ചേട്ടൻ കുറേക്കാലമായി നിറുത്താതെ സദാസമയം കു ടിയായിരുന്നു, കിഡ്നിയും ലിവറും തകരാറിലായി, ഇന്നലെ രാവിലെ മുതൽ…..

പുനർജന്മം

എഴുത്ത് :- അരവിന്ദ് മഹാദേവന്‍

മുറ്റത്തെ പന്തലിൽ തടിച്ച് കൂടിയ ജനങ്ങളെ കാണുമ്പോൾ ഉള്ളിൽ സന്തോഷം നുരഞ്ഞ് പൊങ്ങി, ആ സന്തോഷത്തിലും വേദനയോടെ ഒരു മുഖത്തെ ഞാൻ തേടി.. ഒന്നുകൂടി കാണണമെന്നാഗ്രഹിച്ച മുഖത്തെ മാത്രം കണ്ടില്ല. സാമ്പ്രാണി തിരിയുടെ സുഖന്ധം ആസ്വദിച്ച് വാഴത്തടയിൽ വെള്ള പുതച്ച് കിടക്കുമ്പോൾ , തലയ്ക്കലിരുന്നുള്ള അമ്മയുടെയും പെങ്ങളുടെയും കരച്ചിൽ ശബ്ദം അരോചകമായി മാറി. അനിയൻ ദൂരത്തായി മാറി നിന്ന് കണ്ണ് തുടക്കുന്നു. അച്ഛനെ വിടെയാണോ ആവോ..

” നല്ലൊരു പയ്യനായിരുന്നു, പക്ഷേ ” അടുത്ത വീട്ടിലെ രാജേന്ദ്രന്റെ ശബ്ദം കാതുകളിലെത്തി . ” ഹും, നല്ലവനാണത്രേ, ജീവിച്ചിരുന്ന സമയം ഗു ണ്ടായിസവും കാണിച്ച് ക ള്ളും കുടിച്ച് നടക്കുമ്പോൾ ഇവനൊന്നും ചിന്തിച്ചിട്ടുണ്ടാകില്ല, ചെറു പ്രായത്തിലേ കുഴിയിലോട്ട് കാല് നീട്ടേണ്ടി വരുമെന്ന് ” ആരുടെയോ അടക്കം പറച്ചിൽ കേട്ടു. മുൻപായിരുന്നെങ്കിൽ ആ വാക്ക് കേട്ടാൽ സിരകളിൽ രക്തം കുതിച്ചൊഴുകുമായിരുന്നു, മുഖം ക്രോധത്താൽ തുടുക്കുമായിരുന്നു, എന്നാലിപ്പോൾ .. ആകെ മരവിപ്പ് മാത്രം. പറഞ്ഞതാരെന്നറിയാൻ തലപൊക്കാനൊരു വിഫല ശ്രമം നടത്തി, കഴിയുന്നില്ല. ശരീരമാകെ വരിഞ്ഞു മുറുക്കി ബന്ധനസ്ഥനാക്കപ്പെട്ട നിലയിലാണ്.

” ക ഴുവേറീ, ഞാനെല്ലാം ശരിയാക്കി തരാമെന്ന് പറഞ്ഞതല്ലേടാ, എന്നിട്ടും നീ.., അവളെ ഞാനൊന്ന് കാണും ” സുഹൃത്ത് സജീവ് ആരും കേൾക്കാതെ എന്റെ ചെവിക്കരികിൽ വിങ്ങിപ്പൊട്ടി. അവനെ തോളത്ത് തട്ടി സമാധാനിപ്പിക്കണമെന്നുണ്ട്, കഴിയുന്നില്ല. കൈകൾ തണുത്ത് മരവിച്ചിരിക്കുന്നു.

” ഇതെങ്ങനെയാ സംഭവിച്ചത് ” ആരോ ആരോടോ ചോദിക്കുന്നത് കേട്ടു.

” ചേട്ടൻ കുറേക്കാലമായി നിറുത്താതെ സദാസമയം കു ടിയായിരുന്നു, കിഡ്നിയും ലിവറും തകരാറിലായി, ഇന്നലെ രാവിലെ മുതൽ അളവിലധികം കു ടിച്ചു, മൂക്കീന്നും വായീന്നുമൊക്കെ ചോ ര വന്ന് വെ ട്ടിയിട്ടത് പോലെ വീണതാ , ഉടനെടുത്ത് ആശുപത്രിയിൽ കൊണ്ട് പോയതാ, പോണ വഴിക്ക് … ” അമ്മായിയുടെ മകന്റെ മറുപടി പകുതിയിൽ മുറിയുന്നത് കേട്ടു . അതൊക്കെ കേട്ട് ആർത്തട്ടഹസിച്ച് ചിരിക്കാൻ തോന്നിയെനിക്ക്. ജീവിച്ചിരുന്നപ്പോൾ പരിഹസിച്ചിരുന്നവർ, അകലം പാലിച്ചിരുന്നവർ, ചതിയും വഞ്ചനയും എന്നോട് ചെയ്തവർ, എല്ലാവരും ഈ ശയ്യയിൽ എന്നോട് സഹതപിക്കുകയാണല്ലോ. മനസ്സിൽ പകയുടെ കനലുകൾ കത്തിയാളുന്നു, കണ്ണുകളിൽ അഗ്നിയുടെ തേരോട്ടം അതിവേഗത്തിലാകുന്നു , പക്ഷേ പ്രതികരിക്കാനാകുന്നില്ല. കണ്ണുകൾ നനയുന്നുവോയെന്നൊരു സംശയം, അല്ല അതെന്റെ കണ്ണുനീരല്ല , അമ്മയുടെ മിഴികളിൽ നിന്നൂർന്ന് വീണ ര ക്തക്കണ്ണുനീരാണ്.

” കുളിപ്പിക്കാനെടുക്കാം ” വീണ്ടും ആരുടെയോ ശബ്ദം മുഴങ്ങുന്നു. ആരൊക്കെയോ ചേർന്നെന്നെ എടുത്തുയർത്തി. വീടിന്റെ പിന്നാമ്പുറത്തിൽ കുളിപ്പിക്കാൻ കിടത്തി. അമ്പട്ടന്റെ ക്ഷൗരക്കത്തി താടിയിലേക്ക് നീണ്ടു. ” അരുത് , താടിയെടുക്കരുത്, ആരുടെയോ ഓർമ്മക്കായി അവനാഗ്രഹിച്ച് വളർത്തിയതാ, അതെടുക്കരുത് ” അച്ഛന്റെ ശബ്ദം മുഴങ്ങി. എഴുന്നേറ്റ് ചെന്ന് അച്ഛനൊരു ചുംബനം കൊടുക്കാൻ തോന്നി . പക്ഷേ കഴിയുന്നില്ല . ക്ഷൗരക്കത്തി കക്ഷത്തിലൂടെ അരിച്ചിറങ്ങി അടിവയറിലുമെത്തി. കുളി കഴിഞ്ഞപ്പോഴേക്കും പൗഡറൊക്കെയിട്ട് സുന്ദരനാക്കി വീടിന് മുൻപിലെന്നെ കിടത്തി. ഹിന്ദു ആചാര പ്രകാരമുള്ള വായ്ക്കരി നാടകമായിരുന്നു പിന്നീട്. ജീവിച്ചിരുന്നപ്പോൾ ഒരുപിടി ചോറ് തരാത്ത ബന്ധുജനങ്ങൾ കപട കണ്ണീരുമായി പച്ചരി വായിലേക്ക് തിരുകി തരുന്നു. പുച്ഛത്തോടെ എല്ലാം സഹിച്ച് ഞാൻ കിടന്നു.

” എടുക്കാം ” അമ്മാവൻ പറയുന്നത് കേട്ടു . അമ്മയുടെയും അനുജത്തിയുടെയും നിലവിളി ശബ്ദം കുറച്ച് കൂടി ഉച്ചത്തിലായി. അനുജനും അച്ഛനും മറ്റു രണ്ട് ബന്ധുക്കളുമായി എന്നെ പല്ലക്കിൽ കിടത്തി. കുഴിക്കരയിലേക്കുള്ള യാത്ര. അമ്മയുടെയും അനുജത്തിയുടെയും ശബ്ദം അകന്ന് വരുന്നു. തൊണ്ടിൽ തീർത്ത ശയ്യയിൽ കിടക്കാൻ നല്ല സുഖമായിരുന്നു. കലമുടക്കലുൾ പ്പെടെയുള്ള ചില ആചാരങ്ങൾ കൂടി അരങ്ങേറി. ചന്ദനമുട്ടികളാലും മാവിൻ വിറകിനാലും ശരീരമാകെ ആവരണം ചെയ്യപ്പെട്ടു. അനുജൻ എന്റെ ചിതയുടെ തലയ്ക്കലും കാല്ക്കലും ഇടുപ്പിനിരുവശത്തുമായി തീ കൊളുത്തി. ആരും കാണാതെ കണ്ണുനീർ തുടക്കുന്ന അച്ഛനെയും അനുജനെയും കണ്ടപ്പോൾ വിഷമം തോന്നി. പതിയെ പതിയെ എല്ലാവരും പിരിഞ്ഞുപോയി.

കത്തുന്ന ചിതയുടെ അസഹനീയമായ ചൂടിൽ ശരീരം ചുട്ടുപൊള്ളി. മാംസത്തിലേക്ക് തീ വ്യാപിച്ചു. വയ്യ, ഇനിയീ ശരീരത്തിൽ പിടിച്ചു നില്കാൻ വയ്യ. ചെറിയൊരു പ്രകാശമായി ഞാൻ മുകളിലേക്കുയർന്നു. താഴെ എന്റെ ശരീരം കത്തി ചാമ്പലായിക്കൊണ്ടിരിക്കുന്നു. ശവമടക്ക് കാണാൻ വന്ന അയൽവാസികളും , സുഹൃത്തുക്കളും, ബന്ധുജനങ്ങളുമെല്ലാം പിരിഞ്ഞ് പോയിരിക്കുന്നു. വീട്ടിൽ തളർന്ന് കിടക്കുന്ന അമ്മയേയും അച്ഛനേയും , സഹോദരങ്ങളെയും ഒരു നോക്ക് കൂടി കണ്ടിട്ട് , ഞാൻ ആകാശത്തിലേക്ക് യാത്ര തിരിച്ചു . അനേകായിരം നക്ഷത്രങ്ങളിലൊന്നായി ഞാനും നീല വാനിൽ അലിഞ്ഞ് ചേർന്നു .

*************

മുകളിലിരുന്ന് നക്ഷത്രമായി മിഴി ചിമ്മി , താഴെ ഭൂമിയുടെ ഭംഗി ആസ്വദിക്കുക യായിരുന്നു ഞാൻ. പെട്ടെന്നാണ് എനിക്ക് ചുറ്റും ചൂട് കൂടിത്തുടങ്ങിയത്, അസഹനീയമായ ആ ഉഷ്ണത്തിന്റെ ഉറവിടമെവിടെയാണെന്ന് ഞാൻ നോക്കി. അതാ, അനേകം നക്ഷത്രങ്ങൾ ജ്വലിച്ചുകൊണ്ട് എനിക്കരികിലേക്കായി പാഞ്ഞ് വരുന്നു. ഭയത്തോടെ ഞാൻ തെന്നി നീങ്ങാൻ തുടങ്ങി . ഭയാനകം , പകയോടെ ജ്വലിക്കുന്ന നക്ഷത്രങ്ങൾ എന്നെ വളഞ്ഞിരിക്കുന്നു. ഒരു നക്ഷത്രം എനിക്കരികിലെത്തി.

” ആര് നീ, ഞങ്ങൾക്കിടയിൽ എന്തിന് വന്നു ” ഒരു വൃദ്ധന്റെ ശബ്ദമായിരുന്നു ആ നക്ഷത്രത്തിന്.

” ഞാൻ, ഞാൻ നിരഞ്ജൻ, ഭൂമിയിൽ നിന്നും മരണമടഞ്ഞെത്തിയതാണിവിടെ ” ഞാൻ വിക്കിവിക്കി പറഞ്ഞൊപ്പിച്ചു.

” ഞങ്ങളും ഭൂമിയിൽ നിന്ന് മരണമടഞ്ഞെത്തിയവർ തന്നെ, പക്ഷേ നിന്നെപ്പോലൊരു ക്രൂരന് ഞങ്ങൾക്കിടയിൽ സ്ഥാനമില്ല ” സ്ത്രീ ശബ്ദവുമായി മറ്റൊരു നക്ഷത്രം അരികിലെത്തി.

” ഞാൻ, ഞാൻ ക്രൂരനോ, ഞാൻ നിങ്ങളോടെന്ത് തെറ്റ് ചെയ്തു ” ഞാൻ ശരിക്കും ഭയന്ന് തുടങ്ങി.

” നീ ഞങ്ങളോടൊന്നും ചെയ്തില്ല, പക്ഷേ ഭൂമിക്ക് ദ്രോഹം ചെയ്തു ” വൃദ്ധ നക്ഷത്രം കോപാകുലനായി.

” നീ എന്തിനാ മരിച്ചത്, എങ്ങനാ മരിച്ചത് ” ഇരുപത്തഞ്ചുള്ള ഒരു യുവതിയുടെ ശബ്ദവുമായി വേറൊരു നക്ഷത്രവും അരികിലെത്തി.

” അത്, ഞാൻ ” എങ്ങനെയാണ് മരിച്ചതെന്ന് പറയാൻ ഞാൻ മടിച്ചു.

” നീ മരിച്ചത് എന്നോ നഷ്ടപ്പെട്ട ഒരുവളെയോർത്ത് കുടിച്ച് കുടിച്ചല്ലേ ” വൃദ്ധ നക്ഷത്രം തൊട്ടരികിലെത്തി. ചൂട് അസഹനീയമായി. ഞാൻ മറുപടി പറഞ്ഞില്ല. ” നീ താഴേക്ക് നോക്ക് ” സ്ത്രീ നക്ഷത്രം പറഞ്ഞു. ഞാൻ താഴേക്ക് നോക്കി. ,.താഴെ, ഞാനാരെയോർത്താണോ ഇല്ലാതായത് , അവളവിടെ മറ്റൊരുവനൊപ്പം ഉല്ലസിച്ച് നടക്കുന്നു.. എന്റെയുള്ളിൽ ദേഷ്യവും , വിഷമവും, പകയും ഒരുപോലെ വന്നു.. ഞാനൊന്നും മിണ്ടാതെ മിഴി ചിമ്മി. ” ഭൂമിയിലെ നരാധമന്മാരും, ദുഷ്ടരും കാരണം മരണമടഞ്ഞവരാണ് ഞങ്ങൾ, ഞങ്ങൾക്ക് വേണ്ടി നീ എന്ത് ചെയ്തു ” നക്ഷത്രങ്ങളെല്ലാം ഒരുമിച്ച് കാതടപ്പിക്കുന്ന ഒച്ചയിൽ ചോദിച്ചു. ” ദാ, അവളാണ് സൗമ്യ, അത് ജിഷ, അങ്ങനെ ഒരുപാടുപേർ, വിശപ്പ് കൊണ്ട് മരിച്ചവർ, പണത്തോടുള്ള അത്യാർത്ഥി കാരണം കൊ ല ചെയ്യപ്പെട്ടവർ, മക്കളുപേക്ഷിച്ച് തെരുവിൽ കിടന്ന് മരിച്ചവർ, ഇങ്ങനെയൊക്കെ ഇവിടെത്തിയ ഞങ്ങളോടൊപ്പം ജീവിക്കാൻ എന്ത് യോഗ്യതയാണ് നിനക്കുള്ളത് ” നക്ഷത്രങ്ങൾ ചോദ്യ ശരങ്ങളാൽ മൂടുകയാണ്. ഞാനാകെ നീറിപ്പുകഞ്ഞ് പൊട്ടിത്തെറിക്കാറായി.. പക്ഷേ അവർ പറയുന്നതിലും സത്യമില്ലേ, എന്താണ് ഞാനിവർക്കായി ചെയ്തത്, കാരണമല്ലാത്ത കാരണത്താൽ മരിച്ച എനിക്ക് ഇവരുടെ കൂടെ ജീവിക്കാൻ യോഗ്യതയുണ്ടോ. ഞാൻ കണ്ണുകൾ താഴേക്കയച്ചു. അവിടെ ,, അവിടെ അതാ ഒരു പറ്റം യുവാക്കൾ ചേർന്ന് രാത്രിയുടെ മറവിൽ പൊതുനിരത്തിട്ട് ഒരു പെൺകുട്ടിയെ പീ ഡിപ്പിക്കുന്നു. എന്റെയുള്ളവും ഉഷ്ണിക്കാൻ തുടങ്ങി , ശരീരത്തിന്റെ നിറം ക്രോ ധത്താൽ ചുവന്നു.

” നീ കാണുന്നില്ലേ അതൊക്കെ, ദുരൂഹമരണമടഞ്ഞ ഞങ്ങൾക്ക് പുനർജന്മമില്ല, നിനക്കുണ്ട്, നീ ചെല്ലണം, നമ്മുടെ ഭൂമിയെ രക്ഷിക്ക്, ഇനിയൊരാളും കരയാനിടവരരുത് ” നക്ഷത്രങ്ങളുടെ ഭാവം മാറി, വിഷമത്തിൽ അവർ തണുത്ത് തുടങ്ങി . പക്ഷേ എന്റെ ഉള്ള് പുകയുകയായിരുന്നു, പകയിലും പ്രതികാരദാഹത്താലും എന്റെ ശരീരത്തിൽ നിന്നും പുകയുയരാൻ തുടങ്ങി .

“ഠേ ” വലിയൊരൊച്ച, ഞാൻ പൊട്ടിത്തെറിച്ചു. വലിയൊരു ശക്തിയേറിയ പ്രകാശമായി ഞാൻ ഭൂമിയിലേക്ക് തിരിച്ചു . താഴെ രണ്ട് നവദമ്പതികളെ കണ്ടു. പുരുഷന്റെ ശിരസ്സിലേക്ക് ഞാൻ അഞ്ഞ് പതിച്ചു. അയാൾ ബോധരഹിതനായി നിലംപതിച്ചു. ക്രമേണ ഞാനെന്റെ ശക്തി കുറച്ചു. അയാൾ ബോധം വീണ്ടെടുത്തു. ഞാനയാളിലേക്ക് ഒരു ബീജമായി അടിഞ്ഞു. ഇരുളടഞ്ഞ രാത്രിയിൽ അയാളിൽ നിന്നും അയാളുടെ ഭാര്യയുടെ അ ണ്ഡത്തിലേക്ക് ആനയിക്കപ്പെട്ടു, അനേകം കോടി ബീ ജങ്ങളെ , പോരാടി തോൽപ്പിച്ചുകൊണ്ട് ഞാനാ സ്ത്രീയുടെ ഗർ ഭാശയത്തിൽ സ്ഥാനം പിടിച്ചു . അധർമ്മികളായ മനുഷ്യരെ ചുട്ട് ചാമ്പലാക്കാനുള്ള പകയോടെ പുനർജന്മം കാത്ത് ഞാനാ സ്ത്രീയുടെ ഗർ ഭാശയത്തിൽ മയങ്ങി കിടന്നു, കാലത്തിന്റെ ധീരയോ ദ്ധാവാകാൻ !!

Nb: ഒരുപാട് തെറ്റുകുറ്റങ്ങളുണ്ടാകാം , കാരണം ആറ് വര്‍ഷം മുമ്പത്തെ ചിന്തകളും ഇപ്പോഴത്തെ ചിന്തകളും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്

Related Posts

Leave a Reply

Your email address will not be published. Required fields are marked *