ഞാനിന്നു കഴിക്കണില്ലെടാ, നിങ്ങള് കഴിക്ക്. ഞാനും സുമേഷും കമ്പനി തരാം. എന്റെ കല്യാണത്തലേന്ന്, അടിച്ചു ഫിറ്റായി ഈ വീടിന്റെ ഉമ്മറത്തു…..

വെഡിംഗ് ആനിവേഴ്സറി

എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്

ബീവറേജു കോർപ്പറേഷന്റെ കൗണ്ടറിനു മുന്നിൽ, ഏറെ ശുഷ്കമായൊരു വരിയാണുണ്ടായിരുന്നത്. രണ്ടുലിറ്റർ മാൻഷൻ ഹൗസ് ബ്രാ ണ്ടിയാണ് വാങ്ങിയത്. ബ്രാ ണ്ടിക്കുപ്പികളുമായി മുൻപേ നടന്ന രഞ്ജിത്തിനെ,
സുമേഷ് അനുഗമിച്ചു. രഞ്ജിത്ത്, ബൈക്കിൽ കയറുന്നതിനു മുൻപായി ഇരുകുപ്പികളും സുമേഷിനെ ഏൽപ്പിച്ചു.

“സുമേഷേ, കൂട്ടാരാ; ഈ രണ്ടു കുപ്പീം നീയ്യ് അരേലു വച്ചോ;.പ്രദീപിനു നേരല്യാത്ത കാരണം, ഞാനാ പറഞ്ഞേ ഇതു വാങ്ങാന്ന്. നീ നേരത്തേ വന്നതു നന്നായി. എനിയ്ക്കൊരു കൂട്ടായല്ലോ. മ്മക്ക്, മ്മടെ അങ്ങാടീന്നു ഇത്തിരി സോഡേം, ചിപ്സും വാങ്ങണം. വേഗം, അരേലു വച്ചിട്ട് ബൈക്കുമ്മേ കേറ്. രണ്ടു സൈഡിലായി വച്ചാ മതീ ട്ടാ; റോഡു നിറെയെ കുഴികളും ബമ്പുമാണ്. കുപ്പിയേ തെങ്കിലും, സെന്ററിലായാൽ സംഗതികൾ ഡാമേജാകും.”

ബൈക്കു മുന്നോട്ടു നീങ്ങി. അവശ്യവസ്തുക്കളെല്ലാം സംഘടിപ്പിച്ച്, ഇരുവരും പ്രദീപിന്റെ വീട്ടിലെത്തിയപ്പോൾ ഏഴുമണിയാകാറായിരുന്നു..ഡിസംബറിലെ സന്ധ്യയ്ക്കു, തണുത്ത കാറ്റിന്റെ വിരൽസ്പർശം. പ്രദീപിന്റെ വീടിന്റെ ബാൽക്കണിയിൽ വിനീഷും, ശ്രീജിത്തും, ജോസും, രാജേഷുമെല്ലാം അവരെ കാത്തിരിപ്പുണ്ടായിരുന്നു. എല്ലാവരും ഉറ്റച്ചങ്ങാതികൾ. വിവാഹിതർ; അല്ലലു കളില്ലാതെ സ്വന്തം കുടുംബം നയിക്കുന്നവരുമാണ്. ഇന്നു, പ്രദീപിന്റെ ഒന്നാം വിവാഹവാർഷികമാണ്. കൂട്ടുകാർക്കുള്ള, ചെറിയൊരു സൽക്കാരം അവൻ സംഘടിപ്പിച്ചതാണ്.

സുഹൃത്തുക്കളുടെ സംഗമം ആരംഭിച്ചു. ധനുത്തണുപ്പിന്റെ ഘനം വർദ്ധിയ്ക്കുന്നുണ്ടായിരുന്നു. ബാൽക്കണിയിലെ നിറവെളിച്ചത്തിൽ, അവർ ഗ്ലാസുകൾ നിരത്തി. അതിലേക്കു മ ദ്യവും സോഡയും നിറച്ചു. സ്ഫടിക ഗ്ലാസ്സിന്റെ കീഴ്ത്തട്ടിൽ നിന്നും, നുര പൊന്തി വന്ന്, ഉപരിതലത്തിൽ പൊട്ടിച്ചിതറി.
വിവിധ തരം ഉപദംശങ്ങളും നിരന്നു.

“ഞാനിന്നു കഴിക്കണില്ലെടാ, നിങ്ങള് കഴിക്ക്. ഞാനും സുമേഷും കമ്പനി തരാം. എന്റെ കല്യാണത്തലേന്ന്, അടിച്ചു ഫിറ്റായി ഈ വീടിന്റെ ഉമ്മറത്തു മൂ ത്രമൊഴിച്ചത് സുമേഷിനു ഭാഗ്യമായി. നാലാളതു കണ്ടാലും, അന്നത്തോടെ അവൻ കുടി നിർത്തീലോ; സൗമ്യയ്ക്കും ഹാപ്പിയായിക്കാണും. നിങ്ങള്, ബാക്കിയുള്ളോരു കഴിക്ക്. ആവശ്യം പോലെ”

പ്രദീപ് പറഞ്ഞു നിർത്തി. അവൻ പറഞ്ഞത് എത്ര വാസ്തവമാണെന്നു സുമേഷ് ഓർത്തു. കഴിഞ്ഞ വർഷം, ഇന്നത്തെ തിയതിയുടെ തലേന്ന് ഏകദേശം ഇതേ നേരത്താണ് അതു സംഭവിച്ചത്. അടിച്ചു ഫി റ്റായി മെമ്മറി പോയപ്പോൾ, പ്രദീപിന്റെ ഗേറ്റിൽ ചാരി നിന്നു മുള്ളുകയായിരുന്നു. വല്ല്യ നാണക്കേടായി.
അന്നു കോലൊടിച്ചിട്ടതാണ്; പിന്നീട്, കഴിച്ചിട്ടില്ല.

പക്ഷേ, എല്ലാ കമ്പനി കൂടലുകൾക്കുഇവർക്കൊപ്പമുണ്ടാകും. ടച്ചിംഗ്സ് തീറ്റക്കാരനായി.ആദ്യമൊക്കെ ഇവർ നിർബ്ബന്ധിക്കുമായിരുന്നു; തുള്ളി കഴിച്ചോ എന്നും പറഞ്ഞ്സ്നേഹപൂർവ്വം നിരസിച്ചു. പിന്നേ, അവർക്കും തനിക്കും ഈയിരിപ്പുകൾ ശീലമായിസമയമെന്തായി?സുമേഷ് വാച്ചിൽ നോക്കി.എട്ടരയാകുന്നതേയുള്ളൂ.
വരാൻ വൈകുമെന്ന്, സൗമ്യയോടു പറഞ്ഞിട്ടുണ്ട്. വീട്ടിൽ, അവൾ തനിച്ചാണ്.ക്രിസ്തുമസ് വെക്കേഷൻ ആയ കാരണം, മോള് സൗമ്യേടെ വീട്ടിലാണ്.
കമ്പനി തുടർന്നു; അവിരാമം.

കുടിയും തീറ്റയുമെല്ലാം കഴിഞ്ഞ്, കൂട്ടുകാർ പിരിയുമ്പോൾ ഒമ്പതുമണി കഴിഞ്ഞിരുന്നു. സുമേഷ് വീട്ടിലെത്തുമ്പോൾ, സൗമ്യ കാത്തിരിപ്പുണ്ടായിരുന്നു. വാതിൽ തുറന്ന്, സുമേഷ് അകത്തേക്കു പ്രവേശിച്ചു. സൗമ്യ, അവനെ കുസൃതിപൂർവ്വം നോക്കി. അരികിലേക്കു ചെന്നു.

“എന്തൂട്ടാ ഒരു മണം? നിങ്ങള് നോമ്പു തെറ്റിച്ചോ? അപ്പുറത്തേ സന്ധ്യേച്ചി പറഞ്ഞു;.ഇപ്പോൾ, സ്മെല്ലില്ലാത്ത ബ്രാൻഡുകൾ ഉണ്ടെന്ന്. ആർക്കറിയാം സത്യം. എന്നോടു കള്ളം പറഞ്ഞു രക്ഷപ്പെട്ടിട്ടു കാര്യല്ല്യാട്ടാ; നല്ലോണായാൽ നിങ്ങക്കു തന്നെ നല്ലത്. കല്യാണത്തലേന്നിന്റെ വിശേഷം, നേരത്തേക്കൂടി സന്ധ്യേച്ചി പറഞ്ഞേയുള്ളൂ”

തികട്ടി വന്ന അരിശത്തെ സുമേഷ് അടക്കി വച്ചു. ഇവൾക്കെന്തിനും സംശയമാണ്. നല്ല കുട്ടിയായി എന്നു പറയുന്നതും, ചെയ്യുന്നതുമെല്ലാം നൂറുശതമാനം വിശ്വസിച്ചിട്ടുമില്ല. പറഞ്ഞിട്ടു കാര്യമില്ല. ചില വാക്കുകൊടുക്കലുകൾ, അതേപടി പൂർത്തികരിക്കാൻ സാധിച്ചിട്ടുമില്ല. ഇന്നേരത്ത് തല്ലുകൂടാൻ വയ്യ. മറ്റൊരു ചിന്തയിലാണ് എത്തിയിട്ടുള്ളത്..രാത്രി, മഞ്ഞ്, മോളില്ലാത്ത ദിവസം അങ്ങനെ പല അനുകൂല സാഹചര്യങ്ങളുമുണ്ട് വിശദവും വിശാലവുമായിയൊന്നു പ്രണയിക്കാൻ..വെറുതേ, അതു കുളമാക്കേണ്ട കാര്യമില്ല. തൽക്കാലം മിണ്ടാതിരിക്കാം..അതാണ് ബുദ്ധി. സുമേഷ്, വസ്ത്രങ്ങൾ മാറ്റിയുടുത്തു. ബ്രഷ് ചെയ്തു. കുളിയ്ക്കാൻ തോന്നിയില്ല. സന്ധ്യയ്ക്കു വീട്ടിൽ നിന്നിറങ്ങുമ്പോൾ വെടിപ്പിനു കുളിച്ചതാണ്. അതു മതി; വല്ലാത്ത തണുപ്പ്.

അടുക്കളയൊതുക്കി, കുളിച്ചു, സൗമ്യ കിടപ്പുമുറിയിലേക്കു വന്നു..വാതിൽ കുറ്റിയിട്ടു. സുമേഷ്, അവളേയും കാത്തു കിടപ്പുണ്ടായിരുന്നു. ഹൃദ്യമായൊരു ഷാമ്പൂ ഗന്ധം അവിടമാകെ പടർന്നു. സ്റ്റീരിയോയിൽ, മന്ത്രണം കണക്കേ തിരുവാതിരപ്പാട്ടുയർന്നു. അവൾ, അയാൾക്കരികിൽ വന്നു കിടന്നു. വലിയ വിളക്കണഞ്ഞു. ബെഡ് ലാമ്പിന്റെ നേർത്ത നിലാവെട്ടം ശേഷിച്ചു. അവൾ, അയാൾക്കരികിലേക്കു തിരിഞ്ഞു കിടന്നു. ഗാഢം പുണർന്നു.

“എന്താ, നിങ്ങളുടെ ദേഹത്തൊരു തിളക്കം? ലൈറ്റിട്ടേ”

പറഞ്ഞു തീരും മുമ്പേ, അവൾ കയ്യെത്തിച്ചു ലൈറ്റിട്ടു. മുറിയിലാകെ പ്രകാശപൂരം..സൗമ്യ, സുമേഷിന്റെ വയറിന്റെ ഇരുവശത്തേക്കും കണ്ണോടിച്ചു. തിളക്കത്തിന്റെ ഉറവിടം കണ്ടെത്തി. ബീവറേജ് കോർപ്പറേഷനിൽ നിന്നും കുപ്പികൾ വാങ്ങി അരയിൽ തിരുകിയപ്പോൾ ഒട്ടിപ്പിടിച്ച സ്റ്റിക്കറുകൾ..അവളതു പറിച്ചെടുത്തു. എന്നിട്ട്, ഉഗ്രഭാവത്തിൽ സുമേഷിനെ നോക്കി..അവളുടെ മിഴികളിലെ പ്രണയക്കടൽ വറ്റിവരണ്ടു പോയിരുന്നു.

“എന്തൂട്ടാ, ഇത്? ക ള്ളുകുപ്പീടെ സ്റ്റിക്കറല്ലേ? ഈശ്വരനാ ഇതിപ്പോൾ എന്നെ കാണിച്ചത്. സന്ധ്യേച്ചി പറഞ്ഞതെത്ര സത്യാണ്. നിങ്ങള് പണ്ടേ കള്ളനാണെന്നെനിക്കറിയാം. കല്യാണം കഴിഞ്ഞിട്ടല്ലേ, നിങ്ങള് പഴയ ലൈൻ കേസുകള് എന്നോടു പറഞ്ഞത്. അമ്മായിടെ മോളെ കെട്ടാനാലോചിച്ചതെല്ലാം..നിങ്ങള് എന്തു വേണമെങ്കിലും ആയിക്കോ; ഞാനൊന്നും പറയണില്ല. ഇന്നിനി, എന്നെ തൊടാനും പിടിയ്ക്കാനും വരണ്ട.”

സൗമ്യ, പ്രതിഷേധിച്ചു ചുവരരികിലേക്കു തിരിഞ്ഞു കിടന്നു. സുമേഷ്, യാതൊന്നും പറഞ്ഞില്ല. വായിൽ വന്നുനിൽക്കുന്നതെല്ലാം പച്ചത്തെറികളാണ്. അതു വിസർജ്ജിച്ചു രംഗം വഷളാക്കാൻ താൽപ്പര്യം തോന്നിയില്ല. അവൻ, അവൾക്കെതിരായി കട്ടിലിന്നറ്റത്തു ചരിഞ്ഞു കിടന്നു. മഞ്ഞുറഞ്ഞ രാത്രി നീണ്ടു. സ്റ്റീരിയോയിൽ നിന്നും, അപ്പോഴും പാട്ടുയരുന്നുണ്ടായിരുന്നു.

“അങ്ങോട്ടിങ്ങോട്ടുഴന്നിട്ടംഗം നിറം കെടേണ്ട ശങ്ക തുടങ്ങുകിലങ്ങു സുഖങ്ങളൊതുങ്ങും മനമിങ്ങും, മിഴിയങ്ങും ഗുണമങ്ങേക്കറിയാതെ പോവതോ

അംഗനേ ഞാൻ അങ്ങു പോവതെങ്ങ നേ….”

സുമേഷ്, പാട്ടു നിർത്തിവച്ച്, ഇനിയുമെത്താത്ത ഉറക്കത്തെയും കാത്തു കാത്തങ്ങനെ കിടന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *