ഞങ്ങള് കൊണ്ടോയ കവറിലും ഹോർലിക്സ് ഉണ്ടെന്നറിയിക്കാൻ കവർ കൊടുക്കുമ്പോ സൂക്ഷിക്കണേ മോളെ അകത്ത് കുപ്പിയുണ്ടെന്ന് ഓർമ്മിപ്പിക്കാൻ അമ്മായി മറന്നില്ലാരുന്നു…….

Story written by Adam John

ഗ്രേസിയാന്റിയുടെ മൂത്ത മോള് ടീന ചേച്ചി പ്രസവിച്ചു. പെൺകുഞ്ഞാരുന്നു. ഗ്രേസിയാന്റി വല്യമ്മച്ചിയുടെ അനിയത്തിയുടെ മോളാണ്. വല്യമ്മച്ചിക്ക് രണ്ട് സഹോദരിമാരായിരുന്നു. മൂത്തയാള് ചെറിയ പ്രായത്തിലെ മരിച്ചുപോയി. ഗ്രേസിയാന്റിയെ കുഞ്ഞുന്നാളിലെ നോക്കിയത് വല്യമ്മച്ചി ആരുന്നതിനാൽ അമ്മയോടുള്ള സ്നേഹമാരുന്നു ആന്റിക്ക് വല്യമ്മച്ചിയോട് ഉണ്ടാരുന്നേ.

കുഞ്ഞിനെ കാണാൻ പോവാന്നൊരു ചടങ്ങുണ്ടല്ലോ. കുഞ്ഞിന് വേണ്ടുന്ന ഉടുപ്പ് വാങ്ങിക്കണം. പിന്നെ സോപ്പ് പൌഡർ കണ്മഷി ഐറ്റംസ് വേറെയും. അമ്മായീം കൂടേയുണ്ടാരുന്നു. വല്യപ്പച്ചന് വയ്യാത്തൊണ്ട് വന്നീല. അമ്മാവന് പിന്നെ ഇങ്ങനുള്ള ചടങ്ങുകളിലൊന്നും താല്പര്യവുമില്ല.

വണ്ടീൽ കേറിയ പാടെ അമ്മായിടെ ഡയലോഗ്. സൂക്ഷിച്ചു പോണെ ചെറുക്കാ. രാവിലേം കൂടി ഒരാക്സിഡന്റ് വാർത്ത പത്രത്തിൽ വായിച്ചതെ ഉള്ളൂന്ന്. കൂടുതലെന്തേലും പറയുന്നേന് മുന്നേ വല്യമ്മച്ചി ശാസിച്ചതോണ്ട് സമാധാനായി. അല്ലേൽ നെഗറ്റീവടിച്ചു പണ്ടാരടങ്ങിയേനെ.

മെയിൻ റോഡെൽ കേറിയപ്പോ ഏതോ പയ്യൻ ഓവർടേക് ചെയ്തോണ്ട് സ്പീഡിൽ പാഞ്ഞു പോവുന്ന കണ്ടപ്പോ അമ്മായി ഈ ചെറുക്കനിതെ ങ്ങോട്ടേക്കാ പറന്നോണ്ട് പോവുന്നെന്ന് ഒന്ന് പറഞ്ഞാരുന്നു. കുറച്ചു ദൂരം മുന്നോട്ട് പോയപ്പോ ദേ കിടക്കുന്നു ചെറുക്കനും ബൈക്കും റോഡരികിൽ. ഏതോ ബസ്സിന് പിറകിലേക്ക് ഓടിച്ചു കയറ്റിയതാണത്രേ. ഭാഗ്യത്തിന് കാര്യമായൊന്നും പറ്റീല. ഒക്കെ കേട്ടപ്പോ അമ്മായി പറയുവാ എനിക്കപ്പഴേ തോന്നിയാരുന്നെന്ന്. പാവം ചെറുക്കനെ വീഴിച്ചതും പോരാഞ്ഞിട്ടാ അമ്മായിടെ ഡയലോഗ്.

ന്യൂബോൺ ഡ്രസ്സ് ആണ് വേണ്ടതെന്ന് പറഞ്ഞപ്പോ കടക്കാരൻ സോപ്പ് പെട്ടി പോലത്തെ ഒന്ന് രണ്ടെണ്ണം എടുത്ത് കാണിച്ചത് വല്യമ്മച്ചിക്ക് ഇഷ്ടായീല. ഇച്ചിരിയൂടെ വലുതെടുത്തോ എന്താന്നെലും കൊച്ച് വലുതാവല്ലെന്നാ വല്യമ്മച്ചിയുടെ കാഴ്ചപ്പാട്.

മോളിലുള്ള ഡ്രെസ്സെടുക്കാൻ കോണി വെച്ച് കേറിയ കടക്കാരനോട് വീഴാതെ സൂക്ഷിക്കണേ കൊച്ചേ. നടുവൊടിഞ്ഞാ പിന്നെ കിടന്ന കിടപ്പീന്ന് എഴുന്നേൽക്കത്തില്ലെന്ന് ഓർമ്മിപ്പിക്കാൻ അമ്മായി പ്രത്യേകം ശ്രദ്ധിച്ചാരുന്നു. ഭാഗ്യത്തിന് വീണില്ല.

ഒടുക്കം നാലു ദിവസം പ്രായമായ കൊച്ചിന് രണ്ട് വയസ്സിന്റെ ഉടുപ്പുമെടുത്തോണ്ട് ഞങ്ങളിറങ്ങി. വരുന്ന വഴിക്ക് കണ്മഷിയും പൌഡറും കരിവളയും വാങ്ങിക്കാനും മറന്നീല. കുളിയൊക്കെ കഴിഞ്ഞു പൌഡറിലൊരു കുളിയുണ്ട് കൊച്ചിനെ. അതും പോരാഞ് കണ്ണെഴുതിയും പൊട്ട് തൊട്ടുമുള്ള ദ്രോഹങ്ങൾ വേറെയും. അതിന് വേണ്ടിയാണിതൊക്കെ വാങ്ങിക്കൂട്ടുന്നെ.

ബേക്കറി കണ്ടപ്പോ അമ്മായി സ്വിച്ചിട്ട പോലെ നിന്നു. വേറൊന്നിനുമല്ല. നല്ല ചക്ക വറുത്തത് കണ്ടതോണ്ടാ. നേരത്തെ പറഞ്ഞില്ലാരുന്നോ ചക്ക അമ്മായിയുടെ വീക്നെസ്സാണ്. ഒടുക്കം അതും വല്യമ്മച്ചിയെ കൊണ്ട് വാങ്ങിപ്പിച്ചാരുന്നു മടക്കം.

ആന്റിയുടെ വീട്ടിലെത്തിയപോഴേക്കും ഉച്ചയാവാറായിരുന്നു. ചെന്നപാടെ ഹോർലിക്സും ബിസ്കറ്റും തന്ന് സൽക്കരിച്ചു..കൊച്ചിനേ കാണാൻ ചെന്ന ആരേലും കൊണ്ടോയി കൊടുത്തതാരിക്കും ഹോർലിക്സൊക്കെ. അല്ലാതെ അവരങ്ങനുള്ളതൊന്നും വാങ്ങിക്കത്തില്ലെന്നേ.ഞങ്ങള് കൊണ്ടോയ കവറിലും ഹോർലിക്സ് ഉണ്ടെന്നറിയിക്കാൻ കവർ കൊടുക്കുമ്പോ സൂക്ഷിക്കണേ മോളെ അകത്ത് കുപ്പിയുണ്ടെന്ന് ഓർമ്മിപ്പിക്കാൻ അമ്മായി മറന്നില്ലാരുന്നു.

കൊച്ചിനെ കണ്ടപ്പോ അമ്മായി എടുത്ത വായിക്ക് പറയുവാ കൊച്ചിന് പോളിന്റെ ഛായയെ ഇല്ലെന്ന്. പോളച്ചായൻ ഗ്രേസിയാന്റിയുടെ മരുമകനാണ്. കൂടുതൽ പറയാൻ തുടങ്ങിയപ്പോഴേക്കും വല്യമ്മച്ചി നോട്ടം കൊണ്ട് ഫുൾ സ്റ്റോപ്പിട്ടത് ഭാഗ്യമായി.

ഒടുക്കം ഉച്ചയൂണും കഴിഞ്ഞവരോട് യാത്ര പറഞ്ഞിറങ്ങാൻ നേരം കൊച്ചിന് പാല് കൊടുക്കുവാരുന്നു ടീനേച്ചിയോട്‌ അമ്മായി പറയുവാ. സൂക്ഷിക്കണം മോളെ.. മു ലപ്പാല് തൊണ്ടേൽ കുരുങ്ങി കൊച്ചിനെന്തേലും പറ്റിയാ പിന്നെ സങ്കടപ്പെട്ടിട്ട് ഒരു കാര്യവുമില്ലാന്ന്.

സത്യം പറയാലോ അതോടെ അവിടെ നിന്നെങ്ങിനെങ്കിലും രക്ഷപ്പെട്ടാ മതിയെന്നായി ഞങ്ങൾക്ക്. അമ്മായിടെ മുഖത്താണേൽ എന്തോ വല്യ കാര്യം ചെയ്ത സംതൃപ്തിയാരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *