ജനൽ വാതിൽ തുറന്നു കൊണ്ട് ഒരു പെൺകുട്ടി ഞങ്ങളെ നോക്കി കൈ വീശി കൊണ്ട് കരയുന്നു….

എഴുത്ത്:-ബഷീർ ബച്ചി

അതിരാവിലെ സുബ്ഹി നിസ്കാരം കഴിഞ്ഞു ഞങ്ങൾ കൂട്ടുകാർ ഞാനും റാഫിയും വിനുവും എന്നും ഒരു മണിക്കൂറിനു അടുത്ത് സമയം നടക്കാനിറങ്ങും..

ഞങ്ങൾ നിസ്കരിച്ചു ഇറങ്ങുന്ന സമയം വിനു പള്ളിയുടെ മുൻപിലുള്ള അരമതിലിൽ ഇരിപ്പുണ്ടാവും.. പാടത്തിന് നടുവിലൂടെയുള്ള റോഡിൽ കൂടെ തോടിന് കുറുകെ കെട്ടിയ പാലം കടന്നു അക്കരെയുള്ള ഹൈവേ റോഡ് വരെ നടന്നു തിരിച്ചു വരുകയാണ് പതിവ്. അന്നൊരു ജനുവരി മാസത്തിലെ ഒരു ഞായറാഴ്ച അതിരാവിലെ…

മഞ്ഞു മൂടിക്കിടക്കുന്ന പാടശേഖരങ്ങൾ..

പതിവ് പോലെയുള്ള നടത്തത്തിനു ഇടയിൽ പാലം കടന്നു ഒരു കയറ്റം കയറി കഴിഞ്ഞു കുറച്ചു സമയം നടന്നപ്പോൾ ഇടതു വശത്ത് റോഡിനു അരികിലുള്ള വീട്ടിൽ മുകളിലെ നിലയിൽ നിന്നൊരു പെൺകുട്ടിയുടെ കരച്ചിൽ കേട്ടു…

രക്ഷിക്കണേ…..

കരച്ചിൽ കേട്ട ഭാഗത്തേക്ക്‌ ഞങ്ങൾ ഞെട്ടി തിരിഞ്ഞു നോക്കി.ജനൽ വാതിൽ തുറന്നു കൊണ്ട് ഒരു പെൺകുട്ടി ഞങ്ങളെ നോക്കി കൈ വീശി കൊണ്ട് കരയുന്നു. ഞങ്ങൾ ആധിയോടെ പരസ്പരം മുഖത്തോട് മുഖം നോക്കി.

എന്തോ പ്രശ്നമുണ്ട് വാ പോയി നോക്കാം.. അതും പറഞ്ഞു റാഫി മതിലെടുത്തു ചാടി കൂടെ ഞങ്ങളും.. വീടിന്റെ മുൻവശം അടഞ്ഞു കിടക്കുന്നു. ഞങ്ങൾ ബെല്ലടിച്ചു.. കുറച്ചു നേരം കാത്തിരുന്നു വാതിൽ തുറക്കുന്ന ശബ്ദം.. ഒരു സുന്ദരിയായ സ്ത്രീ പുറത്തേക്ക് വന്നു.എന്താണ് എന്ത് വേണം ആ സ്ത്രീ അനിഷ്ടത്തോടെ ഞങ്ങളോട് ചോദിച്ചു. അവിടെ മുകളിൽ ഒരു പെൺകുട്ടി കരയുന്നത് കേട്ടിട്ടാണ് ഞങ്ങൾ വന്നത്

എന്തിനാ അവൾ കരയുന്നത്..?

അവൾക് ഭ്രാന്താണ് നിങ്ങൾ അതും കേട്ട് വന്നതാണോ.. വേഗം പോകാൻ നോക്ക്.. അതും പറഞ്ഞു ആ സ്ത്രീ ദേഷ്യത്തോടെ വാതിൽ വലിച്ചടച്ചു. ഞങ്ങൾ മുകളിലേക്കു നോക്കി

ആ പെൺകുട്ടി അവിടെ ജനലിന് അരികിൽ തന്നെയുണ്ട്. എന്താ പ്രശ്നം ഞാൻ വിളിച്ചു ചോദിച്ചു.

ആ സ്ത്രീയും അവരുടെ കാമുകനും കൂടെ എന്നെ നശിപ്പിക്കും എന്നെ രക്ഷിക്കാൻ പറ്റോ..അവരുടെ കാമുകൻ എന്നെ കേറി പിടിക്കാൻ ശ്രമിച്ചു. അവൾ ഏങ്ങലടക്കി കൊണ്ട് പറഞ്ഞു. ആ സ്ത്രീ നിന്റെ ഉമ്മയല്ലേ.. അല്ല അവര് എന്റെ രണ്ടാനമ്മയാ..

നിന്റെ ഉപ്പ? ഗൾഫിൽ ആണ്..

അയാള് എവിടെ..? ഞങ്ങൾ ചോദിച്ചു

പുറത്തേക്ക് പോയിട്ടില്ല ഇതിനുള്ളിൽ തന്നെയുണ്ട്. ഞാൻ എന്റെ റൂം കുറ്റിയിട്ടേക്കുവാ…

എന്ത് ചെയ്യണമെന്ന് ഞങ്ങൾക്ക് ഒരു പിടിയും കിട്ടിയില്ല.. നിങ്ങൾ ഇവിടെ നിൽക്കു ഞാൻ ഇവിടെയുള്ള ആളുകളെ ആരെയെങ്കിലും കിട്ടുമോ നോക്കട്ടെ അതും പറഞ്ഞു ഞാൻ മതിൽ എടുത്തു പുറത്തേക്ക് ചാടിയിറങ്ങി.. കുറച്ചു മീറ്ററുകൾ അകലെ ഉള്ളിലേക്കു ഒരു ചെറിയ വീടുണ്ട് അവിടേക്കു ഓടി ചെന്നു. മുൻവശത്തു അൻപതു വയസോളം പ്രായം തോന്നുന്ന ഒരു ചേട്ടൻ പത്രത്തിലേക്ക് മുഖം പൂഴ്ത്തി ഇരിപ്പുണ്ട്.

ഞാൻ അദ്ദേഹത്തെ വിളിച്ചു.

എന്താ… ആരാ എന്ത് വേണം?

ഞാൻ ചേട്ടനോട് കാര്യം പറഞ്ഞു.. അയാള് കസേരയിൽ നിന്ന് ചാടി എഴുന്നേറ്റു. നീ അവിടെ നിക്ക് ഞാനിപ്പോ വരാം അയാൾ ഉള്ളിലേക്കു പോയി മകനെയും വിളിച്ചു കൊണ്ട് പുറത്തിറങ്ങി. ആ വീട്ടിലേക്ക് ഓടുന്നതിനു ഇടയിൽ അവൻ പലർക്കും കാൾ ചെയ്യുന്നുണ്ടായിരുന്നു..

ഗേറ്റ് പൂട്ടി തന്നെ കിടക്കുവാണ്.. തുറക്കാൻ പറ്റുന്നില്ല വീണ്ടും മതിലെടുത്തു ചാടി.. അവൾ അവിടെ ജനലിന് അരികിൽ തന്നെ കരഞ്ഞു കൊണ്ട് നിൽപ്പുണ്ട്. ഞങ്ങൾ വാതിലിൽ ഇടിച്ചു കൊണ്ട് വാതിൽ തുറക്കാൻ പറഞ്ഞെങ്കിലും ആരും വാതിൽ തുറന്നില്ല. കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും വീടിന്റെ മുന്പിൽ ആളുകൾ നിറഞ്ഞു തുടങ്ങിയിരുന്നു.

അതിനിടയിൽ ആരോക്കൊയോ വീടിന്റെ പിൻവാതിൽ ചവിട്ടി തുറന്നു അകത്തു കടന്നു. കുറച്ചു സമയം കഴിഞ്ഞതോടെ അവളുടെ രണ്ടാനമ്മയെയും അവളുടെ കാമുകനെന്ന് പറയുന്ന മനുഷ്യനെയും പുറത്ത് എത്തിച്ചതും ആദ്യത്തെ അടി ആ സ്ത്രീയുടെ കവിളിൽ പതിഞ്ഞു.. അത് അവളുടെ ഉപ്പയുടെ അനിയൻ ആയിരുന്നു. അടിച്ചു ആ നായിന്റെ മോന്റെ എല്ലൊടിക്കടാ ഞാൻ നോക്കി ക്കോളാം ബാക്കി…

പിന്നെ ആ മനുഷ്യനെ പഴന്തുണികെട്ടിന് അടിക്കുന്ന പോലെ ഇട്ടടിക്കുന്നത് കണ്ടു ഞങ്ങൾ പിറകോട്ടു മാറി നിന്നു.കുറച്ചു സമയം കഴിഞ്ഞപ്പോൾ കുറച്ചു പേർ ചേർന്ന് അവരെ പിന്തിരിപ്പിച്ചു. അപ്പോഴേക്കും അടി കൊണ്ടയാൾ കുഴഞ്ഞു വീണിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ വന്നു അവളെ അവിടുന്ന് കൂട്ടികൊണ്ട് പോയി.. അതിനിടയിൽ അവൾ തിരിഞ്ഞു നന്ദിയോടെ ഞങ്ങളെ നോക്കുന്നു ണ്ടായിരുന്നു.

പിന്നെ അവിടുന്ന് ഞങ്ങൾ ഇറങ്ങി വീട്ടിലേക്ക് തിരിച്ചു..പിറ്റേന്ന് ഞങ്ങൾ രാവിലെ അത് വഴി ഹൈവേ റോഡ് വരെ നടന്നു തിരിച്ചു വരുമ്പോൾ ചേട്ടന്റെ വീട്ടിൽ കയറി.. ഇന്നലത്തെ കാര്യം എന്തായി പിന്നെ..? ഞങ്ങൾ ചേട്ടനോട് ചോദിച്ചു. അവളുടെ വാപ്പ ഇന്നലെ രാത്രി എത്തിയിട്ടുണ്ട്.

അവൾക്കു ഒന്നും സംഭവിക്കാത്തത് കൊണ്ട് അവർ കേസ് ഒന്നും കൊടുത്തിട്ടില്ല.. പിന്നെ അതിന്റെ പിറകെ നടന്നു പത്രത്തിലും ന്യൂസ്‌ ചാനലിലും ഒക്കെ വാർത്ത വന്നു അവളുടെ ജീവിതം കളയണ്ടാന്ന് കരുതിയിട്ടും കൂടിയാണത്രെ..ന്യൂസ്‌ വരുമ്പോൾ പീഡിപ്പിച്ചു ബലാൽസംഗം ചെയ്തു എന്നൊക്കെ ആയിരിക്കും വാർത്ത വരിക. എങ്ങനെ ആണെന്ന് ഒന്നും ആളുകൾ അന്വേഷിച്ചു നോക്കില്ലല്ലോ… അവൾ നശിക്കപ്പെട്ടു എന്നവർ ഉറപ്പിക്കും ചിലപ്പോൾ ഇതിനേക്കാൾ വേദന ആയിരിക്കും ആ പെൺകുട്ടിക്ക് അപ്പോൾ.. ചേട്ടൻ പറഞ്ഞു നിർത്തി.

അതിൽ ന്യായം ഉണ്ടെന്ന് ഞങ്ങൾക്കും തോന്നി.. ആ സ്ത്രീയും ആ മനുഷ്യനും അവരെ എന്ത് ചെയ്തു? ആ സ്ത്രീയെ ഇന്നലെ തന്നെ പറഞ്ഞു വിട്ടു. മൊഴി ചൊല്ലി ഒഴിവാക്കിയത്രെ..അയാൾക് ഇനി മര്യാദക്ക് എഴുന്നേറ്റു നടക്കാൻ കഴിയുമെന്ന് തോന്നുന്നില്ല എല്ലാ ഭാഗവും ഉടഞ്ഞു പോയി.. കാലിനും കയ്യിനും എല്ലാം പൊട്ടലുണ്ട്. പിന്നെ ആരോ അയാളുടെ അടിനാഭി നോക്കി നല്ലോണം പെരുമാറിയിട്ടുണ്ട് ഇനി ജീവിതത്തിൽ അയാളെ കൊണ്ട് ഒന്നിനും കൊള്ളില്ല..

ഇപ്പോൾ അയാൾ?

അയാളുടെ ആരൊക്കൊയോ വന്നു ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ടുണ്ട്.
ന്നാ ശരി…

ചേട്ടനോട് യാത്ര പറഞ്ഞു ഞങ്ങളിറങ്ങി.

ഒരു കണക്കിന് ഇതാണ് ശരിയെന്ന് ഞങ്ങൾക്കും തോന്നി. നിയമപരമായി അത് തെറ്റ് ആണെങ്കിലും.

കാരണം കേസും കോടതിയുമായി ആ പെൺകുട്ടിയുടെ ജീവിതത്തിലെ സ്വസ്ഥത തന്നെ നഷ്ടപ്പെടാം.. വാദങ്ങൾ, പ്രതിവാദങ്ങൾ, ആരോപണങ്ങൾ.. ചിലർ അവളെ തെറ്റുകാരിയായി വരെ കണ്ടേക്കാം..

വാർത്തകൾ പലപ്പോഴും വളച്ചൊടിച്ചു വരാറുണ്ട്. അത് കൊണ്ട് മാത്രം ജീവിതം നഷ്ടപെടുന്നവർ നിരവധി പേര് ഉണ്ടെന്നുള്ളതാണ് സത്യം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *