാർമ്മിക്കുക,

ആ നിമിഷം തൊട്ട് നിങ്ങളിലെ പ്രണയവും അവസാനിക്കുന്നുവെന്നും….!!!!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *