ചെയ്തത് തെറ്റായിപ്പോയി … അറിയാം .. പൊറുക്കാനാവാത്ത തെറ്റ്. എനിക്ക് എന്റെ പഴയ റോസിയെ വേണം . മറ്റൊന്നും വേണ്ട……

ശിവനും റോസിയും 3

മുൻഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

Story written by Noor Nas

രാവിലത്തെ തിരക്കുകൾ ഒതുങ്ങിയപ്പോഴാണ് ശിവനും റോസിയും രാവിലത്തെ ഭക്ഷണം കഴിക്കുവാനിരുന്നത് . ചേമ്പും കാന്താരിമുളക് ചമ്മന്തിയും എടുത്തുകൊണ്ട് അടുക്കളയുടെ വെളിയിലെ അരകല്ലിൻ തറയിൽ വന്നിരുന്ന് കഴിക്കുന്ന റോസിയുടെ അടുത്തേക്ക് ശിവൻ വന്നപ്പോൾ അവൾ എണീറ്റു അടുക്കളക്കുള്ളിലേക്ക് കയറി .

” റോസീ …”’

താൻ വന്നതും റോസി അകത്തേക്ക് കയറിയത് ശിവനെ സങ്കടത്തിലാഴ്ത്തി .

പുലർച്ചെ അടുക്കളയിൽ കയറി പതിവ് പോലെ രണ്ടാളും ഓടി നടന്ന് പണിയെടുത്തെങ്കിലും ഇരുവരും എന്നത്തേയും പോലെ വാചാലർ ആയിരുന്നില്ല .

”’ റോസീ … സോറി ചേച്ചീ ”’ ശിവൻ വിളിച്ചപ്പോൾ ഞെട്ടിത്തരിച്ചു റോസി അവനെ നോക്കി .

”’ എനിക്ക് ..എന്നോടെന്താ മിണ്ടാത്തെ ? ദേഷ്യമുണ്ടോ എന്നോട് ?”’ ശിവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ തുടങ്ങിയിരുന്നു

റോസിയുടെ കണ്ണുകളും നിറയാൻ തുടങ്ങിയിരുന്നു. അവളൊന്നും മിണ്ടിയില്ല . അത് കൂടിയായപ്പോൾ ശിവന്റെ സകല കണ്ട്രോളും വിട്ടു . അവൻ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ചേമ്പിൻ കാട്ടിലേക്ക് പോയി .

റോസി അവനരികിലേക്ക് എത്തുമ്പോൾ പതിവിലും വൈകിയിരുന്നു . ഇടക്കിടെ ശുണ്ഠി പിടിപ്പിക്കുമ്പോൾ ചേമ്പിൻകാട്ടിലെ കല്ലിൽ വന്നിരിക്കുന്ന അവനരികിലേക്ക് ഒട്ടും താമസിയാതെ തന്നെ റോസി എത്തുമായിരുന്നു . ആദ്യമൊരു കളിയാക്കലും പിന്നെ കുസൃതികളും ചിരികളുമായി മടങ്ങു മായിരുന്നത് ഓർത്തപ്പോൾ റോസിയുടെ വരവിലെ താമസം ശിവന്റെ നെഞ്ചിൽ ചില്ലറ ആഘാതമല്ല ഏൽപ്പിച്ചത് .

നിമിഷങ്ങൾക്ക് ദൈർഖ്യം കൂടുന്നുവെന്നോർത്തപ്പോൾ ചായക്കടയിലേക്ക് മടങ്ങാൻ എഴുന്നേൽക്കുമ്പോഴാണ് റോസി അവിടേക്ക് വരുന്നതവൻ കണ്ടത് . അവൻ വീണ്ടും കല്ലിലേക്കിരുന്നവളെ സാകൂതം നോക്കി . നടക്കുന്നുണ്ടായിരുന്നു വെങ്കിലും അവൾ അടുത്തേക്ക് എത്തുവാൻ താമസിക്കുന്നതുപോലെയവന് തോന്നി . വൈകും തോറും ശിവന്റെ നെഞ്ചിൽ എന്തെന്നില്ലാത്ത അങ്കലാ പ്പുയർന്നു .റോസിയുടെ കണ്ണും മനസ്സും മറ്റെവിടെയോ ആണെന്നവന് തോന്നി . ചലിക്കുന്നത് യാന്ത്രികമായാണെന്നും .

”’ പെണ്ണേ ….”

റോസി അരികിൽ വന്നതും ശിവൻ വെപ്രാളത്തോടെ അവളുടെ ഇരുകൈകളും കൈക്കുമ്പിളാക്കി കണ്ണുകളിൽ ചേർത്തുകൊണ്ടവളെ നോക്കി .

”എന്തെങ്കിലുമൊന്ന് പറയ് …എനിക്ക് ആകെപ്പാടെ ഭ്രാന്താകുന്നു .”’

റോസി അതിനുമൊന്നും മിണ്ടിയില്ല .

” ഈശ്വരാ …വേണ്ടായിരുന്നു …ഒന്നും വേണ്ടായിരുന്നു . ഇന്നലത്തെ ആ നശിച്ച ദിവസം കൊണ്ട് എനിക്ക് എന്റെ ജീവൻ നഷ്ടപ്പെട്ടു . എന്നോട് …എന്നോട് ക്ഷമിക്ക് …”’ ശിവൻ പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവളുടെ കാൽക്കലേക്ക് വീണു .

”ശിവാ … മോനൂ … എന്താ …എന്തായിത് ” റോസി പൊടുന്നനെ മുഖം കോരിയെടുത്തുമ്മ വെച്ചു .

”ഇഷ്ടമാണോ ..എന്നെ ഇഷ്ടമാണോ ?” ശിവൻ റോസിയുടെ കണ്ണുകളിലേക്ക് നോക്കി വേവലാതിയോടെ ചോദിച്ചു .

”’ ജീവനാണ് …എന്റെ പ്രാണനാണ് നീ …”

”’പിന്നെ … പിന്നെ എന്നോടെന്താ മിണ്ടാതിരുന്നേ ? എന്നോടെന്തിനാ പിണങ്ങിയെ . ഞാൻ വന്നപ്പോഴെന്താ ഓടിപ്പോയെ ?”’ ശിവൻ ഒറ്റ ശ്വാസത്തിൽ ചോദിച്ചു .

” ഞാൻ …ഞാൻ നിന്നെയിഷ്ടമില്ലാഞ്ഞിട്ട് ആണെന്ന് കരുതിയോ ? ..എനിക്ക് ..എനിക്ക് നിന്നെ നോക്കാനെന്തോ മടി പോലെ . ഇന്നലെ വരേയുണ്ടായിരുന്ന ഫ്രീഡം പോയത് പോലെ . താലി കെട്ടിയിരുന്നെങ്കിലും ഇന്നലെ വരെ നീ എനിക്ക് എന്റെ കൂട്ടുകാരനായിരുന്നു …സഹോദരനായിരുന്നു … മകനായിരുന്നു … അതിലുമുപരി …. ”’

റോസി അവന്റെ തോളിലേക്ക് മുഖം ചായ്ച്ചുകിടന്നുകൊണ്ട് പറഞ്ഞു . അവൾക്കെന്തോ അവനെ നോക്കുവാൻ അപ്പോഴും മടിയായിരുന്നു .

” ഒന്നും … ഒന്നും വേണ്ടായിരുന്നല്ലേ …ഞാനും ..ഞാനുമോർത്തു . ഇന്നെന്നോട് അകൽച്ച കാണിച്ചപ്പോൾ ഒരിക്കലുമെന്നോട് ഇനി മിണ്ടില്ലന്ന് . ആരൊക്കെയോ എനിക്കുണ്ടെന്ന് തോന്നി തുടങ്ങിയിരുന്നു . എനിക്ക് വിളമ്പാൻ …സംസാരിക്കാൻ ..വഴക്ക് പറയാൻ … കാത്തിരിക്കാൻ ഒരാളുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു .അതാണ് ഞാൻ ഒരു രാത്രികൊണ്ട് തല്ലി തകർത്തത് . ചെയ്തത് തെറ്റായിപ്പോയി … അറിയാം .. പൊറുക്കാനാവാത്ത തെറ്റ്. എനിക്ക് എന്റെ പഴയ റോസിയെ വേണം . മറ്റൊന്നും വേണ്ട . ശരീരം കൊണ്ടല്ല ഞാൻ സ്നേഹിച്ചത് ..ശരീരം കണ്ടല്ല ഞാൻ കൂടെ കൂട്ടിയത് …. എന്നോട് മിണ്ടാതിരിക്കല്ലേ ….ഞാൻ ശ്വാസം മുട്ടിച്ചത്തു പോകും ” ശിവൻ അപസ്മാരം ബാധിച്ചവനെ പോലെ അവളെ ഇറുക്കിയണച്ചു കുലുക്കിക്കൊണ്ട് ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു .

” മോനൂ …”’ റോസിക്കും വാക്കുകളൊന്നും കിട്ടുന്നുണ്ടായിരുന്നില്ല .

”’തെറ്റാ ഞാൻ ചെയ്തത് … എല്ലാ അർത്ഥത്തിലും എനിക്ക് റോസിയെ വേണമെന്ന് തോന്നി . എല്ലാ അർത്ഥത്തിലും എന്റെ ഭാര്യ ആയാൽ ഒരിക്കലുമെന്നെ വിട്ടുപിരിയില്ലന്ന് തോന്നി …അതുകൊണ്ടാ ഞാൻ … എന്നോട് ക്ഷമിക്ക് ..എല്ലാം എന്റെ തെറ്റാ… ഇനിയാവർത്തിക്കില്ല . മുറീടെ പുറത്തു നിന്നോളാം… ഒന്നും വേണ്ട ..എനിക്കൊന്ന് കണ്ടാൽ മതി … ഒന്ന് മിണ്ടിയാൽ മതി ..എന്നോട് ക്ഷമിക്കില്ലേ … പറയ് ..എന്നോട് മിണ്ടില്ലെ ?” ശിവൻ വീണ്ടും റോസിയുടെ കാലിൽ പിടിച്ചു കരഞ്ഞുകൊണ്ടവളെ നോക്കി .

” എന്റെ ശിവാ ….എന്താടാ ഇത് ? തെറ്റ് ഞാനും കൂടിയല്ലേ ചെയ്തത് ? ”’

” ഇപ്പൊ വേണ്ടായിരുന്നെന്ന് തോന്നണുന്നുണ്ടല്ലേ …അതല്ലേ എന്നോട് മിണ്ടാത്തത് … പറയ് ..എന്നെ ഇട്ടിട്ട് പോകാനാണോ ആലോചിക്കുന്നേ …അറിയാം ..എനിക്കറിയാം. പോകാനാ ആലോചിക്കുന്നേ . പോകല്ലേട്ടോ . എപ്പ കൂടുതൽ സന്തോഷിച്ചാലും എനിക്ക് പിന്നെ സങ്കടമാരിക്കും ദൈവം തരുന്നേ. പണ്ടുമുതലേ അങ്ങനെയാ . ഒരു സന്തോഷവും പൂർണമായിട്ട് എനിക്ക് ലഭിക്കാറില്ല ”’

”എന്റെ മോനൂ … നീ ..നീയിങ്ങനെയൊക്കെ പറയല്ലേ . നിന്നെ വിട്ടെങ്ങോട്ട് പോകാനാ ഞാൻ . ഈ ലോകത്തിപ്പോൾ നീയല്ലേ ഉള്ളൂ എനിക്ക് ”’ റോസി തുളുമ്പുന്ന കണ്ണുകളോടെ അവനെ വാരിപ്പുണർന്നു കൊണ്ട് പറഞ്ഞു

അത് കേട്ടപ്പോൾ ശിവന്റെ മുഖം അൽപമൊന്ന് തെളിഞ്ഞു .

” ശിവന്റെ പെണ്ണല്ലേ ഞാൻ … ശിവന്റെ ഭാര്യയല്ലേ ഞാൻ . തെറ്റ് നീ മാത്രമല്ലല്ലോ ചെയ്തത് . ഞാനും കൂടെയല്ലേ ? ഞാനുമൊരു പെണ്ണാണ് . വികാരങ്ങളും വിചാരങ്ങളും ഉള്ള ഒരു സാദാ പെണ്ണ്. ഓർമകൾക്കപ്പുറം കുഴിച്ചുമൂടിയ ഒരുപിടി മോഹങ്ങൾക്കാണ് നീ ജീവൻ പകർന്നത് . നീ പറഞ്ഞില്ലേ ? ശരീരം കൊണ്ടല്ല മനസുകൊണ്ടാണ് സ്നേഹിക്കുന്നതെന്ന് . എന്റെ മനസ് എന്നെ ശിവന്റേതായി കഴിഞ്ഞിരുന്നു . അതിലെയവസാനത്തെ മോഹം മാത്രമാണ് ഇന്നലെ തീർന്നത് . നിന്നെ വിട്ട് ഞാൻ ഒരിക്കലും പോകില്ല മോനൂ . സ്നേഹം എന്തെന്ന് മനസിലാക്കി തന്നത് നീയാണ് … ജീവിതത്തിനൊരർത്ഥം തന്നത് നീയാണ് .”’

”’ ശെരിയാണോ …അപ്പൊ എന്നോട് ശെരിക്കുമിഷ്ടമുണ്ടോ ?എന്നിട്ടുമെന്നോട് മിണ്ടാതിരുന്നില്ലേ ”’

”’ ശിവാ … ഞാനൊരു പെണ്ണാണ് . സ്ത്രീസഹജമായ ലജ്ജയും വികാരങ്ങളും ഉള്ള ഒരു പെണ്ണ് . നീയെന്റെ കഴുത്തിൽ താലി കെട്ടിയിരുന്നെങ്കിലും അതീ സമൂഹത്തിന് മുന്നിൽ മാത്രമായിരുന്നു . ഇന്നലെ … ഇന്നലെ ഞാൻ നിന്റെ ഭാര്യയായപ്പോൾ…. മോനൂ ..എനിക്ക് നിന്നെ അഭിമുഖീകരിക്കാൻ കഴിയില്ലായിരുന്നു ‘

” കല്യാണം കഴിച്ച ആളുകളെല്ലാം ഇങ്ങനെയാണോ … നമ്മൾ കല്യാണം കഴിച്ചതല്ലേ ? പിന്നെയെന്താ”

”അതെ … പക്ഷെ …ഞാൻ ഒരു അമ്മ കൂടിയല്ലേടാ . പ്രായപൂർത്തിയായ ഒരു മകനുണ്ടെനിക്ക് . അതൊക്കെ ഓർത്തപ്പോൾ . ”

”എന്തിനോർക്കണം … കളഞ്ഞിട്ട് പോയതല്ലേ … ഇനി റോസി ശിവന്റെയാ . എന്നെയിട്ടിട്ട് പോകില്ലെന്ന് വാക്ക് താ ” ശിവൻ അവളുടെ കയ്യിൽ പിടിച്ചു .

”’ ശിവാ … ” റോസിയവനെയൊന്ന് നോക്കി .അവളുടെ മുഖം വലിഞ്ഞുമുറുകിയിരുന്നു .

”’ റോസി ശിവനൊപ്പമുണ്ടാകും ..എന്നും … നീ എന്നെയുപേക്ഷിക്കും വരെ ..അല്ലെങ്കിൽ എന്റെ മരണം വരെ . നിന്റെ കയ്യിൽ നിന്നൊരു തുള്ളി വെള്ളം കുടിച്ചുവേണമെനിക്ക് മരിക്കാൻ ”’ റോസി അവന്റെ മൂർദ്ധാവിൽ ചും ബിച്ചു .

”മരിക്കാനോ … നിനക്ക് മുന്നേ ഞാനാവും മരിക്കുക . നിന്റെ മടിയിൽ കിടന്ന് നിന്നെ കൺകുളിർക്കെ കണ്ടു കൊണ്ട് വേണമെനിക്ക് മരിക്കാൻ ”

”അത്രക്കെന്നെ ഇഷ്ടമാ …. ഈ കിളവിയെ ?” റോസി പഴയ കുസൃതി വീണ്ടെടുത്തു .

” കിളവിയോ … ഞാനും നീയും പിള്ളേരല്ലേ . തല്ലു പിടിച്ചും വഴക്കുണ്ടാക്കിയും ഓടിക്കളിക്കുന്ന ശരീരത്തിന് മാത്രം പ്രായമായ മനസ് കൊണ്ട് ചെറുപ്പമായ കൊച്ചുകുട്ടികൾ ”’

”ഹഹ ..നമുക്കിനിയും സ്നേഹിക്കണം ..വഴക്കുണ്ടാക്കിയും പിണങ്ങിയും നിന്നെ ശുണ്ഠിപിടിപ്പിച്ചും എനിക്ക് മതിയായില്ല മോനൂ .. ഈയായുസ് മാത്രമല്ല ..അടുത്ത ജന്മവും എനിക്ക് ശിവന്റെ പെണ്ണാകണം ” റോസി അവനെ മാറോടു ചേർത്തിട്ട് പൊടുന്നനെ അവനെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു .

”ഈശോയെ ..സമയം വൈകി . ഊണ് കാലാക്കണ്ടേ …നീ ഒന്നും ഇതുവരെ കഴിച്ചില്ലല്ലോ ”

”’ വാരി തരോ എനിക്ക് ”’

”അയ്യടാ …. ഇള്ളക്കുട്ടി ..ഹമ് ..വാ .. വാരിത്തരാം . ചെക്കന്റെ ആഗ്രഹമല്ലേ ”’ റോസി അവന്റെ കയ്യും പിടിച്ചു ചായക്കടയിലേക്ക് നടന്നു .

********************

”ഏതോ നല്ല വീട്ടിലെ പെണ്ണുമ്പുള്ളയാ ..അവളുടെ കയ്യിലും കഴുത്തിലുമൊക്കെ കൊറെ സ്വർണമുണ്ടായിരുന്നു ..അതൊക്കെ കണ്ടാകും അവൻ അവളെ കൂടെപ്പൊറുപ്പിച്ചത് . ഇപ്പോളതൊന്നും കാണാനില്ല . അവൻ എല്ലാം വിറ്റുതുലച്ചുകാണും എന്നതായാലും ശിവന്റെ സമയം ”

”പണ്ടേയിവർ പ്രേമത്തിലായിരുന്നെന്നാ കേട്ടത് . ആ പെണ്ണുമ്പുള്ളക്ക് നാലഞ്ച് മക്കൾ ഉണ്ടെന്നാ അറിവ് ”

” ഹോ !!! അതിനെയൊക്കെ ഉപേക്ഷിച്ചു ഇറങ്ങിപ്പോരാനുള്ള തൊലിക്കട്ടിയപാരം തന്നെ .

” ഓ ..എന്നതാണേൽ നമുക്കെന്നാ ഗംഗേട്ടാ .. നല്ല അടിപൊളി ഫുഡ് കിട്ടുന്നുണ്ട് ..അത് പോരെ ?’

ഹോട്ടലിന്റെ മുന്നിൽ കാത്തുകിടക്കുന്നവരോട് കണ്ടക്റ്റർ ഗംഗാധരന്റെ കുശലം പറച്ചിൽഅതിരുകടക്കുന്നത് കേട്ട് കിളി രാജീവൻ തടുത്തപ്പോൾ അവരുടെ അടുത്തുണ്ടായിരുന്ന കാറിൽ പല്ലുകൾ ഞെരിച്ചുകൊണ്ട് റോസിയുടെ മകൻ ജോൺസണും ഭാര്യയും ഇരിപ്പുണ്ടായിരുന്നു .

”’ ഇവരിതെവിടെപ്പോയി ?”’ സ്റ്റീയറിംഗ് വീലിൽ മുഷ്ടിചുരുട്ടിയിടിച്ചു കൊണ്ട് ജോൺസന്റെ ഭാര്യാ സഹോദരൻ ചോദിച്ചു .

” ഒരു കൂക്കേം ഇല്ലാഞ്ഞിട്ടും എടുത്തുപറയാനൊരു വീട്ടുപേരുപോലുമില്ലാഞ്ഞിട്ടും നിനക്കെന്റെ പെങ്ങളെ കെട്ടിച്ചുതന്നത് ഇവൾക്കിഷ്ടമായതുകൊണ്ടാ . പാവം പിടിച്ചൊരു തള്ളയാണെന്ന് തോന്നി കണ്ടപ്പോ … എന്നിട്ടിപ്പോ മുതുകിളവിക്ക് സൂക്കേട് . ” കാറിന്റെ കോഡ്രൈവർ സീറ്റിൽ ഇരുന്ന ജോൺസന്റെ ഇളയ അളിയനാണത് പറഞ്ഞത് .

”’ നിനക്കിപ്പോ തൃപ്തിയായില്ലേടീ … അമ്മക്കൊരു കൂട്ടാകുമെന്ന് പറഞ്ഞു നീയല്ലേ ഒരു ഫാമിലിയെ അവിടെക്കേറ്റി താമസിപ്പിച്ചത് .എന്നിട്ടങ്ങേരുടെ കെട്യോളില്ലാത്തപ്പോ അയാളെ മയക്കിയെടുത്തിരിക്കുന്നു കിളവി . തള്ള കാരണം നാട്ടുകാരുടെ മുഖത്ത് നോക്കാൻ പറ്റാതായപ്പോഴാ ഏതേലും വൃദ്ധ സദനത്തിൽ കൊണ്ടുത്തള്ളാൻ പറഞ്ഞത് . അപ്പൊ അവനൊരു ബെഷമം . എന്നിട്ടിപ്പോ യെന്തായി ? ചെറുക്കന്റെ പ്രായമുള്ളൊരുത്തന്റെ കൂടെപ്പൊറുതീം തൊടങ്ങി . ഭ്ഭൂ … നല്ല പഷ്ട് കുടുംബം ”

”ചേട്ടാ …ഞാൻ …”’ ജോൺസൺ എന്തോ പറയാൻ വന്നപ്പോ ഇളയ അളിയൻ കയ്യെടുത്തുവിലക്കി

”താനൊന്നും പറയണ്ട. കെളവീനെ പൊക്കിയെടുത്തുവല്ല ഭ്രാന്താശുപത്രീലും കൊണ്ട് തള്ളിക്കോണം . ഇത് മൂത്ത ഭ്രാന്തല്ലാതെ പിന്നെയെന്നാ … പറഞ്ഞത് കേട്ടല്ലോ .. അതല്ല തള്ളയോടുള്ള സ്നേഹം അങ്ങ് മൂത്താൽ ഇവളേം പിള്ളേരേം അങ്ങ് മറന്നേരെ ”’

അതോടെ ജോൺസന്റെ വായടഞ്ഞു .

” എടോ … ഇവരിവിടെയില്ലേ ?”’ സഹികെട്ട മൂത്തയളിയൻ കാറിന്റെ ബോണറ്റിൽ പിടിച്ചുകൊണ്ട് മറ്റുള്ളവരോട് കത്തിവെച്ചുനിന്ന ഗംഗാധരനോടാണത്‌ ചോദിച്ചത് .

” ഒണ്ട് അകത്തൊണ്ട് ..രാവിലത്തെ കാപ്പികഴിഞ്ഞാൽ പിന്നെയടക്കും . ഇടക്കും മുട്ടിനും ആളുകളുവന്നാൽ അവർക്കൊരു സ്വൈര്യക്കേടല്ലയോ .. ഇപ്പഴും നവമിഥുനങ്ങളെ പോലെയാ . ”

”എന്തിനാ ഗംഗേട്ടാ ആവശ്യമില്ലാത്തത് പറയുന്നേ . അവരെങ്ങനേലും ജീവിക്കട്ടെ ” ഗംഗാധരൻ ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞതും രാജീവൻ അയാളെ രൂക്ഷമായി നോക്കി

” പിടിച്ചിറക്കടാ അവളെ ”’ അവരകത്തുണ്ടെന്നറിഞ്ഞതും ഡോർ തുറന്ന് മൂത്തയളിയൻ ഇളയവനോട് ആക്രോശിച്ചു .

ഗംഗാധരനും മറ്റുള്ളവരും പകച്ചുനിൽക്കേ അവർ ചായക്കടയുടെ തിണ്ണയിലേക്ക് കേറിയതും ഊണ് റെഡി എന്ന ബോർഡുമായി ശിവൻ പലക തട്ടി തുറന്ന് പുറത്തേക്ക് വന്നതുമൊരുപോലെയായിരുന്നു .

”’ ആ ആ … പോരെ പോരെ … ഊണ് റെഡി … ഇന്നിച്ചിരി താമസിച്ചു കേട്ടോ ” ശിവൻ അവരെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു .

ശിവന്റെ ഷർട്ടിൽ പിടിച്ചുവെളിയിലേക്കിട്ടിട്ടവർ അകത്തേക്കിരച്ചുകേറിയപ്പോൾ അവൻ അമ്പരന്നു പിടിഞ്ഞെഴുന്നേറ്റു നോക്കിയത് കാറിന്റെ ഡോർ തുറന്നിറങ്ങിയ ജോണ്സന്റെയും ഭാര്യയുടെയും മുഖത്തേക്കാണ് . ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയ ശിവന് അന്ന് റോസിയുടെ കൂടെ കടയിൽ വന്ന ജോൺസണെ മനസ്സിലായി .

” ജോൺസൺ …..” അവൻ പിറുപിറുത്തതും ഞൊടിയിടയിൽ ചായക്കട ക്കുളളലേക്ക് ചാടിക്കയറി .

പുറത്തേക്ക് വന്നു വീണത് ഇളയ അളിയനാണ് ..ശിവന്റെ വലതു കൈകൾ ക്കുള്ളിൽ പിടയുന്ന മൂത്തയളിയനും ഉണ്ടായിരുന്നു .

”’ എന്റെ പെണ്ണാണ് അവൾ ..അവളെ കൊണ്ട് പോകാനായി ഒരുത്തനും ഈ തിണ്ണയിൽ കേറിപ്പോകരുത് . ” മൂത്തളിയനെ റോഡിൽ കാത്തുനിൽക്കുന്നവരുടെ ഇടയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് ശിവൻ ആക്രോശിച്ചു .

” ശിവാ ..എന്താണിത് ..ആരാ ഇവരൊക്കെ ?” നെറ്റിയിൽ നിന്നുമൊലിക്കുന്ന ചോ രയോടെ റോസി പുറത്തേക്കിറങ്ങിയപ്പോഴാണ് ജോൺസനെയും മരുമകളെയും കാണുന്നത് . അവൾ തളർച്ചയോടെ ചായക്കടയുടെ മുളം തൂണിൽ മുറുകെ പിടിച്ചു .

” അടിച്ചു വീഴ്ത്തിയിട്ട് വാടാ അവളേം കൊണ്ട് ” മൂത്തയളിയൻ പറഞ്ഞതും ഇളയവൻ ചായക്കടയുടെ സൈഡിൽ വിറകിനായി കൂട്ടിയിട്ടിരുന്നതിൽ വലുതൊരെണ്ണം എടുത്തു ശിവന്റെ നേരെ ആഞ്ഞടിച്ചു . തളർന്നിരിക്കുന്ന റോസിയുടെ അടുത്തേക്ക് കുനിഞ്ഞ ശിവന്റെ തോളിലാണ് അടി കൊണ്ടത് .അവൻ മുഞ്ഞുംകുത്തി റോസിയുടെ കാൽചുവട്ടിലേക്ക് വീണു .

” അയ്യോ ..ശിവാ ..”’ റോസി ആർത്തലച്ചുകരഞ്ഞുകൊണ്ട് ശിവനെ പൊതിഞ്ഞു പിടിച്ചു .

”ഒന്നും ചെയ്യല്ലേ …ശിവനെ ഒന്നും ചെയ്യല്ലേ ..”’

” മാറി നിൽക്ക് തള്ളെ ”’ ഇളയ അളിയൻ റോസിയുടെ മുടിയിൽ പിടിച്ചു അവളെ വലിച്ചുമാറ്റിയിട്ട് ശിവന്റെ പുറത്തിനിട്ട് ചവിട്ടി .

”എന്തക്രമമാ ഈ കാണിക്കുന്നേ ?”’ ബസ് ക്ളീനർ രാജീവൻ അങ്ങോട്ട് കുതിക്കാനൊരുങ്ങിയതും ഡ്രൈവർ ഗംഗാധരൻ അവനെ വട്ടം പിടിച്ചു .

”’ ആ തള്ളേടെ മകനും മരുമക്കളുമാണെന്നാ തോന്നുന്നേ . നീയിതിലിടപെടണ്ട ”

”എന്നുവെച്ചു ഇങ്ങനെ ഉപദ്രവിക്കണോ ?” രാജീവൻ പിടി വിടുവിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു .

”പിന്നെ …. ആണൊരുത്തൻ മകനായിട്ടുള്ളപ്പോഴാ തള്ളേടെ തോന്ന്യവാസം ..ആരായാലും സഹിക്കുമോ ? അവര് കൊണ്ടോകട്ടെ ”” ഗംഗാധരൻ കൂടി നിൽക്കുന്നവരോടായി പറഞ്ഞു .

”’ എന്നാലും ഇതിച്ചിരി കടന്ന കയ്യായി പോയി ..”

”എന്ത് കടുത്ത കൈ … മക്കളേം കൊച്ചുമക്കളേം ഇട്ടേച്ചു വല്ലവന്റേം കൂടെയിറങ്ങിപോകുന്ന ഇവൾക്കൊക്കെ ഇതാണ് വേണ്ടത് ”’

”’അതെ … പിടിച്ചു ചൂരലിന് പൊട്ടിക്കണം ”

ആളുകൾക്കിടയിൽ രണ്ടായി തിരിഞ്ഞു പിറുപിറുക്കലുകൾ ഉയർന്നു.

” ഒന്നും ചെയ്യല്ല് . നിങ്ങടെ അടുത്തേക്കൊന്നും വന്നില്ലല്ലോ ശല്യത്തിന് … ഇവിടുന്നും പൊക്കോളാം . എങ്ങോട്ടേലും …ശിവനെയൊന്നും ചെയ്യല്ല് ”’ റോസി മകന്റെ ഭാര്യാസഹോദരന്മാരുടെ മുന്നിൽ തൊഴുകൈയ്യോടെ പറഞ്ഞു

” പരട്ടക്കിളവി … വയസാംകാലത്ത് നിങ്ങടെയൊരു പൂതി . ” ഇളയവൻ റോസിയെ കാലുയർത്തി ചവിട്ടിയതും ശിവൻ ഉരുണ്ടുപിടഞ്ഞെഴുന്നേറ്റു .

അവൻ ഒറ്റക്കുതിപ്പിന് ചായക്കടക്കുള്ളിലേക്ക് ഓടിക്കയറി .

”’ വാടാ …ഞങ്ങടെ ചോ ര വേണ്ടവർ വാടാ . ശിവന്റെ ശവത്തിൽ ചവിട്ടിയെ ഇവളെ നിങ്ങക്ക് കൊണ്ടുപോകാനാവൂ ”’ പോയതിലും വേഗത്തിൽ പുറത്തേക്ക് വന്നാക്രോശിച്ച ശിവന്റെ കയ്യിലിരിക്കുന്ന കോടാലി കണ്ടതും അളിയന്മാരൊന്ന് പരുങ്ങി .

” എന്ത് നോക്കിനിൽക്കുവാടാ ….വിളിച്ചിറക്കിക്കൊണ്ടുവാടാ നിന്റെ തള്ളയെ ..കെട്യോളേം മക്കളേം വേണോങ്കിൽ ”’ മൂത്തയളിയൻ പറഞ്ഞതും ജോൺസൺ ചായക്കടയുടെ തിണ്ണയിലേക്ക് കയറി അമ്മയുടെ കൈ പിടിച്ചു .

” തൊട്ടുപോകരുതവളെ .. അന്നീ ചായക്കടയിൽ കൊണ്ടിരുത്തീട്ട് ഉപേക്ഷിച്ചു പോയവനല്ലേ നീ . പിന്നെയെന്ന് തുടങ്ങിയീ സ്നേഹം … ഓ … അമ്മ പിന്നേം കല്യാണം കഴിച്ചതിന്റെ കുറച്ചിലാരിക്കും … നിനക്കുവേണ്ടിയല്ലേടാ അവള് ജീവിച്ചത് ? നിന്റെ കാര്യങ്ങളൊക്കെ കഴിഞ്ഞില്ലേ … ഇനിയെന്തിനാ അവളെ? … തന്നൂടെ എനിക്ക് ..പൊന്നുപോലെ നോക്കിക്കോളാം . ഒരിക്കലും നിങ്ങടെ കണ്മുന്നിൽ പോലും വരില്ല …ഇവിടുന്നും ഞങ്ങൾ പൊക്കോളാം …തന്നൂടെ എനിക്ക് … പ്ലീസ് ..”

പറഞ്ഞുതീരുമ്പോൾ ശിവന്റെ കൈകളിൽ നിന്നും കോടാലി ഊർന്നുവീണിരുന്നു .

ജോൺസന്റെ മുഖം ഒരു നിമിഷം വിളറി . അവന്റെ മുഖഭാവം മനസ്സിലാക്കിയ ഇളയ അളിയൻ കോടാലി ചാടിയെടുത്തുകൊണ്ട് ശിവന്റെ നേരെ ഓങ്ങി .

”അയ്യോ …ശിവാ ..”’ ശിവന്റെ നേരെ താഴുന്ന കോടാലി കണ്ടതും റോസി ഒരാർത്തനാദത്തോടെ പുറകിലേക്ക് മറിഞ്ഞുവീണു . അവളുടെ കണ്ണുകൾ ഒന്ന് പിടഞ്ഞു തുറന്നടഞ്ഞു .

”റോസീ ..അയ്യോ എന്നാ ..എന്നാ പറ്റി ” ശിവൻ റോസിയുടെ ശിരസ്സ് വാരിയെടുത്തു മടിയിൽ വെച്ചുകൊണ്ട് അലറിക്കൂവി .

” തള്ളേടെ അഭിനയമാ ..എടുത്തോണ്ട് വാടാ പരട്ടക്കിളവിയെ ” ഇളയവൻ ജോൺസന്റെ നേരെ നോക്കിപ്പറഞ്ഞതും ശിവൻ റോസിയെ നിലത്തു കിടത്തിയെണീറ്റു .

ഒരുചവിട്ടിന് കോടാലിയും ഇളയവനും റോഡിലേക്ക് തെറിച്ചുവീണു . അടുത്തതിന് മൂത്തവനും . കലി തീരും വരെ ഇരുവരെയും ശിവൻ പൊതിരെ തല്ലി

” നിനക്ക് കൊണ്ട് പോകാം ..നിന്റമ്മയെ … പച്ചക്ക് കൊത്തിയരിഞ്ഞു തിന്നോണം. . കൊണ്ടുപോയി കുഴിയിൽ തള്ളാൻ ആണേൽ റോസീടെ മകൻ ആണെന്നൊന്നും ഞാൻ ഓർക്കില്ല . വെട്ടിയരിഞ്ഞു കൊക്കയിലെറിയും … ധൈര്യം ഉണ്ടേൽ വാടാ ”’

ശിവൻ ജോൺസന്റെ നേരെ തിരിഞ്ഞു നെഞ്ചിൽ മുഷ്ടിചുരുട്ടി പിടിച്ചുകൊണ്ട് പറഞ്ഞു. അതുകേട്ടതും ജോൺസന്റെ ഭാര്യ മുന്നോട്ടുവന്നവന്റെ കൈപിടിച്ചു പുറകോട്ട് വലിച്ചു .

നിശ്ചലയായി കിടക്കുന്ന റോസിയെ വാരിയെടുത്തുകൊണ്ട് ശിവൻ ഒരാശ്രയത്തിനായി ചുറ്റും നോക്കി .

”ശിവേട്ടാ …വാ ..ആശൂത്രീൽ കൊണ്ടോകാം ..വാ ..ചേച്ചിക്കൊന്നും പറ്റിക്കാണില്ല ” ബസ് ക്ളീനർ രാജീവൻ വിളിച്ചുപറഞ്ഞതും ശിവൻ റോസിയെയും കരങ്ങളി ലേന്തി റോഡിലേക്കിറങ്ങി .

” എങ്ങോട്ട് കൊണ്ടോകാൻ … വണ്ടി ട്രിപ്പൊള്ളതാ ” ഡ്രൈവർ ഗംഗാധരൻ പുച്ഛത്തോടെ രാജീവനെ തടഞ്ഞു .

” ചാകണ്ടെങ്കിൽ മുന്നീന്ന് മാറിക്കോ … നെഞ്ചത്തോടെ കേറ്റിയിറക്കും ഞാൻ മനുഷ്യപ്പറ്റില്ലാത്തവനെ ” ഗംഗാധരന്റെ കോളറിൽ പിടിച്ചു മാറ്റിയിട്ട് രാജീവൻ ഡ്രൈവർ സീറ്റിലേക്ക് കേറിയതും ശിവൻ റോസിയെയും കൊണ്ട് ബസിൽ കേറിയിരുന്നു .

ചുരമിറങ്ങി ബസ് താഴ്വാരത്തിലെ ഹോസ്പിറ്റൽ ലക്ഷ്യമാക്കി കുതിക്കുമ്പോൾ വെള്ളച്ചാട്ടത്തിന്റെ മാധുര്യവും ശിവന്റെയും റോസിയുടെയും കൈപ്പുണ്യം നുകരാനും എതിരെ വണ്ടികൾ അപ്പോഴും വരുന്നുണ്ടായിരുന്നു .

അവസാനിച്ചു .

Related Posts

Leave a Reply

Your email address will not be published. Required fields are marked *