ജോയ് ആണ് തനിക്ക് സപ്പോർട്ടായി എന്നും കൂടെ നിന്നത്. അച്ഛനും മകളും തന്നെ ബുദ്ധിമുട്ടിക്കാതെ നോക്കിയതുകൊണ്ട് തന്റെ ലോകം പിന്നെയും വിശാലമായി……..

വിശാലമായ ലോകം.

എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി.

സൈക്യാട്രിയിൽ ബിരുദാനന്തര ബിരുദം ചെയ്യുമ്പോൾ ഷെറിൻ ഉറപ്പിച്ചിരുന്നു, ഈ ലോകത്ത് തനിക്ക് ചെയ്യാനാവുന്നതൊക്കെ ചെയ്യണം. തികഞ്ഞ ലക്ഷ്യ ബോധത്തോടെ മുന്നേറുന്ന മകളെ നോക്കി ഡാഡി മമ്മയോട് അഭിമാനത്തോടെ പറയുമായിരുന്നു:

സൂസി, ഇന്ന് ജോസഫ് മാഷുടെ മകൾ എന്നറിയപ്പെടുന്ന ഇവൾ കാരണം നാളെ ഷെറിന്റെ ഡാഡി എന്നറിയപ്പെടാനെനിക്ക് അവസരം വരും.

മമ്മ കൌതുകത്തോടെ തന്റെ നേ൪ക്ക് നോക്കും. വിദേശത്ത് ജോലി കിട്ടിയതും വലിയ ഹോസ്പിറ്റലിൽ വർഷങ്ങളായി വ൪ക്ക് ചെയ്തതുമൊക്കെ ഷെറിൻ ഇന്നലെയെന്നോണം ഓ൪ത്തു. വിവാഹിതയായി, മകൾ പിറന്നതോടെ എല്ലാവരും വീട്ടിലൊതുങ്ങുമെന്ന് കരുതിയ താൻ പിന്നെയും വർദ്ധിച്ച വീര്യത്തോടെ പ്രൊഫഷനിലും മറ്റ് കാര്യങ്ങളിലും സജീവമാകാൻ തുടങ്ങി.

ജോയ് ആണ് തനിക്ക് സപ്പോർട്ടായി എന്നും കൂടെ നിന്നത്. അച്ഛനും മകളും തന്നെ ബുദ്ധിമുട്ടിക്കാതെ നോക്കിയതുകൊണ്ട് തന്റെ ലോകം പിന്നെയും വിശാലമായി. പല അവാർഡുകളും തന്നെ തേടിവന്നു. പല സംഘടനകളുമായി ചേ൪ന്ന് പ്രവർത്തിക്കാൻ തുടങ്ങി.

അങ്ങനെയിരിക്കെയാണ് സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റ് വായിക്കാനിടയായത്. ഇന്ത്യയിൽനിന്നും വിദ്യാഭ്യാസമുള്ള ധാരാളം ആളുകൾ വിദേശത്ത് ജോലി നോക്കിപ്പോകുന്നതിലെ അനൌചിത്യം ചൂണ്ടിക്കാണിച്ചൊരു പോസ്റ്റായിരുന്നു അത്. ബ്രെയിൻ ഡ്രെയിൻ എന്ന പേരിൽ വന്ന ആ ലേഖനം വായിച്ചതോടെ ഷെറിൻ തീരുമാനിച്ചു.

തന്റെ നാടിനുവേണ്ടിയും എന്തെങ്കിലും ചെയ്യണം. അവരുടെ നികുതിപ്പണം കൊണ്ടാണ് താൻ പഠിച്ചത്. ലക്ഷോപലക്ഷം ജനങ്ങളിപ്പോഴും ദാരിദ്രരേഖയുടെ‌ താഴെ കഴിയുന്ന നാടിനും തന്റെ സംഭാവനകൾ നൽകേണ്ടതല്ലേ…

ഇമ്മൻസിലി റിച്ചായ ഒരു രാജ്യത്ത് താനില്ലെങ്കിലും,‌ പകരമായി ഇവിടെ പലരും വരും. പക്ഷേ തിരിഞ്ഞുനോക്കാനാരുമില്ലാത്ത ആളുകളുടെ ഇടയിൽ പ്രവ൪ത്തിക്കാൻ അധികമാരും കാണില്ല. അവിടെ പോയി പ്രവ൪ത്തിക്കണം. പണം താനാവശ്യത്തിന് ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് അതൊരു പ്രശ്നമല്ല.

പക്ഷേ ജോയ് സമ്മതിക്കുമോ… മകളുടെ പഠനം…

ഒക്കെ ഓ൪ത്തപ്പോൾ ഷെറിന് ഒരു തീരുമാനമെടുക്കാൻ പിന്നെയും ആലോചിക്കേണ്ടിവന്നു.

ജോയ്,‌ ഞാൻ തീരുമാനിച്ചുകഴിഞ്ഞു,‌ എനിക്ക് നാട്ടിൽ പോവണം…

കാര്യം വിശദീകരിച്ചുപറഞ്ഞപ്പോൾ മകൾ പെട്ടെന്ന് തന്നെ സമ്മതിച്ചു.

ലവ് യൂ മമ്മീ, യു ആ൪ റിയലി ഗ്രേറ്റ്…

അവളുടെ വാക്കിൽ ലഭിച്ച ബാക്കി എന൪ജി കൂടി ‌സംഭരിച്ച് ഹോസ്പിറ്റലിലെ ജോലി റിസൈൻ‌ ചെയ്തു.

മോളേ,‌ നീ നാട്ടിൽ വന്നിട്ട് എന്തുചെയ്യാൻ പോവുന്നു..?

ഡാഡിക്കായിരുന്നു വല്യ ടെൻഷൻ.

അതൊക്കെയുണ്ട്.. എനിക്ക് ആദിവാസികൾ താമസിക്കുന്ന ഊരുകളിലൂടെ കുറച്ചുദിവസം കറങ്ങണം..

എന്തിന്..?

മമ്മക്കും അതൊട്ടും ഇഷ്ടപ്പെട്ടില്ല എന്ന് ആ വാക്കുകളിൽ മുഴച്ചുനിന്നിരുന്നു.

മകളാണ് പറഞ്ഞുമനസ്സിലാക്കിക്കൊടുത്തത്:

മമ്മി പണക്കാരുടെ മാനസിക പ്രശ്നങ്ങൾ മാത്രമല്ലേ ഇതുവരെ കൈകാര്യം ചെയ്തിട്ടുള്ളൂ.. പാവങ്ങൾക്കും കാണില്ലേ ഒരുപാട് വിഷമങ്ങൾ..?

ആ ചോദ്യം എല്ലാവരുടെയും ഉള്ളിൽ കൊണ്ടു. പിന്നെ ആരും ഒന്നും പറഞ്ഞില്ല.

നിനക്ക് അവിടെ ആവശ്യത്തിന് സൗകര്യങ്ങളൊക്കെ കിട്ടുമോ എന്നാണ് എന്റെ പേടി..

മമ്മ ഇടയ്ക്കെപ്പോഴോ അസ്വസ്ഥയായി.

ഡാഡി വേഗം തന്നെ സപ്പോർട്ട് ചെയ്തു.

ഷെറിൻ വിദേശത്ത് പോകുമ്പോഴും നിനക്ക് ഇതുതന്നെയായിരുന്നല്ലോ ആധി.
ഏത് ജീവിതസാഹചര്യത്തിലുമിണങ്ങി ജീവിക്കാൻ അവൾ പരിശ്രമിക്കുകയും അതിൽ അവൾ വിജയിക്കുകയും ചെയ്യും.

അതോടെ പുറപ്പെട്ടു. കാടുകളും മൃഗങ്ങളുമായി രമ്യതയിൽ കഴിയുന്ന മനുഷ്യ൪. അവിടെ ആദ്യമൊക്കെ ആരും തങ്ങളുടെ പ്രശ്നങ്ങൾ വലുതായി പറയുകയോ അടുപ്പം കാണിക്കുകയോ ചെയ്തില്ല. ആരെങ്കിലും മാനസികമായി തക൪ന്ന രീതിയിൽ കഴിയുന്നതായി കണ്ടെത്താനും കഴിഞ്ഞില്ല. മാത്രവുമല്ല പ്രകൃതിയോട് മല്ലടിച്ച് ജീവിക്കുന്ന ആദിവാസികളിൽ ഭൂരിപക്ഷം പേരും നല്ല മാനസികാ രോഗ്യമുള്ളവരായി തോന്നുകയും ചെയ്തു.

തന്റെ വേഷവിധാനങ്ങളിൽ അല്പം മാറ്റം കൊണ്ടുവരാൻ ഷെറിൻ തീരുമാനിച്ചു.

അവരുടെ മനസ്സ് തുറക്കണമെങ്കിൽ അവരിലൊരാളായി തന്നെ കാണാൻ സാധിക്കണം..

ഒരുദിനം പതിവുപോലെ ഊരുകളിൽ ചുറ്റി മടങ്ങി വരികയായിരുന്നു. വൈകുന്നേരം സ്കൂൾവിട്ട് പോകുന്ന കുട്ടികളെ കണ്ടു. അവരോട് കുശലം പറഞ്ഞ് കുറച്ചുദൂരം നടന്നു. പിരിയേണ്ട വഴിയെത്തിയപ്പോഴാണ് ഒരു കുട്ടി മറ്റൊരു കുട്ടിയോട് ചോദിക്കുന്നത് കേട്ടത്:

ചെമ്പകം നാളെ വര്വാ..?

ല്ല.. അവളിനി വരുന്നില്ല..

ഷെറിൻ അവരിൽനിന്നും കൂടുതൽ ചോദിച്ചറിഞ്ഞു.

ചെമ്പകത്തിനെന്തുപറ്റി..? അവളിനി പഠിക്കുന്നില്ലേ..?

കൂട്ടുകാരികൾ ആദ്യമൊക്കെ കാര്യങ്ങൾ പറയാൻ വിസമ്മതിച്ചു. പിന്നീട് ദിവസങ്ങളോളം അവരുടെ പിറകേനടന്ന് ചെമ്പകത്തിന്റെ അവസ്ഥ മനസ്സിലാക്കി, അവളെ പോയിക്കണ്ടു. അവളുടെ അമ്മ ചെമ്പകം ഇവിടെയില്ല എന്ന് പറഞ്ഞ് ഒഴിയാൻ നോക്കിയതാണ്. എനിക്ക് കണ്ടേ പറ്റൂ എന്ന് വാശിപിടിച്ചപ്പോഴാണ് അവ൪ ഷെറിനെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയത്.

ഇരുണ്ട മുറിയുടെ മൂലയിൽ വിഷാദരോഗത്തിന്റെ തീക്ഷ്ണമായ അവസ്ഥ യിലൂടെ ‌കടന്നുപോവുകയായിരുന്നു ചെമ്പകം അന്ന്. ഷെറിന് പെട്ടെന്ന് തന്നെ കാര്യങ്ങൾ ബോധ്യമായി. അവളെ‌ ആരോ മുറിവേൽപ്പിച്ചിരിക്കുന്നു, മനസ്സിനും ശരീരത്തിനും.

നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു എന്ന് സ്കൂളിൽ

അന്വേഷിച്ചപ്പോഴാണറിഞ്ഞത്. പിന്നീടുള്ള ഷെറിന്റെ പരിശ്രമങ്ങൾ മുഴുവൻ അവളുടെ ചികിത്സയ്ക്ക് പുറമെ അവളുടെ വിദ്യാഭ്യാസം കൂടി ‌തുടരാൻ വേണ്ടിയായിരുന്നു.

വ൪ഷങ്ങൾക്കുശേഷം മറ്റൊരു വേദിയിൽ മുൻനിരയിൽ ഷെറിൻ ഇരിക്കുന്നു. മുഖ്യമന്ത്രി പ്രസംഗിക്കുന്നു. വേദിയിൽ മറ്റൊരു ഇരിപ്പിടത്തിൽ,‌ പ്രസംഗിക്കാനുള്ള അടുത്ത ഊഴത്തിനായി ചെമ്പകം തയ്യാറായി ഇരിക്കുന്നു. ആ ജില്ലയിലെ കലക്ടറാണ് അവളിപ്പോൾ. ആ‌ ചുണ്ടിൽ ഒരു പുഞ്ചിരി വിട൪ന്നുനിന്നിരുന്നു,‌ കണ്ണുകളിൽ നിശ്ചയദാ൪ഢ്യവും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *