കുളി കഴിഞ്ഞു ഒരു നല്ല ഡ്രെസ്സിനു തിരഞ്ഞു… ഒന്നും കിട്ടിയില്ല… ആകെ വിരലിൽ എണ്ണാവുന്നതേ ഉള്ളൂ… അതിൽ ചിലതിനു ബട്ടൺസ് ഇല്ല…

എഴുത്ത് :- കർണൻ സൂര്യപുത്രൻ

ഒരു സ്ത്രീ ശബ്ദം കേട്ടാണ് ഉണർന്നത്…..

“എല്ലാരും അവരവരുടെ കാര്യം നോക്കി ജീവിച്ചാൽ മതി… ഇവിടെ കിടന്നു കഷ്ടപ്പെടാൻ ഞാനുണ്ടല്ലോ… ആണായിട്ട് ഒരുത്തൻ ഉള്ളതും ഇല്ലാത്തതും കണക്കാ… ആഴ്ചയിൽ എന്തേലും നക്കാപിച്ച കൊണ്ട് തന്നു ഉത്തരവാദിത്തം തീർക്കും… ലോൺ അടവ് മുടങ്ങിയിട്ട് മാസം രണ്ടായി. കുടുംബശ്രീയിൽ നിന്നു കടമെടുത്തത് വേറെ… പലചരക്കു കടയിൽ ഇനിയും ബാക്കി ഉണ്ട്‌… രാവിലെ ജോലിക്കെന്നും പറഞ്ഞു പോയി നട്ട പാതിരക്കു വരുന്നവന് ഇതൊന്നും ചിന്തിക്കണ്ടല്ലോ….ആ നബീസാന്റെ മോനെ കണ്ടു പഠിക്ക്… സ്വന്തം വീടായി, കാറായി… അച്ഛനേം അമ്മയേം അന്തസായി നോക്കുന്നു..ഇവിടൊന്നുണ്ട്…. ഒന്നിനും കൊള്ളാത്തവൻ…”

ഈ കഥാപാത്രം വേറാരുമല്ല,.. എന്റെ സ്വന്തം മാതാവ് ആണ്… സമയം രാവിലെ ആറുമണി ആവുന്നതേ ഉള്ളൂ.. ഈ വീട്ടിൽ ഇത് പതിവാണ്.. ഇന്നലെ കൂലി കിട്ടിയതിൽ നിന്നും ഒരാഴ്ചത്തേക്കുള്ള വണ്ടിക്കൂലി മാത്രം എടുത്ത് ബാക്കിയെല്ലാം കൊടുത്തിട്ടും പറയുന്നത് കേട്ടോ?.. മലേഷ്യയിൽ നല്ല ജോലി ചെയ്യുന്ന അടുത്ത വീട്ടിലെ ചെറുക്കനെയും പെയിന്റിംഗ് ജോലിക്കാരനായ സ്വന്തം മോനെയും താരതമ്യപ്പെടുത്തുന്നു.!!!കൊള്ളാം… മോളെ പഠിപ്പിക്കാനല്ലേ ആധാരം പണയം വച്ചു ലോൺ എടുത്തത്? ഉദ്യോഗസ്ഥ ആയ അവളോടും അവളുടെ കെട്യോനോടും കടം വീട്ടാൻ പറ തള്ളേ … എന്ന് പറയാനോങ്ങിയതാ, വേണ്ടെന്നു വച്ചു… കാരണം ഇന്ന് എന്റെ ജന്മദിനം ആണ്… ഇന്നാരോടും വഴക്കിടില്ല എന്ന് ഒരാൾക്കു വാക്കു കൊടുത്തിരുന്നു…

കുളി കഴിഞ്ഞു ഒരു നല്ല ഡ്രെസ്സിനു തിരഞ്ഞു… ഒന്നും കിട്ടിയില്ല… ആകെ വിരലിൽ എണ്ണാവുന്നതേ ഉള്ളൂ… അതിൽ ചിലതിനു ബട്ടൺസ് ഇല്ല… നിറം മങ്ങിയെങ്കിലും കൊള്ളാമെന്നു തോന്നിയ ഒന്നെടുത്തിട്ടു… ഫോണും പേഴ്‌സും എടുത്ത് പുറത്തിറങ്ങി…. വരാന്തയിൽ അച്ഛൻ ഇരുന്ന് സി ഗരറ്റ് പു കച്ചൂതുന്നു….

“ആഹാ ഇവിടിരിപ്പുണ്ടായിരുന്നോ?”

“നിന്റെ കൈയിൽ കാശ് വല്ലതും ഇരിപ്പുണ്ടോ?”

“ബാങ്കിൽ ഒരു അമ്പതു ലക്ഷം കിടപ്പുണ്ട്… അത് മതിയാകുമോ? അയ്യോ സോറി.. ഇന്ന് ഞായറാഴ്ച അല്ലേ?.. നാളെ രാവിലെ എടുത്തു തരാം..”

“നീയൊന്നും ഗതി പിടിക്കില്ലെടാ..”

“സന്തോഷം… അല്ലേലും അതെനിക്കറിയാം..”

റോഡിലേക്കിറങ്ങി നടന്നു… പിന്നിൽ കോറസായി മാതാപിതാക്കളുടെ പ്രാക്ക് കേട്ടു…. വേലിക്കൽ നിന്നു അയൽക്കാരി നബീസതാത്ത നോക്കുന്നുണ്ട്… നിങ്ങളുടെ ആങ്ങള നിങ്ങള്ടെ മോന് നല്ല ജോലി ശരിയാക്കി കൊടുത്തതിനു ഞാനെന്തു തെറ്റു ചെയ്തു ഇത്താ…

ഫോൺ അടിച്ചു…

“കൊച്ചൂ… ഹാപ്പി ബർത്ത്ഡേ….”

“താങ്ക്സ് “

“വേറാരെലും വിഷ് ചെയ്തോ?”

“ങാ… അച്ഛന്റെയും അമ്മയുടെയും ആശംസകൾ കേട്ട് ഇപ്പൊ ഇറങ്ങിയതേ ഉള്ളൂ…”

“ഹഹഹ…. നീ ചായ കുടിച്ചോ?”

“വയറു നിറഞ്ഞടീ…”

“നീ വേഗം അമ്പലത്തിലേക്ക് വാ…”

“ആയിക്കോട്ടെ…. എന്നാ ശരി.. നേരിൽ കാണാം…”

“വെക്കല്ലേ….. അമ്മയ്ക്ക് എന്തോ പറയാനുണ്ട്..”

“ഹാപ്പി ബർത്ത് ഡേ കൊച്ചൂസേ…. പിറന്നാളായിട്ട് എന്താ പരിപാടി?”

“ഒന്നുമില്ലാമ്മാ.. അമ്പലത്തിൽ പോണം.. അത്രേ ഉള്ളൂ..”

“അമ്പലത്തിൽ പോയി കഴിഞ്ഞ് മോൻ അവളുടെ കൂടെ ഇങ്ങോട്ട് വാ.. എനിക്ക് ഒന്ന് കാണണം…”

“ഓക്കേ അമ്മാ..”

ദേവീ ക്ഷേത്രത്തിൽ ആൾകാർ കുറവാണ്… അമ്പലത്തിന് ഒരു വശത്തെ ആൽത്തറയിൽ ഞാൻ ഇരുന്നു… ഒരു കഷായവസ്ത്രധാരി അവിടിരുന്ന് എന്തോ ജപിക്കുന്നുണ്ട്…. കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ സ്കൂട്ടർ വരുന്നത് കണ്ടു… ആൽത്തറയുടെ അടുത്ത് സ്കൂട്ടർ പാർക്ക്‌ ചെയ്ത് അവൾ ഇറങ്ങി.. സ്വർണ കരയുള്ള സെറ്റ് സാരിയാണ് വേഷം…. ചുരുൾമുടിയിൽ നിന്ന് വെള്ളത്തുള്ളികൾ പിന്നിലേക്ക് ഇറ്റ് വീഴുന്നുണ്ട്….

“ഇതെന്താടീ,കുളിച്ചിട്ട് തല തോർത്തിയില്ലേ??”

“മുടി ഉണക്കാൻ സമയം കിട്ടിയില്ല… നിന്നെ അധികം കാത്തു നിർത്തണ്ടല്ലോ എന്ന് കരുതി ഓട്ടമായിരുന്നു.. നീ കുറെ നേരമായോ വന്നിട്ട്?”

“കുറച്ച് “..

“വാ, തൊഴാം..”

അമ്പലത്തിനു ഇടതു വശത്തുള്ള വഴിപാട് കൗണ്ടറിലേക്ക് അവൾ നടന്നപ്പോൾ ഞാനും പിറകെ പോയി.

“ഒരു പുഷ്പാഞ്ജലി.. പേര് സതീഷ്. നക്ഷത്രം വിശാഖം…”

രസീതും വാങ്ങി അകത്തു കയറി..

കൈ കൂപ്പി നടയിൽ നോക്കി ഞാൻ പ്രാർത്ഥിച്ചു.. അമ്മേ ദേവീ… ഈ പെൺ കുട്ടിക്ക് എന്നും നല്ലത് മാത്രം വരുത്തണേ.,. ഇവളെയും കുടുംബത്തെയും ഒരാപത്തും വരുത്താതെ കാത്തോളണേ…

അടുത്ത് നിന്ന് കൈ കൂപ്പി അവൾ മെല്ലെ മന്ത്രിക്കുന്നുണ്ടായിരുന്നു

സർവ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധിക

ശരണ്യേ ത്രയംബകേ ഗൗരി നാരായണീ നമോസ്തുതേ…”

കുറച്ചു നേരം പ്രാർത്ഥിച്ചു പ്രസാദവും വാങ്ങി പുറത്ത് കടന്നു… പരസ്പരം കുറി തൊട്ടു…. ഇലച്ചീന്തിലെ പുഷ്പം ഞാൻ അവളുടെ മുടിയിൽ ചൂടി…

സ്കൂട്ടർ സ്റ്റാർട്ട്‌ ചെയ്ത് അവൾ പറഞ്ഞു

“വാടാ കേറ് “

“എവിടേക്ക്?”

“നിന്നോട് അമ്മ പറഞ്ഞതല്ലേ വീട്ടിലേക്ക് വരാൻ “?.

“നീ പോയെ, ഞാൻ വരുന്നില്ല..”

“ചെറുക്കാ.. അമ്പലനടയിൽ തെ റി വിളിച്ചെന്ന പാപം എനിക്കുണ്ടാക്കി വെക്കരുത് കേറ്..”

ഞാൻ മിണ്ടാതെ പിന്നിൽ കയറി. വണ്ടി ഓടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവൾ ചോദിച്ചു…

“നീയെന്താ പ്രാർത്ഥിച്ചത്?”

“പ്രാർത്ഥിച്ചത് വെളിയിൽ പറഞ്ഞാൽ ഫലം കിട്ടൂല..”

“എന്നാലും ഒരു ക്ലൂ..”

“നിന്റെ ആഗ്രഹമെല്ലാം നടക്കണമെന്ന്…”

“ആണോ..”

“ആം..”

“അപ്പൊ നിന്റെ ആഗ്രഹം ഒന്നും നടക്കണ്ടേ? “

“എന്റെ ആഗ്രഹം നടത്തില്ലെന്നു ദേവി പറഞ്ഞു.. അത്യാഗ്രഹം ആണ് പോലും…”

“അതെന്താ അങ്ങനൊരു ആഗ്രഹം?”

“നിന്നെ കല്യാണം കഴിച്ചു ദൂരെ ഏതെങ്കിലും ഒരു നാട്ടിൽ പോയി ജീവിക്കണം…”

“ഹഹഹ.. അതത്യാഗ്രഹമാണോ??”

“അതേന്നാ പറഞ്ഞത്… മാലാഖമാരെ ഇഷ്ടപ്പെടാം.. സ്വന്തമാക്കണമെന്ന് ആഗ്രഹിക്കരുത്…”

“ഡാ… ഇങ്ങനെ പുകഴ്ത്തിയാൽ വണ്ടി നേരെ ആകാശത്തേക്ക് പോകും…”

അവളുടെ വീടെത്തി… മുറ്റത്തിന് രണ്ടു വശവും പൂച്ചെടികളും മരങ്ങളും നിറഞ്ഞ ശാന്തമായ ഒരു വീട്.. എന്നെ കണ്ടതും അവളുടെ വളർത്തു നായ റിങ്കു ഓടി വന്നു കാലുകളിൽ ഉരുമ്മി…

“വർഗ്ഗസ്നേഹം കണ്ടോ..”

“അതേ… നിന്റെ അച്ഛനോടും കാണിക്കുന്നില്ലേ?”

“അച്ഛാ.. ദേ ഇവൻ അച്ഛനെ…”

പറഞ്ഞു തീർക്കും മുൻപ് അവളുടെ അച്ഛൻ പുറത്തേക്ക് വന്നു… എക്സ് മിലിട്ടറി ആണ്…. ഇപ്പൊ ഒരു കട ഉണ്ട്‌..

“നീ വന്നോ… കുറച്ചു ദിവസമായല്ലോ കണ്ടിട്ട്?..”.

“പണി ദൂരെ ആണ്. വരുമ്പോൾ ലേറ്റ് ആകും.. അതാ… ഞായറാഴ്ചയും കട തുറക്കാറുണ്ടോ?”

“ഉച്ചവരെ തുറക്കും “..

“അച്ഛാ.. ഇന്നിവന്റെ പിറന്നാളാണ്..”

“ആഹാ.. ഹാപ്പി ബർത്ത്ഡേ..”

“താങ്ക്സ്..”

അദ്ദേഹം നടന്നു.. പിന്നാലെ റിങ്കുവും… ഞങ്ങൾ വീടിനകത്തു കയറി.. നേരെ അടുക്കളയിലേക്ക്.. അമ്മ ദോശ ചുടുന്നുണ്ട്.. എന്നെ കണ്ടതും കൈ തുടച്ചു അടുത്ത് വന്നു. ചേർത്ത് നിർത്തി നെറുകയിൽ ഒരു ചുംബനം നൽകി… “

പിറന്നാൾ ആശംസകൾ മോനേ..”

എനിക്ക് കരച്ചിൽ വന്നു. മാതാപിതാക്കളിൽ നിന്നോ കൂടപ്പിറപ്പിൽ നിന്നോ കിട്ടിയിട്ടില്ലാത്ത സ്നേഹം ഇതാ ഇവിടുന്ന് എനിക്ക് കിട്ടുന്നു…!!ഈ നിമിഷം മ രിച്ചു പോയാൽ സന്തോഷം….

“അവനേം കെട്ടിപിടിച്ചു നിന്നോ… ദേ ദോശ കരിയുന്നു..”അവൾ പറഞ്ഞു…

അമ്മ വേഗം അടുപ്പിനടുത്തേക്ക് പോയി.. ഞാൻ അവളുടെ റൂമിലേക്കും…

ചെറുതെങ്കിലും, ഭംഗിയുള്ള മുറിയാണ്.. മേശമേൽ കുറച്ചു പുസ്തകങ്ങൾ അടുക്കി വച്ചിട്ടുണ്ട്… ചുമരിൽ നടൻ വിജയ് യുടെ ഫോട്ടോസ്… അലമാരയുടെ കണ്ണാടിയിൽ എന്റെ ഒരു ഫോട്ടോ….

ചായയും കുടിച് കുറച്ചു നേരം ടീവി കണ്ടു. അവൾ അടുക്കളയിൽ അമ്മയെ സഹായിക്കുന്നു… മെല്ലെ പുറത്തിറങ്ങി.. പൂന്തോട്ടത്തിലെ മാവിൽ ഒരു ഊഞ്ഞാലിട്ടിട്ടുണ്ട്… മെല്ലെ അതിലിരുന്ന് ആടി… അപ്പോൾ ഫോൺ അടിച്ചു.. വീട്ടിൽ നിന്നാണ്… പെറ്റമ്മ..

“നീ ഊണ് കഴിക്കാൻ വരുമോ?”

“ഇല്ല “

“അതേ… കൈയിൽ കാശുള്ളവന് പുറത്ത് നിന്നും കഴിക്കാലോ…. വരില്ലെങ്കിൽ നേരത്തെ പറയണമായിരുന്നു.. അരി റേഷൻകടയിൽ നിന്നും വെറുതെ കിട്ടില്ല.. രാത്രി വല്ലതും വിഴുങ്ങാൻ വേണമെങ്കിൽ വാങ്ങിയിട്ട് വരണം… ഇവിടെ കറി വെക്കാൻ ഒന്നും ഇല്ല..”

ഞാൻ ഫോൺ കട്ട് ചെയ്തു..

“ആരാടാ?”

“വീട്ടിൽ നിന്ന്.. പിറന്നാൾ സദ്യ റെഡി ആക്കി വച്ചിട്ടുണ്ട്.. കഴിക്കാൻ പോകാൻ വിളിച്ചതാ..”

“അവരെന്താടാ ഇങ്ങനെ?”

“ആർക്കറിയാം. ഇത് പണ്ടുതൊട്ടെ ഇങ്ങനെ തന്നെ അല്ലേ?.. പിന്നെ ഇപ്പോഴത്തെ ദേഷ്യത്തിന് കാരണം മാമൻ തന്ന ജോലി വേണ്ടെന്നു വച്ചു വന്നത് തന്നെ…”

അമ്മയുടെ മൂത്ത ചേട്ടൻ സൗദിയിൽ ആയിരുന്നു. അങ്ങേര് എന്നെ അവിടേക്ക് കൊണ്ട് പോയി… കൺസ്ട്രക്ഷൻ വർക്ക്‌ ആയിരുന്നു.. കഠിനധ്വാനവും ശമ്പളക്കുറവും സഹിച്ച് ഒന്നര വർഷത്തോളം നിന്നു…6മാസത്തെ ശമ്പളം കിട്ടാതായപ്പോൾ മാമനോട് പരാതി പറഞ്ഞു… അങ്ങേര് കേട്ട ഭാവം നടിച്ചില്ല.. ഒടുവിൽ വഴക്കായി…… പ്രശ്നമായി… നാട്ടിലേക്ക് കേറി വന്നു… ഞാനിവിടെ എത്തും മുൻപ് അയാൾ ഇവിടെ ഫോൺ വിളിച്ചു… എനിക്ക് അവിടുത്തെ സുഖസൗകര്യങ്ങൾ പോരാഞ്ഞിട്ടാണ് തിരിച്ചു വരുന്നതെന്ന് പറഞ്ഞു…. ഇത്രയൊക്കെ പോരെ….

“നീ മനസ് വിഷമിപ്പിക്കണ്ട.. വിട്ടേക്ക് “

“ഇല്ലെടീ… ഇപ്പൊ ഇതൊക്കെ ശീലമായി..”

“വാ ഊണ് കഴിക്കാം… “

ഒരു സദ്യ തന്നെ തയ്യാറായിരുന്നു…. ഉള്ളിൽ കരഞ്ഞു കൊണ്ടു ഞാൻ അവരുടെ കൂടെ ഭക്ഷണം കഴിച്ചു… അതിനു ശേഷം പുറത്ത് ഇരിക്കുമ്പോൾ ഒരു ഗ്ലാസ്‌ പായസവും ഒരു വലിയ പ്ലാസ്റ്റിക് കവറും ആയി അവൾ വന്നു.. ഗ്ലാസ് എന്റെ അടുത്ത് വച്ചു..

“നല്ല ചൂടുണ്ട്… നീ ഇതൊന്ന് നോക്കിയേ.. എന്റെ പിറന്നാൾ സമ്മാനം ആണ് “

ഞാൻ തുറന്നു നോക്കി.. മൂന്നു ജോഡി ഷർട്ടും പാന്റും… പിന്നെ ഒരു വാച്ച്.. രണ്ട് പെർഫ്യൂം ബോട്ടിൽ…

“ഇഷ്ടപ്പെട്ടോ..?”

“ഒത്തിരി… ഒത്തിരി ഇഷ്ടമായി…”.. ശബ്ദം ഇടറിപ്പോയി…..

അപ്പോൾ അമ്മ പുറത്തേക്ക് വന്നു…. കൈയിൽ ഒരു ചെറിയ പൊതി…

“അമ്മ മോന് ഗിഫ്റ്റ് ഒന്നും വാങ്ങിയില്ല.. ഇത് കുറച്ച് കാശ് ആണ്.. നിനക്ക് ആവശ്യവും ഇതാണെന്നറിയാം….”

“വേണ്ടമ്മാ… നിങ്ങളെല്ലാരും കാണിക്കുന്ന സ്നേഹം മതി..”…… ശരിക്കും കരഞ്ഞു പോയി… ഒരു ലജ്ജയും ഇല്ലാതെ…..

“അയ്യേ… മോനെന്തിനാ കരയുന്നെ?? ഞങ്ങളൊക്കെ ഇല്ലേ? എല്ലാം ശരിയാകും.. നിനക്ക് നല്ലൊരു ജോലിയൊക്കെ കിട്ടും.. ഞങ്ങളെല്ലാരും പ്രാർത്ഥിക്കുന്നുണ്ട്… പിന്നെ ആരുമില്ലെന്ന തോന്നൽ ഉണ്ടാവുമ്പോൾ നേരെ ഇങ്ങോട്ട് വന്നോ… ഇത് നിന്റെയും കൂടി വീടാണ്…..”

ചാർജ് ചെയ്യാൻ വച്ച മൊബൈൽ എടുക്കാൻ അവളുടെ റൂമിൽ കയറിയപ്പോൾ അവളും പിന്നാലെ വന്ന് വാതിൽ പാതി ചാരി… ഞാൻ ആ കണ്ണുകളിലേക്ക് നോക്കി… പുഞ്ചിരിച്ചു കൊണ്ട് അവൾ എന്നെ കെട്ടി പിടിച്ചു… പിന്നെ തലയുയർത്തി എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു… ഒരു തരം ഷോക്ക് ആയിരുന്നു എനിക്ക്……മെല്ലെ ചെവിയുടെ അടുത്ത് വന്ന് അവൾ പറഞ്ഞു….

“നീ തെറ്റിദ്ധരിക്കണ്ട… ഇപ്പൊ നീയൊരു കൊച്ചു കുഞ്ഞായിട്ടാ എനിക്ക് തോന്നുന്നേ… ആരോ എന്റെ കൈയിൽ ഏല്പിച്ച ഒരു കുഞ്ഞ് വാവ…. നിനക്ക് ഞാനുണ്ട്….. “

കണ്ണ് തുടച്ചു കൊണ്ട് അവൾ വാതിൽ തുറന്ന് പുറത്തിറങ്ങി….

യാത്ര പറഞ്ഞു നടന്നകലുമ്പോൾ തിരിഞ്ഞു നോക്കിയില്ല…. അതിനുള്ള ശക്തി ഇല്ലായിരുന്നു എന്നതാണ് സത്യം… പടരുന്ന കണ്ണുനീർ കാഴ്ച മറയ്ക്കുമ്പോഴും ഒരു പുഞ്ചിരി മുഖത്തു വിരിയുന്നുണ്ടെന്നത് അവിശ്വസനീയം ആയിരുന്നു…….

Related Posts

Leave a Reply

Your email address will not be published. Required fields are marked *