തെങ്ങിന്‍തോപ്പില്‍ ഒരു പൂച്ചകുഞ്ഞിനെപോലെ ഭയന്ന് പതുങ്ങിനില്‍ക്കുന്ന പെണ്‍കുട്ടിയെ മാധവന്‍ കൗതുകത്തോടെ നോക്കി…..

മങ്ങിയ നിറങ്ങള്‍

എഴുത്ത്:-ആദി വിഹാന്‍

ഏകദേശം അഞ്ചോ ആറോ വയസുണ്ടാവും അവള്‍ക്ക്. മാധവന് മുന്‍പില്‍ അപമാനപ്പെട്ട് വിയര്‍ത്ത് കുളിച്ച് അവള്‍ തലകുനിച്ചുനിന്നു. കൈയിലുളള വസ്തു മാധവന്‍ കാണാതിരിക്കാന്‍ പുറകിലേക്ക് മറച്ച്പിടിച്ചിരുന്നു അവള്‍.

മറ്റാരുമില്ലാത്ത തെങ്ങിന്‍തോപ്പില്‍ ഒരു പൂച്ചകുഞ്ഞിനെപോലെ ഭയന്ന് പതുങ്ങിനില്‍ക്കുന്ന പെണ്‍കുട്ടിയെ മാധവന്‍ കൗതുകത്തോടെ നോക്കി. ഇരുനിറമായിരുന്നു അവള്‍ക്ക്. ഭയന്നമുഖവും തിളക്കമുളള കണ്ണുകളും എണ്ണമയമില്ലാത്ത പാറിപ്പറക്കുന്ന തലമുടിയും അവളുടെ ഭംഗിയുടെ മാറ്റ്കൂട്ടി. മുട്ടുവരെ ഇറക്കമേ അവളുടെ സ്കൂള്‍ യൂനിഫോമിനുണ്ടായിരുന്നുളളൂ. അത് നരച്ച് വെളുത്തുതുടങ്ങിയിരുന്നു.

മുന്‍പില്‍നില്‍ക്കുന്ന ചെറിയ പെണ്‍കുട്ടി തന്നെകണ്ട് ഏതുനിമിഷവും ഭയന്ന് കരയുമെന്ന് അയാള്‍ക്ക് തോന്നി.

”നീ ഏതാണ് മോളെ.” അയാള്‍ സ്നേഹത്തോടെയാണത് ചോദിച്ചത്. പക്ഷേ അവള്‍ അതിന് മറുപടിപറഞ്ഞില്ല. മാധവന്‍ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു. ദയനീയമായി അവള്‍ അയാളെ ഒന്നുനോക്കി പിന്നെ കൈ ഉയര്‍ത്തി അവര്‍ നില്‍ക്കുന്ന തെങ്ങിന്‍ തോപ്പിനപ്പുറം കുറച്ച് ദൂരേക്കായി അവള്‍ ചൂണ്ടി ക്കാണിച്ചു.

”അങ്കെയാണ്.”

അവള്‍ കൈചൂണ്ടിയിടത്തേക്ക് അയാള്‍ നോക്കി. ഓലമേഞ്ഞ ഒരു ചെറിയ കുടില്‍ അയാള്‍ കണ്ടു. കഴിഞ്ഞ വെക്കേഷനു വന്നപ്പോള്‍ ആ വീട് അയാളുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല.

”മോളുടെ പേരെന്താണ്.?”

ഭയത്തോടെ അവള്‍ പറഞ്ഞു..

”നീ.. നീതു.”

”മോളെന്താണ് ഇവിടെ ഒറ്റക്ക് നില്‍ക്കുന്നത്?”

അതിനുളള ഉത്തരം പറയാന്‍ അവള്‍ വിഷമിക്കുന്നത് കണ്ടപ്പോള്‍ മാധവന്‍ വീണ്ടും ചോദിച്ചു.

”എന്താണത്.? നിന്‍റെ കൈയില്‍.?”

ഉത്തരം പറയാനാവാതെ അവളില്‍നിന്നും ഏതാനും നെടുവീര്‍പ്പുകള പുറത്തേക്കുവന്നു. അപമാന ഭാരത്തോടെ പുറകിലേക്ക് മറച്ച് പിടിച്ച വസ്തു അവള്‍ മാധവനു നേരെനീട്ടി.

”റണ്ട്മൂന്ന് ദിനമായി അമ്മാക്ക് തീരെ വയ്യ. വീട്ടില്‍ സാപ്പാടിന് ഒന്നും ഇല്ലാത്തത് കൊണ്ടാണ് എട്ത്തത്.”

അത് പറഞ്ഞപ്പോളേക്കും ഏങ്ങല്‍ അടക്കിനിര്‍ത്താന്‍ അവള്‍ പാട്പെട്ടു.

ദയനീയമായ അവളുടെ നില്‍പ്പും സങ്കടവും അവളുടെ കൈയിലെ ഉണക്കനാളികേരവും കണ്ടപ്പോള്‍ മാധവന്‍റെ ഉളളു പിടഞ്ഞു.

താന്‍ ഈ സമയത്ത് ഇങ്ങോട്ട് കയറിവന്നില്ലായിരുന്നെങ്കില്‍ ഈ കുഞ്ഞിന് ഇത്രയും സങ്കടം ഉണ്ടായിരുന്നില്ലെന്ന് അയാള്‍ ഓര്‍ത്തു.

തന്‍റെ മുന്‍പില്‍നില്‍ക്കുന്ന കുഞ്ഞ് അവളുടേയും അമ്മയുടേയും വിശപ്പിന് ശമനംവരുത്താനായി എടുത്ത ഉണക്ക നാളികേരത്തില്‍ മാധവന്‍റെ കണ്ണുകള്‍ തങ്ങിനിന്നു.

അയാളുടെ ഓര്‍മ്മകള്‍ ബാല്യകാലംവരെ തിരിഞ്ഞോടി. ഇതേ തെങ്ങിന്‍ തോപ്പില്‍ ഇതുപോലെ ഒരു ദിനം തനിക്കും കഴിഞ്ഞുപോയിട്ടുണ്ട്. വിശപ്പിന് ഏത്കാലത്തും ഒരു രുചിതന്നെയായിരിക്കുമെന്ന് അയാള്‍ ഓര്‍ത്തു.

തേങ്ങലടക്കാന്‍ കഴിയാതെ നില്‍ക്കുന്ന നീതുവിന്‍റെ മുന്‍പില്‍ കുനിഞ്ഞിരുന്ന് അവളുടെ തലയില്‍ തലോടി മാധവന്‍ അവളെ സമാധാനിപ്പിച്ചു..

”അയ്യേ കരയുകയാണോ.? മിടുക്കിക്കുട്ടികള്‍ കരയാന്‍ പാടില്ല. നിനക്ക് വേണ്ടത് ഇവിടെ നിന്നും എടുത്തോളൂ. ആരും ഒന്നും പറയില്ലല്ലോ.”

അത് കേട്ടനിമിഷം ഒന്നുമതിയെന്ന് പറഞ്ഞ് നിലത്തുവീണ ഉണക്ക നാളികേര മെടുത്ത് അവള്‍ അവിടെനിന്നും ഇറങ്ങിയോടി. തന്നില്‍ നിന്നുളള ഒരു രക്ഷ പ്പെടലാണ് അതെന്ന് മാധവന് മനസിലായി.

കഴിഞ്ഞ വെക്കേഷന് വന്നപ്പോളാണ് നാട്ടിന്‍പുറത്തുളള ഭൂതകാലത്തിന്‍റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ആ തെങ്ങിന്‍ തോപ്പ് മാധവന്‍ വാങ്ങിച്ചത്. ഒട്ടും ലാഭമില്ലെങ്കില്‍കൂടി ആ തെങ്ങിന്‍തോപ്പ് മാധവന് ഏറെ പ്രിയപ്പെട്ടതായിരുന്നു.

തന്‍റെ അമ്മയുടെ അദ്ധ്വാനത്തിന്‍റെ വിയര്‍പ്പ് വീണ ഭൂമിയാണത്. അമ്മ അവിടെ കൂലിവേലയെടുക്കുമ്പോള്‍ കുഞ്ഞായ മാധവന്‍ ഓടിക്കളിച്ചിരുന്നു അവിടങ്ങളില്‍.

അന്ന് വൈകിയിട്ട് സ്കൂളില്‍ നിന്നും മടങ്ങിയെത്തുമ്പോള്‍ അവളുടെ വീടിനുമുന്‍പില്‍ മാധവന്‍ നില്‍ക്കുന്നുണ്ടായിരുന്നു. നീതുവിന്‍റെ അമ്മ അയാള്‍ക്കരികില്‍ നിന്ന് പരാതിയും പരിഭവം പറയുന്നതും ഇടക്കിടക്ക് കണ്ണുകള്‍ തുടക്കുന്നതും കണ്ട് അവള്‍ പരിഭ്രമിച്ചു.

പറമ്പില്‍നിന്നും നാളികേരമെടുത്തതിന് പോലീസിനേയും കൊണ്ട് വന്നതായിരിക്കുമോ അയാളെന്ന് നീതു സംശയിച്ചു.

നീതു തമിഴ്കലര്‍ന്ന മലയാളമാണ് സംസാരിച്ചിരുന്നത്. അത്കൊണ്ട് തന്നെ അവളുടെ അച്ഛനും അമ്മയും തമിഴ്നാട്ടുകാരാവുമെന്ന് മാധവന്‍ കണക്കുകൂട്ടി. ജോലിക്കുവന്ന് കുറച്ച് കാലംകഴിഞ്ഞപ്പോള്‍ അവിടെ അല്‍പം ഭൂമിവാങ്ങി വീടുകെട്ടി സ്ഥിരതാമസമാക്കിയവരായിരുന്നു അവര്‍. നീതു ചെറിയ കുഞ്ഞായിരിക്കുമ്പോള്‍തന്നെ അവളുടെ അച്ഛന്‍ മരണപ്പെട്ടിരുന്നു.

ഒട്ടും പരിചയമില്ലാത്ത മാധവനുമുന്‍പില്‍ അമ്മ കരഞ്ഞത് എന്തിനാണെന്ന് നീതുവിനുളളില്‍ ഒരു ചോദ്യമായി നിലനിന്നു.

തങ്ങള്‍ക്കുളള വീട്ടുസാധനങ്ങളുമായിട്ടാണ് അയാള്‍ വന്നിട്ടുളളത് എന്നറിഞ്ഞപ്പോള്‍ അവള്‍ക്ക് സമാധാനമായി.

കുശലാന്വേഷണങ്ങള്‍ക്ക് ശേഷം മാധവന്‍ നീതുവിനു നേരെ ചെറിയ പൊതി നീട്ടി. മടിയോടെയാണ് നീതു അത് വാങ്ങിച്ചത്. പൊതിനിവര്‍ത്തിനോക്കിയ അവളുടെ കണ്ണുകള്‍ തിളങ്ങി. അതില്‍ നിറയെ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ പലതരത്തിലുളള ചോക്ലേറ്റ് മിഠായികളായിരുന്നു.

”ഇതെല്ലാം എനക്കാ.?” അത്ഭുതത്തോടെയാണവള്‍ ചോദിച്ചത്.

”മുഴുവനും നിനക്കുളളതാണ്. ആര്‍ക്കും കൊടുക്കേണ്ട. ഒറ്റക്ക് കഴിച്ചോളൂ.”

അമ്മ വീട്ടുവേലക്ക് പോകുന്നിടങ്ങളിലും സ്കൂളിലും രണ്ടാംതരം പൗരന്മാരായാണ് അവളെ മറ്റുകുട്ടികള്‍ പരിഗണിച്ചിരുന്നത്. ആ ഒറ്റക്കാരണം കൊണ്ട്തന്നെ നീതുവിന് മാധവനെ ഏറെ ഇഷ്ടമായി.

മാധവന്‍ ഇടക്കിടെ അയാളുടെ തെങ്ങില്‍തോപ്പിലെ സന്ദര്‍ശകനായി. നീതുവിനും മാധവനുമിടയില്‍ അഗാതമായ ഒരു സൗഹൃദം വളര്‍ന്നു.

തെങ്ങിന്‍ തോപ്പിലേക്ക് വരുമ്പോളെല്ലാം നീതുവിനുളള മിഠായികള്‍ അയാളുടെ കൈയിലുണ്ടായിരുന്നു. അവള്‍ക്ക് ഭംഗിയുളള ഉടുപ്പ് അയാള്‍ സമ്മാനമായി നല്‍കി. അവളുടെ വീട്ടിലേക്കുളള അത്യാവശ്യസാധനങ്ങളും അയാള്‍ കരുതിയിരുന്നു.

നീതുവിനൊത്തുളള സമയം അയാളും ഒരുകുട്ടിയായിമാറും. മാധവനില്‍ അവളുടെ കുഞ്ഞുമനസ് ആരെക്കെയോ തേടുന്നുണ്ടെന്ന് അയാള്‍ക്ക് മനസിലായി.

നീതു അയാളുടെ കൈകളില്‍തൂങ്ങി തെങ്ങിന്‍തോപ്പില്‍ നടക്കും. കഥകള്‍ പറയും, പൊട്ടിച്ചിരിക്കും. അയാള്‍ അതെല്ലാം ഒരു കുഞ്ഞിനെപോലെ ആസ്വദിക്കും.

നീതുവിന്‍റെ എല്ലാകഥകളിലും കഷ്ടപ്പാടുളള ഒരു മുയലോ, മാനോ, ആമയോ ആയിരിക്കും മുഖ്യകഥാപാത്രം. കഥക്കവസാനം ആമയും മുയലും കാശുകാരായി നല്ല ഉടുപ്പുകളിട്ട് കളിപ്പാട്ടങ്ങള്‍ വാങ്ങിച്ച് പുതിയവീട് വച്ച് തങ്ങളുടെ കഷ്ടപ്പാടില്‍ നിന്നും രക്ഷനേടുന്ന വിധത്തിലായിരിക്കും അവളുടെ കഥകളുണ്ടാവുക.

അവളുടെ കുഞ്ഞുമനസിന്‍റെ കഥകള്‍ കേള്‍ക്കുമ്പോള്‍ മാധവന്‍റെ ഹൃദയം വേദനിക്കും. അതികം താമസിയാതെ നീതു അനാഥയാവുമെന്ന് അവളുടെ അമ്മയുടെ അസുഖം തിരക്കിയ അയാള്‍ക്കറിയാമായിരുന്നു.

അവളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തനിക്കു കഴിയില്ല. തന്‍റെ ചുറ്റുപാടും സാഹചര്യവും അതിന് അനുവദിക്കില്ലെന്ന് അയാള്‍ക്കറിയാമായിരുന്നു.

മാധവനെ അവള്‍ വികൃതികാട്ടും. മാധവനൊപ്പം നാളികേരം പെറുക്കിക്കൂട്ടി വെക്കാന്‍ സഹായിക്കും. ഇടക്ക് മാധവനുമായി വഴക്കുണ്ടാക്കി പിണങ്ങിപ്പോകും. കുറച്ചുകഴിയുമ്പോളേക്കും പരിഭവവുമായി അവള്‍ തിരികെയെത്തുകയും ചെയ്യും.

ഒരു ദിവസം നീതുവിന് അസുഖമാണെന്നറിഞ്ഞ് മാധവന്‍ അവളുടെ കുടിലി ലേക്ക് ചെന്നപ്പോള്‍ ദൈവങ്ങളുടെ ഫോട്ടോക്കടുത്ത് തന്‍റെ ഫോട്ടോയും അയാള്‍ കണ്ടു.

നീതു മാധവനോട് അയാളുടെ ഒരു ഫോട്ടോ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആദ്യം അത് കാര്യമാക്കിയില്ലെങ്കിലും രണ്ടു മൂന്നു തവണ വന്നപ്പോളും അവള്‍ ഫോട്ടോക്ക് വേണ്ടി നിര്‍ബന്ധം പിടിച്ചു. കുഞ്ഞിന്‍റെ സന്തോഷത്തെ കരുതി അവള്‍ക്ക് നല്‍കിയതായിരുന്നു അത്.

നീതു തന്നില്‍ ഒരു കളിക്കൂട്ടുകാരനെയാണോ ഒരു അച്ഛനെയാണോ അതോ ദൈവത്തിനെയാണോ കാണുന്നതെന്ന് അയാള്‍ക്കും അറിയില്ലായിരുന്നു.

ദിനങ്ങള്‍ കഴിഞ്ഞു. അനിവാര്യമായൊരു മടക്കത്തെ പ്രതീക്ഷിച്ച് മാധവന്‍ കാത്തിരുന്നു. നീതുവിനോടുളള യാത്രപറയല്‍ ഏറെ വൈകാരികമാവുമെന്ന് അയാള്‍ക്കറിയാമായിരുന്നു.

നീതുവിനോട് തിരികെയുളള യാത്രയെ കുറിച്ചും മടങ്ങിവരാനുളള കാല താമസത്തെകുറിച്ചും പറഞ്ഞ നിമിഷം അവള്‍ കരഞ്ഞു. തന്നെയും കൂടെ കൊണ്ട് പോകുമോയെന്ന് അവള്‍ അയാളോട് ചോദിച്ചു.

മാധവന്‍ യാത്രപറഞ്ഞ് നീതുവിന്‍റെ വീടിന്‍റെ പടിയിറങ്ങുന്ന സമയം അവള്‍ മാധവന്‍റെ കൂടെപോകാനായി കുതറി നിലവിളിച്ചു.

പിന്‍തിരിഞ്ഞ് നടക്കുമ്പോള്‍ നീതുവിന്‍റെ നിലവിളികള്‍ കേട്ടിട്ടും മാധവന്‍ തിരിഞ്ഞു നോക്കിയില്ല. നിറഞ്ഞുവന്ന കണ്ണുകള്‍ അയാള്‍ തുടച്ചതുമില്ല.

പലദിവസങ്ങളിലും വേലിക്കരികില്‍ വന്ന് നീതു തെങ്ങിന്‍ തോപ്പിലേക്ക് നോക്കിനില്‍ക്കും. മാധവനെങ്ങാനും തന്നെ പറ്റിച്ച് തെങ്ങിനുപുറകില്‍ ഒളിച്ചുനില്‍ക്കുന്നുണ്ടോയെന്ന് അവളുടെ കണ്ണുകള്‍ തിരയും. കാത്തുനിന്നു മുഷിയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറയും. നിരാശയോടെ അവള്‍ മടങ്ങും.

മാധവന്‍ പോയി ഒന്നു രണ്ടുമാസങ്ങള്‍ കഴിഞ്ഞു. നീതുവിന്‍റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ അയാള്‍ തന്‍റെ ഭാര്യയെ ചുമതലപ്പെടുത്തിയിരുന്നു. പക്ഷേ ഏതോ ഒരു പെണ്ണിനും കുഞ്ഞിനും വേണ്ടി തന്‍റെ ഭര്‍ത്താവിന്‍റെ പണംചിലവാക്കാന്‍ അവള്‍ക്ക് മനസ്സുണ്ടായിരുന്നില്ല.

നീതുവിന്‍റെ അമ്മക്ക് അസുഖം കൂടിക്കൂടിവന്നു. ചികിത്സക്കു പണമില്ലാത്തതിനാല്‍ നീതുവിനെ തനിച്ചാക്കി അവളുടെ അമ്മ യാത്രയായി. ഒരു തമിഴ് പെണ്‍കുട്ടിയെ ഏറ്റെടുത്ത് വളര്‍ത്താന്‍ മറ്റാരും മുന്നോട്ടുവന്നതുമില്ല.

നീതു ഒരു അനാഥാലയത്തില്‍ എത്തിപ്പെട്ടു. വര്‍ഷം ഒന്ന് കഴിഞ്ഞുപോയി. വിസിറ്ററുണ്ടെന്ന് കേള്‍ക്കുമ്പോള്‍ അവള്‍ ആഹ്ളാദത്തോടെ ഓഫീസിലേക്ക് ഓടിയെത്തും പക്ഷേ താന്‍ പ്രതീക്ഷിക്കുന്ന മുഖം കാണാതെ അവള്‍ നിരാശയോടെ മടങ്ങും.

എന്നെങ്കിലും മാധവന്‍ അവളെ കൊണ്ടുപോകാനെത്തുമെന്ന് അവള്‍ പ്രതീക്ഷിച്ചിരുന്നു. ആ ദിവസത്തിനായി അവള്‍ ദൈവങ്ങള്‍ക്കു മുന്‍പില്‍ പ്രാര്‍ത്ഥനയോടെ കാത്തിരിപ്പുതുടര്‍ന്നു..

_ end__

അനാഥയാവാന്‍ പോകുന്നു എന്ന് മുന്‍കൂട്ടി അറിഞ്ഞ ഒരു കുഞ്ഞിനോടുളള സഹതാപവാത്സല്ല്യത്തിനപ്പുറം മാധവന് അവളെ സ്വീകരിക്കാന്‍ കഴിയുമോ.?

കഥയിലെങ്കിലും അവളെ പോലെയുളളവര്‍ക്ക് നിറമുളള ഭാവിയുണ്ടാവട്ടെ.

ആശയം എഫ്.ബിയില്‍നിന്നും വായിച്ച കഥകളില്‍നിന്ന്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *